
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയം സംബന്ധിച്ച് പരിശോധിക്കും. ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കും. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതും ചെയ്യും. വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യുഡിഎഫിന് വോട്ട് കുറഞ്ഞതായും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2021ലെ നിയമസഭ തെരഞ്ഞടെുപ്പില്‍ യുഡിഎഫിന് 78527 വോട്ടാണ് ലഭിച്ചത്. ഇത്തവണ കിട്ടിയത് 77,057 ആണ്. കഴിഞ്ഞതവണ കിട്ടിയ വോട്ട് ഇത്തവണ നിലനിര്‍ത്താന്‍ സാധിച്ചില്ല. ഏകദേശം 1400 വോട്ടുകളുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയമായി ജയിച്ച് കയറാന്‍ സാധിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ അല്ല നിലമ്പൂര്‍ നിയോജക മണ്ഡലം. നിലമ്പൂരില്‍ കഴിഞ്ഞ കുറെ നാളുകളായി മത്സരിച്ച സന്ദര്‍ഭങ്ങളില്‍ ഓരോ ഘട്ടങ്ങളിലും ലഭിച്ച വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ പുറമേ നിന്ന് കിട്ടിയ വോട്ടുകള്‍ കൂടി ലഭിച്ചപ്പോഴാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇത്തവണ എന്‍ഡിഎയ്ക്ക് 8706 വോട്ടുകള്‍ ആണ് ലഭിച്ചത്. കഴിഞ്ഞ തവണ 12,284 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ജയസാധ്യത ഇല്ലായെന്ന് മനസിലാക്കി ബിജെപി വോട്ടുകള്‍ വലതുപക്ഷത്തിന് പോയി. ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ വലതുപക്ഷത്തിന് വോട്ട് ചെയ്തതായി ബിജെപി സ്ഥാനാര്‍ഥി തന്നെ പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി സഹായിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ടുകള്‍ വലതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവര്‍ എന്തുകൊണ്ട് ഇപ്പോള്‍ പ്രതിഷേധിക്കുന്നു എന്നാണ് വിഡി സതീശന്റെ ചോദ്യം. ഇത്തവണ അവര്‍ക്ക് അനുകൂലമായി കുറച്ച് വോട്ട് അവരില്‍ നിന്ന് ലഭിച്ചു എന്നത് ശരിയാണ്. എന്നാല്‍ ഭാവിയില്‍ ദൂരവ്യാപകമായ ഫലം ഉളവാക്കുന്ന ഒന്നാണ് എന്നതില്‍ യാതൊരു സംശയവുമില്ലെന്നും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയത, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയ പോലുള്ള സംഘടനയെയും പൂര്‍ണമായി ഉപയോഗിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ആ വര്‍ധനയ്ക്ക് അനുസരിച്ച് യുഡിഎഫ് വോട്ടുകള്‍ വര്‍ധിച്ചിട്ടില്ല. കഴിഞ്ഞതവണത്തേക്കാള്‍ വോട്ടുകള്‍ കുറയുകയാണ് ചെയ്തത്. വര്‍ഗീയ, തീവ്രവാദ ശക്തികളെ കൂടി ചേര്‍ത്ത് നടത്തിയിട്ടുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേടാന്‍ കഴിഞ്ഞിട്ടുള്ള ഒന്നാണിത്. ഇത് സാമൂഹിക ജീവിതത്തില്‍, രാഷ്ട്രീയ സമൂഹത്തില്‍ ഗൗരവകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ജനാധിപത്യ ശക്തികള്‍ ഈ ഗൗരവകരമായ അവസ്ഥ തിരിച്ചറിയണം. എല്ലാ വര്‍ഗീയ ശക്തികളെയും മാറ്റി നിര്‍ത്തി കൊണ്ടാണ് മതനിരപേക്ഷ ജനത ഇടതുപക്ഷത്തിന് ഇത്രയും വമ്പിച്ച വോട്ട് നല്‍കിയത്. 66,660 വോട്ട് ആണ് എല്‍ഡിഎഫിന് ലഭിച്ചത്. എല്ലാ വര്‍ഗീയ ശക്തികളെയും ഒന്നിച്ചുനിര്‍ത്തി കള്ളപ്രചാരവേല നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അക്രമിക്കുന്ന ശ്രമമാണ് അവര്‍ നടത്തിയത്. അതിനെ അതിജീവിച്ച് കൊണ്ട് മതനിരപേക്ഷ ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
nilambur by election 2025; mv govindan reaction
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates