അര മണിക്കൂര്‍ കൂടുതല്‍ ക്ലാസ്സെടുത്താല്‍ എന്താണ് കുഴപ്പം?; കുട്ടികള്‍ കുറച്ച് പഠിച്ചാല്‍ മതിയെന്നാണോ?: മന്ത്രി വി ശിവൻകുട്ടി

ഒരു ദിവസം അര മണിക്കൂര്‍ കൂട്ടിയത് വലിയ കാര്യമാണോയെന്ന് മന്ത്രി ചോദിച്ചു
Minister V Sivankutty
Minister V Sivankuttyഎക്സ്‌പ്രസ് ചിത്രം
Updated on
2 min read

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ( V Sivankutty ). കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് വിദ്യാഭ്യാസ വകുപ്പ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പഠനത്തിന് കൂടുതല്‍ സമയം വേണ്ട കാലഘട്ടമാണിത്. ക്ലാസുകളിലെ സമയത്തില്‍ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റുമാണ് ( School Time ) കൂട്ടിയത്. ഒരു ദിവസം അര മണിക്കൂര്‍ കൂട്ടിയത് വലിയ കാര്യമാണോയെന്ന് മന്ത്രി ചോദിച്ചു. ക്ലാസ് സമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതിനെതിരെ സമസ്ത അടക്കം പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

ഇപ്പോള്‍തന്നെ പല സ്‌കൂളുകളിലും അധിക സമയം പഠിപ്പിക്കുന്നുണ്ട്. ഇവിടെയൊന്നും കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് സര്‍ക്കാരിന് പറയാന്‍ പറ്റില്ലല്ലോയെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ സമയം പോരാത്ത നിലയുണ്ട്. കായിക-കലാ-കൃഷി-സാമൂഹിക പ്രതിബദ്ധത തുടങ്ങിയ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റിക്കായിട്ടെല്ലാം സ്‌കൂളുകളില്‍ സമയം മാറ്റിവെക്കേണ്ടതായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ നയവും കേരള വിദ്യാഭ്യാസ ആക്റ്റിലും പറയുന്നതു പ്രകാരമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതില്‍ വ്യത്യാസം വരുത്താന്‍ സര്‍ക്കാര്‍ ഉത്തരവോ നിയമസഭയോ, പാര്‍ലമെന്റോ നിയമം പാസ്സാക്കുകയോ ചെയ്യണം. എല്ലാ വിഭാഗങ്ങള്‍ക്കും ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ക്ലാസ് സമയമാറ്റത്തെ ചിലര്‍ ആവശ്യമില്ലാതെ വഷളാക്കുകയാണ് ചെയ്തത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം വിദഗ്ധരുള്‍പ്പെട്ട പ്രത്യേക കമ്മീഷനെ നിയോഗിച്ച്, അവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സ്‌കൂള്‍ സമയത്തില്‍ വര്‍ധന വരുത്തിയിട്ടുള്ളത്. രാവിലെയും വൈകീട്ടും 15 മിനിറ്റ് വീതം അധികമായി ക്ലാസ് നടത്തും. അങ്ങനെ ദിവസം അര മണിക്കൂര്‍ അധിക ക്ലാസ് നടത്താനാണ് തീരുമാനം. മതത്തിന്റെയോ, ജാതിയുടേയോ ഏതു കാര്യത്തിലായാലും, ഏതെങ്കിലും വിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം തട്ടിപ്പറിക്കുക എന്ന സമീപനം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ചിലര്‍ക്ക് സ്‌കൂള്‍ സമയമാറ്റത്തില്‍ എതിര്‍പ്പുണ്ടെന്ന് പറയുന്നത് കേട്ടു. വിദ്യാഭ്യാസം എന്നത് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. കുട്ടികളുടെ വിദ്യാഭ്യാസ കാര്യമല്ലേ. നമ്മുടെ കുട്ടികള്‍ അര മണിക്കൂര്‍ കുറച്ച് പഠിച്ചാല്‍ മതിയെന്ന് നാട്ടിലെ ജനങ്ങള്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് പ്രശ്‌നമൊന്നുമില്ല. കമ്മീഷന്‍ തീരുമാനിച്ചകാര്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. കുട്ടികളുടെ ഗുണമേന്മ വിദ്യാഭ്യാസം നടത്തുന്നതിന് വേണ്ട സമയം ലഭിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എങ്കിലും അധ്യാപക സംഘടനകളുമായും പരാതി ഉന്നയിക്കുന്നവരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് തുറന്ന മനസ്സാണ്. അധ്യാപകരാണല്ലോ കുട്ടികളെ പഠിപ്പിക്കുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അധ്യാപക സംഘടനകളെല്ലാം കൂടി സഹകരിച്ച് സഹായകമായ തരത്തില്‍ സമയക്രമം ഉണ്ടാക്കി സര്‍ക്കാരിന് നല്‍കിയാല്‍ അതും ഈ വിഷയത്തില്‍ സഹായകരമാകുമെന്ന് മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com