വിവരാവകാശം അവകാശമല്ലാതാകുന്നുവോ?

മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഉണ്ടാവകണ്ട സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരിക്കുകയാണ്. വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നതെങ്ങനെ?
വിവരാവകാശം അവകാശമല്ലാതാകുന്നുവോ?

മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഉണ്ടാവകണ്ട സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരിക്കുകയാണ്. വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നതെങ്ങനെ? മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി. ആസഫ് അലി എഴുതുന്നു

നാധിപത്യ ഭരണക്രമത്തില്‍ ജനങ്ങളുടെ കൈകളിലെ വജ്രായുധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവരാവകാശ നിയമം സംസ്ഥാനത്ത് ഇടതുഭരണത്തില്‍ ഇല്ലാതായിത്തീരുകയാണോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വിവരാവകാശ നിയമം ശക്തിപ്പെടുത്തുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍  വന്ന സര്‍ക്കാര്‍ ആരംഭത്തില്‍ത്തന്നെ വിവരാവകാശ നിയമത്തെ കശാപ്പു ചെയ്യാനൊരുങ്ങിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നതാണു പല നടപടികളില്‍നിന്നും മനസ്സിലാകുന്നത്. 
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനത്തെ നാളുകളിലെ മന്ത്രിസഭാ തീരുമാനങ്ങളുടെ രേഖകള്‍ വിവരാവകാശ നിയമമനുസരിച്ച് നല്‍കാനായി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച  ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍  ഹര്‍ജി ബോധിപ്പിച്ച് സ്റ്റേ സമ്പാദിക്കുകയാണുണ്ടായത്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈകക്കൊണ്ട അവസാന നാളുകളിലെ പ്രസ്തുത മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെ സര്‍ക്കാര്‍ എന്തുകൊണ്ട് ഭയപ്പെടുന്നു?. പൂര്‍ത്തീകരിക്കപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാനും അവയുടെ ഫയലുകള്‍ പരിശോധിക്കാനും പൗരന്റെ അവകാശം നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന്റെ യുക്തിയെന്താണ്?
മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഉണ്ടാവകണ്ട സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ച് വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിച്ചെങ്കിലും പുതിയ വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനപ്രക്രിയ ഇഴഞ്ഞു നീങ്ങുകയാണ്. 
സംസ്ഥാന വിവരാവകാശ കമ്മിഷനില്‍  2017 സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് രണ്ടാം അപ്പീലും പരാതിയും അടക്കം 13,788 കേസുകള്‍ കെട്ടിക്കിടക്കുകയാണ്. അഞ്ച് കമ്മിഷണര്‍മാര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റുമാരുടേയും എട്ട് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടേയും രണ്ട് ഓഫീസ് അസിസ്റ്റന്റുമാരുടേയും തസ്തികകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. 2017-ല്‍ സെപ്തംബര്‍ മാസം വരെ 1,853 അപ്പീലുകള്‍ ഫയല്‍ ചെയ്തതില്‍ 99 എണ്ണവും 947 പരാതികളില്‍ വെറും 53 എണ്ണവും മാത്രമേ ഏകാംഗ കമ്മിഷന് തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. വിവരാവകാശ നിയമം നടപ്പിലായ ആദ്യത്തെ വര്‍ഷങ്ങളില്‍ വിവരാവകാശ കമ്മിഷന് ഓരോ വര്‍ഷവും ലഭിച്ചുകൊണ്ടിരുന്ന കേസുകള്‍ 100 ശതമാനം അതാതു വര്‍ഷം തന്നെ തീര്‍പ്പുകല്‍പ്പിച്ച ചരിത്രം ഉണ്ടായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് 17 തൊട്ട് 2017 സെപ്തംബര്‍ വരെയുള്ള കാലത്ത് സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ ആകെ 2,890 രണ്ടാം അപ്പീലുകളും പരാതികളും ലഭിച്ചതില്‍ വെറും 391 എണ്ണം മാത്രമേ തീര്‍പ്പായിട്ടുള്ളു. 
സംസ്ഥാന വിവരാവകാശ  കമ്മിഷന്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നുവെന്ന  അപകടകരമായ സന്ദേശം സംസ്ഥാനത്തെ പതിനായിരക്കണക്കിന് പൊതു അധികാര സ്ഥാനങ്ങളില്‍ ലഭിക്കുന്നതോടുകൂടി അപേക്ഷകരോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന നിഷേധാത്മകമായ നിലപാടെടുക്കാന്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ക്ക്  പ്രചോദനമാകുന്നു. സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നതോടുകൂടി നിഷേധം പൂര്‍ണ്ണമാകുന്നു. വിവരം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെങ്കില്‍ നടപടി എടുക്കാന്‍ അധികാരികളില്ലെന്ന  നില വന്നാല്‍ സാധാരണഗതിയില്‍ വിവരം നല്‍കാന്‍ വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക കാരണം കാണിച്ച് വിവരം നിഷേധിക്കാന്‍ ശക്തി പകരുകയാണ്. 
സംസ്ഥാന സര്‍ക്കാരിന്റെ ഓരോ വകുപ്പും തങ്ങളുടെ വകുപ്പിനു കീഴിലെ പൊതു അധികാര സ്ഥാനങ്ങളില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷകളുടെ എണ്ണം, എത്ര അപേക്ഷകളില്‍ വിവരം നല്‍കി, എത്ര അപ്പീല്‍ ഹര്‍ജി ലഭിച്ചു, വിവരം നല്‍കാത്തതിന്റെ പേരില്‍ എത്ര പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു, എത്ര രൂപ വിവരാവകാശ അപേക്ഷയില്‍ ഫീസിനത്തില്‍ ലഭിച്ചു എന്നീ വിവരങ്ങള്‍ അടങ്ങുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഓരോ വര്‍ഷവും വിവരാവകാശ കമ്മിഷനില്‍ നല്‍കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ കമ്മിഷന്‍ ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നുമുള്ള നിയമത്തിലെ വ്യവസ്ഥകളും സംസ്ഥാനത്ത് പരിപൂര്‍ണ്ണമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെയായിട്ടും വിവരാവകാശ നിയമം 25-ാം വകുപ്പ് അനുശാസിക്കും വിധം നിയമാനുസൃതമായി നടത്തിയിരിക്കേണ്ട ഈ നടപടികള്‍ സംസ്ഥാനത്ത് പാലിക്കപ്പെട്ടിട്ടില്ല. 
പൊതുതാല്‍പ്പര്യമുള്ള വിഷയത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ 1952-ലെ കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് അനുസരിച്ച് നിയമിക്കപ്പെട്ട സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു പൊതുരേഖയാണ്. പൊതുജന താല്‍പ്പര്യമാണ് ഏതെങ്കിലും സംരക്ഷിത താല്‍പ്പര്യത്തെക്കാള്‍ മുന്‍തൂക്കമെങ്കില്‍ വിവരാവകാശ നിയമം എട്ടാം വകുപ്പില്‍ നല്‍കേണ്ടതില്ലെന്ന് വിവരിച്ച് ഒഴിവാക്കപ്പെട്ട വിവരമാണെങ്കിലും ഔദ്യോഗിക രഹസ്യ നിയമപ്രകാരം നല്‍കാന്‍ പാടില്ലാത്ത വിവരമാണെങ്കിലും പൗരന് പ്രാപ്യമാകേണ്ടതാണെന്ന് വിവരാവകാശനിയമം 8(2)ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമവ്യവസ്ഥ പാടെ വിസ്മരിച്ചുകൊണ്ടാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമമനുസരിച്ച് നല്‍കാന്‍ പാടില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും നിയമമന്ത്രിയും ംപരസ്യപ്രസ്താവന നടത്തിയത്. മറ്റേതെങ്കിലും നിയമത്തില്‍ പൗരന് പ്രാപ്യമാക്കാന്‍ പാടില്ലാത്ത  വിവരങ്ങള്‍ പോലും വിവരാവകാശ നിയമമനുസരിച്ച് പൗരന് ലഭിക്കാന്‍ അവകാശമുണ്ടെങ്കില്‍ ആ വിവരം പ്രാപ്യമാകാന്‍ പൗരന് അവകാശമുണ്ടെന്നും  മറ്റ് നിയമങ്ങളെക്കാള്‍ വിവരം ലഭിക്കാന്‍ വിവരാവകാശ നിയമം 22-ാം വകുപ്പനുസരിച്ച് അധികപ്രഭാവമുണ്ടെന്ന വ്യവസ്ഥ വിസ്മരിച്ചുകൊണ്ടാണ്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമമനുസരിച്ച് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചത്. 
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതു അധികാരസ്ഥാനങ്ങളില്‍നിന്നും വിവരം നല്‍കുന്നതില്‍ തികച്ചും നിഷേധാത്മകമായ സമീപനങ്ങളാണ് ഉണ്ടായതെന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി, രാഷ്ട്രപതി എന്നീ ഉന്നത വ്യക്തികള്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ ഓഡിറ്റിങ്ങിനു പോലും വിധേയമാകാതെ പൊതുഖജനാവില്‍നിന്നും ചെലവഴിക്കപ്പെടുന്ന വന്‍തുകകളുടെ വിശദമായ കണക്കുകള്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നല്‍കിയാല്‍ ലഭ്യമാക്കിയിട്ടുണ്ടായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 2016 സെപ്തംബര്‍ മാസത്തെ കോഴിക്കോട് സന്ദര്‍ശനത്തോടനുബന്ധിച്ചും  പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ഓഫീസ് കോഴിക്കോട് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകള്‍ ചെലവഴിച്ച വന്‍തുകയെ സംബന്ധിച്ച് വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നല്‍കിയപ്പോള്‍ ടൂറിസം വകുപ്പും പൊതുഭരണ വകുപ്പും ചെലവഴിച്ച സംഖ്യയുടെ കണക്കുകള്‍ മാത്രം നല്‍കിയും മറ്റ് വിവിധ വകുപ്പുകള്‍ ചെലവഴിച്ച സംഖ്യയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും ശേഖരിക്കണം എന്ന സമീപനമാണുണ്ടായത്. വിവരാവകാശ നിയമം 6 (3) വകുപ്പനുസരിച്ച് ആവശ്യപ്പെട്ട വിവരം മറ്റ് പൊതു അധികാരസ്ഥാനവുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിവരം സൂക്ഷിച്ചിട്ടുള്ള പൊതു അധികാര സ്ഥാനത്ത് അപേക്ഷയുടെ പകര്‍പ്പ് അയച്ചുകൊടുത്ത്  അപേക്ഷകനെ വിവരം അറിയിക്കണമെന്ന വ്യവസ്ഥ അധികാരികള്‍ വിവരം നല്‍കാതിരിക്കാന്‍ വേണ്ടി വിസ്മരിക്കുകയാണ്. 
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് തന്നെ ഇതു സംബന്ധിച്ച് സര്‍ക്കാരിനു ലഭിച്ച നിയമോപദേശവും സര്‍ക്കാര്‍  നടപടിയും മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചു പ്രഖ്യാപിച്ചെങ്കിലും നിയമോപദേശത്തിന്റെ പകര്‍പ്പാവശ്യപ്പെട്ടപ്പോള്‍ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള നിയമോപദേശം വിവരാവകാശ നിയമം 8 (1) (എഫ്) അനുസരിച്ച് വിശ്വാസാധിഷ്ഠിതമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി നിഷേധിക്കുകയാണുണ്ടായത്. അഡ്വക്കേറ്റ് ജനറലും  സര്‍ക്കാരും തമ്മില്‍ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധമായി വ്യാഖ്യാനിച്ചാലും 'പൗരന്‍' എന്നത് സര്‍ക്കാരുള്‍പ്പെട്ട  കക്ഷിയായി വ്യാഖ്യാനിച്ചാലും 8 (1) (എഫ്) വകുപ്പിന്റെ വ്യവസ്ഥയനുസരിച്ചാണെങ്കില്‍പ്പോലും പൊതുതാല്‍പ്പര്യം കണക്കിലെടുത്തു നല്‍കാവുന്ന വിവരം നിഷേധിക്കുകയാണുണ്ടായത്. 
ജനാധിപത്യ ഭരണസംവിധാനത്തില്‍ ജനങ്ങളെ ഏറെ ശാക്തീകരിക്കപ്പെട്ട ഒരു വിപ്ലവ ജനപക്ഷ നിയമം ഭരണകൂടത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും മറച്ചുപിടിക്കാന്‍ വേണ്ടി അട്ടിമറിക്കപ്പെടുകയാണ്. നിയമത്തെ ദുര്‍ബ്ബലമാക്കാനുള്ള നീക്കങ്ങള്‍ വിവിധ തലത്തില്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ വിവരാവകാശ  നിയമത്തിനെതിരെ വാളോങ്ങിക്കഴിഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍നിന്നും വിവരാവകാശ നിയമം നീക്കം ചെയ്യാന്‍ തീരുമാനിച്ചത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിവരം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ നൂറോളം വിവരാവകാശ പ്രവര്‍ത്തകരെ കൊലചെയ്യപ്പെട്ടതിന്റെ പിന്നാലെയാണ് വിവരാവകാശ അപ്പീലും പരാതിയും നല്‍കിയ പരാതിക്കാര്‍ മരണപ്പെടുന്നതോടുകൂടി അപ്പീലും പരാതിയും അവസാനിച്ചതായി കണക്കാക്കണമെന്ന വ്യവസ്ഥയുള്‍പ്പെടുത്തിക്കൊണ്ട്  വിവരാവകാശ ചട്ടം ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വഴി വിവരാവകാശ നിയമത്തിന്റെ മരണ മണി മുഴങ്ങിക്കേട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യതാ പരീക്ഷ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള  കേന്ദ്ര വിവരാവകാശ  കമ്മിഷന്റെ വിധിക്കെതിരെ ഡല്‍ഹി സര്‍വ്വകലാശാല ബോധിപ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. 
നിയമനിര്‍മ്മാണം വഴി വിവരാവകാശനിയമത്തെ  ദുര്‍ബ്ബലമാക്കാന്‍ സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരും സുതാര്യമായ ഭരണക്രമം ഇഷ്ടപ്പെടാത്ത രാഷ്ട്രീയ നേതൃത്വവും വിവരാവകാശ നിയമത്തോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചുകൊണ്ട് നിയമത്തെ ഫലത്തില്‍ പരാജയപ്പെടുത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഭരണനേതൃത്വത്തിന്റെ ആശീര്‍വ്വാദത്തോടുകൂടിയുള്ള അപകടകരമായ ഇത്തരം നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചിട്ടില്ലെങ്കില്‍ വിവരാവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് എല്ലാ അര്‍ത്ഥത്തിലും അസാദ്ധ്യമായിത്തീരും; ആയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com