
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പിവി അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം. പാര്‍ട്ടി നടത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ഇതെന്നും കോണ്‍ഗ്രസ് ക്രോസ് വോട്ട് ചെയ്താലും വിജയം ഉറപ്പാണെന്നും അന്‍വര്‍ പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്തുപോകുമെന്നും സ്വരാജ് രണ്ടാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ വോട്ടുകളില്‍ 93 ശതമാനം തനിക്ക് കിട്ടുമെന്നും സ്ത്രീകളുടെയും രാഷ്ട്രീയത്തിന് അതീതമായ യുവാക്കളുടെയും വോട്ട് ലഭിച്ചതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജയം ഉറപ്പാണെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് വോട്ടര്‍മാര്‍ ചെവി കൊടുത്തിട്ടില്ല. കോണ്‍ഗ്രസിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എം സ്വരാജിന് പോയി. ഷൗക്കത്ത് ജയിക്കുമെന്ന് കരുതിയാണ് അവര്‍ സ്വരാജിന് വോട്ട് ചെയ്തത്. ഇത് പരാജയപ്പെട്ട സ്വരാജിന് ഓക്‌സിജന്‍ ലഭിച്ചപോലെയായെന്ന് അന്‍വര്‍ പറഞ്ഞു. സ്വരാജിന് അന്‍പതിനായിരം വോട്ടുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പടച്ചതമ്പുരാന്‍ ഈ പാവപ്പെട്ടവന്റെ പ്രാര്‍ഥന കേട്ടിട്ടുണ്ടെങ്കില്‍ നാളെ രാവിലെ പതിനൊന്നുമണിയോടെ അന്‍വര്‍ ജയിക്കും. ഇത് ജനവിധിയാണ്. 75,000 വോട്ടുകള്‍ ലഭിക്കുമെന്ന് പറയുമ്പോള്‍ ആളുകള്‍ കരുതുന്നത് താന്‍ പ്രാന്ത് പറയുകയാണെന്നാണ്. നിലമ്പൂരിന്റെ ജനമനസ്സ് അറിഞ്ഞാണ് പറയുന്നത്. വോട്ടെണ്ണുമ്പോള്‍ അന്തിമവിജയം അന്‍വറിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Nilambur by election 2025: PV Anvar alleges UDF cross-voting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates