കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും, യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവ് അനുവദിച്ചു

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍
indian-tourists-from-qatar-were-killed-in-a-bus-accident-in-kenya
Kenya Bus accident x
Updated on
1 min read

തിരുവനന്തപുരം: കെനിയയിലെ ന്യാഹുരുരുവിലുണ്ടായ ബസ് അപകടത്തില്‍ (Kenya Bus accident ) മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അധികൃത‍ർ ഏറ്റുവാങ്ങും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായത്. മൃതദേഹങ്ങളെ അനുഗമിക്കുന്ന ബന്ധുക്കള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുന്‍കരുതല്‍ നിബന്ധനയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്.

കെനിയയില്‍ നിന്നും ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്ന ആവശ്യം ട്രാവല്‍ ഏജന്‍സികള്‍ ഉയര്‍ന്നത്. പിന്നാലെ കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ നോര്‍ക്ക റൂട്ട്‌സിനെ വിവരം അറിയിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്ട്‌സ് , സംസ്ഥാന ആരോഗ്യ വകുപ്പ് എന്നിവ ഇളവ് തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഖത്തറില്‍ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com