ഉണ്ണി ആര്‍ എഴുതുന്ന കഥ: കമ്മ്യൂണിസ്റ്റ് പച്ച

''നല്ല പോത്തും കോഴിക്കറീമൊണ്ട്' അച്ചന്‍ പാത്രങ്ങള്‍ നീക്കിവെച്ചുകൊടുത്തു.  ''അയ്യോ, ഇതൊന്നും വേണ്ട.' ''നല്ല വെണ്ണപോലൊള്ള പോത്താ. പിന്നെ, ആ കോഴി, അവന് കൊറച്ച് കടുപ്പമൊണ്ട്. ഈ നാടന്‍ കോഴീടെ കൊഴപ്പമാ'
ഉണ്ണി ആര്‍ എഴുതുന്ന കഥ: കമ്മ്യൂണിസ്റ്റ് പച്ച

ടപ്പള്ളിക്കാരുടെ കപ്പക്കാലാവഴി ഇടത്തോട്ട് ഇറങ്ങിയാല്‍ പീടികേലെ കണ്ടമാണ്. കണ്ടത്തിന്റെ വരമ്പ് മുറിച്ച് കടന്നാല്‍ തെക്കേടത്തു മനക്കാരുടെ പറമ്പായി. കൊടിത്തൂവയും ചൊറിയണ്ണവും തഴുതാമയും കൂട്ടുള്ള പറമ്പുവഴി നടന്നപ്പോള്‍ സാത്താന് ആകാശത്തിലേക്ക് തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ നിന്ന ആഞ്ഞിലിയെ ഓര്‍മ്മ വന്നു. രണ്ട് പുളിയന്‍ മാവുകള്‍ക്കിടയിലായിരുന്നു ആഞ്ഞിലി. ആഞ്ഞിലിയുടെ ഉള്ളിലെ മഞ്ഞമധുരമോര്‍ത്തപ്പോള്‍ ഈ പ്രായത്തിലും നാവൊന്ന് ചെറുതായി ചാറി. ആഞ്ഞിലിക്ക് സ്‌നേഹം തോന്നിയാല്‍ ഒരു ആഞ്ഞിലിക്കാ കിട്ടിയേക്കുമെന്ന ആഗ്രഹത്തില്‍, ഓര്‍മ്മയില്‍ വേരു കൂട്ടിനിന്ന ആ സ്ഥാനം നോക്കി നടന്നു. ഒന്നു രണ്ട് തെങ്ങിന്‍ചുവടുകള്‍ കഴിഞ്ഞപ്പോള്‍ പട്ടാളച്ചിട്ടയിലെന്നപോലെ നിരയൊത്ത്, ഒരേ വേഷത്തില്‍, ഒരു വൃക്ഷമെന്ന ഗാംഭീര്യത്തിന് തീര്‍ത്തുമേ പാകമാകാത്ത കുറേ മരങ്ങള്‍ കണ്ടു. കണ്ണുകളിത്തിരികൂടി തുറന്നുപിടിച്ച്, ആരാണീ പുതുമരക്കാര്‍ എന്ന് അറിയാനടുത്ത് ചെന്നപ്പോള്‍ അകിടില്ലാതെ പാല്‍ ചുരത്തുന്നതു കണ്ട് ഇപ്പോള്‍ മനസ്സിലായി എന്ന് തലയാട്ടിയിട്ട് ആഞ്ഞിലിമരമെവിടേയെന്ന് നോക്കി, കുറച്ചു നേരം കൂടി അതുവഴി ഇതുവഴി നടന്നു. 
നടന്നുനടന്ന് പറമ്പിന്റെ അതിരില്‍ ആളുകള്‍ കയറിയിറങ്ങിത്തീര്‍ത്ത വടിവില്ലാത്ത ഊര്‍ന്നുവഴിയിലൂടെ ഇടത്തൊണ്ടിലേക്ക് ഇറങ്ങി. ഇറങ്ങുമ്പോള്‍ കൂടെയിറങ്ങിയ ഇരുട്ടില്‍ ഇനി നടക്കേണ്ടത് ഇടത്തോ വലത്തോ എന്ന് സംശയിച്ച്, ഇതിലേ വരുന്നവരിലാരോടെങ്കിലും ദിക്ക് ചോദിക്കാമെന്നു കരുതിനിന്നു. നിന്നുനിന്ന് നേരം തീര്‍ന്നതല്ലാതെ ഒരാളും വന്നില്ല. പ്രായത്തിന്റെ അവശത കണ്ണുകെട്ടി നിന്നതുകൊണ്ട് ഇരുട്ടിലൂടെ നടക്കുവാന്‍ കാലിനും ധൈര്യമുണ്ടായില്ല. എങ്കിലും ഈ നില്‍പ്പിങ്ങനെ നിന്നാലെങ്ങനെയെന്നോര്‍ത്ത് ഇടത്തോട്ട് നടന്നു. കല്ലുകളില്‍ കാല് തട്ടി ഇടറി, ഇരുവശവും കൂര്‍ത്തുനിന്ന തൊടലിമുള്ളില്‍ മേലു നൊന്തു. 
കുറച്ചു നടന്നപ്പോള്‍, ഒരു വെളിച്ചം എവിടെനിന്നോ വന്ന് മുന്നിലെ തോടും തോടിനു കുറുകെ ഇട്ടിരുന്ന തെങ്ങിന്‍പാലവും കാണിച്ചുകൊടുത്തു. പാലത്തിലൂടെ നടന്ന് അപ്പുറമെത്താനുള്ള ധൈര്യം കാലുകള്‍ക്കില്ലാത്തതുകൊണ്ട് ആ തടിപ്പാലത്തിനു മുന്നില്‍ മുട്ടുമടക്കി. മരപ്പാലത്തിലൂടെ ഇരുന്നു നിരങ്ങി അപ്പുറം കടന്നു. പാലം കടന്നതും വെളിച്ചം അതിന്റെ വഴിക്കു പോയി. വീണ്ടും ഇരുട്ട് മുന്നില്‍നിന്ന് മാറാതെ നിന്നപ്പോള്‍ രണ്ട് കണ്ണുകള്‍ പറന്നു വന്ന് അടുത്തുള്ള ഇലവില്‍ വന്നിരുന്നു. 
''സാറേ, ഇതെങ്ങോട്ടാ?'
ഇരുട്ടില്‍ തപ്പിത്തടഞ്ഞ് വീണ ആ ചോദ്യം ചെവി തപ്പിയെടുത്ത്, ഇതെവിടുന്നിപ്പോള്‍ വന്നെന്നു കണ്ണിനോട് തിരക്കി. കണ്ണു ചുറ്റാകെ മിഴിച്ചു മിഴിച്ച് തപ്പിയപ്പോള്‍ മുകളിലെ കൊമ്പില്‍ രണ്ട് തിളങ്ങുന്ന വട്ടങ്ങള്‍. 
''ആരാ മനസ്സിലായില്ലല്ലോ?' തിരിച്ച് കൊമ്പത്തേക്കൊരു ഏറ് കൊടുത്തു. 
''ഇത് ഞാനാ, എനിക്കല്ലേ ഇരുട്ടത്ത് കണ്ണ് കാണത്തുള്ളൂ.'
''ഓ, എന്റെ കുഞ്ഞേ, വീട്ടിലിരുന്നു മടുത്തപ്പം ഒന്ന് നടക്കാനിറങ്ങിയതാ. ഇരുട്ടും വന്നു. വീട്ടിലേക്കൊള്ള വഴീം കാണുന്നില്ല.'
''അയ്യോ, സാറിന്റെ വീട് പടിഞ്ഞാറോട്ടല്ലേ പോകേണ്ടത്?'
എനിക്ക് വയ്യേന്ന് കാലും എനിക്കും വയ്യേന്ന് കണ്ണും എനിക്ക് ഒട്ടുമേ വയ്യേന്ന് കൈയും കരഞ്ഞപ്പോള്‍ വീണ്ടും മുകളിലേക്കു പറഞ്ഞു: ''എന്റെ കുഞ്ഞേ, അത്രേം ദൂരം തിരിച്ചു നടക്കാന്‍ മേല.'
''പിന്നെന്നാ ചെയ്യും?'
കാല് കൈയോടും കൈ കണ്ണിനോടും ഇനിയെന്തെന്ന് ആലോചിച്ചു. 
''പറയുന്നതുകൊണ്ടൊന്നും തോന്നരുത്. നിന്റെ പരിചയക്കാര് ആരുടെയെങ്കിലും വീടുണ്ടെങ്കില്‍ ഒന്നു പറ. ഇന്നൊരു രാത്രീലേക്ക് മതി. വെട്ടം കീറുമ്പഴേ എഴുന്നേറ്റ് പൊക്കോളാം.'
ഈ രാത്രിയിലിനി ഇവിടേതു വീടെന്നോര്‍ത്ത് കുറച്ചുനേരം ഇലവിന്റെ കൊമ്പുവഴി ചിന്തിച്ചു ചാടിച്ചാടി നടന്നശേഷം ചോദിച്ചു: ''ഒരു സ്ഥലമുണ്ട്... ബുദ്ധിമുട്ടാകുമോ?'
''എവിടെയായാലും എനിക്കൊരു കൊഴപ്പോമില്ല കുഞ്ഞേ.'
''ഒരു പള്ളീലച്ചന്‍ താമസിക്കുന്ന വീടാ.'
''അതിനിപ്പമെന്നാ, എനിക്ക് സന്തോഷമേയൊള്ളൂ.'
''എന്നാല്‍ പോകാം.'
''കുഞ്ഞേ, ഇച്ചിരി പതുക്കെ പറന്നേക്കണേ, കാലിനൊന്നും പഴേ പോലെ ആവതില്ല.'
ഇതൊരു കൈതക്കാടാ, ദേ, ഇതൊരു കൊളത്തിന്റെ കരയാ, തവളകള്‍ ക്രോം ക്രോം വെക്കുന്നത് ആ കണ്ടത്തീന്നാ, ഇങ്ങനെയിങ്ങനെ പോകുന്ന വഴിയാകെ ഇരുട്ടില്‍നിന്നും പേറ്റിയെടുത്തു കൊടുത്ത് മൂങ്ങ മുന്നേ പറന്നു. മൂങ്ങ ഒച്ചയില്‍ പിടിച്ച് സാത്താന്‍ പിന്നാലെയും നടന്നു.
''ഞാന്‍ അവിടുത്തെ പടിവരെയെ വരത്തുള്ളു കൊഴപ്പമില്ലല്ലോ അല്ലേ?' 
''പിന്നങ്ങോട്ട്, ഇരുട്ടാണേല് ഞാന്‍ പിന്നെ എങ്ങനെ പോകും കുഞ്ഞേ?'
''പള്ളീടവിടുത്തെ വെളിച്ചം രാത്രീല് അച്ചന്റെ വീട്ട് മുറ്റത്തേക്കും കേറിക്കിടക്കും.'
''അതുമതി.'
ഓടിട്ട, ചെറിയ കുരിശുള്ള, കുമ്മായമടര്‍ന്ന ചുവരുള്ള, കുറച്ചുപേര്‍ക്ക് മാത്രം കിടക്കാവുന്ന സെമിത്തേരിയുള്ള ഒരു പള്ളി. പള്ളിക്ക് ഒരു വശത്തായി പള്ളിയോളം പഴക്കമുള്ള ചെറിയൊരു വീട്. 
''ദേ, അതാ വീട്.'
പറഞ്ഞതുപോലെ പള്ളിവെളിച്ചം മുറ്റത്തും പുരപ്പുറത്തും കയറിക്കിടപ്പുണ്ട്. 
''നന്ദിയുണ്ട് കുഞ്ഞേ.'

പള്ളിപ്പറമ്പിലേക്ക് കയറിയപ്പോള്‍ വെളിച്ചം എഴുന്നേറ്റ് നോക്കിയിട്ട് ഒന്നും മിണ്ടാതെ തിരിച്ചു കിടന്നു. വെളിച്ചത്തെ നോവിക്കാതെ നടക്കുമ്പോള്‍, പരിചയമില്ലാത്ത ഒരാളെ രാത്രിയിലിങ്ങനെ കണ്ടാല്‍ അച്ചന്‍ പേടിക്കുമോ എന്നു വെറുതെ തോന്നി. ദൈവഭയമുള്ള അച്ചനെന്തിന് പേടിക്കണമെന്നോര്‍ത്തപ്പോള്‍ ആ തോന്നല്‍ അപ്പോള്‍ത്തന്നെ തിരിച്ചുപോയി. അപ്പോഴേയ്ക്ക് മറ്റൊരു തോന്നല്‍ ഓടിയെത്തി. അച്ചന്‍ പേരു ചോദിച്ചാല്‍ എന്തു പറയും? ദൈവങ്ങള്‍ക്കാണെങ്കില്‍ മുപ്പത്തിമുക്കോടി പേരുകള്‍ ഉണ്ട്. ഈ എനിക്കോ? വേണമെങ്കില്‍ ഇപ്പോഴുള്ള പേരു ചുരുക്കി സത്യന്‍ എന്നോ സാം എന്നോ പറയാം. അങ്ങനെ പറയുന്നത് തെറ്റല്ലേ? ഈ പ്രായത്തിനിടയില്‍ ഒരിക്കല്‍പ്പോലും നുണ പറഞ്ഞിട്ടില്ല. അപ്പോള്‍പ്പിന്നെ ഇപ്പോഴങ്ങനെ പറയുന്നത്, അതുമൊരു വൈദികനോട് പറയുന്നത് നീതികേടാണ്. ചോദിച്ചാല്‍ സത്യം സത്യമായി പറയുകയാണ് നല്ലത്. 
വീടിനു മുന്നിലെ ഓട്ടുമണിയില്‍ തൊട്ടതും ഉള്ളില്‍നിന്നും പ്രായക്കൂടുതലിന്റെ വല്ലായ്മയുള്ള അച്ചന്റെ ശബ്ദം മെല്ലെ നടന്നുവന്ന് പറഞ്ഞു: 
''ഇങ്ങ് കേറിവാ, വാതില്‍ കുറ്റിയിട്ടിട്ടില്ല.'
കതക് തുറന്നു. അച്ചന്‍ അത്താഴം കഴിക്കുകയാണ്. ഒരു ഇറച്ചിക്കാല് ഞാന്‍ നിങ്ങളോട് എതിരിടുന്നുവെന്ന് പറഞ്ഞ് നില്‍ക്കുന്നു. ദൈവനിന്ദ പറയുന്നുവോ എന്നുള്ള ഗൗരവത്തില്‍ അച്ചനും.
വൈദികരോട് കുഞ്ഞാടുകള്‍ക്ക് തോറ്റുകൊടുക്കാം, അള്‍ത്താര ബാലന്മാര്‍ക്കും കപ്യാര്‍ക്കും തോറ്റുകൊടുക്കാം. ജീവനോടെ ഇരിക്കുമ്പോള്‍ ഒരു കോഴിക്ക് തോറ്റുകൊടുക്കാം. അന്യനു ഭക്ഷണമായിത്തീരുമ്പോള്‍ എന്തിന് അവര്‍ വീണ്ടും തോല്‍ക്കണമെന്ന് ഒരു ഇറച്ചിത്തുണ്ട് തീരുമാനിച്ചാല്‍ അത് അവരുടെ പരമമായ സ്വാതന്ത്ര്യമാണെന്ന് സാത്താന് തോന്നി. ആ ആശയം പറയേണ്ട ഒരു സന്ദര്‍ഭമല്ല ഇതെന്നുള്ളത് കൊണ്ട് കതകില്‍ മുട്ടി. 
''പെട്ടെന്ന് കേറിവന്നിട്ട് അത്താഴം കഴിക്ക്. ഇപ്പോള്‍ത്തന്നെ സമയം കൊറേ കഴിഞ്ഞു. വേഗം എറങ്ങണം.'

അച്ചന്‍ മുഖമുയര്‍ത്താതെ ഇറച്ചിയോട് മത്സരിക്കുകയാണ്. അച്ചന്റെ പല്ലുകള്‍ ക്ഷീണിച്ച് തോല്‍ക്കുകയാണ്. അന്തിമവിധിയെന്തന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാതിരിക്കാനെന്താണ് അച്ചനിത്ര വാശിയെന്ന് ആലോചിച്ച് വാതില്‍ക്കല്‍ത്തന്നെ നിന്നപ്പോള്‍ ഒടുവില്‍ ഇറച്ചിയോട് തോറ്റ്, പാത്രത്തിന്റെ അരുകിലേക്ക് ഒരു ദുഷ്ടനെ നരകത്തിലേക്ക് തള്ളുന്ന ദേഷ്യത്തോടെ വലിച്ചെറിഞ്ഞിട്ട് പരാജിതന്റെ മുഖം മറച്ചുവച്ച് അച്ചന്‍ വാതില്‍ക്കലേക്ക് നോക്കി. 
ഇപ്പോള്‍ ഒരു കട്ടിലു കണ്ടാല്‍ അവിടെക്കിടന്ന് ഉറങ്ങിപ്പോകുമെന്ന് തോന്നിക്കുന്നത്ര ക്ഷീണമുള്ള മുഖം. കുറച്ചു ചൂടുവെള്ളം കിട്ടിയിരുന്നെങ്കില്‍ ഈ പാദങ്ങള്‍ രണ്ടും ഇറക്കിവെക്കാമെന്നോര്‍ത്ത് നില്‍ക്കുന്ന കാലുകള്‍. 
''വേഗം കേറി വാ' അച്ചന്‍ കൈ കഴുകാന്‍ എഴുന്നേല്‍ക്കുന്നതിനിടയില്‍ പറഞ്ഞു: ''അത്താഴം കഴിക്ക് എന്നിട്ട് നമുക്ക് പോകാം.'
അച്ചന് ആളു തെറ്റിയിട്ടുണ്ട്. ഇല്ലെങ്കില്‍ ആദ്യമായി കാണുന്ന, അതും രാത്രിയില്‍ വന്നു കയറിയ ഒരാളോട് ഇങ്ങനെ പെരുമാറില്ലല്ലോ എന്നോര്‍ത്ത് അച്ചോ അച്ചന് ആളുതെറ്റിയെന്ന് പറയാന്‍ നാവെഴുന്നേല്‍ക്കുമ്പോഴേക്ക് കൈകഴുകുന്നിടത്തുനിന്ന് അച്ചന്‍ പറഞ്ഞു: ''നിങ്ങള് വരുമെന്ന് എനിക്കറിയായിരുന്നു. ഇനീമവിടെ നിക്കാതെ കേറി വാ.'
ചില അച്ചന്മാര്‍ക്ക് ദിവ്യദൃഷ്ടിയുണ്ടെന്ന് കേട്ടിട്ടുണ്ട്. ഈ രാത്രിയിലുമിങ്ങനെ, അതുമീപ്രായത്തില്‍ ദിവ്യദൃഷ്ടിക്ക് എങ്ങനെയിങ്ങനെയൊക്കെ കാണാന്‍ പറ്റുന്നുവെന്ന് ഓര്‍ത്ത് ഉള്ളിലേക്ക് കയറുമ്പോള്‍ ദിവ്യദൃഷ്ടിയെ തിമിരം പിടിക്കത്തില്ലന്ന് സാത്താന്റെ കണ്ണുകള്‍ മെല്ലെ പറഞ്ഞു. 
ഊണുമേശയുടെ അടുത്തേക്ക് കൊതിയോടെ ചെല്ലുമ്പോള്‍ അച്ചന്‍ കേള്‍ക്കാതെ കൈകള്‍ മുറുമുറുത്തു: ''അതേ, ആ തെങ്ങും തടീല് പിടിച്ചതിന്റെ ഒരു മുശുക്കുമണമെനിക്കുണ്ട്, എന്നെ അതില്‍നിന്നൊന്ന് രക്ഷിക്ക്.'
കൈകള്‍ ജലത്താല്‍ സ്‌നാനപ്പെട്ടപ്പോള്‍ തെങ്ങിന്‍ചൂര് ഒലിച്ചുപോയി. അവിടേക്ക് സോപ്പുമണം കയറിവന്നു. കൈകള്‍ ഒന്നിച്ചുനിന്ന് ആ മണത്തോട് നന്ദി പറഞ്ഞു. സോപ്പിന് അദ്ഭുതമായി. എല്ലാ അഴുക്കുകളും തന്റെമേല്‍ തേച്ച്, ആത്മാവിനേയുമെടുത്ത് പോവുന്ന ഒരാള്‍ പോലും തിരിച്ചൊന്ന് നന്ദി പറഞ്ഞിട്ടില്ല. ഓരോ അഴുക്കുമേല്‍ക്കുമ്പോഴും ആയുസ്സ് കുറഞ്ഞ് മെലിഞ്ഞില്ലാതാവുന്ന ശരീരത്തെ കരുണയോടെ അവരൊന്ന് നോക്കുകപോലുമില്ല, അപ്പോഴിതാ നന്ദിയോടെ രണ്ടുകൈകള്‍! ആ കൈകളിലേക്ക് സോപ്പ് ഗന്ധസ്‌മേരയായി നോക്കി. 
''നല്ല പോത്തും കോഴിക്കറീമൊണ്ട്' അച്ചന്‍ പാത്രങ്ങള്‍ നീക്കിവെച്ചുകൊടുത്തു. 
''അയ്യോ, ഇതൊന്നും വേണ്ട.'
''നല്ല വെണ്ണപോലൊള്ള പോത്താ. പിന്നെ, ആ കോഴി, അവന് കൊറച്ച് കടുപ്പമൊണ്ട്. ഈ നാടന്‍ കോഴീടെ കൊഴപ്പമാ' അച്ചന്‍ കോഴിക്കറിയിലേക്ക് ചെറിയൊരു ദേഷ്യത്തോടെ നോക്കിയിട്ട് പറഞ്ഞു.
''അതല്ല, ഞാന്‍ വെജിറ്റേറിയനാ.'
''അയ്യോ ഇവിടാണേല് മോരുകറീം അച്ചാറും മാത്രമേയൊള്ളല്ലോ' അച്ചന് വിഷമമായി. 
അച്ചന്റെ ദിവ്യദൃഷ്ടിക്ക് വരുന്നയാളുടെ ഭക്ഷണരീതി പിടികിട്ടിയില്ലേ എന്ന് സംശയിച്ച് മോര് കറി ചോറില്‍ ഒഴിച്ചു. ഉരുളയുരുളയായി ഉണ്ടു. 
അച്ചന്‍ ഊണുമേശക്കരികില്‍നിന്നും അടുത്ത മുറിയിലേക്ക് പോയപ്പോള്‍ ഊണിനിടയിലൂടെ അച്ചന്റെ മുറിയിലൂടെ കണ്ണൊന്ന് നടന്നുവന്നു. യേശുദേവന്‍, കന്യാമറിയം, ചാവറയച്ചന്‍, അല്‍ഫോന്‍സാമ്മ, ദീപികപ്പത്രത്തിന്റെ കലണ്ടര്‍- ഇതെല്ലാം ചുവരില്‍. അപ്പുറമുള്ള മുറിയില്‍ ഒരു കട്ടില്‍, കുറച്ചു തുണികള്‍, തലയിണയ്ക്കു മുകളില്‍ വേദപുസ്തകവും നീളന്‍ ടോര്‍ച്ചും. 
''കഴിച്ചു കഴിഞ്ഞോ?' കഴുത്തിലൊരു മഫ്‌ളറും ചുറ്റി വന്നിട്ട് അച്ചന്‍ ചോദിച്ചു.
''ദേ, കഴിഞ്ഞു.' വിരലുകള്‍ നന്നായി ഈമ്പിത്തുടച്ച്, പാത്രവുമെടുത്ത് സാത്താന്‍ എഴുന്നേറ്റു. 
അച്ചന്‍ വീടിന്റെ ജനലുകള്‍ അടച്ചു. തിരുരൂപത്തിനു മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചു. കുരിശ് വരച്ചു. 
''എന്നാ, ഇറങ്ങാം അല്ലേ?' അച്ചന്‍ തിരിഞ്ഞുനിന്ന് പറഞ്ഞു: ''നല്ല ക്ഷീണമുണ്ടെന്ന് അറിയാം.'
''സാരമില്ല അച്ചോ.'
അച്ചന്‍ വീടിന്റെ കതകടച്ചു താഴിട്ടു. മുറ്റത്തേക്കിറങ്ങി. 
അച്ചന്‍ കയ്യിലെ വെളിച്ചം തുറന്നതും കംഗാരുവിനെപ്പോലെ ഒറ്റക്കുതിപ്പിന് അത് അടുത്ത പറമ്പുവരെയെത്തി. പള്ളിപ്പറമ്പ് വിടും മുന്‍പ് അച്ചന്‍ ആദ്യത്തെ കുശലമെടുത്തിട്ടു. 
''നിങ്ങള്‍ക്കിപ്പോള്‍ എത്ര വയസ്സായി?'
ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്ത് ഇങ്ങനെയൊരു ചോദ്യം വന്ന് കുഴപ്പിക്കുമെന്ന് സാത്താന്‍ വിചാരിച്ചില്ല. ദൈവത്തിനെത്ര വയസ്‌സായി എന്ന് തിരിച്ചു ചോദിച്ചാല്‍ അച്ചന്‍ കുഴങ്ങുന്നതുപോലെയാണല്ലോ താനും കുഴങ്ങിയതെന്നോര്‍ത്തു നിന്നപ്പോള്‍ അച്ചന്‍ തന്നെ അതിന് സമാധാനം കണ്ടു. 
''എന്നേക്കാള്‍ മൂത്തതാണെന്ന് ഈ മൊഖം കണ്ടാലറിയാം.'
സാത്താന്‍ തലയാട്ടി. മുന്നില്‍ നടന്നതുകൊണ്ട് അച്ചന്‍ ആ തലയാട്ടം അറിഞ്ഞില്ല. 
''മൂപ്പു കൂടിയവര്‍ക്ക് പാകത കൂടും. പിന്നെ, നിങ്ങളെപ്പോലൊരാള്‍ ഉള്ളപ്പോള്‍ കൂടെയുള്ളവര്‍ക്ക് ഉറപ്പും കൂടും.'
അച്ചനീപ്പറഞ്ഞതെന്താണെന്ന് സാത്താന് മനസ്സിലായില്ല, അത് പ്രായാധിക്യം കൊണ്ട് മനസ്സിലാവാഞ്ഞതല്ല, ഒരു രഹസ്യത്തിനു മുന്‍പുള്ള അടയാളവാക്യമായതുകൊണ്ടാണ് വേഗം പിടിതരാതെ ഇങ്ങനെ മാറിനില്‍ക്കുന്നതെന്ന് മനസ്സിലായി. മനുഷ്യരിങ്ങനെയാണ് ഒന്നു പറയുകയും അതിനുള്ളില്‍ മറ്റ് പലതും ഒളിപ്പിച്ചുവെക്കുകയും ചെയ്യും. മനുഷ്യന്‍ ഒരു മഹത്തായ പദമാണോ?
ഈ ചിന്തകളൊന്നും കാലിനെ അലട്ടിയില്ല. ഇതൊന്നും അറിയേണ്ട ആവശ്യവും കാലിന് ഇല്ല. അച്ചനിത്  എവിടേയ്ക്കാണ് കൊണ്ടുപോകുന്നത്? കുറേ ദൂരം നടക്കണോ? കയറ്റമുണ്ടോ? വഴിയില്‍ കല്ലും ചെളിയുമുണ്ടോ? ഇതെല്ലാമായിരുന്നു ഓരോ ചുവടിലും ആലോചിച്ച് കൂട്ടിയത്. 
അച്ചന്‍ പെട്ടെന്ന് പറഞ്ഞു: ''ഒരാള്‍ക്കൊന്ന് അന്ത്യകൂദാശ കൊടുക്കണം. ഇനി കൊറച്ച് ദൂരം കൂടിയേ ഉള്ളൂ.'
ഇത് കേട്ട് കാലുകള്‍ പെട്ടെന്ന് നിന്നുപോയി. 
അച്ചന്‍ കൈയിലെ വെളിച്ചം ഇടയ്‌ക്കൊന്ന് കെടുത്തിയിട്ട് ഒന്നുകൂടി തെളിയിച്ചു. 
''നടക്കാന്‍ ബുദ്ധിമുട്ടുണ്ടോ?' അച്ചന്‍ ചോദിച്ചു. 
നിന്നിടത്തുനിന്നുതന്നെ കാലുകള്‍ പറഞ്ഞു: ''ഇല്ല.'
ഈ രാത്രിയില്‍ ആരാണ് മരണത്തെയും നോക്കി കിടക്കുന്നത്? അങ്ങനെ ഒരാള്‍ കിടക്കുന്നുണ്ടെങ്കില്‍ ആ വീട്ടുകാര്‍ക്ക് ഒരു വണ്ടി തരപ്പെടുത്തിയാല്‍ ഈ വയസ്സുകാലത്ത് പാവം അച്ചനീ വഴിയത്രയും തപ്പിത്തടഞ്ഞ് ക്ഷീണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നോര്‍ത്ത് സാത്താന്‍ പിന്നാലെ വരുമ്പോള്‍ അച്ചന്‍ പറഞ്ഞു: ''മരിക്കാന്‍ കിടക്കുന്നത് എന്റെ ചേട്ടനാണ്.'
അച്ചന്റെ കൈയിലെ വെളിച്ചമപ്പോള്‍ വേച്ചുവേച്ച് ഇടവഴിയുടെ ഇരുകവിളുകളിലും തൊട്ടും തെറിച്ചും വീണു. സാത്താന്‍ ഒന്നും പറഞ്ഞില്ല.
രാത്രിയുടെ ഒച്ചകള്‍ മാത്രം ചുറ്റിവളര്‍ന്ന വഴികളിലൂടെ രണ്ട് വൃദ്ധന്മാരെയും ചുമലിലെടുത്ത് വെളിച്ചം ഒരു റബ്ബര്‍ തോട്ടത്തിനടുത്തെത്തി. 
അച്ചന്റെ തവിട്ട് കുപ്പായത്തിലേക്ക് റബ്ബര്‍മരത്തിലെ ചെറുപ്രാണികള്‍ വന്ന് ഇരുന്നു. ചിലത് ആ കുപ്പായം വഴി മുകളിലേക്കും താഴേയ്ക്കും നടന്നു. ചിലത് അനങ്ങാതിരുന്നു. 

''നമുക്ക് ഇതുവഴി കയറാം, വീടിനു മുന്നിലൂടെ പോകണ്ട.' അച്ചന്‍ കയ്യാലയ്ക്കു മുകളില്‍നിന്ന് താഴേയ്ക്ക് വെളിച്ചം കാണിച്ചു പറഞ്ഞു: ''ഇതാണ് എളുപ്പവഴി.'
റബ്ബര്‍ത്തോട്ടത്തിലെ ഇരുട്ടിനെ വെളിച്ചം രണ്ടായി വിടര്‍ത്തി. തോട്ടത്തിനും ചേട്ടന്‍ താമസിക്കുന്ന വീടിനുമിടയിലെ ദൂരത്തിനിടയില്‍, ആ നീളം അളന്നിട്ടെന്നപോലെ തന്റെ കുടുംബചരിത്രത്തെ അച്ചന്‍ ഇങ്ങനെ ഛേദിച്ചു: ''എനിക്ക് ചേട്ടായിയെ കണ്ട ഓര്‍മ്മയില്ല. എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ വീട് വിട്ട് പോയതാ. എന്നിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോയി ചേര്‍ന്നു. ചേട്ടായിയെ അച്ചനാക്കണമെന്നാരുന്നു അപ്പന്റെ ആഗ്രഹം. പുള്ളിക്കാരന്‍ വീടുവിട്ട് കമ്മ്യൂണിസ്റ്റായതോടെ പെങ്ങന്മാരുടെ കല്യാണം മുടങ്ങി. അമ്മച്ചിക്ക് മിണ്ടാട്ടമില്ലാതായി. അപ്പന്റെ ആഗ്രഹത്തിലാണ് ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നത്. അതേവര്‍ഷം തന്നെ അപ്പന്‍ തൂങ്ങിമരിച്ചു. ചേട്ടായി ആന്ധ്രേലും കല്‍ക്കട്ടയിലുമൊക്കെയായിരുന്നെന്നാ കേട്ടത്. ഇവിടിപ്പോ വന്നിട്ട് രണ്ട് വര്‍ഷായി. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഒറ്റയ്ക്കാ താമസംന്നാ കേട്ടത്. കുറച്ച് ദിവസായിട്ട് വയ്യാതെ കെടപ്പാന്ന് അറിഞ്ഞു. എപ്പോ വേണങ്കിലും എന്തും ഒണ്ടാകാം...'
റബ്ബര്‍ത്തോട്ടം തീരുന്നിടത്ത് ചെറിയൊരു പറമ്പ് തുടങ്ങി. പറമ്പ് നടന്നുതീര്‍ന്നത് തേക്കാത്ത ഒരു വീടിനു പിന്നിലാണ്. അച്ചന്‍ വീടിനു പിറകിലെ വാതിലൊന്ന് തള്ളി. ഒട്ടും ഉറപ്പില്ലാത്ത ആ വാതില്‍ ഒരെതിര്‍പ്പുമില്ലാതെ തുറന്നു വന്നു. അച്ചന്‍ ആദ്യം ഉള്ളിലേക്ക് കയറി. 
''വാ' അച്ചന്‍ പറഞ്ഞു. 
ചെറിയൊരു വെട്ടം തങ്ങിനില്‍ക്കുന്നു മുറിയില്‍, കണ്ണുകളടച്ച് ശ്വാസം നീട്ടിവലിച്ച്, ഒരു മനുഷ്യന്‍ കിടക്കുന്നു. അച്ചന്‍ ആ മുഖത്തേക്ക് കുറേനേരം നോക്കിനിന്നു. 
സാത്താന്‍ മുറിയാകെ നോക്കി. കുറച്ച് മരുന്നുകള്‍, പുസ്തകങ്ങള്‍, പകുതിതീര്‍ന്ന റമ്മിന്റെ ഒരു കുപ്പി. 
കട്ടിലിനു പിന്നിലെ ചുവരില്‍ ഒട്ടിച്ച് വച്ചിരിക്കുന്ന പടം കുറച്ചുനേരം നോക്കിയിട്ട് അച്ചന്‍ പറഞ്ഞു: ''അത് ഞങ്ങടെ അപ്പനാന്നാ തോന്നുന്നെ'
അതൊരു ചൈനാക്കാരനാണെന്ന് ആ വെട്ടത്തിലും തിരിച്ചറിഞ്ഞ സാത്താന്റെ കണ്ണുകള്‍, അച്ചന്റെ വിശ്വാസം അച്ചനെ പൊറുപ്പിക്കട്ടെ എന്ന ന്യായത്തില്‍ തിരുത്താതെ നിന്നു. 

കുറച്ചുനേരം കഴിഞ്ഞ്, ഈ മുറിയിലെ വെളിച്ചം ഒന്ന് കെടുത്താമോയെന്ന് അച്ചന്‍ ചോദിച്ചു. സാത്താന്‍ വെളിച്ചമണച്ചു. 
ഇരുട്ടില്‍ അച്ചന്റെ പ്രാര്‍ത്ഥന കേട്ടില്ല. വഴിതെറ്റിപ്പോയ തന്റെ ജ്യേഷ്ഠനെ ഓര്‍ത്ത് ആ പാവം ഉള്ളില്‍ കരയുകയാവാം. ചിലപ്പോള്‍ ആ മുഖത്ത് ചുംബിക്കുകയാവാം. തിരുസഭയുടെ നിയമങ്ങള്‍ തെറ്റിച്ച്, രക്തബന്ധത്തിന്റെ ആഴത്തില്‍ ഒരു വൈദികനും കമ്മ്യൂണിസ്റ്റിനുമപ്പുറത്ത് രണ്ട് സഹോദരങ്ങളായി അവര്‍ അന്യോന്യം അറിയുകയാവാം. 
ഇരുട്ടിലങ്ങനെ നില്‍ക്കുമ്പോള്‍ ഈ വാര്‍ദ്ധക്യത്തിലും ഒരാളും കൂട്ടില്ലാത്ത തന്റെ ഒറ്റജീവിതത്തെയോര്‍ത്ത് സാത്താന് പെട്ടെന്ന് കരച്ചില്‍ വന്നു. കരച്ചിലടക്കി മുറിയുടെ ചുവര് ചാരി നില്‍ക്കുമ്പോള്‍, ഇരുട്ടിലെ ഒച്ച താഴ്ന്നു താഴ്ന്ന് വന്നു. പൂര്‍ണ്ണമായ  നിശ്ശബ്ദതയിലേക്ക് ആ മുറി വീണുപോയപ്പോള്‍ ഇനി ഇരുട്ടുമതിയെന്ന് അച്ചന്‍ പറയുന്നത് കേട്ടു. 
മുറിയിലേക്ക് പഴയ ആ ചെറിയ വെളിച്ചം തിരിച്ചുവന്നു.  
''എന്നാല്‍, പോകാമല്ലേ?' അച്ചന്‍ ചോദിച്ചു. 
കട്ടിലിനടുത്തുനിന്ന് നടന്നുവരുന്ന അച്ചനെ ഭയം മുറുകിയ മുഖത്തോടെ സാത്താന്‍ നോക്കി. 
ആ നോട്ടത്തിലേക്ക് മുഖം കൊടുക്കാതെ, ഇരുട്ടിന്റെ  മറയില്‍നിന്ന് പിഴുതെടുത്ത ശ്വാസം കുപ്പായത്തില്‍ തുടച്ചുകളഞ്ഞിട്ട്, നീളന്‍ വെളിച്ചം തെളിച്ച് അച്ചന്‍ മുറ്റത്തേക്കിറങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com