
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രമം നിലമ്പൂരിൽ രാഷ്ട്രീയമായി (Nilambur by election) യു ഡി എഫിന് തിരിച്ചടിയായെന്ന വിലയിരുത്തലില്‍ പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് നേതാക്കളുടെ "വോട്ടപ്പാച്ചിൽ". കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രശ്നം പരിഹരിക്കുന്നതിന് പ്രമുഖരായ മുസ്ലീം, ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ സന്ദർശനം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ നീക്കം. പ്രിയങ്കാ ഗാന്ധി ഞായറാഴ്ച നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായി അടുപ്പമുള്ള സണ്ണി ജോസഫ് വെള്ളിയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ കോൺഗ്രസ്, കോൺഗ്രസ് - വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച. കെപിസിസി പ്രസിഡന്റ് പാർട്ടിയുടെ നിലപാട് ബിഷപ്പിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. സഭയുടെ പിന്തുണയും അദ്ദേഹം തേടി. സണ്ണി ജോസഫ് കത്തോലിക്കാ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായി സഭയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും കെപിസിസി പ്രസിഡന്റ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.
ജമാഅത്തെ ഇസ്ലാമിക്ക് പ്രതിപക്ഷ നേതാവ് നൽകിയ ' ഗുഡ് സർട്ടിഫിക്കറ്റ്' അനാവശ്യമായ ഒന്നായിരുന്നുവെന്ന് യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ വിമർശനമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പോലും ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു രാഷ്ട്രീയ ആയുധം സിപിഎമ്മിനും ബിജെപിക്കും ഇത് നൽകിയെന്ന് അവർ കരുതുന്നു.
“ഇന്ത്യൻ ജനാധിപത്യം, മതരാഷ്ട്രം, ഭരണഘടന എന്നിവയെക്കുറിച്ചുള്ള ജമാഅത്തിന്റെ വിവാദപരമായ നിലപാടിൽ ഇപ്പോഴും സംശയമുണ്ട്,” കോൺഗ്രസ് പിഎസി അംഗം ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ പ്രമുഖ മുസ്ലീം സമുദായ സംഘടനകളും താമരശ്ശേരി രൂപതയിലെ സീറോ-മലബാർ സഭയുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് എന്നിങ്ങനെ വിവിധ കോണുകളിൽ നിന്ന് ജമാ അത്തെ ഇസ്ലാമി-കോൺഗ്രസ് സഖ്യത്തിനെതിരെ ശക്തമായി രംഗത്തെത്തിയതിൽ അതിശയിക്കാനില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി- കോൺഗ്രസ് 'ബന്ധം' എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്ന് കോൺഗ്രസ്-യുഡിഎഫ് നേതൃത്വം തീരുമാനിച്ചു. വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശ്രമവും മുതിർന്ന നേതാവ് കെ മുരളീധരൻ വിഷയം നിസ്സാരവൽക്കരിക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന. എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിനെതിരായ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാർട്ടി തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിനെതിരെ വേണുഗോപാലിന്റെ ആക്രമണം വിജയകരമായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജമാ അത്തെ ഇസ്ലാമിയെ അനുകൂലിച്ചുള്ള നിലപാട് തിരിച്ചടിച്ചുവെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. “ജമാഅത്ത് വിവാദം ഗാന്ധി കുടുംബത്തിനും ഉത്തരേന്ത്യയിലെ കോൺഗ്രസിനുമെതിരെ ആർഎസ്‌എസ്-ബിജെപിക്കാർ ഉപയോഗിക്കാൻ സാധ്യതയുണ്ട്,” ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, അതിനെക്കുറിച്ച് ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates