മാറിടം നമുക്ക് അശ്ലീലമായി മാറിയതെപ്പോഴാണ്?; ലൈംഗികതയെ ഭയക്കുന്ന കേരളത്തെപ്പറ്റി

യോഗ പരിശീലിച്ചും കടുക്കക്കഷായം കുടിച്ചും പര്‍ദ്ദധരിച്ചും ലൈംഗികവികാരങ്ങളില്‍നിന്നു കൗമാരത്തെ രക്ഷിക്കാം എന്നത് മതാത്മകമായ പമ്പരവിഡ്ഢിത്തങ്ങള്‍ മാത്രമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യോഗ പരിശീലിച്ചും കടുക്കക്കഷായം കുടിച്ചും പര്‍ദ്ദധരിച്ചും ലൈംഗികവികാരങ്ങളില്‍നിന്നു കൗമാരത്തെ രക്ഷിക്കാം എന്നത് മതാത്മകമായ പമ്പരവിഡ്ഢിത്തങ്ങള്‍ മാത്രമാണ്-  ഉമ്മര്‍ ടി.കെ. എഴുതുന്നു

ബാല്യകൗമാരങ്ങള്‍ ഏറ്റവും നിഗൂഢമായ താല്പര്യത്തോടേയും  ആശങ്കയോടേയും നോക്കിക്കാണുന്ന ഒന്നാണ് ലൈംഗികത. അതിനെ ശരിയാം വിധം അഭിസംബോധന ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസപദ്ധതികള്‍ക്കോ അധ്യാപകര്‍ക്കോ പൊതുസമൂഹത്തിനോ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. സൗഹൃദ പോലുള്ള ക്ലബ്ബുകള്‍, പരാതിപ്പെട്ടികള്‍,  കൗണ്‍സിലര്‍മാരുടെ സേവനം, അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങി കൗമാരവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പലതുണ്ട്. എന്നാല്‍ അതില്‍ പലതും അടിസ്ഥാന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാത്തവയാണ്. 
നേഹഗൌരി എന്ന കുട്ടി സ്‌കൂളിലെ മൂന്നാം നിലയില്‍നിന്നു ചാടിമരിച്ചത് വലിയ വാര്‍ത്തയായിരുന്നല്ലോ. അവളുടെ അനിയത്തിയെ ക്ലാസ്സ് ടീച്ചര്‍ ആണ്‍കുട്ടികളുടെ കൂടെ ഇരുത്തിയിരുന്നത്രെ. അതു ചോദ്യം ചെയ്യാന്‍ പോയ ചേച്ചി നേഹഗൌരിയുടെ അപകടമരണമാണ് വലിയ വിവാദത്തിനു കാരണമായിത്തീര്‍ന്നിട്ടുള്ളത്. തടവറകളാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  അധ്യാപക - വിദ്യാര്‍ത്ഥി ബന്ധങ്ങള്‍, വിദ്യാര്‍ത്ഥിവിരുദ്ധമായ പഠനസമീപനങ്ങള്‍  ഇവയെല്ലാം ഈ മരണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുകയുണ്ടായി. പെണ്‍കുട്ടിയെ ഒരു ശിക്ഷയെന്ന നിലയില്‍ ആണ്‍കുട്ടികളുടെ  ബെഞ്ചിലിരുത്തി എന്നതാണ് ഈ പ്രശ്‌നത്തില്‍ കേന്ദ്രസ്ഥാനത്തു വന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല എന്ന പൊതുബോധത്തില്‍നിന്ന് ആ ടീച്ചര്‍ക്കോ പെണ്‍കുട്ടിക്കോ മോചനം നേടാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ പൊതുബോധം നിലനിര്‍ത്തുന്ന സമൂഹം തന്നെയാണ് ഇതില്‍ പ്രധാന കുറ്റവാളി. 

കൗമാരവിദ്യാഭ്യാസത്തിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഇഷ്ടം പോലെ ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. ശാരീരിക അവസ്ഥകളെക്കുറിച്ച്, സ്വയം സംരക്ഷിക്കേണ്ടതിനെക്കുറിച്ച്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്കാണ് ഇത്തരം ക്ലാസ്സുകള്‍ കൂടുതലായി നല്‍കേണ്ടത്. പെണ്‍കുട്ടി സഹജീവിയാണെന്നതിനെക്കുറിച്ച്, അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ ശാരീരിക സവിശേഷതകളുണ്ട് എന്നതിനെക്കുറിച്ച്, ആണ്‍കുട്ടികള്‍ക്ക് സമൂഹം നല്‍കുന്ന പ്രത്യേക അവകാശം ജനാധിപത്യവിരുദ്ധമാണെന്നതിനെക്കുറിച്ച്, അവള്‍ വെറും ലൈംഗിക ഉപകരണം മാത്രമല്ല എന്നതിനെക്കുറിച്ച്, കളിസ്ഥലങ്ങളും ബസ് സ്റ്റോപ്പുകളും ലൈബ്രറികളും ക്ലബ്ബുകളും തെരുവുകളും അവള്‍ക്കും അവകാശപ്പെട്ടതാണെന്നതിനെക്കുറിച്ച്, സര്‍ഗ്ഗാത്മകമല്ലാത്ത ഗൃഹജോലികള്‍ മുഴുവന്‍ അവളില്‍ അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നതിനെക്കുറിച്ച്, അവ പങ്കുവെയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാം തന്നെ അവനെ മനസ്സിലാക്കിക്കണം. ലൈംഗികതയെക്കുറിച്ചുള്ള അറിവുമാത്രമല്ല, ലിംഗപരമായ സമത്വമാവണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാതല്‍. മറിച്ച് യോഗ പരിശീലിച്ചും കടുക്കക്കഷായം കുടിച്ചും പര്‍ദ്ദധരിച്ചും ലൈംഗികവികാരങ്ങളില്‍നിന്നു കൗമാരത്തെ രക്ഷിക്കാം എന്നത് മതാത്മകമായ പമ്പരവിഡ്ഢിത്തങ്ങള്‍ മാത്രമാണ്.

ലൈംഗികതയെക്കുറിച്ചുള്ള വ്യവഹാരങ്ങളെ മുഴുവന്‍ നിരുത്സാഹപ്പെടുത്താന്‍ മതവും ഭരണകൂടവും രാഷ്ട്രീയപ്രസ്ഥാനങ്ങളും നിയമവ്യവസ്ഥയും കൈകോര്‍ക്കുമ്പോള്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കുന്നതിനുപോലും വിലക്കുണ്ടാകുന്നത് സ്വാഭാവികമാണ്. സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്ര ഉപകരണമായ വിദ്യാഭ്യാസത്തിനു മാത്രം ഇതില്‍നിന്നു മാറിനില്‍ക്കാനാവുമോ എന്നതാണ് കാതലായ പ്രശ്‌നം. അതിന്റെ ഉല്പാദകരും ഉപഭോക്താക്കളും ഒരുപരിധിവരെ ഉപകരണങ്ങളുമായേക്കാവുന്ന പുതിയ തലമുറ ഇത്തരമൊരു വിഷയത്തില്‍ അതീവ നിഷ്‌ക്കളങ്കരായി തുടരണമെന്ന് വാശിപിടിക്കുന്നത് മൗഢ്യമാണ്.                        

ആണ്‍പെണ്‍ ബന്ധങ്ങള്‍ സൗഹൃദപരമായാല്‍ മാത്രമേ ആരോഗ്യമുള്ള സമൂഹം രൂപപ്പെടുകയുള്ളൂ. ലൈംഗികതയെ നിഗൂഢതയായും പാപമായും കാണുന്ന മനോഭാവത്തില്‍നിന്നു മാറാത്തിടത്തോളം ഒരു ശരാശരിക്കപ്പുറം വളരാന്‍ മലയാളിക്കു കഴിയുകയില്ല. അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികതയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അവന്റെ/അവളുടെ മാനസികോര്‍ജ്ജം ഏറെ അപഹരിക്കുമെന്നതുകൊണ്ടാണിത്. കേരളത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ കൊണ്ടു വന്ന വിദ്യാഭ്യാസമാണ് ലൈംഗികതയെ ഒരു പാപമായി അവതരിപ്പിച്ചത്. ഇന്നത്തെ വിദ്യാഭ്യാസ രീതിക്കു തുടക്കം കുറിച്ചത് അവരായിരുന്നതുകൊണ്ട് പള്ളികളുടെ സ്വാധീനവും അവിടെ ശക്തമായിരുന്നു. സ്‌കൂളുകള്‍ സാര്‍വ്വത്രികമായതോടെ എല്ലാവരും വിദ്യാഭ്യാസം നേടുന്ന അവസ്ഥ വന്നു. ആദ്യകാലത്ത് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ കര്‍ശനമായ നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോയത്. സ്വതന്ത്രമായ ആണ്‍പെണ്‍ സൗഹൃദം പോകട്ടെ, മിണ്ടുന്നതുപോലും വിലക്കപ്പെട്ടു. പൊതുവെ കുത്തഴിഞ്ഞു (?) കിടന്നിരുന്നതെന്ന് മിഷനറിമാര്‍ കരുതിയിരുന്ന അന്നത്തെ സമൂഹത്തെ ക്രമപ്പെടുത്തിയെടുക്കാന്‍ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ അവര്‍ കൊണ്ടുവന്നു. അതു പിന്നീട് ഒരു വ്യവസ്ഥയായി തലമുറകളിലൂടെ പകര്‍ന്നു. കേരളത്തിലെ മതങ്ങള്‍ മാത്രമല്ല, ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും ഈ വ്യവസ്ഥയെ പിന്തുടര്‍ന്നു. സദാചാര മാമൂലുകളില്‍നിന്നും വ്യതിചലിക്കുന്നവരെ പുറന്തള്ളിക്കൊണ്ടാണ് രാഷ്ട്രീയം വിശിഷ്യാ ഇടതുരാഷ്ട്രീയം സ്വയം ശുദ്ധീകരിച്ചുകൊണ്ടിരുന്നത്. നടപ്പു സദാചാരയുക്തികളില്‍ വിപ്ലവത്തിന്റേയും പരിഷ്‌കാരത്തിന്റേയും ആവശ്യം അവര്‍ക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. അതു കുടുംബത്തിലായാലും രാഷ്ട്രീയത്തിലായാലും. ആസൂത്രിതമായി നിര്‍മ്മിക്കപ്പെട്ട ഒരു കെണിയില്‍ പെട്ടുപോയ എ.കെ. ശശീന്ദ്രന്‍ എന്ന മന്ത്രിയോടും ക്രിമിനല്‍  കുറ്റം ചെയ്ത പിന്തുടര്‍ച്ചക്കാരനായ മന്ത്രിയോടും പുലര്‍ത്തുന്ന സമീപനം ഇത് ബോധ്യപ്പെടുത്തും.

ഉടമസ്ഥതയിലധിഷ്ഠിതമായ ലൈംഗിക ബന്ധങ്ങളും സ്ത്രീയെ വീട്ടിനുള്ളിലൊതുക്കിയ കുടുംബവ്യവസ്ഥയും കൊളോണിയല്‍ ആധുനികതയുടെ കൂടി സംഭാവനയാണ്. വിക്ടോറിയന്‍ മൂല്യസങ്കല്‍പ്പങ്ങളുടെ തുടര്‍ച്ചയാണ് മിഷനറിമാര്‍ ഇവിടെ കൊണ്ടുവന്നത്. പൊതുവെ സ്വതന്ത്രമായ ലൈംഗികത അനുഭവിച്ചിരുന്ന ജാതിസമൂഹങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. അതില്‍ സ്ത്രീക്ക് ഒരുപക്ഷേ, മേല്‍ക്കൈ തന്നെ ഉണ്ടായിരുന്നു. പിന്നീടത് പുരുഷാധിപത്യ കുടുംബഘടനയിലേക്കും സ്ത്രീകള്‍ക്കുമേലുള്ള കര്‍ശനമായ ലൈംഗിക വിലക്കുകളിലേക്കും വഴിമാറുകയാണുണ്ടായത്. പാതിവ്രത്യത്തിലടിയുറച്ച മാതൃകാസ്ത്രീയെ സൃഷ്ടിക്കാന്‍ നമ്മുടെ സിനിമയും സാഹിത്യവുമെല്ലാം കൊണ്ടുപിടിച്ചു ശ്രമിച്ചു.  സ്വതന്ത്രമായ ലൈംഗികത അനുഭവിച്ചിരുന്ന ഒരു ജനത ലൈംഗിക വിലക്കുകളിലേക്കും സദാചാരയുക്തികളിലേക്കും നീങ്ങിയത് കേരളീയ മനസ്സിനെ രോഗാതുരമാക്കുകയാണുണ്ടായത്.  


വീടുകളിലും ചെറിയ ക്ലാസ്സുകളില്‍ വെച്ചുതന്നെയും വളരെ സ്വാഭാവികമായി വികസിക്കേണ്ടതാണ് ആണ്‍പെണ്‍ സൗഹൃദങ്ങള്‍. അതു നിരോധിക്കപ്പെട്ട് വികൃതമാം വിധം പരുവപ്പെടുത്തപ്പെട്ടവരാണ് ഇന്നത്തെ അധ്യാപകരടക്കമുള്ള കേരളീയസമൂഹം. ലൈംഗികതയെ പാപമായി കാണുന്ന ഒരു സമൂഹം നിരന്തരം അതിനെക്കുറിച്ചു മാത്രമേ ആലോചിച്ചു കൊണ്ടിരിക്കൂ.  ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഷേക്ക് ഹാന്റ് നല്‍കിയതിന്റെ പേരില്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിച്ച വിദ്യാലയങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ സനാഥ് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു കാരണം കൂട്ടുകാരിയോടൊപ്പം സെല്‍ഫിയെടുത്തതിന്റെ പേരില്‍ അപമാനിക്കപ്പെട്ടതാണത്രെ. യൂണിവേഴ്സിറ്റി കോളജില്‍വെച്ച് ജിജീഷ് എന്ന വിദ്യാര്‍ത്ഥിയും കോളജിലെ രണ്ടു പെണ്‍കുട്ടികളും സദാചാര പൊലീസിങ്ങിനു വിധേയമായതിന്റെ പേരില്‍ ഇടതു വിദ്യാര്‍ത്ഥിസംഘടന തന്നെ പ്രതിസ്ഥാനത്തു വന്നു. ആലിംഗനം ചെയ്തതിന്റെ പേരില്‍ കുട്ടികളെ  മഹാരാജാസ് കോളജില്‍നിന്നും പുറന്തള്ളിയത് വാര്‍ത്തയായിരുന്നല്ലോ. രണ്ടു കുട്ടികള്‍ തമ്മില്‍ കൈകൊടുക്കുമ്പോള്‍ അതില്‍ ലൈംഗികത മാത്രം കാണാന്‍ കഴിയുന്ന മനസ്സുകള്‍ രോഗാതുരമാണ്. തങ്ങളുടെ വിദ്യാഭ്യാസകാലം രൂപപ്പെടുത്തിയ മൂല്യബോധമാണ് ഇത്തരമൊരു   മനോഘടനയിലേക്ക് അവരെ എത്തിച്ചത്. ഇതേ മൂല്യബോധം തന്നെയാണ് പിതൃ ആധിപത്യ കുടുംബഘടനയിലൂടെ തങ്ങളുടെ മക്കളിലേക്കും അവര്‍ പകര്‍ന്നുകൊണ്ടേയിരിക്കുന്നത്. ഏതു സ്പര്‍ശത്തിലും ലൈംഗികത മാത്രം കാണുന്ന ഹനുമാന്‍സേനക്കാരനും സുലൈമാന്‍സേനക്കാരനും ഉള്‍പ്പെടുന്ന  ദുരാചാരപൊലീസിന്റെ മനോഘടനയും ഇതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. 

സഹവിദ്യാഭ്യാസം നേടി വളര്‍ന്നുവരുന്ന കുട്ടികള്‍ മുന്‍തലമുറയെ അപേക്ഷിച്ച് ലൈംഗികോല്‍ക്കണ്ഠകളില്‍നിന്നും പൊതുവെ മുക്തരാണ്. അവര്‍ ചേര്‍ന്നുനില്‍ക്കുന്നത്, കൈകോര്‍ത്തു നടക്കുന്നത് ദമിതലൈംഗികതയില്‍ ഉറച്ചുപോയ പഴയ സമൂഹത്തിനോ ആ അച്ചില്‍ വാര്‍ക്കപ്പെട്ട പുതിയ സമൂഹത്തിനോ ഉള്‍ക്കൊള്ളാനാവില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുനിന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഇതിനു തെളിവാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്നു നില്‍ക്കുന്നത് അശ്ലീലമാണെന്ന ഏറ്റവും മലീമസമായ കാഴ്ചപ്പാടാണ് അതിലൂടെ പ്രസരിപ്പിച്ചത്. എന്തിനധികം, അശോകന്‍ ചെരുവിലിനെപ്പോലൊരു പ്രശസ്ത എഴുത്തുകാരന്‍ യൂണിവേഴ്‌സിറ്റി കോളജിലെ സംഭവത്തെ ന്യായീകരിക്കാന്‍ എഫ്.ബിയില്‍ കുറിച്ചത്  ''വഴിയില്‍ക്കൂടി പോകുന്ന ആര്‍ക്കും കയറിവന്ന് പ്രണയവും സ്ത്രീ പുരുഷ സൗഹൃദങ്ങളും വാങ്ങാവുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആകേണ്ടതുണ്ടോ നമ്മുടെ കാമ്പസുകള്‍ എന്ന ചോദ്യമാണ്.'' 

നഗ്‌നതയെക്കുറിച്ച് നമ്മുടെ ബോധങ്ങള്‍ എത്ര ആപേക്ഷികമാണെന്നതിന് നമ്മുടെ പത്തെഴുപതു കൊല്ലത്തെ ചരിത്രം മാത്രം മതിയാവും. മാറിടം നമുക്ക് അശ്ലീലമായി മാറിയതെപ്പോഴാണ്? സി. കേശവന്റെ ആത്മകഥയായ ജീവിതസമരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ അമ്മ കാണാതെ രഹസ്യമായി രാത്രിയില്‍ ബ്ലൗസ് ധരിച്ചിരുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മറച്ച മാറായിരുന്നു അക്കാലത്ത് അശ്ലീലം. റസ്സല്‍ പറയുന്നത് ചെറിയ കുട്ടികള്‍ രക്ഷിതാക്കളുടെ നഗ്‌നത സ്വാഭാവികമായി ദര്‍ശിക്കുകയാണെങ്കില്‍ അവരില്‍ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള അമിതമായ ആകാംക്ഷ മുതിരുമ്പോള്‍ ഉണ്ടാവുകയില്ല എന്നാണ്. കൊറിയയിലെത്തിയപ്പോള്‍ അച്ഛനും മക്കളും അമ്മാവനുമെല്ലാം ഒരുമിച്ച് നഗ്‌നരായി കുളിക്കുന്നിടത്ത്, തോര്‍ത്തുമുടുത്തു നില്‍ക്കുന്ന തനിക്ക് നാണം വന്നതിനെക്കുറിച്ച് കെ.എം. പ്രമോദിന്റെ കവിതയില്‍ (കുളി) പറയുന്നുണ്ട്.
'വില്ലേജ് ഓഫ് ഡ്രീംസ്' എന്ന ജപ്പാനീസ് സിനിമയിലെ ഒരു രംഗം ലൈംഗിക വിദ്യാഭ്യാസത്തിന് മനോഹരമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഏഴെട്ടു വയസ്സുള്ള ഒരാണ്‍കുട്ടിക്ക് അവളുടെ മൂത്ത സഹോദരിയുടെ വളരുന്ന മാറിടത്തെക്കുറിച്ച് ആകാംക്ഷയുണ്ട്. ഒരിക്കല്‍ അരികില്‍ കിടക്കേ ഉറക്കത്തിലെന്നപോലെ അവന്‍ അവളുടെ മാറിലേക്കു കൈ കൊണ്ടുപോകുന്നു. അവള്‍ ഒരു തല്ലുകൊടുത്ത് അവനെ തള്ളിമാറ്റി എഴുന്നേറ്റു പോവുകയാണ്. അടുത്ത രംഗത്തില്‍ അവനും അമ്മയും ഒന്നിച്ചിരുന്നു കുളിക്കുന്ന ദൃശ്യം നാം കാണുന്നു. അമ്മയുടെ അര്‍ദ്ധനഗ്‌നതയുടെ പാര്‍ശ്വവീക്ഷണമാണ് നമുക്കുള്ളത്. കുട്ടിക്ക് നേരിട്ടും. അമ്മ അവനോടു പറയുന്നു. ''നമ്മുടെ ശരീരം ഏറെക്കുറെ ഒരുപോലെയാണ്. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ട്. നിനക്ക് ഒരു ലിംഗമുള്ളതുപോലെ സ്ത്രീകള്‍ക്ക്  അവിടെ ഒരു ദ്വാരമാണുള്ളത്. ശരിക്കു നോക്കിക്കൊള്ളൂ, ഇതിലൂടെയാണ് നീ വന്നത്.'' സ്ത്രീശരീരത്തെക്കുറിച്ചുള്ള അവന്റെ ആകാംക്ഷയെ അധ്യാപിക കൂടിയായ ആ അമ്മ പരിഹരിച്ച രീതിയാണിത്.

ബാല്യകുതൂഹലങ്ങളും സാമൂഹികമാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഈ സിനിമ എത്ര മനോഹരമെങ്കിലും ഇതു സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചാല്‍ നമ്മുടെ സദാചാരസമൂഹം എങ്ങനെയാവും പ്രതികരിക്കുക? താങ്കള്‍ എപ്പോഴും ലൈംഗികതയെക്കുറിച്ചാണല്ലോ എഴുതുന്നത് എന്നു ചോദിച്ച വായനക്കാരനോട് റസ്സല്‍ പറഞ്ഞത് എന്റെ എഴുത്തില്‍ രണ്ടു ശതമാനം മാത്രമേ ലൈംഗികതയെക്കുറിച്ചുള്ളൂ. താങ്കള്‍ അതുമാത്രമേ വായിച്ചിട്ടുള്ളൂ എന്നാണ്.     

ലൈംഗിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി നമുക്കു സ്വീകരിക്കാവുന്നത് സഹവിദ്യാഭ്യാസമാണ്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരുന്ന കാലത്ത് അവരെ ആകര്‍ഷിക്കാനാണ് പെണ്‍വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. കേരളത്തിലങ്ങോളമിങ്ങോളവും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലും ആണ്‍കുട്ടികള്‍ മാത്രവും പെണ്‍കുട്ടികള്‍ മാത്രവും പഠിക്കുന്ന സ്‌കൂളുകള്‍ ഇന്നും ഏറെയാണ്. ഉദാഹരണത്തിന് കോഴിക്കോട്, തിരുവനന്തപുരം പോലുള്ള നഗരങ്ങളെടുക്കൂ, ബഹുഭൂരിഭാഗം സ്‌കൂളുകളും സഹവിദ്യാഭ്യാസമുള്ളവയല്ല.  മാത്രമല്ല, ചില മിക്സഡ് സ്‌കൂളുകളില്‍ത്തന്നെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലരാതെ വെവ്വേറെ ക്ലാസ്സുകളിലായി മാറ്റിയിരുത്തുന്ന രീതി മുന്‍പ് വളരെ വ്യാപകമായിരുന്നു. ഒരു മതിലിനപ്പുറവും ഇപ്പുറവും  ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ഇരിക്കുകയാണെങ്കില്‍ ആ കുട്ടികള്‍ നിരന്തരം ആലോചിച്ചു കൊണ്ടിരിക്കുക അപ്പുറത്തെ കുട്ടികളെക്കുറിച്ചു മാത്രമാവും.  എതിര്‍ലിംഗത്തോട് ആകര്‍ഷണം തോന്നാതിരിക്കുന്നതിലാണ് അസ്വാഭാവികതയുള്ളത്. കൗമാരപ്രായത്തില്‍ അത്തരം ആകര്‍ഷണം സഹജവും തീക്ഷ്ണവുമായിരിക്കും. ആണിനേയും പെണ്ണിനേയും വേലികെട്ടിത്തിരിക്കാന്‍ ഈ കാലം തെരഞ്ഞെടുക്കുന്നത് മൗഢ്യമാണ്. വിലക്കപ്പെട്ടതിനോടുള്ള അത്യാവേശം മനുഷ്യസഹജമാണെന്ന് കുട്ടികളുടെ കാര്യത്തില്‍ നാം മറന്നുപോകുന്നതാണ് അദ്ഭുതം. ഈ വേര്‍തിരിക്കലാണ് കുട്ടികളിലെ പല അച്ചടക്ക പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നത്. ക്രിയാത്മകമായി വിനിയോഗിക്കപ്പെടേണ്ട ഊര്‍ജ്ജമാണ് ഈ വേര്‍തിരിവിലൂടെ അവര്‍ക്ക് നഷ്ടമാവുന്നത്. അതേ കുട്ടികള്‍ ഒരേ ക്ലാസ്സില്‍ ഒന്നിച്ചിരിക്കുമ്പോള്‍, ഇടപഴകുമ്പോള്‍ അതുവരെയുള്ള കൗതുകങ്ങളും ഭയവും ആകാംക്ഷയും അസ്തമിക്കുകയും സര്‍ഗ്ഗാത്മകതയും സൗഹൃദവും പരസ്പര ബഹുമാനവും വര്‍ദ്ധിക്കുകയും ചെയ്യും. അവനൊരിക്കലും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നവനാവുകയില്ല. ചെറുപ്പം മുതല്‍ ആരോഗ്യപരമായ രീതിയില്‍ ആണ്‍പെണ്‍ സൗഹൃദം രൂപപ്പെടുന്ന നാടുകളിലാണ് കര്‍ശനമായ നിയമങ്ങളൊന്നും തന്നെയില്ലാതെ തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കുറഞ്ഞിരിക്കുന്നത് എന്നു കാണാന്‍ പറ്റും
സത്യത്തില്‍ ഈ സഹവിദ്യാഭ്യാസം കുറച്ചുകൂടി മുന്നോട്ടുപോകേണ്ടതാണ്. ഒന്നാം ക്ലാസ്സുമുതല്‍ ശരീരബോധമില്ലാതെ കുട്ടികള്‍ ഇടപഴകുന്നുണ്ട്. സദാചാരത്തിന്റെ പേരില്‍  വീടുകളില്‍ നാം ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും വേര്‍തിരിക്കുന്നില്ല. അവരെ അടുത്തടുത്തിരിക്കുന്നതില്‍നിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതില്‍നിന്നും നാം വിലക്കുന്നില്ല. വേര്‍തിരിവുകള്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കൂളിലെത്തുമ്പോളാണ്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരേ ബഞ്ചില്‍ തന്നെ ഇടകലര്‍ത്തി ഇരുത്തുകയാണെങ്കില്‍ മാത്രമേ ശരീരത്തെക്കുറിച്ചും സ്പര്‍ശത്തെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠകളില്‍നിന്നും അവര്‍ മോചനം നേടുകയുള്ളൂ. എങ്കില്‍ മാത്രമേ അവര്‍ ഒന്നാം കിടയിലുള്ളവരായി മാറുകയുള്ളൂ. പെണ്‍കുട്ടികളോട് ഇടപഴകാനുള്ള വൈമുഖ്യവും എതിര്‍ലിംഗത്തെ അംഗീകരിക്കാനുള്ള കഴിവില്ലായ്മയും സഹവിദ്യാഭ്യാസമില്ലാത്ത സ്ഥാപനങ്ങളില്‍നിന്നും പുറത്തിറങ്ങുന്ന ആണ്‍കുട്ടികളില്‍ കാണാം. സ്ത്രീകള്‍ക്ക് യാത്രയിലും പൊതു ഇടങ്ങളിലും സ്പര്‍ശം കൊണ്ടും നോട്ടം കൊണ്ടും നിരന്തരം അലോസരം അനുഭവപ്പെടുന്ന നഗരങ്ങളില്‍ സഹവിദ്യാഭ്യാസമില്ലാത്ത സ്‌കൂളുകള്‍ അധികമായിരിക്കും. അതുപോലെതന്നെ പെണ്‍പള്ളിക്കൂടങ്ങളില്‍നിന്നു വരുന്ന കുട്ടികളാണ് പല ചതിക്കുഴികളിലും കൂടുതലായും ചെന്നുപെടുന്നത് എന്നും കാണാന്‍ പറ്റും.    

ഒരു വ്യക്തിക്ക് സമൂഹവുമായും പരിസ്ഥിതിയുമായും തന്റെ ഇണയുമായും പൊരുത്തപ്പെട്ടു പോകാനുള്ള കഴിവുണ്ടാക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ്. സഹവിദ്യാഭ്യാസത്തിന്റെ അഭാവം ഭാവിയില്‍ ഇണയുമായുള്ള പൊരുത്തത്തിനു തടസ്സമാവും. വ്യക്തിയുടെ മാനസികമായ വളര്‍ച്ചയെ രൂപപ്പെടുത്തുന്ന ഘടകങ്ങളെക്കാള്‍  പ്രയോജനവാദത്തിന് ഊന്നല്‍ നല്‍കുന്ന സമീപനമാണ് നമ്മുടെ വിദ്യാഭ്യാസത്തിനുള്ളത്. പ്ലേറ്റോ മുതലുള്ള മുഴുവന്‍ ചിന്തകരെ എടുത്തു നോക്കിയാലും വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി തൊഴിലിനെ എണ്ണുന്നില്ല എന്നു കാണാന്‍ പറ്റും. വ്യക്തിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ ഉന്നമനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നതൊക്കെ ഏട്ടിലെ പശു മാത്രമാണ്. നൂറുശതമാനം കിട്ടുക, അതിനായി രാത്രിക്ലാസ്സുകള്‍ നടത്തുക, അല്ലെങ്കില്‍ കോപ്പിയടിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, എന്‍ട്രന്‍സിനൊരുക്കുക ഇതൊക്കെയാണ് ഇവിടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍. നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പലപ്പോഴും ഇതിനൊക്കെയാണ് പ്രാധാന്യം കൊടുക്കുന്നതും. ജീവിതം എന്തായിരിക്കണം, എന്തു പഠിക്കണം, എന്തു തൊഴിലിനു ശ്രമിക്കണം എന്നൊക്കെ മനസ്സിലാക്കാനും തന്റെ അഭിരുചി എന്തെന്നു നിര്‍ണ്ണയിക്കാനുമുള്ള ഒരു സംവിധാനവും ഇല്ലാത്ത നാടാണ് കേരളം. 
നിലവിലെ മൂല്യബോധങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് സമൂഹം എന്നും മുന്നോട്ടു നീങ്ങാറുള്ളത്. ഇത്തരം കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടത് അധ്യാപകരുമാണ്. സ്വാതന്ത്ര്യസമര, നവോത്ഥാന പ്രസ്ഥാനങ്ങളില്‍ അധ്യാപകര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. നിലവിലെ സ്ത്രീ-പുരുഷ ബന്ധം, കുടുംബം, ജാതി, മതം അധികാരം ഇവയെല്ലാം എത്രമേല്‍ പ്രതിലോമപരമാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. നമ്മുടെ പാഠ്യപദ്ധതികള്‍ പൊതുവെ നിലവിലെ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാവും. എങ്കിലും ആ പരിമിതികളെ മറികടക്കാനും പുതിയ കാഴ്ചപ്പാടുകളും മൂല്യബോധങ്ങളും രൂപപ്പെടുത്താനും ക്രിയാത്മകതയുള്ള അധ്യാപകര്‍ക്കു കഴിയണം. അതേസമയം കുട്ടികളിലെ വിമര്‍ശനാവബോധത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന അധ്യാപകന്‍/അധ്യാപിക ഒറ്റപ്പെട്ടു പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കാരണം, അത്തരം ചര്‍ച്ചകള്‍ക്കുള്ള  ഒരു ഇടം പോലും അനുവദിക്കപ്പെടാത്ത വിധം വരണ്ട ഒരു ലോകമായി ക്ലാസ്സ് മുറികള്‍ മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പക്ഷത്തു നില്‍ക്കുകയും അവരുടെ പക്ഷത്തുനിന്നു ചിന്തിക്കുകയും അവരുടെ ജനാധിപത്യാവകാശങ്ങളെ മാനിക്കുകയും ചെയ്യുന്ന  അധ്യാപകര്‍ സ്‌കൂളിലും പുറത്തും ബഹിഷ്‌ക്കരണം തന്നെ നേരിടേണ്ടിവരും. രചനാത്മക ന്യൂനപക്ഷമെന്നു വിശേഷിപ്പിക്കാവുന്ന അധ്യാപകരാണ് സ്‌കൂളുകളെ കുറച്ചെങ്കിലും സര്‍ഗാത്മകമാക്കുന്നത്. അതുപോലെ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളോ മതങ്ങളോ അല്ല, നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയോടു പിണങ്ങിനില്‍ക്കുന്ന ചെറിയ വിഭാഗം ആക്ടിവിസ്റ്റുകളാണ് സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ നവീകരിക്കുന്നത്. ഭിന്നലിംഗക്കാരോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയത് ഈ രചനാത്മക ന്യൂനപക്ഷത്തിന്റെ ഇടപെടലുകളാണ്. കോളേജ് യൂണിയന്‍ ഭിന്നലിംഗക്കാരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ മുന്നിട്ടിറങ്ങിയത് കുട്ടികളാണ്. (അതേസമയം ജീനുകളാണ് സ്വവര്‍ഗ്ഗാഭിമുഖ്യത്തെ നിര്‍ണ്ണയിക്കുന്നത് എന്ന ശാസ്ത്രീയസത്യം പോലും മനസ്സിലാക്കാതെ  നമ്മുടെ സുപ്രീംകോടതി സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാണെന്നു വിധിച്ചതും നാം മറന്നുകാണില്ലല്ലോ.) 

സ്‌കൂളുകളെപ്പോലെ തന്നെ വിമര്‍ശനവിധേയമാക്കേണ്ടതാണ് നമ്മുടെ  കുടുംബസംവിധാനവും. കുട്ടികളെ പൗരന്മാരായി പരിഗണിക്കാത്തത് അധ്യാപകര്‍ മാത്രമല്ല, രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന സമൂഹം കൂടിയാണ്. ഗൃഹനാഥന്‍/നാഥയില്‍നിന്ന് വീട് കുട്ടിയിലേക്കു കേന്ദ്രീകരിച്ചത് ഈ അടുത്തകാലത്താണ്. എന്നാല്‍, തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്കു പങ്കാളിത്തമുണ്ടാകണമെന്നില്ല. ഇന്ത്യയിലെ പ്രസിഡന്റിന്റെ അധികാരം പോലെ കുടുംബത്തിലെ അവരുടെ നായകത്വവും ഇടവും നിയന്ത്രിതമാണ്.  കുട്ടികള്‍ക്ക് സ്വന്തമായ അഭിരുചികളുണ്ടെങ്കില്‍, അവര്‍ക്ക് സ്വന്തം പാതകള്‍ തെരഞ്ഞെടുക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള അവസരം പലപ്പോഴും കുടുംബം നല്‍കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ കുടുംബഘടനയില്‍ നിന്നാണ് അവന്‍ ജീവിതത്തില്‍ പിന്നീട് ശീലിക്കുന്ന ജാതിമത വിശ്വാസങ്ങളെല്ലാം ആര്‍ജിക്കുന്നത്. സ്ത്രീ-പുരുഷ വിവേചനവും അവിടെത്തന്നെ ശീലിക്കുന്നു. ആണ്‍പെണ്‍ ഇടകലരലില്ലാത്ത, സ്‌കൂള്‍ ബസ്സുകളില്‍ പറ്റങ്ങളായി കുട്ടികളെ എത്തിക്കുന്ന, നിരീക്ഷണക്ക്യാമറകളുടെ നിതാന്തസാന്നിധ്യമുള്ള, കര്‍ശനമായ അച്ചടക്കം അടിച്ചേല്‍പ്പിക്കപ്പെടുന്ന, പരീക്ഷാവിജയം മാത്രം ലക്ഷ്യം വെക്കുന്ന  വിദ്യാലയങ്ങളാണ് കേരളത്തിലെ ആദര്‍ശ വിദ്യാലയങ്ങള്‍. ഇത്തരം പട്ടാളക്ക്യാമ്പുകളാണ് തങ്ങളുടെ മക്കളുടെ രക്ഷാകേന്ദ്രങ്ങളെന്ന മൂഢവിശ്വാസത്തിലാണ് കേരളത്തിലെ രക്ഷിതാക്കള്‍.   
നവസാങ്കേതികവിദ്യകളും സമൂഹമാധ്യമങ്ങളും ഇന്ന് പെണ്‍കുട്ടികളുടെ ലോകത്തെ വികസ്വരമാക്കിയിട്ടുണ്ട്. സൈബര്‍ ചായക്കടകളിലും പുറത്തും  അവള്‍  ഉച്ചത്തില്‍ സംസാരിക്കാനും ചിരിക്കാനും പ്രതിഷേധിക്കാനും തുടങ്ങിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ അവളുടെ സഞ്ചാരതലത്തെ വികസിപ്പിച്ചിട്ടുണ്ട്. പുതിയ വസ്ത്രരീതികള്‍ അവളുടെ ചലനത്തിനു വേഗതയും സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. പുതിയ ലോകബോധം ശരീരത്തെക്കുറിച്ചുള്ള വേവലാതികളില്‍നിന്നും ഏറെക്കുറെ  അവളെ മുക്തയാക്കിയിട്ടുണ്ട്.  ഇതൊക്കെ തിരിച്ചറിയാനും സ്ത്രീ-പുരുഷ ബന്ധത്തില്‍ തുല്യത കൊണ്ടുവരാനും ശ്രമിക്കുന്നതിലൂടെ മാത്രമേ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുകയുള്ളൂ. അതിലൂടെ മാത്രമേ നമ്മുടെ സമൂഹം മുന്നോട്ടു കുതിക്കുകയും ചെയ്യുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com