ഖത്തര്‍ ഉപരോധത്തിന്റെ ഭൂപടം; വി. മുസഫര്‍ അഹമ്മദ് എഴുതുന്നു, ബെന്യാമിന്റെ ചിത്രങ്ങള്‍

ലോക്കല്‍ അനസ്‌ത്യേഷ്യയില്‍ ആദ്യം ഒരു ചെറുഞെട്ടലുണ്ടാകും, പിന്നെ മരവിപ്പ്, കുറച്ചുകഴിയുമ്പോള്‍ ബുദ്ധിയും ചേതനയും പഴയതുപോലെയാകും. ഇപ്പോള്‍ ഖത്തറിനെക്കുറിച്ച് പറയാന്‍ കഴിയുന്ന ഏറ്റവും നല്ല ഉപമ ഇതാണെന്ന്
അല്‍ അരീഷിലെ വാച്ച് ടവര്‍
അല്‍ അരീഷിലെ വാച്ച് ടവര്‍

ലോക്കല്‍ അനസ്‌ത്യേഷ്യയില്‍ ആദ്യം ഒരു ചെറുഞെട്ടലുണ്ടാകും,
പിന്നെ മരവിപ്പ്, കുറച്ചുകഴിയുമ്പോള്‍ ബുദ്ധിയും ചേതനയും
പഴയതുപോലെയാകും. ഇപ്പോള്‍ ഖത്തറിനെക്കുറിച്ച്
പറയാന്‍ കഴിയുന്ന ഏറ്റവും നല്ല ഉപമ ഇതാണെന്ന് തോന്നുന്നു- ഖത്തര്‍ ഉപരോധത്തിന്റെ ഭൂപടം; വി. മുസഫര്‍ അഹമ്മദ് എഴുതുന്നു, ബെന്യാമിന്റെ ചിത്രങ്ങള്‍

മൂന്ന് കാര്യങ്ങള്‍ സംഭവിക്കും. ഒന്ന് ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിക്കും. രണ്ട് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിനെ (ജി.സി.സി) സൗദിയും യു.എ.ഇയും ബഹ്റൈനും ചേര്‍ന്ന് നിര്‍വ്വീര്യമാക്കും, അല്ലെങ്കില്‍ പിളര്‍ത്തും. മൂന്ന് അടുത്ത ഉപരോധ നീക്കം ഇറാന് നേരെയായിരിക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അല്‍ജസീറ ചാനല്‍ കോംപ്ലക്‌സില്‍ വെച്ച് കേട്ട അതേ നിരീക്ഷണങ്ങള്‍ ആ ഖത്തരി ചെറുപ്പക്കാരന്‍ അക്കമിട്ട് ആവര്‍ത്തിച്ചു. 
സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും ഖത്തറിനെ ഉപരോധത്തിലാക്കിയത് പ്രധാനമായും അല്‍ജസീറ ചാനലിന്റെ പേരിലും ഭീകരവാദ പ്രചാരകര്‍ എന്ന പേരിലുമാണ്. അങ്ങനെയുള്ള ഒരവസ്ഥയില്‍ അല്‍ജസീറ സന്ദര്‍ശിക്കണമെന്ന തോന്നലാണ് പ്രധാനമായും എന്നെ ദോഹയില്‍ ചില ദിവസങ്ങള്‍ സഞ്ചരിക്കാന്‍ പ്രധാനമായും പ്രേരിപ്പിച്ചത്. ആ യാത്രയുടെ ഒടുവില്‍ മടങ്ങാന്‍ വേണ്ടി വിമാനം കാത്തിരിക്കുമ്പോഴാണ് ഖത്തരി യുവാവിനെ പരിചയപ്പെട്ടത്.
''ഇറ്റീസ് ലൈക്ക് ലോക്കല്‍ അനസ്‌ത്യേഷ്യ. നൗ വി കെയിം ഔട്ട് ഓഫ് ഇറ്റ്.'' അമേരിക്കയില്‍ മെഡിസിനു പഠിക്കുന്ന ആ ഖത്തരി യുവാവ് പറഞ്ഞു. ദോഹയില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ അയാള്‍ തുര്‍ക്കി വഴി അമേരിക്കയിലേക്കുള്ള വിമാനം കാത്തിരിക്കുകയായിരുന്നു, ഞാന്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും. ലോക്കല്‍ അനസ്‌ത്യേഷ്യയില്‍ ആദ്യം ഒരു ചെറുഞെട്ടലുണ്ടാകും, പിന്നെ മരവിപ്പ്, കുറച്ചുകഴിയുമ്പോള്‍ ബുദ്ധിയും ചേതനയും പഴയതുപോലെയാകും. ഇപ്പോള്‍ ഖത്തറിനെക്കുറിച്ച് പറയാന്‍ കഴിയുന്ന ഏറ്റവും നല്ല ഉപമ ഇതാണെന്ന് തോന്നുന്നു, വാടിയിട്ടുണ്ടെങ്കിലും അയാള്‍ ചിരിച്ചു. തുളകള്‍ വീണ കമ്പിളിക്കുപ്പായങ്ങളും തണുപ്പിനെ കുറേയൊക്കെ നേരിടും.
ഞാന്‍ പറയുന്നത് എന്റെ കണ്ടെത്തലുകളല്ല, ഖത്തറിലെ ഓരോ മനുഷ്യരും ഇക്കാര്യങ്ങള്‍ നടക്കുമെന്ന് വിശ്വസിക്കുന്നു, ഭരണാധികാരികളുള്‍പ്പെടെ. അയാള്‍ ഉറപ്പിച്ചു പറഞ്ഞു. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ചില ആഴ്ചകള്‍കൊണ്ട് യാഥാര്‍ത്ഥ്യമായി. ഉപരോധം ഏഴാം മാസത്തേയ്ക്ക് കടന്ന സമയത്ത്. പത്രങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ഞാനയാളെ വിളിച്ചു, എല്ലാം ഞാന്‍ പറഞ്ഞതുപോലെ സംഭവിച്ചില്ലേ? ഞാന്‍ പറഞ്ഞതുപോലെയല്ല, ഖത്തറിലെ എല്ലാ മനുഷ്യരും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തതുപോലെ! അയാള്‍ തിരിച്ചു ചോദിച്ചു. 

അല്‍ അരീഷില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ബഹ്റൈന്‍കാര്‍ ജീവിച്ചിരുന്ന സെറ്റില്‍മെന്റ്

1
ഇതിനെല്ലാം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ദോഹയിലെ കത്താറ ഹെരിറ്റേജ് വില്ലേജില്‍ അല്‍ജസീറ കേഫില്‍ വെച്ചാണ് താരീഖ് അയ്യൂബ് മാധ്യമ പ്രവര്‍ത്തനത്തിന്റെ അവസാന ദിവസം ധരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ കണ്ടത്. അദ്ദേഹം ജസീറയുടെ ബഗ്ദാദ് ബ്യൂറോയില്‍ വെച്ചെഴുതിയ അവസാന റിപ്പോര്‍ട്ട്, പ്രസ്സ് എന്നെഴുതിയ ഔട്ടര്‍ ജാക്കറ്റ്, ഇപ്പോള്‍ പലയിടങ്ങളിലായി അടര്‍ന്നു കൊണ്ടിരിക്കുന്ന ഹെല്‍മെറ്റ്, ബഗ്ദാദില്‍ വെച്ച് അദ്ദേഹമെടുത്ത ചില ചിത്രങ്ങള്‍, ഇറാഖില്‍ മാധ്യമപ്രവര്‍ത്തനത്തിനുള്ള പെര്‍മിറ്റ് എന്നിവയെല്ലാം അവിടെ ചില്ലുകൂട്ടിലുണ്ട്. കുവൈത്തില്‍ ജനിച്ച പലസ്തീനിയായിരുന്നു അദ്ദേഹം. 2003 ഏപ്രില്‍ എട്ടിനാണ് അല്‍ജസീറ ബഗ്ദാദ് ബ്യൂറോക്കു നേരെ നടന്ന അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ താരീഖ് കൊല്ലപ്പെടുന്നത്. അന്ന് കേരളത്തിലെ ചാനലുകളും അച്ചടി മാധ്യമങ്ങളും താരീഖിനെക്കുറിച്ചുള്ള സ്റ്റോറികള്‍ കൊടുത്തു. അദ്ദേഹം ബിരുദപഠനം നടത്തിയത് ഫാറൂക്ക് കോളേജിലായിരുന്നു.
ആ ചില്ലുകൂടിനു തൊട്ടടുത്തായി അലി ഹസന്‍ അല്‍ ജാബിര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അവസാന ദിവസങ്ങളില്‍ അണിഞ്ഞ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന സാധനങ്ങളും കാണാം. തുളകള്‍ വീണുതുടങ്ങിയ കമ്പിളിക്കുപ്പായങ്ങള്‍, അല്‍പ്പം വില കൂടിയ വാച്ച്, അദ്ദേഹത്തിന്റെ അല്‍ജസീറ ഐ.ഡി കാര്‍ഡ്, പഴ്‌സ്, പ്രസ്സ് എന്നെഴുതിയ വട്ടത്തിലുള്ള ബാഡ്ജ് അങ്ങനെ കുറച്ചു വസ്തുക്കള്‍. 2011-ല്‍ ലിബിയയില്‍ ജനങ്ങളുടെ വിപ്ലവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അലി ഹസന്‍ അല്‍ജാബിര്‍ കൊല്ലപ്പെടുന്നത്.
അതിന് തൊട്ടടുത്ത മറ്റൊരു ചില്ലുകൂട്ടില്‍ ഗ്വാണ്ടിനാമോയില്‍നിന്ന് സുഡാനിലേക്കുള്ള യാത്രാവേളയില്‍ സാമി അല്‍ ഹാജ് ധരിച്ചിരുന്ന സാധനങ്ങള്‍. അല്‍ജസീറയുടെ ഈ മാധ്യമ പ്രവര്‍ത്തകനെ ആറര വര്‍ഷം ഗ്വാണ്ടിനാമോയില്‍ തടവില്‍ വെച്ചു. പിന്നീട് കുറ്റങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിട്ടയച്ചു. വീട്ടിലേക്കുള്ള യാത്രയില്‍ ധരിച്ചിരുന്ന ഷൂസും വസ്ത്രങ്ങളും ആ യാത്ര ചെയ്യാന്‍ ഉപയോഗിച്ച വിമാന ടിക്കറ്റും കഫേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒപ്പം ഗ്വാണ്ടിനാമോയില്‍നിന്ന് അദ്ദേഹം പലപ്പോഴായി വീട്ടിലേക്കയച്ച കത്തുകളുമുണ്ട്. ഗ്വാണ്ടിനാമോയുടെ ഗേറ്റിന്റെ പശ്ചാത്തലത്തില്‍ വരച്ച അലി ഹസന്‍ അല്‍ ജാബിറിന്റെ ഛായാചിത്രവും ഒപ്പമുണ്ട്.
മുന്‍പ് ഇതെല്ലാം അല്‍ജസീറയുടെ ദോഹയിലെ കേന്ദ്ര ഓഫീസിലാണ് വെച്ചിരുന്നത്. ഉപരോധത്തിനുള്ള മുഖ്യ കാരണം അല്‍ജസീറയായതുകൊണ്ടാകാം ഇതെല്ലാം കൂടുതല്‍ പേര്‍ക്ക് കാണാനായി കത്താറയിലേക്ക് മാറ്റിയത്. അവിടെ ജസീറ കഫേയില്‍ ടൂറിസ്റ്റുകള്‍ക്ക് ടി.വി വാര്‍ത്താവായനക്കാരായി അഭിനയിക്കാനും അതു പടത്തിലാക്കാനുമുള്ള സൗകര്യമുണ്ട്. അവിടെയെത്തുന്ന സഞ്ചാരികള്‍ അതില്‍ കാണിക്കുന്ന ശ്രദ്ധയും ശുഷ്‌കാന്തിയും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ സ്മരണാ പേടകങ്ങള്‍ക്കരികില്‍ പോകാന്‍ കാണിക്കുന്നില്ല.

ജസീറയുടെ ഇംഗ്ലീഷ് വിഭാഗം ന്യൂസ് റൂം

ഏറെ നേരം അവിടെ നിന്നെങ്കിലും ഈ അനുഭവത്തില്‍ വലിയ മാറ്റം കണ്ടില്ല. 
അല്‍ജസീറയുടെ ഓഫീസിലേക്ക് കടക്കുക അത്ര എളുപ്പമല്ല. ദോഹയിലെ ഒരു സുഹൃത്ത് വഴി അനുമതി സമ്പാദിച്ചെങ്കിലും അവരുടെ സിസ്റ്റത്തില്‍ എന്റെ അനുമതി പത്രം വന്നില്ല. മൂന്ന് ഗേറ്റുകള്‍ മാറിമാറി നോക്കിയെങ്കിലും അതു ശരിയായില്ല. ഒടുവില്‍ എങ്ങനെയോ അത് ശരിയായി. കടന്നുചെല്ലുമ്പോള്‍ കാണുന്ന പോസ്റ്ററുകളില്‍ പ്രധാനം 'ട്രൂത്ത് ഈസ് ദ ഫസ്റ്റ് കാഷ്വാലിറ്റി' എന്നെഴുതിയതാണ്. ആ പോസ്റ്ററിന്റെ ഉപവാചകം Crack down on journalists is a crime aimed to silencing the voice oft ruth എന്നാണ്. സാക്ഷികളെ കൊല്ലുന്നത് സത്യത്തെ ഇല്ലാതാക്കുന്നില്ല എന്ന അടുത്ത പോസ്റ്ററില്‍ ജസീറയുടെ കൊല്ലപ്പെട്ട 11 മാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. 2017-ല്‍ അറബ് ലോകത്ത് കൊല്ലപ്പെട്ട 58 മാധ്യമ പ്രവര്‍ത്തകരെക്കുറിച്ചുള്ളതാണ്  അടുത്ത പോസ്റ്റര്‍. പ്രസ്സ് എന്നെഴുതിയ ഔട്ടര്‍ ജാക്കറ്റിനു മേല്‍ 'ദ പ്രൈസ് ഓഫ് ട്രൂത്ത്' എന്നെഴുതിയതാണ് അടുത്ത പോസ്റ്റര്‍. അതിന്റെ ഉപശീര്‍ഷകം ഇങ്ങനെ: Aljazeera made great sacrifice to professionally and impartially convey thet ruth; in loyatly to its viewer, and dedication to humanitarian mission.
പോസ്റ്ററുകള്‍ കഴിഞ്ഞ് ജസീറയുടെ മുറ്റത്ത് കൂടി നടക്കുമ്പോള്‍ പുകവലിക്കാരായ ജേര്‍ണലിസ്റ്റുകളുടെ കൂട്ടം. സ്റ്റുഡിയോക്കും ന്യൂസ്‌റൂമിനുമുള്ളില്‍ പുകവലി നിരോധിച്ചതിനാല്‍ പുകവലിക്കൂട്ടങ്ങള്‍ മുറ്റത്തേക്കിറങ്ങും. ജിദ്ദയില്‍ മലയാളം ന്യൂസില്‍ ജോലി ചെയ്യുന്ന കാലത്ത് ഓഫീസ് കെട്ടിടത്തിനകത്ത് പുകവലിക്കാരുടെ മൂലയില്‍ വെച്ചാണ് 2004-2005 കാലത്ത് ജോണ്‍ ആര്‍ ബ്രാഡ്ലി എന്ന ജേര്‍ണലിസ്റ്റിനെ പരിചയപ്പെടുന്നത്. അദ്ദേഹമന്ന് അറബ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2006-ല്‍ ബ്രാഡ്‌ലിയുടെ സൗദി അറേബ്യ എക്‌സ്‌പോസ്ഡ്: ഇന്‍സൈഡ് എ കിംഗ്ഡം ഇന്‍ ക്രൈസിസ് എന്ന പുസ്തകം പുറത്തുവന്നു. അതിനു മുന്‍പ് ബ്രാഡ്‌ലി ഫിലിപ്പൈന്‍സിലൂടെ ജന്മനാടായ ബ്രിട്ടനില്‍ എത്തിയിരുന്നു. പുകവലിക്കിടെ അദ്ദേഹം നടത്തിയ വിനിമയങ്ങളില്‍ പറഞ്ഞിരുന്ന കാര്യങ്ങളേയല്ല പുസ്തകത്തില്‍ വന്നത്. പുകവലി മൂലയില്‍ അദ്ദേഹം സൗദി ആരാധകനായി നടിച്ചു. സത്യത്തില്‍ ബ്രാഡ്‌ലി ആ പുസ്തകമെഴുതാന്‍ വേണ്ടി മാത്രമാണ് സൗദിയില്‍ വന്നതെന്ന് പില്‍ക്കാലത്ത് വ്യക്തമാക്കപ്പെട്ടു.
പക്ഷേ, ഇവിടെ പുകവലിക്കൂട്ടം സത്യസന്ധരാണ്. അവര്‍ പറയുന്നതു തന്നെ എഴുതുന്നവരായി തോന്നി. അറബിയിലും ഇംഗ്ലീഷിലും അവര്‍ നടത്തുന്ന വിനിമയങ്ങളില്‍ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ പല നിരീക്ഷണങ്ങളും കേള്‍ക്കാമായിരുന്നു. അതെല്ലാം അപ്പോഴേക്കും ഖത്തറില്‍ പരന്നുകഴിഞ്ഞ കാര്യങ്ങള്‍ കൂടിയായിരുന്നുവെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ യാത്രയില്‍ ജനങ്ങള്‍ പറയുന്ന കാര്യങ്ങളില്‍നിന്നു മനസ്സിലാക്കാനായി. 
അല്‍ജസീറ ന്യൂസ് റൂമില്‍ ഒരു ലൈവ് നടക്കുകയായിരുന്നു. സൗദിയില്‍ 79 പ്രമുഖരെ അഴിമതിക്കുറ്റത്തിന് (വലീദ് ബിന്‍ തലാല്‍ അടക്കം) അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള വിശകലനം. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ ആ ന്യൂസ് സ്റ്റുഡിയോയിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ജസീറയുടെ ഫേസ് ബുക്ക് പേജാണ് ഇപ്പോള്‍ ലോകം കൂടുതലായി കാണുന്നത്. ടി.വിക്കു മുന്നിലിരിക്കുന്നതിന്റെ എത്രയോ ഇരട്ടി പേര്‍ എഫ്.ബി പേജിലൂടെ കടന്നു പോകുന്നു. ചാനലിന് അത്തരത്തിലുള്ള മാറ്റം അനിവാര്യമാവുകയാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. 

അലി ഹസന്‍ ജാബിരിയുടെ സ്മൃതിപേടകം

ഖത്തര്‍ ഭരണകൂടം ഫണ്ട് ചെയ്യുന്ന ജസീറയെക്കുറിച്ച് ഇപ്പോഴത്തെ ഭരണാധികാരി ശൈഖ് തമീം ഇങ്ങനെ പറഞ്ഞു: സംവാദങ്ങളുടെ കുറവ് പരിഹരിക്കാനാണ് ഞങ്ങള്‍ ജസീറ തുടങ്ങിയത്. ഒരു കാരണവശാലും അത് അടച്ചുപൂട്ടണമെന്ന ആവശ്യം അംഗീകരിക്കില്ല. ഞങ്ങള്‍ മുന്നോട്ടു പോവുകതന്നെ ചെയ്യും. ഏറ്റവും തീവ്രവും തീക്ഷ്ണവുമായ നിലപാടുകള്‍ ചാനല്‍ എടുത്തപ്പോഴെല്ലാം അറബ് ലോകത്തിന്റെ പല ഭാഗങ്ങളിലും പലപ്പോഴായി ജസീറ നിരോധിക്കപ്പെട്ടിരുന്നു. സൗദിയില്‍ പല തവണ അത് സംഭവിച്ചു. ഇപ്പോള്‍ ചാനല്‍ ഉപരോധത്തിനുപോലും കാരണമായി അവതരിക്കപ്പെട്ടു. ജസീറയും തീവ്രവാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നാണാരോപണം. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ ലോക മാധ്യമരംഗത്ത് ജസീറ സത്യത്തിന്റെ മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അതിനുവേണ്ടി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്ത് രക്തസാക്ഷികളായി. അറബ് ലോകത്തിന്റെ ഹിംസയും സങ്കീര്‍ണ്ണതയും അച്ചുകുത്തിയാണ് ജസീറയിലെ മാധ്യമപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ തിരിച്ചെത്തിയത്. പക്ഷേ, അങ്ങനെയൊരു മാധ്യമത്തെ ഇന്ന് ഒട്ടും ആവശ്യമില്ലാത്തത് അറബ് സമൂഹങ്ങള്‍ക്കു തന്നെയാണെന്നത് ആ ജനത നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കാന്‍ പോന്നതുതന്നെയാണ്. ഒരു അറബ് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, ജസീറയുടെ ആര്‍ജ്ജവം അംഗീകരിക്കണം. അവര്‍ ഒരു കാര്യം മാത്രമാണ് ഇത്രയും കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടെ ചെയ്യാതിരുന്നത്, മറ്റൊന്നുമല്ല, ഖത്തര്‍ രാജകുടുംബത്തിന്റെ ഉള്ളകങ്ങളിലേക്ക് ഒരിക്കലും ക്യാമറ തിരിച്ചില്ല, അത് സാധ്യവുമല്ലല്ലോ.
അമേരിക്കയ്ക്ക് സൈനികത്താവളം അനുവദിച്ച ഖത്തര്‍ പിന്നീട് താലിബാന് ദോഹയില്‍ ഓഫീസ് തുറക്കാനും അനുമതി നല്‍കി. രണ്ടും സത്യത്തില്‍ അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു. താലിബാനുമായി ചര്‍ച്ച നടത്താന്‍ ഒരു 'പീസ് സോണ്‍' വേണമെന്ന ആവശ്യത്തില്‍ നിന്നാണ് അത് സംഭവിക്കുന്നത്. ഇപ്പോള്‍ ദോഹയില്‍ താലിബാന്‍ ഓഫീസില്ല. താലിബാന്‍ വഴിയും ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചുവെന്ന് ഉപരോധത്തിന് കാരണമായി പറയപ്പെടുന്നു. താലിബാനുമായി നടന്നതായി പറയുന്ന ചര്‍ച്ചകള്‍ക്ക് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞതിന് തെളിവുകളൊന്നുമില്ല. അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ കണ്ണുമടച്ച് നടപ്പിലാക്കിക്കൊണ്ടേയിരിക്കുന്നത് ഗള്‍ഫിനെ ആശയദാസ്യത്തിലേക്ക് നയിക്കുകയും അങ്ങനെയൊരു പ്രതിസന്ധിയും അതു വഴിയുള്ള സങ്കീര്‍ണ്ണതകളും രൂപപ്പെടുക മാത്രമാണുണ്ടായത്. അത്തരമൊരിടത്തിലേക്കാണ് ജസീറ വന്നത്. ഇറാഖ് അധിനിവേശ സമയത്ത് അമേരിക്കയേയും ബ്രിട്ടനേയും ചാനല്‍ തുറന്നുകാണിച്ചു. അതിനൊപ്പം അറബ് ലോകത്തിന്റെ ആശയ ശൂന്യതയും വെളിവാക്കപ്പെട്ടു. അതുകൊണ്ട് തന്നെയാണ് ആശയങ്ങളില്ലാത്ത രാജ്യങ്ങള്‍ ഇന്ന് ഒരു മാധ്യമ സ്ഥാപനത്തെ ഉപരോധിക്കുന്നത്. 

അല്‍ജസീറ കോമ്പൗണ്ടിലെ പോസ്റ്ററുകളില്‍ ഒന്ന്

2
അലച്ചിലുകള്‍ക്കിടെ ഒരു ദിവസം രാത്രി മരുഭൂമിയില്‍ പോകാന്‍ തോന്നി. നേരിയ തണുപ്പുണ്ട്, മുഴുചന്ദ്രനും. സാന്‍ഡ് ഡ്യൂണ്‍സില്‍ വന്‍ ട്രാഫിക്ക് ബ്ലോക്ക്. ഖത്തരികള്‍ വാരാന്ത്യം ചെലവിടാന്‍ വരികയാണ്, നൂറുകണക്കിന് വാഹനങ്ങളിലായി. സാധാരണ നിലയില്‍ ഇത്രയും പേര്‍ ഇവിടേക്ക് വരാത്തതാണ്. കാരണം ലളിതം. ഇപ്പോള്‍ ഖത്തരികള്‍ക്ക് സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ കഴിയില്ല. മുന്‍കാലങ്ങളില്‍ ഒറ്റയ്ക്കും കുടുംബവുമായി ഡ്രൈവ് ചെയ്ത് പോയിരുന്ന രീതി ഇനി പറ്റില്ല. അതിനാല്‍ അവര്‍ സ്വന്തം രാജ്യത്ത് യാത്ര ചെയ്യുന്നു. ഖത്തര്‍ ചെറിയ രാജ്യമാണ്. അതിനാല്‍ ആവര്‍ത്തനം കൂടുതല്‍. പക്ഷേ, മനുഷ്യന് വീട്ടില്‍ത്തന്നെ കഴിയാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സാന്‍ഡ് ഡ്യൂണ്‍സിലേക്ക് വന്നു കൊണ്ടിരിക്കുന്നു. തീ കായാനുള്ള വിറക് വില്‍ക്കുന്ന കടകളും തമ്പുകള്‍ നല്‍കുന്ന ഏജന്‍സികളും മരുഭൂമിയില്‍ സജീവമായിരിക്കുന്നു. 
ഉപരോധം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നും വിവാഹം ചെയ്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ ഖത്തറില്‍നിന്ന് അതിര്‍ത്തി കടന്നുപോകാന്‍ അനുവാദമുള്ളൂ. ഭാര്യയെ കാണാന്‍ പോകുന്ന ഭര്‍ത്താക്കന്മാര്‍, ഭര്‍ത്താക്കന്മാരെ കാണാന്‍ പോകുന്ന ഭാര്യമാര്‍, അല്ലെങ്കില്‍ ഒന്നിച്ച് ഭര്‍ത്തൃഗൃഹത്തിലേക്കോ ഭാര്യാഗൃഹത്തിലേക്കോ സഞ്ചരിക്കുന്നവര്‍. വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇവര്‍ക്ക് അതിര്‍ത്തി കടന്നുപോകാന്‍ കഴിയൂ. ഖത്തരികള്‍ സൗദിയില്‍നിന്നും യു.എ.ഇയില്‍നിന്നും ബഹ്റൈനില്‍നിന്നുമൊക്കെ വിവാഹം ചെയ്യാറുണ്ട്. അതിര്‍ത്തി കടന്നുപോകുന്നവര്‍ ഇങ്ങനെയുള്ള ദമ്പതികള്‍ മാത്രം. അതിര്‍ത്തികളില്‍ പോയി നിന്നാല്‍ വളരെ വളരെ അപൂര്‍വ്വമായി ഇങ്ങനെ കടന്നുപോകുന്നവരെ കാണാം. ദമ്പതികളെ വിരഹത്തിലാക്കാന്‍ ഏതായാലും ഉപരോധ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. 

3
ദോഹയിലെ അല്‍ സുബാറയിലെ ആര്‍ക്കിയോളജിക്കല്‍ സൈറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍, അവിടെനിന്നും ഉദ്ഖനനത്തിലൂടെ കുഴിച്ചെടുത്ത സാധനങ്ങളെക്കുറിച്ച് അറിയുമ്പോള്‍ നിരവധി സംസ്‌കാരങ്ങള്‍ ഇന്നത്തെ ഈ കൊച്ചു രാജ്യത്തിലൂടെ എങ്ങനെ സഞ്ചരിച്ചുവെന്ന് വ്യക്തമാകും. പലവിധ സെറ്റില്‍മെന്റുകള്‍ ഈ പ്രദേശത്തുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ബഹ്റൈന്‍ സെറ്റില്‍മെന്റാണ്. ഇന്ന് അതേ ബഹ്റൈനാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ചരിത്രത്തിലെ കൗതുകങ്ങളിലൊന്നായി അവശേഷിക്കുന്നു. ഉദ്ഖനനത്തില്‍ കിട്ടിയ ഫ്രൂട്ട് സ്റ്റോണുകള്‍, മൃഗങ്ങളുടെ എല്ലുകള്‍, വിത്തുകള്‍ എന്നിവ ഇന്ന് വിജനമാണെങ്കിലും ഒരുകാലത്ത് ഇവിടെ സജീവമായ മനുഷ്യസാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകളായി അവശേഷിക്കുന്നു. പ്രധാനമായും കടലില്‍ പോയി ഉപജീവനം കണ്ടെത്തുന്നവരാണ് ഇവിടങ്ങളില്‍ കഴിഞ്ഞിരുന്നത്. കടലില്‍ മുങ്ങി മുത്തുകള്‍ വാരിയെടുക്കുന്നവരായിരുന്നു കൂടുതലും. ഉദ്ഖനനത്തില്‍ കണ്ടെത്തിയ മുത്തുവില്‍പ്പനക്കാരുടെ പെട്ടികള്‍ ഇതിന്റെ തെളിവാണ്. സുബാറയില്‍ കടല്‍ത്തീരത്തുനിന്നും വളരെ അടുത്താണ് ബഹ്റൈന്‍. അതിര്‍ത്തികള്‍ അത്രയടുത്തും നേര്‍ത്തതുമാണ് എന്നര്‍ത്ഥം. ഇന്നത്തെ യു.എ.ഇ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ളവരും സുബാറയില്‍ ജീവിച്ചിരുന്നതായി ചില ആര്‍ക്കൈവല്‍ രേഖകള്‍ സൂചന നല്‍കുന്നു. അതിനാല്‍ത്തന്നെ സുബാറയിലൂടെ സഞ്ചരിക്കുമ്പോള്‍ നിരവധി പേര്‍ അന്നം കണ്ടെത്തിയ പഴയൊരു നഗരത്തിലൂടെ, അതിന്റെ സജീവമായ ജീവിത ഞരമ്പുകളിലൂടെ സഞ്ചരിക്കുന്നതുപോലെ തോന്നും. മണ്‍പാത്രങ്ങളും നന്നങ്ങാടികളും കോസ്മെറ്റിക്ക് ഗ്ലാസ് ബോട്ടിലുകളും പുകവലിക്കുഴലുകളും കല്‍വിളക്കുകളും ഇരുമ്പുണ്ടകളുമെല്ലാം ഇവിടെനിന്ന് കിട്ടിയിട്ടുണ്ട്. മനുഷ്യജീവിതത്തിന്റേയും പലവിധ വ്യവഹാരങ്ങളുടേയും രേഖകളാണവ. അതേ രേഖകള്‍ക്കു മുകളിലൂടെയാണ് ഇപ്പോള്‍ ഉപരോധത്തിന്റെ ഭൂപടം പാഞ്ഞു പോകുന്നത്. ദോഹയില്‍ മല്‍സ്യബന്ധന ജോലി ചെയ്യുന്ന കന്യാകുമാരിക്കാരായ തൊഴിലാളികളെ തുറമുഖത്തു വെച്ച് കണ്ടിരുന്നു. ഖത്തര്‍ കടലില്‍നിന്നും സമൃദ്ധമായി കിട്ടുന്ന ചില തരം മല്‍സ്യങ്ങള്‍ നേരത്തെ ബഹ്റൈന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഏഴു മാസമായി അത് നിലച്ചു. ഈ രാജ്യങ്ങളില്‍ സമൃദ്ധമായി കിട്ടുന്നതും ഖത്തറില്‍ കിട്ടാത്തതുമായ മല്‍സ്യങ്ങളുടെ ഇറക്കുമതിയും നടക്കുന്നില്ല. അപ്പോള്‍ ആരും അല്‍സുബാറയില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വന്നിറങ്ങിയ ആദ്യ മല്‍സ്യബന്ധനത്തൊഴിലാളികളെ  ഓര്‍ത്തുപോകും. 

അല്‍ അരീഷ് നഗരച്ചുമരുകളുടെ  അവശിഷ്ടം

4
ഖത്തര്‍ ഇസ്ലാമിക മ്യൂസിയത്തിലേക്ക് കടക്കുമ്പോള്‍ ഇറാന്‍ പരവതാനികള്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. തുര്‍ക്കിയില്‍നിന്നുള്ള സാംസ്‌കാരിക ഉപലബ്ധികളും മ്യൂസിയത്തിലുണ്ട്. ഈ കാഴ്ചകള്‍ ഉപരോധകാലത്ത് ഖത്തറിനെ സഹായിക്കുന്ന ഇറാനേയും തുര്‍ക്കിയേയും ഓര്‍മ്മിപ്പിക്കാന്‍ കൂടി സഹായിക്കുന്നു. ഉപരോധത്തിനു മുന്‍പ് സൗദിയില്‍നിന്നുള്ള പാല്‍ഭക്ഷ്യ വസ്തുക്കളും യു.എ.ഇയില്‍നിന്നുള്ള മരുന്നുകളും ബഹ്റൈനില്‍നിന്നുള്ള ഗൃഹോപകരണങ്ങളുമാണ് ഖത്തര്‍ വിപണിയിലുണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളതായിരിക്കുന്നു. സൗദിയില്‍നിന്നുള്ള അല്‍മറായി പാലിന്റെ കൊഴുപ്പ് ഇറാന്‍ പാലിനില്ലെന്നതുപോലുള്ള ബ്രാന്‍ഡ് മാറ്റത്തിന്റെ ചില പരിഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഖത്തര്‍ ഇപ്പോള്‍ ഉപരോധത്തെ മറികടക്കുന്നത് അവരുടെ സമ്പന്നതകൊണ്ടാണ്. അവര്‍ക്ക് എല്ലാ ഉപരോധങ്ങളേയും മറികടക്കാനുള്ള സമ്പത്തുണ്ട്. പക്ഷേ, അതിര്‍ത്തികളടച്ചതിന്റെ വീര്‍പ്പുമുട്ടലുകളും രാഷ്ട്രീയ വിവക്ഷകളും വലുതാണ്. അത് ഗള്‍ഫിലാകെ ഭയാശങ്കയായി ഉരുണ്ട് കൂടിയിട്ടുണ്ട്. ഉപരോധമുണ്ടാക്കുന്ന ദരിദ്രതയാണ് ഖത്തര്‍ ഇപ്പോള്‍ നേരിടുന്നത്. 
പള്ളികളില്‍ വെള്ളിയാഴ്ച ഖുത്തുബകളില്‍ സാഹോദര്യത്തിന്റെ പല മാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മതം നല്‍കുന്ന സാഹോദര്യത്തെക്കുറിച്ചും ഒരേ മതത്തില്‍ പെട്ടവര്‍ അത് നല്‍കാതിരിക്കുന്നതിനെക്കുറിച്ചുമാണ് വെള്ളിയാഴ്ച പ്രസംഗങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉപരോധത്തിന്റെ രാഷ്ട്രീയവും മതത്തിനകത്ത് തിരഞ്ഞു കണ്ടെത്താമെന്ന തോന്നല്‍ ഖുത്തുബ നടത്തുന്നവര്‍ക്കുണ്ട്. പക്ഷേ, അതില്‍ ഗള്‍ഫ് ഇന്നെത്തിയ രാഷ്ട്രീയ ആശയപാപ്പര ലോകത്തെ അഭിസംബോധന ചെയ്യണമെന്ന തോന്നലില്ല. അതിനാല്‍ത്തന്നെ അതെല്ലാം പഴങ്കഥകള്‍ പോലെ ആളുകള്‍ കേള്‍ക്കുന്നു, പിന്നീട് വീടുകളിലേക്ക്  തിരിച്ചുപോകുന്നു. 
സാഹോദര്യത്തെക്കുറിച്ച് ഖത്തര്‍ ഭരണാധികാരി സി.ബി.എസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: ഉപരോധ പ്രഖ്യാപനത്തിനു രണ്ടോ മൂന്നോ ദിവസം മുന്‍പ് സൗദിയില്‍ ജി.സി.സി സമ്മേളനത്തില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു, സൗഹൃദം പങ്കിട്ടു, സാഹോദര്യത്തെക്കുറിച്ച് പറഞ്ഞു. ഒരേ തളികയില്‍നിന്ന് ഭക്ഷണം കഴിച്ചു, പിരിഞ്ഞു. മൂന്നാം ദിവസം ഉപരോധ പ്രഖ്യാപനം, അതും റമദാനില്‍ (നോമ്പുകാലത്ത്).
1981-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജി.സി.സി ഇക്കാലമത്രയും നടത്തിയ ചര്‍ച്ചകള്‍ അര്‍ത്ഥ ശൂന്യമായിരിക്കുന്നു. ഒരേ കറന്‍സി, സംയുക്ത സൈന്യം തുടങ്ങിയ കാര്യങ്ങള്‍ ഓരോ യോഗത്തിലും ആവര്‍ത്തിച്ച് പിരിഞ്ഞ ആ യോഗങ്ങളും കൂടിച്ചേരലുകളും ഒടുവില്‍ ഉപരോധ പ്രഖ്യാപനത്തിലേക്കെത്തി എന്നതാണ് വസ്തുത. രാജാക്കന്മാരുടെ ആശയലോകം ഒരിക്കലും വിസ്തൃതമാകില്ലെന്ന ആധുനിക ചരിത്രവസ്തുത ജി.സി.സി പൊളിച്ചതോടെ ഗള്‍ഫ് ഭരണാധികാരികള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഈ രാജ്യങ്ങള്‍ നടത്തിപ്പോന്ന മനുഷ്യത്വവിരുദ്ധമായ നിരവധി കാര്യങ്ങളെ ഖത്തറും പിന്തുണച്ചിരുന്നു എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.

സുബാറയില്‍ ഉദ്ഖനനത്തില്‍ കിട്ടിയ വസ്തുക്കള്‍

5
ഖത്തറിലെവിടേയും ഭരണാധികാരി ശൈഖ് തമീമിന്റെ ചിത്രങ്ങളാണ്. മതിലുകളില്‍, ചുമരുകളില്‍, മാളുകളില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍, ടീ ഷര്‍ട്ടുകളില്‍, വാഹനങ്ങളില്‍. ഖത്തരി യുവചിത്രകാരന്‍ ഹമ്മദ് ബിന്‍ മാജിദ് അല്‍മദീദ് വരച്ചതാണ് ഈ ചിത്രം. ഖത്തറിന്റെ ഇന്നത്തെ ഗ്രാഫിറ്റി എന്നാല്‍ ഈ ചിത്രമാണ്. ഉപരോധത്തെ നേരിടാന്‍ ശ്രമിക്കുന്ന ഭരണാധികാരിക്ക് നല്‍കുന്ന പിന്തുണ എന്ന നിലയിലാണ് ഈ ചിത്രത്തിന്റെ വ്യാപനം. തമീം അല്‍മജ്ദ് (പ്രതാപവാനായ തമീം) എന്ന തലക്കെട്ടിലുള്ള ഈ ചിത്രം ക്യാമ്പയിനിനുവേണ്ടി ഉപയോഗിക്കുന്നു. ഖത്തര്‍ ജനത തങ്ങളുടെ ഐക്യദാര്‍ഢ്യം ഈ ഗ്രാഫിറ്റിയില്‍ ഒപ്പിട്ടും അഭിപ്രായങ്ങളും ഐക്യദാര്‍ഢ്യങ്ങളും എഴുതിച്ചേര്‍ത്ത് ക്യാമ്പയിനാക്കി മാറ്റുന്നു. ജനത ഭരണാധികാരിക്കൊപ്പം ഒറ്റക്കെട്ടായി എന്ന സന്ദേശം നല്‍കുകയാണ് ഈ ക്യാമ്പയിന്‍.
ഒറ്റയടിക്കു നോക്കുമ്പോള്‍ ഇത് ഗംഭീര സംഭവമാണെന്നു തോന്നും. ഒരു നിലയില്‍ ഖത്തരി ജനതയെ സംബന്ധിച്ച് ശരിയാണ് താനും. പക്ഷേ, ഇത്തരത്തിലുള്ള ദേശീയതാ പ്രേമം ആശയങ്ങളില്ലാത്ത ലോകത്താണ് തങ്ങള്‍ ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്താന്‍ സഹായിക്കുന്നുണ്ടോ എന്ന ചോദ്യമുയരുന്നു. സമ്പന്നത ആശയരഹിതരാക്കി മാറ്റിയ ഭരണാധികാരികളുടെ ഷോക്കേസിംഗ് കൂടി അറബ് ലോകത്ത് നടക്കുന്നുണ്ട്. അത്തരമൊരു ചര്‍ച്ച ഈ സമയത്തും വികസിക്കുന്നില്ല. ജനാധിപത്യം വിദൂരസ്വപ്നമായി നിലനില്‍ക്കുന്നു. ഈ ഗ്രാഫിറ്റി തരംഗം ഈ പ്രതിസന്ധിയെക്കൂടി ഉള്‍വഹിക്കുന്നുണ്ട്. 
ജറുസലേം ട്രംപ് ഇസ്രയേല്‍ തലസ്ഥാനമാക്കിയപ്പോള്‍ അല്‍ജസീറയില്‍ ഫേസ് ബുക്ക് കമന്റുകളിലൂടെ കടന്നുപോയി ഒരു ഫീച്ചര്‍ വന്നു. Helpless and Hopeless Arab എന്നായിരുന്നു അതിന്റെ തലക്കെട്ട്. അത് ഒരു വസ്തുതയാണ്. ഇപ്പോഴല്ല, ഏറ്റവും ചുരുങ്ങിയത് അരനൂറ്റാണ്ടെങ്കിലുമായിട്ട്. ഉപരോധം പോലുള്ള പ്രാകൃത നടപടികളിലേക്ക് എത്താനേ ഇന്നും അറബ് സമൂഹങ്ങള്‍ക്കാവുന്നുള്ളൂ.

6
മുസ്ലിം രാജ്യങ്ങളില്‍ ജീവിക്കുന്ന ലിബറലുകള്‍ ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇറാന്‍ ഖത്തറിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന വേളയില്‍ സുന്നികളും ഷിയാകളും തമ്മില്‍ തുറന്ന സംവാദങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യമാണത്. ഖത്തറില്‍ പൊതുവില്‍, മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഷിയാകള്‍ വലിയ വിവേചനം അനുഭവിക്കുന്നില്ല. സൗദിയിലും ബഹ്റൈനിലും അവര്‍ കടുത്ത വിവേചനത്തിന്റെ ഇരകളാണെന്നതില്‍ ഒരു സംശയവുമില്ല. 1400 വര്‍ഷമായി തുടരുന്ന സുന്നി-ഷിയ പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ വേദി ഒരുക്കുമോ എന്ന ചോദ്യം അറബ് ഇന്റലിജന്‍ഷ്യ ഉയര്‍ത്തുന്നുണ്ട്. മുസ്ലിംകള്‍ക്കിടയിലെ സെക്ടുകളും സബ്സെക്ടുകളും നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമാണ് പല യാഥാര്‍ത്ഥ്യങ്ങളും ലോകം മനസ്സിലാക്കുക എന്ന നിരീക്ഷണങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. 

കര്‍ണാടകയിലെ മുഹറാഘോഷം പടം - സുനില്‍ സലാം 
 

7
ഖത്തര്‍ യാത്രയ്ക്ക് കുറച്ചുനാള്‍ മുന്‍പ്, ദസറ, മുഹറം (മുഹറം-മുസ്ലിം പുതുവര്‍ഷം) നാളുകളില്‍ കര്‍ണാടകയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ഒരു അനുഭവലോകത്തിലൂടെ കടന്നുപോകാന്‍ അവസരമുണ്ടായി. ഹംപിയില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു ആ കാഴ്ച. ഹോസ്പേട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ പിന്നിട്ട് മലപ്പനഗുഡി എന്ന ഗ്രാമത്തില്‍. ആളുകളെ കസേരയിലിരുത്തി പൂമാലകള്‍കൊണ്ട് മൂടിയിരിക്കുന്നു. മുഹറം ആഘോഷിക്കുന്ന സൂഫിവര്യന്മാരുടെ കോലമായി സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് കസേരയില്‍ ഇരിക്കുന്ന ഓരോയാളും. മുഹറം ഒന്നു മുതല്‍ പത്തു വരെ ആഘോഷിക്കുന്നത് ഷിയാകളാണ്. മുഹറം പത്തിന് മനുഷ്യക്കോലങ്ങളെ പുഴയിലേക്ക് കൊണ്ടുപോകും. പിന്നീട് പൂമാലകളും മറ്റും പുഴയില്‍ ഒഴുക്കും. അന്ന് അവിടെ ഒരു ദൈവം ഉണ്ടാകുന്നു, മുസ്തഫാ ദൈവം എന്നു പേര്. മലപ്പനഗുഡയില്‍ പത്തില്‍ താഴെ മാത്രമേ ഷിയാ കുടുംബങ്ങള്‍ ഉള്ളൂ. ആ ഗ്രാമത്തില്‍ ഇപ്പറഞ്ഞ രീതിയില്‍ മുഹറം ആഘോഷിക്കുന്നത് ഹൈന്ദവരാണ്. പഴയ സൂഫി പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണിത്. സംഘ്പരിവാറും മുസ്ലിം വഹാബികളും ഈ ചടങ്ങുകളെ എതിര്‍ക്കുന്നുണ്ട്. അത് മറ്റൊരു കഥ. 
പക്ഷേ, ഷിയാകള്‍ക്കുവേണ്ടി ഹൈന്ദവര്‍ ഇങ്ങനെ മുഹറം ആഘോഷിക്കുന്നത് കേവലമായ ഒരു മതസൗഹാര്‍ദ്ദ കഥയല്ല. ബഹുസ്വരതയ്ക്കു മാത്രം സാധ്യമാകുന്ന തുറസ്സാണ്. ആ തുറസ്സ് ഗള്‍ഫ് അറബ് നാടുകളില്ല. ഉണ്ടാവാനും ഒരു സാധ്യതയുമില്ല. ബഹുസ്വരത അത്രയേറെ വിലപിടിച്ച ഒന്നാണ്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com