വിശുദ്ധരുടെ നാട്ടിലെകൂട്ടക്കുരുതി 

മുസ്‌ലിങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ് പാകിസ്താന്‍. ആ രാഷ്ട്രത്തിന്റെ ആവിര്‍ഭാവയുക്തി വച്ചു നോക്കിയാല്‍ അവിടെ മുസ്‌ലിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കണം.
പാകിസ്താന്‍
പാകിസ്താന്‍

ചരിത്രത്തിലെ ഏറ്റവും വലിയ പാഴ്‌വാക്കാണ് പാകിസ്താന്‍. 'വിശുദ്ധരുടെ നാട്' എന്നാണ് ആ വാക്കിനര്‍ത്ഥം. എഴുപതു വയസ്‌സ് പൂര്‍ത്തിയാക്കുന്ന ആ രാഷ്ട്രം അതിന്റെ ചരിത്രത്തില്‍ വിശുദ്ധി എന്ന പദത്തോട് എന്നെങ്കിലും നീതി പുലര്‍ത്തിയിട്ടുണ്ടോ? ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ മുസ്‌ലിങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല എന്ന വാദം ഉയര്‍ത്തി നിലവില്‍ വന്ന രാഷ്ട്രമാണത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍ മുസ്‌ലിങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട രാഷ്ട്രമാണ് പാകിസ്താന്‍.
ആ രാഷ്ട്രത്തിന്റെ ആവിര്‍ഭാവയുക്തി വച്ചു നോക്കിയാല്‍ അവിടെ മുസ്‌ലിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കണം; പരമ സന്തുഷ്ടരായിരിക്കണം. സര്‍വ്വ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലോഭമെന്യേ അനുഭവിക്കുന്ന സമ്പൂര്‍ണ്ണ സംതൃപ്ത ജനതയായിരിക്കണം അന്നാട്ടിലെ മുസ്‌ലിങ്ങള്‍. പക്ഷേ, അത്തരം ഒരവസ്ഥാവിശേഷം ആ രാജ്യത്ത് എന്നെങ്കിലുമുണ്ടായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. നേരെ മറിച്ചു ചരിത്രരേഖകള്‍ പറയുന്നതു മുസ്‌ലിങ്ങള്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ദിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടു പോരുന്ന രാജ്യമാണ് പാകിസ്താന്‍ എന്നാണ്.
മുസ്‌ലിം പീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ആ രാജ്യത്തു നിന്നു പുറപ്പെട്ടത് ഫെബ്രുവരി 16-നാണ്. ആ ദിവസം സിന്ധ് പ്രവിശ്യയിലെ സെഹ്‌വാനില്‍ സ്ഥിതി ചെയ്യുന്ന, സൂഫി മുസ്‌ലിങ്ങളുടെ ആരാധനാകേന്ദ്രമായ ലാല്‍ ഷഹബാസ് ഖലന്ധര്‍ ദര്‍ഗയില്‍ മുസ്‌ലിം തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറിലേറെയാണ്. മൂന്നുമാസം മുന്‍പ് 2016 നവംബറില്‍ സമാന രീതിയിലുള്ള കൂട്ടക്കുരുതി ബലൂചിസ്ഥാനിലെ ഹസ്രത്ത് ഷാ നൂറാനി ദര്‍ഗയില്‍ നടന്നിരുന്നു. അതില്‍ 53 പേര്‍ മരണമടയുകയും 102 പേര്‍ പരിക്കേറ്റ് അവശനിലയിലാവുകയും ചെയ്തു. 2014-ല്‍ പെഷവാറിലെ സൈനിക വിദ്യാലയത്തില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കശാപ്പില്‍ നിരവധി വിദ്യാര്‍ത്ഥികളടക്കം 142 പേരുടെ ജീവനാണ് പൊലിഞ്ഞത്. ലാഹോറിലെ ദാത്ത ഗഞ്ച് ബക്ഷ് ദര്‍ഗ്ഗയില്‍ 2010-ല്‍ അരങ്ങേറിയ ഭീകരാക്രമണത്തിലും ഒട്ടേറെ പേര്‍ക്കു ജീവഹാനി സംഭവിക്കുകയുണ്ടായി.
ഇടവേളകളില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ മാത്രമല്ല, 'വിശുദ്ധരുടെ നാട്ടി'ലെ മുസ്‌ലിങ്ങള്‍ അതേ സമുദായത്തില്‍പ്പെട്ട തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത്. സുന്നി മുസ്‌ലിം ഫണ്ടമെന്റലിസത്തിന്റെ വ്യത്യസ്ത പ്രതിനിധാനങ്ങള്‍ സുന്നിയിതര മുസ്‌ലിം ന്യൂനപക്ഷങ്ങളെ നിര്‍ദ്ദയം വേട്ടയാടിയ ചരിത്രം പാകിസ്താനില്‍ ധാരാളം വേറെ കിടക്കുന്നുണ്ട്. സ്വാതന്ത്ര്യം നേടി ഏഴാം വര്‍ഷമാണ് മുഖ്യധാര സുന്നി ഇസ്‌ലാമിന്റെ ഭാഗമല്ലാത്ത അഹമ്മദിയ്യ മുസ്‌ലിങ്ങള്‍ക്കെതിരെ ആ നാട്ടില്‍ കലാപം നടന്നത്. പാകിസ്താന്റെ സ്ഥാപക പിതാവായി അറിയപ്പെടുന്ന മുഹമ്മദലി ജിന്ന ഉള്‍പ്പെടുന്ന ശിയ മുസ്‌ലിം വിഭാഗത്തിനു നേരെയും നിരവധി തവണ ആ രാജ്യത്ത് ആക്രമണങ്ങളുണ്ടായി. അഹമ്മദിയ്യകള്‍ക്കും ശിയാക്കള്‍ക്കും പുറമേ സൂഫികള്‍, ഹസാരകള്‍, മുഹാജിര്‍ മുസ്‌ലിങ്ങള്‍, ലിബറല്‍ മുസ്‌ലിങ്ങള്‍ എന്നിവരും പാകിസ്താനില്‍ പല സന്ദര്‍ഭങ്ങളില്‍ വേട്ടയാടപ്പെട്ടിട്ടുണ്ട്.
മുസ്‌ലിങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവരുടെ സുസ്ഥിതി ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപവല്‍ക്കരിക്കപ്പെട്ട രാഷ്ട്രത്തില്‍ മുസ്‌ലിങ്ങളാല്‍ മുസ്‌ലിങ്ങള്‍ ആക്രമിക്കപ്പെടുകയും കൂട്ടക്കശാപ്പിനിരയാക്കപ്പെടുകയും ചെയ്യുന്ന ദൗര്‍ബ്ബല്യകരമായ വൈരുദ്ധ്യം എങ്ങനെ വന്നുപെട്ടു? ദ്വിരാഷ്ട്രവാദം ഉയര്‍ത്തി മതേതര ഇന്ത്യയോടു കണക്കു പറഞ്ഞു പാകിസ്താന്‍ നേടിയെടുത്ത മുസ്‌ലിം ലീഗോ അതിന്റെ അനിഷേധ്യ നേതാവായിരുന്ന ജിന്നയോ മുസ്‌ലിം സമുദായം ഒരു ഏകകമല്ല എന്ന വലിയ യാഥാര്‍ത്ഥ്യം കാണാതിരിക്കുകയോ കണക്കിലെടുക്കാതിരിക്കുകയോ ചെയ്തു എന്നതാണ് കാര്യം. മതം ഒരു ഏകീകരണ ശക്തിയല്ലെന്നും മറ്റു സമുദായങ്ങളിലേതുപോലെ മുസ്‌ലിം സമുദായത്തിലും വിവിധ വിഭാഗങ്ങളുണ്ടെന്നും അവ തമ്മില്‍ വര്‍ഗ്ഗപരവും വംശീയവും സാംസ്‌കാരികവും മതവിശ്വാസപരവുമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുമുള്ള വസ്തുത അവര്‍ അവഗണിച്ചു.
ജിന്നയ്ക്കും മറ്റും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും തെറ്റുപറ്റി എന്നതു മാത്രമല്ല, പാകിസ്താനില്‍ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചുപോരുന്ന ഹിംസാത്മക നിലപാടുകള്‍ക്കു കാരണം. മുഖ്യധാരാ സുന്നി ഇസ്‌ലാമിന്റെ പ്രതിനിധികള്‍ തങ്ങള്‍ മുറുകെ പിടിക്കുന്ന ഇസ്‌ലാമിനെക്കുറിച്ചു ശാഠ്യ ബുദ്ധിയോടെ വച്ചുപുലര്‍ത്തുന്ന ശരിയല്ലാത്ത ധാരണകളും അതിനു കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഇറാഖിലും സിറിയയിലും സംഹാരതാണ്ഡവം നടത്തിയ ഇസ്‌ലാമിക്ക് സ്‌റ്റെയിറ്റ് (ഐ.എസ്) തൊട്ട് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന സുന്നി മുസ്‌ലിം സംഘടനകള്‍ വരെയുള്ള തങ്ങളുടെ കൈവശമുള്ള ഇസ്‌ലാം മാത്രമാണ് 'ശരിയും പവിത്രവുമായ ഇസ്‌ലാം' എന്ന പിഴച്ച വിശ്വാസത്തിന്റെ മൂഢവാഹകരാണ്. സുന്നി ഇസ്‌ലാമിനു പുറത്തുള്ള എല്ലാ ഇസ്‌ലാമിക ചിന്താധാരകളും അപരമത ചിന്തകളാല്‍ സ്വാധീനിക്കപ്പെടുകയും അതുവഴി മലിനമാക്കപ്പെടുകയും ചെയ്തതാണെന്ന് അവര്‍ കണ്ണടച്ചു വിശ്വസിക്കുന്നു.
ആ വിശ്വാസം അവിടെ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നുവെങ്കില്‍ ഒരുപക്ഷേ, വലിയ കുഴപ്പങ്ങള്‍ ഒഴിവായിക്കിട്ടുമായിരുന്നു. അതു പക്ഷേ, ഉണ്ടാകുന്നില്ല. ഇസ്‌ലാമിനെ 'മലിനപ്പെടുത്തിയവര്‍' ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നും അവര്‍ തുടച്ചുനീക്കപ്പെടേണ്ടവരാണെന്നും 'പവിത്ര ഇസ്‌ലാമി'ന്റെ കാവല്‍ ഭടന്മാരായി വേഷമിടുന്ന സുന്നി മതമൗലിക, തീവ്രവാദ സംഘങ്ങള്‍ കരുതണം. സൂഫി ദര്‍ഗകളും സൂഫികളുടെ മറ്റു ആരാധനാലയങ്ങളും അടിക്കടി ആക്രമിക്കപ്പെടുന്നതിന്റെ പിന്നിലുള്ളതു സ്വമത ഗര്‍വ്വിലധിഷ്ഠിതമായ ഈ പവിത്രതാബോധമാണ്.
പാകിസ്താനിലെ സുന്നി തീവ്രവാദ സംഘടനകളായ ലശ്കറെ ജാംഗ്‌വി, ലശ്കറെ ത്വയ്യിബ, ജമാഅത്തുല്‍ അഹ്‌റാര്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സൂഫിസത്തിന്റെ ദാര്‍ശനിക വിശാലതയും ചിന്താരംഗത്ത് സൂഫി പുണ്യവാളന്മാര്‍ പ്രദര്‍ശിപ്പിച്ചുപോന്ന ബഹുസ്വരതയും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരത്രേ. ഇസ്‌ലാമിനെ പല മതങ്ങളിലെയും ദാര്‍ശനികധാരകള്‍ കൊണ്ടു സമ്പന്നരാക്കിയവരാണ് പൊതുവില്‍ സൂഫികള്‍. പതിമ്മൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ച ജലാലുദ്ദീന്‍ റൂമിയെപ്പോലുള്ള സൂഫി ചിന്തകര്‍ നെഞ്ചോടണച്ച മാനവികതയുടെ മതം പവിത്ര ഇസ്‌ലാംവാദികള്‍ക്ക് ഒരുകാലത്തും ദഹിക്കാത്തതാണ്. താങ്കളുടെ മതം ഏതെന്ന ചോദ്യത്തിനു റൂമി നല്‍കിയ മറുപടി ഇപ്രകാരം: ''ഞാന്‍ സ്‌നേഹത്തെ സ്‌നേഹിക്കുന്നു.' സ്‌നേഹമാണ് തന്റെ മതം എന്നാണ് ആ സൂഫി പുണ്യവാളന്‍ അര്‍ത്ഥമാക്കിയത്.
വിശുദ്ധരുടെ നാടുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ഇസ്‌ലാമിന്റെ വക്താക്കളുടെ മതത്തില്‍ സ്‌നേഹമോ സഹിഷ്ണുതയോ ബഹുസ്വരതയോ ഇല്ല. 'പവിത്ര ഇസ്‌ലാമി'നു വെളിയിലുള്ള സൂഫി, ശിയ, അഹമ്മദിയ്യ, ലിബറല്‍ തുടങ്ങിയ എല്ലാ ഇസ്‌ലാമിക ധാരകളോടും ഒടുങ്ങാത്ത പകയും വെറുപ്പും വിദ്വേഷവും വച്ചു പുലര്‍ത്തുകയെന്നതു തങ്ങളുടെ മതപരമായ കടമയും കര്‍ത്തവ്യവുമായി അവര്‍ പരിഗണിക്കുന്നു. പാകിസ്താനിലെ അംജദ് സാബ്രി എന്ന സൂഫി ഗായകന്‍ സ്‌നേഹമന്ത്രങ്ങളടങ്ങിയ ഈരടികള്‍ ആലപിച്ചുപോന്ന പാട്ടുകാരനാണ്. കഴിഞ്ഞ ജൂണില്‍ കറാച്ചിയില്‍ വച്ചു പവിത്ര ഇസ്‌ലാമിന്റെ യോദ്ധാക്കള്‍ പാവം സാബ്രിക്ക് സമ്മാനിച്ചതു വെടിയുണ്ടകളായിരുന്നു.
സൂഫി ദര്‍ഗകളും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു വിധേയമാക്കുകയും ഇസ്‌ലാമിന്റെ ആത്മാവിലേയ്ക്കു സ്‌നേഹവും സമാധാനവും സാഹോദര്യബോധവും പ്രസരിപ്പിക്കുന്ന സുന്നിയിതര ന്യൂനപക്ഷ ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരെ കൊന്നുതള്ളുകയും ചെയ്യുന്ന ഭീകരവാദശക്തികളുടെ വിളയാട്ടം പാകിസ്താനില്‍ തുടരാനാണ് സാധ്യത. കാരണം, അന്നാട്ടിലെ ഭരണകൂടത്തിനും സൈനിക മേധാവികള്‍ക്കും തങ്ങളുടെ രാഷ്ട്രീയമടക്കമുള്ള താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനു തീവ്രവാദ-ഭീകരവാദ സംഘങ്ങളുടെ സാന്നിധ്യം അനുപേക്ഷണീയമാണ്. ഇന്ത്യയില്‍ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ നിലപാടെടുക്കുന്ന ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ലിബറല്‍ ചിന്താഗതിക്കാരോട് ആ പാകിസ്താനിലേയ്ക്കു പോകാനത്രേ ഹിന്ദുത്വവാദികളായ ചില സാധ്വിമാരും സന്ന്യാസിമാരും ആവശ്യപ്പെടുന്നത്. അവരുടെ ആവശ്യം നിറവേറിയാല്‍ പാകിസ്താന്‍ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രമായി മാറുമെന്നു നമ്മുടെ ചില എഴുത്തുകാര്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍നിന്നു വിശുദ്ധരുടെ നാട്ടിലേക്കു വിമാനം കയറുന്ന നമ്മുടെ കലാകാരന്മാരും ബുദ്ധിജീവികളും അവിടെ ലാന്‍ഡ് ചെയ്യേണ്ട താമസം, അംജദ് സാബ്രി എന്ന സൂഫി ഗായകന്റെ വിധിയായിരിക്കും അവരെ തേടിയെത്തുക എന്ന ഭീതിദ വസ്തുത രണ്ടു കൂട്ടരുടെയും മനസ്‌സിലേയ്ക്കു കടന്നുവരുന്നതേയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com