പെയ്‌തൊഴിയാത്ത പൂമരം: 'രതിസാന്ദ്രത'യെയും 'പും സ്ത്രീ ക്ലീബ'ത്തെയും പറ്റി

സി.വി. ബാലകൃഷ്ണന്റെ നോവല്ലകളായ രതിസാന്ദ്രതയിലും പും സ്ത്രീ ക്ലീബത്തിലും പതിഞ്ഞു കിടക്കുന്നത് പെണ്‍കാമനകളുടെ വേറിട്ട ലോകമാണ്
പെയ്‌തൊഴിയാത്ത പൂമരം: 'രതിസാന്ദ്രത'യെയും 'പും സ്ത്രീ ക്ലീബ'ത്തെയും പറ്റി

സി.വി. ബാലകൃഷ്ണന്റെ നോവല്ലകളായ രതിസാന്ദ്രതയിലും പും സ്ത്രീ ക്ലീബത്തിലും പതിഞ്ഞു കിടക്കുന്നത് പെണ്‍കാമനകളുടെ വേറിട്ട ലോകമാണ്

''പണ്ടേ അദ്ദേഹം എന്റെ ജീവിതചര്യയില്‍ കൗതുകം പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് ഒരു കരിങ്കല്‍ പ്രതിമപോലെ വികാരമറ്റവളായി മാറുമായിരുന്നില്ല. മൗനം ശീലിക്കുമായിരുന്നില്ല. ഞാന്‍ മൗനം വളര്‍ത്തിയെടുത്തു. എന്റേയും ഭര്‍ത്താവിന്റേയും നടുവില്‍ ഒരു ചന്ദനമരമെന്നപോലെ സുഖദായകമായി  അതു വളര്‍ന്നുനിന്നു.'
മാധവിക്കുട്ടിയുടെ 'ചന്ദനമര'ങ്ങളിലെ ഷീല എന്ന കഥാപാത്രത്തിന്റെ മനോവ്യാപാരമാണിത്. മൗനത്തെ സുഖദായകമായ ചന്ദനമരമായി വളര്‍ത്തിയെടുക്കുന്നുവെന്നു മാധവിക്കുട്ടി എഴുതുമ്പോഴും ചന്ദനമരത്തിന്റെ സൗരഭ്യത്തിനും തണുപ്പിനും പകരം ശാന്തതയില്ലാത്ത മനസ്സിന്റെ ദുര്‍ഗന്ധവും താപവുമാണ് ആ കൃതി വായനക്കാരിലേയ്ക്കു പകര്‍ന്നത്.
കാലം പതിയെ മാറിക്കൊണ്ടിരിക്കുകയാണ്; സ്ത്രീയും. സ്വന്തം ഇഷ്ടങ്ങളുടെ രസതന്ത്രം പൂത്തുനില്‍ക്കുന്ന ഒരു പൂമരം തേടി വീടുവിട്ടിറങ്ങുന്ന സ്ത്രീത്വം അരസികമായ പുരുഷപ്രകൃതിയെ പരിഗണിക്കുന്നേയില്ല; അല്ലെങ്കില്‍ പ്രണയഭാവങ്ങളുടെ അപാരമായ സ്ഥലരാശിയില്‍ സ്ത്രീ/പുരുഷ ഭേദങ്ങള്‍ അപ്രസക്തമാവുന്നു.


മനസ്സിണക്കങ്ങള്‍ ആകസ്മികവും അവിചാരിതവുമായി സ്പര്‍ശിക്കുമ്പോഴാണ് സാന്ദ്രമായ രതി അനുഭവം ഉണ്ടാകുന്നത്. അസ്വസ്ഥമായ മനസ്സിന്റെ അഭയം തേടിയുള്ള യാത്രയില്‍ പൊടുന്നനെ കാണുന്ന നീര്‍ച്ചാലുപോലെ സുന്ദരവും സുരഭിലവുമാണ് സാന്ദ്രമായ രതി അനുഭവം. അധികാരപ്രമത്തതയുടേയും അവഗണനയുടേയും പുരുഷഭാവങ്ങളില്‍ നൊമ്പരപ്പെടുന്ന, പ്രതിഷേധിക്കുന്ന സ്ത്രീ അന്തരംഗങ്ങള്‍ പുതിയ ഇടങ്ങള്‍ തേടിത്തുടങ്ങുന്ന പ്രമേയം മലയാള സാഹിത്യത്തില്‍ വളരെ മുന്‍പേതന്നെ ആവിഷ്‌കൃതമായിട്ടുണ്ട്. മാധവിക്കുട്ടിയുടെ 'ചന്ദനമര'ങ്ങളിലെ ഷീലയും കല്യാണിക്കുട്ടിയും അത്തരം ഇടങ്ങള്‍ തേടിയവരാണ്. അവര്‍ക്ക് എത്തിച്ചേരാനാവാതിരുന്ന തീരങ്ങളിലേയ്ക്കു സ്ത്രീ സ്വത്വത്തെ കൈപിടിച്ചാനയിക്കുന്ന പ്രമേയമാണ് സി.വി. ബാലകൃഷ്ണന്‍ 'രതിസാന്ദ്രത'യില്‍ ആവിഷ്‌കരിക്കുന്നത്. വരാനിരിക്കുന്ന കാലങ്ങളുടെ സ്ഥലരാശിയിലേയ്ക്കു മുന്‍പേതന്നെ ചേക്കേറിയിരിക്കുന്ന എഴുത്തുകാരനെയാണ് രതിസാന്ദ്രത, അതിന്റെ തുടര്‍ച്ചയായ പും സ്ത്രീ ക്‌ളീബം, ദേഹം ദേഹാന്തം എന്നീ മൂന്നു നോവെല്ലകളടങ്ങിയ 'രതിസാന്ദ്രത' എന്ന കൃതിയില്‍ കാണുന്നത്. സ്ത്രീ കാമനകളെ വ്യത്യസ്ത രീതിയില്‍ സമീപിക്കുന്ന 'രതിസാന്ദ്രത'യും 'പും സ്ത്രീ ക്‌ളീബ'വുമാണ് ഇവിടെ പരാമര്‍ശവിധേയമാക്കുന്നത്. 

ഷേഫാലിയും മെഹറുന്നിസയും

ഷേഫാലിയും മെഹറുന്നിസയുമാണ് 'രതിസാന്ദ്രത' എന്ന നോവെല്ലയിലെ മുഖ്യകഥാപാത്രങ്ങള്‍. അസീസ് പാഷയാണ് മെഹറുന്നിസയുടെ ഭര്‍ത്താവ്. വെറുതെ ഒരു ഭര്‍ത്താവ്. അയാളുടെ മൈഥുനക്രിയ ആവര്‍ത്തിക്കാനുള്ള ഒരിടം മാത്രമാണ് മെഹറുന്നിസ. അഞ്ച് ആണ്ട് നീണ്ട ദാമ്പത്യത്തില്‍ മാസം തികയാതെ പിറന്ന ഒരു കുഞ്ഞു മരിച്ച ദുഃഖമൊന്നും മെഹറുന്നിസയ്ക്കില്ല. ഷേഫാലി വിവാഹിതയല്ല. പതിമൂന്നു വയസ്‌സുള്ളപ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവിനാല്‍ അപമാനിതയായതിന്റെ ഭാരവും ചുമന്ന് ഒറ്റയ്ക്കു താമസിക്കുന്നു ഷേഫാലി.
ചുട്ടുപൊള്ളുന്ന വെയില്‍ പകര്‍ന്നുകൊണ്ടിരുന്ന ആകാശത്തു വളരെ പെട്ടെന്നുറഞ്ഞുകൂടിയ മഴമേഘങ്ങളുടെ ആകസ്മികതപോലെയാണ് വസന്തനഗറിലെ മോഡേണ്‍ ആര്‍ട്ട് ഗാലറിയില്‍വെച്ച് ഷേഫാലിയും മെഹറുന്നിസയും കണ്ടുമുട്ടുന്നത്. ജോഗന്‍ചൗധരിയുടേയും ഹൈദര്‍റാസയുടേയും പെയിന്റിംഗുകളുടെ പശ്ചാത്തലത്തിലുള്ള അവിചാരിതമായ കണ്ടുമുട്ടലിന്റെ ദൃശ്യചാരുത ബാലകൃഷ്ണന്റെ വരികളിലൂടെ വായിക്കാം. 
''അവര്‍ക്കിടയില്‍ വര്‍ണങ്ങളിളകി.
വ്യക്തമായ അതിരുകളില്ലാതെ പരസ്പരം കലര്‍ന്നു, 
സൗന്ദര്യമായി'.
മനോജ്ഞമായ ഒരു ബന്ധത്തിന്റെ തുടക്കത്തെ അവതരിപ്പിച്ചിരിക്കുന്ന അതിസാന്ദ്രമായ പദപ്രയോഗങ്ങള്‍.
വസന്തനഗറിലെ ആദ്യസമാഗമത്തിനുശേഷം ഞായറാഴ്ചതോറും മെഹറുന്നിസ ഷേഫാലിയുടെ ഫ്‌ളാറ്റിലെ സന്ദര്‍ശകയാകുന്നു. ഷേഫാലിയുടെ വീട്ടിലേയ്ക്കുള്ള ആദ്യത്തെ യാത്രയില്‍ ഞായറാഴ്ചകളെക്കുറിച്ചുള്ള മെഹറുന്നിസയുടെ വിചാരം അവതരിപ്പിക്കുന്നുണ്ട്. ''ഞായറാഴ്ചകള്‍ പൊതുവെ മനോഹരങ്ങളാണ് മറ്റു ദിവസങ്ങളേക്കാള്‍. ഞായറാഴ്ചകളിലെ സൂര്യന്‍ ഭൂമിയെ നോക്കുക സൗമ്യതയോടെയാണ്. ഞായറാഴ്ചകളില്‍ വെയില്‍ നിലാവുപോലെയാണ്... ഞായറാഴ്ചകളില്‍ അടിവസ്ത്രങ്ങള്‍ വേണ്ടതില്ല'. ഇങ്ങനെ പോകുന്നു മെഹറുന്നിസയുടെ വിചാരങ്ങള്‍. ഷേഫാലിയുടേയും മെഹറുന്നിസയുടേയും ഞായറാഴ്ച തോറുമുള്ള ബന്ധങ്ങളുടെ ആഴക്കാഴ്ചകള്‍ കൂടിയാണ് ഞായറാഴ്ചയെക്കുറിച്ചുള്ള ഈ വിചാരങ്ങള്‍.
ഷേഫാലിയുടെ വീട്ടിലേയ്ക്കുള്ള ഞായറാഴ്ച യാത്രയില്‍ നിറയെ പൂത്തുനില്‍ക്കുന്ന ഒരു പൂമരവും നിലത്തു ചിതറിക്കിടക്കുന്ന പൂക്കള്‍ പെറുക്കുന്ന ഒരു പെണ്‍കുട്ടിയേയും മെഹറുന്നിസ കാണുന്നു. ഷേഫാലിയെ തേടിയിറങ്ങിയ മെഹറുന്നിസയുടെ മനസ്സിലും നിറുത്താതെ പൂമരം പെയ്യുകയായിരുന്നു. ഷേഫാലിയുടെ വീട്ടിലെത്തിയ മെഹറുന്നിസ ഷേഫാലിയുടെ ക്യാന്‍വാസില്‍ ചുവപ്പു ചായം വിന്യസിച്ചു വിസ്മയകരമായ തീക്ഷണത പകര്‍ന്നുകഴിഞ്ഞിരുന്നു. ''ജീവിതം ഇതേപോലെയാണ്. വലിയൊരു ക്യാന്‍വാസ്. അതിലേക്കു നമ്മള്‍ എല്ലാ നിറങ്ങളും കോരിയൊഴിക്കണം' എന്നും അവള്‍ ഷേഫാലിയോടു മൊഴിയുന്നു. പിന്നീട് അവരുടെ ഞായറാഴ്ച ആഘോഷങ്ങളുടെ തുടക്കമാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അസീസ് പാഷയുടെ ചോദ്യങ്ങളെ, പ്രഹരങ്ങളെ നേരിടേണ്ടിവരുന്നത് ഓര്‍ക്കുമ്പോള്‍ മെഹറുന്നിസ പകലറുതിക്കുമുന്‍പേ തിരികെപ്പോകുന്നു. 
അസീസ് പാഷയുമായുള്ള മെഹറുന്നിസയുടെ വിരസമായ ദാമ്പത്യം കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഓരോ മൈഥുനത്തിലും താന്‍ അപമാനിതയാകുന്നതായി അവര്‍ക്കു തോന്നുന്നു. ഇഷ്ടമില്ലാതെ പുരുഷസ്രവത്തിനു വിധേയമാകേണ്ടിവരുന്ന സ്ത്രീത്വം അനുഭവിക്കുന്ന വ്യഥ ഇവരുടെ ബന്ധത്തില്‍ കാണാം. ബലാത്സംഗത്തിനു വിധേയമാകുന്ന ഇരയുടെ പ്രതിഷേധമോ വിലാപമോപോലും പ്രകടിപ്പിക്കാനാവാതെ നിശ്ശബ്ദമാവുന്ന അരസിക ദാമ്പത്യത്തിലെ ഭര്‍ത്തൃമതികളുടെ ക്രന്ദനങ്ങള്‍ ഈ ദാമ്പത്യബന്ധ ചിത്രീകരണം ഓര്‍മ്മിപ്പിക്കുന്നു. അവനില്‍നിന്നൊഴുകുന്ന ദുര്‍ഗന്ധമകറ്റാന്‍ ഒരു അറേബ്യന്‍ പരിമളദ്രവ്യത്തിനും കഴിയില്ല എന്ന് ബാലകൃഷ്ണന്‍ എഴുതുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇടങ്ങള്‍ അസീസ് പാഷയില്‍ മെഹറുന്നിസയ്ക്ക് ഒരിക്കലും കണ്ടെത്താനായില്ല. തക്കാളിച്ചെടി പൂവിട്ട വിശേഷം അവനോടു പറയേണ്ട ഒന്നായി മെഹറുന്നിസ വിചാരിക്കുന്നേയില്ല. ഫ്‌ളാറ്റും ജീവിതവും പങ്കിടുന്ന അസീസ് പാഷ അവളുടെ സുഹൃത്തുക്കളുടെ ഗണത്തിലേ ഇല്ല. നിനച്ചിരിക്കാതെ വിരിഞ്ഞ തക്കാളിച്ചെടിയിലെ മഞ്ഞനിറമുള്ള പൂവിന്റെ വിശേഷം അവള്‍ക്കു പറയാനുള്ളത് ഷേഫാലിയോടാണ്. മെഹറുന്നിസയുടെ ജീവിതത്തില്‍ അവിചാരിതമായി വിരിഞ്ഞ മഞ്ഞനിറമുള്ള പൂവായി ഷേഫാലി പരിണമിക്കുന്നു.


മെഹറുന്നിസയുടെ ഭര്‍ത്താവ് അസീസ് പാഷ, ഷേഫാലിയുടെ ചേച്ചി സഫ്രീനയുടെ ഭര്‍ത്താവ് മുക്താര്‍ എന്നിവരാണ് 'രതിസാന്ദ്രത'യിലെയും അതിന്റെ തുടര്‍ച്ചയായ 'പും സ്ത്രീ ക്‌ളീബ'ത്തിലെയും പ്രധാന പുരുഷകഥാപാത്രങ്ങള്‍. ആണധികാരത്തിന്റേയും ശക്തിപ്രകടനത്തിന്റേയും ഭാവമാണ് ഇരുവര്‍ക്കുമുള്ളത്. ഇതിനെതിരെ ലിംഗച്‌ഛേദം നടത്താന്‍ കത്തിയെടുക്കുന്ന സ്ത്രീയുടെ പ്രതികാരം 'പും സ്ത്രീ ക്‌ളീബ'ത്തിന്റെ അവസാന ഭാഗത്തു കാണാം. 

പൂമരം

ഈ നോവെല്ലയില്‍ അവതരിപ്പിക്കപ്പെടുന്ന പൂമരം കൃതിക്കു സവിശേഷമായ ഒരു മാനം നല്‍കുന്നുണ്ട്. മെഹറുന്നിസ ഷോഫാലിയോടു പൂമരമായി മാറിയ പെണ്‍കുട്ടിയെക്കുറിച്ചുള്ള നാടോടിക്കഥ പറയുന്നു. തുടര്‍ന്നു പാതയോരത്തു കണ്ട പൂമരത്തെ അവര്‍ ദത്തെടുക്കുന്നു. അവര്‍ രണ്ടുപേരും പൂമരത്തെ ആശേ്‌ളഷിച്ചുനില്‍ക്കുന്ന ചിത്രം ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്നു. അവര്‍ക്കിടയില്‍ വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന പൂമരം പ്രണയം പൂത്തുലഞ്ഞുനില്‍ക്കുന്ന അവരുടെ മനസ്സുതന്നെ. ആ പൂമരം വെട്ടിക്കളയാന്‍ അസീസ് പാഷയും സഹപ്രവര്‍ത്തകനായ ശങ്കര തേജസ്വിയും നഗരസഭയിലെ ഏരിയ കൗണ്‍സിലര്‍ പര്‍വതമ്മയുടെ സഹായം തേടുന്നു. പക്ഷേ, മരം വെട്ടുന്ന പണിക്കാരുടെനേരെ മരത്തിന്റെ മുകളിലിരുന്ന സര്‍പ്പം ആഞ്ഞുചീറ്റുന്നു. ഷേഫാലിയുടേയും മെഹറുന്നിസയുടേയും പൂമരത്തെ തകര്‍ത്തുകളയാന്‍ അസീസ് പാഷയ്ക്കാവുന്നില്ല. ലിംഗഭേദങ്ങളുടെ അതിര്‍വരമ്പുകളില്‍ തളച്ചിടപ്പെടുന്നതല്ല അനുരാഗത്തിന്റെ പൂമരം. നൊമ്പരപ്പെടുത്തുന്ന, വേദനിപ്പിക്കുന്ന ഓര്‍മ്മയായി പുരുഷ ലൈംഗികത അനുഭവപ്പെടുമ്പോള്‍ സാന്ത്വനവും സഖിത്വവും ആയി പെണ്‍കാമനകള്‍ ഇവിടെ ഒത്തുചേരുന്നു. ''...ഉടലുകള്‍ ത്രസിച്ചു തേന്‍ ചുരന്നു. രതിസാന്ദ്രതയില്‍ അവര്‍ ആറാടി' എന്ന് എഴുതുമ്പോള്‍ 'രതിസാന്ദ്രത' പൂര്‍ണ്ണമാകുന്നു. 

പും സ്ത്രീ ക്‌ളീബം

ഒരു നോവെല്ലയ്ക്കു മലയാളസാഹിത്യത്തില്‍ ആദ്യമായുണ്ടാകുന്ന തുടര്‍ച്ചയാണ് 'രതിസാന്ദ്രത'യുടെ തുടര്‍ച്ചയായ 'പും സ്ത്രീ ക്‌ളീബം'. മെഹറുന്നിസ ഇബ്‌സന്റെ നോറയെ ഓര്‍ത്തുകൊണ്ടുതന്നെ അസീസ് പാഷയുടെ വീടിന്റെ വാതില്‍ വലിച്ചടച്ച് ഷേഫാലിയുടെ വീട്ടില്‍ താമസമാക്കുന്നു. ലൈംഗികാഹ്‌ളാദത്തിന്റെ ചോരച്ചൂട് അന്യോന്യം പകരുന്നവരായി ഫ്‌ളാറ്റില്‍ അവര്‍ ചേര്‍ന്നുകിടന്നു.
ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ട്ട്‌സ് ഫെസ്റ്റിവല്‍ കാണാനെത്തുന്ന അസീസ് പാഷയേയും ശങ്കരതേജസ്വിയേയും അവതരിപ്പിച്ചുകൊണ്ടാണ് 'പും സ്ത്രീ ക്‌ളീബം' ആരംഭിക്കുന്നത്. 


''ഒരാളെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ലിംഗനിര്‍ണയം നടത്തുക ഇക്കാലത്ത് എളുപ്പമല്ല. സ്ത്രീയുടെ ഉള്ളില്‍ പുരുഷനാവും. പുരുഷന്റെയുള്ളില്‍ സ്ത്രീയുടെ കാമനകളാവും.' വസ്ത്രങ്ങളെല്ലാം ഉരിഞ്ഞാലും നഗ്നനാകാത്ത മനുഷ്യന്റെ യാഥാര്‍ത്ഥ്യം ചര്‍മ്മത്തിനുമപ്പുറത്താണ് എന്ന എഴുത്തുകാരന്റെ ചിന്ത, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്നു.


13 വയസ്സുള്ളപ്പോള്‍ ഒരു കാണ്ടാമൃഗത്തിന്റെ ക്രൗര്യത്തോടെ മുക്താര്‍ തന്നെ ഉപദ്രവിച്ച കാര്യത്തില്‍ നിശ്ശബ്ദയായിരിക്കണമെന്നാണ് ഷേഫാലിയെ ഉമ്മ ഉപദേശിക്കുന്നത്. എന്നാല്‍, നിനക്കവനോടു പ്രതികാരം ചെയ്യേണ്ടേ എന്നാണ് മെഹറുന്നിസ ഷേഫാലിയോടു ചോദിക്കുന്നത്. അസീസ് പാഷയോടൊപ്പം പുതിയ വേട്ടയ്‌ക്കൊരുങ്ങുന്ന മുക്താറിനെ, വര്‍ഷങ്ങളായി ഒരുക്കിവച്ചിരുന്ന പ്രതികാരത്തിന്റെ കത്തിമുനയില്‍ കോര്‍ക്കാന്‍ ഷേഫാലിയുടെ മനസ്സ് തുടിക്കുന്നു. പുതിയ കാലം സ്ത്രീയില്‍നിന്നാവശ്യപ്പെടുന്ന തിരിച്ചറിവിന്റെ പാഠം പറഞ്ഞുതരികയാണ് ഇവിടെ ബാലകൃഷ്ണന്‍. ചോരപ്പാടുകള്‍ തൂത്തുകളഞ്ഞു മൗനിയാകേണ്ട കാലം കഴിഞ്ഞു എന്നു സ്ത്രീത്വം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.


വരികള്‍ക്കിടയിലൂടെ അന്തര്‍വാഹിനിയായി ഒഴുകുന്ന നര്‍മ്മം സി.വി. ബാലകൃഷ്ണന്റെ രചനയുടെ പ്രത്യേകതയാണ്. അസീസ് പാഷയും മുക്താറും ശങ്കര തേജസ്വിയും പര്‍വതമ്മയുടെ ഭര്‍ത്താവ് പാണ്ഡുരംഗയും വായനക്കാരന്റെ സഹതാപം അര്‍ഹിക്കുംവിധം പരിഹാസ്യരാവുന്നു. മനോവൈകൃതങ്ങള്‍കൊണ്ട് കോമാളികളാവുന്ന പുരുഷ കഥാപാത്രങ്ങളുടെ അഹന്തയ്ക്കുനേരെ ഉയരുന്ന ചുറ്റികപ്രയോഗമായി അന്തര്‍ധാരയായ ഈ ഫലിതം വര്‍ത്തിക്കുന്നു. പും സ്ത്രീ ക്‌ളീബം–ഇവ നേര്‍വരയില്‍ത്തന്നെ. അവിടെ ഉന്നതസ്ഥാനീയനാവാന്‍ ശ്രമിക്കുന്ന പുരുഷനെ തകര്‍ക്കുന്ന രചനയാണ് ഇത്.
''മെഹറുന്നിസയ്ക്കു പുസ്തകങ്ങള്‍ വായിക്കുന്നതു കാണാന്‍ ഇഷ്ടമാണ് ; വായിക്കുന്നത് ചേതന്‍ഭഗതിനെ ആയാല്‍പ്പോലും.' ഇങ്ങനെ വായനക്കാരനെ ഉറക്കെച്ചിരിപ്പിക്കുന്ന ഫലിതങ്ങളും ഈ കൃതിയില്‍ കാണാം. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചൊരിടത്തു ജോലി ചെയ്യുന്നത്, ഒന്നിച്ച് ടോയ്‌ലറ്റില്‍ കയറുന്നതുപോലെയാണ് എന്ന ചിന്തയും ചൈനയിലെ 'മിസ്ട്രസ് ഡിസ്‌പെല്ലര്‍' എന്ന പുതിയ പരിപാടിയെക്കുറിച്ചുള്ള വിവരണവും ഹാസ്യാത്മകം തന്നെ. മുക്താറിന്റെ പീഡനത്തിനു വിധേയയാകേണ്ടിവന്ന മകളെ അമ്മ ആശ്വസിപ്പിക്കുന്ന വാക്കുകളിലെ നര്‍മ്മം നോക്കുക: ''സാരമില്ല, ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല് വേറൊരാള് വന്ന് ചെയ്യുന്നതും ഇതുതന്നെ. കുറച്ച് മുമ്പേ ആയീന്ന് വിചാരിച്ച് നീ സബൂറാക്ക്.'


ആഖ്യാനമികവാണ് മറ്റ് ലെസ്ബിയന്‍ പ്രണയകഥകളില്‍നിന്ന് ഈ രണ്ടു നോവെല്ലകളേയും വ്യത്യസ്തമാക്കുന്നത്. ജോഗന്‍ ചൗധരിയുടേയും റാസയുടേയും ചിത്രങ്ങളുടെ തികവ് ബാലകൃഷ്ണന്റെ തൂലികയും ചാലിച്ചുവയ്ക്കുന്നു. കഥാപാത്രങ്ങളും സംഭവങ്ങളും ദൃശ്യചാരുതയോടെ മുന്നിലെത്തുന്ന അനുഭവം വായന പകരും. അകമ്പടിയായി സാഫോയുടെ വരികളും ചേരുമ്പോള്‍ അതിമനോഹരമായ ഒരു റെസ്റ്റോറന്റില്‍ പ്രണയം പങ്കിടുന്ന സുഖാനുഭൂതിയും ഈ രചനകള്‍ അനുഭവിപ്പിക്കുന്നു.

''As love then in the power
 that none can disobey.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com