
മലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയുമായുള്ള ( Jamaat-e-Islami ) ബന്ധത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ( M V Govindan ). 'ജമാഅത്തെ ഇസ്‍ലാമി പഴയപോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇന്ത്യയിലാദ്യമായാണ് ജമാ അത്തെ ഇസ്‍ലാമിയെക്കുറിച്ച് ത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഈ നിലപാട് തന്നെയാണോ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് എന്നത് പ്രിയങ്കാഗാന്ധി വ്യക്തമാക്കണം'. എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ നടന്ന പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഇല്ലെന്നാണ് താൻ പറഞ്ഞതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പഹൽഗാം ആക്രമണം നടന്നതിന് പിന്നാലെ ആദ്യം പ്രതിഷേധം നടന്നത് ജമ്മു കശ്മീരിലാണ്. അതിൽ പങ്കെടുക്കാത്ത ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്. വസ്തുതാപരമായ കാര്യം തന്നെയാണ് താൻ പറഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തിനെതിരെ അതിശക്തമായ ജനകീയമായ മുന്നേറ്റമുണ്ടായപ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്. ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു'- ഗോവിന്ദന്‍ പറഞ്ഞു.
വക്കീൽ നോട്ടീസൊക്കെ നോക്കികൊള്ളാമെന്നും ജമാഅത്തെ ഇസ്‍ലാമി വക്കീൽ നോട്ടീസയച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഗോവിന്ദൻ പറഞ്ഞു. ഞങ്ങൾക്ക് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്. മുഖ്യമന്ത്രിയും മന്ത്രിയും ആകലല്ല ഞങ്ങളുടെ ലക്ഷ്യമെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി വികസസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും ജമാഅത്ത ഇസ്ലാമിയുമായി യുഡിഎഫ് കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
നിലമ്പൂരിൽ സിപിഎമ്മിന് രാഷ്ട്രീയം പറയാനില്ല എന്നാണ് ചില യുഡിഎഫ് നേതാക്കൾ പറയുന്നത്. ഇതൊക്കെ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയം. കുറേ വോട്ടുകൾ ലഭിക്കുന്നതിന് വേണ്ടി വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‍ലാമി ഉൾപ്പെടുന്ന യുഡിഎഫ് മുന്നണിയെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വം പരിശോധന നടത്തണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നാക്രമണം നടത്തുകയാണ് ചെയ്തത്. എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രായേലിന്. ഇസ്രയേലിനെതിരായ നിലപാടിൽ കോൺഗ്രസിന് അവസരവാദ നിലപാടാണുള്ളത്. ഇസ്രയേൽ- ഇറാൻ യുദ്ധം എൽഡിഫ് ചർച്ച ചെയുന്നത് ഭരണപരാജയം മറച്ചു പിടിക്കാനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശം വിവരക്കേടാണ്. ഇത്തരം വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates