അവസാനിക്കാത്ത അദ്ഭുതം...

നിത്യഹരിത നായകന്‍ റോജര്‍ ഫെഡറര്‍
റോജര്‍ ഫെഡറര്‍
റോജര്‍ ഫെഡറര്‍

ഗെയിം... സെറ്റ് ആന്‍ഡ് മാച്ച്...ടു ഫെഡറര്‍... കളി മികവിനും പ്രതിഭാശേഷിക്കും ആത്മസമര്‍പ്പണത്തിനും പുതിയ അടിക്കുറിപ്പെഴുതിയ ഐതിഹാസിക പോരാട്ടത്തിലായിരുന്നു തന്റെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേല്‍ നദാലിനെ കീഴടക്കി വിശ്വടെന്നീസിലെ നിത്യഹരിത നായകന്‍ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ തന്റെ പതിനെട്ടാം ഗ്രാന്‍സ്‌ലാം കിരീടത്തിനു സാക്ഷാത്കാരമേകിയത്. ഗ്രാന്‍സ്‌ലാം കിരീടങ്ങളില്ലാത്ത അഞ്ച് വര്‍ഷത്തോളമെത്തിയ കൊടും വരള്‍ച്ചയ്ക്കുശേഷം മെല്‍ബണ്‍ പാര്‍ക്കിലെ റോഡ്‌ലേവര്‍ അരീനയില്‍ ടെന്നീസിലെ ശക്തിയുടെയും സൗന്ദര്യത്തിന്റെയും സിംഫണികള്‍ ഒരിക്കല്‍ക്കൂടി കേള്‍പ്പിച്ചുതന്ന 35 കാരനായ റോജര്‍ ഫെഡറര്‍ എല്ലാ അര്‍ത്ഥത്തിലും കായികലോകത്തിന്റെ സ്‌നേഹാദരങ്ങള്‍ക്കു പാത്രമാകുന്നു. 
മറ്റുള്ളവര്‍ റാക്കറ്റ് തൂക്കിയിട്ടു വിശ്രമിക്കുന്ന ഈ പ്രായത്തില്‍ ഫെഡറര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കാലം കഴിഞ്ഞുവെന്നു പറഞ്ഞു വിമര്‍ശകര്‍ ഓരോ വട്ടവും എഴുതിത്തള്ളുമ്പോഴും പ്രായം ബാധിച്ചുവെന്നു സ്വയം സമ്മതിച്ചുകൊണ്ടുതന്നെയായിരുന്നു ഫെഡ് എക്‌സ്പ്രസ്‌സ് കോര്‍ട്ടുകളിലൂടെ പ്രയാണം തുടര്‍ന്നത്. മൂന്നര മണിക്കൂറിലേറെ ദീര്‍ഘിച്ച അഞ്ച് സെറ്റ് പോരാട്ടത്തില്‍ അഞ്ച് വയസിന് ഇളപ്പമുള്ള റാഫയുടെ പവര്‍ ഗെയിമിനെ നിശിതവും ചടുലവും സുന്ദരവുമായ നീക്കങ്ങളിലൂടെ കളം നിറഞ്ഞാടിക്കൊണ്ടാണ് 35-ന്റെ ചെറുപ്പമുള്ള ഈ കാരണവര്‍ പ്രതിരോധിച്ചത്. പ്രായത്തിന്റെ പരാധീനതകളെ നൈസര്‍ഗികശേഷിയും അനുഭവസമ്പത്തുംകൊണ്ട് മറികടന്നാണ് സ്വിസ് താരം ഈ ചരിത്രമുഹൂര്‍ത്തത്തെ പുല്‍കിയത്. 
2016 റോജര്‍ ഫെഡറര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും കടുപ്പമേറിയ വര്‍ഷമായിരുന്നു. മൂന്ന് അഞ്ച് സെറ്റ് പോരാട്ടങ്ങള്‍ നടത്തിയിട്ടും വിജയപീഠം മാത്രം അകന്നുനിന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു തന്റെ കരിയറിലെ ഏറ്റവും വലിയ വിശ്രമകാലമായ ആറ് മാസത്തെ ഇടവേളകഴിഞ്ഞാണ് ഫെഡറര്‍ സീസണിലെ ആദ്യ ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇറങ്ങിയത്. കാഴ്ചക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്കാനയിച്ച സിരകളെ ത്രസിപ്പിച്ച തീക്ഷ്ണമായ റാക്കറ്റ് യുദ്ധത്തില്‍ നദാലിനെ 6-4, 3-6, 6-1, 3-6, 6-3 നു കൊമ്പു കുത്തിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ അഞ്ചാം കിരീടം യാഥാര്‍ത്ഥ്യമാക്കിയ ഫെഡറര്‍ ഏറ്റവുമധികം ഗ്രാന്‍സ്‌ലാം കിരീടം നേടിയവരുടെ അഭിജാതനിരയില്‍ പീറ്റ്‌സാംപ്രാസിനെയും നദാലിനെയുംക്കാള്‍ നാല് കിരീടങ്ങള്‍ക്കു മുന്നിലാവുകയും ചെയ്തു. 
മെല്‍ബണില്‍ രാം റൗ് മുതല്‍ കാല്‍മുട്ടിനു മുകളില്‍ വേദന അലട്ടിയിരുന്ന ഫെഡറര്‍ ഫൈനലില്‍ പതിവില്ലാത്തപോലെ മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചതിനെ, എതിരാളിക്കുമേല്‍ മാനസികമായ മുന്‍തൂക്കം നേടാനുള്ള തന്ത്രപരമായ നീക്കമായിരുന്നെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. അതിനര്‍ത്ഥം ആധുനിക കാലത്ത് ഏറ്റവും വലിയ ചാമ്പ്യനുപോലും എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ലെന്നാണല്ലോ. നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെ സെമിയില്‍ നേരിട്ടപ്പോഴും നിഷിക്കോരിക്കെതിരെ നാലാം റൗണ്ടില്‍ പൊരുതിയപ്പോഴും ശാരീരികമായ അസ്വസ്ഥതകള്‍ക്ക് ആശ്വാസം തേടി ഫെഡറര്‍ മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചിരുന്നു. 

ടെന്നീസ് ചരിത്രത്തിനു പുതിയ ഈടുവയ്പുകള്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കോര്‍ട്ടില്‍ ഇത്തവണ പുരുഷ-വനിതാ വിഭാഗങ്ങളില്‍ നേടിയ സിംഗിള്‍സ് കിരീടങ്ങള്‍ വിജയികളുടേതു മാത്രമല്ല, ടെന്നീസിനു മുഴുവനുള്ളതാണ്. ഇരുവിഭാഗത്തിലും ജേതാക്കളായ ഫെഡററുടെയും സെറീന വില്യംസിന്റെയും മൊത്തം പ്രായം 70 ആണ്. മാത്രമല്ല നാല് ഫൈനലിസ്റ്റുകളും 30 വയസിനു മുകളില്‍ പ്രായക്കാരാവുന്നതും ടെന്നീസ് ചരിത്രത്തില്‍ നടാടെയാണ്. 
തീക്ഷ്ണമായ മത്സരവീര്യത്തിന്റെയെന്നപോലെ ശാരീരികമായി കഠിന പരീക്ഷകളുടേതായ അന്താരാഷ്ട്ര സ്‌പോര്‍ട്‌സില്‍ ഈ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുരുഷ-വനിതാ ഫൈനലിസ്റ്റുകള്‍ തെളിയിച്ചതു പ്രായം എന്നതു വെറും അക്കങ്ങള്‍ മാത്രമെന്നാണ്. മത്സരശേഷം തന്റെ എതിരാളിയെ യാതൊരു മറച്ചുകെട്ടുമില്ലാതെ ഉള്ളഴിഞ്ഞ് അഭിനന്ദിക്കാനുള്ള വലിയ മനസും ഫെഡററിനുണ്ടായി. ടെന്നീസില്‍ മത്സരഫലം നിശ്ചയിക്കാന്‍ സമനില ഉായിരുന്നെങ്കില്‍ താന്‍ അതീവ സന്തുഷ്ടനായിരുന്നേനെ എന്ന് റാഫേല്‍ നദാലും പറയുകയുണ്ടായി. 
അതേസമയം ചരിത്രത്തിനു പുതിയ ഈടുവയ്പുകള്‍ സമ്മാനിച്ച അട്ടിമറികള്‍ ക ഈ ഗ്രാന്‍സ്‌ലാം വേദിയില്‍നിന്നു സമകാലിക ടെന്നീസിലെ മികച്ച രണ്ട് കളിക്കാര്‍ ആദ്യ റൗുകളില്‍ പുറത്തായിരുന്നു. എന്നാല്‍, ഒരുമിച്ചുവച്ചാല്‍ 32 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ മുതല്‍ക്കൂട്ടാക്കിയിട്ടുള്ള ലോകടെന്നീസിലെ ഗോപുരങ്ങള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നതോടെ പ്രമുഖരായ മറ്റു ചിലരുടെ അപ്രതീക്ഷിത തോല്‍വി ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു കളിയും കാഴ്ചക്കാരും മോചിതരായി എന്നതാണ് വാസ്തവം. 
കലാശക്കളിയില്‍ 32 എയ്‌സുകളാണ് ഫെഡറര്‍ തൊടുത്തുവിട്ടതെങ്കില്‍ നദാലിനു നാലു തവണയേ എയ്‌സ് വീര്യം കാട്ടാനായുള്ളു. ഒപ്പത്തിനൊപ്പം നിന്നു കളിയില്‍ ഈ എയ്‌സുകളുടെ മുന്‍തൂക്കം ഫെഡറര്‍ക്കു തുണയായി. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം മുപ്പതുകള്‍ അത്ര ഓജസ്‌സുള്ള പ്രായമല്ല. വരുന്ന ഓഗസ്റ്റില്‍ ഫെഡറര്‍ക്ക് 36 വയസ്‌സാകും. മുപ്പതുകാരനായ നദാലിനുമേല്‍ കോര്‍ട്ടില്‍ ആധിപത്യം പുലര്‍ത്താന്‍ ഫെഡറര്‍ക്കു കഴിഞ്ഞതിനെ പ്രതിഭയും ആത്മസമര്‍പ്പണവും സമം ചേര്‍ത്ത കളിമികവിന്റെ പൂര്‍ണവും ഉദാത്തവുമായ പ്രകടനമായിത്തന്നെ വിലയിരുത്തപ്പെടുന്നു. 
പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ സമ്മര്‍ദ്ദം ആവശ്യപ്പെടുംപടി കളിയില്‍ പുതിയ സങ്കേതങ്ങളും ഉള്‍പ്പിരിവുകളും കണ്ടെത്താന്‍ കഴിയുന്നതിനൊപ്പം പ്രകടനത്തിന്റെ നിലവാരമുയര്‍ത്താനും ഊര്‍ജ്ജം ആവാഹിച്ചെടുക്കാനും തനിക്ക് ഈ പ്രായത്തിലും ആവുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഫെഡറര്‍ കാട്ടിത്തന്നു. 
ടെന്നീസ് കഠിനമായ കായിക ഇനമാണ്. അതില്‍ സമനിലകളില്ല. ഇനി അങ്ങനെയൊന്നുണ്ടെങ്കില്‍ കിരീടം റാഫയുമായി പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷം മാത്രമേയുള്ളു. റാഫയെ ടെന്നീസിന് ഇനിയും ആവശ്യമുണ്ട്. അദ്ദേഹം ഉടനെയൊന്നും വിരമിക്കരുത്. തന്നെ മികച്ച കളിക്കാരനാക്കുന്നതില്‍ പ്രതിയോഗിയെന്ന നിലയില്‍ റാഫയുടെ വലിയ സംഭാവനകളും നിറഞ്ഞ പിന്തുണയുമുണ്ടെന്ന് ഫെഡറര്‍ വിലയിരുത്തുന്നു. അവസാന സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിലായിരുന്ന ഫെഡറര്‍ പിന്നീട് തിരിച്ചടിച്ചു കിരീടത്തിലെത്തിയ നിമിഷം വിതുമ്പിപ്പോയി. പതിനേഴ് ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ക്കുശേഷം അടുത്ത ഒന്നിലേക്കെത്താന്‍ വേണ്ടിവന്ന സുദീര്‍ഘമായ കാത്തിരിപ്പും അതിനായി സഹിച്ച ത്യാഗവും പരിക്കില്‍നിന്നു മുക്തിനേടാന്‍ എടുത്ത കഷ്ടപ്പാടും ഒരുവേള അദ്ദേഹം ഓര്‍ത്തിരിക്കാം. 

എല്ലാം കരുതിവച്ചത് 
ഈ നിമിഷത്തിനായി

ഫെഡററുടെ അനുഭവസമ്പത്തും കളിമികവും ആറ്റിക്കുറുക്കിയെടുത്ത് ഈ പോരാട്ടത്തിനായി കരുതിവച്ചിരുന്നതുപോലെ തോന്നിച്ചു. ആന്ദ്രെ അഗാസി മുതലുള്ള പ്രമുഖ താരങ്ങളെ പരാജയപ്പെടുത്തി ടെന്നീസിലെ സുരഭിലമായ തന്റെ കാലത്തിനു തുടക്കമിട്ട ഫെഡറര്‍ 18-ാം കിരീടത്തിലെത്താന്‍ നദാലിനു മുന്‍പേ വീഴ്ത്തിയത് തോമസ് ബര്‍ഡിച്ച്, നിഷിക്കോരി, വാവ്‌റിങ്ക എന്നീ പ്രമുഖരെയാണ്. പുതിയ കാലത്തെ ടെന്നീസിലെ വിവിധങ്ങളായ ശൈലിയിലുള്ള കളിക്കാരെയെല്ലാം സ്വിസ്മാസ്റ്റര്‍ പ്രതിഭകൊണ്ടും കേളീചാരുതകൊണ്ടും മറികടന്നുവെന്നു കാണുമ്പോഴാണ് ആ മികവിന്റെ ആഴവും പരപ്പും വ്യാപ്തിയും നാമറിയുന്നത്. ഫോമിനേക്കാള്‍ രചനാത്മകതയിലൂന്നിയ കളിയാണ് മിക്കപ്പോഴും ഫെഡററെ വിജയതീരത്തേക്കടുപ്പിക്കുന്നത്. 
അതേസമയം നാല് ഗ്രാന്‍സ്‌ലാം കിരീടങ്ങളും നാലു വട്ടം നേടുന്ന ആദ്യ താരമെന്ന അപൂര്‍വ്വ ബഹുമതിയാണ് നദാലില്‍നിന്നും വഴുതിപ്പോയത്. ഗ്രാന്‍സ്‌ലാം ഫൈനലിലെ ഫെഡ്-റാഫ പോരിന്റെ ഒന്‍പതാം അങ്കമായിരുന്നു ഇത്. അതിനായി അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും ടെന്നീസ് പ്രണയികള്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. ആധുനിക ടെന്നീസിലെ രു മികവാര്‍ന്ന ശൈലികളുടെ ആധിപത്യത്തിനു വേിയുള്ള ഏറ്റുമുട്ടലിന്റെ ഒരു നിമിഷവും മറക്കാവുന്നതല്ല. ഒന്‍പത് ഫൈനലുകളില്‍ ഫെഡററുടെ മൂന്നാം വിജയമാണിത്. 
പ്രായത്തെയും പരിക്കിനെയും കരുത്തനായ എതിരാളിയെയും തോല്പിച്ചാണ് റോജര്‍ ഫെഡറര്‍ അഞ്ച് വര്‍ഷത്തിനിടയിലെ തന്റെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടത്തില്‍ മുത്തമിട്ടത്. 14 വീതം ഗ്രാന്‍സ്‌ലാം കിരീടങ്ങളുള്ള റാഫേല്‍ നദാലും പീറ്റ് സാംപ്രാസും 12 തവണ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചുമാണ് സ്വിസ് അദ്ഭുതത്തിനു പിന്നിലുള്ളത്. റാഫയോ ദ്യോക്കോവിച്ചോ ഈ നേട്ടം മറികടക്കാനുള്ള സാധ്യത വിദൂരമാണെന്നിരിക്കെ ഫെഡററുടെ റെക്കോര്‍ഡ് ഏറെക്കാലത്തേക്കു ഭദ്രമായിരിക്കുമെന്നുതന്നെ കരുതണം. 
റോജര്‍ ഫെഡററുടെ പ്രൊഫഷണല്‍ കരിയറിലെ 89-ാമത് കിരീടമാണിത്. പ്രൊഫഷണല്‍ ടെന്നീസില്‍ ഗ്രാന്‍സ്‌ലാം നേടുന്ന പ്രായം ചെന്ന രാമത്തെ താരമായും അദ്ദേഹം മാറി. 1972-ല്‍ 37-ാം വയസ്‌സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്വാളാണ് ഏറ്റവും പ്രായംകൂടിയ ഗ്രാന്‍സ്‌ലാം ചാമ്പ്യന്‍. ഫെഡററുടെ കാലം കഴിഞ്ഞുവെന്ന വിലയിരുത്തലുകള്‍ക്കും വിരമിക്കാത്തതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ 18-ാം കിരീടം. സ്വതസിദ്ധമായ ബാക്ക് ഹാന്‍ഡ് ഷോട്ടുകളുടെ തനിമയും കോര്‍ട്ടില്‍ നിറഞ്ഞ നൃത്തച്ചുവടുകള്‍ക്കു സമാനമായ പ്രതിഭാശാലിത്വവും രചനാത്മകതയും കൊ് ഫെഡറര്‍ സ്വന്തമാക്കിയതാണ് ഈ 18 കിരീടങ്ങളും. 
കണക്കുകളിലും കണക്കുകളിലധിഷ്ഠിതമായ സ്ഥിതിവിവരക്കണക്കുകളിലും ഒതുങ്ങിനില്‍ക്കുന്നതല്ല റോജര്‍ ഫെഡറര്‍ എന്ന ടെന്നീസ് ഇതിഹാസം. 2012-ലെ വിംബിള്‍ഡണില്‍ ആന്‍സിമറേയെ കീഴടക്കിയായിരുന്നു 17-ാം ഗ്രാന്‍സ്‌ലാം കിരീടമണിഞ്ഞത്. മൂന്നു വ്യത്യസ്ത ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റുകളിലെങ്കിലും അഞ്ചോ അതിലധികമോ കിരീടം നേടുന്ന ആദ്യ താരമാണ് ഈ സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍. ഓസ്‌ട്രേലിയന്‍ ഓപ്പണിലും യു.എസ്. ഓപ്പണിലും അഞ്ച് വീതവും വിംബിള്‍ഡണില്‍ ഏഴ് കിരീടങ്ങളുമാണ് സമ്പാദ്യം. മറ്റൊരെണ്ണം ഫ്രെഞ്ച് ഓപ്പണും. 65 ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി കളിച്ച താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ സ്വന്തം. ഇതില്‍ 49 ഗ്രാന്‍സ്‌ലാമുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും 41 സെമിഫൈനലുകളിലും 28 ഫൈനലുകളിലും കളിച്ചു. ഓരോ ഗ്രാന്‍സ്‌ലാമിലും 65 ലേറെ വിജയം നേടിയ ഈ താരത്തിനു മൊത്തം 314 ഗ്രാന്‍സ്‌ലാം മത്സരങ്ങള്‍ വിജയിച്ചതിന്റെ റെക്കോര്‍ഡുമുണ്ട്. 1998-ല്‍ 16-ാം വയസ്‌സിലാണ് പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ എത്തുന്നത്. 2003-ല്‍ വിംബിള്‍ഡണില്‍ ആദ്യ ഗ്രാന്‍സ്‌ലാം കിരീടം. 2003 മുതല്‍ 2007 വരെ വിംബിള്‍ഡണിലും 2004 മുതല്‍ 2008 വരെ യു.എസ്. ഓപ്പണിലും തുടരേ ചാമ്പ്യനായിരുന്നു. 

പുല്‍കോര്‍ട്ടിന്റെ 
രാജകുമാരന്‍

2001-ലെ വിംബിള്‍ഡണ്‍ പ്രീക്വാര്‍ട്ടറില്‍ അന്നത്തെ ലോക ഒന്നാം റാങ്കായ സാംപ്രാസിനെ അട്ടിമറിച്ച 19 കാരന്‍ അന്നേ പ്രതിഭ തെളിയിച്ചിരുന്നു. പുല്‍കോര്‍ട്ടില്‍ രാജകുമാരനാകാനായിരുന്നു ഫെഡറര്‍ക്ക് എന്നും താല്പര്യം. 1998-ലെ വിംബിള്‍ഡണില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സിംഗിള്‍സിലും ഡബിള്‍സിലും കിരീടം നേടിക്കൊണ്ട് പുല്‍ത്തകിടിയോടുള്ള തന്റെ പ്രണയത്തിന് അടിവരയിട്ട ഫെഡറര്‍ അവിടെ ഇതിഹാസ സമാനമായ ജൈത്രയാത്ര നടത്തുകയായിരുന്നു.
2004 മുതല്‍ 2008 വരെ ലോക ഒന്നാം നമ്പറില്‍ അനിഷേധ്യനായിരുന്ന ഫെഡറര്‍ക്ക് ഫ്രെഞ്ച് ഓപ്പണില്‍ നദാല്‍ എന്നും വെല്ലുവിളിയായിരുന്നു. 2006-ലും 2007-ലും ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാലിനോടു തോറ്റില്ലായിരുന്നുവെങ്കില്‍ കലര്‍  ഗ്രാന്‍സ്‌ലാം നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാകുമായിരുന്നു. ഒടുവില്‍ കാലത്തിന്റെ കാവ്യനീതിപോലെ 2009-ല്‍ റോബിന്‍സോഡര്‍ലിങിനെ തോല്പിച്ച് ഫെഡറര്‍ തന്റെ ഒരേയൊരു ഫ്രെഞ്ച് ഓപ്പണും നേടി.
ഇത്തവണ റോഡ്‌ലേവര്‍ അരീനയില്‍ ഫെഡറര്‍ പായിച്ച ഫോര്‍ഹാന്‍സ് വിന്നറും ശേഷമുള്ള വൈകാരിക നിമിഷങ്ങളും ടെന്നീസ് ചരിത്രത്തില്‍ മായാമുദ്രിതമായി നില്‍ക്കും. ടെന്നീസ് വിദഗ്ദ്ധന്‍മാര്‍ ഫൈനലില്‍ ഫെഡറര്‍ക്കു കല്‍പ്പിച്ച സാധ്യത 5000-1 ആയിരുന്നു. എന്നാല്‍, 18-ാം കിരീടം നേടാന്‍ 18 കാരന്റെ ചുറുചുറുക്കോടെയും തീവ്രമായ അഭിലാഷത്തോടെയും റാക്കറ്റ് വീശിയ ഫെഡററെയാണ് ലോകം കണ്ടത്. 
ഏഴ് വര്‍ഷത്തിനുശേഷമാണ് മെല്‍ബണില്‍ റോജര്‍ ഫെഡറര്‍ കിരീടമണിയുന്നത്. ഓപ്പണ്‍ യുഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടത്തിലെ ഏറ്റവും വലിയ ഇടവേളയുമാണിത്. ഇവിടെ തന്റെ നൂറാം മത്സരം കളിക്കാനുമായി. ആധുനിക കാലത്ത് ഒരു ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ 100 ലേറെ മത്സരം കളിച്ചത് ജിമ്മികോണേഴ്‌സാണ് (വിംബിള്‍ഡണില്‍ 102 മത്സരം, യു.എസ്. ഓപ്പണില്‍ 115 മത്സരം).
ഈ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പെടെ ആറ് തവണ ഫെഡറര്‍-നദാല്‍ ഫൈനലുകളില്‍ അഞ്ച് സെറ്റ് പോരാട്ടം നടന്നിട്ടുണ്ട്. 2005 മിയാമി മാസ്‌റ്റേഴ്‌സ് (ജയം: ഫെഡറര്‍), 2006 റോം മാസ്‌റ്റേഴ്‌സ് (നദാല്‍), 2007 വിംബിള്‍ഡണ്‍ (ഫെഡറര്‍), 2008 വിംബിള്‍ഡണ്‍ (നദാല്‍), 2009 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (നദാല്‍) എന്നിവയാണ് മറ്റ് അഞ്ച് സെറ്റ് ഫൈനലുകള്‍. 
17-ാം റാങ്കുകാരനായി മെല്‍ബണ്‍ പാര്‍ക്കില്‍ ഇറങ്ങിയ ഫെഡറര്‍ ഒടുവില്‍ കിരീടവുമായി തിരിച്ചുകയറിയപ്പോള്‍ പത്താം റാങ്കിന്റെ തിളക്കത്തിലുമെത്തി. ഇത്തവണ നെറ്റിനപ്പുറത്ത് എതിരാളിയായി നദാല്‍ തന്നെ എത്തിയത് ചരിത്രത്തിന്റെ നിയോഗമാവാം. അതേ, ടെന്നീസിനു ചേര്‍ത്തുപിടിക്കാന്‍ അങ്ങനെ ചില ഏടുകള്‍ വേണം. അത്തരമൊരു സുവര്‍ണ ദീപ്തിയായിരുന്നു 2017 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍.

ഇച്ഛാശക്തിയും പോരാട്ടവീര്യവും
പുതിയ കാലത്തെ ശക്തരായ എതിരാളികള്‍ക്കു മുന്‍പില്‍ പതറാതെ പോരാടിയ നദാല്‍ ഫൈനലില്‍ ഫെഡററുടെ ഇച്ഛാശക്തിക്കും നിശ്ചയദാര്‍ഢ്യത്തിനും ഒടുങ്ങാത്ത പോരാട്ടവീര്യത്തിനും മുന്‍പില്‍ പതറിപ്പോയി. പ്രവാചകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഫെഡ് എക്‌സ്പ്രസ്‌സ്് മെല്‍ബണ്‍ കോര്‍ട്ടില്‍ കൊടുങ്കാറ്റായി വീശിയത്.
ടെന്നീസിനെ കവിതയോടടുപ്പിച്ചത് ബ്യോണ്‍ ബോര്‍ഗാണ്. ഒപ്പം രോഷപ്രകടനത്തിന്റെ ആള്‍രൂപമായി ജോണ്‍ മെക്കന്റോയും മിതവാദിയായി ജിമ്മി കോണേഴ്‌സും മാറിമാറി അരങ്ങിലുണ്ടായിരുന്നു. ഇവാന്‍ലെന്‍ഡയും മാറ്റ്‌സ് വിലാന്‍ഡറും സ്‌റ്റെഫാന്‍ എസ്ബര്‍ഗുമടങ്ങുന്ന രാം നിരയുമുണ്ടായിരുന്നു. ടെന്നീസിന്റെ തീക്ഷ്ണസൗന്ദര്യം കാട്ടിത്തന്ന ബോറിസ്‌ബെക്കറുമുായിരുന്നു. എന്നാല്‍, പ്രൊഫഷണല്‍ കളിയുടെ തികവും മികവുമെല്ലാം കാട്ടിത്തന്ന പീറ്റ് സാംപ്രാസ്, ബോര്‍ഗിനും കോണേഴ്‌സിനും പറ്റിയ പിഴവുകളുടെ പാഠമുള്‍ക്കൊു പഴുതടച്ചു പോരാടിയപ്പോള്‍ 14 ഗ്രാന്‍സ്‌ലാം കിരീടത്തിലെത്തി.
പക്ഷേ, കളിയുടെ കലാത്മകതയില്‍ ബോര്‍ഗില്‍നിന്ന് ഏറെ ദൂരെയായിരുന്നു സാംപ്രാസ്. ഫെഡററും നദാലുമാകട്ടെ, ആധുനിക ടെന്നീസിലെ തികഞ്ഞ പോരാളികളാണ്. കിരീടങ്ങളുടെ എണ്ണം കൊണ്ടല്ല കളിയുടെ മഹത്വം കൊണ്ടായിരുന്നു റോഡ്‌ലേവര്‍ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിതനായത്. ഈ താരതമ്യത്തിലാണ് സാംപ്രാസ് ലേവറിനും ഫെഡറര്‍ ബോര്‍ഗിനും പിന്നിലാവുന്നത്. എന്നാല്‍, അത്തരം താരതമ്യങ്ങളെയെല്ലാം നമുക്കു മാറ്റിനിര്‍ത്താം. സിഗ്വടെന്നീസ് ക ഏറ്റവും മികച്ച പുരുഷതാരമാരെന്ന ചോദ്യത്തിന് റോജര്‍ ഫെഡറര്‍ എന്നതാണ് നേരിട്ടുള്ള ഉത്തരം.

പ്രതിഭ, ആവിഷ്‌കാരം
അര്‍പ്പണം...

പ്രതിഭയും ആവിഷ്‌കാരവും അര്‍പ്പണവും സമന്വയിച്ച ടെന്നീസ് കരിയറാണ് ഫെഡററെ ഒടുവില്‍ 18 ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെ നിറവിലേയ്ക്കുയര്‍ത്തിയത്. കൊല്ലംതോറുമുള്ള ആധുനിക ടെന്നീസിന്റെ അഗ്നിപരീക്ഷകളിലൂടെ സ്ഫുടം ചെയ്‌തെടുത്ത കഴിവുകളും തെളിഞ്ഞ മനശക്തിയും ജാഗ്രതയുമാണ് രണ്ടു തവണ ഇരട്ടക്കുട്ടികളുടെ അച്ഛനായ റോജര്‍ ഫെഡററെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗ്രാന്‍സ്‌ലാം കിരീടമെന്ന കൊടുമുടി കയറാന്‍ പ്രാപ്തനാക്കിയത്.
ടെന്നീസില്‍ ഇതു പുതിയ യുഗമാണെന്ന് ആരു പറഞ്ഞു. പഴയ വീര്യത്തിന്റെ പൊലിപ്പിച്ചെടുക്കലല്ലേ നാം കണ്ടത്. എല്ലാ അര്‍ത്ഥത്തിലും ചരിത്രത്തിന്റെ വീഥിയില്‍ വഴിതിരിച്ചു വിടുകയായിരുന്നു ഈ ടെന്നീസ് മാന്ത്രികന്‍. വിസ്മയിപ്പിക്കുന്ന, വിഭ്രമിപ്പിക്കുന്ന ടെന്നീസിന്റെ ഒടുങ്ങാത്ത പ്രവാഹമാണ് ഫെഡറര്‍ കെട്ടഴിക്കുന്നത്.
ടെന്നീസില്‍ ആഭിജാത്യത്തിന്റെ ആള്‍രൂപമാണ് റോജര്‍ ഫെഡറര്‍. ഏറ്റവുമധികം ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടി എക്കാലത്തേയും വലിയ ടെന്നീസ് പ്രതിഭ എന്ന തന്റെ വിജയപീഠം നിര്‍മ്മിച്ച് ഈ സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ സ്ഥിരപ്രതിഷ്ഠിതനായത് ഛന്ദസ്‌സു തെറ്റാത്ത ഒരു കവിത രചിക്കുന്നതുപോലെയായിരുന്നു. പ്രതിയോഗിയുടെ ബേസ്‌ലൈനില്‍ ലക്ഷ്മണരേഖ കടക്കാതെ പന്തുകള്‍ പായിക്കുമ്പോള്‍ അതിന്റെ കൃത്യതയും സൂക്ഷ്മതയും ആരെയാണ് അദ്ഭുതപ്പെടാത്തത്. അവരെ അസാധാരണ തന്ത്രങ്ങളിലൂടെ നിരായുധരാക്കുന്നതോടൊപ്പം കൗശലപൂര്‍വ്വമുള്ള ഡ്രോപ്‌ഷോട്ടുകളിലൂടെ അസ്തപ്രജ്ഞരാക്കുകയും ചെയ്യുന്നു. എണ്‍പതുകളില്‍ ബോര്‍ഗും മെക്കന്റോയും നിറഞ്ഞാടിയിരുന്നപ്പോള്‍ ആര് ജയിക്കും എന്നു പറയാനാവാത്ത വീറും വാശിയും അക്കാലത്തെ ടെന്നീസിനുായിരുന്നു. പിന്നീടെത്തിയ സാംപ്രാസിനും അഗാസിക്കും മറ്റു കളിക്കാരില്‍നിന്നു നിരന്തരം വെല്ലുവിളികള്‍ നേരിടേി വന്നു.
അതേസമയം തന്റെ സുവര്‍ണകാലത്തു സ്ഥിരതയോടെ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പോന്ന കരുത്തരായ പ്രതിയോഗികള്‍ ഉണ്ടായില്ല എന്നത് ഫെഡറര്‍ക്കു സംഭവിച്ച നിര്‍ഭാഗ്യമായി കരുതാം. എങ്കിലും ഇടക്കാലത്തു കാര്യങ്ങള്‍ മാറിമറിയുന്നതും. അതുകൊണ്ടാണ് 2010-ന്റെ രാം പകുതി മുതല്‍ ഫെഡറര്‍ക്കു കാര്യങ്ങള്‍ അത്ര സുഖകരമല്ലാതെ ഭവിച്ചത്. നദാലിനു പുറമേ ദ്യോക്കോവിച്ചും ആന്‍ഡിമറേയും ശക്തമായി രംഗത്തെത്തിയതോടെ ഫെഡറര്‍ക്ക് തോല്‍ക്കാനുമാവുമെന്ന സ്ഥിതി ഉണ്ടായി. മുന്‍പ് ഫെഡറര്‍ക്കു മാത്രമുായിരുന്ന അപ്രമാദിത്വം പിന്നീട് ഈ നാല്‍വര്‍ സംഘത്തിന്റെ പോരാട്ടമായി വികസിച്ചതും കു. മെക്കന്റോയേയും സാംപ്രാസിനേയും ലേവറേയും എവേഴ്‌സണേയും പോലെ ഫെഡററും ഔന്നത്യത്തിന്റെ ഉന്നത വിതാനങ്ങളിലെത്തുമെന്നു പല ടെന്നീസ് വിദഗ്ദ്ധരും പ്രവാചകദൃഷ്ടിയോടെ പറഞ്ഞിരുന്നു. അതു ശരിയാണെന്നു കാലം തെളിയിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം. 1968-ല്‍ ടെന്നീസില്‍ പ്രൊഫഷണലുകള്‍ക്കു കൂടി പ്രവേശനം നല്‍കിയശേഷം ബോര്‍ഗിനും സാംപ്രാസിനും പിന്നാലെ വിംബിള്‍ഡണിലെ പച്ചപ്പുല്‍ത്തകിടിയില്‍ വിസ്മയ നേട്ടം കൈവരിച്ച കളിക്കാരന്‍ ഫെഡറര്‍ മാത്രമാണ്.
ബോര്‍ഗും ഫെഡററും സമാന രീതിയില്‍ വിജയിച്ചു നേടിയിട്ടുള്ളത് വിംബിള്‍ഡണില്‍ മാത്രമാണ്. ഫ്രെഞ്ച് ഓപ്പണില്‍ ബോര്‍ഗ് ആറു തവണ ചാമ്പ്യനായപ്പോള്‍ ഫെഡറര്‍ക്ക് ഒരിക്കലേ അതു കിട്ടിയിട്ടുള്ളൂ. പകരം ബോര്‍ഗിന് ഒരിക്കലും കിട്ടാത്ത ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ ഇത്തവണത്തെ വിജയത്തിലൂടെ അഞ്ചു തവണ ജേതാവായി. ബോര്‍ഗ്-ഫെഡറര്‍ താരതമ്യത്തില്‍ സാംപ്രാസിന്റെ പേരും കടന്നുവരാതിരിക്കില്ല. ഫെഡററെയും ബോര്‍ഗിനേയുംകാള്‍ വലിയ കളിക്കാരന്‍ സാംപ്രാസാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍, ഗ്രാന്‍സ്‌ലാം നേട്ടങ്ങളുടെ കാര്യത്തില്‍ ബോര്‍ഗിനേയും സാംപ്രാസിനേയുംകാള്‍ മുകളിലാണല്ലോ ഫെഡറര്‍. എല്ലാക്കാലത്തും ശക്തരായ എതിരാളികളെ കടന്നുകയറിയാണ് ബോര്‍ഗ് 11 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടിയതെങ്കിലും അതുകൊണ്ടുമാത്രം ഫെഡററുടെ ഐതിഹാസിക മാനം ഇടിയുന്നില്ല.

ഇനിയൊരു 
ഫെഡറര്‍...

ഇനിയൊരു ഫെഡറര്‍ ഉണ്ടാകുമോ. ഫെഡറര്‍ ഗെയിമും സെറ്റും മാച്ചും നേടിക്കഴിഞ്ഞു. എതിരാളിയുടെ നീക്കങ്ങള്‍ ചെസ്‌സ് ബോര്‍ഡിലെ പോലെ മുന്‍കൂട്ടിക്കാണാന്‍ തനിക്കാവുന്നുണ്ടെന്നാണ് ഫെഡറര്‍ പറയാറുള്ളത്. ഒരുപക്ഷേ, പന്തടിച്ചശേഷം സന്തുലനം നേടി അടുത്തതിലേയ്ക്കു പോകാന്‍ പല കളിക്കാരും വിഷമിക്കുമ്പോള്‍ ഫെഡറര്‍ അനായാസം അതു സാധിക്കുന്നു.
ഫെഡറര്‍ ടെന്നീസിലെ സൗമ്യ സാന്നിധ്യമാണെങ്കിലും അസാമാന്യമായ മനക്കരുത്തിന് ഉടമയാണ്. താന്‍ അടുത്തുതന്നെ വിരമിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കുന്നുെങ്കിലും ഒരു രംഗത്തു തുടര്‍ച്ചയായി നീണ്ടുനില്‍ക്കലിലെ അപാരവിസ്മയങ്ങള്‍ ഇനിയും കാണാമെന്നു കരുതുന്നവരും ഏറെയാണ്.
കളി തോറ്റാലും ജയിച്ചാലും ഫെഡറര്‍ ഓരോ മത്സരവും ഓരോ ഗെയിമും ആസ്വദിക്കുന്നവനാണ്. 1981 ആഗസ്റ്റ് എട്ടിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസിലില്‍ ജനിച്ച റോജര്‍ ഫെഡററുടെ കുട്ടിക്കാലത്തെ ഇഷ്ടം ഫുട്‌ബോളായിരുന്നു. പക്ഷേ, ഒരു നിയോഗം പോലെ ടെന്നീസിനെ വരിച്ചു; തന്റേതായ കാലഘട്ടവും ചരിത്രവും രചിച്ചുകൊണ്ടു യാത്ര തുടരുന്നു. എന്നാല്‍, ഏതൊരു കളിക്കാരന്റേയും സ്വപ്നമായ ഒളിംപിക്‌സിലെ സിംഗിള്‍സ് സ്വര്‍ണമെഡല്‍ ഫെഡറര്‍ക്ക് ഇന്നും അന്യമാണ്. 2000-ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ സെമിയിലെത്തിയതാണ് മികച്ച വ്യക്തിഗതപ്രകടനം. 2008-ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വാവ്‌റിങ്കയോടൊപ്പം ഡബിള്‍സ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ലോക ഒന്നാംറാങ്കില്‍ തുടര്‍ച്ചയായി 237 ആഴ്ച വാണിട്ടുള്ള ഫെഡററെ മികച്ച ലോക കായികതാരത്തിനുള്ള ലോറസ് അവാര്‍ഡ് തുടര്‍ച്ചയായി നാലു വര്‍ഷം (2005-08) തേടിയെത്തി.
ഫെഡറര്‍ ഏറ്റവും വലിയ ടെന്നീസ് കളിക്കാരന്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യസ്‌നേഹിയുമാണ്. 2004 ഡിസംബര്‍ 26-ന് ഏഷ്യന്‍ തീരങ്ങളില്‍ വീശിയടിച്ച സുനാമി തിരമാലകള്‍ നാശം വിതച്ചപ്പോള്‍ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഫെഡറര്‍, ജീവിതപങ്കാളിയായ മിര്‍ക്കയുമായി ചേര്‍ന്നു സ്ഥാപിച്ച റോജര്‍ ഫെഡറര്‍ ഫൗേഷനിലൂടെ കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ആശ്വാസമേകുന്നു. മുന്‍ ടെന്നീസ് കളിക്കാരിയായ മിര്‍ക്ക പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്നു 2002-ല്‍ കളി മതിയാക്കി ഫെഡററുടെ ജീവിതത്തിലേക്കു കടന്നുവരികയും സഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയുമായിരുന്നു.
സ്വിച്ചിട്ടാല്‍ പ്രവര്‍ത്തനം തുടങ്ങുന്ന യന്ത്രമനുഷ്യനെപ്പോലെയാണ് ഫെഡറര്‍. ആ യന്ത്രമനുഷ്യനാകട്ടെ, ടെന്നീസ് കളിയുടെ സമസ്ത സൗന്ദര്യവും ചാരുതയും ചാര്‍ത്തിക്കിട്ടിയിരിക്കുന്നു. വാണിജ്യവും വിപണന ചേരുവകളും ഇഴപിരിയാതെ നില്‍ക്കുന്ന ടെന്നീസ് കോര്‍ട്ടുകളില്‍ ശുദ്ധ ടെന്നീസിന്റെ രംഗവിസ്താരങ്ങള്‍ കേള്‍പ്പിക്കുന്നവനാണ് ഫെഡറര്‍. സൗന്ദര്യമുള്ള കളി എപ്പോഴും ജയിക്കണമെന്നില്ല. പക്ഷേ, റാക്കറ്റേന്തുന്ന അനുപമ സിദ്ധികളും കാല്‍പ്പന്തിനെ മാന്ത്രികനെപ്പോലെ പരിലാളിക്കുന്ന ബ്രസീലുകാരേയും കളിപ്രേമികള്‍ക്ക് ഇഷ്ടപ്പെടാതെ വരില്ലല്ലോ.
ടെന്നീസ് ലോകത്തിന്റെ അതിരുകള്‍ ഭേദിച്ചു കായികലോകത്തിന്റെ നെറുകയില്‍ സിംഹാസനം ഉറപ്പിച്ചവനാണ് റോജര്‍ ഫെഡറര്‍. ഫെഡറര്‍ മൂന്നു ഭാഷകള്‍ സംസാരിക്കും. ജര്‍മ്മന്‍, ഫ്രെഞ്ച്, ഇംഗ്‌ളീഷ്. എന്നാല്‍, ലോകത്തില്‍ ഏതു നാട്ടുകാരോടും ഭാഷക്കാരോടും സംസാരിക്കാന്‍ പറ്റുന്ന രു ഭാഷകള്‍ അദ്ദേഹത്തിനു്; ടെന്നീസും മാനുഷികതയും. ഫെഡററെ സംബന്ധിച്ചിടത്തോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളല്ല. സര്‍ക്കാര്‍ കരത്തില്‍നിന്നു മുക്തനാകാനുള്ള മറയാക്കി മാറ്റാതെ മാനുഷികതയിലൂന്നിക്കൊുതന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുന്നു. വിജയങ്ങളൊന്നും തലക്കുപിടിക്കാത്ത എളിമയുള്ളവനായ ഫെഡറര്‍ ഇനിയും യാത്ര തുടര്‍ന്നാലും അദ്ഭുതമില്ല. തന്റെ രചനകളുടെ പൂര്‍ണ്ണതയ്ക്കായി ഹൃദയം പകുത്തുനല്‍കിയ ചിത്രകാരനായ വാന്‍ഗോഗിന്റെ ദൗത്യം ടെന്നീസില്‍ പൂര്‍ണ്ണതയോടെ നിര്‍വ്വഹിക്കുന്ന ഫെഡററില്‍നിന്ന് ഇനിയും ചില വിസ്മയങ്ങള്‍ക്കായി നമുക്കു കാത്തിരിക്കാം.


റോജര്‍ ഫെഡറര്‍

വയസ്‌സ്     :    35
ലോകറാങ്ക്    :    10
ഗ്രാന്‍സ്‌ലാം കിരീടം    :    18
കരിയര്‍ സിംഗിള്‍സ് കിരീടം    :    89
ഗ്രാന്‍സ്‌ലാം സിംഗിള്‍സ് വിജയം    :    314
കരിയര്‍ വിജയം    :    1081 തോല്‍വി : 245
സമ്പാദ്യം    :    1000 ലക്ഷം ഡോളര്‍ (681 കോടി രൂപ)

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍-5
(2004, 2006, 2007, 2010, 2017)

ഫ്രെഞ്ച് ഓപ്പണ്‍ (2009)    :    1
വിംബിള്‍ഡണ്‍    :    7
(2003, 2004, 2005, 2006, 2007, 2009)
യു.എസ് ഓപ്പണ്‍    :    5
(2004, 2005, 2006, 2007, 2008)

ഗ്രാന്‍സ്‌ലാം സിംഗിള്‍സ് റെക്കോര്‍ഡ്
താരം    രാജ്യം    ഫൈനല്‍    കിരീടം
റോജര്‍ ഫെഡറര്‍    സ്വിറ്റ്‌സര്‍ലന്‍ഡ്    28    18
പീറ്റ് സാംപ്രാസ്    അമേരിക്ക    18    14
റാഫേല്‍ നദാല്‍    സ്‌പെയിന്‍    21    14
നൊവാക് ദ്യോക്കോവിച്ച്    സെര്‍ബിയ    21    12
ബ്യോണ്‍ ബോര്‍ഗ്    സ്വീഡന്‍    16    11
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com