
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ (Ambalappuzha palpayasam) വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന് 260 രൂപയായി ഉയര്‍ത്തും. ദിവസവും തയ്യാറാക്കുന്ന പാല്‍പ്പായസത്തിന്റെ അളവു വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍, എല്ലാ ദിവസവും 225 ലിറ്റര്‍ തയ്യാറാക്കുന്നുണ്ട്. ഇത് വ്യാഴം, ഞായര്‍, മറ്റ് വിശേഷ ദിവസങ്ങളില്‍ 350 ലിറ്ററായും മറ്റ് ദിവസങ്ങളില്‍ 300 ലിറ്ററായും വര്‍ധിപ്പിക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വില വര്‍ധിപ്പിക്കുന്നാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണ്. പായസത്തിനു ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. പവിത്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് ഉത്പാദനം നിയന്ത്രിക്കുന്നതെന്ന് ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാര്‍ പറയുന്നു.
ടിഡിബിയും ഹൈക്കോടതിയും തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാല്‍പ്പായസം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്. ദിവസവും തയ്യാറാക്കുന്ന 225 ലിറ്ററില്‍ 70 ലിറ്റര്‍ ഒരു ലിറ്റര്‍ പാത്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. മറ്റൊരു 70 ലിറ്റര്‍ പ്രസാദം ഇതേ അളവില്‍ സ്‌പോട്ട്-ബുക്കിങ് അടിസ്ഥാനത്തില്‍ ദിവസവും നല്‍കുന്നു. ഒരാള്‍ക്ക് ഒരു ലിറ്റര്‍ പായസമാണ് പരമാവധി വാങ്ങാന്‍ സാധിക്കുക. പൂജകള്‍ക്ക് ശേഷം എല്ലാ ദിവസവും രാവിലെ 11 മണി മുതലാണ് പായസം വിതരണം ചെയ്യുന്നത്.
പ്രസാദ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കാന്‍ ടിഡിബി പദ്ധതിയിടുന്നുണ്ട്. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ചതിനു ശേഷം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്കായി 90 ലിറ്റര്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പായസത്തിന്റെ അളവു കൂട്ടുമ്പോള്‍ അതു തയ്യാറാക്കാനായി വലിയ വാര്‍പ്പ് പാത്രം നിര്‍മിക്കാനുള്ള നടപടികളും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. 350 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ഏകദേശം 1,200 ലിറ്റര്‍ പാത്രം ആവശ്യമാണ്. പാത്രം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ വ്യാജ പ്രസാദങ്ങള്‍ വ്യാപകമാണ്. ആളുകള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ബോര്‍ഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കണ്ടെയ്‌നറുകളില്‍ ഒരു ഹോളോഗ്രാം ഒട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടു വരുന്നത്.
അതി മധുരം വന്ന വഴി
അമ്പലപ്പുഴ പാലപ്പായസത്തിന്റെ ഐതിഹ്യം ചെമ്പകശ്ശേരി ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചമ്പക്കുളം, നെടുമുടി, തകഴി, തലവടി, അമ്പലപ്പുഴ, ആലപ്പുഴ എന്നിവയുള്‍പ്പെടെ എട്ട് കരകളുടെ അധിപനായിരുന്നു അദ്ദേഹം. രാജാവ് തന്റെ സാമ്രാജ്യത്തിലുടനീളം കളരികള്‍ സ്ഥാപിച്ചു. കളരികള്‍ അദ്ദേഹം ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. തലവടിയിലെ കളരിയില്‍ അത്തരമൊരു സന്ദര്‍ശന വേളയില്‍ രാജാവ് ഒരു പ്രാദേശിക ബ്രാഹ്മണ ഭൂവുടമയുമായി ചതുരം?ഗം കളിച്ചു.
ആ സമയത്ത് വെട്ടുകിളിയുടെ ആക്രമണം കാരണം രാജാവിന് നെല്‍വിത്തിന് ക്ഷാമം നേരിടേണ്ടി വന്നു. വിളവെടുപ്പിനു ശേഷം അത് തിരികെ നല്‍കാമെന്ന് സമ്മതിച്ചുകൊണ്ട് 5,000 പറ വിത്തുകള്‍ അദ്ദേഹം ഭൂവുടമയോട് ആവശ്യപ്പെട്ടു. വിത്തുകള്‍ പലിശ സഹിതം തിരികെ നല്‍കുമെന്ന വ്യവസ്ഥയില്‍ ബ്രാഹ്മണന്‍ അഭ്യര്‍ഥന പാലിക്കാന്‍ സമ്മതിച്ചു. രാജാവ് തന്റെ മന്ത്രിയോട് വിത്തുകള്‍ തിരികെ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
എന്നാല്‍, മന്ത്രി ആ ഉത്തരവ് മനഃപൂര്‍വം അവഗണിച്ചു. വളരെക്കാലത്തിനു ശേഷം ബ്രാഹ്മണന്‍ രാജാവിനെ കാണാനും വിത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെടാനും അമ്പലപ്പുഴയില്‍ എത്തി. അപ്പോഴാണ് രാജാവിന് തന്റെ മന്ത്രി തന്നെ വഞ്ചിച്ചതായി മനസിലായത്. പലിശ സഹിതം തിരികെ നല്‍കേണ്ട വിത്തുകളുടെ അളവ് അപ്പോഴേക്കും 36,000 പറയായി മാറിയിരുന്നു.
കോപാകുലനായ രാജാവ് തന്റെ മന്ത്രിയെ വിളിച്ചുവരുത്തി വിത്തുകള്‍ തിരികെ നല്‍കുന്നതിനുള്ള ക്രമീകരണം നടത്താന്‍ ഉത്തരവിട്ടു. ഉടന്‍ തന്നെ, മന്ത്രി പ്രാദേശിക പ്രഭുക്കന്മാരോട് രാജ്യത്തെ എല്ലാ കരകളില്‍ നിന്നും വിത്തുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദൂതന്‍മാരെ അയച്ചു. ശേഖരിച്ച വിത്തുകള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൂട്ടിയിട്ടു.
അപമാനിതനായ മന്ത്രി ബ്രാഹ്മണനോട് ഉച്ച പൂജയ്ക്ക് മുന്‍പ് പങ്ക് എടുക്കാന്‍ ഉത്തരവിട്ടു. പക്ഷേ ചരക്ക് നീക്കാന്‍ ഒരു സഹായവും നല്‍കരുതെന്ന് തൊഴിലാളികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. നിസഹായനായ ബ്രാഹ്മണന്‍ മുഴുവന്‍ വിത്തുകളും ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. അദ്ദേഹം മൂന്ന് കൈപ്പിടി എടുത്ത് ശ്രീകോവിലില്‍ സമര്‍പ്പിച്ചു. തന്റെ കൈവശമുള്ള 36,000 പറ നെല്ല് ഉപയോഗിച്ച് ദേവന് പാല്‍പ്പായസം നിവേദ്യമായി സമര്‍പ്പിക്കാമെന്നു ക്ഷേത്ര അധികാരികള്‍ പ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു. തുടര്‍ന്ന് രാജാവ്, ദേവനും ഭക്തര്‍ക്കും പ്രായശ്ചിത്തമായി പാല്‍പ്പായസം അര്‍പ്പിക്കാന്‍ ഉത്തരവിട്ടു- അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാര്‍ വിവരിച്ചു.
തയ്യാറാക്കുന്ന വിധം
പ്രധാന ചേരുവകള്‍: വെള്ളം, പാല്‍, പഞ്ചസാര
150 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകളുടെ അളവ്
വെള്ളം: 600 ലിറ്റര്‍
അരി: 12.65 ലിറ്റര്‍ (ഒരു ലിറ്റര്‍ 750 ഗ്രാം)
പഞ്ചസാര: 33.2 കിലോഗ്രാം
150 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന 600 ലിറ്റര്‍ വെള്ളത്തില്‍ പകുതി ക്ഷേത്രത്തിലെ 'മണിക്കിണറില്‍' നിന്നും ബാക്കി പകുതി പായസപ്പുരയ്ക്കടുത്തുള്ള കിണറ്റില്‍ നിന്നുമാണ് എടുക്കുന്നത്. ശ്രീകോവില്‍ തുറക്കുമ്പോള്‍ പുലര്‍ച്ചെ 4 മണിക്ക് വെള്ളം തിളപ്പിക്കാന്‍ തുടങ്ങും. രാവിലെ 7 മണിയോടെ 300 ലിറ്ററായി വെള്ളം തിളപ്പിച്ച് കുറയ്ക്കുന്നു. തുടര്‍ന്ന് 150 ലിറ്റര്‍ പാലും പഞ്ചസാരയും വെള്ളത്തിലേക്ക് ഒഴിക്കുന്നു. ഇവ വീണ്ടും ചൂടാക്കി യഥാര്‍ത്ഥ അളവിന്റെ മൂന്നിലൊന്നായി കുറയ്ക്കുന്നു. രാവിലെ 11 മണിയോടെ അരി (ഒണക്കലരി) പാലില്‍ ഒഴിക്കുന്നു. 11.30 ഓടെ പയസം തയ്യാറാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates