ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 10 വർഷത്തിനുശേഷം പൊലീസ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി യുവതികളെ കെണിയിൽ പെടുത്തുന്നതായിരുന്നു രീതി
Asharaf
Asharaf
Edited By:
Updated on
1 min read

തലശ്ശേരി: ബലാത്സംഗ കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം മുങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പത്ത് വർഷത്തിനുശേഷം തലശ്ശേരി പൊലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ പെരിനാട് വെളിമൺ സ്വദേശി പുത്തൻവീട് അഷ്റഫ് (47) ആണ് എറണാകുളത്ത് വെച്ച് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. തലശ്ശേരി സെയിദാർപള്ളി സ്വദേശിയായ യുവതിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി പൊലീസ് യുവതിയെ കണ്ടെത്തി വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, കൊല്ലം സ്വദേശിയായ അഷ്റഫ് എറണാകുളത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകുകയായിരുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് പൊലീസ് അഷ്റഫിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയതോടെ കേസിന്റെ തുടർന്നുള്ള വിചാരണ നടപടികൾ തടസ്സപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് വിചാരണ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വിവിധ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് അവരെ ദുരുപയോഗം ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേതെന്ന് പൊലീസ് പറയുന്നു. ഇതിനിടെ കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്ത അഷ്റഫ്, എറണാകുളത്ത് പെയിന്റ് പണിക്കാരനാണെന്ന വ്യാജേന കഴിയുകയായിരുന്നു.

പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയോളം രണ്ട് ജില്ലകളിലുമായി പ്രത്യേക അന്വേഷണസംഘം രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവിൽ ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് അഷ്റഫിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. തലശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.ടി.പി സൈഫുദ്ദീൻ, പ്രൊബേഷനറി എസ്.ഐ.മാരായ രഞ്ജിത്ത് പി.ആർ, ഗിരിലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിതീഷ് ആലക്കണ്ടി എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. തലശ്ശേരി എഎസ്പി എം. നന്ദഗോപൻ ഐ.പി.എസ്, ഇൻസ്പെക്ടർ പ്രജീഷ്, എസ്.ഐ അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com