ഇനിയും തടയാന്‍ കഴിയില്ല, സ്ത്രീകളെ: വിനയ സംസാരിക്കുന്നു

ഒറ്റക്കയ്യനാണ് സൗമ്യയെ ആക്രമിച്ചത്. 24 വയസ്സുള്ള ഒരു യുവതിക്ക് ഒറ്റക്കൈയ്യനായ ഒരാളില്‍നിന്നുപോലും കുതറാന്‍ കഴിഞ്ഞില്ല
വിനയ
വിനയ

ഒറ്റക്കയ്യനാണ് സൗമ്യയെ ആക്രമിച്ചത്. 24 വയസ്സുള്ള ഒരു യുവതിക്ക് ഒറ്റക്കൈയ്യനായ ഒരാളില്‍നിന്നുപോലും കുതറാന്‍ കഴിഞ്ഞില്ല. 24 ഒക്കെ ഒരു മനുഷ്യന്റെ ഏറ്റവും നല്ല പ്രായമാണ്. നല്ല എനര്‍ജറ്റിക്കായി ഇരിക്കേണ്ട സമയം. ആ സമയത്തുപോലും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല. - വിനയ പറയുന്നു.

വിനയ - ആ പേര് തന്നെ ഒരു ആത്മവിശ്വാസമാണ്. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ മനുഷ്യനായി ജീവിക്കാന്‍ നിവര്‍ന്നുനിന്ന് പോരാടാനുള്ള ആത്മവിശ്വാസം. ആ പേരും അവരുടെ പോരാട്ടങ്ങളും കേരളം കേട്ട് തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1991-ല്‍ കേരള പൊലീസിലെത്തിയതാണ് അവര്‍. സമത്വത്തിനുവേണ്ടിയാണ് അവര്‍ വാദിച്ചതെല്ലാം. സോഷ്യല്‍ മീഡിയയും ഫോളോവേഴ്സും ഒന്നുമില്ലാത്ത കാലത്ത് സ്വന്തം ജീവിതം കൊണ്ട് അത് കാണിച്ചുകൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പൊലീസാവുന്നതിന് മുന്‍പുതന്നെ സാക്ഷരതാ പ്രസ്ഥാനവുമായി മുന്നിട്ടിറങ്ങിയ ആ ചെറുപ്പത്തിന്റെ അതേ ആവേശമാണ് ഇന്നും ഇവര്‍ക്ക്. സ്ത്രീസമത്വം പറഞ്ഞുതരാന്‍ ഏറെ പേരുണ്ടെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കാന്‍ വിനയയെപ്പോലെ അപൂര്‍വ്വം ചിലരെ നമുക്കുള്ളൂ. പൊലീസ് സേനയ്ക്കകത്തുതന്നെ പല നല്ല മാറ്റങ്ങളും ഉണ്ടാക്കാന്‍ ആ പോരാട്ടത്തിനും കലഹങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ആ കലഹത്തില്‍ സസ്പെന്‍ഷനും സ്ഥലംമാറ്റങ്ങളുമായി ഒട്ടേറെ തവണ അവര്‍ ശിക്ഷിക്കപ്പെട്ടു. എന്നിട്ടും കേരളത്തിന്റെ സ്ത്രീസമൂഹത്തില്‍ അവര്‍ ഇടപെട്ടുകൊണ്ടേയിരുന്നു. 'വിങ്സ് കേരള' എന്ന കൂട്ടായ്മയിലൂടെ കേരളത്തിലെ സ്ത്രീകളെ സ്പോര്‍ട്സിലൂടെ കരുത്തരാക്കുകയാണ്  വിനയയ ഇപ്പോള്‍. 

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എ.എസ്.ഐ. ആയ എന്‍.എ. വിനയയ്ക്ക് അനുകൂലമായി ഒരു കോടതിവിധി അടുത്തിടെ വന്നു. അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത പത്രത്തിനെതിരെ നീണ്ട 22 വര്‍ഷങ്ങള്‍ പോരാടി അവര്‍ വിജയിച്ചിരിക്കുന്നു. ഒരിടത്തും തോറ്റുമടങ്ങാന്‍ തയ്യാറാകാത്ത ആ ജീവിതത്തിലെ ഒരു വിജയം കൂടി. മാനനഷ്ടക്കേസ് പലരും ഫയല്‍ ചെയ്യാറുണ്ടെങ്കിലും വിധി വരുന്നത് അപൂര്‍വ്വമാണ്. തന്റെ ശരിക്കുവേണ്ടി വര്‍ഷങ്ങളോളം ആ കേസിനൊപ്പം സഞ്ചരിക്കാന്‍ തയ്യാറായതിന്റെ ഫലം കൂടിയാണത്. അപ്പപ്പാറ ചാരായ സമരത്തിന്റെ ഭാഗമായുള്ള വാര്‍ത്തകള്‍ക്കെതിരെയായിരുന്നു അവര്‍ കോടതിയെ സമീപിച്ചത്. 

അപമാനത്തിനെതിരെ 22 വര്‍ഷം

1995-ല്‍ അപ്പപ്പാറ ചാരായഷാപ്പ് സമരത്തിനിടെയുണ്ടായ സംഭവങ്ങളുടെ വാര്‍ത്തകള്‍ക്കിടയിലാണ് ദീപിക പത്രം വ്യക്തിപരമായി കോണ്‍സ്റ്റബിള്‍മാരായ വിനയയേയും ഭര്‍ത്താവ് മോഹന്‍ദാസിനേയും അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തയെഴുതിയത്. ഇരുവരുടേയും സസ്പെന്‍ഷനിലാണ് അതെത്തിയത്. പത്രത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ 74,500 രൂപ വിനയയ്ക്ക് നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. വയനാട് ജില്ലയിലെ തിരുനെല്ലിക്കടുത്ത് അപ്പപ്പാറ ചാരായഷാപ്പിനെതിരെ ദിവസങ്ങള്‍ നീണ്ട സമരമാണ് നാട്ടുകാര്‍ നടത്തിയത്. അറസ്റ്റുചെയ്ത് നീക്കണമെന്ന സമരക്കാരുടെ തന്നെ ആവശ്യപ്രകാരം 120 സമരക്കാരെ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റുചെയ്തു. ആ സംഘത്തില്‍ വിനയയും ഭര്‍ത്താവ് മോഹന്‍ദാസും ഉണ്ടായിരുന്നു. തിരുനെല്ലി സ്റ്റേഷനിലായിരുന്നു അന്ന് ഇരുവരും. അറസ്റ്റു ചെയ്യപ്പെട്ടതില്‍ 14 കുട്ടികളും ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് മാനന്തവാടി കോടതി ജാമ്യം നല്‍കുകയും കുട്ടികളെ കല്പറ്റ സി.ജെ.എം. കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. അന്ന് രാത്രി തന്നെ കല്പറ്റയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കുട്ടികളേയും കൊണ്ടുചെന്നപ്പോള്‍ അവര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല എന്ന് വിനയ പറയുന്നു. ''ഈ രാത്രിയിലാണോ എന്റെ വീട്ടിലേക്ക് വരുന്നത് എന്നു പറഞ്ഞ് മജിസ്‌ട്രേറ്റ് അവഹേളിച്ച് വിടുകയായിരുന്നു. ഞാന്‍ അന്ന് രണ്ടുമാസം ഗര്‍ഭിണി കൂടിയാണ്. പിറ്റേന്ന് കല്പറ്റയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. ഞാനും ഭര്‍ത്താവും മാത്രമാണ് ഉണ്ടായിരുന്നത്. വണ്ടിയില്‍ വെച്ച് കുട്ടികള്‍ ബഹളം വെച്ചു. ഞങ്ങള്‍ പേടിച്ചുപോയി. ആരെങ്കിലും ഓടിപ്പോയാല്‍ ഞങ്ങള്‍ സമാധാനം പറയണ്ടേ. കല്പറ്റ എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കാത്തതിന് വക്കീലും ബഹളം വെച്ചു. ഞങ്ങളുടെ കയ്യില്‍ പൈസയില്ലായിരുന്നു. അവസാനം ഹോട്ടലില്‍ കടം പറയേണ്ടിവന്നു. ഒരുപാട് ബുദ്ധിമുട്ടി. ഒടുവില്‍ വാര്‍ത്തകള്‍ വന്നത് കുട്ടികളെ അനധികൃതമായി അറസ്റ്റുചെയ്തു, പീഡിപ്പിച്ചു എന്നൊക്ക പറഞ്ഞും. ദീപിക പത്രം വ്യക്തിപരമായി വാര്‍ത്ത നല്‍കി. സമൂഹത്തിന് മുന്നില്‍ ഞാന്‍ അവഹേളിക്കപ്പെട്ടു. ഞാന്‍ ശരിയായിരുന്നു എന്നതിന്റെ തെളിവാണ് 22 വര്‍ഷം കഴിഞ്ഞുവന്ന ഈ കോടതി വിധി'' അവര്‍ പറഞ്ഞു.

ചിറകുവിടര്‍ത്തി വിങ്സ്

കേരളത്തിലെ സ്ത്രീകളെ മാനസികവും ശാരീരികമായും കരുത്തരാക്കുന്നതിനൊപ്പം പൊതു ഇടങ്ങള്‍ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുക കൂടിയാണ് വിങ്സ് എന്ന സംഘടന. കാലങ്ങളായുള്ള ആലോചനയുണ്ട് വിങ്സിന്റെ പിറവിക്ക് പിന്നില്‍. സൗമ്യയുടെ മരണത്തോടെയാണ് കൂടുതല്‍ ഗൗരവത്തോടെ സംഘടനയെക്കുറിച്ച് ആലോചിച്ചതെന്ന് വിനയ പറയുന്നു. ''ഒറ്റക്കയ്യനാണ് സൗമ്യയെ ആക്രമിച്ചത്. 24 വയസ്സുള്ള ഒരു യുവതിക്ക് ഒറ്റക്കൈയ്യനായ ഒരാളില്‍നിന്നുപോലും കുതറാന്‍ കഴിഞ്ഞില്ല. 24 ഒക്കെ ഒരു മനുഷ്യന്റെ ഏറ്റവും നല്ല പ്രായമാണ്. നല്ല എനര്‍ജറ്റിക്കായി ഇരിക്കേണ്ട സമയം. ആ സമയത്തുപോലും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല. ഏതൊരു ജീവിക്കും പ്രകൃതിപരമായ ചില കഴിവുകളുണ്ട്. ഒരു മുയലിനെയാണ് പട്ടി ഓടിക്കുന്നതെങ്കില്‍ മിന്നല്‍ വേഗത്തില്‍ അത് ഓടും ജീവനുംകൊണ്ട്. ഇത് എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട്. ഇത് പക്ഷേ, പെണ്ണിനു മാത്രം നഷ്ടപ്പെട്ടു. ഒരു ജീവിയുടെ പ്രകൃതിപരമായ കഴിവിനെ ഇല്ലായ്മ ചെയ്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൗമ്യ സംഭവം. 

കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ കുടുംബശ്രീയുടെ ഒരു സമ്മേളനം നടന്നിരുന്നു. ആ ചടങ്ങില്‍ ഞാനും പ്രസംഗിച്ചു. ''ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ടീ ഷര്‍ട്ടും ജേഴ്സിയും ഇട്ട് ആറു വയസ്സായവരും 60 വയസ്സായവരും ഒക്കെയായ ആണുങ്ങള്‍ നാട്ടിലൂടെയൊക്കെ നടക്കുന്നുണ്ട്. നമ്മളുടെ പെണ്‍കുട്ടികളെ അങ്ങനെ കാണാറുണ്ടോ, നിങ്ങള്‍ക്കാഗ്രഹമില്ലേ അങ്ങനെ നടക്കാന്‍ എന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് ആഗ്രഹമില്ലേ കളിക്കാന്‍ എന്നുകൂടി ചോദിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു ഉണ്ട് എന്ന്. അവിടെ വെച്ചാണ് കളിക്കാന്‍ സ്ത്രീകള്‍ക്ക് ഇത്രമാത്രം ആഗ്രഹമുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് ടീമുകള്‍ ഉണ്ടാക്കിത്തുടങ്ങി. 2015-ല്‍ എല്ലാവരേയും പങ്കെടുപ്പിച്ച് അതിരപ്പള്ളിയില്‍ ഒരു മീറ്റിങ് നടത്തി. അവിടെ വെച്ചാണ് വിങ്സ് എന്ന കൂട്ടായ്മ ഉണ്ടാവുന്നത്. അപ്പോഴേക്കും തൃശൂര്‍ ജില്ലയില്‍ മാത്രം 14 ടീമുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വിങ്സിന്റെ പ്രവര്‍ത്തനം എത്തിത്തുടങ്ങി.''

കളിക്കാത്ത പെണ്‍കുട്ടികള്‍

''നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കളിയില്ല. വസ്ത്രങ്ങള്‍ പെണ്‍കുട്ടികളുടെ ശരീരത്തെ ചലനാത്മകമല്ലാതെയാക്കി പരിമിതപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ സാധാരണ ഏര്‍പ്പെടുന്ന കളികള്‍പോലും അവരുടെ വസ്ത്രത്തെ ബാധിക്കാതെ ഒതുങ്ങിയ തരത്തിലുള്ളതായിരിക്കും. വിങ്സിലൂടെ സാധ്യമായത് പ്രധാനമായും വസ്ത്രവിപ്ലവമാണ്. ടീമിലെ 40-ഉം 45-ഉം വയസ്സുള്ളവര്‍ പോലും ജേഴ്സി ഇട്ടാണ് കളിക്കുന്നത്. കോര്‍ട്ടില്‍ ജേഴ്സി ഇടണം എന്നത് നിര്‍ബന്ധമായിരുന്നു. ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ഇട്ട് കളിക്കരുത് എന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. 
ഫിസിക്കല്‍ ഫിറ്റ്നസിനെക്കാള്‍ വേണ്ടത് മെന്റല്‍ ഫിറ്റ്നസാണ്. നല്ല ആരോഗ്യമുള്ള കുടിയാന്റെ മുന്നില്‍ മെലിഞ്ഞ അത്രയൊന്നും ആരോഗ്യമില്ലാത്ത ജന്മി നിന്ന് കല്പിച്ചത് കായികബലത്തിന്റെ പുറത്തല്ല. നമ്മളുടെ കേരളം ഇതിനൊക്കെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കായികബലമല്ല ഇവിടെ നയിച്ചിരുന്നത്. മാനസിക ശക്തിയാണ് വേണ്ടത്. ഫിസിക്കല്‍ ഫിറ്റ്നസ് അതിന് സഹായിക്കും. കളിയുടെ പ്രത്യേകത അതാണ്. കളിക്കളത്തില്‍ നിന്നാണ് നമ്മള്‍ പലതും പഠിക്കുന്നത്. ബോള്‍ എന്ന് പറയുന്നത് ഒരു പ്രശ്‌നമാണ്. അതിനെ എങ്ങനെ പരിഹരിക്കാം എന്നാണ് നോക്കുന്നത്. ആ ബോളിനെ എങ്ങനെയാണ് നേരിടേണ്ടത് എന്നാണ് നമ്മള്‍ പഠിക്കുന്നത്. അതുപോലെതന്നെയാണ് പ്രശ്‌നങ്ങളും. പെണ്‍കുട്ടികള്‍ക്ക് കാലങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണിത്. പെണ്‍കുട്ടികള്‍ കളിക്കളത്തില്‍ ഇറങ്ങാറില്ല. അതുകൊണ്ടു നഷ്ടപ്പെടുന്നത് വെറും കളി മാത്രമല്ല. സംഘം ചേരാനുള്ള പ്രകൃതിപരമായ കഴിവും കൂടിയാണ്. വ്യക്തികള്‍ മാത്രമായിട്ടാണ് നമ്മുടെ പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചാല്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തായിരിക്കും. ആണ്‍കുട്ടിയുടെ സുഹൃത്ത് എപ്പോഴും തൊട്ടപ്പുറത്തെ വീട്ടിലുണ്ടാകും. അത് അവന്‍ കളിക്കുന്നതുകൊണ്ടാണ്. കളി ഉണ്ടാക്കുന്ന സാമൂഹ്യ അവസ്ഥ വ്യത്യസ്തമാണ്. ഇതിനെയാണ് വിങ്സ് മുന്നോട്ട് വെയ്ക്കുന്നത് .''

വോളിബോളില്‍ തുടക്കം

''വോളിബോളാണ് തുടങ്ങിയത്. അതിന് കാരണം ഉണ്ട്. ഒരിക്കല്‍ സ്ത്രീകള്‍ കോണി കയറുന്നത് ശ്രദ്ധിച്ചു. എത്ര ബുദ്ധിമുട്ടിയാണ് 35-ഉം 40-ഉം വയസ്സുള്ള സ്ത്രീകളൊക്കെ കോണി കയറുന്നത്. കാലുകള്‍ക്കൊക്കെ എന്തൊരു വണ്ണമാണ്. ഒരു വൃത്തിയുമില്ലാത്ത ശരീരഘടന. ഇവര്‍ക്കൊരിക്കലും ഓടാന്‍ കഴിയില്ല. അവര്‍ക്കും ഓടാന്‍ ഭയം ഉണ്ടാകും. അങ്ങനെയാണ് വോളിബോള്‍ തെരഞ്ഞെടുക്കുന്നത്. വോളിബോള്‍ കോര്‍ട്ടിന് 18 മീറ്റര്‍ നീളവും ഒന്‍പത് മീറ്റര്‍ വീതിയുമാണ്. അതുതന്നെ രണ്ടാകും. വളരെ കുറഞ്ഞ അകലത്തിലാണ് മൂവ്മെന്റ്. അവിടെ ഇവര്‍ക്ക് ഭയമില്ലാതെ കളിക്കാം. അന്തിക്കാട് ഫുട്ബോള്‍ ടീമും ഉണ്ടാക്കിയിരുന്നു. കോഴിക്കോടും പാലക്കാടും തൃശൂരുമൊക്കെ വോളിബോള്‍ ടൂര്‍ണ്ണമെന്റുകളും നടത്തി. സ്പോര്‍ട്സ് മാത്രമല്ല കൂട്ടായ്മ ഉദ്ദേശിക്കുന്നത്. അതിന്റെ കൂടെ ട്രക്കിങ്, റൈഡിങ് എല്ലാം നടക്കും. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് എന്നത് മുന്‍നിര്‍ത്തി സായാഹ്ന സല്ലാപങ്ങള്‍ നടത്തുന്നുണ്ട്. തൃശൂരില്‍ വടക്കുനാഥന്റവിടെ ഞാനും പങ്കെടുക്കാറുണ്ട്. സംഘടനയില്‍ പ്രായപരിധിയില്ല. അതുകൊണ്ടുതന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത നിലയില്‍ അതങ്ങ് വളരുകയാണ്. ഒരു തള്ളിക്കയറ്റമാണത്. ഈ കുതിച്ചുവരവിനെ കൃത്യമായി ചാനലൈസ് ചെയ്യാന്‍ നമുക്ക് കഴിയണം. എനിക്ക് ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. വേണ്ട രീതിയില്‍ പ്രെമോട്ട് ചെയ്യാന്‍ ആളില്ല. 

ദൂരസ്ഥലങ്ങളിലൊക്കെ പോയി പരിശീലനം കൊടുക്കുകയും മാനേജ് ചെയ്യുകയും ബുദ്ധിമുട്ടാണ്. അവിടത്തെ പഞ്ചായത്ത് പ്രതിനിധികളോ മറ്റ് സര്‍ക്കാര്‍ പ്രതിനിധികളോ വിങ്സുമായി സഹകരിച്ച് ഒരു കമ്മിറ്റി ഉണ്ടാക്കുകയും മുന്നോട്ട് പോകുകയും ചെയ്താല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. വിങ്സുമായി സര്‍ക്കാര്‍ സഹകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ സ്ത്രീ മുന്നേറ്റത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാണ്.

പുലിക്കളി നല്‍കിയ വെളിച്ചം

2016-ലാണ് തൃശൂര്‍ നഗരത്തില്‍ ആദ്യമായി പെണ്‍പുലികള്‍ ഇറങ്ങിയത്. കാലങ്ങളായി ആണുങ്ങള്‍ മാത്രമാണ് പുലിക്കളിക്ക് വേഷമിടുന്നത്. സ്ത്രീകള്‍ക്കും പങ്കാളിത്തം ഉണ്ടാവണം എന്ന ചിന്ത വന്നതും വിനയയുടേയും കൂട്ടുകാരികളുടേയും ഇടയില്‍നിന്നുതന്നെയാണ്. വിനയ, ദിവ്യ, സക്കീന എന്നിവരാണ് ആ വര്‍ഷം പുലിവേഷം കെട്ടി ഞെട്ടിച്ചത്. കഴിഞ്ഞ വര്‍ഷം പെണ്‍പുലികളുടെ എണ്ണം കൂടി. വളരെ രഹസ്യമായാണ് വിനയയും കൂട്ടരും പുലിവേഷം കെട്ടുന്ന ആലോചനയുമായി മുന്നോട്ട് പോയത്. പുലിക്കളിയുടെ രണ്ടുദിവസം മുന്‍പ് മാത്രമാണ് മീഡിയയും പുറംലോകവും അറിഞ്ഞത്. അതിന് മുന്‍പ് ഇത് ചര്‍ച്ചയായിരുന്നെങ്കില്‍ തങ്ങള്‍ ഒരിക്കലും പുലിക്കളിയുടെ ഭാഗമാകില്ലായിരുന്നു എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. നമ്മുടെ സമൂഹത്തിലെ പല കാര്യങ്ങളും ഇപ്പോള്‍ ഇല്ലാതാകുന്നത് അങ്ങനെയാണ്. ആ പുലിക്കളിയോടെ സമൂഹത്തിനുണ്ടായത്  ഒരു വെളിച്ചമാണെന്ന് വിനയ പറയുന്നു. 

''പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നിന്ന് തുള്ളുകയാണ്. ഇപ്പോള്‍ ധാരാളം പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബ് അടക്കം ചെയ്യുന്നുണ്ട്. പൊതുസ്ഥലത്ത് ഡാന്‍സ് ചെയ്യുന്നതിന് സാമൂഹികമായ ഒരു അംഗീകാരം കിട്ടുന്നത് പുലിക്കളിയിലൂടെയാണ്. പുലിക്കളി ഒരു ദേശത്തിന്റെ ഉത്സവമാണ്. അതുപോലെതന്നെയാണ് പൂരവും. പൂരത്തിന് പല സ്ത്രീകളും പോവില്ല. പൂരം ആണുങ്ങളുടേതാണ് എന്ന് പറയുന്നത് അറിവില്ലായ്മയാണ്. നമുക്കാര്‍ക്കും പൂരത്തിന്റെ ഭാഗമാകാം. തൃശൂര്‍ പൂരത്തിന്റെ സമയത്ത് റൗണ്ട് മുഴുവന്‍ ആളുകള്‍ക്ക് വിട്ടുകൊടുക്കുകയാണ്, വാഹനങ്ങളെപ്പോലും നിയന്ത്രിച്ച്. നിങ്ങള്‍ കുറച്ച് സ്ത്രീകള്‍ പൂരദിവസം റൗണ്ടിലിറങ്ങൂ. ഒരാളും ഒന്നും പറയില്ല. പക്ഷേ, നമ്മള്‍ പോയി നോക്കില്ല. അതാണ് വിങ്സിലൂടെ ഞങ്ങള്‍ ചെയ്യുന്നത്. പോയിനോക്കാത്ത സ്ഥലങ്ങളില്‍ പോയി നോക്കുക, സാധ്യമല്ല എന്ന് പറഞ്ഞു മാറിനില്‍ക്കുന്ന ഇടത്തേക്ക് എന്തുകൊണ്ട് എന്ന് പറഞ്ഞ് പോകുക- അതാണ് ഞാനടക്കമുള്ളവര്‍ ചെയ്യുന്നത്. പൂരത്തിന്റെ എല്ലാ ചടങ്ങിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ പങ്കെടുക്കാറുണ്ട് .''

പൊലീസിലെ പോരാളി

സ്ത്രീകളുടെ യൂണിഫോം അടക്കം ഡിപ്പാര്‍ട്ട്മെന്റിലെ പല നല്ല മാറ്റങ്ങള്‍ക്കും കാരണമായത് വിനയയുടെ പോരാട്ടമായിരുന്നു. മുന്‍പ് സാരിയായിരുന്നു പൊലീസുകാരികളുടെ വര്‍ക്കിങ് ഡ്രസ്സ്. ഇന്‍ ചെയ്ത പാന്റിലേക്ക് അത് മാറിയത് വര്‍ഷങ്ങളായുള്ള ചോദ്യം ചെയ്യലുകള്‍ക്ക്  ശേഷമാണ്. 

''പരിശീലന സമയത്ത് ഇന്‍ ചെയ്ത യൂണിഫോമായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ, ഡ്യൂട്ടിയിലേക്ക് വരുമ്പോള്‍ സാരിയിലേക്ക് മാറും. ഒരു സാമാന്യ ബുദ്ധിയും ഇല്ലാത്ത മേലുദ്യോഗസ്ഥര്‍ അവരുടെ ധാര്‍ഷ്ട്യത്തിനനുസരിച്ചാണ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ കാര്യങ്ങള്‍ നടത്തിയത്. അലക്‌സാണ്ടര്‍ ജേക്കബ് സാര്‍ ഒരിക്കല്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ വന്നിരുന്നു. അന്ന് സാരിയുടെ കാര്യം ഞാന്‍ ഉന്നയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് സ്ത്രീകള്‍ക്ക് സാരി തന്നെയാണെടോ നല്ലത് എന്നാണ്. പൊലീസാണെങ്കിലും പെണ്ണാണ് എന്ന് കാണാനായിരുന്നു സേനയ്ക്കകത്തുള്ളവര്‍ക്കും താല്‍പ്പര്യം. ആണ്‍ ധാര്‍ഷ്ട്യങ്ങളുടെ വിളനിലമായിരുന്നു പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. ആ ധാര്‍ഷ്ട്യത്തിന് പരിക്ക് പറ്റിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.പി.എസ്‌കാരിക്ക് ഇന്‍ ചെയ്യാം. എന്തുകൊണ്ട് സാധാരണ പൊലീസുകാരികള്‍ക്ക്  പറ്റില്ല എന്നായിരുന്നു എന്റെ ചോദ്യം.

ഡിപ്പാര്‍ട്ട്മെന്റില്‍ നോമിനല്‍ റോളില്‍ പേരെഴുതിക്കൊണ്ടിരുന്നത് ആണുങ്ങളുടെ പേരിന് ശേഷം പെണ്ണുങ്ങളുടെ പേര് എന്ന രീതിയിലായിരുന്നു. അത് മുഴുവന്‍ മാറ്റിച്ച് സീനിയോറിറ്റി അനുസരിച്ചാക്കി. 1999-ലാണ് അപേക്ഷാ ഫോമിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ട് കൊടുക്കുന്നത്. അവന്‍ എന്നുമാത്രമാണ് അക്കാലത്ത് പറഞ്ഞിരുന്നത്. വായനക്കാരന്‍ എന്നുമാത്രമാണ് വായനക്കാരി എന്ന് പറയില്ല. 2001-ല്‍ ആ റിട്ടിന്റെ ജഡ്ജ്മെന്റിന് ശേഷമാണ് 'അവന്‍' അല്ലെങ്കില്‍ 'അവള്‍' എന്നൊക്കെ പ്രയോഗിക്കാന്‍ തുടങ്ങിയത്.

സി.ആര്‍.പി.സി ആക്ടില്‍ തന്നെ സ്ത്രീവിരുദ്ധത ധാരാളമുണ്ട്. 64 വകുപ്പുപ്രകാരം സമന്‍സ് കൈപ്പറ്റുന്നതിനെക്കുറിച്ച് പറയുന്നത് രസമാണ്. കൈപ്പറ്റേണ്ട വ്യക്തി വീട്ടിലില്ലെങ്കില്‍ അവിടുത്തെ മുതിര്‍ന്ന പുരുഷന് കൈമാറാം എന്നാണ് പറയുന്നത്. എന്തൊരു വിഡ്ഢിത്തമാണത്. മുതിര്‍ന്ന പുരുഷന്‍ മന്ദബുദ്ധിയായാലും കുഴപ്പമില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളുണ്ടെങ്കിലും അവര്‍ക്ക് അതിന് അവകാശമില്ല. പൊലീസില്‍ സ്ത്രീകള്‍ കേസന്വേഷണ ടീമില്‍ പലപ്പോഴും ഉള്‍പ്പെടാറില്ല. എല്ലാവരും കഴിവില്ലാത്തവരാണോ? ഇപ്പോഴത്തെ ഉദാഹരണം പറയുകയാണെങ്കില്‍ ജിഷ വധക്കേസില്‍ തലപ്പത്ത് സന്ധ്യ ഐ.പി.എസ്സിനെ മാറ്റി നിര്‍ത്തിയാല്‍ വേറെ ഏതെങ്കിലും പൊലീസുകാരിയുണ്ടോ ആ ടീമില്‍. പൊലീസില്‍ ഒരു സ്ത്രീ വരുമ്പേള്‍ വിമന്‍ പൊലീസ് ഓഫീസറാകും. പുരുഷന്‍മാര്‍ക്കതില്ല. ഇത് എല്ലാ സ്ഥലത്തും ഇങ്ങനെയാണ്. സ്പോര്‍ട്സിലാണെങ്കില്‍ ഉദാഹരണത്തിന് 'അണ്ടര്‍ 17' എന്നാണ് പുരുഷന്മാരുടെ ടീമിന് പറയുന്നത്. അത് കോമണ്‍ ഹെഡ്ഡിങാണ്. സ്ത്രീകളുടേതാവുമ്പോള്‍  'അണ്ടര്‍ 17 ഗേള്‍സ്' എന്നാകും. ഇപ്പോഴും ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിലടക്കം അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേരാണ് ചോദിക്കുന്നത്. അതൊന്നും പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുള്ളതാണ്. സ്ത്രീകള്‍ക്ക് അനുകൂലമായി വരുന്ന ജഡ്ജ്മെന്റുകളില്‍ സര്‍ക്കാറിന് ഒരു നിസ്സംഗതയുണ്ട്. ഭര്‍ത്താവിന്റെ പേര് ചോദിക്കുന്നയിടത്ത് ഭാര്യയുടെ പേര് കൂടി ചോദിക്കണം. അച്ഛനെപ്പോലെ അമ്മയുടെ പേരും എഴുതട്ടെ. സാധാരണ നോക്കുകയാണെങ്കില്‍ 'മെയില്‍/ ഫീമെയില്‍' എന്നാണ് പറയുന്നത്. അക്ഷരമാലാ ക്രമം അനുസരിച്ച് 'എഫ്' അല്ലേ ആദ്യം വരേണ്ടത്. അതുപോലെതന്നെയാണ്  'ഹിസ് /ഹേര്‍.'

പത്രങ്ങളിലൊക്കെ വരുന്ന ആണ്‍ധാര്‍ഷ്ട്യങ്ങള്‍ മാറ്റേണ്ട കാലം കഴിഞ്ഞു. ഒരാള്‍ മരിച്ചെങ്കില്‍ അവര്‍ ചിലപ്പോള്‍ ഹെഡ് ടീച്ചറായാലും ഇന്നയാളുടെ ഭാര്യ ഇന്നയാള്‍ മരിച്ചു എന്നാണ് പത്രങ്ങളെഴുതുക. അത് കഴിഞ്ഞാണ് അവരുടെ പദവി വരുന്നത്. എന്തൊരു വിഡ്ഢിത്തമാണ്. പെണ്‍കുട്ടികള്‍ ഇതിന്റെയൊക്കെ തലപ്പത്തെത്തിയാലെ ഇതിനൊക്കെ മാറ്റം വരികയുള്ളൂ.
മെയില്‍ ഡോമിനേറ്റഡ് കള്‍ച്ചറിന്റെ ഭാഗമാണിത്. ഇതൊക്കെ എതിര്‍ക്കപ്പെടണം. വിമന്‍ എംപവര്‍മെന്റ് എന്നാണ് ഇംഗ്ലീഷില്‍. അത് മലയാളത്തിലേക്ക് വന്നപ്പോള്‍ സ്ത്രീ ശാക്തീകരണം ആയി. സ്ത്രീ അധികാരീകരണം എന്നല്ലേ വേണ്ടത്. അധികാരം വേണ്ട ശാക്തീകരണം മതി എന്ന് ചിലര്‍ തീരുമാനിക്കുകയാണ്. ലോകം പുരുഷന്റേതാണ് എന്ന ഒരു ഹിഡന്‍ അജന്‍ഡ ഇവിടെയെല്ലാം വര്‍ക്ക് ചെയ്യുന്നുണ്ട്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലടക്കം എല്ലാ അധികാരതലത്തിലും  അതുണ്ട്. ഇതൊക്കെ ഉണ്ട് എന്ന് അഡ്രസ് ചെയ്യുകയാണ് ഞാനും വിങ്സ് എന്ന സംഘടനയും. പലതും നമ്മള്‍ പറയാതിരിക്കും. അഡ്രസ് ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ തന്ത്രം. പണ്ടൊക്കെ അങ്ങനെയായിരുന്നു. പാത്രം കഴുകുന്നതും അടുക്കളപ്പണിയെടുക്കുന്നതും ഒന്നും ആരും പറയാറില്ല. അതുകൊണ്ട് തന്നെ അതൊന്നും ഒരു വിഷയമല്ലായിരുന്നു. ഇതൊക്കെ പറയാന്‍ തുടങ്ങിയപ്പോള്‍ കണ്ടോ കുത്തിയിളക്കിയ മാതിരിയായി.

ആണ്‍ശരികളുടെ ലോകം

''സോഷ്യല്‍ മീഡിയയിലടക്കം പെണ്‍കുട്ടികള്‍ ശക്തമായി പ്രതികരിക്കാനും ഇടപെടാനും ഊര്‍ജ്ജമായത് വിങ്സിന്റെ പ്രവര്‍ത്തനം കൊണ്ടുകൂടിയാണ്. വിങ്സ് വരുന്നതിന് മുന്‍പ് ഇത്ര ഊര്‍ജ്ജസ്വലമായി പെണ്‍കുട്ടികള്‍ സംസാരിച്ചിട്ടില്ല. ഫെയ്സ്ബുക്കൊക്കെ അന്നും ഉണ്ടല്ലോ. എല്ലാ പൊതു ഇടങ്ങളിലും ഇനി സ്ത്രീകളുണ്ടാകും. പല എഴുത്തുകാരും ഫെമിനിസ്റ്റുകളും ഇക്കാര്യങ്ങളെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യാറുണ്ട്. അതിലൂടെ അറിവും ബോധവും സ്ത്രീകള്‍ക്ക് കിട്ടിയിട്ടുമുണ്ട്. പക്ഷേ, നമുക്ക് അറിവ് മാത്രം പോര അത് പ്രയോഗിക്കാനുള്ള ആര്‍ജ്ജവം കൂടി വേണം. അതാണ് വിങ്സ് കൊടുക്കുന്നത്. കസബയെപ്പറ്റി അഭിപ്രായം പറഞ്ഞതിന് നടി പാര്‍വ്വതിക്കു നേരെ ഫേസ്ബുക്കില്‍ തെറിവിളിയാണ്. സൈബര്‍ പൊലീസ് ഇവിടെ ആക്ടീവല്ല. അങ്ങനെയാണെങ്കില്‍ ഇത്തരം തെറികള്‍ പറയാന്‍ ധൈര്യം ഉണ്ടാവില്ല. പെണ്‍കുട്ടികള്‍ പരാതിയും കൊടുക്കണം. നമ്മുടെ സംവിധാനത്തിലെ പോരായ്മകള്‍ നമ്മള്‍ തന്നെ മാറ്റിയെടുക്കണം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത് ആകെ 15 ശതമാനം ആള്‍ക്കാരാണ്. അതില്‍നിന്നാണ് ഒരു രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം നേടുന്നത്. അങ്ങനെ നോക്കുമ്പോള്‍ വിങ്സിന് പലതും ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞാന്‍ വര്‍ഷങ്ങളായി ബുള്ളറ്റ് ഓടിക്കുന്ന ഒരാളാണ്. അത് കാണുന്ന പലര്‍ക്കും അതൊരു പ്രചോദനമായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് കുറേ പേരെയെങ്കിലും സ്വാധീനിക്കും. സ്ത്രീ മുന്നേറ്റങ്ങളെയൊന്നും തടയാന്‍ ഇനി കഴിയില്ല. സമൂഹത്തിലെ ശരികള്‍ക്കൊപ്പമാണ്  നമ്മളില്‍ കൂടുതല്‍ പേരും നില്‍ക്കുന്നത്. പക്ഷേ, ഇവിടത്തെ ശരികള്‍ ആണിന്റെ ശരികളാണ്. അതിനിടയില്‍ മനുഷ്യന്റെ ശരികള്‍ നമ്മള്‍ കണ്ടെത്തണം.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com