ദീപികയുടെ  മൂക്കും ഹിന്ദുത്വയുടെ ലക്ഷ്മണവേഷവും

മൂക്ക് മുറിക്കുക എന്നത് ഒരു കേവല ഭീഷണിയല്ല; അതൊരു ഹിന്ദുത്വയില്‍ ചാലിച്ച ഭീഷണി തന്നെയാണ്‌
ദീപികയുടെ  മൂക്കും ഹിന്ദുത്വയുടെ ലക്ഷ്മണവേഷവും

സംവിധായകന്റെ  സിനിമയായ 'പദ്മാവതി'യിലെ വേഷത്തിന് ദീപികയുടെ മൂക്കുചെത്താന്‍ തുനിയുന്ന ഹിന്ദുത്വവാദികള്‍ക്ക് സഹിക്കാന്‍ കഴിയാത്തത് സ്ത്രീ എന്ന നിലയില്‍ ആ കഥാപാത്രത്തിന്റെ കര്‍തൃത്ത്വത്തിനുള്ള ശേഷിയും സ്ത്രീ എന്ന നിലയില്‍ത്തന്നെ ദീപികയുടെ നിലപാടുകള്‍ കൈക്കൊള്ളാനുള്ള ത്രാണിയുമാണ്- ജോണി എം.എല്‍ എഴുതുന്നു.

രാഷ്ട്രീയ രാജസ്ഥാന്‍ കാര്‍ണി സേന എന്ന രജ്പുത് അഭിമാന സംഘടന അതിന്റെ പരിമിതമായ അജന്‍ഡയും വ്യാപ്തിയും കണക്കിലെടുക്കാതെ ഈ അടുത്തിടെ പ്രമുഖ ചലച്ചിത്ര താരം ദീപികാ പദുക്കോണിന്റെ മൂക്ക് അരിഞ്ഞുകളയുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത 'പദ്മാവതി' എന്ന സിനിമയില്‍ പ്രധാന ഭൂമിക അഭിനയിച്ച അഭിനേത്രി എന്ന നിലയിലും സിനിമയുടെ റിലീസിങ്ങും രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ അവര്‍ നടത്തിയതിന്റെ പേരിലും ആയിരുന്നു അവര്‍ ഈ ഭീഷണിയെ നേരിടുന്നത്. വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് ഈ ഭീഷണിയുടെ സ്വരവും അതിനായി തെരഞ്ഞെടുത്തിരിക്കുന്ന വാക്കുകളേയും ആദ്യമേ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. മൂക്ക് മുറിക്കുക എന്നത് ഒരു കേവല ഭീഷണിയല്ല; അതൊരു ഹിന്ദുത്വയില്‍ ചാലിച്ച ഭീഷണി തന്നെയാണ്. ഇതിന്റെ തുടക്കം ത്രേതായുഗത്തില്‍ ആണെന്ന് കരുതണം. അവിടെയാണല്ലോ, ആരണ്യകത്തില്‍ തപോവേഷധാരികളായ രാമലക്ഷ്മണന്മാരെ കണ്ടു പ്രണയവിവശയായ ശൂര്‍പ്പണഖ തന്റെ ഉള്ള് അവര്‍ക്കു മുന്നില്‍ തുറക്കുകയും നിരാസത്തിന്റെ കയ്പ് സഹിക്കവയ്യാതെ വൈദേഹിയുടെ നേര്‍ക്ക് ഭീഷണ രൂപം പൂണ്ടെത്തുകയും തല്‍ഫലമായി നാസികയും കുചങ്ങളും ലക്ഷ്മണനാല്‍ ഛേദിക്കപ്പെടുകയും ചെയ്തത്. ഒരു സ്ത്രീ തന്റെ അഭിപ്രായം തുറന്നു പറഞ്ഞാല്‍ അവളുടെ മൂക്ക് അരിഞ്ഞെടുക്കുക അല്ലെങ്കില്‍ മുല വെട്ടിക്കളയുക എന്നത്, സ്ത്രീയെ ശിക്ഷിക്കാന്‍ ഉപയോഗിക്കുന്ന ക്രൂരതകളില്‍ ഒന്നായിരുന്നു എന്ന് നമുക്ക് വിവിധ പ്രാകൃത ഹൈന്ദവ സന്ദര്‍ഭങ്ങളില്‍നിന്നു മനസ്സിലാക്കാം. ശൂര്‍പ്പണഖയുടെ മാത്രമല്ല, മുലയരിഞ്ഞു തള്ളപ്പെട്ട പല ദളിത് സ്ത്രീകളും ചരിത്രത്തില്‍ ഉണ്ട്. ഒടുവില്‍ കരുണയില്‍ വാസവദത്തയില്‍ നാമത് കണ്ടു; വാസവദത്ത ദളിതയായിരുന്നില്ല, പക്ഷേ, സ്ത്രീയും സ്വന്തമായി അഭിപ്രായമുള്ളവളും ആയിരുന്നു. ദീപികയുടെ മുല അരിയണം എന്ന് പറഞ്ഞില്ലെങ്കിലും കാര്‍ണി സേനയുടെ വ്യംഗ്യം ആ പ്രാകൃത ഹൈന്ദവ ശിക്ഷാരീതികളുടെ ത്രേതായുഗത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പ് തന്നെയാണ്.  
സംവിധായകന്റേതാണ് സിനിമ എന്ന് നമ്മള്‍ പലപ്പോഴും അവകാശപ്പെടുമ്പോഴും നടീ നടന്മാരെ കേന്ദ്രീകരിച്ചാണ് മുഖ്യധാരാ സിനിമാ വ്യവഹാരങ്ങളെല്ലാം നില്‍ക്കുന്നത്. 'പദ്മാവതി' എന്ന സിനിമ പൂര്‍ണ്ണമായും ഒരു സംവിധായകന്റെ സിനിമയാണ്; അത് കാണാതെ തന്നെ ഈ അഭിപ്രായം പറയാന്‍ കഴിയും, കാരണം, ഒരു ബയോ-പിക്കില്‍ (ജീവചരിത്രത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമയില്‍) സംവിധായകന്‍ ഒരു ദൃശ്യ ജീവചരിത്രകാരന്‍ മാത്രമല്ല, വ്യാഖ്യാതാവ് കൂടിയാവുകയാണ്. ബെന്‍ കിങ്സിലിയുടെ ഗാന്ധിയും ഡെന്‍സല്‍ വാഷിംഗ്ടന്റെ മാല്‍കം എക്‌സും പരേഷ് റാവലിന്റെ സര്‍ദാര്‍ പട്ടേലും മമ്മൂട്ടിയുടെ അംബേദ്കറും എല്ലാം ആ നടന്മാരുടെ കൈകളില്‍ വിശ്വസനീയമാം വിധം സുരക്ഷിതമായിരുന്നു എങ്കിലും അവ യഥാക്രമം അറ്റന്‍ബറോയുടേയും സ്പൈക് ലീയുടേയും കേതന്‍ മേഹ്തയുടേയും ജബ്ബാര്‍ പട്ടേലിന്റേയും സിനിമകള്‍ കൂടിയായിരുന്നു. ഇതേ അവസരത്തിലാണ് മറ്റൊരു അപവാദം എന്ന നിലയില്‍ നമ്മള്‍ സഖറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന കഥയെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്ത 'വിധേയന്‍' എന്ന സിനിമയെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ രണ്ടു രചയിതാക്കളുമാണ് കൊമ്പു കോര്‍ത്തത്, അതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയോ ഗോപകുമാറോ ആയിരുന്നില്ല വിമര്‍ശന വിധേയര്‍ ആയിരുന്നത്. എന്നാല്‍, പദ്മാവതി എന്ന ചിത്രം ഇപ്പോള്‍ സംവിധായകനേയും അതിനെക്കാളേറെ അതില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുക്കോണിനേയും പ്രതിക്കൂട്ടില്‍ ആക്കുകയും ഒരു പരിധി വരെ വ്യാജമായ ഒരു ഹിന്ദു അഭിമാനബോധത്തിനെ മുറിപ്പെടുത്തിയവരായി പൊതു മണ്ഡലത്തില്‍ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.
ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ ചരിത്രസന്ദര്‍ഭങ്ങളെക്കൂടി അല്പമൊന്നു പറയേണ്ടിയിരിക്കുന്നു. പതിന്നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രജപുത്രസാമ്രാജ്യമായ മേവാറിനെ പിടിച്ചടക്കാന്‍ അലാവുദ്ദീന്‍ ഖില്‍ജി എന്ന ഇസ്ലാം അധിനിവേശകന്‍ വരികയും അക്കാലത്തു മേവാറിലെ രാജ്ഞിയായ പദ്മാവതിയോട് അയാള്‍ക്ക് ആകര്‍ഷണം തോന്നുകയും ചെയ്തു. എന്നാല്‍ പദ്മാവതിക്ക് ഖില്‍ജിയോട് അത്തരമൊരു അഭിനിവേശം ഉണ്ടായിരുന്നില്ല. രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞു പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു പ്രണയകാവ്യത്തിലാണ് പദ്മാവതി എന്നൊരു രാജ്ഞി ഉണ്ടായിരുന്നതായി പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ അങ്ങനെയൊരു രാജ്ഞി കവികല്പിതയായിരുന്നു എന്നുള്ള സൂചനകള്‍ കാവ്യത്തില്‍ത്തന്നെ ഉണ്ടെന്നും പറയുന്നു. മഹാറാണാ പ്രതാപ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിനു മുന്നില്‍ പരാജയപ്പെട്ടതാണോ അതോ അതൊരു തന്ത്രപരമായ പിന്‍വാങ്ങല്‍ ആയിരുന്നോ എന്ന് തീരുമാനിക്കുന്നതിനുവേണ്ടി ഈ അടുത്തിടെ ഡല്‍ഹിയില്‍ ചരിത്രകാരന്മാരുടെ സെമിനാര്‍ നടന്നിരുന്നു. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ഈ സെമിനാറില്‍, റാണാപ്രതാപിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഏറെ ഉണ്ടായെങ്കിലും പദ്മാവതിയുടെ കാര്യത്തില്‍ ഈ ചരിത്രകാരന്മാരെല്ലാം ഒറ്റക്കെട്ടായിരുന്നു; പദ്മാവതി ഒരു കല്പിത കഥാപാത്രമാണെന്നും അങ്ങനെയൊരു രാജ്ഞിയെ ചരിത്രത്തില്‍ ഉള്ള ഒരു സ്ത്രീയായി പില്‍ക്കാലത്ത് സങ്കല്‍പ്പിക്കേണ്ടി വന്നത് രജപുത്രരുടെ പ്രാദേശിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് അനിവാര്യമായിരുന്നു എന്നും അവര്‍ അടിവരയിട്ടു പറഞ്ഞിരുന്നു. ഹിന്ദുത്വയെ പിന്തുണയ്ക്കുന്ന ഈ ചരിത്രകാരന്മാരുടെ വാക്കുകള്‍ (ത്രിലോക് നാഥ് ചതുര്‍വേദി, വിജയകുമാര്‍ വസിഷ്ത്ത, കൃഷ്ണ സ്വരൂപ് ഗുപ്ത, ഹിതേന്ദ്ര പ്രസാദ് പട്ടേല്‍, മനോരമ ഉപാധ്യായ, സെമിനാറില്‍ പങ്കെടുക്കാത്ത തനൂജ കോദ്ധ്യ) ശ്രദ്ധിച്ചാല്‍ മാത്രം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിവാദത്തെ ഇല്ലാതാക്കാനും സിനിമയുടെ റിലീസിങ്ങ് സുഗമമാക്കാനും കഴിയും.
രാജസ്ഥാനിലെ രജപുത്രരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന പ്രശ്‌നമായിരിക്കുന്നു. ഇപ്പോള്‍ അത് ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും പടര്‍ന്നിരിക്കുന്നു. പ്രശ്‌നം ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരു സവിശേഷ വിഷയത്തെ പ്രശ്‌നമാക്കി കുത്തിപ്പൊക്കുന്ന ഒരു രാഷ്ട്രീയ തന്ത്രമാണിത്. ഇതിനു പിന്തുണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരില്‍നിന്നും രാജസ്ഥാനുള്‍പ്പെടെയുള്ള ബി.ജെ.പി സംസ്ഥാനങ്ങളില്‍നിന്നും പിന്തുണ കിട്ടും എന്നുള്ള ഉറപ്പു മാത്രമാണ് ഈ ഒരു നീക്കത്തിനു പിന്നിലുള്ളതെന്ന് മനസ്സിലാകും. എന്നാല്‍ എന്തുകൊണ്ടാണ് സിനിമാ സംവിധായകനേയും നടിയേയും ഭീഷണിപ്പെടുന്ന തരത്തില്‍ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ വളരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുന്നു എന്നിടത്താണ് രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതാവസ്ഥ മറനീക്കി പുറത്തുവരുന്നത്. ഈ വര്‍ഷം ജനുവരിയില്‍, ജയ്പൂരിനടുത്ത് ഷൂട്ടിങ് നടക്കുകയായിരുന്ന പദ്മാവതിയുടെ സെറ്റില്‍ കാര്‍ണി സേനാ പ്രവര്‍ത്തകര്‍ ഇടിച്ചുകയറുകയും ബന്‍സാലിയെ ചെകിട്ടത്തടിക്കുകയും സെറ്റ് നശിപ്പിക്കുകയും ചെയ്തിരുന്നു. ആ സമയത്തുതന്നെ ബന്‍സാലി, ഇതൊരു ചരിത്രകഥയല്ലെന്നും ഇത് ഭാവനാത്മകമായ ഒരു സൃഷ്ടി മാത്രമാണെന്നും പറഞ്ഞിരുന്നു. ബന്‍സാലിയുടെ മിക്കവാറും ചിത്രങ്ങള്‍ എല്ലാം തന്നെ ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ 'ദേവദാസും', 'ഗോലിയോം കാ രാം ലീല', 'ബാജിറാവോ മസ്താനി' എന്നീ ചിത്രങ്ങളും പല തലങ്ങളില്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. പക്ഷേ, അവയൊക്കെയും മതവുമായി ബന്ധപ്പെട്ടിരുന്നില്ല എന്നുമാത്രം. പദ്മാവതിയുടെ കാര്യത്തില്‍ സംഭവിക്കുന്നത്, മതപരവും ഗോത്രപരവുമായ വിഷയങ്ങളെ ദേശീയ വിഷയമാക്കാനുള്ള കുടിലശ്രമങ്ങള്‍ ആണ്. അതിന് ഇരയായിരിക്കുന്നത് സിനിമാരംഗത്ത് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദീപിക പദുക്കോണ്‍ എന്ന നടിയാണ്.

പദ്മാവതി എന്ന മിത്തിന്റെ രാഷ്ട്രീയം

പദ്മാവതി ചരിത്ര കഥാപാത്രം അല്ലെന്നു ചരിത്രകാരന്മാരും തന്റെ പദ്മാവതി ഒരു സങ്കല്‍പം മാത്രമാണെന്ന് സംവിധായകനും പറയുമ്പോള്‍ സത്യത്തില്‍ ഈ വിവാദം അവിടം കൊണ്ട് തീരേണ്ടതാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഥവാ സെന്‍സര്‍ ബോര്‍ഡും പറയുന്നത്, പദ്മാവതി നേരിടുന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്നാണ്. സെര്‍ട്ടിഫിക്കേഷനുള്ള അപേക്ഷയില്‍ പദ്മാവതിയുടെ കഥ ചരിത്രമാണോ കല്പിതമാണോ എന്ന കോളം ബന്‍സാലി പൂരിപ്പിച്ചിട്ടില്ല എന്ന് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും പ്രമുഖ സിനിമാഗാന രചയിതാവും കൂടിയായ പ്രസൂണ്‍ ജോഷി പറയുന്നത്. എന്നാല്‍ പ്രശ്‌നത്തെ വഷളാക്കുന്നത്, ഇപ്പോള്‍ പദ്മാവതിയുടെ ചരിത്ര സാംഗത്യം മാത്രമല്ല. പദ്മാവതിയുടെ ചാരിത്ര്യം ആണ്. പദ്മാവതി അലാവുദ്ദീന്‍ ഖില്‍ജിയെ കാമിച്ചിരുന്നോ ഇല്ലയോ എന്നതില്‍ തുടങ്ങിയ പ്രശ്‌നം ഇപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുന്നതില്‍ വന്നുനില്‍ക്കുമ്പോള്‍, അത് നമ്മുടെ സമൂഹം എത്രമാത്രം പുരുഷമേധാവിത്വം നിറഞ്ഞതാണെന്നും പുരുഷന്റെ കണ്ണിലൂടെ മാത്രമേ ഒരു സ്ത്രീയുടെ സ്വപ്നത്തെപ്പോലും കാണാന്‍ കഴിയുകയുള്ളൂ എന്ന നിലപാടാണ് അതെടുക്കുന്നതെന്നും വ്യക്തമാകുന്നു. സംവിധായകനില്‍ നിന്ന് പദ്മാവതിയുടെ ഉത്തരവാദിത്വം മുഴുവന്‍ ഇപ്പോള്‍ ഇവര്‍ ദീപിക എന്ന നടിയുടെ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നതും അവരെ പൊതുമണ്ഡലത്തില്‍ അപമാനിക്കുന്നതും ഈ പുരുഷമേധാവിത്ത രാഷ്ട്രീയത്തിന്റേയും സംസ്‌കാരത്തിന്റേയും തെളിവ് തന്നെയാണ്. ഹിന്ദുത്വയുടെ അജന്‍ഡയില്‍ സ്ത്രീകള്‍ ഇല്ല എന്നുതന്നെയാണ് വന്നിരിക്കുന്നത്.
എന്നാല്‍, രാജസ്ഥാനിലെ രജപുത്ര വനിതകള്‍ ഈ വാദത്തെ അംഗീകരിക്കും എന്ന് തോന്നുന്നില്ല. പദ്മാവതിയില്‍നിന്ന് ദീപികയിലേക്ക് വ്യവഹാരം മാറുമ്പോള്‍ അതിന്റെ ആര്‍ട്ടിക്കുലേഷനും മാറുന്നുണ്ട്; ദീപികയ്‌ക്കെതിരെ പുറത്തുവന്നിരിക്കുന്ന വനിതാ രജപുത്ര സംഘടനകള്‍ പറയുന്നത്, പദ്മാവതി ദീപിക നൃത്തം ചെയ്തതുപോലെ നൃത്തം ചെയ്തിരുന്നില്ല എന്നാണ്. ഇതിനകം യൂറ്റൂബിലും മറ്റും പ്രചരിക്കുന്ന ഘൂമാര്‍ എന്ന് തുടങ്ങുന്ന ഒരു നൃത്തത്തെ ആസ്പദിച്ചാണ് അവര്‍ വിവാദം കൊളുത്തിയിരിക്കുന്നത്. ഒരു രജപുത്ര വനിതയായ പദ്മാവതി ഒരിക്കലും അത്തരം നൃത്തം ചെയ്യില്ല എന്നാണ് അവരുടെ വാദം. ഘൂമാര്‍ നൃത്തം ചെയ്യുന്നത് ജാതിയില്‍ താഴ്ന്നവരാണെന്നും അവര്‍ കേവലം കൊട്ടാരം നര്‍ത്തകിമാരാണെന്നും പദ്മാവതി/ദീപിക അത് കളിച്ചത് വലിയൊരു അപരാധമാണെന്നും അവര്‍ പറയുന്നു. പക്ഷേ, എന്തുകൊണ്ടോ ആയ വാദം വിലപ്പോവുന്നില്ല എന്നു കണ്ടപ്പോള്‍ അവര്‍ പറയുന്നത്, രജപുത്രവനിതകള്‍ ഒരിക്കലും അവരുടെ വയറും മുതുകും പുറത്തു കാണിക്കില്ല എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിലേയ്ക്ക് പോകുന്നതുവഴി ഒരു സമൂഹത്തെ മൊത്തത്തില്‍, പ്രത്യേകിച്ചും സ്ത്രീകളെ പര്‍ദ്ദകള്‍ക്കുളില്‍ തന്നെ നിറുത്തണം എന്ന വാദമാണ് ഈ സ്ത്രീകള്‍ മറ്റൊരു സ്ത്രീയെ മൂക്കരിയണം എന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വെയ്ക്കുന്നത്. ഇതൊക്കെ പറയുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വസുന്ധര രാജെ എന്ന ഒരു വനിത ആണെന്നു കൂടി അറിയുമ്പോള്‍, ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്ത്രീകളെ അടിമത്തത്തിലേക്കു ഒതുക്കുന്നു എന്നു  മാത്രമല്ല അതിനെ ആസ്വദിക്കാന്‍ കൂടി പഠിപ്പിക്കുന്നു എന്ന് മനസ്സിലാകും. 
ദീപിക പദുക്കോണാകട്ടെ,  ഈ വിഷയത്തെ തികച്ചും ഒരു ആധുനിക യുവതിക്ക് ഇണങ്ങുന്ന രീതിയില്‍ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ആരോടും മാപ്പു പറയാനോ താന്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയതായോ അവര്‍ക്കു സ്വയം തോന്നുന്നില്ല. (ഹിന്ദുത്വ പേശീബലംകൊണ്ടും ഭീഷണികൊണ്ടും അത് ഷാരുഖ് ഖാനെക്കൊണ്ടും അമീര്‍ ഖാനെക്കൊണ്ടും പല അവസരങ്ങളിലും ക്ഷമചോദിക്കുന്നതിനു സമാനമായ പ്രസ്താവനകള്‍ പുറത്തെടുപ്പിച്ചിട്ടുണ്ട്.) ഇതൊരു സിനിമയാണെന്നും അതിനെ സ്വതന്ത്രമായി ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന സാഹചര്യം രാജ്യത്തുണ്ടാകണം എന്നുമാണ് അവരുടെ അഭിപ്രായം. ചുരുക്കിപ്പറഞ്ഞാല്‍ സഹിഷ്ണുതയുടേതായ ഒരു അന്തരീക്ഷം രാജ്യത്ത് ഉണ്ടായി വരണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. സ്ത്രീകളെ മുഖ്യകഥാപാത്രങ്ങളാക്കുന്ന ചിത്രങ്ങള്‍ വന്നുതുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. അത്തരം സിനിമകളില്‍ അഭിനയിക്കുന്ന നായികമാരെല്ലാം വിവാഹിതകളും സന്തുഷ്ടവും സംരക്ഷിതവുമായ കുടുംബജീവിതം നയിക്കുന്നവരുമാണ് എന്നതാണ് അവരൊന്നും വിവാദത്തില്‍ ചെന്നുപെടാതിരിക്കാനുള്ള കാരണം (ശ്രീദേവി, മാധുരി ദീക്ഷിത്, ശബാന ആസ്മി, വിദ്യാ ബാലന്‍. എന്നാല്‍ അറുപതു വയസ്സോളം പ്രായമുള്ള രേഖയെ ഇപ്പോഴും സെക്സ് ബോംബായി കാണുന്ന പ്രവണത തുടരുന്നു, കാരണം അവര്‍ വിവാഹിതയല്ല എന്നത് തന്നെ). അവിവാഹിതകളായ നായികമാരെയെല്ലാം വിവാദങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യയിലെ പുരുഷ പ്രേക്ഷകരില്‍ ഏറെപ്പേര്‍ക്കും അവരുടെ തത്ത്വശാസ്ത്രം പിന്തുടരുന്ന സ്ത്രീ പ്രേക്ഷകര്‍ക്കും കഴിയുന്നു എന്നതാണ് വിചിത്രം (കല്‍ക്കി കോയേച്ചിലിന്‍, കങ്കണ രണാവത്, ദീപിക പദുകോണ്‍, കത്രീന കൈഫ് എന്നിങ്ങനെ). കൂടാതെ ഒന്നിലധികം പുരുഷസുഹൃത്തുക്കള്‍ ഉള്ള അവിവാഹിതകള്‍ എല്ലാം കുഴപ്പക്കാരാണ് എന്നുള്ള ബോധവും നമ്മുടെ സമൂഹത്തെ നയിക്കുന്നു. ദീപികയ്ക്കും പുരുഷസുഹൃത്തുക്കള്‍ മാറിയ ചരിത്രം ഉണ്ടെന്നുള്ളത്, നമ്മുടെ സാംസ്‌കാരികമായ അബോധത്തില്‍ അവര്‍ പദ്മാവതിയാകാന്‍ യോഗ്യതയുള്ളവള്‍ അല്ല എന്ന തീരുമാനത്തില്‍ എത്തിച്ചതാകാനും സാധ്യതയുണ്ട്.  
പദ്മാവതിയില്‍ കണ്ട പ്രത്യേകതകള്‍ എന്തെന്ന ചോദ്യത്തിന് ദീപിക ഒരു അഭിമുഖത്തില്‍ ഉത്തരം പറയുന്നത്, ആ വനിതയുടെ ധീരതയും സ്വയം തീരുമാനം എടുക്കാനുള്ള കഴിവും ആണെന്നാണ്. ഈ രണ്ടു ഗുണങ്ങളും സ്വന്തം സ്വാതന്ത്ര്യത്തിനു വിലമതിക്കുന്ന ആധുനിക വനിതയുടെ സവിശേഷതകള്‍ ആണ്. കൂടാതെ പദ്മാവതി എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പോലും തന്റെ ചിത്രം മാത്രം വെച്ചുകൊണ്ട് പുറത്തിറങ്ങിയത് ബോളിവുഡ് ചരിത്രത്തില്‍ത്തന്നെ വലിയൊരു മാറ്റമാണെന്നും പറയുന്നു. പുരുഷാധിപത്യം നിറഞ്ഞ ആഖ്യാനങ്ങള്‍ ഏറ്റവും അധികം കൊണ്ടാടപ്പെടുകയും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുയോജ്യമായ സിനിമകള്‍ പലതും ഉണ്ടാവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഒരു സ്ത്രീ കേന്ദ്രിത സിനിമ ഉണ്ടാകുന്നത്. എന്നാല്‍ പതിന്നാലാം നൂറ്റാണ്ടിലുള്ള പദ്മാവതിപോലും ജൗഹറും സതിയും ഒക്കെ അനുഷ്ഠിക്കാന്‍ തയ്യാറായിരുന്നു എന്നൊരു വാദമാണ് ഇപ്പോഴും രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുയരുന്നത്. പദ്മാവതിക്കു ഖില്‍ജിയുമൊത്തുള്ള ഒരു സ്വപ്നം കാണാന്‍ പാടില്ല എന്ന് മാത്രമല്ല, ദീപിക പറയുംപോലുള്ള സ്ത്രീസ്വാതന്ത്ര്യം പദ്മാവതിക്കു ഇല്ലായിരുന്നു എന്നുകൂടി പറഞ്ഞുവെയ്ക്കാന്‍ ആധുനിക രാജസ്ഥാനിലെ പാരമ്പര്യവാദികള്‍ ശ്രമിക്കുന്നു എന്നതാണ് സത്യം. ഈ അടുത്തിടെ സ്ത്രീകളുടെ ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാം എന്നുള്ളത് പ്രമാണിച്ച് രാജസ്ഥാനിലെ ആരോഗ്യവകുപ്പ് ഇറക്കിയ ലഘുലേഖയില്‍ തറ തുടയ്ക്കുന്നതും അടുക്കളപ്പണി ചെയ്യുന്നതുമാണ് നല്ലത് എന്ന് എഴുതിയിരുന്നത് വിവാദമായിരുന്നു. സമൂഹത്തില്‍ ഭരണതലത്തില്‍ത്തന്നെ നിലനില്‍ക്കുന്ന ഇത്തരം പ്രതിലോമകരമായ ചിന്താഗതികളെക്കൂടി കണക്കിലെടുത്തുകൊണ്ട് വേണം ദീപികയുടെ മൂക്ക് ചെത്തും എന്നുള്ള കാര്‍ണി സേനയുടെ വാദത്തെ കാണാന്‍.
സ്വന്തം തീരുമാനമെടുക്കുന്ന സ്ത്രീകളെ ഇന്ത്യന്‍ സിനിമ താലോലിച്ചിട്ടില്ല എന്നല്ല, മുഗള്‍-ഇ-  അസമിലെ അനാര്‍ക്കലി (മീനാകുമാരി), ഉംറാവോ ജാനിലെ ഉംറാവോ ജാന്‍ (രേഖ) മദര്‍ ഇന്ത്യയിലെ അമ്മ (നര്‍ഗീസ്) എന്നിവരെയൊക്കെ ഇന്ത്യന്‍ ജനത സ്വീകരിച്ചിരുന്നു. എന്നാല്‍  ഇത്തരം സ്ത്രീകഥാപാത്രങ്ങളെല്ലാം ഒന്നുകില്‍ ദുരന്തങ്ങളില്‍ ചെന്നു പെടുകയാണ്, അല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു പുറത്താക്കപ്പെട്ടവരാണ്. ഇപ്പോഴും പുരുഷന്റെ ആസക്തിക്ക് മുന്നില്‍ സന്ദിഗ്ദ്ധരായിപ്പോകുന്നവരാണ് ഇവര്‍. എന്നാല്‍ പദ്മാവതിയുടെ സ്വപ്നത്തിലാണ് ഖില്‍ജി വരുന്നത്. ദീപിക പറയുന്നത് അനുസരിച്ചു നോക്കിയാല്‍ സിനിമയില്‍ ഒരു കോമ്പിനേഷന്‍ ഷോട്ട് പോലും ഇല്ല. അതായത്, പദ്മാവതിക്കു സ്വപ്നം കാണാനുള്ള അവകാശം കൂടി ഹിന്ദുത്വശക്തികള്‍ നിഷേധിക്കുകയാണ്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം, ആദ്യം ഞാന്‍ സൂചിപ്പിച്ചതുപോലെ ഒരു ജീവചരിത്രത്തില്‍ ചില സ്വാതന്ത്ര്യങ്ങളൊക്കെ എടുക്കാന്‍ കഴിയും. എന്നാല്‍ പദ്മാവതി ജീവചരിത്രം പോലും അല്ലെങ്കില്‍ പിന്നെ അതിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, ഇത് ഹിന്ദുത്വയുടെ ഏജന്റുമാര്‍ക്ക് മനസ്സിലാകില്ല. അശുതോഷ് ഗോവരിക്കാര്‍ സംവിധാനം ചെയ്ത 'ലഗാനിലും' കേതന്‍ മെഹ്ത സംവിധാനം ചെയ്ത 'മംഗള്‍ പാണ്ഡെയിലും' ചരിത്രം ഒരു മിത്തായും മിത്ത് ചരിത്രമായും മാറുന്നുണ്ട്. പക്ഷേ, ആ രണ്ടു സിനിമകളിലും ദേശീയവികാരം എന്നതിനെ പുരുഷകഥാപാത്രമോ കഥാപാത്രങ്ങളോ തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ ആര്‍ക്കും വലിയ പ്രശ്‌നം ഉണ്ടായില്ല. പക്ഷേ, പദ്മാവതി അങ്ങനെയല്ല, അവള്‍ ഒരു കല്പിത കഥാപാത്രമാണെങ്കില്‍ പോലും രാഷ്ട്രീയവശാല്‍ ചരിത്രവല്‍ക്കരിക്കപ്പെട്ട അവളുടെ സ്വപ്നങ്ങള്‍പോലും പുരുഷന്റെ കൈകളില്‍ ആകണമെന്ന് ഹിന്ദുത്വ വാശിപിടിക്കുന്നു. ആ വാശിയില്‍നിന്നാണ് ദീപികയുടെ മൂക്ക് ചെത്തണം എന്ന ആക്രോശം ഉണ്ടാകുന്നത്. ഒരേ ഒരു ആശ്വാസം എന്നത്, സിനിമയുടെ റിലീസിനെ തടസ്സപ്പെടുത്തുന്നു എങ്കിലും, ഇതൊരു രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെങ്കിലും ഇന്ത്യയെ ഒട്ടാകെ ഈ ഭ്രാന്ത് ബാധിച്ചിട്ടില്ല എന്നതാണ്. പദ്മാവതിയേയും ദീപിക പദുക്കോണിനേയും സ്വതന്ത്രവും സ്വച്ഛവുമായി നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കുന്ന തരത്തിലുള്ള, സഹിഷ്ണുതയുള്ള സാഹചര്യം സംജാതമാകുന്നതുവരെ ഇതിനെ ഒരു ദേശീയ പ്രശ്‌നമായി കണക്കാക്കി ചര്‍ച്ച ചെയ്യുകയേ നിര്‍വ്വാഹമുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com