തിരുവനന്തപുരം: പ്ലസ്വണ്‍ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച ആദ്യ ദിനമായ ശനിയാഴ്ച ലഭിച്ചത് 45,592 അപേക്ഷകള്‍. മുഖ്യ അലോട്മെന്റില്‍ ഉള്‍പ്പെടാത്തതിനാല്‍ അപേക്ഷ പുതുക്കിയവരും പുതിയ അപേക്ഷകളും ചേര്‍ത്താണിത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വ്യാഴാഴ്ച രാത്രി ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളില്‍ ചേരാം.
എല്ലാ ജില്ലകളിലുമായി 57,920 സീറ്റാണ് ഏകജാലകം വഴിയുള്ള പൊതുമെറിറ്റില്‍ സപ്ലിമെന്ററി അലോട്മെന്റിനായുള്ളത്. ഇതില്‍ 5,251 പേര്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഫലത്തില്‍ നാല്‍പ്പതിനായിരത്തോളം കുട്ടികള്‍ മാത്രമാണ് ശനിയാഴ്ച രാത്രിവരെ അപേക്ഷിച്ചത്. തിങ്കളാഴ്ചവരെ അപേക്ഷ സ്വീകരിക്കും. സീറ്റിന്റെ എണ്ണത്തിനൊപ്പം അപേക്ഷ ലഭിക്കാനിടയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിച്ചവരില്‍ 42,883 പേരും സ്റ്റേറ്റ് സിലബസില്‍ നിന്നുള്ളവരാണ്. സിബിഎസ്ഇയില്‍ നിന്നുള്ളവരുടെ 1,428 അപേക്ഷകളും ഐസിഎസ്ഇ സിലബസില്‍ നിന്നുള്ള 120 അപേക്ഷകളും ലഭിച്ചു. 1,161 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പത്താംക്ലാസ് യോഗ്യതനേടിയവരാണ്.
മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം അപേക്ഷകളുള്ളത്. 11,233 എണ്ണം. 8,703 സീറ്റാണ് മലപ്പുറത്ത് മെറിറ്റില്‍ അവശേഷിക്കുന്നത്. മറ്റു ജില്ലകളില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണവും ബ്രാക്കറ്റില്‍ ഒഴിവുള്ള സീറ്റും. തിരുവനന്തപുരം 1,553 (4,321), കൊല്ലം 1,404 (4,485), പത്തനംതിട്ട 250 (3,234), ആലപ്പുഴ 1,234 (4,000), കോട്ടയം 1,205 (3,354), ഇടുക്കി 940 (2,062), എറണാകുളം 3,056 (5,137), തൃശ്ശൂര്‍ 3,989 (4,896), പാലക്കാട് 7,197 (3,850), കോഴിക്കോട് 6,400 (5,352), വയനാട് 937 (1,550), കണ്ണൂര്‍ 4,337 (4,486), കാസര്‍കോട് 1,887 (2,490).
On Saturday, the first day of accepting applications for the Plus One supplementary allotment, 45,592 applications were received.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates