ആ മനശ്ശാന്തി തന്നെയാണ് ശൃംഗേരി

യാത്ര ഏതായാലും ഭാരരഹിതമായ ചുമടേന്തുന്നവനാണ് യഥാര്‍ത്ഥ യാത്രികന്‍
ആ മനശ്ശാന്തി തന്നെയാണ് ശൃംഗേരി

മടങ്ങുമ്പോള്‍ എന്തോ നേടിയെന്ന തോന്നലിനെക്കാള്‍ നേടിയതൊന്നും നേട്ടമല്ലെന്നും ജീവിതം മരണത്തിലേക്കുള്ള വഴിയാത്ര മാത്രമാണെന്നുമാണ് ശ്രാവണബല്‍ഗോള ഓര്‍മ്മിപ്പിക്കുന്നത്. യാത്ര ഏതായാലും ഭാരരഹിതമായ ചുമടേന്തുന്നവനാണ് യഥാര്‍ത്ഥ യാത്രികന്‍. വി.കെ. ദീപ എഴുതുന്നു

ഗുംബെ മഴക്കാടുകളിലെ വിഭാന്ധക പര്‍വ്വതത്തിന്റേയും ഋഷ്യശൃംഗ ഗിരിനിരകളുടേയും നിഴല്‍ഛായത്തണു പറ്റിക്കിടക്കുന്ന ശൃംഗേരിയിലേക്കുള്ള പാതകള്‍ യാത്രയിലുടനീളം അനുഭവിപ്പിച്ച മനഃശാന്തി തന്നെയാണ് ഒടുവില്‍ ചെന്നെത്തുമ്പോള്‍ ശൃംഗേരി.
ദക്ഷിണ ചിറാപ്പുഞ്ചിയെന്ന വിളിപ്പേരിന്റെ അഭിമാനം കാത്ത് വേനല്‍ത്തീയ്യിലും ഇലപ്പച്ചക്കുളിര്‍ക്കാറ്റ് വീശിയാണ് ആഗുംബെയുടെ സ്വീകരണം. രാജവെമ്പാല നാഷണല്‍ പാര്‍ക്കാണിവിടം. ഇത്തരം മഴക്കാടുകളുടെ അടിത്തണുപ്പിന്റെ രാജകീയതകളില്‍ കഴിയുന്ന നാഗചക്രവര്‍ത്തി നഗരത്തില്‍ കാഴ്ചവസ്തുവായി എത്തുമ്പോള്‍ വെറുതെയല്ല ശീതീകരിച്ച കൂടൊരുക്കുന്നത്. 
വഴി ചോദിക്കാന്‍ അധികമാരേയും കാണാത്ത വിജനപാതകളാണ് ശൃംഗേരിയിലേക്കുള്ളതെങ്കിലും, അധികം വഴിതെറ്റാനില്ലാത്ത പാതകളാണ് ശൃംഗേരിയിലേക്ക്. ഋഷ്യശൃംഗഗിരി എന്നതാണ് ശൃംഗഗിരിയായും പിന്നീട് ശൃംഗേരിയായും ലോപിക്കപ്പെട്ടത്. 

കണ്ണുകുളിര്‍ന്ന് ഹൃദയം നിറയുന്ന കാട്ടുപച്ചപ്പിന്റേയും നാട്ടുപച്ചപ്പിന്റേയും കാഴ്ചകളിലൂടെ, ഹെബ്രിയില്‍നിന്ന് ആംഗുബെയിലേക്കുള്ള വഴികളിലെ കൃത്യമാര്‍ന്ന അഴകളവുകളോടെ ഒടിഞ്ഞുമടങ്ങിയ ഹെയര്‍പ്പിന്‍ വളവുകളും കുത്തനെയുള്ള കയറ്റങ്ങളും കയറിമറിഞ്ഞ് ശൃംഗേരിയുടെ സ്വസ്ഥതയെ ചെന്നുതൊട്ടു. 
ആദ്യകാഴ്ചയില്‍ അധികം ജനത്തിരക്കില്ലാത്തൊരിടം എന്ന തോന്നലുണ്ടായതിനെ വിദ്യാശങ്കര ക്ഷേത്രാങ്കണത്തിലെ അതിവിശാല പാര്‍ക്കിംഗ് ഗ്രൗണ്ട് നിറഞ്ഞുകിടന്ന വാഹനക്കാഴ്ച മായ്ചുതന്നു. 
ഉത്സവകാലമോ എന്തെങ്കിലും പ്രത്യേക ദിനമോ അല്ലാഞ്ഞിട്ടും ആദിശങ്കരന്റെ നാലാം അദൈ്വത മഠമായ ശൃംഗേരി ജനനിബിഡം. എന്നാല്‍, വിദ്യാശങ്കര ക്ഷേത്രം നിലനില്‍ക്കുന്ന പ്രകൃതിയുടെ അതിവിശാലത, ഈ ജനത്തിരക്കിലും ഓരോരുത്തര്‍ക്കും അവരാഗ്രഹിക്കുന്ന വ്യക്തിഗത ഏകാന്തത സമ്മാനിക്കുന്നതിനാല്‍ എല്ലാ ബഹളങ്ങള്‍ക്കും മുകളില്‍ ആത്മീയത അനുഭവിക്കാനാവുന്നു. 
അക്ഷരമറിയാത്തവരെക്കാള്‍ അക്ഷരമറിയുന്നവനായിരുന്നു ശങ്കരന്റെ അദൈ്വതം വഴങ്ങിയിരുന്നതെന്നതിനാല്‍ മധ്യവര്‍ഗ്ഗത്തില്‍ പെട്ടതും അതിനും മുകളിലേക്കുള്ള തീര്‍ത്ഥാടകരാണധികവും.
തുംഗാ നദിക്കരയിലാണ് വിദ്യാശങ്കര ക്ഷേത്രവും ശാരദാമന്ദിറും. സര്‍വ്വജ്ഞപീഠാരോഹണത്തിനു ശേഷം വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു മഠങ്ങള്‍ സ്ഥാപിച്ച ശങ്കരന്‍ അദൈ്വത പ്രചരണാര്‍ത്ഥം നാലാം മഠം തെക്കേ ഇന്ത്യയില്‍ സ്ഥാപിക്കാനൊരു സ്ഥലം തേടിയലയുമ്പോള്‍ ആത്മപോഷണാര്‍ത്ഥം ധ്യാനത്തിലിരുന്നത് തുംഗാനദിക്കരയിലായിരുന്നു. ധ്യാനശേഷം കണ്ണു തുറന്ന ശങ്കരന്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. 

ഗര്‍ഭിണിയായ തവളയെ വെയില്‍ച്ചൂടില്‍നിന്ന് രക്ഷിക്കാന്‍ പത്തിവിടര്‍ത്തി നാഗം തവളയ്ക്ക് തണലാകുന്നു.  പ്രകൃതിയിലെ നിതാന്തവൈരികള്‍ എന്നു മുദ്രകുത്തപ്പെട്ടവര്‍ പോലും സഹജീവിസ്‌നേഹം പ്രകടിപ്പിക്കുന്ന ഇവിടമാകട്ടെ തന്റെ നാലാം മഠം എന്നു തീരുമാനിച്ച ശങ്കരന്‍ കശ്മീരില്‍നിന്നും കൊണ്ടുവന്ന ശാരദാദേവിയുടെ ചന്ദനവിഗ്രഹം ശൃംഗേരിയില്‍ സ്ഥാപിച്ചു. പില്‍ക്കാലത്തുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ച ആ ചന്ദനവിഗ്രഹത്തിനു പകരം ഇപ്പോഴുള്ളത് സുവര്‍ണ്ണ വിഗ്രഹമാണ്. പ്രൗഢമായ ആഢ്യത്വം പ്രകടമാണ് ക്ഷേത്രത്തിനകത്തും പുറത്തും ആചാരാനുഷ്ഠാനങ്ങളിലും ഭക്തരിലും. അതുകൊണ്ടുതന്നെ ശ്രീകോവിലും പരിസരവും മനുഷ്യനാല്‍ സമ്പന്നമാക്കപ്പെട്ടിട്ടുണ്ടാവും എന്നു മുന്‍വിധി തോന്നിയത് തെറ്റിയില്ല. ഗ്രാനൈറ്റില്‍ പൊതിഞ്ഞ ശാരദാമന്ദിറും വിഘ്‌നേശ്വര ക്ഷേത്രവും സുവര്‍ണ്ണമയം. അതിസമ്പന്നത അനുഭവിപ്പിക്കുന്ന ദൈവീകമായ ഇടങ്ങളില്‍ ഉള്ള ഭക്തിപോലും മറന്ന് ഞാനൊരു കാഴ്ചക്കാരിയാവും. 
ശൃംഗേരി മഠാധിപന്മാര്‍ ഉപയോഗിക്കുന്ന സുവര്‍ണ്ണപീഠവും സിംഹാസനങ്ങളും ചില്ലുകൂട്ടില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. സര്‍വ്വവും പരിത്യജിച്ച് സംന്യാസത്തിനിറങ്ങുന്ന മഹത്തുക്കള്‍ക്ക് പോലും സ്വര്‍ണ്ണത്തിലുള്ള 'പിടി' അയയുന്നില്ലെങ്കില്‍ ലൗകികജീവിതത്തില്‍ അഭിരമിക്കുന്ന സാധാരണക്കാരുടെ സ്വര്‍ണ്ണമോഹത്തെ ന്യായീകരിക്കാവുന്നതേയുള്ളൂ. സ്വര്‍ണ്ണമോഹികള്‍ എന്നു മുദ്രകുത്തപ്പെടുന്ന സ്ത്രീകള്‍ എത്ര പാവങ്ങള്‍!
ശാരദാമന്ദിറിനു തൊട്ടുതന്നെയാണ് പൗരാണികമായ വിദ്യാശങ്കര ക്ഷേത്രാങ്കണം. അതിപ്രഗല്‍ഭരും നിര്‍മമരും നിഷ്‌കാമികളുമായ ഗുരുവര്യന്മാരുടെ ചരിത്രം ഉറങ്ങുന്ന ശൃംഗേരിയില്‍ ഗുരു വിദ്യാശങ്കരന്റെ ഓര്‍മ്മയ്ക്കായി വിജയനഗര രാജാക്കന്മാരുടെ സഹായത്താല്‍ പതിന്നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് വിദ്യാശങ്കര ക്ഷേത്രം. ഹൊയ്‌സാലരുടേയും ദ്രാവിഡരുടേയും ശില്‍പ്പകലാ മിശ്രണമാണ് ക്ഷേത്രം. സാധാരണ കാണാത്ത വേറിട്ടൊരു ആകൃതിയില്‍ ഒരു രാജകീയ അരയന്നം ഭൂമിയില്‍ പതിഞ്ഞിരിക്കുന്ന മാതൃകയാണ് ശില്‍പ്പികള്‍ ക്ഷേത്രത്തിന് നല്‍കിയിരിക്കുന്നതെന്നത് കാഴ്ചയെ രാജകീയമാക്കുന്നു.
ശാരദാമന്ദിറും അനുബന്ധ ക്ഷേത്രങ്ങളും ലൗകിക ജീവിതസമ്പന്നതകളുടെ ആര്‍ഭാട പൂര്‍ണ്ണക്കാഴ്ചയാവുമ്പോള്‍ വിദ്യാശങ്കര ക്ഷേത്രാങ്കണം പൗരാണികമായ ലാളിത്യ ഭക്തിയനുഭവമായി നമ്മളെ ദൈവസങ്കല്‍പ്പത്തോട് ചേര്‍ത്തുപിടിക്കന്നു. 
ആറു വാതിലുകളാണ് ക്ഷേത്രത്തിന്. ഉള്‍വശത്ത് പന്ത്രണ്ട് തൂണുകള്‍ സൂര്യമാസങ്ങളെ സൂചിപ്പിച്ചു നില്‍ക്കുന്നു. ഓരോ മാസവും ആ മാസത്തെ സൂചിപ്പിക്കുന്ന തൂണില്‍ പ്രകാശം വീഴും വിധമാണ് നിര്‍മ്മാണം. തൂണുകളില്‍ കാണുന്ന സിംഹരൂപങ്ങളുടെ വായില്‍ എല്ലാം തുണി തിരുകിവെച്ചിരിക്കുന്നു. സിംഹവായില്‍ തൊട്ടാല്‍ ഉരുളുന്ന ഒരു കല്ലുഗോളമുണ്ടത്രെ. കാഴ്ചക്കാര്‍ കൗതുകമടക്കാനാവാതെ അത് ഉരുട്ടി ഉരുട്ടി നശിപ്പിക്കുന്നതിനാലാവണം ഇപ്പോള്‍ തുണി തിരുകിവെച്ച് അടച്ചത്. ബുദ്ധനെ വിഷ്ണു അവതാരമായി അംഗീകരിക്കുന്ന ശില്‍പ്പങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ ധാരാളം കാണാം. പുരാണകഥാശില്‍പ്പങ്ങളും ധാരാളം. 
ക്ഷേത്രത്തിനു മുന്നിലെ പടവുകള്‍ ഇറങ്ങുന്നത് തുംഗാനദിയിലേക്കാണ്. തുംഗയിലെ മീനുകള്‍ക്ക് കാഴ്ചക്കാര്‍ തീറ്റ നല്‍കുന്നു. തീറ്റ അവിടെ വാങ്ങാന്‍ കിട്ടും. അങ്ങേയറ്റം വൃത്തിയോടെയാണ് കല്‍പ്പടവുകള്‍ പരിപാലിക്കുന്നത്. പടവുകളിലൊന്നും തീറ്റ ചിതറി കിടക്കുന്നില്ല. 
തീറ്റയുടെ ഊക്കുകൊണ്ടാണാവോ ചെറിയ കുട്ടികളെ വെട്ടിവിഴുങ്ങാന്‍ തക്ക വലുപ്പം തോന്നിക്കുന്ന കൂറ്റന്‍ മീനുകള്‍ തുംഗയുടെ ജലപ്പരപ്പിന് ഇരുള്‍കാളിമ നല്‍കി പുളയ്ക്കുന്നു. കൂറ്റന്‍ മീനുകളുടെ ആ പുളച്ചില്‍ കൗതുകത്തോടൊപ്പം ഭയവും ജനിപ്പിക്കുന്നതിനാല്‍ കാഴ്ചക്കാര്‍ കരയില്‍നിന്നേ തീറ്റ എറിയുന്നുള്ളൂ. വെള്ളത്തോട് കടുത്ത ഇഷ്ടമുള്ള കുട്ടികള്‍ പോലും ഭയന്ന് പിന്നോക്കം വലിഞ്ഞാണ് നില്‍പ്പ്. 
ചിലര്‍ പടവില്‍നിന്ന് കാല് വെള്ളത്തിലേക്ക് ഇറക്കാന്‍ ആയുമ്പോഴേയ്ക്കും അരുതെന്ന വിലക്കുശബ്ദം എവിടെനിന്നോ ഉയരുന്നുണ്ട് ഉച്ചഭാഷിണിയിലൂടെ.
പര്‍ദ്ദയണിഞ്ഞ ഇസ്ലാം വിശ്വാസികള്‍ കല്‍പ്പടവുകളില്‍ ഇരുന്ന് മീനുകളെ തീറ്റുന്നതും ക്ഷേത്രമുറ്റത്ത് കറങ്ങിനടക്കുന്നതും കലപിലാ സംസാരിച്ച് തുംഗയുടെ കുറുകെ കെട്ടിയ തൂക്കുപാലത്തിലൂടെ ആചാര്യസമാധി കാണാന്‍ പോവുന്നതും മനസ്സു നിറച്ചു. സ്വന്തം വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് ഞാന്‍, നീ എന്ന വിലക്കുകളില്ലാതെ അന്യന്റെ വിശ്വാസങ്ങളെ അറിയുന്നതും കാണുന്നതും ആദരിക്കുന്നതും യഥാര്‍ത്ഥ വിശ്വാസികളാണ്. സ്‌നേഹവും സാഹോദര്യവും മുഖമുദ്രയായ ഒരു മതവും മറ്റു മതങ്ങളെ വിലക്കുന്നുമില്ല. മതങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്തവരുടെ വിലക്കുകളും സംരക്ഷണവുമൊക്കെയാണ് പലപ്പോഴും മതങ്ങളെ വികലമാക്കുന്നത്.
കല്‍പ്പടവില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്റെ ശില്‍പ്പവും ഗര്‍ഭിണിയായ തവളയും കൊത്തിവച്ചിരിക്കുന്നു.
തൂക്കുപാലത്തിലൂടെ ഒരു കുട്ടിയാന ആചാര്യ സമാധിയില്‍നിന്നും അമ്പലം ലക്ഷ്യമാക്കി നടന്നുവരുന്നു. കുട്ടിയാനയല്ലേ എന്നു നിസ്സാരമാക്കി പാലത്തിന്റെ വശങ്ങളില്‍ ഒതുങ്ങി നിന്നവര്‍ ശരിക്കും പെട്ടു. തുമ്പിക്കൈ നീട്ടി സകലരേയും തോണ്ടിയും തൊട്ടുമാണ് കുസൃതിയുടെ നടപ്പ്. സന്ധ്യാസമയത്തെ ആചാരാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി ഭസ്മവും കുങ്കുമവും അണിഞ്ഞ് നന്നായി അണിയിച്ചൊരുക്കിയിട്ടുണ്ട് കുട്ടിക്കുസൃതിയെ. 
'ഗംഗാ സ്‌നാനം, തുംഗാപാനം' എന്ന് പുരാണങ്ങളാല്‍ പവിത്രമാക്കപ്പെട്ട തുംഗയ്ക്ക് കുറുകെ കെട്ടിയ തൂക്കുപാലത്തിലൂടെ ആചാര്യ സമാധിസ്ഥലിലേക്ക് നടന്നു. സന്ധ്യ കുറുകിക്കുറുകി വരുന്നതിനൊപ്പം സൂര്യന്റെ ചുവപ്പുരാശിയും ഭാവം മാറിവരുന്നു. പ്രകൃതിയില്‍നിന്നും വേര്‍തിരിച്ചെടുക്കാതെ സ്വാഭാവിക രീതിയില്‍ പ്രകൃതിയില്‍ നിലനിര്‍ത്തി തന്നെയാണ് സമാധിസ്ഥലം ഒരുക്കിയിരിക്കുന്നത്. പാലം കടന്നാല്‍ ചെന്നു കയറുന്നത് വിവിധ ഔഷധസസ്യങ്ങളാലും കൂറ്റന്‍ മരങ്ങളാലും നിബിഡമായ ഒരിടത്തേക്കാണ്. കല്ലുപാകിയ നടപ്പാതയിലൂടെ ഇലകള്‍ക്കിടയിലൂടെ കാറ്റുപായുന്ന മര്‍മ്മരങ്ങള്‍ കേട്ട് നടക്കുമ്പോള്‍ ഹൃദയം അപരിചിത താളത്തില്‍ മിടിക്കുന്നു. സന്ധ്യാനേരത്ത് ഇത്തരമൊരിടത്ത് അകപ്പെട്ടാല്‍ അതു നമ്മളെ അഭൗമതയിലേക്ക് തെറ്റിത്തെറിപ്പിക്കും. മരണത്തിനും ജീവിതത്തിനുമിടയിലെ ശൂന്യസ്ഥലിയില്‍ നിസ്സംഗതയുടെ പരകോടിയില്‍ എരിഞ്ഞുകത്തും മനസ്സ്. 
പക്ഷികളുടെ കൂജനത്താല്‍ മുഖരിതമാണ് അന്തരീക്ഷം. ഓരോ മരവും സന്ധ്യയുടെ ചുവപ്പുരാശിയില്‍ ഇലപ്പച്ചയുടെ ഇരുള്‍കാളിമയേന്തി വിഷാദാര്‍ദ്രമായി കിളിയൊച്ചയില്‍ പാടും പോലെ! ഓരോ മരത്തിലും ചേക്കേറിയ നാനാജാതി പക്ഷികള്‍ ഒന്നിനോടൊന്നു ചേര്‍ത്ത് ഏറ്റുപാടുകയാണ് അതീന്ദ്രിയ ഗാനം. കണ്ണടച്ചു കേട്ടാല്‍ ഇന്ദ്രിയാതീതനായ സ്രഷ്ടാവിന്റെ വിരലുകള്‍ പറവകളിലൂടെ സിംഫണി സൃഷ്ടിക്കുന്ന വിസ്മയത്തിലലിഞ്ഞില്ലാതെയാവാം. ഏറെക്കാലത്തിനു ശേഷമാണ് സന്ധ്യാസമയത്തെ പ്രകൃതിയുടെ ഈ ബിജീയെം കേള്‍ക്കുന്നത്. മനസ്സില്‍ അഴിയാതെ കിടന്നിരുന്ന അവസാന കെട്ടുമഴിഞ്ഞ് സ്ഫടിക ശുദ്ധ സുതാര്യതയില്‍ മനസ്സു നില്‍ക്കുമ്പോഴുള്ള തൂവല്‍ഭാരം അനുഭവമാകുന്നു. 
ആത്മീയതയുടെ ഔന്നത്യങ്ങളിലാണ് സമാധിസ്ഥലം. ആഴമുള്ള നിശ്ശബ്ദത തരുന്ന സുഖത്തില്‍ മഠാധിപതികളുടെ സമാധികളില്‍ ധ്യാനത്തിലിരിക്കുന്നു ഭക്തര്‍. ഓരോ സമാധികളിലും ഗുരുവര്യന്മാരുടെ ചരിത്രമെഴുതിവച്ചിരിക്കുന്നു. കോടികളുടെ ഒരു വമ്പന്‍ പ്രൊജക്ട് ഏതോ ഭക്തര്‍ ഓഫര്‍ ചെയ്തതിന്റെ പരസ്യവും അവിടെ കണ്ടു. ആ പ്രൊജക്ട് നടക്കും മുന്‍പ് ശൃംഗേരി സന്ദര്‍ശിക്കാനായത് ദൈവം അറിഞ്ഞു തന്ന ഭാഗ്യം!
ഇരുള്‍ കയറിക്കയറി വരുന്നത് കണ്ടപ്പോള്‍ പാലത്തിലൂടെ വീണ്ടും ക്ഷേത്രാങ്കണത്തിലേക്ക് നടന്നു. ചിലങ്കയിട്ട കുട്ടിയാന കളിച്ചു മദിക്കുകയാണ് ക്ഷേത്രമുറ്റത്ത്. കാലുകളില്‍ ചങ്ങലക്കിലുക്കത്തിനു പകരം ചിലങ്കക്കിലുക്കം! സന്തോഷകരമായ കാഴ്ച. അനാവശ്യമായി നിയന്ത്രിക്കപ്പെടാത്തതിന്റെ ആഹ്ലാദമുണ്ടവന്റെ ചലനങ്ങള്‍ക്ക്. ഒറ്റമുറിപ്പാടുപോലും ദേഹത്തില്ലാത്ത, തടിച്ചുരുണ്ട ആ ആനച്ചെക്കനോട് വികൃതിക്കുട്ടികളോടെന്നപോലെയൊരു വാത്സല്യം ഉള്ളിലൂറി വന്നു. 
രാത്രിയും പകലുമൊക്കെ നിശ്ചിത സമയത്ത് സൗജന്യ ഭക്ഷണ വിതരണമുണ്ട് ക്ഷേത്രത്തില്‍. ഇവിടുത്തെ രീതികള്‍ വച്ചു നോക്കിയാല്‍ അതു നിലവാരം പുലര്‍ത്തുന്നതു തന്നെയാവും. ക്ഷേത്രകവാടത്തിനോടു ചേര്‍ന്ന തെരുവില്‍ ക്ഷേത്രം വക നല്ലൊരു ഗസ്റ്റ് ഹൗസ്. തെരുവില്‍ അത്യാവശ്യം തരക്കേടില്ലാത്ത നോര്‍ത്ത്, സൗത്ത് ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഭോജനശാലയും ലഭ്യം. താമസത്തിന് മുന്തിയ പട്ടണത്തിലെ വില തന്നെ ഈടാക്കുന്നുവെങ്കിലും സൗകര്യങ്ങള്‍ പരിമിതമാണ്. 
പരിചിതമല്ലാത്ത രുചികളിലുള്ള ബ്രാഹ്മണീയ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി ഒരു പാക്കറ്റ് പപ്പടവും അമ്പഴങ്ങ അച്ചാറും കൊണ്ടാട്ടവും വാങ്ങി. സംവൃതാ സുനിലിനെ ഓര്‍മ്മിപ്പിക്കുന്ന മുഖവും ആ മുടമ്പല്ലു ചിരിയുമുള്ള കടയുടമയോട് തര്‍ക്കിക്കുകയാണ് സാധനങ്ങള്‍ വാങ്ങുന്ന രണ്ട് സ്ത്രീകള്‍. തൊട്ടപ്പുറത്തെ കടയില്‍ ഇതിനെക്കാള്‍ വില കുറവാണെന്നും ആ വിലയില്‍ ഈ കടയില്‍നിന്നും സാധനങ്ങള്‍ ലഭിക്കണം എന്നതുമാണവരുടെ ആവശ്യം. വില കുറഞ്ഞിടത്തുനിന്നും വാങ്ങാതെ നിങ്ങള്‍ എന്തിന് ഇങ്ങോട്ടു പോന്നു എന്ന് കുസൃതിക്കണ്ണ് മിന്നിച്ച് കടയുടമസ്ഥന്റെ മറുചോദ്യം. ഒപ്പം 'ഞാനാണെങ്കില്‍ വില കുറവെന്നു കണ്ടാല്‍ അപ്പം അവിടുന്നു വാങ്ങിയേനെ' എന്നൊരു കൊട്ടും!
പിന്നെ 'ഞാനിതൊക്കെ എത്ര കണ്ടതാ' എന്ന മട്ടില്‍ ഞങ്ങളോടു കണ്ണിറുക്കുമ്പോള്‍ കവിളില്‍ ഒളിച്ചിരിക്കുന്ന നുണക്കുഴി പുറത്തുചാടി. 
കാണാത്ത സാധനങ്ങളും അറിയാത്ത രുചികളും അവയുടെ പ്രത്യേകതകളും ചോദിച്ചന്വേഷിച്ച് വാങ്ങുന്ന ഞങ്ങളോട് അയാള്‍ സ്‌നേഹമായി. സാധനങ്ങള്‍ വാങ്ങി യാത്ര പറയുമ്പോള്‍ സംവൃതാ സുനില്‍ നുണക്കുഴിച്ചിരിയോടെ നക്ഷത്രക്കണ്ണ് തിളക്കി യാത്രാമൊഴി മടക്കി. 
സമ്പന്നതയുടേയും ധാരാളിത്തത്തിന്റേയും നേര്‍ക്കുള്ള ചില ചോദ്യം ചെയ്യലുകള്‍ മാറ്റിനിര്‍ത്തിയാല്‍ ശൃംഗേരി ആത്മീയാനുഭവം തന്നെയാണ്. കാഴ്ചയെക്കാള്‍ അനുഭവമായി ഉള്ളിയില്‍ പതിയുന്നൊരിടം. പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാതെ പ്രകൃതിയോട് ചേര്‍ന്നുനിന്ന് ധ്യാനിക്കാതെ ധ്യാനം അനുഭവിപ്പിക്കുന്ന ഒരിടം. നമുക്കുള്ളിലെ നമ്മളെ നമ്മള്‍ തിരിച്ചറിയുന്നൊരിടം!


ശ്രാവണബല്‍ഗോളയും ദിഗംബര സ്മൃതികളും
 

ഒരു പൂര്‍ണ്ണകായ പുരുഷ നഗ്‌നത വിലക്കുകളില്ലാതെ, ഒളിമറകളില്ലാതെ കണ്ടത് എട്ടാം തരത്തിലെ ചരിത്രപുസ്തകത്തിലാണ്. 
അനന്തതയിലേക്ക്  മിഴികള്‍ നീട്ടി വള്ളിപ്പടര്‍പ്പുകള്‍ പടന്നുകയറിയ കൈകള്‍ തളര്‍ത്തി തൂക്കിയിട്ട് അങ്ങേയറ്റം നിര്‍മമവും നിസ്സംഗവുമായി നിന്ന ബാഹുബലിയുടെ നഗ്‌നത ഒട്ടും അശ്ലീലമായല്ല, മറിച്ച് ആദരണീയമായാണ് തോന്നിയത്. ജനിച്ചുവീഴുമ്പോഴുള്ള സ്വാഭാവിക നഗ്‌നതയോടെ മരിച്ചുവീണവനോടുള്ള ബഹുമാനം. വലുതായാല്‍ ശ്രാവണബല്‍ഗോള പോയി ബാഹുബലിയെ നേരില്‍ കാണുമെന്ന് ഉറപ്പിച്ചുവെങ്കിലും അതിനും മാത്രം 'വലുതാവാന്‍' കാലം ഈയടുത്ത കാലം വരെ എന്നെ കാത്തിരുത്തി. 
സ്മൃതിപഥങ്ങളില്‍ നിന്നെപ്പോഴോ വഴുതിമാറി പതിയെ മറവിയുടെ ഇരുട്ടിലകപ്പെട്ട ബാഹുബലിയെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചത് ഒരു മാഗസിനില്‍ വന്ന മോഹന്‍ലാലിന്റെ കവര്‍ചിത്രമാണ്. മഴയില്‍ കുതിര്‍ന്ന് വഴുക്കുന്ന വിന്ധ്യാഗിരിയുടെ കരിങ്കല്‍ പടവുകളിലൂടെ മഴനൂലുകള്‍ വകഞ്ഞുമാറ്റി നഗ്‌നപാദനായി പടികയറുകയാണ് ലാല്‍. അതു കണ്ടപാടെ ബാഹുബലിക്കാഴ്ചയ്ക്കുള്ള എന്റെ കൊതി എന്റെ ഏതാഗ്രഹത്തിനും ഞാന്‍ വിചാരിക്കുന്നതിലുമേറെ പരിഗണന ലഭിക്കുന്ന ഒരിടത്താണ് അറിയിച്ചതെന്നതിനാല്‍ കാര്യത്തിന് ഉടനടി തീര്‍പ്പായി. 
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമസ്തകാഭിഷേക സമയത്ത് ഗോമതേശ്വര പ്രതിമയില്‍ അര്‍പ്പിക്കുന്ന പാലും നാണയങ്ങളുമൊക്കെ വിന്ധ്യാഗിരിക്ക് താഴെയുള്ള ഗ്രാമഭവനങ്ങളില്‍ തെറിച്ചെത്തുമെന്ന കാല്‍പ്പനിക ഭാവനയുടെ കഥകളില്‍ നിറം പിടിച്ച മനസ്സുമായി തൊട്ടടുത്ത ദിവസം തന്നെ ശ്രാവണബല്‍ഗോള തേടിയിറങ്ങി. 
ഹൈവേകള്‍ ഒഴിവാക്കി സമാന്തര നാട്ടുപാതകളിലൂടെ സഞ്ചരിക്കുന്ന ദേശത്തിന്റെ ഉള്ളു തൊട്ടെടുത്തുകൊണ്ടായിരുന്നു മൈസൂരിലെ ഹാസ്സന്‍ ജില്ലയിലെ ഗോമതേശ്വര പ്രതിമ തേടിയുള്ള യാത്ര.  ശ്രാവണബല്‍ഗോളയിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്ത വിജനവഴികളും കന്നഡയില്‍ മാത്രമെഴുതിയ ദിശാസൂചകങ്ങളും കന്നഡ മാത്രമറിയുന്ന ഗ്രാമീണരും പണി തന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതൊക്കെത്തന്നെയാണ് ഇത്തരം യാത്രകളുടെയൊരു രസം! ഗൂഗിള്‍പെണ്ണിനോട് വഴി ചോദിച്ചാല്‍ എങ്ങനെയെങ്കിലും ഹൈവേയിലേക്ക് കയറ്റിവിടാനാണ് അവളുടെ ശ്രമം. 
എന്നാല്‍ ഉദ്ദേശിച്ചാല്‍ എത്തേണ്ടിടത്ത് എത്തിയിരിക്കും എന്നുള്ളതിനാല്‍ എത്തപ്പെട്ട  ശ്രാവണബല്‍ഗോളയോട് അടുക്കുംതോറും കണ്ണ് തിരയുന്നത് ഒരു യാത്രാവിവരണത്തില്‍ വായിച്ച 5 കിലോമീറ്റര്‍ ദൂരെനിന്നുപോലും കാണാനാവുന്ന ബാഹുബലിയുടെ ഭീമാകാര പ്രതിമയാണ്. 
അത്രന്നേരവും ആ കാഴ്ചയെക്കുറിച്ച് 'എഴുതിയ വിവരണത്തെപ്പറ്റി വാചാലയായ എന്നോട് എഴുതിപൊലിപ്പിക്കുന്നതും നേരിട്ടുള്ള കാഴ്ചയും രണ്ടാണെടീ' എന്ന ഉപദേശ കളിയാക്കലിന്  ഒരു കിലോമീറ്റര്‍ ചുറ്റളവിലായിട്ടുപോലും ബാഹുബലി കണ്ണില്‍പ്പെടാത്തതിനാല്‍ ഞാന്‍ തികച്ചും അര്‍ഹതന്നെ!
വിന്ധ്യാഗിരിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ വഴിയിലൂടെയാണ്  ശ്രാവണബല്‍ഗോളയിലേക്ക് പ്രവേശിച്ചത്. വഴിനിറയെ പച്ചക്കറി കച്ചവടക്കാരാണ്. കുന്നിനുമുകളിലെ കൂറ്റന്‍മതില്‍ക്കെട്ടിനു പുറമേയ്ക്ക് ബാഹുബലിയുടെ തല ഇടയ്ക്ക് എപ്പോഴോ ചെറുങ്ങനെയൊന്ന് കണ്ടോ എന്നു സംശയം. അത്രതന്നെ!
ആവറേജിനും താഴെയുള്ള ചെറിയ പട്ടണമാണ് ലോക ടൂറിസ്റ്റ് മാപ്പില്‍ ഇടംപിടിച്ച  ശ്രാവണബല്‍ഗോള. ഉയര്‍ന്ന നിലവാരമുള്ള താമസസൗകര്യമോ റസ്റ്റോറന്റുകളോ ഇല്ല. ഉച്ചയായതിനാല്‍ നെറ്റ് ഒന്നു പരതി ഹോട്ടല്‍ രഘുവിലെ ഭക്ഷണം കൊള്ളാം എന്ന റിവ്യൂവില്‍ വിശ്വാസമര്‍പ്പിച്ച് അവിടെ കയറി. സംഗതി കലക്കന്‍. ഭക്ഷണം ആസ്വദിച്ച് ഉണ്ടാക്കുന്നവനാണ് പണ്ടാരിയെന്ന് ഭക്ഷണം പറയുന്നു. അമിത അളവില്ലാത്തതിനാല്‍ വയറുനിറച്ച് കഴിച്ച ഭക്ഷണത്തെ തള്ളിപ്പറയാത്ത ആമാശയം തരുന്ന സുഖം വേറെയും!
ശ്രാവണബല്‍ഗോളയില്‍ വിന്ധ്യാഗിരിയെന്ന ഉയരംകൂടിയ കുന്നും ചന്ദ്രഗിരിയെന്ന അത്ര ചെറുതല്ലാത്ത കുന്നും ഉണ്ട്.  ശ്രാവണബല്‍ഗോള വിവരണങ്ങളില്‍ പൊതുവേ ചന്ദ്രഗിരിയെക്കുറിച്ച് പറയാറില്ല. വിന്ധ്യാഗിരിക്ക് മുകളിലാണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ശില്‍പ്പമായ ബാഹുബലി 58 അടി ഉയരത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്. 
ഹോട്ടല്‍ രഘുവില്‍നിന്നും നോക്കിയാല്‍ നട്ടുച്ചച്ചൂടില്‍ ഒരുനുള്ളു തണല്‍ പോലുമില്ലാതെ ചുട്ടുപഴുത്തു കിടക്കുന്ന വിന്ധ്യാഗിരി കയറുന്ന ആള്‍ക്കൂട്ടം കാണാം. ജൈനരും കേവല സഞ്ചാരികളുമൊക്കെയുണ്ട് ആ കൂട്ടത്തില്‍. ടൂറിസ്റ്റ് ബസ്സുകളില്‍ വന്ന ചിലര്‍ സമയപരിമിതിയെക്കാള്‍ ഉപരി കാല് ചുട്ടുപൊള്ളുന്നതുകൊണ്ടാവണം പടികള്‍ ഓടിക്കയറുന്നത്. ശാരീരിക പീഡകള്‍ വ്രതമായി എടുക്കുന്ന ജൈനര്‍ക്ക് ഈ കയറ്റം ആനന്ദമെങ്കിലും സാധാരണക്കാര്‍ക്ക് ഈ നട്ടുച്ചക്കയറ്റം അത്ര സുഖകരമാവാനിടയില്ല. 
അവിടെയുമിവിടെയുമൊക്കെയൊന്ന് ചുറ്റിയടിച്ച് വെയില്‍ താന്നാണ് മല കയറാനെത്തിയത്. പാദരക്ഷകള്‍ അടിവാരത്തില്‍ അഴിച്ചുവെച്ച് കാലുകഴുകി വേണം മല കയറാന്‍. വിദേശികള്‍ സോക്‌സ് വാങ്ങി ധരിച്ചാണ് കയറുന്നത്. യാതൊരു കായികവ്യായാമങ്ങളും ചെയ്യാതെ സുഖലോലുപജീവിതം ജീവിക്കുന്നതിന് ഞാന്‍ എന്നെത്തന്നെ തെറിവിളിക്കുംവിധം കിതച്ചും നിന്നും പിന്നെ വിശ്രമിച്ചും ആണ് എന്റെ പടികയറ്റം. നന്നേ വീതികുറഞ്ഞ് ചെത്തിയെടുത്ത കരിങ്കല്‍ പടവുകള്‍. കയറുന്നവര്‍ക്ക് വീഴാതിരിക്കാന്‍ ഒരു കൈത്താങ്ങിന് സ്ഥാപിച്ച ഹാന്‍ഡ് റെയിലില്‍ പലപ്പോഴും ശരീരം കുത്തിച്ചാരി നിര്‍ത്തി എനിക്ക് വിശ്രമം എടുക്കേണ്ടിവരുന്നുണ്ട്.
മുകളിലേക്ക് നോക്കുമ്പോഴൊക്കെയും ബാഹുബലി അദൃശ്യന്‍ തന്നെ. മതില്‍ക്കെട്ടിന്റെ പുറംഭാഗം മാത്രമാണ് ദൃശ്യം. കുന്നുകയറി ഏറെക്കുറെ നിരപ്പുള്ള ഒരിടത്തെത്തുമ്പോള്‍ ആദ്യം കാണുന്നത് ചെറിയൊരു ബസ്തിയാണ്. അതിന്റെ ഇരുള്‍തണുപ്പില്‍ ഒളിഞ്ഞിരിക്കുന്ന തീര്‍ത്ഥങ്കര പ്രതിമ കണ്ട് ഇറങ്ങി ബസ്തിയുടെ വശം ചേര്‍ന്നു നടന്നുവേണം ബാഹുബലി നില്‍ക്കുന്ന  വിശാലമായ കെട്ടിന്റെ പടിവാതില്‍ക്കല്‍ എത്താന്‍. പാറ നിറയെ ശിലാലിഖിതങ്ങളാണ്. അവ ഫ്രെയിം ചെയ്ത് ചില്ലുമൂടി സംരക്ഷിക്കപ്പെട്ടിരുന്ന കാഴ്ചയുടെ സന്തോഷം ചില്ലറയല്ല. വൃത്തിയുള്ള ഉരുണ്ട കയ്യക്ഷരത്തില്‍ ആരോ പാറപ്പുറത്ത് എഴുതിവെച്ചപോലെയുണ്ട് കല്ലില്‍ കൊത്തിയെടുത്ത ലിഖിതങ്ങള്‍. 
മതില്‍ക്കെട്ടിന്റെ പ്രവേശനകവാടം കടന്നതുമതാ നിവര്‍ന്നുനില്‍ക്കുന്നു ബാഹുബലി. പ്രതിമയുടെ സംരക്ഷണാര്‍ത്ഥം എന്തോ ലേപനങ്ങള്‍ പുരട്ടി അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനാല്‍ തലങ്ങും വിലങ്ങും കെട്ടിയ മുളകള്‍ക്കുള്ളിലാണ് ബാഹുബലി. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്കച്ചി കൊത്തി നശിപ്പിച്ചപോലെ മനസ്സില്‍ കാത്തുവെച്ച ബാഹുബലിയുടെ ദര്‍ശനഗാംഭീര്യവും വിശാലതയും മുളക്കെട്ട് നശിപ്പിച്ചു. വിശാലമായ കരിങ്കല്‍ത്തളത്തിലാണ് ബാഹുബലിയുടെ നില്‍പ്പ്. കരിങ്കല്‍ത്തളത്തിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നുള്ള ഇടനാഴിയില്‍ കരിങ്കറുപ്പ് നിറമുള്ള മിനുസശിലയില്‍ അനവധി തീര്‍ത്ഥങ്കരന്മാരുടെ പൂര്‍ണ്ണകായ പ്രതിമകള്‍. ഓരോന്നിലും അവരുടെ പേരും ജീവിച്ചിരുന്ന കാലവും അയാളപ്പെടുത്തിയിട്ടുണ്ട്. അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയതിന്റെയൊരു ലാളിത്യശാന്തത തരാന്‍ ജൈനബസ്തികള്‍ക്കാവും
ഇടനാഴിയില്‍ വലിയ വലിയ ചെമ്പുകുടങ്ങളും കുട്ടകങ്ങളും അടുക്കിവെച്ചിരിക്കുന്നത് കുംഭാഭിഷേകത്തിന്റെ ഓര്‍മ്മകളായിരിക്കണം. അഭിഷേകസമയത്ത് വലിയ കുംഭങ്ങളില്‍ പാലും നെയ്യും ചന്ദനവും ധാന്യമാവും കരിമ്പുനീരും മഞ്ഞളുമൊക്കെ പ്രതിമയുടെ തലയ്ക്കു മുകളില്‍ വര്‍ഷിക്കുമ്പോഴതില്‍ സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും ഉണ്ടാവുമത്രെ! പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആ ചടങ്ങ് ഇനി 2018-ലാണ്. 
പ്രതിമയുടേയും ബസ്തികളുടേയും മതില്‍ക്കെട്ടിന്റേയും വിന്ധ്യാഗിരിയുടേയുമൊക്കെ മൊത്തത്തിലുള്ള സെറ്റപ്പ് വെച്ചു നോക്കിയാല്‍ ഗ്രാമങ്ങളിലേക്ക് തെറിച്ചെത്തുന്ന പാല്‍ത്തുള്ളികളും വീടുകളിലേക്ക്  ഉരുണ്ടുകയറിച്ചെല്ലുന്ന നാണയങ്ങളും ഭാവനാസൃഷ്ടിതന്നെ! അങ്ങ് ദൂരെ ചന്ദ്രഗിരിയേയും അവിടുത്തെ ബസ്തികളേയും കാണിച്ചുതരുന്നുണ്ട് വിന്ധ്യാഗിരി. 
വന്നിട്ടിതുവരെ ഒരു മലയാളിമുഖമോ വാക്കോ കേള്‍പ്പിച്ചുതരാത്ത  ശ്രാവണബല്‍ഗോളയിലെ ബാഹുബലിക്കുന്നില്‍ നിറയെ വിദേശികളാണ്. അമ്മയേത് മകളേത് എന്ന് തിരിച്ചറിയാനാവാത്ത രണ്ടു വിദേശിനികള്‍ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ പറന്നുനടന്നു കാണുകയാണ് കാഴ്ചകള്‍! അവര്‍ അമ്മയും മകളും ആണെന്നും ആ ഗ്രൂപ്പ് മൊത്തം ഇസ്രയേലികള്‍ ആണെന്നും സൗഹൃദസംഭാഷണത്തിനിടെ മനസ്സിലായിരുന്നു. എല്ലാം വിശദമായി പഠിച്ചറിഞ്ഞ് വന്ന അവര്‍ ഓരോന്നും ഗൈഡിനോട് ചോദിച്ചറിഞ്ഞ് കാണുമ്പോള്‍ കൂറ കപ്പലുകാണും പോലുള്ള നമ്മുടെ സഞ്ചാരങ്ങള്‍ ഓര്‍ത്ത് ചിരിയും വന്നു. ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കാലാവസ്ഥയും ഭക്ഷണവും മറ്റുള്ളതുമല്ല. ഒരു വിദേശിയെ കണ്ടാല്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള നമ്മുടെ ആക്രാന്തമാണ്! കാഴ്ച കാണാന്‍ വരുന്നവര്‍ കാഴ്ചവസ്തു ആകുന്നതിലെ ദയനീയത അസഹനീയമാണ്. 
എനിക്കപ്പുറമിരുന്ന ഇന്ത്യന്‍ പൗരുഷ ഗാംഭീര്യതയിലേക്ക് നമ്മുടെ ശൈലിയില്‍ കള്ളനോട്ടമെറിയാതെ വ്യക്തമായിത്തന്നെ നോക്കി ആ ആണ്‍വിരലിലെ മോതിരത്തിന്റെ വന്യഭംഗിയില്‍ നടുക്കം പ്രകടിപ്പിക്കുന്ന ഇസ്രയേലി പെണ്‍കൂട്ടത്തിന്റെ കുസൃതികലര്‍ന്ന മുഖഭാവം ആസ്വദിച്ചിരിക്കുന്നതിനിടെ  കാവല്‍ക്കാരന്റെ ശബ്ദമുയര്‍ന്നു. സന്ദര്‍ശകരെ വിളിച്ചുകൂട്ടി പടിയിറക്കത്തിനുള്ള ഒരുക്കം കൂട്ടുകയാണയാള്‍. 
ആറുമണിവരെയാണ് സന്ദര്‍ശനസമയം. തളര്‍ന്നും കിതച്ചും പതിയെ പടികള്‍ കയറി ആറുമണിക്കടുത്ത് മലമുകളില്‍ എത്തിയവരോട് ഏതായാലും മലകയറി വന്നതല്ലേ എന്ന അലിവിന്റെ പരിഗണനയൊന്നും അയാള്‍ക്കില്ല. ഏതോ ദേശത്തുനിന്നും ദൂരങ്ങള്‍ താണ്ടി ചരിത്രസ്മാരകം കാണാനെത്തിയ സഞ്ചാരികള്‍ എന്ന ഉള്ളലിവില്ലാതെ  കാര്‍ക്കശ്യം പ്രകടിപ്പിച്ച അയാള്‍ക്ക് പ്രവേശനവാതില്‍ ആറുമണിക്ക് തന്നെ താഴിട്ട് പൂട്ടിയിട്ടേ ആശ്വാസമായുള്ളൂ! ഒരു മിനിറ്റു തെറ്റിയാല്‍ ജോലി തെറിക്കുമെന്ന മട്ടിലാണയാളുടെ പ്രകടനം. ഇത്തരം ഇടങ്ങളില്‍ ചരിത്രാവബോധമോ മാനുഷികമൂല്യങ്ങളോ ഇല്ലാത്തവരെ ജീവനക്കാരായി നിയമിക്കുന്നത് ഒരു തരത്തില്‍ പാതകം തന്നെ. ഇതൊരു സമയബന്ധിത ജോലി മാത്രമായി കണ്ട അയാള്‍ക്ക് എത്രയും പെട്ടെന്ന് മലയിറങ്ങാനാണ് തിടുക്കം. 
ദീപാലങ്കാരങ്ങളോ എണ്ണവിളക്കു പ്രകാശമോ ഇല്ലാതെ സന്ധ്യയെ അതിന്റെ സ്വാഭാവികതയില്‍ അതുപടി സ്വീകരിക്കുകയാണ് വിന്ധ്യാഗിരി.  താഴെയുള്ള വലിയ തീര്‍ത്ഥക്കുളവും ചെറിയ പട്ടണവും കണ്ട് അല്‍പ്പനേരം പടവുകളിലിരുന്നു. ജീവിതത്തിന്റെ വെമ്പലുകളെ നിരര്‍ത്ഥകമാക്കുന്ന ഒരിടം! മിക്കവാറും ജൈന ബസ്തികളും അത്തരം ഇടങ്ങളിലാണ്. 
ആണ്‍നഗ്‌നതയിലേക്ക് ആദ്യ സ്വതന്ത്രനോട്ടം തന്ന ബാഹുബലിയെ മറച്ച മുളക്കെട്ടുകളെ പ്രാകി, യുഗയുഗാന്തരങ്ങള്‍ക്ക് അപ്പുറത്തുനിന്ന് യുഗയുഗാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നോക്കി നില്‍ക്കുന്ന ആ ഏകശിലാ കല്‍ശരീരത്തെ തനിച്ചാക്കി മലയിറങ്ങി. 
മലയടിവാരത്തില്‍നിന്നും തെരുവിലേക്കിറങ്ങുമ്പോള്‍ ഒരാള്‍ 'നേമിനാഥ ജൈന്‍ ഭോജനാലയം' എന്ന ബോര്‍ഡ് ചൂണ്ടിക്കാട്ടിത്തന്ന് അവിടെ നല്ല ജൈന്‍ ഫുഡ് കിട്ടും എന്നു പറഞ്ഞു. ജൈനര്‍ സസ്യാഹാരികള്‍ എന്നതിനപ്പുറം യാതൊരുവിധ മൃഗ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാത്തവരാണ്. കാലടിയില്‍ ഉറുമ്പുപോലും പെടാതിരിക്കാന്‍ തലകുനിച്ചും സൂക്ഷ്മജീവികള്‍ വായുവിലൂടെ വായിലകപ്പെടാതിരിക്കാന്‍ വാ മൂടിക്കെട്ടിയും നടക്കുന്ന വര്‍ഗ്ഗം ചെടികള്‍ക്കും ജീവനുണ്ട് എന്ന വസ്തുത അത്ര കാര്യമായിട്ടെടുക്കാത്തത് ഭാഗ്യം! ലോകപ്രശസ്തമായ ഒരിടത്ത് മികച്ച താമസസൗകര്യമോ ഭോജനാലയങ്ങളോ ഇല്ലാത്തതിനു കാരണം ആര്‍ഭാടരഹിതമായ ജൈന ജീവിതരീതികള്‍ തന്നെയായിരിക്കണം. 
അയാള്‍ ചൂണ്ടിക്കാട്ടിയ നേമിനാഥ ഭോജനാലയം ഒഴിഞ്ഞ് കിടക്കുകയാണ് കയറിച്ചെന്നപ്പോള്‍. ആവറേജിലും താഴെയുള്ള വീടിന്റെ സെറ്റപ്പ്. ഉള്ളതില്‍ വലിയ മുറിയില്‍ മരബെഞ്ചും നീളന്‍ ഡെസ്‌ക്കും ഇട്ടിരിക്കുന്നു. അച്ഛനും മകനും എന്നു തോന്നിച്ച രണ്ടു പേരാണ് ഹോട്ടല്‍ നടത്തുന്നത്. ആളനക്കം കേട്ടപ്പോള്‍ മുറിയോട് ചേര്‍ന്ന ഇടനാഴിയില്‍ ഇരുന്ന ക്യാമറക്കാരനായ മകന്‍ എഴുന്നേറ്റുവന്ന് ഞങ്ങളെ മറ്റൊരു ഇരുട്ടുമുറിയിലേക്ക് കൊണ്ടുപോയി നിലത്തു കെട്ടിയിട്ട ഒരു ടാങ്കില്‍നിന്ന് അല്‍പ്പം വെള്ളം കപ്പുകൊണ്ട് ഒഴിച്ചുതന്ന് കൈകഴുകിച്ചു. കാഴ്ചയില്‍ അന്ധത ബാധിച്ച അവന്‍ വെള്ളമൊഴിച്ചു തരുന്ന രീതിയും മുഖത്തെ സ്ഥായിഭാവമായ നിഷ്‌കളങ്കച്ചിരിയും കണ്ടപ്പോള്‍ അവന് പൂര്‍ണ്ണാന്ധതയില്ലെന്നും ബുദ്ധിക്ക് ശകലം കുറവുണ്ടെന്നും തോന്നി.
ഓര്‍ഡര്‍ ചെയ്യാന്‍ ഓപ്ഷനില്ല. ഒരു ഭക്ഷണം അവര്‍ ഉണ്ടാക്കും അതു തരും. ജൈന്‍ ഫുഡ് ഇതുവരെ കഴിക്കാത്തതിന്റെ കൗതുകമുണ്ടായിരുന്നു കാത്തിരിപ്പിന്. ഏറെ നേരം കാത്തിരുത്തി രണ്ട് ഉണക്കച്ചപ്പാത്തിയും ശകലം കാബേജ് തോരനും നാരങ്ങ അച്ചാറും തന്നു. പാതിവെന്ത കാബേജും കടിച്ചാല്‍ പൊട്ടുന്ന ഉണക്കച്ചപ്പാത്തിയും തിന്ന് കൈ കഴുകാന്‍ എഴുന്നേറ്റപ്പോള്‍ തപ്പിത്തടഞ്ഞ് കൂടെവന്ന് വെള്ളമൊഴിച്ചുതന്ന് അവന്‍ കാശു ചോദിച്ച് കൈനീട്ടി. 
അവനോടുള്ള സഹതാപം ഭക്ഷണത്തിന്റെ ചാര്‍ജ് കേട്ടപ്പോള്‍ വറ്റി. ഇരുന്നൂറ് രൂപ. ഉച്ചയ്ക്ക് ഹോട്ടല്‍ രഘു തന്ന ഗംഭീര താലിമീല്‍സിന് ഇതിന്റെ പകുതി വിലയില്ല. 
അതിലും ഞെട്ടിയത് തെരുവില്‍നിന്നും കയറിവന്ന് ക്യാഷ് ബോക്‌സില്‍ ഇരുന്ന ആളെ കണ്ടാണ്. നേമിനാഥ ഭോജനാലയ മഹിമ വര്‍ണ്ണിച്ച് ചൂണ്ടിക്കാട്ടിയവന്‍! അവന്റേതാണ് ഹോട്ടല്‍. അച്ഛനും മകനും വെറും ജോലിക്കാര്‍. ചതിക്കപ്പെട്ടതിന്റേയും ചൂഷണം ചെയ്യപ്പെട്ടതിന്റേയും അമര്‍ഷം നിറഞ്ഞ ഓര്‍മ്മയായി നേമിനാഥ ജൈന്‍ ഭോജനാലയം എന്ന പേര്. നടന്നു നടന്ന് ചന്ദ്രഗിരിയുടെ താഴ്വാരത്ത് എത്തിയപ്പോള്‍ ചന്ദ്രഗിരിയുടെ പ്രവേശനകവാടവും ആറുമണിക്ക് അടയ്ക്കും എന്ന് എഴുതിയിരിക്കുന്നു. അല്ലെങ്കിലും പുലര്‍കാലത്തേക്കായിരുന്നു ചന്ദ്രഗിരി കാഴ്ചവെച്ചതും!
രാവിലെ എഴുന്നേറ്റ് ജനല്‍ തുറന്നു നോക്കുമ്പോള്‍ ഒന്നും ദൃശ്യമാവാത്തവിധം മഞ്ഞാടയാണെങ്ങും. തലേന്നത്തെ അന്തരീക്ഷാവസ്ഥവെച്ച് നോക്കുമ്പോള്‍ ഇത്തരമൊരു മഞ്ഞുമൂടിയ അന്തരീക്ഷത്തിലേക്ക് കണ്ണു തുറക്കുന്നത് അചിന്തനീയം. മണി എട്ടു കഴിഞ്ഞിട്ടും തണുപ്പുവിടാത്ത മഞ്ഞ് കാഴ്ചമൂടി അങ്ങനെതന്നെ നില്‍ക്കുന്നു. 
ചന്ദ്രഗിരിയും നഗ്‌നപാദ സ്പര്‍ശമേ അനുവദിക്കൂ. വിന്ധ്യാഗിരിയിലെപ്പോലെ ഒറ്റയടിക്കുള്ള കല്‍പ്പടവുകളല്ല ചന്ദ്രഗിരിയില്‍. പടികളും പരന്ന നടപ്പാതയും വഴികളില്‍ പൗരാണിക കമാനങ്ങളുമായി ഒരു പാറക്കെട്ട് കൂട്ടം. 
കരിങ്കല്‍ പടവുകളില്‍ അമരുന്ന കാലടികളിലൂടെ ദേഹമാകെ പടര്‍ന്നുകയറുന്നതും, കൂടെ പോരുന്നതും ഇടംവലം നില്‍ക്കുന്നതും ചുറ്റിപ്പിടിക്കുന്നതും മഞ്ഞ് തന്നെ, മഞ്ഞുമാത്രം! എതിരെ വരുന്ന മഞ്ഞിനെ വകഞ്ഞുമാറ്റി പടികയറിയെത്തുന്നവരെ ചന്ദ്രഗിരി തന്റെ പ്രൗഢമായ ഏകാന്ത നിശ്ശബ്ദതയിലേക്ക് സ്വാഗതം ചെയ്യുന്നു. വൃത്തിയോടെ നന്നായി പരിപാലിക്കപ്പെടുന്നുണ്ട് എങ്ങും. 
ചന്ദ്രഗിരിയുടെ പ്രശാന്തതയില്‍ വീണുപോയ ചന്ദ്രഗുപ്തമൗര്യന്‍ സല്ലേഖനത്തിന് തിരഞ്ഞെടുത്തത് ഇവിടമാണ്. ഇതുപോലൊരിടത്തുവെച്ച് മരണത്തെ അറിഞ്ഞ് സ്വീകരിച്ച മൗര്യചക്രവര്‍ത്തി അതികാല്‍പ്പനികന്‍തന്നെ, ഭാഗ്യവാനും. 
ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി ജൈനര്‍ നടത്തുന്ന സല്ലേഖനമെന്ന ജീവത്യാഗം ഒന്നാലോചിച്ചാല്‍ മഹത്തരമാണ്. മരണമെന്ന സത്യത്തെ തിരിച്ചറിവുകൊണ്ട് അംഗീകരിച്ചാദരിച്ചും  പിന്നെയതിനെ പ്രണയിച്ചും പിന്നെയാ പ്രണയത്തില്‍ ലയിച്ചലിഞ്ഞ് ഇല്ലാതെയാവുന്നതും  എത്ര ഉദാത്തമാണ്!
പിറന്നുവീഴുമ്പോള്‍ പൊക്കിള്‍ക്കൊടി ബന്ധമുപേക്ഷിച്ച് സ്വതന്ത്രനാവും പോലെ സകല ജീവിതാവസ്ഥകളേയും ബന്ധനങ്ങളേയും പൂര്‍ണ്ണതൃപ്തിയില്‍ ഉപേക്ഷിച്ച് ജീവിതത്തില്‍നിന്നും മരണത്തിലേക്ക് നേടുന്ന സ്വാതന്ത്ര്യമാണ് സല്ലേഖനം!
അത്രമേല്‍ പ്രിയതരമായൊരു രതിയില്‍, തളര്‍ന്നയയുന്ന ഞരമ്പുകളില്‍ ഒളിഞ്ഞുകിടന്നിരുന്ന ഓരോ കുഞ്ഞുനക്ഷത്രവും തെളിഞ്ഞു കത്തി പ്രകാശമായി പടര്‍ന്നൊഴുകിയൊഴുകിയൊരു മഹാവിസ്‌ഫോടനത്തില്‍ ആത്മാവും ശരീരവും ജ്വലിച്ചു കത്തി ജീവന്‍ വെറുമൊരു പ്രകാശമായി മാറും പോലെയൊരനുഭവമാകും സല്ലേഖനം എന്നെനിക്ക് തോന്നാറുണ്ട്. 
അത്രമേല്‍ പ്രിയതരമായ പ്രാണന്റെയോരോ കുഞ്ഞുനക്ഷത്രങ്ങളേയും വാത്സല്യത്തോടെ ഊതിക്കെടുത്തി, അറ്റുപോവുന്ന പ്രാണന്റെ പിടച്ചിലുകളെ തഴുകിയൊതുക്കി ഇരുട്ടിലൂടെയൊഴുകിയൊഴുകി അതീന്ദ്രിയമായൊരു മഹാവിസ്‌ഫോടനത്തില്‍ ജ്വലിച്ചു കത്തി വെറും പ്രകാശമായി മാറുന്ന ജീവന്‍!
പ്രവേശന കവാടം കടന്നാല്‍ നിറയെ ബസ്തികളാണ് ചന്ദ്രഗിരിയില്‍. ചന്ദ്രഗുപ്തന്റെ ചൗണ്ഡരായന്റെ, ശാന്തിനാഥന്റെ, പ്രസന്നനാഥന്റെ അങ്ങനെയങ്ങനെ... ബി.സി. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തിയാണ് ചന്ദ്രഗുപ്തബസ്തി നിര്‍മ്മിച്ചത്. ചന്ദ്രഗുപ്തന്റേയും അദ്ദേഹത്തിന്റെ ഗുരു ഭദ്രബാഹുവിന്റേതുമടക്കം നൂറ്റിയാറ് ജൈനകുടീരങ്ങളുണ്ട് ചന്ദ്രഗിരിയിലും വിന്ധ്യാഗിരിയിലുമായി. 
ബാഹുബലിയുടെ സഹോദരന്‍ ഭരതന്റെ പ്രതിമയും മറ്റെല്ലാ ജൈനപ്രതിമകളും പോലെ ദിഗംബരാവസ്ഥയിലാണ്. ഭരതന്റെ പ്രതിമ അപൂര്‍വ്വമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ വിവരണം പറഞ്ഞുതരുന്നു. 
പൊതുവെ ജൈനബസ്തികള്‍ക്കെല്ലാം ഒരേ ഘടനയാണ്. ആര്‍ഭാടവും ധാരാളിത്തവുമില്ലാത്ത ആഢ്യലാളിത്യത്തിന്റെ ഘനഗംഭീര എടുപ്പുകള്‍, കൂറ്റന്‍ കരിങ്കല്‍ത്തൂണുകളാല്‍ നിറഞ്ഞ മണ്ഡപങ്ങള്‍, തറയും ചുമരുമായൊക്കെ ഉപയോഗിക്കുന്ന കൂറ്റന്‍ കരിങ്കല്‍പ്പാളികളെ സര്‍വ്വേക്കല്ലുപോലുള്ള നീളന്‍ കരിങ്കല്ലുകൊണ്ട് താങ്ങ് കൊടുത്താണ് നിര്‍ത്തിയിരിക്കുന്നത്. ചെടികള്‍ക്കൊക്കെ ചെരിയാതിരിക്കാന്‍ മുട്ടുകൊടുത്ത് നിര്‍ത്തുംപോലെ! ശിലാലിഖിതങ്ങളാണെങ്ങും. അതെല്ലാം അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുകയും എന്താണതില്‍ എഴുതിയിരിക്കുന്നതെന്നതിന്റെ വിവരണം തൊട്ടടുത്ത വിവരണ ബോര്‍ഡില്‍ കന്നടയിലും ഇംഗ്ലീഷിലും എഴുതുകയും ചെയ്തിട്ടുണ്ട്. കൊത്തുവേലകളുടെ ആധിക്യമില്ലാതെ കൂറ്റന്‍ കരിങ്കല്‍പ്പാളികള്‍ ചേര്‍ത്തുവെച്ച് നിര്‍മ്മിതികളെ ആകര്‍ഷകവും പ്രൗഢവുമാക്കാന്‍ കഴിഞ്ഞ ജൈന്‍ ആര്‍ക്കിടെക്കുകള്‍ വിസ്മയാദരം അര്‍ഹിക്കുന്നു. 
ബസ്തികളിലെ ഇരുള്‍മുറികളില്‍ കനത്തു കെട്ടിനില്‍ക്കുന്ന വായുവില്‍ കരിങ്കല്‍ത്തണുപ്പിലലിഞ്ഞിരിക്കുകയാണ് തീര്‍ത്ഥങ്കര പ്രതിമകള്‍. പൂജാരികള്‍ എന്ന ഇടനിലവര്‍ഗ്ഗമില്ലാത്തതിനാല്‍ ശ്രീകോവില്‍ പോലുള്ള ഇരുളറയില്‍ നമുക്കും പ്രവേശിക്കാം. നേരിട്ട് ആരാധന നടത്താം. അതൊരു വലിയ കാര്യം തന്നെ!
എത്രയോ നൂറ്റാണ്ടുകള്‍ പിന്നിട്ട പ്രാകൃതഘടനയിലുള്ള അതിപുരാതന കല്‍പ്പടവോടുകൂടിയ പിരിയന്‍ ഗോവണി കയറി മട്ടുപ്പാവിലെത്തി കാണണം ഒരു തീര്‍ത്ഥങ്കരനെ. വീതി നന്നേ കുറഞ്ഞ് അകലം കൂടിയ പിരിയന്‍ ഗോവണിപ്പടികള്‍ ധൈര്യത്തെ പരീക്ഷിക്കുന്നുണ്ട് വല്ലാതെ. ഹാന്‍ഡ് റെയില്‍ ഇല്ലാത്തത് മറ്റൊരു പരീക്ഷണം. ഇറങ്ങുമ്പോഴാവട്ടെ, പിന്തിരിഞ്ഞ് പടികളില്‍ പിടിച്ച് പിടിച്ച് പുറംതിരിഞ്ഞ് ഉള്ളുകാളിച്ചയോടെ വേണം ഇറങ്ങാന്‍. കാല് പരമാവധി താഴ്ത്തിയാലെ അടുത്ത പടിയുടെ കരിങ്കല്‍ത്തണുപ്പ് തൊടാനാകൂ. വല്ലാത്തൊരനുഭവം! 
ചന്ദ്രഗിരിയില്‍ അല്‍പ്പനേരം നിന്നാലറിയാനാകും ജീവിത ലൗകികതകളോട് അകല്‍ച്ച തോന്നി ആത്മീയതിലേക്ക് നടന്നടുക്കുന്ന ആത്മാവിന് ഭയമേതുമില്ലാതെ മരണം സ്വീകാര്യമാവുന്നത്. 
അനുഭവിച്ച് മതിയാവാത്ത ആഴമുള്ള നിശ്ശബ്ദതയില്‍നിന്നും മനസ്സ് അടര്‍ന്നുപോരാത്തതിനാല്‍  ആരോ അദൃശ്യമായി തള്ളിയിറക്കും പോലെയാണ് തിരിച്ചിറങ്ങിയത്. 
മണി പത്തായിട്ടും അലിഞ്ഞുപോകാന്‍ മഞ്ഞിനും മടി അതുകൊണ്ടൊക്കെ തന്നെയായിരിക്കണം. 
വഴിനടത്തത്തിനിടെ തെരുവുകച്ചവടക്കാരിയില്‍നിന്ന്  ബാഹുബലിയുടെ അര്‍ദ്ധകായ ഗ്രാനൈറ്റ് ശില്‍പ്പവും നന്ദി പ്രതിമയും വാങ്ങി. രണ്ടിനും കൂടെ നാന്നൂറ്റന്‍പത് രൂപ അധികമല്ലെന്നു മാത്രമല്ല, കുറവാണ് താനും. അപരിചിതനെങ്കിലും സൗഹൃദഭാവത്തില്‍ സംസാരിച്ചവനോട് നൊടിമാത്രയിലവള്‍ തെരുവ് കച്ചവടക്കാരിയില്‍നിന്നും പ്രാരാബ്ധക്കാരിയായ കന്നഡിഗ വീട്ടമ്മയായി സ്ഥിരപരിചിതനോടെന്നപോലെ സംസാരിക്കുന്നത്  കണ്ടു. ദേശത്തിനും ഭാഷയ്ക്കും വര്‍ഗ്ഗത്തിനും അപ്പുറം രണ്ട് മനുഷ്യര്‍ക്കിടയിലെ അകല്‍ച്ചയുടെ അതിര് അത്രയേ ഉള്ളൂ. അത്രയേ ഉണ്ടാവാന്‍ പാടുള്ളൂ!
ഏറെക്കാലത്തെ ആഗ്രഹക്കാഴ്ചയ്ക്കു ശേഷം മടങ്ങുമ്പോള്‍ എന്തോ നേടിയെന്ന തോന്നലിനെക്കാള്‍ നേടിയതൊന്നും നേട്ടമല്ലെന്നും ജീവിതം മരണത്തിലേക്കുള്ള വഴിയാത്ര മാത്രമാണെന്നുമാണ് ശ്രാവണബല്‍ഗോള ഓര്‍മ്മിപ്പിക്കുന്നത്, യാത്ര ഏതായാലും ഭാരരഹിതമായ ചുമടേന്തുന്നവനാണ് യഥാര്‍ത്ഥ യാത്രികന്‍ എന്നതും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com