
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ തോല്‍വിയെ ന്യായീകരിക്കുന്ന സിപിഎം നേതാക്കളെ പരിഹസിച്ച് നജീബ് കാന്തപുരം എംഎല്‍എ. തോറ്റാല്‍ തോറ്റെന്ന് സമ്മതിക്കണമെന്നും അല്ലാതെ യുഡിഎഫിന് വോട്ടുചെയ്ത നാട്ടുകാര്‍ മൊത്തം വര്‍ഗീയവാദികളാണെന്ന് പറയരുതെന്നും നജീബ് കാന്തപുരം പറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പ്പിച്ചത് എന്തിനാണെന്ന് വോട്ടുചെയ്ത നാട്ടുകാര്‍ക്ക് അറിയാമെന്നും കാരണവരുടെ ഭരണ ധാര്‍ഷ്ട്യത്തിനുളള മറുപടിയാണ് ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'11077 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത് മതവര്‍ഗ്ഗീയ വാദികളുടെ വോട്ട് വാങ്ങിയാണെന്ന് മന്ത്രി റിയാസ്. വര്‍ഗ്ഗീയതയുടെ സമ്മേളനമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയത സമാസമം കൂട്ടുപിടിച്ചാണ് യുഡിഎഫ് ജയിച്ചതെന്ന് എ.വിജയരാഘവന്‍. തുലോം വിരളം വോട്ടുള്ളവരാണത്രെ യുഡിഎഫിനെ ജയിപ്പിച്ചത്. ലീഗിനും കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കുമൊന്നും റോളില്ല. പരിപ്പുവടയില്‍ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാല്‍ സിപിഎമ്മുകാര്‍ സമ്മതിക്കുമോ, അതില്‍ മാവിനും പരിപ്പിനും റോളില്ലേ'- നജീബ് കാന്തപുരം ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇനിയല്പം കാര്യം പറയട്ടെ,
ഒരാള് മരിച്ചു. കാണാന്‍ വന്നവര്‍ ബന്ധുക്കളോട് മരണകാരണം അന്വേഷിച്ചു. മകന്‍ പറഞ്ഞത് ഹൃദയാഘാതം. മകള്‍ പറഞ്ഞത് വിഷബാധ. അച്ഛന്‍ പറഞ്ഞത് സ്വാഭാവിക മരണം. സത്യത്തില്‍ അങ്ങേരുടെ കയ്യിലിരിപ്പ് കാരണം നാട്ടുകാര്‍ കൈവെച്ചതിന്റെ ഫലമായി പിന്നീട് ശ്വാസം നിലച്ചതാണ്. പക്ഷേ, അത് നാട്ടുകാരുടെ മുന്നില്‍ സമ്മതിക്കാന്‍ വീട്ടുകാര്‍ക്ക് മടി, ലജ്ജ, നാണം, വല്ലായ്മ, പോരായ്മ, പേടി.
നിലമ്പൂരില്‍ സ്വരാജിന്റെ തോല്‍വിയോടുള്ള സിപിഎമ്മിന്റെ പ്രതികരണത്തിനും നടേപറഞ്ഞ ബന്ധുക്കളുടെ പ്രതികരണത്തിനും ഒരേ സ്വരമാണെന്ന് ശരിക്കും കേട്ടാല്‍ മനസ്സിലാവും. 11077 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്, മതവര്‍ഗ്ഗീയ വാദികളുടെ വോട്ട് വാങ്ങിയാണെന്ന് മന്ത്രി റിയാസ്, വര്‍ഗ്ഗീയതയുടെ സമ്മേളനമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍, ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയത സമാസമം കൂട്ടുപിടിച്ചാണ് യുഡിഎഫ് ജയിച്ചതെന്ന് എ.വിജയരാഘവന്‍. തുലോം വിരളം വോട്ടുള്ളവരാണത്രെ യു.ഡി.എഫിനെ ജയിപ്പിച്ചത്. ലീഗിനും കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കുമൊന്നും റോളില്ല. പരിപ്പുവടയില്‍ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാല്‍ സിപിഎമ്മുകാര്‍ സമ്മതിക്കുമോ, അതില്‍ മാവിനും പരിപ്പിനും റോളില്ലേ.?!
സത്യത്തില്‍ ഇവരെ തോല്‍പ്പിച്ചത് എന്തിനാണെന്ന് വോട്ടുചെയ്ത നാട്ടുകാര്‍ക്കറിയാം. കാരണവരുടെ ഭരണ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ്. പക്ഷേ വീട്ടുകാര്‍ക്ക് സമ്മതിക്കാന്‍ മടി. തോറ്റാല്‍ തോറ്റെന്നു സമ്മതിക്കണം. അല്ലാതെ യുഡിഎഫിന് വോട്ടുചെയ്ത നാട്ടുകാര്‍ മൊത്തം വര്‍ഗീയവാദിയാണെന്ന് പറഞ്ഞുവെക്കരുത്.
ഒരു തൊഴുത്തിലെ കന്നുകാലി വിസര്‍ജ്യത്തിന്റെ ദുര്‍ഗന്ധം അടുത്ത് താമസിക്കുന്ന നാട്ടുകാര്‍ക്ക് മൊത്തം ലഭിച്ചാലും തൊഴുത്ത് പരിപാലിക്കുന്നവന് ഒന്നും തോന്നില്ല. അത് നിത്യം അവിടെ പെരുമാറുന്നതുകൊണ്ടാണ്. നാട്ടുകാര്‍ക്ക് മൊത്തം ഭരണ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്. പക്ഷേ, മഹാരാജാവിന്റെ കോട്ടുവായ ശ്രവണ സുന്ദരമായ രാജകാഹളമാണെന്ന് പാര്‍ട്ടിക്കാര്‍ ധരിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണ്. അന്തപുരത്ത് നിന്ന് പുറത്തിറങ്ങുക, ജനങ്ങളെ കേള്‍ക്കുക. അവര്‍ക്കുള്ള അസ്വസ്ഥത ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക.
സി.പി.എമ്മുകാരെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു, നിലമ്പൂരില്‍ നിങ്ങള്‍ തോറ്റത്, തലേന്ന് പഠിക്കാതെ പോയിട്ട് പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞിട്ടല്ല, നാട്ടുകാര്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാത്ത കാരണം ആര്യാടന്‍ ഷൗക്കത്തിന് ഭൂരിപക്ഷം ലഭിച്ചിട്ടാണ്.
Najeeb Kanthapuram MLA mocked CPM leaders who justified the defeat of LDF candidate M Swaraj in the Nilambur by-election.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates