നിലമ്പൂരിൽ 'സഭാവിശ്വാസം' ബി ജെ പിയെ രക്ഷിക്കുമോ?

കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ ബി ജെ പി കഴിഞ്ഞ കുറേക്കാലമായി പലവിധത്തിൽ പരിശ്രമിക്കുന്നുണ്ട്. ആ പരിശ്രമത്തിലെ ഏറ്റവും പുതിയ നീക്കമാണ് മോഹൻ ജോർജ്ജിനെ ഇറക്കിയുള്ള നിലമ്പൂർ തെരഞ്ഞെടുപ്പ്. ഇവിടെ ജയമല്ല, ക്രൈസ്തവ വോട്ടുകളിൽ നിന്ന് എത്ര വോട്ട് തങ്ങൾക്ക് സ്വന്തമാക്കാനാകും എന്നതാണ് ബി ജെ പി നോക്കിയത്.
Adv. Mohan George, BJP: Will   Christian vote bank and organisations help the BJP in Nilambur by election?
Adv. Mohan George, BJP : Will Christian vote bank and organisations help the BJP in Nilambur by election? special arrangement
Updated on
2 min read

കേരളത്തിൽ ബി ജെ പിയെ സംബന്ധിച്ചടത്തോളം ഇത്രയും കാലത്തെ ചരിത്രത്തിൽ ജയമെന്ന കാര്യം ആലോചിക്കാത്ത മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂർ. എന്നാൽ, കാര്യമായ മറ്റ് ചില കാര്യങ്ങൾ ബി ജെ പിക്കും അവരുടെ മുന്നണിയായ എൻ ഡി എയ്ക്കും ഇവിടെ ചെയ്യാനാകും. കുറച്ച് വോട്ടും അവർക്ക് ഈ മണ്ഡലത്തിലുണ്ട്. എന്നാൽ, ഇത്തവണ ബി ജെ പിയുടെ മേൽ പലകാരണങ്ങൾ കൊണ്ട് നിലമ്പൂർ ഒരു പരീക്ഷണമാണ്.

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ, വൈകിയ വേളയിൽ എന്തിനാണ് ഒരു ഉപതെരഞ്ഞെടുപ്പ് എന്നതായിരുന്നു ബി ജെ പിയുടെ ഔദ്യോ​ഗിക നിലപാട്. ആദ്യം മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ആശങ്കയിലായിരുന്നു പാ‍ർട്ടി.

ബി ജെ പി മത്സരിക്കാതെ 2016 ലേത് പോലെ ബി ഡി ജെ എസിന് നൽകാമെന്ന ആലോചന വന്നു. പിന്നെ ബി ജെ പിയുടെ സ്ഥാനാ‍ർത്ഥിയായി മത്സരിക്കാനായി ജില്ലയിലെ വനിതാ കോൺ​ഗ്രസ് നേതാവിനെ പോയി കണ്ടു, അത് വാ‍ർത്തയുമാക്കി. അതോടെ ആ അധ്യായവും അടഞ്ഞു. പിന്നെ ഇനി എന്ത് എന്ന ചോദ്യമുയർന്നപ്പോൾ, തീരുമാനമെടുക്കാനുള്ള ബി ജെ പി സംസ്ഥാന പ്രസിഡ​ന്റ് വിദേശയാത്രയുമായി സിം​ഗപ്പൂരിലായിരുന്നു. പാർട്ടിക്കുള്ളിലും പുറത്തും വിമർശനങ്ങളുയർന്നു.

ബി ജെ പി ആർ എസ് എസ് ബന്ധം രണ്ട് മുന്നണികളും പരസ്പ്പരം ഉന്നയിക്കുന്നതായതിനാൽ മത്സരിക്കാതിരുന്നാൽ പണ്ടേയുള്ള വോട്ട് കച്ചവട ലേബൽ വീണ്ടും വരുമെന്ന് ബി ജെ പിക്കാർക്കും മനസ്സിലായി. അവസാന നിമിഷം കേരളാ കോൺ​ഗ്രസിൽ നിന്നും ബി ജെ പിയിലെത്തിയ മോഹൻ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു സംഘടന.

കേരളത്തിലെ അടുത്തതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എല്ലാ പാ‍ർട്ടികൾക്കുമുള്ള സൂചന ഇവിടെ നിന്നും ലഭിക്കുമെന്നാണ് ബി ജെ പിക്കാർ കണക്കുകൂട്ടിയിരിക്കുന്നത്. തങ്ങൾക്ക് ക്രൈസ്തവ വോട്ടുകൾ ലഭിക്കുന്നത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള വഴിയാകുമെന്നും അവർ കണക്കുകൂട്ടുന്നു.

എന്നാൽ, പ്രതീക്ഷിച്ച പോലെ വോട്ട് വന്നില്ലെങ്കിൽ, പ്രത്യേകിച്ച് ക്രൈസ്തവവോട്ടുകൾ ലഭിച്ചില്ലെങ്കിൽ ഇതുവരെ കോരിയ വെള്ളമെല്ലാം വെറുതെയാകും. കാസയും കിഫയും ഉൾപ്പടെ തങ്ങളെ പിന്തുണച്ച സംഘടനകൾകൊണ്ട് അടുത്ത തെരഞ്ഞെുപ്പിൽ മലബാറിലെങ്കിലും പ്രത്യേകിച്ച് ​ഗുണമൊന്നും ലഭിക്കില്ലെന്ന് അവർക്ക് ഉറപ്പിക്കേണ്ടി വരും.

നിലമ്പൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ കാര്യമായ വോട്ട് കൂടൽ ഉണ്ടായില്ലെങ്കിൽ ബി ജെ പിക്ക് ഉള്ളിൽ ഇപ്പോൾ നിശ്ബ്ദമാണെങ്കിലും നിലനിൽക്കുന്ന പോരിന് ശബ്ദം ലഭിക്കും. രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡ​ന്റായി വന്ന ശേഷം സ്വീകരിക്കുന്ന നിലപാടിനോട് കടുത്ത എതിർപ്പുള്ള ഒരു പക്ഷമുണ്ട്. അവർ പരസ്യമായി രം​ഗത്ത് വരുന്നതിന് ഇത് വഴിയൊരുക്കാൻ സാധ്യതയുണ്ട്. മോദി- അമിത് ഷാ എന്നിവരുടെ താൽപ്പര്യപ്രകാരമുള്ള പ്രസിഡ​ന്റാണ് രാജീവ് ചന്ദ്രശേഖർ എന്നതാണ് സംസ്ഥാനത്തെ ബി ജെ പിക്കാർക്ക് അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാട് എടുക്കാൻ ഭയമുള്ളത്. എന്നാൽ, നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാൽ അവർക്ക് പറയാനുള്ളത് പറയാനുള്ള വേദിക്ക് വഴിയൊരുക്കും. പ്രസിഡ​ന്റ് ശൈലി മാറ്റണമെന്നതാണ് അവരുടെ ആവശ്യം. ആ ആവശ്യം പറയാനുള്ള ബലം അവരുടെ നാവിന് കിട്ടുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് ഫലം പറയും.

Summary

Will christian vote bank and organisations help the BJP in Nilambur by election?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com