പരമഹംസരുടെ പാപിയായ ശിഷ്യന്‍ 

മുഴുമദ്യപാനിയും വ്യഭിചാരിയുമായിരുന്നുവെങ്കിലും ആത്മവഞ്ചകനല്ലാതിരുന്ന ഗിരീഷ് ചന്ദ്രഗോഷും ശ്രീരാമകൃഷ്ണനും തമ്മിലുണ്ടായ അസാധാരണമായ ബന്ധം പരിത്രാണത്തിന്റെ ഉദാത്തമായ ഉദാഹരണമായി മാറി
ഗിരീഷ് ചന്ദ്രഗോഷ്
ഗിരീഷ് ചന്ദ്രഗോഷ്

ഞാനൊരു പാപിയാണ് എന്നാണ് കല്‍ക്കത്തയുടെ സ്വന്തം ഗേഥേ എന്നറിയപ്പെട്ടിരുന്ന ബഹുമുഖ പ്രതിഭയായ ഗിരീഷ് ചന്ദ്രഘോഷ് ശ്രീരാമകൃഷ്ണ പരമഹംസരെ ആദ്യമായി കണ്ടപ്പോള്‍ സ്വയം പരിചയപ്പെടുത്തിയത്. മുഴുമദ്യപാനിയും വ്യഭിചാരിയുമായിരുന്നുവെങ്കിലും ആത്മവഞ്ചകനല്ലാതിരുന്ന ആ മനുഷ്യനും ശ്രീരാമകൃഷ്ണനും തമ്മിലുണ്ടായ അസാധാരണമായ ബന്ധം പരിത്രാണത്തിന്റെ ഉദാത്തമായ ഒരു ഉദാഹരണമായി മാറി. ശ്രീരാമകൃഷ്ണന്റെ തുറന്നതും അതിരുകളറ്റതുമായ സ്വീകരണം ഗിരീഷ് ചന്ദ്രഘോഷിനെ പ്രതിജ്ഞാബദ്ധനായ നാസ്തികന്‍ എന്ന തലത്തില്‍നിന്നും ഒരു ഉല്‍ക്കടസേശ്വരവാദിയാക്കി പരിവര്‍ത്തിപ്പിക്കുകയാണുണ്ടായത്. 

ഗിരീഷിനു കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ഉറ്റവരേയും നഷ്ടപ്പെട്ടു. രണ്ടു ഭാര്യമാരും കുട്ടികളും മരണമടഞ്ഞു. നിരന്തരമായുള്ള ഇത്തരം ദുരന്താഘാതങ്ങള്‍ അതിപ്രശസ്തനായ ആ നാടകകൃത്തിനെ മദ്യത്തിലേക്കും അളവറ്റ സാഹിത്യ സംഭാവനകളിലേക്കും നയിച്ചു. വൈയക്തികമായ ദുരന്തങ്ങള്‍ക്കപ്പുറത്തുള്ള കേവല സൗന്ദര്യത്തിലേക്കും ദിവ്യമാതാവിന്റെ സൂക്ഷ്മോദ്ദേശ്യങ്ങളിലേക്കും ഗിരീഷിന്റെ കാഴ്ചയെ ശ്രീരാമകൃഷ്ണന്‍ കൂട്ടിക്കൊണ്ടുപോയി. 

തന്റെ നാടകങ്ങളിലൂടെ ഗിരീഷ് ശ്രീരാമകൃഷ്ണന്റെ സന്ദേശം കല്‍ക്കത്തയിലെ ചുവന്ന തെരുവുകളിലേക്കെത്തിച്ചു. ബംഗാളി നാടകവേദിയുടെ സംരക്ഷിതാവായിത്തീര്‍ന്നു ശ്രീരാമകൃഷ്ണനെന്നും പറയാം. എങ്ങനെയെന്നാല്‍ അക്കാലത്തു സമൂഹം നാടകനടികളെ വേശ്യകളായാണ് പരിഗണിച്ചിരുന്നത്. ബംഗാളിലെ യാഥാസ്ഥിതികര്‍ നാടകശാലകളെ പാപത്തിന്റെ വേദികളായി കാണുമ്പോഴാണ് ശ്രീരാമകൃഷ്ണന്‍ ഗിരീഷ് ചന്ദ്രഘോഷിന്റെ 'ചൈതന്യ ലീല' എന്ന നാടകം കാണാന്‍ സ്റ്റാര്‍ തിയേറ്ററിലെത്തുന്നത്. 

1884 സെപ്തംബര്‍ ഇരുപത്തിനാലിനു സന്ധ്യയ്ക്കായിരുന്നു ആ സന്ദര്‍ശനം. അവതാരമെന്നും പുണ്യപുരുഷനെന്നും വാഴ്ത്തപ്പെട്ടിരുന്ന ആ ബ്രാഹ്മണപുരോഹിതന്‍ നാടകക്കാര്‍ക്കിടയില്‍ ഇടപഴകിയത് അക്ഷന്തവ്യമായ തെറ്റായി പാരമ്പര്യവാദികള്‍ വ്യാഖ്യാനിക്കുകയും അദ്ദേഹത്തിന്റെ വസതിയില്‍ സ്ഥിരം സന്ദര്‍ശകരായിരുന്ന ബ്രഹ്മസമാജാംഗ ങ്ങള്‍ അങ്ങോട്ട് തിരിഞ്ഞുനോക്കാതെയുമായി. ഇക്കാര്യത്തെച്ചൊല്ലി മഹാസമാധിക്കുശേഷവും അവര്‍ ആ മഹാത്മാവിനെ പഴി പറഞ്ഞുകൊണ്ടുമിരുന്നു. മാക്‌സ് മുള്ളര്‍ 1896-ല്‍ പരമഹംസരുടെ ജീവചരിത്രമെഴുതിയത് അക്കൂട്ടരെ കൂടുതല്‍ പ്രകോപിപ്പിച്ചു. കേശവ് ചന്ദ്രസേനിന്റെ ബന്ധുവായിരുന്ന ഒരു ബ്രഹ്മസമാജാംഗം മാക്‌സ് മുള്ളറുടെ കാഴ്ചപ്പാട് മാറ്റേണ്ടതുണ്ടെന്ന് വാദിച്ചു. ഈ വിഷയത്തില്‍ തര്‍ക്കിച്ച ഒരു പ്രൊഫസറോട് സ്വാമി വിവേകാനന്ദന്റെ മറുപടിയാകട്ടെ ഈ വിധത്തിലായിരുന്നു. ''അംബ പാലി എന്ന വേശ്യയെ അങ്ങയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഭഗവാന്‍ ബുദ്ധന്റെ കൃപാദൃഷ്ടി അവളില്‍ പതിഞ്ഞിരുന്നുവല്ലോ. മഹാനായ യേശുക്രിസ്തുവിന്റെ കരുണക്കു പാത്രമായ ഒരു സമരിറ്റന്‍ യുവതിയുമുണ്ട്.'

വലിയ സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറും സ്ത്രീകള്‍ അഭിനയിക്കുന്നതിനെതിരായിരുന്നു. പരമഹംസരുടെ നാടകശാലാസന്ദര്‍ശനത്തിനുശേഷം അഭിനേതാകള്‍ക്കു സാമൂഹികാംഗീകാരം സിദ്ധിക്കാന്‍ തുടങ്ങി. അക്കാലത്തെ ഏറ്റവും വിലകൂടിയ നാടകതാരമായ ബിനോദിനി തന്റെ ആത്മകഥയില്‍ കുറിച്ചത് ഇങ്ങനെയാണ്: ''എന്നെ പതിതയെന്നു വിധിക്കുന്ന ലോകത്തെ ഞാന്‍ ശ്രദ്ധിക്കുന്നില്ല. കാരണം ആരാധനീയനും പരിശുദ്ധനുമായ ശ്രീരാമകൃഷ്ണ പരമഹംസര്‍ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. അസഹനീയമായ ഉല്‍ക്കണ്ഠകളും പരിഹാരമില്ലാത്ത വേദനകളും എന്നെ പൊതിയുമ്പോള്‍ അദ്ദേഹത്തിന്റെ ദയാമയവും സംസ്‌കാര സുരഭിലവും മഹനീയവുമായ രൂപം എന്റെ ഹൃദയത്തില്‍ പ്രത്യക്ഷപ്പെടുന്നു.' 

സങ്കീര്‍ണ്ണമായ പ്രതിഭാശേഷി
ഗിരീഷ് ചന്ദ്രഘോഷിന്റെ ദുര്‍ന്നടത്തത്തെക്കുറിച്ച് സമൂഹത്തില്‍ അനവധി കഥകള്‍ പ്രചരിച്ചിരുന്നതിനാല്‍ പരമഹംസരുമായി ഗിരീഷിനുണ്ടായ ബന്ധം ആളുകള്‍ കൗതുകപൂര്‍വ്വം വീക്ഷിച്ചു. ഗിരീഷിന്റെ പ്രതിഭ മഹത്തരവും സ്വഭാവം അതിസങ്കീര്‍ണവുമായിരുന്നു. നിര്‍ഭീകനും അതിസാഹസികനുമായിരുന്ന അയാള്‍ പരമഹംസരുടെ വിനീത ഗൃഹസ്ഥ ശിഷ്യനായി മാറി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെങ്കിലും പുരാതന ഭാരതീയ സാഹിത്യത്തിലും അന്നത്തെ യൂറോപ്യന്‍ ചിന്തയിലും സാഹിത്യത്തിലും ഗിരീഷിനുള്ള അവഗാഹം വിസ്മയകരമായിരുന്നു. ഗിരീഷിന്റെ സഹോദരനായ അതുല്‍കൃഷ്ണഘോഷ് ജേ്യഷ്ഠന്റെ സമാഹൃതകൃതികള്‍ ആറു വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിശക്തമായ ഭാവനയും അജയ്യമായ ഊര്‍ജ്ജവും നാടകത്തിനോടും അഭിനയത്തോടുമുള്ള ആസക്തിയും ദരിദ്രരോടും പതിതരോടുമുള്ള കരുണയും സൃഷ്ട്യുന്മുഖതയും ആ വ്യക്തിത്വത്തില്‍ ഇഴചേര്‍ന്നു കിടന്നു. പുറമേക്കു ദൃഢപേശികളുള്ള കരുത്തനെങ്കിലും അകമേ ലോലചിത്തനും നിസ്വാര്‍ത്ഥനുമായിരുന്നു ഗിരീഷ് ചന്ദ്രഘോഷ്. തനിക്കുള്ളതൊക്കെയും ഗിരീഷ് ഗുരുവിന് അടിയറ വെച്ചു.

ശ്രീരാമകൃഷ്ണ പരമഹംസന്‍
ശ്രീരാമകൃഷ്ണ പരമഹംസന്‍

തന്റെ ഒരു അഭിഭാഷക സുഹൃത്തിന്റെ വസതിയില്‍ വെച്ചാണ് ആദ്യമായി ഗിരീഷ് ശ്രീരാമകൃഷ്ണ പരമഹംസരെ കാണുന്നത്-മഹാസമാധിക്ക് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെക്കാള്‍ ലഹരിക്കടിപ്പെട്ട ഒരാളാണല്ലോ അതെന്നാണ് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. ഇത്തരം ഒരു അനുഭവം ഗിരീഷിന് ആദ്യമായിരുന്നു. മുന്‍പേ തന്നെ പരമഹംസരെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗിരീഷിന്റെ ചെവിയിലും എത്തിയിരുന്നു. പരിസരബോധം നഷ്ടപ്പെട്ട ബ്രഹ്മലയം പൂകിയ ആ മഹാഋഷി ഒരു വ്യാജനാട്യക്കാരനാണെന്ന് ഗിരീഷ് ചന്ദ്രഘോഷിലെ യുക്തിവാദി പറഞ്ഞുവെങ്കിലും ആരെയും ശിരസ്സു കുനിച്ചു വന്ദിക്കുന്ന പരമഹംസരുടെ രീതി ഗിരീഷിന്റെ ഉള്ളില്‍ത്തട്ടി. 

പരമഹംസരും സംഘവും കല്‍ക്കത്തയിലെ സ്റ്റാര്‍ തിയറ്ററില്‍ ഗിരീഷിന്റെ 'ചൈതന്യ ലീല' എന്ന നാടകം കാണാനെത്തി. നാടകശാലയുടെ മുറ്റത്തു നിന്നിരുന്ന ഗിരീഷിനോട് ആ സംഘത്തിലൊരാള്‍ വന്ന്, ''ഗുരു അങ്ങയുടെ നാടകം കാണാന്‍ വന്നിരിക്കുന്നു. ഒരു പാസ്‌സ് കൊടുക്കുന്നതാ വില്ലേ ഉചിതം? അഥവാ ഞങ്ങള്‍ ടിക്കറ്റു വാങ്ങാം' എന്നു പറഞ്ഞു. ''പരമഹംസര്‍ക്കു ടിക്കറ്റു വേണ്ട. പക്ഷേ, ബാക്കിയുള്ളവര്‍ക്കു വേണ്ടി വരു'മെന്നു മറുപടി പറഞ്ഞ് ഗിരീഷ് പരമഹംസരെ സ്വീകരിച്ചാനയിക്കുന്നതിനുവേണ്ടി മുന്‍പോട്ടു ചെന്നു. ഗിരീഷ് പ്രണമിക്കുന്നതിനു മുന്‍പേ പരമഹംസര്‍ ശിരസ്സു കുനിച്ചു. ഓരോ തവണ ഗിരീഷ് പ്രണമിച്ചപ്പോഴും പരമഹംസരും പ്രണാമം തുടര്‍ന്നു. ഇങ്ങനെ പോയാല്‍ രാത്രിയാകുമല്ലോ എന്നു ഭയന്ന ഗിരീഷ് മനസ്സാ പരമഹംസരെ വണങ്ങിയ ശേഷം അദ്ദേഹത്തെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ശരീരത്തിനു സുഖമില്ലാത്തതിനാല്‍ നേരത്തെ വീട്ടിലേക്കു മടങ്ങിയതിനാല്‍ നാടകത്തെപ്പറ്റി ശ്രീരാമകൃഷ്ണന്‍ പറഞ്ഞ സ്തുതിവചനങ്ങള്‍ ഗിരീഷിനു കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാടകം കണ്ടുകൊണ്ടിരിക്കെ പലപ്പോഴും പരമഹംസര്‍ ഹര്‍ഷോന്മാദത്തിലേക്കു വീഴുകയുണ്ടായി. കാരണം ബംഗാളികള്‍ മഹാവിഷ്ണുവിന്റെ അവതാരമെന്നു വിശ്വസിക്കുന്ന ചൈതന്യ മഹാപ്രഭുവിന്റെ ലീലകളായിരുന്നു ആ നാടകത്തിന്റെ പ്രമേയം.

ഗുരുവെന്ന ദല്ലാള്‍
മൂന്നു ദിവസത്തിനുശേഷം ഒരു സുഹൃത്തിന്റെ വീട്ടുവരാന്തയില്‍ ഗിരീഷ് നില്‍ക്കെ, തെരുവിലൂടെ പരമഹംസര്‍ വരുന്നതു കണ്ടു. അവരിരുവരും അന്യോന്യം അഭിവാദനം ചെയ്തു. പരമഹംസരോടൊപ്പം ചേരാന്‍ ഒരു ഉള്‍ത്തള്ളലുണ്ടായെങ്കിലും ഗിരീഷ് അതടക്കി. ഗിരീഷ് ചന്ദ്ര പലപ്പോഴും ഒരു ഗുരുവിനായി ദാഹിച്ചിരുന്നുവെങ്കിലും രണ്ടു മനുഷ്യര്‍ക്കിടയില്‍ അത്തരമൊരു ബന്ധം അസാധ്യമാണെന്നും അദ്ദേഹം കരുതി. ബലറാം എന്ന ഭക്തന്റെ വീട്ടിലേക്കായിരുന്നു പരമഹംസര്‍ പോയത്. ഒരു ശിഷ്യനെ വിട്ട് ഗിരീഷിനെ അദ്ദേഹം വിളിപ്പിച്ചു. ''ആരാണ് ഗുരു?' എന്ന് ആ സമയം തന്നെ ഗിരീഷ് രാമകൃഷ്ണനോട് ചോദിച്ചു.

''ഗുരു ഒരു ദല്ലാളിനെപ്പോലെയാണ്. ജീവാത്മാവിനേയും പരമാത്മാവിനേയും ബന്ധിപ്പിക്കുന്ന ദല്ലാള്‍, നിങ്ങള്‍ ഗുരുവിനെ തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു' എന്നായിരുന്നു മറുപടി. താന്‍ ഇടപെടുന്നതാരോടാണോ അവര്‍ക്കു യുക്തമായ മറുപടി നല്‍കുന്നതും അനുയോജ്യമായ ഭാഷ ഉപയോഗിക്കുന്നതും രാമകൃഷ്ണന്റെ രീതിയായിരുന്നു. 'ചൈതന്യ ലീല'യുടെ രചനയെപ്പറ്റി പരമഹംസര്‍ പുകഴ്ത്താന്‍ തുടങ്ങിയപ്പോള്‍ താനതു പ്രതിഫലത്തിനുവേണ്ടി മാത്രമാണെഴുതിയതെന്ന് ഗിരീഷ് പരുക്കനായി പ്രതികരിച്ചു. ദൈവികത ഉള്ളിലില്ലാത്തവന് അങ്ങനെയൊന്ന് എഴുതാനാവില്ലെന്നും സമൂഹത്തിന് അതു നന്മ പകരുന്നതിനാല്‍ എഴുത്തു തുടരണമെന്നും രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. മുന്‍പ് നരേന്ദ്രനു(സ്വാമി വിവേകാനന്ദന്‍)മായുണ്ടായപോലെ ആശയപരമായ ഒരു ദ്വന്ദ്വയുദ്ധമാണ് പിന്നീട് അവിടെ നടന്നതെങ്കിലും പരമഹംസരുടെ പരിധികളറ്റതും തുറന്നതുമായ സ്‌നേഹം ഗിരീഷ് ചന്ദ്രഘോഷിന്റെ യുക്തിബോധത്തേയും എതിര്‍പ്പിനേയും അലിയിച്ചുകളഞ്ഞു. ചില കാര്യങ്ങളില്‍ അവര്‍ക്കിടയില്‍ സാധര്‍മ്മ്യങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ബംഗാളിന്റെ പുത്രന്മാരായ ഉന്മേഷശീലരും ജന്മനാ അഭിനേതാക്കളും ഗാനനൃത്തങ്ങളെ സ്‌നേഹിക്കുന്നവരുമായിരുന്നു എന്നതാണത്. 

പിന്നീട് ഗിരീഷിന് ശ്രീരാമകൃഷ്ണനെ സന്ദര്‍ശിക്കാതെ വയ്യെന്നായി. അര്‍ദ്ധരാത്രിക്കു ശേഷം മദ്യപിച്ചു വേശ്യാലയങ്ങളില്‍ ചെലവഴിക്കുന്ന വേളകളില്‍ ഉള്‍ക്കടമായ ഉള്‍വിളിയാല്‍ അടുത്ത നിമിഷം വണ്ടിയില്‍ കയറി രാമകൃഷ്ണന്റെ സന്നിധി പൂകുകയും ചെയ്യുക പതിവായി. രാമകൃഷ്ണന്‍ ഗിരീഷിനെ അപ്പോഴൊക്കെ സ്വാഗതം ചെയ്യുകയും അവര്‍ ഒരുമിച്ചു നൃത്തം ചെയ്യുകയും ചെയ്തു. തികച്ചും അപരിചിതരായ മദ്യപാനികളോടൊപ്പം തന്റെ യാത്രകള്‍ക്കിടയില്‍ നൃത്തംവെയ്ക്കുന്ന ശീലം അല്ലെങ്കില്‍ത്തന്നെ പരമഹംസര്‍ക്കുണ്ടായിരുന്നുവല്ലോ. ''സമൂഹം ദുശ്ശീലങ്ങളെന്നു വ്യവഹരിക്കുന്നവയിലേര്‍പ്പെടുന്നവര്‍ ഒരു സവിശേഷമട്ടില്‍ സത്യമോ സമാധാനമോ തേടുന്നവരാണ്. മോഹഭംഗങ്ങളാല്‍ പരിശ്രമങ്ങള്‍ വിഫലമാക്കപ്പെട്ട അവര്‍ അതീന്ദ്രിയാനുഭവത്തിനായി പരിശ്രമിക്കുന്നവരാണെന്നും വരാം. അങ്ങനെ മയക്കുമരുന്നിനോ മറ്റെന്തെങ്കിലിനുമോ അടിപ്പെടുന്നു. അക്കൂട്ടര്‍ വികൃതമനസ്‌കരോ വിഷമയ ചിന്തകളുള്ളവരോ ആവണമെന്നില്ല. സ്വാതന്ത്ര്യത്തിന്റെ തുറസ്സാണ് അവര്‍ തേടുന്നത്. ഹര്‍ഷോന്മാദം ലക്ഷ്യമാക്കി അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം പിഴച്ചതാണെന്നേയുള്ളു. അതിനു പിന്നില്‍ നിത്യാനന്ദത്തിനുള്ള ചോദനയാണ്' എന്നു തിരിച്ചറിഞ്ഞ ശ്രീരാമകൃഷ്ണന് അത്തരക്കാരോടനുഭവപ്പെട്ടിരുന്നത് കടുത്ത സഹാനുഭൂതി മാത്രമായിരുന്നു. 

ഗിരീഷ് ചന്ദ്രഗോഷിന്റെ ഭവനം (ഇപ്പോള്‍ സ്മാരകം)
ഗിരീഷ് ചന്ദ്രഗോഷിന്റെ ഭവനം (ഇപ്പോള്‍ സ്മാരകം)

ഒരു അര്‍ദ്ധരാത്രി മദോന്മത്തനായി കയറിവന്ന ഗിരീഷ് ''എന്റെ കുപ്പിയെവിടെ?' എന്ന് പരമഹംസരോട് ചോദിച്ചു. ''ശരിയാക്കാം പരിഭ്രമിക്കേണ്ട' എന്നു പറഞ്ഞ് പരമഹംസര്‍ തന്റെ ഒരു ശിഷ്യനെക്കൊണ്ട് ഗിരീഷ് വന്ന വാഹനത്തില്‍നിന്നും കുപ്പി എടുപ്പിച്ച് ''കുറച്ചു കൂടി കുടിക്കൂ' എന്നു പറഞ്ഞപ്പോള്‍ ''ഹൊ! ഇവിടെ വെച്ചു വയ്യ' എന്ന് ഗിരീഷ് പതറി. ''നിങ്ങള്‍ ആഗ്രഹിക്കു മ്പോള്‍ ആവുന്നത് കുടിച്ചോളു. അധികം വൈകാതെ നിങ്ങളുടെ മദ്യപാനം അവസാനിക്കു'മെന്നും ശ്രീരാമകൃഷ്ണന്‍ പ്രവചിച്ചു. ഗിരീഷ് രാമകൃഷ്ണന്റെ മുന്നിലിരുന്നു കുടിച്ചു. 

പതിതരിലും നന്മ കുടികൊള്ളുന്നുണ്ടാവും. റഷ്യന്‍ നോവലുകളില്‍ വിശേഷിച്ചും കരമസോവ് സഹോദരന്മാരില്‍ വലിയ പാതകങ്ങള്‍ ചെയ്യുന്നവര്‍പോലും പിന്നീട് പശ്ചാത്തപിക്കുന്നതു കാണാം. പരമഹംസര്‍ ഒരിക്കലും ഒരു പാരമ്പര്യവാദിയുമായിരുന്നില്ല. ശ്രീകോവിലില്‍ കടന്ന പൂച്ചയില്‍ മാതാവിനെ ദര്‍ശിച്ച് അതിനു പ്രസാദം ഭക്ഷണമായി നല്‍കിയപ്പോള്‍ യാഥാസ്ഥിതികര്‍ അദ്ദേഹത്തെ ക്ഷേത്രത്തിനു പുറത്താക്കണമെന്നു ശഠിച്ചതോര്‍ക്കുക-വേദാന്തത്തിന്റെ പരമപാഠങ്ങള്‍ അദ്ദേഹം പ്രയോഗവല്‍ക്കരിക്കുകയായിരുന്നുവെന്നു തിരിച്ചറിയാതെ. 

ഗിരീഷിന്റെ സമകാലികര്‍ പറയുന്നത് അവിടം തൊട്ട് ഗിരീഷ് തന്റെ പഴയ ജീവിതം പാടേ ഉപേക്ഷിച്ച് ഒരു യഥാര്‍ത്ഥ പുണ്യപുരുഷനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കു സ്വയം സമര്‍പ്പിച്ചുവെന്നാണ്. പരമഹംസന്മാര്‍ ആരുമായും സംസാരിക്കുകയില്ലെന്നും ആരെയും വന്ദിക്കുകയില്ലെന്നും തങ്ങളെ സേവിക്കുവാന്‍ മാത്രം ഭക്തരെ അനുവദിക്കുന്നവരുമാണെന്നായിരുന്നു ഗിരീഷിന്റെ തെറ്റിദ്ധാരണ. 

അക്കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ ഭൗതികവാദത്താല്‍ ആകര്‍ഷിക്കപ്പെട്ട നിരീശ്വരവാദികളായി മാറിയിരുന്നു. ചെറിയൊരു വിഭാഗം ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തിക്കപ്പെട്ടു. ഹിന്ദുമതത്തോടു മതിപ്പില്ലാത്ത ചില ഹിന്ദുക്കളുടെ ആശയമായിരുന്നു ബ്രഹ്മസമാജം. ഹിന്ദുക്കളാകട്ടെ, വിഭാഗീയതയാല്‍ ചിതറിപ്പോയുമിരുന്നു. വൈഷ്ണവര്‍ തങ്ങളില്‍ത്തന്നെ പല വിഭാഗങ്ങളായി മാറിമാറി നിന്ന് ഓരോ വിഭാഗവും ശേഷിച്ചവയില്‍ ആധിപത്യം പുലര്‍ത്താന്‍ മത്സരബുദ്ധിയോടെ ശ്രമിച്ചു. ഓരോ മതത്തിലേയും തീവ്രവിശ്വാസികള്‍ മറ്റു മതവിശ്വാസികളെ ശത്രുതാപൂര്‍വ്വം കാണാനും നശിപ്പിക്കാന്‍പോലും ശ്രമിച്ചുമിരുന്നു. ബ്രാഹ്മണ പുരോഹിതര്‍ ജീര്‍ണ്ണതയെ വരിക്കുകയും ജ്ഞാനമില്ലാതെ ഗുരുക്കന്മാരായി അഭിനയിക്കുകയും ചെയ്തു. അങ്ങേയറ്റം ആത്മവഞ്ചകരായിരുന്നു അവര്‍. ആ ജീര്‍ണ്ണാവസ്ഥയിലായിരുന്നു പരമഹംസരുടെ ആവിര്‍ഭാവം. 

ശിഷ്യരുടെ ആത്മബന്ധം
സ്വാമി വിവേകാനന്ദനും ഗിരീഷ്ചന്ദ്രഘോഷും ശ്രീരാമകൃഷ്ണന്റെ ശിഷ്യര്‍ എന്ന നിലയ്ക്കാണ് ബന്ധപ്പെട്ടത്. രണ്ട് കൊടിയ ബുദ്ധിജീവികള്‍ എന്ന നിലയില്‍ അവര്‍ തമ്മില്‍ കടുത്ത തര്‍ക്കങ്ങളിലേര്‍പ്പെട്ടിരുന്നുവെങ്കിലും ആത്മമിത്രങ്ങളുമായിരുന്നു. സ്വാമി വിവേകാനന്ദനെയാണ് ഭഗവദ്ഗീതയില്‍ പറയുന്ന സ്ഥിതപ്രജ്ഞനുള്ള ഉത്തമോദാഹരണമായി ഗിരീഷ് കണ്ടിരുന്നതത്രേ. ഒരിക്കല്‍ വിവേകാനന്ദനോട് പരമഹംസരുടെ ജീവചരിത്രമെഴുതണമെന്ന് ഗിരീഷിന്റെ നിര്‍ദ്ദേശത്തിനു മറുപടി ഇങ്ങനെയായിരുന്നു: ''ശിവരൂപം കൊത്താന്‍ ശ്രമിച്ച് അവസാനം ശില്‍പ്പം ഒരു കുര ങ്ങിന്റേതായിപ്പോയാലോ?'

സ്വാമി വിവേകാനന്ദന്‍ 
സ്വാമി വിവേകാനന്ദന്‍ 

ഗിരീഷിന് വിവേകാനന്ദനെക്കാള്‍ ഇരുപതു വയസ്സ് കൂടുതലുണ്ടായിരുന്നുവെങ്കിലും രണ്ട് മഹാത്മാക്കള്‍ക്കിടയില്‍ അപൂര്‍വ്വമായുണ്ടാകുന്ന വിധത്തിലുള്ള സ്‌നേഹബഹുമാനങ്ങള്‍ അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. അവര്‍ അന്യോന്യം കളിയാക്കുകയും തര്‍ക്കിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. ഒരേസമയം ദോഷൈകദൃക്കുകളും സേശ്വരവാദികളുമായിരുന്ന അവര്‍ ശാരീരികവും ബൗദ്ധികവുമായ തങ്ങളുടെ ശേഷികളെക്കുറിച്ച് അഭിമാനിച്ചിരുന്നു. ആഴത്തില്‍ ജീവിതസംഘര്‍ഷമനുഭവിച്ചിട്ടുള്ള ഇരുവരും ഒരു ഗുരുവിനുവേണ്ടി ദാഹിച്ചിരുന്നിട്ടുള്ളവരുമാണ്. പരമഹംസരുടെ ശുദ്ധസ്‌നേഹവും ആത്മീയശക്തിയും അവരെ തഴുകി സാന്ത്വനിപ്പിച്ചു. ഈ രണ്ടു ശിഷ്യന്മാരും തുല്യനിലയില്‍ വിപ്‌ളവകാരികളുമായിരുന്നു. 

ഗിരീഷിന്റെ ബുദ്ധദേവചരിതമെന്ന നാടകം നരേന്ദ്രനെ തീവ്രമായി സ്വാധീനിച്ചു. സ്വതേ ഒരു ഗായകനായിരുന്ന നരേന്ദ്രന്‍ ആ നാടകത്തിലെ ഗാനങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ സ്വയം മറന്ന് ആലപിച്ചിരുന്നു. മറ്റൊരു നാടകമായ ഭക്തമാല കാണാന്‍ ചെന്നപ്പോള്‍ നാടകത്തിനു ശേഷം അണിയറയില്‍ കൊണ്ടുപോയി ഗിരീഷ് തന്റെ നടീനടന്മാരെ പരിചയപ്പെടുത്തുകയുണ്ടായി. വില്വമംഗലത്തിന്റെ കഥയായിരുന്നു ആ നാടകത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. നാടകത്താല്‍ പ്രചോദിതനായ നരേന്ദ്രന്‍ തംബുരുവെടുത്ത് ആരാധനാഗീതങ്ങള്‍ ചൊല്ലുകയും ആ കണ്ണുകള്‍ ഭക്തിപ്രഹര്‍ഷത്താല്‍ നിറഞ്ഞൊഴുകുകയും ചെയ്തു. സ്വരം, ഗദഗ്ദങ്ങളാല്‍ മുറിപ്പെട്ടു. പരമാത്മദര്‍ശനം സാധിച്ച ഒരു ഭക്തന്റെ നിവേദനങ്ങളായി കേള്‍വിക്കാര്‍ക്ക് ആ സ്‌തോത്രഗീതങ്ങളനുഭവപ്പെട്ടു. ആ രാത്രി നാടകവേദി ക്ഷേത്രമായി മാറി. ഈശ്വരനുവേണ്ടിയുള്ള ദാഹത്താല്‍ അവിടം നിര്‍ഭരമായി. 

തൊഴുകൈകളോടെ ദൂരെ മാറി നാടകനടിമാര്‍ നിന്നു. സുഹൃത്തിനു കാലബോധം നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞ ഗിരീഷ് സാവധാനം തംബുരു പിടിച്ചുവാങ്ങി വണ്ടിയില്‍ക്കയറ്റി ബാഗ് ബസാറിലുള്ള വസതി വരെ കൂട്ടുചെന്നു. പിറ്റേന്നു നടിമാര്‍ ഗിരീഷിനോട് അത്രമേല്‍ ആത്മീയശക്തിയുള്ള ഒരാളെ തങ്ങള്‍ക്കു പരിചയപ്പെടുത്തിയതിനു പരാതി പറഞ്ഞു. ആട്ടക്കാരികളായ തങ്ങള്‍ക്ക് ആ മഹാത്മാവിനോട് വഴിവിട്ട വികാരങ്ങള്‍ തോന്നിയാല്‍ അടുത്ത ജന്മം പോലും പാഴാക്കുകയാവും ഫലമെന്ന് അവര്‍ പരിതപിച്ചു. ഇതുകേട്ട ഗിരീഷിനു സുഹൃത്തിനോടുള്ള സ്‌നേഹബഹുമാനങ്ങള്‍ വര്‍ദ്ധമാനമായി. 

രസകരമായ മറ്റൊരു സന്ദര്‍ഭം ഗിരീഷ് വര്‍ണ്ണിക്കുന്നുണ്ട്. ഗിരീഷിന്റെ വീട്ടില്‍ ബുദ്ധചരിതം നാടകത്തില്‍ ബുദ്ധനായഭിനയിച്ച അമൃത്‌ലാല്‍ മിത്രയോടൊപ്പം വിവേകാനന്ദന്‍ ഇരിക്കെ പൊങ്ങച്ചക്കാരനായ ഒരു ജഡ്ജി കയറിവന്നു. ''ബുദ്ധന്‍ നാസ്തികനായിരുന്നു. അല്ലേ? ഞാന്‍ ചില ഇംഗ്‌ളീഷ് പുസ്തകങ്ങളില്‍ വായിച്ചു. ശരിയാണോ?' എന്ന് അയാള്‍ ഗിരീഷിനോട് ചോദിച്ചപ്പോള്‍ വിവേകാനന്ദനെ ചൂണ്ടി, ''അദ്ദേഹത്തോട് ചോദിക്കൂ. എനിക്കറിയില്ല' എന്നു ചെറുചിരിയോടെ മറുപടി പറഞ്ഞു. ആരാണതെന്ന് ജഡ്ജി ആരാഞ്ഞപ്പോള്‍ ''ഒരു ഭിക്ഷുവാണ്. ആഹാരം വിളമ്പാന്‍ കാത്തിരിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു. മുണ്ഡിതശിരസ്‌കനും നഗ്നപാദനുമായ നരേന്ദ്രനോട് ജഡ്ജി ചോദ്യമാവര്‍ത്തിച്ചപ്പോള്‍ ബുദ്ധനായഭിനയിച്ച നടനെചൂണ്ടിക്കാട്ടി. ''അദ്ദേഹത്തിനാവും അക്കാര്യം കൃത്യമായുമറിയുക' എന്നായിരുന്നു വിവേകാനന്ദന്റെ മറുപടി. 

സാമാന്യ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാതിരുന്ന ആ അഭിനേതാവാകട്ടെ, തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു. വിവേകാനന്ദന്റെ നീക്കം ഗിരീഷിനു രസകരമായെങ്കിലും ജഡ്ജിയെ ചൊടിപ്പിച്ചു. വീണ്ടും വിവേകാനന്ദനോട് ചോദ്യമാവര്‍ത്തിച്ചപ്പോള്‍ താന്‍ വായിച്ചുകൊണ്ടിരുന്ന പത്രംകൊണ്ട് മുഖം മറച്ച് ''അതെയല്ലോ. ബുദ്ധന്‍ നാസ്തികനായിരുന്നുവെന്ന് ഹൈരെ മജാഷാനിബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാ'യി മറുപടി (മദ്യപാനികള്‍ക്കു വേണ്ടിയുള്ള ഒരു മാസികയായിരുന്നു അത്). ഇതുകേട്ട പാടെ ജഡ്ജി അത്യന്തം ക്രൂദ്ധനായി. ''അന്യരുടെ ഭക്ഷണം മോഹിച്ചു കാത്തിരിക്കാന്‍ നാണമില്ലേ. സകലരും നിങ്ങളെ പരിഹസിക്കുന്നതു കാണുന്നില്ലേ?' എന്നു ചോദിച്ചു. വിവേകാനന്ദന്‍ പത്രം താഴ്ത്തി ജഡ്ജിയുടെ മുഖത്തു നോക്കി, ''താങ്കളുടെ അജ്ഞതയെയാണ് ആളുകള്‍ പരിഹസിക്കുന്നത്. എന്നെ ആരും പരിഹസിക്കുന്നില്ല' എന്ന് ദൃഢമായിപ്പറഞ്ഞു. ജഡ്ജി ഝടുതിയില്‍ സ്ഥലം വിട്ടപ്പോള്‍ അയാളുടെ പൊങ്ങച്ചം തകര്‍ക്കുക എന്ന തന്റെ ലക്ഷ്യം നിറവേറ്റപ്പെട്ടതില്‍ ഗിരീഷ് ചന്ദ്രഘോഷ് ആഹ്‌ളാദിച്ചു.

കോസിപ്പോര്‍ ഉദ്യാനവസതിയില്‍ ഒരു സന്ധ്യയ്ക്കു ധ്യാനത്തിനിരുന്ന വിവേകാനന്ദന്റെ ശരീരത്തില്‍ കരിമ്പടംപോലെ കൊതുകുകള്‍ പറ്റിപ്പിടിച്ചത്രേ. അദ്ദേഹത്തിന്റെ ശരീരബോധമില്ലായ്മ ഗിരീഷിനെ വിഹ്വലനാക്കി. പത്മാസനസ്ഥനായ ആ ധ്യാനിയെ സൗമ്യമായി ഒന്നു കുലുക്കിയിട്ടും പ്രതികരണം കാണാതെ ഗിരീഷ് തറയിലേക്ക് അദ്ദേഹത്തെ ചെരിച്ചുകിടത്തി ബോധത്തിലേക്കുണര്‍ത്താന്‍ പണിപ്പെട്ടു. ഉണര്‍ന്നശേഷം വിവേകാനന്ദന്‍ മന്ദഹസിച്ചുകൊണ്ട് ചോദിച്ചു. ''ഗിരീഷ് ചന്ദ്രാ. എന്തിനിത്ര ഭയപ്പെടുന്നു?'

ഒരിക്കല്‍ ഗിരീഷിന്റെ വീട്ടുചുവരില്‍ ചാരി വിവേകാനന്ദന്‍ അഗാധചിന്തയിലാണ്ടു. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടു വിസ്മയപ്പെട്ട ഗിരീഷ് നില്‍ക്കെ വിവേകാനന്ദന്‍ പറഞ്ഞു: ''ഗിരീഷ് ചന്ദ്രാ. ഞാന്‍ ആത്മസാക്ഷാല്‍ക്കാരം നേടുമെന്നു തോന്നുന്നില്ല. സര്‍വവും ഞാന്‍ പരിത്യജിച്ചു. സര്‍വവും മറന്നു. എന്നിട്ടും ദക്ഷിണേശ്വരത്തെ ആ ഭ്രാന്തബ്രാഹ്മണനെ മറക്കാന്‍ എനിക്കു കഴിയുന്നില്ല. അദ്ദേഹമാണ് എന്റെ ഏക തടസ്സം.' സ്വാമി വിവേകാനന്ദന്റെ സഹോദരനായ മഹേന്ദ്രനാഥ ഓര്‍മ്മിക്കുന്നതിങ്ങനെ: ''ശക്തമായ പൊതുവിജ്ഞാനവും ആംഗലേയ സാഹിത്യത്തില്‍ ഗഹനമായ പാണ്ഡിത്യവുമുള്ള ഗിരീഷ് ചന്ദ്രഘോഷ് മാത്രമേ വിവേകാനന്ദനോട് തര്‍ക്കിക്കാന്‍ സന്നദ്ധനായിട്ടുള്ളു എന്നു ഞാന്‍ കാണുന്നു.' അവര്‍ അന്യോന്യം തമാശയായി പരിഹസിക്കുകയും പതിവായിരുന്നു താനും. ''അലച്ചിലുകാരനായ ഭിക്ഷോ, നീ ഒരു തെമ്മാടിയാണ്. അധികം സംസാരിക്കേണ്ട' എന്ന ഗിരീഷ് ചന്ദ്രഘോഷിന്റെ പരിഹാസത്തിന് ''തെമ്മാടി, നീ കോമാളിയുംകൂടിയാണ്. നാടകത്തിനു നൃത്തക്കാരികള്‍ക്കു ചുവടു പറഞ്ഞുകൊടുക്കാനല്ലാതെ നിനക്കെന്തറിയാ'മെന്നാവും വിവേകാനന്ദന്റെ ഉത്തരം.

ശാരദാദേവി
ശാരദാദേവി

രാമകൃഷ്ണ പരമഹംസരുടെ ദേഹവിയോഗ ദിനത്തില്‍ ഭൗതികപിണ്ഡം കാണാന്‍ ഗിരീഷ് ചന്ദ്രഘോഷ് പോയില്ല. 1902 ജൂലൈ 4-ന് വിവേകാനന്ദന്‍ ചരമമടഞ്ഞു. പിറ്റേന്ന് നടന്ന ശവസംസ്‌കാരത്തിന് ഗിരീഷ് ഗംഗാതീരത്തു പോയിരുന്നു. ഹൃദയം തകര്‍ന്ന് ഗിരീഷ് വിലപിച്ചു. ''എന്റെ മാനസാന്തരത്തെപ്പറ്റി പറഞ്ഞ് ഗുരുവിന്റെ മാഹാത്മ്യം ജനതയിലേക്കു പടര്‍ത്താന്‍ നീ ജീവിച്ചിരിക്കുമെന്നു ഞാന്‍ കരുതി. എന്നാല്‍, വിധി എന്റെ സ്വപ്‌നം തകര്‍ത്തുകളഞ്ഞു. ഞാന്‍ നിന്നെക്കാള്‍ എത്രയോ മൂത്തതാണ്. എന്നിട്ടും ഈ ഭീകര ദാരുണരംഗങ്ങള്‍ കാണാന്‍ എനിക്കു ജീവിച്ചിരിക്കേണ്ടിവന്നു. നീയാണ് ഗുരുവിന്റെ പുത്രന്‍. അതിനാലാണ് ഗുരുവിനോടൊപ്പം യാത്രയായത്. ഞങ്ങളെ ദയനീയ നിലയിലാക്കി നീ അതിവേഗം പിരിഞ്ഞു പോയി. ഞങ്ങള്‍ എത്ര നിര്‍ഭാഗ്യവാന്മാര്‍!'

ശ്രീരാമകൃഷ്ണ പരമഹംസരുടേയും വിവേകാനന്ദന്റേയും ദേഹവിയോഗങ്ങള്‍ക്കുശേഷം ഐഹിക ജീവിതം പാടേ ഉപേക്ഷിച്ചു സന്ന്യാസം സ്വീകരിക്കാന്‍ ഗിരീഷ് ചന്ദ്രഘോഷ് ശാരദാദേവിയെ സമീപിച്ചുവെങ്കിലും അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. എഴുത്തും അഭിനയവും തുടര്‍ന്നു പോകാനായിരുന്നു ഗുരുപത്‌നിയുടെ ഉപദേശം. ശാരദാദേവിയെ നിരന്തരം സന്ദര്‍ശിച്ച് ഗിരീഷ് ചന്ദ്രഘോഷ് സാന്ത്വനം തേടിക്കൊണ്ടിരുന്നു. പാരമ്പര്യവാദത്തിന്റെ ചതുപ്പുചെളിക്കുഴിയില്‍നിന്നും മാനവികതയുടെ മഹാസമതലങ്ങളിലേക്കു സഞ്ചരിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെ ഈ അരാജകവാദിയായിരുന്ന ശിഷ്യന്‍ 1912-ല്‍ 68-ാം വയസ്സിലാണ് ചരമമടഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com