കൊള്ളക്കാര്‍ ഹൃദയത്തില്‍ കടക്കുന്ന കുഴല്‍വഴികള്‍

7,260 രൂപയ്ക്കും 29,600 രൂപയ്ക്കും ലാഭകരമായി വില്‍ക്കാവുന്നതാണ് ഹൃദയധമനികളില്‍ ഘടിപ്പിക്കാനുള്ള സ്‌റ്റെന്റുകള്‍.
സ്റ്റെന്റ്‌
സ്റ്റെന്റ്‌

7,260 രൂപയ്ക്കും 29,600 രൂപയ്ക്കും ലാഭകരമായി വില്‍ക്കാവുന്നതാണ് ഹൃദയധമനികളില്‍ ഘടിപ്പിക്കാനുള്ള സ്‌റ്റെന്റുകള്‍ എന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുമ്പോള്‍ ഉത്തരം ലഭിക്കാതെ പോകുന്നതു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പൗരന്മാര്‍ക്കും ഖജനാവിനും ഉണ്ടായ ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടത്തിന് ആരു പരിഹാരം നല്‍കും എന്ന ചോദ്യത്തിനാണ്


വര്‍ഷം 2014. കേരളത്തിലെ ഒരു ആശുപത്രിയില്‍ ഹൃദയധമനിയില്‍ മരുന്നു നിറച്ച ലോഹ ചട്ടം (ഡ്രഗ് എല്യൂട്ടിങ് സ്‌റ്റെന്റ്-ഡി.ഇ.എസ്) ഇട്ടപ്പോള്‍ വില 85,000 രൂപ. അതേ രോഗിക്ക് നാലാം ദിവസം അതേ വലിപ്പമുള്ള, അതേ മരുന്നുകള്‍ നിറച്ച രണ്ടാമതൊരു സ്‌റ്റെന്റ് അതേ ആശുപത്രിയില്‍ ഇട്ടതിന്റെ ചെലവ് 56,000 രൂപ. 
ദേശീയ ഔഷധ വിലനിര്‍ണയ സമിതി (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി-എന്‍.പി.പി.എ) ഫെബ്രുവരി 13-ന് പ്രഖ്യാപിച്ചത് ഇന്ത്യയില്‍ ഇനി ഡി.ഇ.എസ് 29,600 രൂപയില്‍ കൂടിയ വിലയ്ക്കു (നികുതികള്‍ പുറമെ) വില്‍ക്കാന്‍ പാടില്ല എന്നാണ്. ഇതില്‍ കൂടുതല്‍ വരുന്ന ഓരോ രൂപയും അമിത ലാഭമെടുപ്പാണ്. മരുന്നുകള്‍ ഇല്ലാത്ത ബെയര്‍ മെറ്റല്‍ സ്‌റ്റെന്റിന് 7,260 രൂപയുമാണ് പരമാവധി ഈടാക്കാവുന്ന വില. അങ്ങനെയെങ്കില്‍ ഔഷധ സ്‌റ്റെന്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എത്ര കുടുംബങ്ങളുടെ അരിയും മുളകും വാങ്ങേണ്ട പണം ഇല്ലാതായി? ഈ ചികില്‍സ നടത്തിയതുകൊു മാത്രം ആയുഷ്‌കാലത്തേക്ക് എത്ര കുടുംബങ്ങള്‍ കടക്കെണിയിലായി? മുന്‍കാല പ്രാബല്യത്തോടെ ആരു നഷ്ടപരിഹാരം നല്‍കും? 
ചോദ്യങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണ്. കഴിഞ്ഞതു കഴിഞ്ഞു; ഇനി മുന്നോട്ടുള്ള ആസൂത്രണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനു മറുപടി പറയുക. എല്ലാം ഈശ്വര നിശ്ചയം എന്നാണ് ആത്മീയവാദികള്‍ ഉപദേശിക്കുക. യുക്തിയില്‍ വിശ്വസിക്കുന്നവര്‍ പറയും: ''മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്നുതുടങ്ങിയ കാലത്ത് അതിലേക്കു വരുന്ന ഒരു വിളിക്ക് അഞ്ചുരൂപവരെയായിരുന്നു നിരക്ക്. പുറത്തേക്കു വിളിക്കാന്‍ പത്തു രൂപയും. കാലം മാറിയപ്പോള്‍ ഇന്‍കമിങ് പൂര്‍ണമായും സൗജന്യമായി. ഇപ്പോള്‍ ഔട്ട്‌ഗോയിങ് വിളികള്‍പോലും സൗജന്യമാക്കുന്ന ഡാറ്റാ പഌനുകളുമായി കമ്പനികള്‍ എത്തിക്കഴിഞ്ഞു.'
കാലം മാറുമ്പോള്‍ അങ്ങനെയൊക്കെയാണല്ലോ എന്ന യുക്തിചിന്തയില്‍ എഴുതിത്തള്ളാവുന്നതല്ല സ്‌റ്റെന്റ് കമ്പനികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പൗരന്മാരില്‍നിന്ന് ഈടാക്കിയ പണത്തിന്റെ കണക്ക്. അതിന് മഹാരാഷ്ര്ട ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് സാക്ഷ്യം. 
അബോട്ട് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനി ഇന്ത്യയിലേക്ക് ഒരു സ്‌റ്റെന്റ് എത്തിച്ചപ്പോള്‍ ഉള്ള വില- 40,000 രൂപ.
സിനോകെയര്‍ എന്ന വിതരണക്കാരന് അതു നല്‍കിയപ്പോള്‍ ഈടാക്കിയ തുക-73,400 രൂപ.
ഹിന്ദുജ ആശുപത്രിയിലേക്ക് അതു സിനോകെയര്‍ വിറ്റപ്പോള്‍ ഇട്ട വില-1,10,000 രൂപ.
ഹിന്ദുജ ആശുപത്രി അതു രോഗിയില്‍ ഘടിപ്പിച്ചപ്പോള്‍ ഈടാക്കിയത്-1,20,000 രൂപ.
ഇതു ഹിന്ദുജ ആശുപത്രിയിലെ മാത്രം കാര്യമല്ല. പേര് വെളിപ്പെടുത്തരുത് എന്ന കര്‍ശന നിബന്ധനയോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാത്ത് ലാബില്‍ മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഒരു ജൂനിയര്‍ കാര്‍ഡിയോളജിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്. ''ടെന്‍ഡര്‍ വിളിച്ചു സര്‍ക്കാര്‍ സ്‌റ്റെന്റ് വാങ്ങുമ്പോള്‍ത്തന്നെ രണ്ടു സ്‌റ്റെന്റിന് ഒരു സ്‌റ്റെന്റ് സൗജന്യം എന്ന ഓഫറുമായി കമ്പനികള്‍ എത്താറുണ്ട്.' ഇങ്ങനെ വരുന്ന സ്‌റ്റെന്റുകളാണ് ആദ്യത്തെ തടസ്‌സം മാറ്റാന്‍ 85,000 രൂപയ്ക്കും രാമത്തെ തടസ്‌സം മാറ്റാന്‍ 56,000 രൂപയ്ക്കും ആശുപത്രികള്‍ തരാതരം ഉപയോഗിക്കുന്നത്. രെണ്ടടുത്താല്‍ ഒന്നു സൗജന്യമെന്ന വഴിയോര ജീന്‍സ് വില്‍പ്പനക്കാരന്റെ നിലവാരത്തില്‍ ഹൃദയധമനിയിലേക്കുള്ള ലോഹചട്ടങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കുറഞ്ഞത് അഞ്ചുവര്‍ഷമായി ഇതാണ് ഇന്ത്യയിലെ രീതി. 
40,000 രൂപയ്ക്ക് ഇന്ത്യയില്‍ വന്ന ഒരു സ്‌റ്റെന്റ് മൂന്നിരട്ടി അഥവാ 1.2 ലക്ഷം രൂപയ്ക്ക് ഒരു രോഗിയുടെ ഹൃദയധമനിയില്‍ ഘടിപ്പിച്ചിട്ടുെങ്കില്‍ അതു വിധിയെന്ന ആത്മീയ ചിന്തയിലോ മൂലധനച്ചെലവു കണക്കാക്കുന്ന ബാലന്‍സ് ഷീറ്റ് ഇക്കണോമിക്‌സിലോ അന്നത്തേയും ഇന്നത്തേയും സാഹചര്യമെന്ന യുക്തിവാദത്തിലോ അവസാനിപ്പിക്കാന്‍ കഴിയില്ല. കേരളത്തില്‍ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ മാത്രം കഴിഞ്ഞ ഒക്ടോബര്‍ വരെ വിതരണം ചെയ്തതു 1158.64 കോടി രൂപയാണ്. 1,39,831 ആളുകളാണ് ഗുണഭോക്താക്കള്‍. ഇതില്‍ നല്ലൊരു പങ്ക് ഹൃദയ ചികിത്സയ്ക്കു വന്ന ചെലവാണ്. ഹൃദയ ചികിത്സയുടെ 90 ശതമാനം തുകയും സ്‌റ്റെന്റ് വാങ്ങാന്‍ ചെലവഴിച്ചതും. രോഗികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍നിന്നു കൊള്ളയടിച്ച തുകയാണ് അതിന്റെ മൂന്നില്‍ രണ്ടും. ഇന്ത്യ ഇതുവരെ കിട്ടുള്ളതില്‍ വച്ച് ഹൃദയശൂന്യമായ അഴിമതിയാണ് സ്‌റ്റെന്റ് ചികില്‍സയുടെ ഓരോ കണക്കും പുറത്തുകൊുവരുന്നത്. 

ആശുപത്രി ചെലവിന്റെ 
90 ശതമാനം സ്‌റ്റെന്റിന്
''ഹൃദ്രോഗ ചികില്‍സയില്‍ നല്ലൊരു തുക ചെലവാകുന്നത് സ്‌റ്റെന്റുകളുടെ വിലയായാണ്. സ്‌റ്റെന്റ് രോഗിയിലേക്ക് എത്തുന്നതിനു മുന്‍പു പല ഘട്ടങ്ങള്‍ കടന്നുവരുമ്പോള്‍ അമിതമായ ലാഭമെടുപ്പു നടക്കുന്നുണ്ട്് എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യവുമാണ്. അതു പരിഹരിക്കുന്നതിനു പുതിയ തീരുമാനം സഹായകരമാകുമെങ്കില്‍ സ്വാഗതം ചെയ്യുകതന്നെ വേണം. പക്ഷേ, വില വെട്ടിക്കുറച്ചു എന്നതിന്റെ പേരില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് ഇല്ലാതാകുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടേണ്ടതുണ്ട്്. 'പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധനും കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം തലവനുമായി ഡോ. ടി.കെ. ജയകുമാര്‍ പറയുന്നു. 

ഡോ. ജയകുമാര്‍ പങ്കുവച്ച ആശങ്കയില്‍നിന്നു വേണം ഫെബ്രുവരി 13-ലെ എന്‍.പി.പി.എ തീരുമാനത്തെ വിലയിരുത്താന്‍. ആ ഉത്തരവിറങ്ങിയതിന്റെ പിറ്റേന്നു തന്നെ അബോട്ട് ഫാര്‍മ എന്ന കമ്പനി രാജ്യത്തെ മുഴുവന്‍ ആശുപത്രികളില്‍നിന്നും വിതരണക്കാരില്‍നിന്നും ബയോ ഡീഗ്രേഡബിള്‍ സ്്‌റ്റെന്റ് എന്ന മുന്തിയ ഇനം സ്റ്റന്റുകള്‍ പിന്‍വലിച്ചു. സ്‌റ്റെന്റുകളിലെ ഏറ്റവും കാര്യക്ഷമമായവ എന്നു വിലയിരുത്തപ്പെടുന്നതാണ് ബയോ ഡീ ഗ്രഡബിള്‍ സ്റ്റെന്റ് എന്നറിയപ്പെടുന്ന ബയോ റിസോര്‍ബബിള്‍ വാസ്‌കുലര്‍ സ്‌കാഫോള്‍ഡ് (ബി.വി.എസ്). സാധാരണ മെറ്റല്‍ സ്റ്റെന്റുകള്‍ ധമനിയിലെ തടസ്‌സം മാറ്റി മറ്റൊരു കുഴല്‍ പോലെ മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ ഡി.ഇ.എസ് മരുന്നു പൂശിയവ ആയതിനാല്‍ ബേ്‌ളാക്കിനെ അലിയിച്ചു കളയുന്നു. ഒരു പടികൂടി കടന്നു ബയോ ഡീ ഗ്രഡബിള്‍ സ്‌റ്റെന്റുകള്‍ തടസ്‌സം നീങ്ങിക്കഴിഞ്ഞാല്‍ സ്വയം അലിഞ്ഞ് ഇല്ലാതാകുന്നവയാണ്. ബി.വി.എസ് പിന്‍വലിക്കുന്നതിനുള്ള കാരണമായി അബോട്ട് ഫാര്‍മ പറഞ്ഞത് ഈ വിലയ്ക്കു വില്‍ക്കാന്‍ കഴിയില്ല എന്നാണ്. നിലവില്‍ 1.9 ലക്ഷം രൂപയാണ് ബി.വി.എസ് സ്‌റ്റെന്റിന്റെ വില. അതും 29,600 രൂപയ്ക്കു വില്‍ക്കണം എന്നാണ് വില നിര്‍ണയ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്ത് ബി.വി.എസ് വില്‍ക്കുന്ന ഏക കമ്പനിയാണ് അബോട്ട്. കഴിഞ്ഞവര്‍ഷം എണ്ണായിരം ബി.വി.എസ് രാജ്യത്തു വിറ്റഴിച്ചു. ഈ വര്‍ഷം 100 ശതമാനം വളര്‍ച്ചയാണു കമ്പനി ലക്ഷ്യമിട്ടിരുന്നത്. സ്‌റ്റെന്റ് പിന്‍വലിച്ച് കമ്പനികള്‍ സമ്മര്‍ദ്ദം ആരംഭിക്കുന്നത് എന്തുകൊാകണം?
അതിന്റെ കാരണം നാഷണല്‍ ഇന്റര്‍വെന്‍ഷനല്‍ കൗണ്‍സിലിന്റെ കണക്കുകളില്‍ ഉണ്ട്്:

സ്വകാര്യ ആശുപത്രികളിലെ ചെലവിന്റെ 25 മുതല്‍ 40 ശതമാനം വരെ വിലയാണ് സ്‌റ്റെന്റിനു വരുന്നതു സര്‍ക്കാര്‍ ആശുപത്രികളിലെ ചെലവിന്റെ 72 മുതല്‍ 90 ശതമാനം വരെ വില സ്‌റ്റെന്റിന്റേതു മാത്രമാണ്.
സ്വകാര്യ ആശുപത്രികള്‍ സ്‌റ്റെന്റുകള്‍ക്കു വാങ്ങുന്ന വില-23,265 രൂപ മുതല്‍ 1,50,000 രൂപ വരെ.
സര്‍ക്കാര്‍ ആശുപത്രികള്‍ ഈടാക്കുന്ന വില-23,265 മുതല്‍ 60,000 രൂപ വരെ.
ഏറ്റവും വില കൂടിയ സ്‌റ്റെന്റ് 60,000 രൂപ ഈടാക്കി ഘടിപ്പിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്ന ചികിത്സാച്ചെലവ് 10,000 രൂപ മാത്രമാണ്. സ്വകാര്യ ആശുപത്രികളില്‍നിന്ന് ഏറ്റവും വില കൂടിയ സ്‌റ്റെന്റ് 1,50,000 രൂപയ്ക്കു ഘടിപ്പിക്കുന്ന ഒരാള്‍ക്ക് ചികിത്സാ ചെലവായി മറ്റൊരു ഒന്നര ലക്ഷം രൂപകൂടി കൈമോശം വരുന്നു. ഇതിനോടു ചേര്‍ത്തു വയ്ക്കാന്‍ മറ്റൊരു കണക്കുകൂടി നാഷണല്‍ ഇന്റര്‍വെന്‍ഷനല്‍ കൗണ്‍സില്‍ നല്‍കുന്നുണ്ട്. 
രാജ്യത്തു സ്‌റ്റെന്റ് ചികിത്സയുടെ 60 ശതമാനവും നടക്കുന്നതു സ്വകാര്യമേഖലയിലാണ്. 2015-ല്‍ രോഗികളില്‍ ഘടിപ്പിച്ച സ്‌റ്റെന്റുകളില്‍ 95 ശതമാനവും വിലകൂടിയ ഡ്രഗ് എല്യൂട്ടിങ് സ്‌റ്റെന്റുകള്‍ ആയിരുന്നു. കേരളത്തിലേക്ക് എത്തുമ്പോള്‍ അത് 98 ശതമാനം വരെയാകും. കാരണം ഇവിടെ കഴിഞ്ഞ വര്‍ഷം വിരലിലെണ്ണാവുന്നയത്രപോലും ബെയര്‍ മെറ്റല്‍ സ്റ്റെന്റുകള്‍ വിറ്റുപോയിട്ടില്ല. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റെന്റുകള്‍ വില്‍ക്കുന്ന സ്ഥലമാണ് കേരളം. ഇവിടെ സര്‍ക്കാര്‍ മേഖലയില്‍ ഉള്ളതിന്റെ ഇരുപതുമടങ്ങു സ്വകാര്യ ആശുപത്രികളില്‍ കാത്ത് ലാബുകള്‍ ഉണ്ട്. സ്റ്റെന്റ് ചികില്‍സയുമുണ്ട്. കോട്ടയം മെഡിക്കല്‍ കോേളജില്‍ സ്‌റ്റെന്റ് ഘടിപ്പിക്കുന്ന ദിവസങ്ങളില്‍ അഞ്ചു മുതല്‍ 15 വരെ എണ്ണം ഉപയോഗിക്കപ്പെടുന്നു. 

സ്വകാര്യ ആശുപത്രികളിലെ കണക്ക് ഊഹിച്ചെടുക്കാന്‍ മാത്രമേ കഴിയൂ. കാരണം സംസ്ഥാനത്തു നടക്കുന്ന സ്വര്‍ണ്ണാഭരണ വില്പ്പനപോലെ ദുരൂഹമായ ബില്ലുകളും ബില്ലില്ലായ്മകളും പണിക്കൂലിയും പണിക്കുറവുമെല്ലാം കൊണ്ടു സമ്പന്നമാണ് സ്റ്റെന്റ് കച്ചവടവും. സ്‌നേഹത്തോടെ നെഞ്ചേറ്റി വാങ്ങുന്ന ആഭരണങ്ങളും ഹൃദയവേദനയോടെ വാങ്ങേണ്ടിവരുന്ന സ്‌റ്റെന്റും തമ്മില്‍ രാജ്യത്ത് ഇപ്പോള്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നതും ഇനി കുറഞ്ഞവിലയ്ക്കു വില്‍ക്കാന്‍പോകുന്നതുമായ ഇന്ത്യന്‍ നിര്‍മ്മിത സ്‌റ്റെന്റുകളില്‍ ഏറെയും വരുന്നതു സൂററ്റിലെ വജ്രാഭരണ നിര്‍മ്മാതാക്കളില്‍നിന്നാണ്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍നിന്നാണ് ഇനി രാജ്യം നെഞ്ചേറ്റാന്‍ പോകുന്ന ആ സ്‌റ്റെന്റുകള്‍ എത്തുന്നത്. 
വജ്രം മുറിച്ചെടുക്കുന്നതുപോലെ സൂക്ഷ്മമായ ജോലി എന്ന നിലയിലാണ് ഗുജറാത്തിലെ വജ്രാഭരണ നിര്‍മ്മാതാക്കള്‍ സ്‌റ്റെന്റ് നിര്‍മ്മാണത്തിലേക്കു തിരിഞ്ഞത്. ഇന്ത്യയില്‍ സ്‌റ്റെന്റു നിര്‍മ്മിക്കുന്ന 11 കമ്പനികളില്‍ ഒന്‍പതും സൂററ്റിലാണ്. നിലവില്‍ രാജ്യത്തു വിറ്റഴിക്കുന്ന സ്‌റ്റെന്റുകളില്‍ 40 ശതമാനം മാത്രമാണ് ഇന്ത്യന്‍ നിര്‍മ്മിത സ്‌റ്റെന്റുകള്‍ ഉള്ളത്. വില കുറയ്ക്കാനുള്ള പുതിയ തീരുമാനത്തോടെ എണ്‍പതു ശതമാനം വരെ വില്‍പ്പന ഇന്ത്യന്‍ കമ്പനികളിലേക്ക് എത്തും എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കാരണം 29,600 രൂപ എന്ന പരമാവധി വില്‍പന വില പാലിച്ച് ഇന്ത്യയില്‍ സ്‌റ്റെന്റ് വില്‍ക്കാന്‍ ബഹുഭൂരിപക്ഷം വിദേശ കമ്പനികള്‍ക്കും സാധിക്കില്ല. അവര്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകും. അങ്ങനെയെങ്കില്‍ ഇത്രവലിയ മത്സര സാധ്യതയുള്ള വിപണിയാണോ സ്‌റ്റെന്റുകളുടേത്? 
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് 2015-ല്‍ രാജ്യത്തു നടന്നത് നാലു ലക്ഷം മുതല്‍ 4.2 ലക്ഷം വരെ ആന്‍ജിയോപഌസ്റ്റികള്‍ ആണ്. 2016-ല്‍ വിറ്റഴിച്ചത് അഞ്ചുലക്ഷം സ്‌റ്റെന്റുകള്‍. 29,600 എന്ന ഇപ്പോഴത്തെ പരമാവധി വില്‍പ്പന വില പരിഗണിച്ചാല്‍ മാത്രം 1,480 കോടി രൂപയുടെ കച്ചവടം. ഇതിന്റെ അഞ്ചുമടങ്ങു വരെ വിലയ്ക്കാണ് 2016-ല്‍ അഞ്ചുലക്ഷം സ്‌റ്റെന്റുകള്‍ വില്‍ക്കപ്പെട്ടത്. ഏഴായിരം കോടി രൂപയുടെ വില്‍പ്പന നടന്നുവെന്നാണ് ഏകദേശ കണക്ക്. അതില്‍ 5,500 കോടി രൂപയും കൊള്ളയടിക്കപ്പെട്ടു എന്നാണ് ഔഷധ വില നിര്‍ണയ സമിതി ഇപ്പോള്‍ ഇറക്കിയ ഉത്തരവിന്റെ പരിഭാഷ. ഹൃദയംകൊുള്ള ഈ കളികൊ് ആരൊക്കെയാണ് നേട്ടം ഉണ്ടാക്കിയത്? ആര്‍ക്കൊക്കെയാണ് നഷ്ടം?

വിലകൂടിയ സ്‌റ്റെന്റിനു
നിര്‍ബന്ധിതരാകുമ്പോള്‍
ഒരു ഡോക്ടര്‍ എങ്ങനെയാണ് രോഗിക്ക് ഏതുതരം സ്‌റ്റെന്റ് വേണമെന്നു തീരുമാനിക്കുന്നത് എന്ന ചോദ്യത്തിനു മെഡിക്കല്‍ കോേളജ് കാത്ത് ലാബില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യുവ കാര്‍ഡിയോളജിസ്റ്റ് പറഞ്ഞ മറുപടി: ''തീര്‍ച്ചയായും രോഗിയുടെ സാമ്പത്തിക സ്ഥിതി ഒരു ഘടകമാണ്. ബെയര്‍ മെറ്റല്‍ സ്‌റ്റെന്റുകള്‍ വിലക്കുറവുള്ളതാണെങ്കിലും അവയുടെ ഉപയോഗം കുറയാന്‍ കാരണം രോഗിയുടേയും ബന്ധുക്കളുടേയും കൂടി സമ്മതത്തോടെ ആശുപത്രിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് സ്‌റ്റെന്റുകളുടെ കാര്യത്തില്‍ എന്നതിനാലാണ്.'
സാധാരണ മരുന്നുകളോ മറ്റു ജീവന്‍രക്ഷാ ചികിത്സകളോ നല്‍കുന്നതില്‍നിന്നു വ്യത്യസ്തമാണ് സ്‌റ്റെന്റുകളുടെ തെരഞ്ഞെടുപ്പ്. മറ്റു ചികിത്സകള്‍ക്കു രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മരുന്ന് ഏതെന്നു ഡോക്ടര്‍ തീരുമാനിക്കുകയാണ്. അവയ്ക്കുള്ള ചെലവു കെത്താന്‍ രോഗിയുടെ ബന്ധുക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഷര്‍ട്ടും ചെരുപ്പും വാങ്ങുമ്പോള്‍ നടക്കുന്നതുപോലൊരു ബ്രാന്‍ഡ് തെരഞ്ഞെടുപ്പ് സ്‌റ്റെന്റിന്റെ കാര്യത്തില്‍ സംഭവിക്കുന്നു്. ''സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റെന്റ് തീരുമാനിക്കുമ്പോള്‍ രോഗിക്കു സര്‍ക്കാരില്‍നിന്നു ലഭിക്കാന്‍ ഇടയുള്ള സഹായത്തിന്റെ പരിധി പരിഗണിക്കാറുണ്ട്. ഒന്നിലേറെ ബ്‌ളോക്കുകള്‍ ഉള്ള ആളുകള്‍ക്ക് സ്റ്റെന്റ് ഇടുമ്പോള്‍ സര്‍ക്കാരില്‍നിന്ന് എത്ര സഹായം കിട്ടും എന്നുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രു സ്‌റ്റെന്റിന് ഒന്നു സൗജന്യം പോലുള്ള കമ്പനി ഓഫറുകള്‍ ചില രോഗികള്‍ക്കു ഗുണപ്പെട്ടിട്ടുമുണ്ട്.' യുവ കാര്‍ഡിയോളജിസ്റ്റ് പറയുന്നു.
എന്നാല്‍, കേരളത്തിലെ സ്വകാര്യ ആശുപത്രികളിലേക്ക് എത്തുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. 85,000 രൂപയുടെ സ്‌റ്റെന്റ് ഘടിപ്പിക്കുന്ന രോഗിക്കു മൂന്നാമതൊരു സ്‌റ്റെന്റ് ആവശ്യം വന്നാല്‍ത്തന്നെ പല സ്വകാര്യ ആശുപത്രികളിലും കാര്യമായ വിലക്കുറവ് ഉണ്ടാകാറില്ല. ആദ്യത്തെ സ്‌റ്റെന്റ് 85,000 രൂപയ്ക്കു ഘടിപ്പിക്കുന്ന രോഗിക്കു രണ്ടാമത്തെ സ്‌റ്റെന്റിന് 56,000 രൂപയുടെ ബില്‍ നല്‍കുന്നതു വിചിത്രമായ ചില തീരുമാനങ്ങള്‍ കൊണ്ടാണ്. പണം ഇല്ലാത്തതിനാല്‍ രണ്ടാമത്തെ സ്‌റ്റെന്റിന് ഇപ്പോള്‍ നിവൃത്തിയില്ലെന്നു രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞാല്‍ ആശുപത്രികള്‍ നല്‍കുന്ന ഡിസ്‌കൗണ്ട് ആണത്. 29,000 രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ വീണുപോകുന്ന ബന്ധുക്കള്‍ വീടു പണയംവച്ചോ സ്വര്‍ണ്ണം വിറ്റോ പണം കെണ്ടത്തും. സ്വകാര്യ ആശുപത്രികള്‍ പൊതുജനങ്ങളുടെ പണംകൊണ്ടാണു കളിക്കുന്നതെങ്കില്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുപണമാണ് സ്‌റ്റെന്റ് കമ്പനികളിലേക്കു പോകുന്നത്. 

സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌റ്റെന്റ് ചികിത്സയ്ക്കു പണം വരുന്നതു പ്രധാനമായും സാമൂഹിക ക്ഷേമ പദ്ധതികളില്‍നിന്നാണ്. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് കാരുണ്യയില്‍ സഹായം ലഭിക്കുക. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്കാണു പ്രധാന സഹായം. രക്താര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കു മൂന്നുലക്ഷം രൂപവരെയും ലഭിക്കും. ഓരോ രോഗിക്കും അനുവദിക്കുന്ന പണത്തില്‍നിന്നു സാധ്യമായ സ്‌റ്റെന്റുകള്‍ വാങ്ങുകയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചെയ്യുന്നത്. ഇതുവരെ കാരുണ്യ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പണം വിതരണം ചെയ്തതു കണ്ണൂര്‍ ജില്ലയിലാണ് 155.24 കോടി രൂപ. രണ്ടാം സ്ഥാനത്തു തിരുവനന്തപുരം 150.35 കോടി രൂപ. 
അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന സംശയം സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ച 29,600 രൂപയ്ക്കു വില്‍ക്കാന്‍ കഴിയുന്നവ ആണോ സ്‌റ്റെന്റുകള്‍ എന്നതാണ്. ഇതു കമ്പനികള്‍ക്കുള്ള വിലയല്ല. കമ്പനികള്‍ ലാഭമെടുത്ത ശേഷം വിതരണക്കാരനും അവരുടെ ലാഭത്തിനു ശേഷം ആശുപത്രിക്കും നല്‍കാനുള്ള വിലയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനു പുറമെ നികുതികള്‍ ചേര്‍ക്കാന്‍ മാത്രമേ ഫെബ്രുവരി 13-ലെ ഉത്തരവു മൂലം സാധിക്കുകയുള്ളു. 
സ്‌റ്റെന്റ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയ ചെയ്യാത്തതിനാല്‍ ആധികാരികമായി പറയാന്‍ കഴിയില്ല എന്ന മുഖവുരയോടെയാണ് ഡോക്ടര്‍ ടി.കെ. ജയകുമാര്‍ സംസാരിക്കാന്‍ തുടങ്ങിയത്. ''സ്‌റ്റെന്റുകള്‍ എല്ലാം ഈ വിലയ്ക്കു വില്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആധികാരികമായി പഠനം നടത്തേത് ആവശ്യമാണ്. മരുന്ന് ഉള്ള സ്‌റ്റെന്റുകള്‍ പോലും തരമല്ല. രോഗിയുടെ ശാരീരിക സ്ഥിതി അനുസരിച്ചു വിവിധ മരുന്നുകളാണ് സ്‌റ്റെന്റുകളില്‍ ഉപയോഗിക്കുന്നത്. ഇവയുടെ ഓരോന്നിന്റെയും നിര്‍മ്മാണത്തിനു പലതലത്തിലാണ് ചെലവ് വരിക. ഇതു കൂടാതെ സ്‌റ്റെന്റുകള്‍ക്കു വലിപ്പ വ്യത്യാസമുണ്ട്. ഓരോരുത്തരുടേയും ശരീരത്തിലെ ബ്‌ളോക്കിന്റെ വലിപ്പമനുസരിച്ചു വിവിധ നീളത്തില്‍ ഉള്ളവ ആവശ്യമായി വരും. ഇതിനും ചെലവിനു വ്യത്യാസം വരും. ഇതിനെല്ലാം ഉപരിയായി സ്‌റ്റെന്റുകളുടെ ഗുണമേന്മയിലെ വ്യത്യാസം പ്രധാനമാണ്. എല്ലാം കാറുകള്‍ എന്നു വിളിക്കാറുെങ്കിലും മാരുതിയുടേയോ ടാറ്റയുടേയും ബജറ്റ് വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ ലഭിക്കുന്ന സൗകര്യമല്ല അവയുടെ തന്നെ ഹൈ എന്‍ഡ് വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നത്. ആ വ്യത്യാസം വിവിധ സ്റ്റെന്റുകള്‍ക്കും ഉ്. ഇത് എല്ലാം പരിഗണിച്ചാണോ ഇപ്പോള്‍ ഈ വില നിശ്ചയിച്ചിരിക്കുന്നത് എന്നു പരിശോധിക്കപ്പെടേതുണ്ട്. ഏതായാലും ജനങ്ങള്‍ക്കു കുറഞ്ഞവിലയ്ക്കു ചികില്‍സ ലഭ്യമാകുന്നതിനെ സ്വാഗതം ചെയ്യുകതന്നെ വേണം. പക്ഷേ, ആരോഗ്യരംഗത്തു ഗുണമേന്മ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത കാര്യമാണെന്നു മറക്കുകയുമരുത്' -ഡോ. ജയകുമാര്‍ പറഞ്ഞു.

2.25 മില്ലിമീറ്റര്‍ മുതല്‍ 4.5 മില്ലിമീറ്റര്‍ വരെ വ്യാസമുള്ള തുള ഒരു ലോഹത്തില്‍ സൃഷ്ടിച്ച് എട്ടു മുതല്‍ 44 മില്ലിമീറ്റര്‍ വരെ നീളത്തില്‍ അതു മുറിച്ചെടുക്കാന്‍ കെല്‍പ്പുള്ള ലേസര്‍ കട്ടര്‍ സ്വന്തമായുള്ള ആര്‍ക്കും സ്‌റ്റെന്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗുജറാത്തിലെ വജ്രാഭരണ നിര്‍മ്മാതാക്കള്‍ തെളിയിച്ചു കഴിഞ്ഞു. ഇനി ശേഷിക്കുന്നതു ഗുണമേന്മയുടെ വിഷയമാണ്. അതിനു തീര്‍പ്പുണ്ടാക്കുന്ന ഒരന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടു പോലും നിലവില്‍ ലഭ്യമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ നിന്നു മാത്രം ആയിരക്കണക്കിനു കോടി രൂപയാണ് സ്‌റ്റെന്റ് കമ്പനികള്‍ കൊണ്ടുപോയത്. അതിന്റെ വിഹിതമാണ് ഒരുവിഭാഗം സ്വകാര്യ ആശുപത്രികള്‍ക്കും ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്കും ലഭിച്ചു എന്നു വില നിര്‍ണയ സമിതി ഉത്തരവില്‍ എഴുതിവച്ചത്. ആ പണം മാത്രമല്ല; കാരുണ്യ ഫണ്ട്് എന്ന പേരില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത പണത്തിന്റെ നല്ലൊരു അംശവും ഇങ്ങനെ കമ്പനികളിലേക്ക് എത്തി. പൊതുപണം പകല്‍വെട്ടത്തില്‍ത്തന്നെ എടുത്തുകൊണ്ടുപോയതായി എഴുതിവച്ചിട്ടും ഇതുവരെ ഒരന്വേഷണ ഉത്തരവു പോലും ഒരു സര്‍ക്കാരും പുറപ്പെടുവിച്ചിട്ടില്ല. 
കേരളത്തില്‍ സ്‌റ്റെന്റിലെ കൊള്ളയ്‌ക്കെതിരായ വികാരം പുറംലോകത്ത് എത്തിയത് കെ.എം ഗോപാലകൃഷ്ണന്‍ എന്ന ആരോഗ്യ പ്രവര്‍ത്തകന്‍ നടത്തിയ നിയമനടപടികളിലൂടെയാണ്. 80,000 രൂപയ്ക്ക് ആശുപത്രി വാങ്ങിയ സ്‌റ്റെന്റ് 2.85 ലക്ഷം രൂപയ്ക്കു ഘടിപ്പിച്ചതിന് എതിരെ നല്‍കിയ കേസ് ആണ് മേഖലയിലെ കൊള്ള പുറത്തുകൊുവന്നത്. ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ 1.7 ലക്ഷം രൂപയായി ബില്‍ വെട്ടിക്കുറച്ചു. അതിന് എതിരെ ഗോപാലകൃഷ്ണന്‍ പിന്നെയും നിയമ നടപടികള്‍ തുടര്‍ന്നു. ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പോരാട്ടം തുടരുകയാണ് ഗോപാലകൃഷ്ണന്‍.
''എനിക്ക് ബ്‌ളോക്ക് ഉായിരുന്നോ എന്ന് ആര്‍ക്കറിയാം; മൂന്നര ലക്ഷം ആശുപത്രിക്കാര്‍ കൊണ്ടുപോയി' എന്നു ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തി ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന സംശയാലുക്കള്‍ മാത്രമല്ല ഇന്ത്യയില്‍ ഉള്ളത്. മകളുടെ വിവാഹം നടത്താന്‍ കരുതിവച്ചിരുന്ന പണം കൊണ്ടാണ് തന്റെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചത് എന്നറിഞ്ഞ് ആതമഹത്യക്കു ശ്രമിച്ച പാലക്കാട് ഒലവക്കോട്ടെ മീനാക്ഷിയും ജീവിക്കുന്നത് ഇതേ രാജ്യത്തുതന്നെയാണ്; ഹൃദയത്തിനും മനസ്‌സിനും ഒരേസമയം മുറിവേറ്റ്. 


സ്‌റ്റെന്റ് വില രാജ്യങ്ങളില്‍

(ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലും മരുന്ന് ഉള്ള ഡ്രഗ് എല്യൂട്ടിങ് സ്‌റ്റെന്റുകള്‍ക്ക് ഈടാക്കുന്ന ശരാശരി വില. ഫെബ്രുവരി 13-ലെ വിലനിര്‍ണയത്തിനു മുന്‍പുള്ള കണക്ക്. വില ഇന്ത്യന്‍ രൂപയില്‍).

അമേരിക്ക        ബ്രിട്ടന്‍            ഇന്ത്യ
50,000-2ലക്ഷം        1.2ലക്ഷം-1.4ലക്ഷം    55,000-1.2 ലക്ഷം

(അമേരിക്കയിലും ബ്രിട്ടനിലും അളോഹരി വരുമാനത്തിന്റെ ശരാശരി അഞ്ചു ശതമാനം മാത്രമാണ് ഈ തുക വരുന്നത്. ഇന്ത്യയില്‍ അത് 27 മുതല്‍ 130 ശതമാനം വരെയാണ്).

ഹൃദയ വിപണിയിലെ 
രാജാക്കന്മാര്‍

(ഇന്ത്യയില്‍ സ്‌റ്റെന്റ് വില്‍ക്കുന്ന വിദേശ, സ്വദേശ കമ്പനികളും അവയുടെ വിപണി വിഹിതവും)

വിദേശ കമ്പനികള്‍
അബോട്ട് വാസ്‌കുലര്‍        29%
മെഡ്‌ട്രോണിക്‌സ്        21.3%
ബോസ്റ്റണ്‍ സൊസൈറ്റി    9.2%
ആകെ            59.5%

ഇന്ത്യന്‍ കമ്പനികള്‍
മെറില്‍ലൈഫ് സയന്‍സസ്    13.6%
വാസ്‌കുലര്‍ കണ്‍സപ്റ്റ്‌സ്    8%
സഹജാനന്ദ്            6.1%
എ.ടി.എല്‍ തെറാപെറ്റിക്‌സ്    4.3%
ബ്‌ളോസെന്‍സര്‍        1.5%
ലാന്‍സര്‍            1.1%
മറ്റുള്ളവ            5.9%
ആകെ            40.5%


ഹൃദയത്തിന്റെ ഇരുധ്രുവങ്ങള്‍

(സ്‌റ്റെന്റ് വില നിജപ്പെടുത്തി ദേശീയ ഔഷധ വില നിര്‍ണയ സമിതി ഫെബ്രുവരി 13-ന് ഉത്തരവിറക്കിയതോടെ ഉയര്‍ന്നുവരുന്ന വാദങ്ങളും മറുവാദങ്ങളും).

പുതിയ വില
ബെയര്‍ മെറ്റല്‍ സ്‌റ്റെന്റ്        7,260 രൂപ
ഡ്രഗ് എല്യൂട്ടിങ് സ്‌റ്റെന്റ്        29,600 രൂപ
ബയോ ഡീഗ്രേഡബിള്‍ സ്‌റ്റെന്റ്    29,600 രൂപ

ഗുണവശങ്ങള്‍

* 23,500 രൂപ മുതല്‍ ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്‌റ്റെന്റുകള്‍ ഇനി 7,200 രൂപയ്ക്ക്.

* 55,000 രൂപ മുതല്‍ 1.9 ലക്ഷം രൂപ വരെ ഉായിരുന്ന ഡ്രഗ് എല്യൂസീവ് സ്‌റ്റെന്റുകളും ബയോ ഡീഗ്രേഡബിള്‍ സ്‌റ്റെന്റുകളും ഇനി 29,600 രൂപയ്ക്ക്.

* അറുതിയാകുന്നതു നിര്‍മ്മാതാക്കളും വിതരണക്കാരും ആശുപത്രികളും 100 ശതമാനം വീതം ലാഭമെടുത്തിരുന്ന സ്ഥിതിവിശേഷത്തിന്.

*നിര്‍മ്മാതാക്കളില്‍ നിന്നോ ഇറക്കുമതിക്കാരനില്‍ നിന്നോ വാങ്ങി രോഗിക്ക് ഇനി കുറഞ്ഞവിലയ്ക്കു തന്നെ നല്‍കേണ്ടിവരും.

* രാജ്യത്തെ ആരോഗ്യ സുരക്ഷാ പദ്ധതികളിലെ വലിയൊരു പങ്ക് പണം ചോരുന്നതു തടയാന്‍ സാധ്യത.

* ദരിദ്രരോഗികള്‍ക്ക് ആശ്വാസകരം, കുറഞ്ഞചെലവില്‍ സാര്‍വ്വത്രിക ചികിത്സ.

* വിദേശ കമ്പനികള്‍ക്കു മേല്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു വളരാന്‍ അവസരം.

* വില കുറയുന്നതോടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു ലാഭകരമാക്കാന്‍ കമ്പനികള്‍ ശ്രമിക്കും എന്ന സാധ്യത.

ആശങ്കകള്‍

* ഗുണമേന്മ ഉള്ള സ്‌റ്റെന്റുകള്‍ അപ്രത്യക്ഷമാകുമോ എന്ന ഭയം.

* ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്‌റ്റെന്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകള്‍.

* ശരീരഘടനയ്ക്ക് അനുസരിച്ചു വിവിധ മരുന്നുകള്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റുകള്‍ ഇല്ലാതാകാനുള്ള സാധ്യത.

* വിദേശ കമ്പനികള്‍ പിന്മാറുന്നതോടെ സ്‌റ്റെന്റുകളിലെ പുതിയ രാജ്യാന്തര ചലനങ്ങള്‍ കൊണ്ടുവരുന്നതില്‍ ഉണ്ടാകാന്‍ ഇടയുള്ള കാലതാമസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com