'ഇടതുപക്ഷത്ത് നില്‍ക്കുന്ന ആളാണ്, അഥവാ അന്തം കമ്മി'; എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വിലക്ക് നേരിടുന്നതായി മുഹമ്മദ് അബ്ബാസ്

വിശപ്പ് പ്രണയം ഉന്മാദം എന്ന പുസ്തകത്തിന്റെ രചയിതാവാണ് മുഹമ്മദ് അബ്ബാസ്
Writer Mohammed Abbas
Mohammed Abbas എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് Social Media
Updated on
2 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൊതുപരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി എഴുത്തുകാരന്‍ (Writer Mohammed Abbas ) മുഹമ്മദ് അബ്ബാസ്. ദാസ്യ വേലയ്ക്കുള്ള കൂലി കിട്ടിത്തുടങ്ങിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്ന് തുടങ്ങുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഇത്തവണത്തെ വായനാ വാരവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന വിവരം അബ്ബാസ് പങ്കുവയ്ക്കുന്നത്. വിശപ്പ് പ്രണയം ഉന്മാദം എന്ന പുസ്തകം ഉൾപ്പെടെയുള്ളവയുടെ രചയിതാവാണ് മുഹമ്മദ് അബ്ബാസ്.

നിലമ്പൂരായിരുന്നു എന്റെ വോട്ട് എങ്കില്‍ അത് എം സ്വരാജിന് ആണെന്ന് വ്യക്തമാക്കി മുഹമ്മദ് അബ്ബാസ് നേരത്തെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പരിപാടികളില്‍ നിന്നും നീക്കിയത് എന്നാണ് അബ്ബാസിന്റെ വാദം.

ഒരു പരിപാടിയുടെ സംഘാടകന്‍ ഫോണില്‍ വിളിച്ച് വരേണ്ടതില്ലെന്ന് അറിയിച്ചു. മറ്റൊരു പരിപാടിയുടെ സംഘാടകര്‍ ചില സാങ്കേതിക കാരണങ്ങളാലാണ് തന്നെ മാറ്റി നിര്‍ത്തുന്നത് എന്ന് അറിയിച്ചതായും വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ച് എഴുത്തുകാരന്‍ പറയുന്നു. എന്നാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല മുന്‍പും താന്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എന്നും അബ്ബാസ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മുഹമ്മദ് അബ്ബാസിന്റെ പോസ്റ്റ് പൂര്‍ണരൂപം-

ദാസ്യ വേലയ്ക്കുള്ള കൂലി കിട്ടിത്തുടങ്ങിയ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.

മത സംഘടനകളും,

വര്‍ഗ്ഗീയ കക്ഷികളും,

സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തവരും, സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാടുളളതിനാല്‍ എനിക്ക് ലഭിക്കുന്ന ക്ഷണങ്ങള്‍ കുറവാണ്.

എന്റെ പെയിന്റ് പണി മുടങ്ങുന്ന പരിപാടികളും ഞാന്‍ ഏല്‍ക്കാറില്ല.

ഇത്തവണത്തെ വായനാ വാരത്തിന് ഏറ്റ പരിപാടികളില്‍ രണ്ടെണ്ണം ഞാന്‍ ഭരണവര്‍ഗത്തിന് ദാസ്യ വേല ചെയ്യുന്നത് കൊണ്ട് ഒഴിവായി കിട്ടിയിട്ടുണ്ട്.

ഒരു കൂട്ടര്‍ ഫോണില്‍ വിളിച്ച് അന്തസായി അവരുടെ രാഷ്ട്രീയം ഇന്നതാണെന്ന് പറഞ്ഞ് ,എന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി . (അവര്‍ക്കെന്റെ സല്യൂട്ട് )

മറ്റൊരു കൂട്ടര്‍ നേരിട്ട് വിളിക്കാതെ മെസേജ് അയച്ച് സാങ്കേതികത പറഞ്ഞ് തടിയൂരാന്‍ നോക്കി. പക്ഷെ എന്താണ് ഈ സാങ്കേതികത എന്ന് ചോദിച്ചപ്പൊ കിട്ടേണ്ടത് കിട്ടി.

പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. ഞാന്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന ആളാണ്. അഥവാ അന്തം കമ്മിയാണ്.

DYFI യൂണിറ്റ് സെക്രട്ടറിയായിരുന്നു.

ധാരാളം മതിലും ബോര്‍ഡും ബാനറുകളും അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വേണ്ടി പ്രതിഫലം വാങ്ങാതെ എഴുതിയിട്ടുമുണ്ട്.

ഇടതുപക്ഷ ആശയങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഞാന്‍ എഴുത്തുകാരനായത്.

അതായത് പത്തൊമ്പതാം വയസ്സില്‍ .

എഴുത്തുകാരന്‍ എന്ന ലേബല്‍ കിട്ടിയത് നാല്‍പ്പത്തി അഞ്ചാം വയസ്സിലാണ്.

എന്റെ രാഷ്ട്രീയം എനിക്ക് പൊതിഞ്ഞു കെട്ടി ആരും കാണാതെ ഒളിപ്പിച്ചു വെക്കാനുള്ളതല്ല. പറയാനും എഴുതാനും പ്രവര്‍ത്തിക്കാനുമുള്ള താണ്.

അത്രയൊന്നും അറിയപ്പെടാത്ത എന്റെ ദാസ്യ വേലയ്ക്ക് ഇത്രയും പ്രതിഫലം കിട്ടിയെങ്കില്‍ അറിയപ്പെടുന്ന മറ്റുള്ളവരുടെ വേലയ്ക്ക് എന്തൊക്കെ കിട്ടിക്കാണും ?

സസ്‌നേഹം

അബ്ബാസെന്ന

അന്തം കമ്മി .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com