
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി (Nilambur by-election) തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.
16 വരെ ഇത് തുടരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്നു ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്.
വനത്തിനുള്ളിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിങ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിങ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സ്റ്റാഫുകളും 7 എആര്‍ഒമാരും ഉള്‍പ്പെടെ 91 കൗണ്ടിങ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി - വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.ഇവിഎം കമ്മിഷനിങ്ങിനുള്ള പരിശീലനം ജൂണ്‍ 13 നും ഇവിഎം കമ്മീഷനിങ് 14 നും നടക്കും. ജൂണ്‍ 16ന് വോട്ടിങ് മെഷീന്‍ വിതരണ ഉദ്യോഗസ്ഥര്‍ക്കും റൂട്ട് ഓഫിസര്‍മാര്‍ക്കും ട്രെയിനിങ് നല്‍കും. മണ്ഡലത്തിലെ ഓരോ പോളിങ് ബൂത്തുകളിലും പരാതികള്‍ക്ക് ഇടവരാത്ത വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങള്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18 ന് രാവിലെ 8 മണി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.
വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് ഇവിടെ തന്നെ ഒരുക്കിയ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇതിനുള്ള ക്രമീകരണം സ്‌കൂളില്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍ എന്നിവര്‍ സ്‌കൂളിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates