പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, നാലമ്പല തീര്‍ഥാടനം, മലരിക്കല്‍ യാത്ര, കന്യാകുമാരി...; ജൂലൈ മാസത്തെ ട്രിപ്പ് ചാര്‍ട്ടുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ ഉള്‍പ്പെടുത്തി ജൂലൈ മാസത്തെ ട്രിപ്പ് ചാര്‍ട്ട് പുറത്തിറക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്സി വാലി എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ ട്രിപ്പുകള്‍. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, കോട്ടയം, തൃശൂര്‍ നാലമ്പല തീര്‍ഥാടനങ്ങളും ജൂലൈ മാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലരിക്കല്‍ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹില്‍പാലസ് മ്യൂസിയം, കൊച്ചരീക്കല്‍ ഗുഹാ ക്ഷേത്രം, അരീക്കല്‍ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരക്ക് 890 രൂപ. ഇല്ലിക്കല്‍ കല്ല് -ഇലവീഴാപൂഞ്ചിറ യാത്രയും അന്നേദിവസം ഉണ്ടായിരിക്കും. രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.
വാഗമണ്‍ യാത്രയ്ക്ക് 1020 രൂപയാണ് നിരക്ക്. ബസ് യാത്ര ചാര്‍ജിന് ഒപ്പം ഉച്ചഭക്ഷണം കൂടി പാക്കേജില്‍ ഉള്‍പ്പെടും. ജൂലൈ 10, 18, 30 ദിവസങ്ങളില്‍ ഗവി യാത്ര ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 1750 രൂപയാണ് നിരക്ക്. പാക്കേജില്‍ അടവി കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഗൈഡ് ഫീ, ഗവി ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടും. ജൂലൈ 12ന് മൂന്നാര്‍, പൊന്മുടി, മലരിക്കല്‍ യാത്രകളാണുള്ളത്. ഒരു ദിവസത്തെ താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം ഉള്‍പ്പടെ 2380 രൂപയാണ് നിരക്ക്.
ജൂലൈ 13ന് മംഗോ മെഡോസ്, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകള്‍ ഉണ്ടായിരിക്കും. മാംഗോ മെഡോസ് പ്രവേശനഫീ, രണ്ട് നേരത്തെ ഭക്ഷണം ഉള്‍പ്പെടെ 1790 രൂപയാണ് നിരക്ക്. കന്യാകുമാരി യാത്ര രാവിലെ 4.30ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചശേഷം കന്യാകുമാരിലെത്തി സൂര്യാസ്തമയശേഷം മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. കാസര്‍കോട് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം പൊലിയം തുരുത്ത് ഇക്കോ സെന്ററും സന്ദര്‍ശിക്കുന്ന യാത്ര ജൂലൈ 16 ന് വൈകിട്ട് ഏഴിന് കൊല്ലത്തു നിന്നും ആരംഭിക്കും. പ്രവേശന ഫീസുകള്‍ ഒരു ദിവസത്തെ ഭക്ഷണം എന്നിവ ഉള്‍പ്പടെ 3860 രൂപയാണ് നിരക്ക്.
പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങളും ആറന്മുള വള്ളസദ്യയും ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ജൂലൈ 17, 28 എന്നീ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. 910 രൂപയാണ് നിരക്ക്. കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശന യാത്രകള്‍ ഉണ്ടാകും. ജൂലൈ 19, 20, 26, 27, 31 ദിവസങ്ങളില്‍ കോട്ടയം നാലമ്പല യാത്രകളും ജൂലൈ 25 ന് തൃശൂര്‍ നാലമ്പല യാത്രയും ഒരുക്കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി മേഖലയില്‍ സ്ഥിതിചെയ്യുന്ന ഓക്സിവാലി യാത്ര ജൂലൈ 23ന് ആരംഭിക്കും. ഒരു ദിവസത്തെ ത്രീസ്റ്റാര്‍ ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെ 4480 രൂപയാണ് നിരക്ക്. ഫോണ്‍: 9747969768, 9995554409.
KSRTC budget tourism cell with trip chart for July
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates