
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ചു പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ രംഗത്തുവന്ന സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇടതുപക്ഷ സഹയാത്രികനായ ഡോക്ടര്‍ക്ക് പോലും മെഡിക്കല്‍ കോളജിനകത്തും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.
നിവൃത്തികേടുകൊണ്ട് പറഞ്ഞതാണെന്നാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കിയത്. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതു ശരിയല്ല. സത്യം തുറന്നുപറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഡോക്ടര്‍ പറഞ്ഞത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അവസ്ഥ മാത്രമല്ല, കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനേക്കാള്‍ ദയനീയമായ അവസ്ഥയാണ് - വി ഡി സതീശന്‍ പറഞ്ഞു.
ആലപ്പുഴയിലും കോഴിക്കോടും ഇതിനേക്കാള്‍ ദയനീയ സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം 936 കോടി രൂപയാണ് മരുന്നുമേടിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 356 കോടി രൂപ ആദ്യം കൊടുത്തു. പിന്നീട് 150 കോടി രൂപയും കൊടുത്തു. 428 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ കൊടുക്കാന്‍ ബാക്കിയുള്ളത്. ഈ വര്‍ഷം മരുന്നു വാങ്ങുന്നതിന് 1015 കോടിയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് 356 കോടിയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി മരുന്നു സപ്ലൈ ചെയ്യുന്നതിനായി 1100 കോടി രൂപ സര്‍ക്കാര്‍ കൊടുക്കാനുണ്ട്. പിന്നെങ്ങനെ മരുന്നുകള്‍ സപ്ലൈ ചെയ്യും. അതിനാല്‍ മരുന്ന് സപ്ലൈ ചെയ്യുന്ന കമ്പനികളൊന്നും മരുന്ന് കൊടുക്കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നില്ല. പഞ്ഞിയും നൂലും പോലും കൊടുക്കുന്നില്ല. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ തുന്നാന്‍ സൂചിയും നൂലുമെല്ലാം വാങ്ങി ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടരുന്നു. ഇതൊന്നും തടയാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ചെയ്യുന്നില്ല. പി ആര്‍ വര്‍ക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല പി ആര്‍ ആണ്. ചോദിച്ചുകഴിഞ്ഞാല്‍ 15 കൊല്ലം മുമ്പത്തെ കാര്യം പറയും. 15 കൊല്ലം മുമ്പത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണമാണോ ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചെലവ് ഭീകരമാണ്. മധ്യവര്‍ഗത്തില്‍പ്പെട്ട ഒരാള്‍ക്കു പോലും സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ കഴിയാത്തതാണ്. അതുകൊണ്ടാണ് പാവപ്പെട്ടവരും ഇടത്തരക്കാരുമെല്ലാം കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. അതിനാല്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പാവപ്പെട്ട ആളുകള്‍ക്ക് മരുന്ന് നല്‍കുന്നതിനല്ലേ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അതല്ലാതെ ആളുകള്‍ക്ക് പുറത്തേക്ക് മരുന്ന് കുറിച്ചു കൊടുക്കുന്ന അവസ്ഥയാണോ വേണ്ടത്. ആയിരക്കണക്കിന് രൂപയുടെ മരുന്ന് പുറത്തു നിന്നും വാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ട രോഗികള്‍ എന്തു ചെയ്യും. പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും?. സത്യം തുറന്നു പറഞ്ഞവരെ പേടിപ്പിക്കരുത്. മുഖ്യമന്ത്രിയുടെ സ്വരത്തിലും എം വി ഗോവിന്ദന്റെ വര്‍ത്തമാനത്തിലും ഒരു ഭീഷണിയുടെ സ്വരമുണ്ട്. അതു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
Opposition leader V D Satheesan accused the government of threatening Dr. Harris for speaking the truth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates