കെ. പി ഉണ്ണിക്കൃഷ്ണന്‍ ചിത്രം ടി.പി സൂരജ് / എക്‌സ്പ്രസ് ഫോട്ടോ
കെ. പി ഉണ്ണിക്കൃഷ്ണന്‍ ചിത്രം ടി.പി സൂരജ് / എക്‌സ്പ്രസ് ഫോട്ടോ

സോണിയ കൊടുംപകയുള്ള   സ്ത്രീ തന്നെ

ദുരൂഹവും വിവാദവുമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ എന്നും ശ്രദ്ധ നേടിയിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ എ.ഐ.സി.സി അംഗത്വമുള്ളപ്പോഴും പാര്‍ട്ടിയെ വീക്ഷിക്കുന്നത് വിമര്‍ശന ബുദ്ധിയോടെയാണ്

കെ.പി. ഉണ്ണികൃഷ്ണന്‍ വിശ്രമ ജീവിതത്തിലേക്കു പിന്മാറി സ്വസ്ഥമായിരിക്കുന്നതു കണ്ണും കാതും പൂട്ടിയല്ല. ചുറ്റും നടക്കുന്നതൊക്കെ അറിയാതിരിക്കുന്നില്ല. അറിയുന്നതിനെക്കുറിച്ചു നിലപാടെടുക്കാതേയും ഇരിക്കുന്നില്ല. വിവാദത്തിനുവേണ്ടിയുള്ള വെളിപ്പെടുത്തലുകള്‍ക്കോ തിരുത്തലുകള്‍ക്കോ താല്പര്യമില്ലെന്നതാണ് ശരി. എങ്കിലും രാജ്യത്തിന്റെ രാഷ്ര്ടീയ ഇന്നലെകളെക്കുറിച്ചും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്നിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ സ്വാഭാവിക തുറന്നു പറച്ചിലില്‍നിന്നു മനപ്പൂര്‍വം വിട്ടുനില്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല. 1995-ല്‍ കോണ്‍ഗ്രസ്‌സിലേക്കു മടങ്ങിയ ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  തോല്‍പ്പിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് എന്ന് ഇതാദ്യമായി അദ്ദേഹം വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് (യു) ആയും പിന്നീട് കോണ്‍ഗ്രസ് (എസ്) ആയും ഒന്നര പതിറ്റാണ്ട് വിട്ടുനിന്നിട്ട് കോണ്‍ഗ്രസ് (ഐ)യിലേക്കു മടങ്ങിയതു രാഷ്ര്ടീയമായി ശരിയായിരുന്നെങ്കിലും വ്യക്തിപരമായി അബദ്ധമായിപ്പോയി എന്നു സമ്മതിക്കാനും മടിയില്ല. പശ്ചാത്താപവും തിരുത്തലുമില്ലാത്തത്, പാളിപ്പോയ ആ സുപ്രധാന തീരുമാനത്തിനു പിന്നിലെ രാഷ്ട്രീയ ശരി തിരിച്ചറിയുന്നതുകൊണ്ടാണ്. 
ആറുവട്ടം തുടര്‍ച്ചയായി ലോക്‌സഭയിലേക്കു വിജയിച്ച ശേഷം ആദ്യമായി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു രണ്ടു പതിറ്റാണ്ടു മുന്‍പാണ്, 1996-ല്‍. ചെറുതായിരുന്നില്ല ഏഴാമൂഴത്തിലെ ആ തോല്‍വിയുടെ രാഷ്ട്രീയം
. അതിനു കൃത്യം അഞ്ചു വര്‍ഷം മുന്‍പായിരുന്നു ആറാമത്തേതും അവസാനത്തേതുമായ വിജയം. അതൊരു ഗംഭീര രാഷ്ര്ടീയ വിജയമായിരുന്നു എന്ന് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ എടുത്തുപറേയണ്ടതില്ല, കാല്‍നൂറ്റാണ്ടിനിടെ കേരളം ആ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് എത്രയോ വട്ടം പറഞ്ഞും കേട്ടും കഴിഞ്ഞു. കോണ്‍ഗ്രസ്‌സും മുസ്‌ലിം ലീഗും ബി.ജെ.പിയും കൈകോര്‍ത്ത കോ–ലീ–ബീ സഖ്യം എന്ന് ഇടതുപക്ഷം വിളിക്കുന്ന, പാഴായ പരീക്ഷണം എന്നു സംഘപരിവാര്‍ പിന്നീടു സമ്മതിച്ച, അന്നുമിന്നും കോണ്‍ഗ്രസ്‌സും ലീഗും തുറന്നൊന്നും പറയാത്ത അതിവിചിത്ര അടവുനയമാണ് പരാജയപ്പെട്ടത്. കെ.പി. ഉണ്ണികൃഷ്ണനെ വീഴ്ത്തുക മാത്രം ലക്ഷ്യമാക്കിയ ആ അപ്രഖ്യാപിത കൂട്ടുകെട്ടിനെതിരെ അദ്ദേഹം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായത് 1991-ല്‍. ഇടതുമുന്നണിയിലായിരുന്നപ്പോള്‍ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന തന്നെ സ്വന്തം സ്ഥാനാര്‍ത്ഥിയായപ്പോള്‍ കോണ്‍ഗ്രസ്‌സുകാര്‍ കരുതിക്കൂട്ടി തോല്‍പ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു; കെ. കരുണാകരനാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും. കരുണാകരന്‍ ഇന്നില്ലെങ്കിലും ജീവിച്ചിരിക്കുന്ന എ.കെ. ആന്റണി മുതല്‍ മുകളിലേക്കും താഴേക്കുമുള്ള നേതാക്കളെ അടുത്തുനിന്നും അകന്നുനിന്നും അറിഞ്ഞതിനെക്കുറിച്ച് ഉണ്ണികൃഷ്ണന്‍ പറയുന്നതൊക്കെയും സാക്ഷ്യപത്രങ്ങളായി മാറുന്നു. 
ഉണ്ണികൃഷ്ണന്റെ ആറ് വിജയങ്ങളും ഒരേയൊരു തോല്‍വിയും കോഴിക്കോട് ജില്ലയിലെ വടകര ലോക്‌സഭാ മണ്ഡലത്തിലായിരുന്നു. മൂന്നുവട്ടം കോണ്‍ഗ്രസ് എം.പി. 1970, 1977, 1980. പിന്നെ, 1984-ലും 1989-ലും 1991-ലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 1989–90 കാലത്ത് വി.പി. സിങ് സര്‍ക്കാരില്‍ ടെലികോം മന്ത്രി. അടിയന്തരാവസ്ഥയ്ക്കുശേഷം ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌സില്‍ ഉണ്ടായ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധി വിരുദ്ധ പക്ഷം ദേവരാജ് അരശിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ് (യു)വില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് (യു)വിലെ വലിയൊരു വിഭാഗം തിരികെ കോണ്‍ഗ്രസ് (ഐ)യിലേക്കു പോയപ്പോള്‍ ശരത്ചന്ദ്ര സിന്‍ഹയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (എസ്) രൂപം കൊണ്ടു. ഉണ്ണികൃഷ്ണന്‍ അതിലായി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതും അദ്ദേഹം ബോഫോഴ്‌സ് തോക്ക് ഇടപാട് കേസില്‍ ആരോപണവിധേയനായതും അക്കാലത്താണ്. ബോഫോഴ്‌സ് ഇടപാടിലെ വന്‍ അഴിമതി പുറത്തുകൊണ്ടുവന്നതോടെ അന്തര്‍ദ്ദേശീയ തലത്തില്‍ത്തന്നെ ഉണ്ണികൃഷ്ണന്‍ ശ്രദ്ധാകേന്ദ്രമായി. ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തേത്തുടര്‍ന്ന് കുവൈറ്റിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ദുരിതങ്ങളില്‍ പെട്ടുപോകാതെ കൂട്ടത്തോടെ രക്ഷിച്ചു കൊണ്ടുവരാന്‍ അദ്ദേഹം നല്‍കിയ നേതൃത്വവും മറക്കാനാകാത്ത അനുഭവങ്ങളിലുണ്ട്. 
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത്, 1993-ല്‍ കോണ്‍ഗ്രസ് (എസ്)ലെ ഒരു വിഭാഗം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തിരിച്ചു മാതൃസംഘടനയില്‍ ലയിക്കാന്‍ തീരുമാനിച്ചു. ആ ലയനം യാഥാര്‍ത്ഥ്യമായത് 1995-ല്‍ ആണ്. കോണ്‍ഗ്രസ് (എസ്) അപ്രസക്തമായ ദുര്‍ബല കക്ഷി ആയി മാറിയിരിക്കുന്നുവെന്നും ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌സിനെ ശക്തിപ്പെടുത്തണം എന്നുമായിരുന്നു ആ തീരുമാനത്തിന്റെ കാതല്‍. 
സ്വാതന്ത്ര്യ സമരച്ചൂടിനൊപ്പം നടന്ന കോഴിക്കോട് പന്നിയങ്കരയിലെ പ്രമുഖ കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നു പത്രപ്രവര്‍ത്തകനായി സാമൂഹിക ജീവിതം തുടങ്ങിയ, ഉന്നത വിദ്യാഭ്യാസമുള്ള യുവാവ് സോഷ്യലിസ്റ്റായതും പിന്നെ കോണ്‍ഗ്രസ്‌സായതും കോണ്‍ഗ്രസ് വിട്ടതും തിരിച്ചു കോണ്‍ഗ്രസ്‌സില്‍ എത്തിയതും രാഷ്ര്ടീയ തീരുമാനങ്ങളായിരുന്നു. രാഷ്ര്ടീയമല്ലാതെയൊന്നും ആ തീരുമാനങ്ങളെ സ്വാധീനിച്ചില്ല. പുതിയ തലമുറ അറിയാതെ പോകരുതാത്തതും ഒപ്പം നടന്ന തലമുറ മറന്നുപോയിക്കൂടാത്തതുമായ നിരവധി രാഷ്ര്ടീയ സംഭവവികാസങ്ങളുടെ നേരനുഭവങ്ങള്‍ പറയാനുണ്ട് കെ.പി. ഉണ്ണികൃഷ്ണന്. നാലര പതിറ്റാണ്ടു നീണ്ട രാഷ്ര്ടീയ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയാണ് അദ്ദേഹം സംസാരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമാണ്, രണ്ടുവട്ടം ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണ്, പ്രായം 76 ആയി. അതൊന്നും ഓര്‍മ്മകളേയോ തിരിച്ചറിവുകളേയോ നിലപാടുകളേയോ ബാധിച്ചിട്ടില്ല. അതുകൊണ്ടാണ് 'രാഷ്ര്ടീയത്തില്‍ ധര്‍മ്മബോധമുള്ള നേതാക്കളുടെ എണ്ണം കുറഞ്ഞു' എന്നു സി.പി. ജോണിന്റെ രാഷ്ര്ടീയ പുസ്തകം പ്രകാശനം ചെയ്തുകൊണ്ടു തുറന്നടിക്കാന്‍ കഴിഞ്ഞത്. പണത്തിന്റെയും പദവികളുടെയും പുറകേ താന്‍ അധികം ഓടിയിട്ടില്ലെന്നും അതു തന്റെ രാഷ്ട്രീയ ജീവിതം നന്നാക്കുകയും വെടിപ്പുള്ളതാക്കുകയും ചെയ്തുവെന്നും അഭിമാനിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നു സജീവമായി കേട്ടെങ്കിലും മാറിനിന്നു. സജീവ രാഷ്ര്ടീയം അവസാനിപ്പിക്കുകയാണോ ചെയ്തത്?
2014-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടു മുന്നണികളുടെ ഭാഗത്തുനിന്നും സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സ്വീകരിച്ചില്ല. ലോക്‌സഭയിലേക്കു പോകാന്‍ ഇനി താല്പര്യമില്ല. ആറ് വട്ടം തുടര്‍ച്ചയായി ജയിച്ചതു കേരളത്തില്‍ റെക്കോഡാണ്. ആരോഗ്യപരമായ പരിമിതികളുമുണ്ട്. ഇപ്പോഴത്തെ ജനപ്രതിനിധികളും പഴയവരുമായി വലിയ വ്യത്യാസമുണ്ട്. ജനങ്ങള്‍ അവരുടെ സ്വകാര്യ ജീവിതവുമായിക്കൂടി ബന്ധപ്പെട്ട പലതും ജനപ്രതിനിധികളില്‍നിന്ന് ഇപ്പോള്‍ കൂടുതലായി പ്രതീക്ഷിക്കുന്നു. കല്യാണമായാലും കാതുകുത്തായാലും തുടങ്ങിയതിനൊക്കെ അവരുടെ വീട്ടില്‍ പോകാനും ആഗ്രഹം നിറവേറ്റിക്കൊടുക്കാനുമൊക്കെ വയ്യ, വിഷമമാണ്. കെ.പി.സി.സി നിര്‍വ്വാഹക സമിതിയിലും എ.ഐ.സി.സിയിലുമൊക്കെ ഉണ്ടെന്നേയുള്ളു. ഒന്നിലും സജീവ പങ്കാളിത്തം എന്നില്‍നിന്നു പ്രതീക്ഷിക്കേണ്ട എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അത്യാവശ്യം അഭിപ്രായങ്ങളൊക്കെ ചോദിച്ചാല്‍ പറയും, അത്രതന്നെ. അതിന്റെ അര്‍ത്ഥം അരാഷ്ര്ടീയക്കാരനായി എന്നല്ല. രാഷ്ര്ടീയ കാര്യങ്ങളില്‍ താല്പര്യം നിലനില്‍ക്കുന്നുണ്ട്. പൊതുവേയുള്ള രാഷ്ര്ടീയ ചലനങ്ങളൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്, പഠിക്കാന്‍ ശ്രമിക്കാറുണ്ട്, അഭിപ്രായം പറയാറുമുണ്ട്. ആന്റണിയും ഉമ്മന്‍ ചാണ്ടിയും പിണറായിയും അടുത്തയിടെ വന്നിരുന്നു. മുന്‍പു വളരെയധികം വായിച്ചിരുന്നു. ഇപ്പോള്‍ അതും കുറച്ചു. എങ്കിലും പോകുന്നതിനു മുന്‍പേ ചിലതൊക്കെ ഇനിയും ചെയ്തു തീര്‍ക്കാനുണ്ട്. അതു ചെയ്യണം. 

രാഷ്ര്ടീയത്തില്‍ത്തന്നെ ചെയ്തു തീര്‍ക്കാനുണ്ട് എന്നാണോ?
എന്നു ഞാന്‍ പറയില്ല. രാഷ്ര്ടീയം യാദൃച്ഛികമായതിനേക്കാള്‍ അല്‍പ്പം കൂടുതലായി സംഭവിക്കുന്നതു മാത്രമാണ്. ഞാന്‍ ആദ്യം സോഷ്യലിസ്റ്റു പാര്‍ട്ടിയിലായിരുന്നു, വീട്ടിലുള്ള എല്ലാവരും കോണ്‍ഗ്രസ്‌സിലായിരുന്നെങ്കിലും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ വലിയ പങ്കുവഹിച്ച വീടാണ് ഇത്. മാതൃഭൂമിയൊക്കെ ഇവിടുന്നാണുണ്ടായത്. അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ടി. രാവുണ്ണി മേനോന്‍ മാതൃഭൂമിയുടെ രണ്ടാമത്തെ എഡിറ്ററായിരുന്നു. അദ്ദേഹമായിരുന്നു കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി. ഒറ്റപ്പാലം സമ്മേളനത്തില്‍ പൊലീസിന്റെ മര്‍ദ്ദത്തിന് ഇരയായി. എം.വി. കുട്ടിമാളുവമ്മയുടെ അമ്മ എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയായിരുന്നു. 1920 മുതല്‍ക്കുള്ള കോണ്‍ഗ്രസ് പാരമ്പര്യമാണ്. ആദ്യം ഖാദി വന്നത് ഈ വീട്ടിലാണ്. 1922-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജി രാവുണ്ണി മേനോനോടു ചോദിച്ചു, നിങ്ങളെന്താ ഖാദിയിലൊന്നും താല്പര്യമെടുക്കാത്തത് എന്ന്. അദ്ദേഹം തിരിച്ചുവന്ന ശേഷം കുഞ്ഞാണ്ടി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഖാദി ഏല്‍പ്പിച്ചു, നടന്നു വില്‍ക്കാന്‍. കോഴിക്കോട് ടൗണില്‍, മിഠായിത്തെരുവിലൊക്കെ കുഞ്ഞാണ്ടി ഖാദി കൊണ്ടുനടന്നു വിറ്റു. ആദ്യം ആളുകള്‍ക്കു തമാശയായിരുന്നു. 
ഞാന്‍ മദ്രാസില്‍ പഠിക്കാന്‍ പോയി. ആദ്യം ക്രിസ്ത്യന്‍ കോളേജിലും പിന്നീട് പ്രസിഡന്‍സി കോളേജിലും ലോ കോളേജിലും. ക്രിസ്ത്യന്‍ കോളേജിലെ ബന്ധങ്ങളില്‍നിന്നാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായത്. അതേസമയം തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സജീവമായി. ബിരുദവും പി.ജിയും നിയമപഠനവുമൊക്കെ മദ്രാസിലായിരുന്നു. അതൊക്കെ കഴിഞ്ഞാണ് കോണ്‍ഗ്രസ്‌സാകുന്നത്, 1950-കളില്‍. അപ്പോഴേക്കും സ്വാതന്ത്ര്യസമരം കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രയായിരുന്നു. തമിഴ്‌നാട്ടില്‍ കുറേ വര്‍ഷങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അവിടുത്തെ രാഷ്ര്ടീയം നന്നായി അറിയാവുന്നവരില്‍ ഒരാളാണ് എന്നാണ് ഞാന്‍ ധരിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കാണുമ്പോള്‍ ഒരു തമാശയാണ്. പലരെയും വ്യക്തിപരമായി അറിയാം, പലരുമായും നല്ല ബന്ധമുണ്ട്. കോണ്‍ഗ്രസ് അവിടെ ഉണ്ടായിരുന്നു മുന്‍പ്. പക്ഷേ, അത് ഇല്ലാതാക്കിക്കളഞ്ഞു. ബി.ജെ.പി ഇടമുണ്ടാക്കാന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. അതിപ്പോ, എല്ലായിടത്തും ശ്രമിക്കുന്നുണ്ടല്ലോ. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അധികമുള്ളതുകൊണ്ട് ഇവിടെ അവര്‍ക്കു കൂടുതല്‍ താല്പര്യമുണ്ട്. 

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനോ?
ന്യൂനപക്ഷങ്ങളെ നിലയ്ക്കു നിര്‍ത്താന്‍. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കൈകാര്യം ചെയ്യുക എന്നതാണ് അവര്‍ തുറന്നുപറയാത്ത ലക്ഷ്യം. പ്രധാനമായും മുസ്‌ലിങ്ങളെ. ഇടതുപക്ഷവുമായുള്ള ഏറ്റുമുട്ടലൊക്കെ അതിന്റെ ഭാഗം മാത്രമാണ്. 

ദീര്‍ഘകാലം എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തെ അപമാനിച്ചു എന്ന വിമര്‍ശനം നിലനില്‍ക്കുകയാണ്. മാത്രമല്ല, അനുശോചിച്ചു പിരിയുന്നതിനു പകരം സഭ തുടരുകയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. എങ്ങനെ കാണുന്നു?
അവരില്‍നിന്നു വേറെ എന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് തെറ്റ്. ഒരുകാലത്ത് ആര്‍.എസ്.എസ് ഒരു അച്ചടക്കമുള്ള ശക്തിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയാണോ എന്നു സംശയമുണ്ട്. ഇപ്പോള്‍ അവര്‍ ഒരു പവര്‍ ഓറിയന്റഡ്, പവര്‍ ഗ്രാബിംഗ് മെഷിനറിയാണ്. ബി.ജെ.പി എന്ന പാര്‍ട്ടിക്കുവേണ്ടിയാണ് എല്ലാം. അവരാണെങ്കില്‍ പൂര്‍ണ്ണമായും വര്‍ഗ്ഗീയ കക്ഷിയുമാണ്. പ്രധാനമന്ത്രി വര്‍ഗ്ഗീയവാദി ആണെന്നു സ്വയം തെളിയിച്ചയാളല്ലേ. 2002-ലെ ഗുജറാത്ത്. പക്ഷേ, ബി.ജെ.പി എന്ന രാഷ്ര്ടീയപ്പാര്‍ട്ടിയിലെ മറ്റു നേതാക്കളെയൊക്കെ മോദി സമര്‍ത്ഥമായി ഒറ്റപ്പെടുത്തിക്കളഞ്ഞു. അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെയൊക്കെ. 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോദിയെ നീക്കണം എന്ന് അന്നു പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കുണ്ടായിരുന്നു. അന്ന് അതു തടഞ്ഞതും മോദിയെ രക്ഷിച്ചതും അദ്വാനിയാണ്. മോദി ഇപ്പോള്‍ വര്‍ഗ്ഗീയ നിലപാട് മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. അത്തരം പ്രസംഗങ്ങളും പ്രസ്താവനകളുമാണ് വരുന്നത്. എല്ലാവരുടെയും പ്രധാനമന്ത്രിയാകാനുള്ള വലിയ ശ്രമം നടത്തുന്നു. പക്ഷേ, ഇത്തരം ചില സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അതൊക്കെ പൊളിഞ്ഞു പോകുന്നു, തുറന്നുകാട്ടപ്പെടുന്നു. 2002-ലേക്കാള്‍ വഷളായിരിക്കുകയാണ് എന്ന് അദ്ദേഹം എന്ന കാര്യത്തില്‍ സംശയമില്ലാതാകുന്നു. 
ഇ. അഹമ്മദിന്റെ വിഷയം ഒരു പ്രശ്‌നമാക്കി എത്രത്തോളം വികസിപ്പിക്കാന്‍ പ്രതിപക്ഷത്തിനു സാധിക്കും എന്നെനിക്ക് അറിയില്ല. പക്ഷേ, അദ്ദേഹം മരിച്ചതിന്റെ പിറ്റേ ദിവസം പാര്‍ലമെന്റ് അനുശോചനം അറിയിച്ചു പിരിയണമായിരുന്നു. ആശുപത്രിയില്‍ എത്തും മുന്‍പേതന്നെ മരിച്ചിരുന്നു എന്നാണ് മനസ്‌സിലാകുന്നത്. സര്‍ക്കാര്‍ അന്നുതന്നെ അതു പ്രഖ്യാപിക്കണമായിരുന്നു. ഒരു ദിവസം ബജറ്റ് വൈകിയതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അതിനു പിന്നില്‍ ധനകാര്യമന്ത്രി മാത്രമായിരുന്നു എന്നെനിക്കു തോന്നുന്നില്ല. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസരിച്ചായിരിക്കും ചെയ്തത്. അതു വളരെ താണ ധാര്‍മ്മിക നിലവാരമായിപ്പോയി. സാധാരണനിലയില്‍ത്തന്നെ മരിച്ച അംഗത്തോട് ആദരവ് പ്രകടിപ്പിക്കാമായിരുന്നത് അവര്‍ വഷളാക്കി. ഇത് ഇനി കീഴ്‌വഴക്കമാക്കി മാറ്റാനും ശ്രമമുണ്ടായേക്കും.

അഞ്ചു സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് യു.പിയിലെ തെരഞ്ഞെടുപ്പു കോണ്‍ഗ്രസ്‌സിന് എത്രത്തോളം തിരിച്ചുവരവിനെ സഹായിക്കും?
മുഴുവനായിട്ടല്ലെങ്കിലും കുറേയൊക്കെ ജനത്തെ ഐക്യപ്പെടുത്താന്‍ കോണ്‍ഗ്രസ്–എസ്.പി സഖ്യത്തിനു കഴിഞ്ഞിട്ടുണ്ട്. ബി.എസ്.പി കൂടിയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. പാവപ്പെട്ട മുസ്‌ലിങ്ങളുടെയും ദളിതുകളുടെയും ഇടയില്‍ അവര്‍ക്കു സ്വാധീനമുണ്ട്. കോണ്‍ഗ്രസ്‌സിനു സംഘടനാപരമായ പിന്നാക്കാവസ്ഥയും ദൗര്‍ബല്യവുമുണ്ട്. ഇതൊക്കെയാണെങ്കിലും പൊരുതി നോക്കാവുന്നതാണ്. ബി.ജെ.പി വന്നുപോയില്ലേ എന്ന മനോഭാവം അവിടെയുമുണ്ട്, ചിലര്‍ക്കെങ്കിലും. മോദി എന്താണ് പറയുന്നതെന്നു കേട്ടുനോക്കാം എന്ന രീതി. പക്ഷേ, മോദി എന്താണ് പറയുന്നത് എന്നതല്ല കാര്യം. അദ്ദേഹത്തിന്റേയും പാര്‍ട്ടിയുടേയും ഉള്ളിലിരിപ്പ് എന്താണ് എന്നതാണ്. അതു തുറന്നുകാട്ടണം. അവരുടെ ഉള്ളിലിരിപ്പ് പലപ്പോഴായി പുറത്തുവന്നുകൊണ്ടിരിക്കും. 

രാജ്യത്തെ തെരഞ്ഞെടുപ്പുകളെല്ലാം ഒന്നിച്ചാക്കാനുള്ള നീക്കം എന്തുതരം പ്രത്യാഘാതമോ ഫലപ്രാപ്തിയോ ആണ് ഉണ്ടാക്കുക?
അതു രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമായ നീക്കമാണ് എന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. തെറ്റാണ്. ഇന്നത്തെ പ്രത്യേകതകളാണ് ഇന്ത്യയ്ക്കു യോജിച്ചത്. ഒന്നാമതായി, പാര്‍ലമെന്റും കേന്ദ്ര സര്‍ക്കാരും ഉള്‍പ്പെടുന്ന കേന്ദ്രം കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ട കുറേ വിഷയങ്ങളുണ്ട്. പിന്നെ, സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കു കൈകാര്യം ചെയ്യുന്ന കുറേ വിഷയങ്ങള്‍. കൃത്യമായും ഭരണപരമായ വേര്‍തിരിവുണ്ട് ഇക്കാര്യത്തില്‍. പൂര്‍ണമായല്ലെങ്കിലും ഒരുതരം അയഞ്ഞ ഫെഡറല്‍ സംവിധാനമാണ് നമ്മുടേത്. ഇന്ത്യയുടെ വേറിട്ട ഈ സംവിധാനം മാറ്റാന്‍ പറ്റില്ല. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായത്. ഓരോ ഇടങ്ങളിലെയും പ്രശ്‌നങ്ങള്‍ വെവ്വേറെയാണ്. കേരളത്തിലേതല്ല യു.പിയിലെ പ്രശ്‌നങ്ങള്‍, യുപിയിലേതല്ല മഹാരാഷ്ര്ടയില്‍. സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായം പറയാനുള്ള സ്വാഭാവികമായ അവകാശം ജനങ്ങള്‍ക്കുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുമ്പോള്‍ അതിന് അവര്‍ക്ക് എത്രത്തോളം അവസരം ലഭിക്കും എന്ന ആശങ്കയുണ്ട്. അര്‍ത്ഥരഹിതമായ നീക്കമായിട്ടാണ് തോന്നുന്നത്. ഭരണഘടന ഇന്നത്തെ നിലയില്‍ നില്‍ക്കുന്നിടത്തോളം അത് എളുപ്പമല്ല. ഭരണഘടനതന്നെ മാറ്റാനുള്ള നീക്കം ഇവരുടെ ഉള്ളിലുണ്ടോ എന്നു സംശയമുണ്ട്. ഏകാധിപത്യം സംഘപരിവാറിന്റെ അജന്‍ഡയിലുള്ളതാണ്. പക്ഷേ, ഇത്രയും വേഗം ചെയ്യണോ എന്നേയുള്ളു അവര്‍ക്ക് അറിയാത്തത്. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് മേല്‍ക്കൈ കിട്ടിയാല്‍ രാജ്യസഭയിലും അതിനനുസരിച്ചു മാറ്റങ്ങള്‍ വരും. ഭൂരിപക്ഷം വര്‍ധിക്കും. മറിച്ചു തോല്‍വിയാണെങ്കില്‍ ഭൂരിപക്ഷം കുറയും. ആ നിലയിലും വളരെ നിര്‍ണായകമാണ് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍.

ഇന്ദിര എഴുതിച്ചേര്‍ത്ത പേര്
കോണ്‍ഗ്രസ്‌സില്‍ എത്തിയത് എങ്ങനെയാണ്?
മാതൃഭൂമിയുടെ രാഷ്ര്ടീയ ലേഖകനായിരുന്നു കുറച്ചുകാലം, 1960-കളില്‍. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്‌സിലേക്കു വന്നു. എ.ഐ.സി.സി അംഗമായി, വി.കെ. കൃഷ്ണമേനോനുമായി അടുത്തു. അദ്ദേഹവും ഇന്ദിരാഗാന്ധിയും ആ കാലഘട്ടത്തില്‍ എന്നെ വളരെയധികം സഹായിച്ച നേതാക്കളാണ്. ഇന്ദിരാ ഗാന്ധിയെക്കുറിച്ച് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് ഉണ്ടായെങ്കിലും അവസാനം വരെ എന്നോടു വലിയ പരിഗണന കാണിച്ചിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. കോണ്‍ഗ്രസ്‌സില്‍ ഇടതുസ്വഭാവമുള്ള പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചവരില്‍ ഒരാളാണ് ഞാന്‍. പിന്നെ, ശശിഭൂഷണ്‍, മോഹന്‍ ദാരിയ. പിന്നെയാണ് ചന്ദ്രശേഖര്‍ വന്നത്. 
ബോംബെയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ബ്‌ളിറ്റ്‌സ് വാരികയില്‍ രാഷ്ര്ടീയ ലേഖകനായിരുന്നു ആദ്യം. പിന്നീട് ശങ്കേഴ്‌സ് വീക്കിലിയില്‍. ടൈംസ് ഓഫ് ഇന്ത്യയിലും ജൂനിയര്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്, ബോംബെയില്‍ത്തന്നെ. അവിടെനിന്നു ഡല്‍ഹിക്കു വന്ന ശേഷമാണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. പിന്നീടായിരുന്നു ആദ്യത്തെ തെരഞ്ഞെടുപ്പു മത്സരം. 30 വയസ്‌സായിട്ടില്ല ആദ്യം എം.പി ആകുമ്പോള്‍. 

വടകരയിലെ സ്ഥാനാര്‍ത്ഥിയായി ലീലാ ദാമോദരമേനോനെയാണ് ഇവിടെനിന്നുള്ള കോണ്‍ഗ്രസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നും അതു ഡല്‍ഹിയില്‍നിന്നു വെട്ടി താങ്കളുടെ പേരു ചേര്‍ക്കുകയായിരുന്നു എന്നും കേട്ടിട്ടുണ്ട്?
അതെ. ബാംഗ്‌ളൂര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റും ഇന്‍ഡിക്കേറ്റുമായി പിളര്‍ന്നത് അതിനു തൊട്ടുമുന്‍പായിരുന്നു. അന്നു വളരെപ്പേരെ ഇന്ദിരാഗന്ധിയുടെ പക്ഷത്തു നിലനിര്‍ത്താന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു. അതില്‍ അവരും അവരുടെ കൂടെയുണ്ടായിരുന്ന എല്‍.എന്‍. മിശ്ര, ഉമാശങ്കര്‍ ദീക്ഷിത് തുടങ്ങിയ പലരും എന്നെ അഭിനന്ദിക്കുകയും ചെയ്തു. പിളര്‍പ്പിന്റെ സമയത്ത് ഞാന്‍ വളരെ സജീവമായി കൂടെ നില്‍ക്കുകയും പൊരുതുകയും ചെയ്തതുകൊണ്ട് എന്നെ പാര്‍ലമെന്റില്‍ കൊണ്ടുവരണം എന്ന് അന്നേ അവരില്‍ പലര്‍ക്കും ഉണ്ടായിരുന്നു. ഞാനും ശ്രമിക്കാതില്ല. പക്ഷേ, പറ്റിയ സീറ്റു കിട്ടേണ്ടേ. മധ്യപ്രദേശില്‍നിന്നു ജയിപ്പിച്ചു കൊണ്ടുവരാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡി.പി. മിശ്ര പറഞ്ഞിരുന്നു. അപ്പോഴാണ് പെട്ടെന്നു പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. കേരളത്തിലെ ലിസ്റ്റില്‍ എന്റെ പേരുണ്ടാകും എന്ന് ഇന്ദിരാഗാന്ധി ഒരുപക്ഷേ, പ്രതീക്ഷിരിക്കാം. അത് അവര്‍ സൂചിപ്പിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ജഗ്ജ്ജീവന്‍ റാം ആയിരുന്നു എ.ഐ.സി.സി പ്രസിഡന്റ്. ഇവിടെ കരുണാകരന്‍ വേണ്ടപ്പെട്ടവരെയൊക്കെ ഉള്‍പ്പെടുത്തി ലിസ്റ്റുണ്ടാക്കി. 'ഒക്കെ വരും, വേഗം വരും' എന്നു പറഞ്ഞ് എന്റെ പുറത്തൊക്കെ തട്ടി. ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. പക്ഷേ, എനിക്കു സീറ്റു വേണം എന്ന് അങ്ങോട്ടു കയറി പറയാന്‍ പോയില്ല. അതൊരു ദൗര്‍ബ്ബല്യമായിരുന്നു. കെ.കെ. വിശ്വനാഥനായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. എന്റെ നല്ല സുഹൃത്ത്. അയാളോടും ഞാന്‍ പറഞ്ഞില്ല. വയലാര്‍ രവിയോടു മാത്രമാണ് പറഞ്ഞത്. രവിയും ഉമ്മന്‍ ചാണ്ടിയും അന്ന് എന്നെ പിന്തുണച്ചിരുന്നു. ആന്റണി പിന്തുണച്ചില്ല, എതിര്‍ത്തുമില്ല. ഞാന്‍ കേരളത്തിനു പുറത്തുള്ള ഒരു 'ആക്റ്റിവിസ്റ്റ്' എന്ന മട്ടായിരുന്നു ആന്റണിക്ക്. ജഗ്ജ്ജീവന്‍ റാമും പാര്‍ലമെന്ററി ബോര്‍ഡിലുണ്ടായിരുന്ന സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ, ഫക്രുദീന്‍ അലി അഹമ്മദ് തുടങ്ങിയവരുമൊക്കെ എന്നെ കൊണ്ടുവരണം എന്ന നിലപാടെടുത്തു. ഇന്ദിരാഗാന്ധി അത് അംഗീകരിച്ചു. അധികം സംസാരിക്കാതെ അതു നടപ്പാക്കാമല്ലോ. അവര്‍ പ്രസിഡന്റിനോടു പറഞ്ഞു, അദ്ദേഹം അത് ഇങ്ങോട്ട് അറിയിച്ചു. ഉണ്ണികൃഷ്ണനു നല്ല ഒരു മണ്ഡലം കൊടുക്കണം. എനിക്ക് ആദ്യം താല്പര്യം കോഴിക്കോടായിരുന്നു. പക്ഷേ, കോഴിക്കോട് അപ്പോഴേക്കും മുസ്‌ലിം ലീഗിനു കൊടുത്തു കഴിഞ്ഞിരുന്നു. അതില്‍ കയറി ഇടപെടുന്നതു ശരിയല്ല എന്നു തോന്നി. തൊട്ടടുത്തുള്ള വടകര തന്നാല്‍ മതി എന്നു പറഞ്ഞു. തന്നു. വടകരയുമായി കുട്ടിക്കാലം മുതലുള്ള ബന്ധമുണ്ട്. അച്ഛന്‍ കൊയിലാണ്ടിയില്‍ അഭിഭാഷകനായിരുന്നു, അദ്ദേഹത്തിന്റെ വീടും അവിടെയായിരുന്നു. അച്ഛന്റെ സഹോദരി അമ്മുക്കുട്ടിയമ്മ അവിടെ കോണ്‍ഗ്രസ് നേതാവുമായിരുന്നു. അന്ന് വയനാടും വടകര മണ്ഡലത്തിന്റെ ഭാഗമാണ്. നല്ല പ്രചാരണമാണ് നടത്തിയത്. സുഖമായി ജയിച്ചു. കെ.കെ. വിശ്വനാഥനൊക്കെ എന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു ഷോക്കായിരുന്നു. അതു പറയുകയും ചെയ്തു. ഇങ്ങനെ വേണ്ടായിരുന്നു എന്ന്. ഞാന്‍ പക്ഷേ, അതു മോശമായി എടുക്കാന്‍ പോയില്ല. കരുണാകരന്‍ വേഗം മാറി, എന്റെ ആളായി. ഇന്ദിരാഗാന്ധി ഇടപെട്ടു തീരുമാനം എടുത്തപ്പോള്‍ കരുണാകരനു മനസ്‌സിലായി അടുത്തു നില്‍ക്കുന്നതാണ് നല്ലതെന്ന്. 

പിന്നീട് കോണ്‍ഗ്രസ്‌സില്‍നിന്നു മാറാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?
അടിയന്തരാവസ്ഥയോട് അടിസ്ഥാനപരമായ വിയോജിപ്പാണ് ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധി അന്നുവരെ എടുത്ത എല്ലാ തീരുമാനങ്ങളെയും ഞാന്‍ വളരെ ശക്തമായി പിന്തുണച്ചിരുന്നു. ജയപ്രകാശ് നാരായണന്റെ മൂവ്‌മെന്റ് വന്നപ്പോള്‍ അതിനെ എതിര്‍ക്കാനുമൊക്കെ ഞാന്‍ മുന്‍പിലുണ്ടായിരുന്നു. പക്ഷേ, അതു കൈകാര്യം ചെയ്യാന്‍ അടിയന്തരാവസ്ഥ നടപ്പാക്കിയതു കൈവിട്ട കളിയായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ നയങ്ങളോടുള്ള എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിച്ചവര്‍ക്കൊപ്പം ഞാനും നിന്നു. ചന്ദ്രശേഖറൊക്കെ ജെ.പി ലൈനിലേക്കു പോയി. ഞങ്ങള്‍ കഴിയുന്നത്ര പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നിന്ന് എതിര്‍പ്പു പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അന്നത്തെ കോണ്‍ഗ്രസ്‌സിലെ സമവാക്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഉള്ളില്‍നിന്നുകൊണ്ടു പൊരുതാന്‍ പരിമിതികളും ഉണ്ടായി. അങ്ങനെ ദേശീയ തലത്തില്‍ത്തന്നെ പാര്‍ട്ടി രണ്ടായി. കേരളത്തില്‍ എ.കെ. ആന്റണിയൊക്കെ പിന്തുണച്ചപ്പോള്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ കോണ്‍ഗ്രസിലെ ഭൂരിപക്ഷമായി മാറി. ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. കരുണാകരന്റെ കൂടെ അന്ന് ആരും ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പുറത്തു നിന്നവരില്‍ പലരും രാഷ്ര്ടീയമായി വ്യക്തത ഉള്ളവരായിരുന്നില്ല. അവര്‍ മടങ്ങിപ്പോയി. ഞാനും ഷണ്‍മുഖദാസും പി.സി. ചാക്കോയും മാത്രമേ അവസാനമായപ്പോള്‍ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ഇവിടെ ഇടതുമുന്നണിയുടെ ഭാഗമായി തുടര്‍ന്നു. ദേശീയ തലത്തിലും കോണ്‍ഗ്രസ് വിരുദ്ധ മതേതര സഖ്യങ്ങള്‍ക്കൊപ്പം നിന്നു.

അതുകഴിഞ്ഞു കോണ്‍ഗ്രസിലേക്കു മടങ്ങിയതു തെറ്റായ തീരുമാനമായിപ്പോയി എന്നു തോന്നുന്നുണ്ടോ?
രാഷ്ര്ടീയമായി തെറ്റാണെന്നു തോന്നുന്നില്ല. പക്ഷേ, വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം വിഡ്ഢിത്തമായി എന്നു പറയാം. പിന്നീടു കോണ്‍ഗ്രസ്‌സിലേക്കു വരുമ്പോള്‍ ഞാന്‍ മാത്രം ഒറ്റയ്ക്കായിരുന്നു. ബാക്കി എല്ലാവരും പലവഴിക്കും പോയി. ഞാനും ഷണ്മുഖദാസും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷണ്‍മുഖദാസ് കോണ്‍ഗ്രസ്‌സിലേക്ക് ഇനി ഇല്ല എന്ന ഉറച്ച നിലപാടിലായിരുന്നു. കോണ്‍ഗ്രസ്‌സിലേക്കു മടങ്ങുന്നതിനു ഞാന്‍ പറഞ്ഞ കാരണവും എന്റെ കണക്കുകൂട്ടലും വളരെ ശരിയായി വന്നു. ബി.ജെ.പി കയറി വരുമെന്നും അത് ഏറ്റവും വലിയ അപകടമായിരിക്കുമെന്നും ഇന്ദിരാ ഗാന്ധി ചെയ്തതിനെക്കാളൊക്കെ വലിയ കുഴപ്പമായിരിക്കും അവരില്‍നിന്നുണ്ടാവുക എന്നുമായിരുന്നു എന്റെ നിലപാട്. അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്‌സുമായി ഐക്യപ്പെടണം എന്നാണ് പറഞ്ഞത്. ഇതേ കാര്യം സി.പി.എമ്മിനോടും ഞാന്‍ പറഞ്ഞിരുന്നു, ഇ.എം.എസ്‌സിനോട് അടക്കം. അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു. പിന്നീട് കോണ്‍ഗ്രസ് എസ് ആയി മാറിയ അന്നത്തെ ഇന്ദിരാ വിരുദ്ധ പക്ഷത്തിന്റെ രാഷ്ര്ടീയ കൂട്ടായ്മ ഒരു പാര്‍ട്ടി എന്ന നിലയ്ക്കു വികസിപ്പിക്കാന്‍ സാധിക്കാത്ത വിധം ദുര്‍ബലമായി. കോണ്‍ഗ്രസ് എസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ് എന്നു പറയുന്നതുപോലും തമാശയായി മാറി. 

കോണ്‍ഗ്രസ്‌സിലേക്കുള്ള മടക്കം വ്യക്തിപരമായി വിഡ്ഢിത്തമായി എന്നു പറഞ്ഞല്ലോ. എങ്ങനെയാണ്?
അതു വ്യക്തിപരമായി നഷ്ടം വരുത്തിയ തീരുമാനമായില്ലേ എന്നു പല സുഹൃത്തുക്കളും പറഞ്ഞിരുന്നു. പക്ഷേ, അപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ചോദ്യം, രാഷ്ര്ടീയത്തില്‍ എന്താണ് ലാഭവും നഷ്ടവും എന്നതാണ്. പദവിയാണ് രാഷ്ര്ടീയത്തിലെ നേട്ടമെങ്കില്‍ ആ തീരുമാനം നഷ്ടമാണ്. പക്ഷേ, എനിക്കു പറയാനുണ്ടായിരുന്ന പലതും പറയാന്‍ ആ സമയത്തു കഴിഞ്ഞു. അതാണ് ഞാന്‍ പോസിറ്റീവായി കാണുന്നത്. ഞാനെന്താണോ പറഞ്ഞത് അതെല്ലാം സത്യസന്ധമായിട്ടായിരുന്നു. അടിയന്തരാവസ്ഥയെക്കുറിച്ചും കോണ്‍ഗ്രസ്‌സിലെ പല അഴിമതിക്കഥകളെക്കുറിച്ചും മറ്റും. ബോഫോഴ്‌സ് ആയുധ ഇടപാടൊന്നും ഞാനില്ലെങ്കില്‍ പുറത്തുവരില്ലായിരുന്നു. ഞാന്‍ ഒരു അവകാശവാദം ഉന്നയിക്കുകയല്ല. ഒടുവില്‍ അത് എന്തായി എന്നുള്ളതു മറ്റൊരു ചോദ്യമാണ്. പക്ഷേ, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന മേഖലകളില്‍പേ്പാലും ഇത്ര വലിയ അഴിമതി നടക്കുന്നു എന്നു രാജ്യത്തെ മനസ്‌സിലാക്കാന്‍ സാധിച്ചു. 

ബോഫോഴ്‌സും സോണിയയും
ബോഫോഴ്‌സ് അഴിമതിയുടെ വിവരങ്ങളിലേക്ക് എങ്ങനെയാണ് എത്തിയത്?

സ്വീഡനിലെ ഒരു സെമിനാറില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി ഞാന്‍ പങ്കെടുത്തിരുന്നു. മുന്‍പു പരിചയമുണ്ടായിരുന്ന ഒരു സ്വീഡിഷ് നയതന്ത്രജ്ഞനെ അവിടെവച്ചു കണ്ടു. അദ്ദേഹം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് മറ്റേതോ രാജ്യത്തേക്കു മാറ്റമായി. കുറേക്കാലമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ ഞാന്‍ പഴയ സുഹൃത്തിനെ ഓര്‍ത്തു. ഇങ്ങനെ ഒരാള്‍, ഈ നാട്ടുകാരന്‍ ഉണ്ടായിരുന്നല്ലോ എന്ന്. അവിടെ ഉയര്‍ന്ന തസ്തികയില്‍ എത്തിയിരുന്ന അദ്ദേഹത്തെ ഇന്ത്യന്‍ എംബസി മുഖേന തേടിപ്പിടിച്ചപ്പോള്‍ എന്നെ ഒരു ഡിന്നറിനു വിളിച്ചു. രാജീവ്ഗാന്ധി അധികാരത്തില്‍ എത്തിയിട്ട് അധികമായിരുന്നില്ല. എന്താണ് രാജീവിനെക്കുറിച്ച് അഭിപ്രായം എന്ന് ഇദ്ദേഹം ചോദിച്ചു. നല്ല അഭിപ്രായമാണ്, നേരത്തേ അറിയാം എന്നായിരുന്നു എന്റെ മറുപടി. അതല്ല, ഭരണപരമായ കാര്യങ്ങളില്‍ രാജീവ് എങ്ങനെ എന്നു ചോദിച്ചു. അക്കാര്യത്തില്‍ പരിചയക്കുറവുണ്ട്, എക്‌സ്പീരിയന്‍സ് ഇല്ല, പൈലറ്റ് ആയിരുന്നല്ലോ എന്നു ഞാന്‍. രാജീവിന്റെ സത്യസന്ധതയെക്കുറിച്ചോ എന്നു ചോദിച്ചപ്പോഴും എനിക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. അപ്പോള്‍ അദ്ദേഹം ചിരിച്ചു. കുടുംബത്തെ അറിയുമോ എന്നായി. എനിക്ക് അടുപ്പമുണ്ടായിരുന്നില്ല. ഹലോ, ഹലോ ബന്ധം മാത്രം. അതു പറഞ്ഞു. അപ്പോള്‍ തലകുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, രാജീവിന്റെ ഭാര്യ വലിയ അഴിമതിക്കാരിയാണ് എന്നാണ്. അതിന് രാജീവിനെ അവര്‍ ഉപയോഗിക്കുന്നു. പണമുണ്ടാക്കാന്‍. 
ഞങ്ങള്‍ ഒരു വലിയ പ്രശ്‌നത്തിലാണ്, രാജീവ് ഗാന്ധി ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇടപെട്ടിരിക്കുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജീവിന് അതില്‍ വലിയ താല്പര്യമില്ലെങ്കിലും ഇടപെടാതിരിക്കാന്‍ പറ്റുന്നില്ല, തങ്ങളുടെ പ്രധാനമന്ത്രി ഒലോഫ് പാമയ്ക്കും വലിയ താല്പര്യമില്ല. നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും മറ്റും വലിയ ആരാധകനായിരുന്നു പാമ. പക്ഷേ, ആര്‍ക്കോ എന്തോ ചെയ്തുകൊടുക്കണമെന്ന് ഈ യുവ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ട്. ആ വഴിക്കാണ് കാര്യങ്ങളുടെ ഗതി. അതിനുവേണ്ടിയാണ് അദ്ദേഹം ഞങ്ങളില്‍നിന്ന് ഇതു വാങ്ങുന്നത് എന്നൊക്കെ പറഞ്ഞു. ആയുധം വാങ്ങാന്‍ സ്വീഡിഷ് പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതോടെ രാജീവ് ക്വത്രോക്കിയെ പ്രതിനിധിയായി അങ്ങോട്ട് അയച്ചു. അയാള്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിനിധിയായിരുന്നില്ല. തികച്ചും അനൗദ്യോഗികമായാണ് ക്വത്രോക്കി പോയത്. അയാള്‍ ഈ ഇടപാടിന് അവരോടു പണം ആവശ്യപ്പെട്ടു. പക്ഷേ, പണമൊന്നും തരാന്‍ പറ്റില്ലെന്നും അതിനുള്ള അധികാരം തങ്ങള്‍ക്ക് ഇല്ലെന്നും സ്വീഡിഷ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 
ഇക്കാര്യങ്ങളൊക്കെ കേട്ടതോടെ ഞാന്‍ ശരിക്കും സ്തംഭിച്ചുപോയി. ദയവായി ഇതുതന്നെ ഉദ്ധരിച്ച് ആരോടും പറയരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഞാന്‍ അക്കാര്യത്തില്‍ വാക്കു കൊടുത്തു. രാംജെത് മലാനിയും മറ്റു ചിലരും ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് അവിടെ ചെന്നിരുന്നു. പക്ഷേ, അദ്ദേഹം അവരോടു പറഞ്ഞില്ല. 
ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ചിത്രാ സുബ്രഹ്മണ്യം അതേ വിമാനത്തിലുണ്ടായിരുന്നു. രാജീവ് ഗാന്ധി ഉള്‍പ്പെട്ട ചില വഴിവിട്ട ഇടപാടുകള്‍ മണക്കുന്നുണ്ടെന്നും അതേക്കുറിച്ച് അവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യക്തമല്ലാത്ത ചില സംഭാഷണങ്ങള്‍ ഉണ്ടായി എന്നും അവര്‍ പറഞ്ഞു. അതു താങ്കളൊന്ന് അന്വേഷിക്കണം, പുറത്തുകൊണ്ടുവരാന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എനിക്കു മനസ്‌സിലായ വിവരങ്ങള്‍ സ്രോതസ് വെളിപ്പെടുത്താതെ ഞാന്‍ പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം കുറേക്കൂടി രേഖകള്‍ സംഘടിപ്പിക്കാനും കഴിഞ്ഞു. പാര്‍ലമെന്റില്‍ ഉന്നയിക്കുകയും സംഗതി വലിയ വിവാദമാവുകയും ചെയ്തല്ലോ. പിന്നീട് എന്നോട് അരുണ്‍ നെഹ്രു ചോദിച്ചു, താങ്കള്‍ക്ക് എവിടെനിന്നാണ് അതു കിട്ടിയത് എന്ന്. അതു ചോദിക്കേണ്ട, പറയില്ല എന്നു ഞാനും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എനിക്കു ലഭിച്ച കുറച്ചു വിവരങ്ങള്‍ വികസിപ്പിക്കാന്‍ ഇവിടുത്തെ പല ഉന്നത ഉദ്യോഗസ്ഥരും പിന്നീടു സഹായിച്ചിരുന്നു. പിന്നാലെ പോയിപ്പോയാണ് മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ആഞ്ഞടിച്ചത്. 

ബോഫോഴ്‌സ് ഇടപാട് പുറത്തുകൊണ്ടുവരാന്‍ മുന്‍കൈയെടുത്തു എന്നത് പിന്നീടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് സോണിയ ഗാന്ധിയുടെ രോഷത്തിനു കാരണമായിട്ടുണ്ടോ?
അവര്‍ വളരെ പകയുള്ള സ്ത്രീയാണ് എന്ന് നട്‌വര്‍ സിങ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അടുത്തയിടെ എഴുതിയല്ലോ. ബോഫോഴ്‌സിനു മുന്‍പ്, രാജീവ് വന്നയുടന്‍ തന്നെ വളം കുംഭകോണം പുറത്തുകൊണ്ടുവന്നു. അതില്‍ ഞാന്‍ ഈ സ്ത്രീയെ പൂര്‍ണമായി തുറന്നുകാട്ടിയിരുന്നു. എല്ലാ രേഖകളും പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച്, ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത വിധമാണു പുറത്തുകൊണ്ടുവന്നത്. ഞാന്‍ ഇതിലൊന്നും അവരെ കുറ്റം പറയില്ല, രാജീവിനെയാണ് പറയേണ്ടത്. പ്രധാനമന്ത്രിയാകാന്‍ വേഷം കെട്ടി വന്നിട്ടുണ്ടെങ്കില്‍ അതിനനുസരിച്ചു പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരുന്നു. പക്ഷേ, അതിന്റെ ഗൗരവം അദ്ദേഹം മനസ്‌സിലാക്കി എന്നു തോന്നുന്നില്ല. സഞ്ജയ് ഗാന്ധിക്കു പണമുണ്ടാക്കണം എന്നു മാത്രമേയുണ്ടായിരുന്നുള്ളു. അയാള്‍ പരുക്കനായിരുന്നു, രാജീവ് ഗാന്ധി അങ്ങനെ ആയിരുന്നില്ല. ആ വ്യത്യാസമുണ്ടായിരുന്നു.

താങ്കള്‍ കോണ്‍ഗ്രസ്‌സിലേക്കു തിരിച്ചെത്തുമ്പോള്‍ സോണിയ ഗാന്ധി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയിട്ടില്ലല്ലോ. അന്നത്തെ തീരുമാനം എങ്ങനെയാണ് ഉണ്ടായത്?
അന്ന് അവര്‍ നേതൃത്വത്തില്‍ എത്തിയിട്ടില്ല. നരസിംഹ റാവുവായിരുന്നു. നരസിംഹ റാവുവിന്റെ നിര്‍ബന്ധം കൊണ്ടാണ് തിരിച്ചെത്തിയത്. കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം എന്ന് അദ്ദേഹം പറഞ്ഞു. അതു മാത്രമല്ല, താങ്കളെപ്പോലുള്ള ആളുകള്‍ക്കു മാറിനില്‍ക്കാനാകില്ല, പാര്‍ട്ടിയില്‍ തിരികെ വരണം എന്നും പറഞ്ഞു. അതായിരുന്നു പ്രേരണ. നരസിംഹ റാവുവിനോടും വല്ലാത്ത പകയാണ് അവര്‍ കാണിച്ചത്. മരിച്ചപ്പോള്‍ മൃതദേഹം എ.ഐ.സി.സി ഓഫീസിലേക്കു കയറ്റാന്‍ സമ്മതിച്ചില്ലല്ലോ. 

റാവുവിനോട് അത്രയ്ക്കു പക വരാനുള്ള കാരണമെന്താ?
നിങ്ങള്‍ രാഷ്ര്ടീയത്തില്‍ വരേണ്ടാ എന്ന് റാവു സോണിയ ഗാന്ധിയോടു പറഞ്ഞു, നിങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ര്ടീയം അറിയില്ല എന്നു പറഞ്ഞു. അന്ന് അവരുടെ വരവിനെതിരെ അര്‍ജുന്‍ സിങ്, നാരായണ്‍ ദത്ത് തിവാരി, ഷീലാ ദീക്ഷിത്, നട്‌വര്‍ സിങ് തുടങ്ങിയവരൊക്കെക്കൂടി ഒരു ഗ്രൂപ്പുണ്ടാക്കി. അര്‍ജുന്‍ സിങ് ആയിരുന്നു പ്രധാനി. ഇതൊക്കെ പുതിയ തലമുറ അറിയണം. എല്ലാവരും മറന്നുപോകും. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് അവരുടെ വിരല്‍ത്തുമ്പില്‍ ചലിക്കുകയല്ലേ.

കോണ്‍ഗ്രസ്‌സിനെ തിരിച്ചുകൊണ്ടുവരാനുള്ള ശേഷിയുണ്ടോ സോണിയയ്ക്ക്?
കോണ്‍ഗ്രസ് വരുമായിരിക്കും. സാഹചര്യങ്ങള്‍ മാറുകയും ഒരു പാര്‍ട്ടി എന്ന നിലയില്‍ വീണ്ടും ശക്തിപ്പെടുകയും ചെയേ്തക്കാം. കോണ്‍ഗ്രസ് മാത്രമേയുള്ളു ഒരു പാര്‍ട്ടി. ബി.ജെ.പി വരും മാസങ്ങളില്‍ എങ്ങനെയാകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. പക്ഷേ, അനുകൂല രാഷ്ര്ടീയ സാഹചര്യത്തെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. മാത്രമല്ല, അവരുടെ ആരോഗ്യവും ഇപ്പോള്‍ മോശമാണല്ലോ. പിന്നെയുള്ളതു മകനാണ്. വലിയ ഗുണമൊന്നുമില്ലെങ്കിലും അഴിമതിയൊന്നും രാഹുല്‍ ഗാന്ധിയെക്കുറിച്ചു കേട്ടിട്ടില്ല. പക്ഷേ, മകളുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര വലിയ അഴിമതിക്കാരനാണ്.


ആറ് വട്ടം ജയിച്ച വടകര മണ്ഡലത്തില്‍ ഏഴാം തവണ ഉണ്ടായ തോല്‍വിയുടെ സാഹചര്യം എന്തായിരുന്നു?
ഞാന്‍ അത് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ, ഇപ്പോള്‍ പറയാം. എന്നെ കോണ്‍ഗ്രസ്‌സുകാര്‍ തോല്‍പ്പിച്ചതാണ്. അതില്‍ കരുണാകരന് ഒരു പങ്കുമുണ്ട് എന്നാണ് ഞാന്‍ മനസ്‌സിലാക്കിയത്. എന്നാല്‍, അതിന്റെ പേരില്‍ വഴക്കുണ്ടാക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അത്രയും ചെയ്യും എന്നൊന്നും ഞാന്‍ കരുതിയില്ല എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് എവിടെയെത്തി എന്ന് എനിക്ക് അതോടെ മനസ്‌സിലായി. ഞാന്‍ പോയപ്പോഴത്തെ കോണ്‍ഗ്രസ്‌സല്ല തിരിച്ചു വന്നപ്പോള്‍. പണ്ടൊന്നും കോണ്‍ഗ്രസ് ഈ നിലയിലായിരുന്നില്ല. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെ അതു പറഞ്ഞു തീര്‍ക്കുമായിരുന്നു. അല്ലാതെ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാരനെ തോല്‍പ്പിക്കുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. ഇത് അവര്‍ ചെയ്തു. കരുണാകരന്റെ പങ്ക് ഞാന്‍ പിന്നീടാണ് മനസ്‌സിലാക്കിയത്. കരുണാകരനു ഞാന്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പിലായിരിക്കുമെന്ന് ആദ്യമേ പ്രഖ്യാപിക്കണം എന്നുണ്ടായിരുന്നു. അതിനു ഞാന്‍ തയ്യാറായില്ല. തയ്യാറായിരുന്നെങ്കില്‍ കരുണാകരന്‍ എന്നെ നമ്പര്‍ ടു ആക്കുകയും മകനെ ഇവിടെ വാഴിച്ച് ഡല്‍ഹിയില്‍ എനിക്കു റോള്‍ തരികയുമൊക്കെ ചെയേ്തനെ. എന്നോട് എം.വി. രാഘവന്‍ പറഞ്ഞിരുന്നു, ഇതാണ് മൂപ്പരുടെ ഐഡിയ എന്ന്. 

മുസ്‌ലിം ലീഗിന്റെ കൂടി അറിവോടെയാണോ അന്ന് ആ തോല്‍പ്പിക്കല്‍ ഉണ്ടായത്. അതിനു മുന്‍പത്തെ തെരഞ്ഞെടുപ്പിലാണല്ലോ കോ–ലീ–ബി എന്നു പേരുകേട്ട കൂട്ടുകെട്ട് താങ്കള്‍ക്കെതിരെ ഉണ്ടായത്. അന്നു പക്ഷേ, താങ്കള്‍ എല്‍.ഡി.എഫില്‍ ആയിരുന്നു?
ലീഗിന് വടകര മണ്ഡലത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമാണ് സ്വാധീനമുണ്ടായിരുന്നത്. ലീഗിന് അതീതമായി മുസ്‌ലിങ്ങള്‍ എന്നെ എല്ലാ തെരഞ്ഞെടുപ്പുകളിലും പിന്തുണച്ചിട്ടുമുണ്ട്. 1991-ലെ തെരഞ്ഞെടുപ്പില്‍ കോ–ലീ–ബി ഉണ്ടായിട്ടും എന്നെ ജയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ചത് മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളുമാണ്. അവര്‍ എന്നെ ശക്തമായി പിന്തുണച്ചു. അവര്‍ക്ക് എന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വാസമുണ്ടായിരുന്നു. കോ–ലീ–ബി പോലെ വഷളായ ഒരു സംഗതി കോണ്‍ഗ്രസ് വേറെ ഉണ്ടാക്കിയിട്ടില്ല. കരുണാകരന് എങ്ങനെയെങ്കിലും എന്നെയൊന്നു വീഴ്ത്തണം എന്നുണ്ടായിരുന്നു. അതില്‍നിന്നാണ് ആ കൂട്ടുകെട്ട് ഉണ്ടായത്. രത്‌നസിങ് ആയിരുന്നല്ലോ അവരുടെ പൊതു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിനു കുറേ ഈഴവ പിന്തുണ കിട്ടും എന്നൊക്കെ അവര്‍ പ്രതീക്ഷിച്ചു. ഈഴവര്‍ക്കു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തില്‍നിന്ന് എങ്ങനെയാണ് ഒരു നായര്‍ സ്ഥിരമായി വരുന്നത് എന്നായിരുന്നു എസ്.എന്‍.ഡി.പിയിലെ ചിലരുടെ സംശയം. അങ്ങനെയാണ് അവര്‍ രത്‌നസിങിനെ പിന്തുണച്ചത്. ശിവഗിരി സ്വാമിമാരൊക്കെ പ്രചാരണത്തിനു വന്നു. അവരുടെ ഒരു ധാരണ സി.പി.എം അണികളായ ഈഴവരുടെ പിന്തുണയാണ് എനിക്കു കിട്ടുന്നത് എന്നായിരുന്നു. അതും ഉണ്ടായിരുന്നെങ്കിലും അതു മാത്രമായിരുന്നില്ല എന്റെ ശക്തി. എ കണാരന്‍ അന്ന് ആ മേഖലയിലെ സ്വാധീനമുള്ള സി.പി.എം നേതാവായിരുന്നു. പക്ഷേ, അതു മാത്രമല്ല കാരണം. കോണ്‍ഗ്രസ്‌സിലും ഈഴവര്‍ വലിയ തോതില്‍ ഉണ്ടായിരുന്നു. വളരെ രാഷ്ര്ടീയബോധമുള്ള ഈഴവരും നായന്മാരുമാണ് വടകര മണ്ഡലത്തിലുള്ളത്. മുസ്‌ലിങ്ങളും അതെ. രാഷ്ര്ടീയമായി ഏറ്റവുമധികം തിരിച്ചറിവുള്ള ഏറ്റവും വലിയ മണ്ഡലമാണ് വടകര എന്നു ഞാന്‍ പറയും. അതാണെന്നെ സഹായിച്ചത്. ഞാനും ആദ്യം ധരിച്ചിരുന്നില്ല, ഇത്ര ശക്തമായി അവരെന്നെ പിന്തുണയ്ക്കും എന്ന്. 
കോ-ലീ-ബി ലീഗിനും വലിയ ക്ഷീണമായി. ചെറുപ്പക്കാരായ പ്രവര്‍ത്തകരില്‍ പലരും അവര്‍ക്കെതിരെ തിരിഞ്ഞു. അന്ന് ചെയ്തതു തെറ്റായിപ്പോയെന്നു ലീഗ് നേതാക്കന്മാര്‍ പിന്നീടു സ്വകാര്യമായി സമ്മതിച്ചിട്ടുണ്ട്. നിങ്ങളെ തോല്‍പ്പിക്കുക എന്നല്ലാതെ വേറെ രാഷ്ര്ടീയമൊന്നും അതിലുണ്ടായിരുന്നില്ല. എത്ര വലിയ ഒരുക്കങ്ങളും ഏകീകരണ ശ്രമവും മറുഭാഗത്ത് ഉണ്ടായിട്ടും ഞാന്‍ ജയിച്ചത് ഓരോ ഇഞ്ചിലും മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളും പൊരുതിയതുകൊണ്ടാണ്. പിന്നെ സി.പി.എമ്മിന്റെ സംഘടനാശേഷി മുഴുവന്‍ ഉപയോഗിച്ചു കൂടെനിന്നു. കോണ്‍ഗ്രസുകാരെപ്പോലെ അവര്‍ പിന്നില്‍നിന്നു കുത്തിയില്ല. എനിക്കുതന്നെ ജയത്തേക്കുറിച്ചു സംശയമുണ്ടായിരുന്നു. പൊരുതുമ്പോഴും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ, മുസ്‌ലിം ചെറുപ്പക്കാരുടെ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും കണ്ടപ്പോള്‍ ഞാന്‍ ജയിച്ചേക്കും എന്നും തോന്നി. ജയിക്കുകയും ചെയ്തു. പോളിംഗിന്റെ അന്ന് എനിക്കു മനസ്‌സിലായി, ജയിക്കുമെന്ന്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം കുടുംബങ്ങള്‍ കരുത്തോടെ എത്തി വോട്ടു ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ആര്‍.എസ്.എസ്‌സിന്റെ വോട്ടു വേണ്ട എന്നു ഞാന്‍ തുടക്കത്തില്‍ത്തന്നെ പരസ്യമായി പറഞ്ഞിരുന്നു. അവസരവാദപരമായ രാഷ്ര്ടീയ കൂട്ടുകെട്ടാണ് എന്നും പറഞ്ഞു. അവര്‍ക്ക് ഇപ്പോഴും എന്നോടുള്ള പക അതുകൊണ്ടാണ്. പിന്നീടു കോണ്‍ഗ്രസ്‌സുകാര്‍ക്ക് എന്നെ കുതികാല്‍വെട്ടി തോല്‍പ്പിക്കാനും ആര്‍.എസ്.എസ്‌സുകാരുടെ പിന്തുണ കിട്ടി. 

കോ-ലീ-ബി പരാജയപ്പെട്ടതിലെ പക ഉണ്ടായിരുന്നു എന്നാണോ?
അതെ. അന്നു തോല്‍പ്പിക്കാന്‍ സാധിക്കാതിരുന്നതിലെ കണക്ക് പിന്നീട് അവരുടെ കൂടെ കൂടിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌സുകാര്‍ തീര്‍ത്തു. ആ സമയമായപ്പോഴേക്കും കരുണാകരനു കേരളത്തിലെ കോണ്‍ഗ്രസ്‌സില്‍ വലിയ പിടി വന്നുകഴിഞ്ഞിരുന്നു. ഇവിടുത്തെ കോണ്‍ഗ്രസ്‌സിന്റെ സ്വഭാവവും മാറി. ഞങ്ങളൊക്കെ മാറിനിന്ന സമയംകൊണ്ടാണ് കരുണാകരന്‍ കോണ്‍ഗ്രസ്‌സില്‍ ഒരു പ്രധാന ഘടകമായത്. അല്ലെങ്കില്‍ ആന്റണിയും യൂത്ത് കോണ്‍ഗ്രസ്‌സുമായിരുന്നു ഘടകങ്ങള്‍. പിന്നീട് അതു മാറി. തിരിച്ചുവന്നപ്പോഴേക്കും വയലാര്‍ രവിയെ ആന്റണി പിടിച്ചു. രവിയും ആന്റണിയും തമ്മില്‍ അകന്നു, അവര്‍ പരസ്പരം മത്സരിച്ചു. കരുണാകരന്റേത് അദ്ദേഹത്തിന്റെ മാത്രമായ ഒരുതരം രാഷ്ര്ടീയമാണ്. പിന്നീട് അതുവരെ ഇല്ലാത്ത കുടുംബസ്വാധീനം കരുണാകരന്‍ കൊണ്ടുവന്നു. അത് എങ്ങനെയാണ് എന്ന് എനിക്ക് ഇന്നും മനസ്‌സിലായിട്ടില്ല. കരുണാകരന്‍ ശരിക്കും പണ്ടൊക്കെ ഒരു നല്ല കോണ്‍ഗ്രസ്‌സുകാരനായിരുന്നു. കേന്ദ്രത്തിലും കുടുംബരാഷ്ര്ടീയെമാക്കെ നടക്കുന്നു എന്നു കണ്ടപ്പോഴായിരിക്കും ഇവിടെ തനിക്കും അത് ആകാമെന്നു തീരുമാനിച്ചത്. എന്നോടു പറഞ്ഞിട്ടുണ്ട്, ഉണ്ണികൃഷ്ണാ, ഈ കുട്ടികള്‍ ഒന്നും പഠിക്കുന്നില്ല, എന്താ ഞാന്‍ ചെയ്യുക എന്ന്. അതായിരുന്നു അദ്ദേഹത്തിന് ഒരു സമയത്തെ വലിയ ഉല്‍ക്കണ്ഠ. 

പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഇത്രയ്ക്കു തിളങ്ങുകയും തുടര്‍ച്ചയായി ഇത്രയധികം കാലം എംപിയായിരിക്കുകയും ചെയ്തവര്‍ കേരളത്തില്‍ കുറവാണല്ലോ. പാര്‍ലമെന്റിലെ പ്രസംഗങ്ങളും ഓരോ സംഭവങ്ങളായിരുന്നു?
അധികം പേരുണ്ടായിട്ടില്ല. സി.എം. സ്റ്റീഫന്‍, പനമ്പിള്ളി ഗോവിന്ദ മേനോന്‍, എ.കെ.ജി, സി.എച്ച്. മുഹമ്മദു കോയ. എന്നെപ്പറ്റി പറയാറുണ്ടായിരുന്നത്, പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ സെന്‍ട്രല്‍ ഹാളിലും ലോബിയിലുമൊക്കെയുള്ള അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും സ്വന്തം സീറ്റിലേക്കും ഗാലറിയിലേക്കും എത്തുമായിരുന്നു എന്നാണ്. അങ്ങനെയൊരു ഇംപ്രഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത്. കാര്യങ്ങള്‍ പഠിക്കാനും പഠിച്ചുമാത്രം ഉന്നയിക്കാനും ശ്രദ്ധിച്ചിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ട്. പദവികളാണ് രാഷ്ര്ടീയത്തില്‍നിന്നു പ്രതീക്ഷിക്കാവുന്ന ഒരു കാര്യം. അതിന്റെ പുറകേ ഞാന്‍ അധികം ഓടിയിട്ടില്ല. അത് എന്റെ രാഷ്ട്രീയ ജീവിതം നന്നാക്കി, വെടിപ്പുള്ളതാക്കി. പക്ഷേ, അതുകൊണ്ട് സ്വാഭാവികമായും അതിന്റേതായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായി. മറ്റേ വഴിക്കു പോയിരുന്നെങ്കില്‍, പണമുണ്ടാക്കാന്‍ പോയിരുന്നെങ്കില്‍... അത് വേറൊരു റൂട്ടാണ്. ഞാന്‍ അതിലേ പോയില്ല. അതിലെനിക്കു വലിയ അഭിമാനമുണ്ട്. അതില്‍ ഞാന്‍ എന്റെ കുടുംബത്തെയാണ് പിന്തുടര്‍ന്നത്. അവരൊക്കെ കോണ്‍ഗ്രസ്‌സിനുവേണ്ടി വളരെ ത്യാഗങ്ങള്‍ അനുഭവിച്ചവരാണ്. രാഷ്ര്ടീയ പ്രവര്‍ത്തനംകൊണ്ട് ഉള്ള സ്വത്തുക്കള്‍ നശിപ്പിച്ചിട്ടേയുള്ളു. ഞാനും കുറേ നശിപ്പിച്ചു. ഇപ്പോഴുള്ളത് ഈ വീടു മാത്രമാണ്. പക്ഷേ, രാഷ്ര്ടീയത്തില്‍നിന്നു സമ്പത്തുണ്ടാക്കിയില്ല എന്നത് തല ഉയര്‍ത്തിനില്‍ക്കാന്‍ പ്രാപ്തനാക്കുന്നുണ്ട്. 

രാജ്യത്ത് ഫാസിസം വന്നുകഴിഞ്ഞു എന്ന തരത്തിലുള്ള അഭിപ്രായങ്ങളെക്കുറിച്ച് എന്താണ് പ്രതികരണം?
എന്നു പറയാറായിട്ടില്ല. എങ്കിലും ജനാധിപത്യ ശക്തികളുടെ കരുതല്‍ അത്യാവശ്യമാണ്. മോദി മാറി എന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ, രാഷ്ര്ടീയ നിലപാടുകളില്‍നിന്നു മാറിയിട്ടുണ്ട് എന്നു തോന്നുന്നില്ല. ഇടയ്‌ക്കൊന്ന് ഗാന്ധിയെക്കുറിച്ച് പറയുന്നതൊക്കെ യഥാര്‍ത്ഥ നിലപാടു മറച്ചുവച്ചാണ്. വലിയ ഗാന്ധി വിരുദ്ധനാണ് മോദി. അതു പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്‌സിനു കഴിയുന്നുമില്ല. സി.പി.എം കൂടി പെട്ടി ചുരുട്ടി കോണ്‍ഗ്രസ്‌സിന്റെ കൂടെ വന്ന് മതേതര ശക്തികളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സി.പി.എം ബംഗാളിലും തകര്‍ച്ചയിലാണല്ലോ. സി.പി.എമ്മിന് കോണ്‍ഗ്രസ്‌സുമായുള്ള സഹകരണം സാധ്യമല്ല എന്ന നിലപാടു രാഷ്ര്ടീയമായി മാറ്റണം. അവര്‍ക്കേ അങ്ങനെ മാറ്റാന്‍ കഴിയുകയുള്ളു. പക്ഷേ, അതിന് അവര്‍ തയ്യാറല്ല.

കേരളത്തിലെ ഇടതുമുന്നണി സര്‍്ക്കാരിനെക്കുറിച്ച് എന്താണ് വിലയിരുത്തല്‍?
പറയാറായിട്ടില്ല. എന്താണ് ചെയ്യാന്‍ പോകുന്നതെന്നു വ്യക്തമാകുന്നില്ല ഇപ്പോഴും. അവര്‍ക്ക് കൂടുതല്‍ സമയം കൊടുക്കണം. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനെപ്പോലുള്ള ചില നല്ല ആളുകളുണ്ട് അതില്‍. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍ നല്ലതാണ്, കാര്യങ്ങള്‍ മനസ്‌സിലാക്കുന്നു. പക്ഷേ, ഈ എം.എം. മണിയെയൊക്കെ മന്ത്രിയാക്കേണ്ടതില്ലായിരുന്നു. പിണറായി വിജയന്‍ മോശം ചോയിസ് അല്ല. ഇടതുമുന്നണിയില്‍ വേറെ ആരുമില്ല. വി.എസ്. വളരെ നല്ല മനുഷ്യനാണ്, സംശയമില്ല. പക്ഷേ, നല്ല മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. ഒന്നാമതായി, കൂടുതല്‍ സംസാരിക്കുന്നയാളാണ് അദ്ദേഹം. പിണറായി മികച്ച സംഘാടകനാണ്, ഭരണതലത്തിലും ആ ശേഷി നിലനിര്‍ത്താന്‍ സാധിക്കും. ഇ.പി. ജയരാജനെ സമയത്തു മാറ്റിയതു നല്ല തീരുമാനമായിരുന്നു. 

കേരളത്തില്‍ ഒരു കേന്ദ്ര ഇടപെടല്‍ സാധ്യത എത്രത്തോളമുണ്ട്. ബി.ജെ.പി നേതാക്കള്‍ ഇടയ്ക്കിടെ അതു പറയുന്നുണ്ടല്ലോ. വിരട്ടേണ്ടെന്നു മുഖ്യമന്ത്രിയും തിരിച്ചടിക്കുന്നു?
ഭരണഘടനാപരമായ പരിമിതികള്‍ ഉള്ളതുകൊണ്ടു കേന്ദ്രത്തിന്റെ ഇടപെടല്‍ അത്ര എളുപ്പമല്ല. പക്ഷേ, നമ്മുടെ ഭരണഘടനാ സംവിധാനത്തില്‍ കേന്ദ്രത്തിനു വലിയ പങ്കുള്ളതാണ്. നമ്മെ സഹായിക്കാനും കഴിയും ബുദ്ധിമുട്ടിക്കാനും കഴിയും. ഒരുവഴിക്കു നമ്മള്‍ ഒരു ദുര്‍ബല സംസ്ഥാനമാണുതാനും. ശക്തമായ ചില സാമൂഹിക സൂചകങ്ങളൊക്കെയുള്ളതുകൊണ്ടു കേരളീയ സമൂഹം ശക്തമാണ്, പല നിലയ്ക്കും. അതേസമയം, നമുക്കു സാമ്പത്തികമായ ചില പരിമിതികളുണ്ട്. അതു മുതലെടുക്കാനും സഹായം വേണ്ടിടത്തു ലഭ്യമാക്കാതിരിക്കാനും അവര്‍ക്കു സാധിക്കും. അങ്ങനെയൊരു നയമാണ് അവര്‍ പിന്തുടരാന്‍ സാധ്യത. കഴിയുന്നിടത്ത് അവര്‍ ബുദ്ധിമുട്ടിക്കാന്‍ നോക്കും. സഹായിക്കണം എന്നു പറഞ്ഞു പോകുമ്പോഴൊക്കെ നല്ല പ്രതികരണമല്ലല്ലോ അവരില്‍ നിന്നുണ്ടാകുന്നത്. അതു രാഷ്ര്ടീയമായി തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസ്‌സിനും ഇടതുപക്ഷത്തിനും ഇവിടെ കഴിയുന്നുമില്ല. അവര്‍ ഇതാണു ചെയ്യുന്നതെന്നു തുടര്‍ച്ചയായി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് രണ്ടു മൂന്നു ഗ്രൂപ്പുകളുടെ കൂടാരമാണ്, അതിനൊത്തു ദുര്‍ബലവും. സിപിഎമ്മിലും പ്രശ്‌നങ്ങളാണ്. രാഷ്ര്ടീയ പ്രചാരണം ഇറങ്ങിച്ചെല്ലാത്തതുകൊണ്ടു പല ആളുകളും, ചില മുസ്‌ലിങ്ങള്‍പോലും ബി.ജെ.പിയെങ്കില്‍ ബി.ജെ.പി എന്ന നിലപാടിലേക്ക് എത്തുന്നുണ്ട്. അവര്‍ വന്നില്ലേ, ഇനിയിപ്പോ സ്വീകരിക്കാതിരുന്നിട്ടെന്താ എന്നു പലരും എന്നോടു ചോദിച്ചിട്ടുണ്ട്. 

ഈ സ്ഥിതിയെക്കുറിച്ചു കോണ്‍ഗ്രസ് നേതാക്കളോടു താങ്കളെപ്പോലുള്ളവര്‍ തുറന്നു പറയേണ്ടതല്ലേ?
ഞാന്‍ പറയാറുണ്ട്. നിങ്ങളിങ്ങനെ ഗ്രൂപ്പുണ്ടാക്കി നടന്നാല്‍ ആ ഗ്രൂപ്പില്‍ത്തന്നെ നശിക്കും എന്ന് ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞിരുന്നു. ഗ്രൂപ്പുകളൊക്കെ സ്വാഭാവികമാണ്. പക്ഷേ, അത് എവിടെവച്ചു നിര്‍ത്തണം എന്നു നേതൃത്വത്തിന് ഒരു ധാരണ വേണം. അതില്ലാത്തതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌സിന്റെ പ്രധാന ദൗര്‍ബല്യം. രമേശിനോടും പറഞ്ഞു, നിങ്ങള്‍ക്കു പണ്ടത്തെപ്പോലെ ഗ്രൂപ്പു കളിക്കാന്‍ പറ്റില്ല എന്ന്. കരുണാകരന്‍ പണ്ടു ഗ്രൂപ്പുകളിയില്‍ സമര്‍ത്ഥനായിരുന്നു. പക്ഷേ, അന്നു സാഹചര്യം വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ്‌സിന്റെ ഏകാധിപത്യം എന്നുതന്നെ പറയാവുന്ന ഒരു സ്ഥിതിയായിരുന്നു ഡല്‍ഹിയില്‍. അതൊക്കെ പോയിട്ട് ഇപ്പോള്‍ ദുര്‍ബലമായ ഒരു മാര്‍ജിലൈസ്ഡ് പാര്‍ട്ടിയാണ്. അതില്‍നിന്നു മാറ്റാന്‍ ഈ സ്ത്രീക്കോ മകനോ കഴിയും എന്നു തോന്നുന്നില്ല.

പരന്ന വായനയുടെയും അതിനനുസരിച്ചു പുസ്തകശേഖരത്തിന്റെയും ഉടമയാണല്ലോ. അതും അപൂര്‍വ്വമാണ് പൊതുവേ രാഷ്ര്ടീയക്കാരില്‍?
പഠനകാലത്തുതന്നെ തുടങ്ങിയതാണ്. ഇപ്പോള്‍ കുറഞ്ഞു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തനകാലത്ത് അവിടെ പലരുേടയും സ്വഭാവമായിരുന്നു വായന. പുസ്തകങ്ങള്‍ ഒരുപാടുണ്ട്. അതു നല്ല രീതിയില്‍ ഒരു ലൈബ്രറിയാക്കണം. വലിയ ആഗ്രഹമാണ്. അതിന്റെ പിന്നാലെയാണ് ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com