മൺസൂണിന് പ്രിയം മെയ് മാസത്തോട്; കഴിഞ്ഞ 25 വർഷത്തിൽ കാലവർഷം എത്തിയത് ഈ ദിവസങ്ങളിൽ

മൺസൂൺ നേരത്തെ എത്തിയത് കൊണ്ട് കൂടുതൽ മഴ ലഭിക്കണമെന്നോ, വൈകിയെത്തിയാൽ മഴ ലഭ്യതയിൽ കുറവുണ്ടാകണമെന്നോയില്ല. മറ്റ് പലകാരണങ്ങളാകും മഴ ലഭ്യത കൂടുന്നതിനും കുറയുന്നതിനും കാരണം.
Rain Alert, Monsoon, rain,
ജൂൺ ഒന്നിനാണ് സാധാരണഗതിൽ തെക്കുപടിഞ്ഞാൻ മൺസൂൺ എന്നറിയപ്പെടുന്ന ഇടവപ്പാതി ആരംഭിക്കുന്നത്ഫയൽ ചിത്രം
Updated on
3 min read

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ തവണ കാലവർഷം ആരംഭിച്ചത് കാലവർഷ കലണ്ടർ ആരംഭിക്കുന്ന തിയ്യതിക്ക് മുമ്പ്. സാധാരണഗതിയിൽ ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതെന്നാണ് കണക്കുകൂട്ടൽ. മലയാളികളുടെ ഇടവപ്പാതിയിൽ ഇടവം പകുതിയാകുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ 25 വർഷങ്ങളിൽ മഴപെയ്ത്ത് തുടങ്ങിക്കൊണ്ട് തെക്ക് പടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കാലത്തിൽ ചെറിയ കുസൃതി കാണിച്ചു.

കേരളത്തിലെ മഴക്കാലത്തെ പൊതുവിൽ സൗകര്യാർത്ഥം പ്ര ധാനമായി രണ്ടായി തരം തിരിച്ചിട്ടുണ്ട്. മലയാളികളുടെ കണക്കിൽ ഇടവപ്പാതിയും തുലാവർഷവും. കാലവർഷക്കാല കലണ്ടർ പ്രകാരം ജൂണിൽ തുടങ്ങി ഡിസംബറോടെ 31 ഓടെ ഈ രണ്ട് മഴക്കാലങ്ങളും അവസാനിക്കും. കേരളത്തിൽ മഴപെയ്തു തുടങ്ങുന്ന ദിവസത്തെ കുറിച്ചുള്ള ദീർഘകാല കണക്കുകളെ അടിസ്ഥാനമാക്കിയാണ് മഴക്കലണ്ടർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജൂൺ ഒന്നിനാണ് സാധാരണഗതിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നറിയപ്പെടുന്ന ഇടവപ്പാതി ആരംഭിക്കുന്നത്, ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ് ഇടവപ്പാതി കാലം. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭിക്കുന്ന വടക്കു കിഴക്കൻ മൺസൂണിനെയാണ് നമ്മൾ തുലാവർഷം എന്ന് പറയുന്നത്. മാർച്ച് മുതൽ മെയ് വരെ സമയത്ത് പെയ്യുന്ന വേനൽ മഴ എന്ന് പറയുന്ന പ്രീമൺസൂണുമായാണ് കാലാവസ്ഥാ ശാസ്ത്രപരമായി തരം തിരിച്ചിട്ടുള്ളതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളം പറഞ്ഞു.

പുതിയ നൂറ്റാണ്ട് ആരംഭിച്ച 2000ത്തിൽ പതിവ് തെറ്റിക്കാതെ ജൂൺ ഒന്നിന് തന്നെ മൺസൂൺ പെയ്തിറങ്ങി. എന്നാൽ തൊട്ടടുത്തവർഷം തൊട്ട് കാലവർഷം കളിമാറ്റി കളിച്ചു തുടങ്ങി. എന്നാൽ സാധാരണഗതിയിൽ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കപ്പുറം കാലവർഷം വൈകിയെത്തിയ സംഭവം ഈ നൂറ്റാണ്ടിൽ ഇതുവരെ സംഭവച്ചിട്ടില്ല. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വളരെ നേരത്തെ വന്ന വർഷം ഈ നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ കണക്കുകളെ അടിസ്ഥാനമാക്കി രാജീവൻ എരിക്കുളം സമാഹരിച്ച കണക്ക് കാണിക്കുന്നുണ്ട്.

rain, rain in kerala, monsoon data,
കാലാവസ്ഥ നിരീകഷണകേന്ദ്രത്തിലെ കണക്കുകൾ അടിസ്ഥാനമാക്കി സമാഹരിച്ച ഡാറ്റരാജീവൻ എരിക്കുളം

കഴിഞ്ഞ വർഷം വരെയുള്ള കണക്കെടുത്ത് നോക്കിയാൽ 12 തവണയാണ് ജൂണിൽ മൺസൂൺ ആരംഭിച്ചത്. ബാക്കി 13 തവണയും മേയ് മാസത്തിലായിരുന്നു മൺസൂൺ വരവ്. 2025ലും മേയ് 27 ന് തെക്ക് പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്നാണ് പ്രവചനം.

ഈ നൂറ്റാണ്ടിൽ ഇതുവരെയുള്ള വർഷങ്ങളിൽ മൺസൂൺ ഏറ്റവും നേരത്തെ എത്തിയത് 2004ൽ ആയിരുന്നു. അന്ന് മേയ് 18 ന് കാലവർഷം കേരളത്തിലെത്തി. കാലവർഷം ആരംഭിക്കുമെന്ന് കണക്കാക്കുന്ന പരിധിയിൽ തന്നെയാണെങ്കിലും കഴിഞ്ഞ 25 വർഷങ്ങളിൽ അവസാനമെത്തിയത് പറയാവുന്നത് മൂന്ന് വർഷങ്ങളിലായിരുന്നു. ജൂൺ എട്ടിനായിരുന്നു ഈ മൂന്ന് വർഷവും മൺസൂൺ കേരളത്തിൽ ആരംഭിച്ചത്. ജൂൺ ഒന്നിന് തന്നെ കാലവർഷം കേരളത്തിലെത്തിയ മൂന്ന് വർഷവുമുണ്ടായിരുന്നു.

നൂറ്റാണ്ടിലെ ആദ്യ ഇടവപ്പാതി കൃത്യം ജൂൺ ഒന്നിന് പെയ്തുവെങ്കിൽ പിന്നെ അതേ ദിവസം കാലവർഷമെത്തിയത് 2013 ആയപ്പോഴാണ്. വീണ്ടും ഏഴ് വർഷത്തിന് ശേഷം 2020ൽ ജൂൺ ഒന്നിന് തന്നെ കാലവർഷം കേരളത്തിൽ സാന്നിദ്ധ്യമറിയിച്ചു. 2003, 2016, 2023 വർഷങ്ങളിലായിരുന്നു ഈ വർഷങ്ങളില്‍ കാലവർഷം എത്തിയത് ജൂൺ എട്ടിനായിരുന്നു. 2014ൽ ജൂൺ ആറിനും 2015ൽ ജൂൺ അഞ്ചിനും 2021ൽ ജൂൺ മൂന്നിനും കാലവർഷമെത്തി.

കേരളത്തിൽ 2014ൽ മെയ് 18 ന് പുറമെ ജൂണിന് മുമ്പ് കാലവർഷമെത്തിയ വർഷം ഇങ്ങനെയാണ്. 2003 ലും 2009 ലും മെയ് 23 ന് കേരളത്തിൽ കാലവർഷമെത്തിയിരുന്നു. 2002, 2011,2018,2022 എന്നീ വർഷങ്ങളിൽ മേയ് 29 നായിരുന്നു കാലവർഷമെത്തിയത്. 2008 ലും 2010 ലും മേയ് 31നും 2006 ൽ മെയ് 26 നും 2007 ൽ മെയ് 28 നും 2017ലും 2024 ലും മേയ് 30നുമാണ് കാലവർഷം കേരളത്തെ തൊട്ടത്.

KERALA RAIN
ഫയൽ

ആൻഡമാൻ മേഖലയിൽ കാലവർഷം എത്തി അധികം വൈകാതെ അത് കേരളത്തിലെത്തും. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ആൻഡമാനിൽ എത്തുന്ന കാലവർഷം ഏകദേശം മൂന്ന് ദിവസം മുതൽ 23 ദിവസം വരെ ദിവസത്തെ വ്യത്യാസത്തിലാണ് ഈ കാലയളവിൽ കാലവർഷം കേരളത്തിലെത്തിയിട്ടുള്ളത്. 2003 ൽ മെയ് 16 ന് ആൻഡമാനിൽ എത്തിയ മൺസൂൺ കേരളത്തിലെത്തിയത് ജൂൺ എട്ടിനായിരുന്നു. 2009ൽ പക്ഷേ, മെയ് 20ന് ആൻഡമാനിൽ പെയ്തു തുടങ്ങിയ മഴ മെയ് 23 ന് കേരളത്തിലേക്കെത്തി യിരുന്നു.

സാധാരണഗതിയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനത്തോളം ലഭിക്കുക ഇടവപ്പാതിയിൽ നിന്നാണ് എന്നതിനാൽ തന്നെ ഈ മഴക്കാലം കേരളത്തെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒന്നാണ്. എന്നാൽ, മഴ നേരത്തെ തുടങ്ങുന്നോ, വൈകി തുടങ്ങുന്നോ നീണ്ടുനിൽക്കുന്നോ എന്നത് മഴക്കണക്ക് എടുക്കുന്ന കാലയളവിനെ ബാധിക്കില്ല. കാരണം മഴക്കലണ്ടർ അനുസരിച്ചാണ് മഴയുടെ കണക്കെടുപ്പ് നടത്തുന്നതെന്ന് ഡോ. രാജീവൻ പറഞ്ഞു. ഇടവപ്പാതി മഴ ജൂൺ ഒന്നിന് ആരംഭിക്കുന്നതിന് പകരം മെയ് മാസം ആരംഭിച്ചാൽ മെയ് 31 വരെ പെയ്യുന്ന മഴ, മഴക്കലണ്ടർ അനുസരിച്ച് വേനൽ മഴയുടെ അല്ലെങ്കിൽ പ്രീമൺസൂൺ മഴയുടെ കണക്കിലായിരിക്കും ഉൾപ്പെടുത്തുക. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴയുടെ കണക്ക് മാത്രമായിരിക്കും തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ഉൾപ്പെടുത്തുക. അതുപോലെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് പെയ്യുന്ന മഴ മാത്രമായിരിക്കും തുലാവർഷത്തിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വിശദീകരിച്ചു.

മൺസൂൺ നേരത്തെ എത്തിയത് കൊണ്ട് കൂടുതൽ മഴ ലഭിക്കണമെന്നോ, വൈകിയെത്തിയാൽ മഴ ലഭ്യതയിൽ കുറവുണ്ടാകണമെന്നോയില്ല. മഴ ലഭ്യത കൂടുന്നതിനും കുറയുന്നതിനും കാരണങ്ങൾ മറ്റ് പലതുമാകാം എന്ന് അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com