ജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല, ആരുടെ പിന്തുണയും യുഡിഎഫ് സ്വീകരിക്കും : രമേശ് ചെന്നിത്തല

ജമാഅത്തെ ഇസ്ലാമിക്കെതിരെ പറയാന്‍ പിണറായി വിജയന് എന്ത് അര്‍ഹതയാണ് ഉള്ളതെന്ന് ചെന്നിത്തല ചോദിച്ചു
Ramesh Chennithala
രമേശ് ചെന്നിത്തല ( Ramesh Chennithala )ഫയൽ
Updated on
2 min read

മലപ്പുറം: ജമാഅത്തെ ഇസ്ലാമിക്ക് ( Jamaat-e-Islami ) സര്‍ട്ടിഫിക്കറ്റ് കൊടുക്കാനൊന്നും താനില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ( Ramesh Chennithala ). വെൽഫെയർ പാർട്ടി മതസൗഹാർദ്ദ പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയൊരു നിലപാട് താങ്കൾക്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. തെരഞ്ഞെടുപ്പില്‍ അവര്‍ പിന്തുണ നല്‍കാമെന്ന് അറിയിച്ചു.

ആരു പിന്തുണ നല്‍കിയാലും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കും. അതുമാത്രമാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഞങ്ങള്‍ അവരുടെ ഭൂതകാലമോ, ഭാവിയോ, വര്‍ത്തമാനമോ ഒന്നും പരിശോധിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. അവര്‍ ഈ രാജ്യത്ത് ബിജെപിയുടെ ദേശീയതക്കെതിരായി നിലപാട് എടുത്തിട്ടുള്ളവരാണ്. ആ സാഹചര്യത്തില്‍ നിലമ്പൂരില്‍ അവര്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ആ പിന്തുണ ഞങ്ങള്‍ സ്വീകരിക്കുകയാണ്. രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സർക്കാരിന്റെ ഭരണം കൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുകയാണ്. കേരളം ഒരു രാഷ്ട്രീയ-ഭരണ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഇതിനായി പ്രതീക്ഷയോടെ കേരളജനത പ്രതീക്ഷയോടെ നിലമ്പൂരിലെ ജനങ്ങളെ നോക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണ മാറ്റവും, പുതിയ സര്‍ക്കാരും ഉണ്ടാകാനുള്ള ആദ്യത്തെ പടിയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. മതേതര വിശ്വാസികളായ ജനങ്ങള്‍ ഒരുമിച്ചു നിന്നു കൊണ്ട്, ഈ ഭരണവൈകൃതങ്ങള്‍ക്കെതിരായി, ഭരണ പരാജയങ്ങള്‍ക്കെതിരായി വിധിയെഴുത്ത് നടത്തണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. നല്ല നിലമ്പൂരിനു വേണ്ടി, ഒരു നല്ല നാളേക്കായി, കേരളത്തിലെ ജനത പ്രതീക്ഷിക്കുന്ന ഭരണമാറ്റത്തിനു വേണ്ടി നിലമ്പൂരിലെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ജമാ അത്തെ ഇസ്ലാമിയെപ്പറ്റി ചൂണ്ടിക്കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് അര്‍ഹതയാണുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞകാലങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് പരസ്യമായി വാങ്ങുകയും, അവരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍. അന്നൊന്നും അവരില്‍ വര്‍ഗീയത കാണാത്ത മുഖ്യമന്ത്രിക്ക്, ഇപ്പോഴെങ്ങനെയാണ് വര്‍ഗീയത കാണാനാകുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎമ്മിനെ പിന്തുണച്ചാല്‍ അവര്‍ക്ക് വര്‍ഗീയതയില്ല. അവര്‍ ഫാസിസത്തിനെതിരായി പോരാടുന്നവരാണ്. സിപിഎമ്മിന് എതിരായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ വര്‍ഗീയ കക്ഷികളാണ്. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാട്. രമേശ് ചെന്നിത്തല പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. താനും പന്തളം സുധാകരനുമൊക്കെ 80 മുതല്‍ മത്സരിക്കുന്നവരാണ്. അന്നൊക്കെ അവര്‍ ഞങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ആദ്യം അവര്‍ പെര്‍ഫോര്‍മ കൊണ്ടുവരുമായിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമോ എന്ന് ചോദിച്ച്. പിന്നീട് അവര്‍ സിപിഎമ്മിനെയാണ് സഹായിച്ചത്. ഞങ്ങളെ ഒരു കാലത്തും പിന്തുണച്ചില്ല. ജമാ അത്തെ ഇസ്ലാമി പിന്തുണയ്ക്കാമെന്ന് പറയുമ്പോള്‍ വേണ്ടെന്ന് പറയുന്നതെന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.

സിപിഎമ്മിന് പിഡിപിയുടെ പിന്തുണ സ്വീകരിക്കാം. പിഡിപി പീഡിത പാര്‍ട്ടിയാണെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. മറ്റു പാര്‍ട്ടികള്‍ വര്‍ഗീയപാര്‍ട്ടിയാണെന്ന് പറയുന്നു. ഓരോ പാര്‍ട്ടിക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള ജോലി ഗോവിന്ദന്‍ മാഷിനെയാണോ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഗോവിന്ദന്‍ മാഷ് സര്‍ട്ടിഫിക്കറ്റ് എഴുതല്‍ നിര്‍ത്തണം. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎപ് വിജയിക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ ചിന്തിക്കുന്ന പാര്‍ട്ടികളും വ്യക്തികളുമെല്ലാം യുഡിഎഫിന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരണനേട്ടങ്ങള്‍ പറയുന്നില്ലല്ലോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com