
സിനിമയിലും സാഹിത്യത്തിലും എക്കാലത്തും വിവാദമാകുന്ന ഒന്നാണ് സർക്കാർ നൽകുന്ന പുരസ്കാരങ്ങൾ. സാഹിത്യം പുരസ്കാരം നൽകേണ്ടതിന്റെ മാനദണ്ഡം എന്താണ്? വിൽപ്പനയാണോ ഉള്ളടക്കമാണോ അടിസ്ഥാനം. ആ വിവാദങ്ങളിൽ ഇന്നുവരെ കടന്നുവരാതെ പോയതാണ് കഴിഞ്ഞ 15 വർഷമായി നൽകപ്പെടുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിലെ 24 ഭാഷകളിൽ നിന്നുള്ള മികച്ച കൃതികൾ രചിച്ച യുവ എഴുത്തുകാർക്ക് വർഷം തോറും നൽകി വരുന്ന പുരസ്കാരമാണിത്. 2011ലാണ് ഈ പുരസ്കാരം ആരംഭിച്ചത്. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 35 വയസ്സിന് താഴെയുള്ളവർക്കാണ് ഈ പുരസ്കാരം നൽകുക. അമ്പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം.
ഇത്തവണയടക്കം 15 തവണയാണ് യുവസാഹിത്യ പുരസ്കാരം നൽകിയത്. ഇതിൽ ഏഴ് തവണ ചെറുകഥ, അഞ്ച് തവണ കവിത, മൂന്ന് തവണ നോവൽ എന്നീ സാഹിത്യശാഖകളിലെ രചനകൾ നിർവഹിച്ചവർക്കാണ് മലയാളത്തിൽ പുരസ്കാരം ലഭിച്ചത്. സുസ്മേഷ് ചന്ത്രോത്ത്, ലോപമുദ്ര ആർ, പി വി ഷാജികുമാർ, ഇന്ദുമേനോൻ,ആര്യാംബിക എസ് വി, സൂര്യഗോപി, അശ്വതി ശശികുമാർ,അമൽ പിരപ്പൻകോട്, അനൂജ അകത്തൂട്ട്, അബിൻ ജോസഫ്, മോബിൻ മോഹൻ, അനഘ ജെ കോലത്ത്, ഗണേശ് പുത്തൂർ, ആർ ശ്യാംകൃഷ്ണൻ, അഖിൽ പി ധർമ്മജൻ എന്നിവരാണ് മലയാളത്തിൽ നിന്ന് 2011 മുതൽ ഇതുവരെ ഈ പുരസ്കാരം ലഭിച്ചവർ.
കഴിഞ്ഞ 14 വർഷവും വിവാദങ്ങൾക്കിട കൊടുക്കാതെ കടന്നുപോയ പുരസ്കാരം ഇത്തവണ വിവാദച്ചുഴിയിലാണ്. അഖിൽ പി ധർമ്മജന്റെ റാം കെയറോഫ് ആനന്ദി എന്ന നോവലിലാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. മലയാളത്തിൽ കഴിഞ്ഞവർഷം ചെറിയ കാലയളവിനുള്ളിൽ വളരെയധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്. എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസമാണ് ഈ അവാർഡിനെ വിവാദത്തിലാക്കിയത്.
അവാർഡിനെ പരോക്ഷമായി വിമർശിച്ച് ആദ്യം രംഗത്തെത്തിയ ഒരാൾ 2014ൽ യുവപുരസ്കാർ പുരസ്കാരം നേടിയ എഴുത്തുകാരിയായ ഇന്ദുമേനോൻ ആയിരുന്നു. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍ പ്രതികരിച്ചു. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം എന്നും എഴുത്തുകാരി പറയുന്നു. 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ച അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി (ram c/o anandhi)എന്ന നോവിലിന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ചാണ് എഴുത്തുകാരിയുടെ വിമര്‍ശനം. റാം നിങ്ങള്‍ കരുതുന്ന അഭിനവരാമന്‍ അല്ല ചങ്ങായിമാരെ എന്നും ഇന്ദു മേനോന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എഴുതി
അഖില്‍ പി ധര്‍മജന്റെ നോവല്‍ റാം c/0 ആനന്ദിക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നല്‍കിയതിനെതിരായ വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സാഹിത്യത്തിന്റെ മൂല്യ നിര്‍ണയത്തിന് ഏതെങ്കിലും സ്‌കെയില്‍ ഇല്ലെന്ന്, അഖില്‍ പി ധര്‍മജന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അശോകന്‍ ചരുവില്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പിന് ലഭിച്ച സമ്മാനമായി ആണ് ഇത്തവണെ യുവപുരസ്കാരത്തെ കാണുന്നതെന്ന് കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ഏറെ നിരാശപ്പെടുത്തിയ കൃതിയാണ് അഖിലിന്‍റെത്. കൃതിക്ക് പിന്നില്‍ കച്ചവട താല്‍പര്യം മാത്രമെന്നും, ഇത്തരം പ്രവണത കേരളത്തിലെ എഴുത്തിന് ഭാവിയില്‍ വലിയ ദോഷം ചെയ്യുമെന്നും കല്‍പ്പറ്റ നാരായണന്‍ വിമര്‍ശിച്ചു.
നാല് ലക്ഷത്തിലധികം ആളുകളുടെ കൈകളിലെത്തിയ പുസ്തകമാണിതെന്ന് എറണാകുളത്തെ പ്രസാധകനായ സി ഐ സി സി ജയചന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഒരു നിരൂപകരുടെ പിന്തുണയില്ലാതെ ഇത്രയധികം പേർ വായിച്ചുവെങ്കിൽ അത് അവർക്ക് ഇഷ്ടപ്പെട്ടിട്ട് തന്നെയാണ്. മുട്ടത്തുവർക്കിയെ പുലഭ്യം പറഞ്ഞവർ പിന്നീട് മുട്ടത്തുവർക്കി അവാർഡ് വാങ്ങി മുട്ടത്തുവർക്കി മലയാളത്തിന്റെ മഹാഭാഗ്യം എന്ന് പ്രസംഗിച്ചത് ആരും മറന്നിട്ടില്ല. ആ ഹിപ്പോക്രസി ഇനി ഇവിടെ വിലപ്പോവില്ല. വായനയും വായനക്കാരും മാറി. അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ പുസ്തകത്തെ ചുറ്റിപ്പറ്റി വരുന്നത് മലയാള സാഹിത്യത്തിന് നല്ലതാണ് എന്ന അഭിപ്രായം പറയുന്ന എഴുത്തുകാരും ഉണ്ട്. പരസ്യമായി പ്രതികരിക്കാനോ വിവാദങ്ങളിൽ ഉൾപ്പെടാനോ ഇല്ലെന്ന് മലയാളത്തിലെ ഒരു യുവ എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. . സർക്കാർ സംവിധാനങ്ങൾ അവാർഡ് നൽകുന്നത് പല താൽപ്പര്യങ്ങൾ പരിഗണിക്കപ്പെടാം. അതൊന്നും അഖിൽ പി ധർമ്മജന് നൽകിയ അവാർഡിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. കൂടുതൽ വിറ്റുപോയ പുസ്തകമായതിനാൽ ആ പരിഗണന ലഭിച്ചിട്ടുണ്ടാകം. കൂടുതൽ പേർ വായിച്ചത് കൊണ്ട് ഒരു കൃതി മികച്ചത് ആകുമെന്നോ കുറച്ചുപേർ വായിച്ചതുകൊണ്ട് ഒരു കൃതി മോശമാകുമെന്നോ പറയാനാകില്ല. അവാർഡുകളുടെ കാര്യം പരിഗണിച്ചാൽ കേരളത്തിലെ എത്രപ്രതിഭകളായ എഴുത്തുകാർക്ക് ആഘോഷിക്കപ്പെടുന്ന അവാർഡുകൾ കിട്ടിയിട്ടുണ്ട് എന്ന് നോക്കണം. വൈക്കം മുഹമ്മദ് ബഷീർ, ഒ വി വിജയൻ, തുടങ്ങി ആനന്ദ്, മേതിൽ രാധാകൃഷ്ണൻ എന്നിവരെയൊക്കെ എടുത്തു നോക്കൂ അവരൊക്കെ അവാർഡിന്റെ പേരിലാണോ അറിയപ്പെട്ടതും വായിക്കപ്പെട്ടതും. അതുകൊണ്ട് അവാർഡിന് അവാർഡിന്റെ വഴി വായനക്കാർക്കും പുസ്തകങ്ങൾക്കും അവരുടെ വഴി. മികച്ച സാഹിത്യവും കലയും അംഗീകരിക്കുന്നതിനാണ് അവാർഡ് എന്നാണ് എല്ലാവരും പറയാറ് പക്ഷേ, സർക്കാർ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അവരുടെ താൽപ്പര്യങ്ങൾ കടന്നുവരും. ജനപ്രിയ എഴുത്തിനെയും കലയെയും ആരാധിക്കുന്ന സർക്കാർ വരുമ്പോൾ അത് ചെയ്യും അത്രയേയുള്ളൂ. ജനപ്രിയത കൃതിയുടെ, സർഗാത്മകമായ മേന്മയല്ല, വായനാക്ഷമത മാത്രമാണ്.
വായനക്കാർ പലതരമാണ്, വായനയും അങ്ങനെ തന്നെ അപ്പോൾ പിന്നെ പുസ്തകങ്ങൾക്കും അങ്ങനെ ആകാതെ വഴിയില്ല. സ്വാഭാവികമായും അവാർഡുകളും അങ്ങനെതന്നെയാകും. കേരളത്തിലെയും ദേശീയ തലത്തിലെയും സിനിമാ അവാർഡുകൾ വിവാദമാകാറില്ലേ. അത്രതന്നെ. പിന്നെ അവാർഡുകൾ പുസ്കതകത്തിന് ചെറിയൊരു വിപണി ഉണ്ടാക്കാറുണ്ട്. ഈ പുസ്തകത്തെ സംബന്ധിച്ച് അതിനേക്കാളേറെ അത് വിറ്റുപോയിട്ടുണ്ട്. ഉള്ളടക്കത്തിന്റെ മികവിനെ കുറിച്ചും നേരത്തെ പറഞ്ഞതുപോലെ പല അഭിപ്രായങ്ങളാകും വായനക്കാർക്ക് ഉണ്ടാകുക. എനിക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടില്ല, പക്ഷേ, അത് ജൂറി അംഗങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല. അവരുടെ സാഹിത്യ കാഴ്ചപ്പാട് വേറെയാകാം. ജൂറിയിൽ മൂന്നംഗങ്ങൾ ഉണ്ടായിരുന്നു. ഒരാൾ മറ്റൊരു കൃതിയാണ് തെരഞ്ഞെടുത്തെങ്കിലും രണ്ടുപേർ അഖിലിന്റെ പുസ്തകത്തിന് അനുകൂലമായാൽ ആ പുസ്തകത്തിനാകില്ലേ അവാർഡ് ലഭിക്കുക.
സോഷ്യൽ മീഡിയാ മാർക്കറ്റിങ് പുതിയകാലത്ത് എഴുത്തുകാരന്റെ വിധിയാണ്. അത് നന്നായി ചെയ്യുന്നവരുടെ പുസ്തകം നന്നായി വിൽക്കും. വായനമാറിയോ എഴുത്തുമാറിയോ എന്നൊക്കെയുള്ള ചോദ്യത്തിന് എക്കാലത്തും ഇത്തരം പുസ്തകങ്ങൾക്കായിരുന്നു മാർക്കറ്റും വായനയും. ഖസാക്കിന്റെ ഇതിഹാസം ഇറങ്ങിയ സമയത്ത് സ്റ്റാർ റൈറ്റർ മുട്ടത്തുവർക്കിയായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ് കൂടുതൽ വിറ്റുപോയിരുന്നതും ലൈബ്രറികളിൽ ഉൾപ്പടെ വായിക്കപ്പെട്ടതും. പിന്നീടും കഥ അങ്ങനെ തന്നെ തുടർന്നു. ഒരു കാലത്ത് മലയാളത്തിൽ ഇറങ്ങിയിരുന്ന പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയിരുന്നത് മ പ്രസിദ്ധീകരണങ്ങൾ എന്ന് പേരുകേട്ടവയായിരുന്നു. അതുകൊണ്ട് അതിൽ വന്നതെല്ലാം മഹത്തരമാണെന്നോ അവ ലോകോത്തര നിലവാരമുള്ള പ്രസിദ്ധീകരണങ്ങളായിരുന്നുവെന്നോ ആരും പറയില്ല. മാത്രമല്ല, ശ്രദ്ധിച്ചാൽ അറിയാം അതിൽ നിലനിൽക്കുന്ന ചില പ്രസിദ്ധീകരണങ്ങൾ അവരുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തി.
എക്കാലത്തും സാഹിത്യത്തിലും സിനിമയിലും വ്യത്യസ്ത ശൈലികൾ ഉണ്ടാകും. അതിൽ കാലത്തെ അതിജീവിക്കുക ഏതെന്ന് തീരുമാനിക്കുക വായനക്കാരായിരിക്കും. ഇന്നും സി വി രാമൻപിള്ളയെ വായിക്കുന്ന മലയാളികളുണ്ട്. എഴുത്തച്ഛനെ വായിക്കുന്നവരുണ്ട്. അത് വിൽപ്പനയെ അടിസ്ഥാനമാക്കിയല്ല. ഒരുപക്ഷേ എല്ലാദിവസവും കേരളത്തിൽ വിറ്റുപോകുന്ന പുസ്തകങ്ങളിലൊന്ന് വൈക്കം മുഹമ്മദ് ബഷീറിന്റേതായിരിക്കാം. നിരൂപകർ ശ്രദ്ധിക്കുന്നതോ വാഴ്ത്തുന്നതോ അവർ കൈയ്യൊഴിയുന്നതോ ഇകഴ്ത്തുന്നതോ ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള നിലവാരത്തെ കുറിച്ചുള്ള മാനദണ്ഡമായി കാണേണ്ടതില്ല. അത്രതന്നെയില്ല, ഒരു പുസ്തകം വിറ്റുപോകുന്നു എന്നതും. വൈറലായ സോഷ്യൽ മീഡിയാ പോസ്റ്റ് പോലെ മാത്രം കണ്ടാൽ മതി. വൈറലായി എന്നതുകൊണ്ട് അതിൽ എന്തെങ്കിലും ഗുണമുണ്ടാകണം എന്നില്ലല്ലോ. വ്യാജ ഉള്ളടക്കം വരെ വൈറലാകുന്ന കാലമാണിത്. അതുകൊണ്ട് അവാർഡുകൾക്ക് അതിന്റെ വഴി, വായനക്കാർക്കും, പുസ്തകങ്ങൾക്കും അവരുടെ വഴി അദ്ദേഹം ആവർത്തിച്ചു.
Akhil p Dharmajan award controversy becoming a hot debate in the literary circle in kerala
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates