
ആലപ്പുഴ: ജീവിത സായന്തനത്തില്‍ സംരക്ഷണം നല്‍കിയ സാന്ത്വനതീരം സര്‍ക്കാര്‍ വയോജന മന്ദിരത്തിന് തന്റെ ബാങ്ക് നിക്ഷേപത്തിന്റെയും മറ്റ് സമ്പാദ്യങ്ങളുടെയും അവകാശം നിറഞ്ഞ സന്തോഷത്തോടെ കൈമാറി ഭാരതിയമ്മ. മാതാപിതാക്കളുടെ മരണവും ജീവിത പ്രാരാബ്ധങ്ങളും മൂലം അവിവാഹിതയായി തുടര്‍ന്ന ഭാരതിയമ്മയെ പ്രായമായപ്പോള്‍ സംരക്ഷിക്കുവാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.
തന്നെ വേണ്ടാത്ത ബന്ധുക്കള്‍ക്ക് തന്റെ സമ്പാദ്യവും കൊടുക്കില്ലെന്ന് തൊണ്ണൂറുകാരിയായ ഭാരതിയമ്മ തീരുമാനിച്ചു. മാത്രമല്ല, ജീവിതസമ്പാദ്യമായ 5.3 ലക്ഷം രൂപ തന്നെ സംരക്ഷിക്കുന്ന സാമൂഹികനീതി വകുപ്പിനു കൈമാറുകയും ചെയ്തു. ഇപ്പോള്‍ കഴിയുന്ന ആറാട്ടുപുഴ സാന്ത്വനതീരം സര്‍ക്കാര്‍ വയോജനമന്ദിരത്തിന്റെ മാനേജ്മെന്റ് കമ്മിറ്റിക്കാണ് ബാങ്കു നിക്ഷേപം കൈമാറിയത്.
മാരാരിക്കുളം സ്വദേശിനിയാണ് അവിവാഹിതയായ ഭാരതിയമ്മ. ജീവിതത്തിന്റെ അവസാന നാളുകളിലെങ്കിലും ഒപ്പം കഴിയണമെന്ന ആഗ്രഹം ബന്ധുക്കള്‍ തള്ളിയതോടെയാണ് ഈ തീരുമാനമെടുത്തത്. പ്രായമായപ്പോള്‍ ഭാരതിയമ്മയെ സംരക്ഷിക്കാന്‍ ബന്ധുക്കളാരും തയ്യാറായില്ല. അനാരോഗ്യത്താല്‍ അവശയായ അവര്‍ 2019-ലാണ് ചേര്‍ത്തല മായിത്തറയിലെ സര്‍ക്കാര്‍ വയോജന മന്ദിരത്തിലെത്തിയത്. കിടപ്പിലായതിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പ് ആറാട്ടുപുഴ സാന്ത്വന തീരത്തിലേക്കു മാറ്റി.
ആറുമാസം മുന്‍പ്, ബന്ധുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹം സ്ഥാപനത്തിന്റെ സൂപ്രണ്ടിനെ അറിയിച്ചു. ഭാരതിയമ്മയുടെ നിക്ഷേപങ്ങളുടെ അവകാശികളായ ബന്ധുക്കളെ പലതവണ അതറിയിച്ചെങ്കിലും ആരും തയ്യാറായില്ലെന്നു മാത്രമല്ല കാണാന്‍പോലും വന്നില്ല. അതു ഭാരതിയമ്മയെ വല്ലാതെ നിരാശയാക്കി.
ഒടുവില്‍, ബന്ധുക്കള്‍ക്ക് തന്റെ ബാങ്ക് നിക്ഷേപത്തിലുള്ള അവകാശം ഒഴിവാക്കിത്തരണമെന്ന് സൂപ്രണ്ടിനോട് അഭ്യര്‍ഥിച്ചു. തന്നെ സംരക്ഷിക്കുന്ന വയോജനമന്ദിരത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി തുക ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യം കളക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെയും സാമൂഹികനീതി വകുപ്പ് അധികാരികളെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടു വിളിച്ച് വിവരം തേടി. അതിനുശേഷം ആറാട്ടുപുഴ സാന്ത്വനതീരത്തില്‍വെച്ച് ഭാരതിയമ്മ രേഖകള്‍ സൂപ്രണ്ട് വിജി ജോര്‍ജിനു കൈമാറി. മുതിര്‍ന്ന പൗരരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ബന്ധുക്കള്‍ അതുചെയ്യാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സ്വത്തിനും അര്‍ഹതയില്ല. ഇക്കാര്യത്തില്‍ സാമൂഹികനീതി വകുപ്പ് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ പറഞ്ഞു.
Social Justice Department /Bharathiamma happily handed over the rights to her bank deposits and other savings to the Santvanatheeram Government Old Age Home, which provided her with shelter in the twilight of her life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates