ആധാരമില്ലാത്തവരുടെ പുഴ ജീവിതം 

കരയില്‍ ജീവിക്കാന്‍ അവകാശമില്ലാത്തവര്‍ കഴിയുന്ന കംബോഡിയയിലെ കണ്ണീര്‍ തടാകങ്ങളിലൂടെയുള്ള യാത്ര
ആധാരമില്ലാത്തവരുടെ പുഴ ജീവിതം 

കരയില്‍ ജീവിക്കാന്‍ അവകാശമില്ലാത്തവര്‍ കഴിയുന്ന കംബോഡിയയിലെ കണ്ണീര്‍ തടാകങ്ങളിലൂടെയുള്ള യാത്ര

കംബോഡിയായുടെ നെഞ്ചിന് കുറുകെ തൂങ്ങിക്കിടക്കുന്ന വയലിനാണ് തോണ്‍ ലെസാപ്. ഇങ്ങനെ പറഞ്ഞത് ഈ തടാകത്തിലൂടെ യാത്ര ചെയ്‌തെത്തി ആംഗോര്‍ വാട്ട് എന്ന വിസ്മയത്തിലേക്കു ലോകത്തെ ക്ഷണിച്ച ഹെന്‍ട്രി മോഹോട്ട് (Henri Mouhot) എന്ന ഫ്രെഞ്ച് ദേശപര്യവേഷകനാണ്. 

കംബോഡിയായിലെ രണ്ടു പ്രധാന നഗരങ്ങളായ, മരണമൈതാനങ്ങളുടെ നഗരമായ നോം പെന്നിനും ആംഗോര്‍ ക്ഷേത്രങ്ങളുടെ നഗരമായ സിയാം റീപ്പിനും ഇടയില്‍ അതങ്ങനെ നീണ്ടും നിറഞ്ഞും കിടക്കുകയാണ്. ഈ വയലിനില്‍നിന്നും ഇന്നും ഒഴുകിയെത്തുന്നത് കണ്ണീരിന്റെ കനമുള്ള രാഗങ്ങളാണ്. കംബോഡിയാക്കാരന്റെ കണ്ണീര്‍ത്തടാകമാണ് തോണ്‍ ലെസാപ്. (ഖമറില്‍നിന്ന് മൊഴിമാറ്റിയാല്‍ വലിയ തടാകം) വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയോ തടിത്തൂണുകളില്‍ വെള്ളത്തില്‍നിന്നും പൊന്തിനില്‍ക്കുകയോ ചെയ്യുന്ന ജലഗ്രാമങ്ങളാണ് തടാകത്തിലേക്കു സഞ്ചാരികളെ പ്രലോഭിപ്പിക്കുന്നത്. പ്രധാനമായും നാല് ഗ്രാമങ്ങള്‍. ചോങ്ങ്ക്‌നീസ്, കാംപോങ്ങ് ഫ്‌ളക്, കാംപോങ്ങ് ലുവാങ്ങ്, കാംപോങ്ങ് ഖ്‌ളീങ്ങ്. സിയാം റീപ്പിനടുത്തു കിടക്കുന്ന ഗ്രാമങ്ങളാണ് ചോങ്ങ്ക്‌നീസും ഫ്‌ളക്കും. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളുടെ തിരക്കും ടൂറിസ്റ്റ് കമ്പനികളുടെ തട്ടിപ്പും ഇവിടെ കൂടും. ഗ്രാമീണര്‍ക്ക് ഈ തിരക്കുകൊണ്ട് ഒരു ഗുണവുമില്ല. ലുവാങ്ങാവട്ടെ, വളരെ ദൂരെയാണ്. നാലര മണിക്കൂറോളം ദൂരെ. തലസ്ഥാനമായ നോംപെന്നില്‍നിന്ന് എത്താനാണ് എളുപ്പം. ഖ്‌ളീങ്ങിലേക്ക് ഒന്നര മണിക്കൂര്‍ യാത്ര. ടംടാക് ഗ്രാമം വിട്ടാല്‍ കംബോഡിയയുടെ ദാരിദ്ര്യം മരക്കാലുകളില്‍ ഉയര്‍ന്നുവരും. തുള വീണ ഓലച്ചുമരുകളും പരിക്കുപറ്റിയ മേല്‍ക്കൂരകളുമായി അവയങ്ങനെ നിരന്നുനില്‍ക്കുന്നുണ്ട്. മരത്തൂണുകളില്‍ വലിച്ചു കെട്ടിയ ഹമ്മോക്കുകളില്‍ അലസ ഗ്രാമീണജീവിതം മയങ്ങുന്നുണ്ട്. ചില വീടുകളില്‍ തറനിരപ്പിലെ സിമന്റ് ബെഞ്ചുകളിലിരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നു. സിമന്റ് മേശയിലെ അല്‍പ്പമായ വിഭവങ്ങള്‍ക്കു താഴെ വളര്‍ത്തു പട്ടിയും കോഴികളും കാത്തുനില്‍ക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വലിയ ബോര്‍ഡുകള്‍ അര്‍ഹതയില്ലാത്ത അഹങ്കാരത്തോടെ തലപൊക്കുന്നു. കുണ്ടും കുഴിയും കല്ലും നിറഞ്ഞ മണ്‍ വഴികളിലൂടെ പിശുക്കില്ലാതെ പൊടിപരത്തി ഞങ്ങളുടെ ബെന്‍സ് വാന്‍ കടന്നുപോകുന്നു.
കാംപുങ്ങ് ഖ്‌ളീങ്ങില്‍ ചെന്നിറങ്ങിയത് ബുദ്ധക്ഷേത്രത്തിന്റെ മുറ്റത്തേക്കാണ്. എല്ലായിടത്തേയും പോലെ, പകിട്ടില്ലാത്ത ജീവിതങ്ങള്‍ക്കിടയിലേക്കു സ്വര്‍ണ്ണവര്‍ണ്ണത്തിന്റെ ഗര്‍വ്വോടെ തള്ളിനില്‍ക്കുന്ന പഗോഡാ നിര്‍മ്മിതി. ബുദ്ധമതവിശ്വാസിയായ ഡ്രൈവര്‍ ഫല്ല ആദ്യം ചൂണ്ടിക്കാട്ടിയതും അതായിരുന്നു. അപ്പോഴേക്കും രണ്ടു കുട്ടികള്‍ ഞങ്ങളുടെ ശ്രദ്ധ പിടിച്ചെടുത്തു. ഓലകൊണ്ടും തുണികൊണ്ടുമുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ വില്‍ക്കാനാണ് ശ്രമം. സിയാം റീപ്പില്‍ ഉണ്ടായ അഞ്ചു ദിവസവും ഒരാളുപോലും ഭിക്ഷതേടിയെത്തിയില്ല. എന്തെങ്കിലും ഏല്‍പ്പിച്ച് പണം വാങ്ങാന്‍ മാത്രം ശ്രമിച്ചു. അവരുടെ കഷ്ടപ്പാടുകള്‍ പറഞ്ഞ് അപൂര്‍വ്വം ചിലര്‍ പ്രലോഭിപ്പിച്ചു. സ്‌കൂളില്‍ പോകാന്‍ കാശില്ലെന്നു കള്ളം പറഞ്ഞു. സര്‍ക്കാരൊന്നും സഹായിക്കില്ലെന്നു സത്യം പറഞ്ഞു. ഒരു ഡോളര്‍ കൊടുത്ത് രണ്ട് ഓലക്കിളികളെ വാങ്ങി. അവര്‍ സന്തോഷത്തോടെ മടങ്ങിപ്പോയി. 

അവരുടെ സന്തോഷത്തിന്റെ പിന്നാമ്പുറത്തുനിന്നു തടാകത്തില്‍നിന്നും ഉയര്‍ന്നുപോകുന്ന നീണ്ട മരക്കാലുകളില്‍ തങ്ങുന്ന മരവീടുകള്‍ നിരന്നു നിന്നു. ഇരുകരയിലും ഇരുവശത്തേക്കും നിരനിരയായങ്ങനെ. വല്ലാത്തൊരു കാഴ്ചയാണത്. നൂറുകണക്കിനു പൊയ്ക്കാല്‍ വീടുകള്‍. മാംസമൂര്‍ന്നുപോയ പട്ടിണിക്കോലങ്ങളെപ്പോലെ. ദാരിദ്ര്യത്തിന്റെ ഈ 'കാല്‍പ്പനിക സൗന്ദര്യം' ആസ്വദിക്കാനാണ് സിയാം റീപ്പില്‍നിന്ന് അമ്പത്തഞ്ചു കിലോമീറ്ററോളം യാത്രചെയ്തു ഞങ്ങളെത്തിയിട്ടുള്ളത്!

ക്ഷേത്രപരിസരത്തുനിന്നു പടികളിറങ്ങി വേണം ബോട്ട് ജെട്ടിയിലെത്താന്‍. കടവില്‍ വെള്ളം നന്നേ കുറവാണ്. ഒരു ചെറുപുഴയുടെ ഗമയേയുള്ളു, ഗ്രാമത്തിന്റെ തന്നെ പേരുള്ള ഖ്ള്ളീങ്ങ് നദിക്ക്. നദിക്കപ്പുറം ചെറിയൊരു തുരുത്തുണ്ട്. അതുകൊണ്ട് ഇവിടത്തെ പൊയ്ക്കാല്‍ ഗൃഹങ്ങള്‍ക്കു മുന്‍ഭാഗം ജലവും പിന്‍ഭാഗം മണ്ണുമാണ്. മൂവായിരത്തോളം പേര്‍ താമസിക്കുന്ന ചോങ്ങ്ക്‌നീസില്‍ ഗ്രാമത്തിലാകട്ടെ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീടുകളേയുള്ളൂ.

അമ്മയും മിനിയും തടാകയാത്രയില്‍നിന്നും മാറിനിന്നു. അമ്മയ്ക്ക് ബോട്ടില്‍ കയറാനും പടികളില്‍ ഇരിക്കാനും ബുദ്ധിമുട്ടാവും. ഇരുപത് ഡോളറാണ് ഒരാള്‍ക്ക് ബോട്ട് യാത്രയ്ക്കുള്ള ചെലവ്. ഇരിപ്പിടങ്ങള്‍ പോലുള്ള ആര്‍ഭാടങ്ങളൊന്നുമില്ല ഇവിടുത്തെ ബോട്ടുകള്‍ക്ക്. എന്‍ജിന്‍ ഘടിപ്പിച്ച ചെറുവള്ളമാണ് ബാട്ടെന്ന പേരിലുള്ളത്. ചോങ്ങ്ക്‌നീസ്, കാംപോങ്ങ് ഫ്‌ളക് തുടങ്ങിയ ജലഗ്രാമങ്ങളെല്ലാം ടൂറിസം കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നു. ഗ്രാമീണരുടെ ജീവിതവും വേദനയും വിറ്റ് അവര്‍ ധനികരായി. കംബോഡിയന്‍ കോരന്മാര്‍ കുമ്പിളിലെ കഞ്ഞിയും തടാകത്തിലെ മീനുമായി കഴിയുന്നു. ചിലപ്പോഴൊക്കെ ടൂറിസ്റ്റുകളെ പ്രലോഭിപ്പിച്ച് ഒരു കെട്ട് പെന്‍സിലും ഒരു കൂട് മിഠായിയും സ്‌കൂള്‍ കുട്ടികള്‍ക്കു കൊടുത്താലായി. ചോങ്ങ്ക്‌നീസ് നിവാസികളെ അടിസ്ഥാന സൗകര്യങ്ങളൊക്കെയുള്ള കരഭൂമിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പദ്ധതി നല്‍കിയിരുന്നു. ആ ശ്രമത്തെ മുളയിലെ നുള്ളിക്കളഞ്ഞത് ഈ ടൂറിസം ഭീമന്മാരും സര്‍ക്കാരും ചേര്‍ന്നാണ്. ജലത്തിലങ്ങനെ പൊങ്ങിക്കിടന്നു നരകിക്കാന്‍ അവരില്ലെങ്കില്‍ പിന്നെ ഇവിടെയെന്ത് കാഴ്ച? എന്ത് ടൂറിസം?

ജലകോളനിയില്‍ മുങ്ങിനിവര്‍ന്ന്

ഞങ്ങള്‍ വഞ്ചിയിലേക്കു കയറുമ്പോള്‍ മഴ ചാറിത്തുടങ്ങി. വഞ്ചിയുടെ തകരമേല്‍ക്കൂരയില്‍ അതു മേളവും തുടങ്ങി. മഴയേക്കാള്‍ ബഹളമുണ്ടാക്കിയത് ടോ എന്നു പേരുള്ള ഞങ്ങടെ വഞ്ചിക്കാരനാണ്. അവന്റെ പേരിനു ചേര്‍ന്ന ശബ്ദഘോഷം. അവന്‍ ആകാശത്തേക്ക് എന്തോ വിളിച്ചുപറയുന്നു. ബോട്ട് ജെട്ടിയിലേക്കു വിളിച്ചുപറയുന്നു. മരവീടുകളിലെ ബാല്‍ക്കണികളില്‍നിന്നു മറുകൂക്കുകള്‍ വരുന്നു. ഞാന്‍ കപ്പിത്താന്‍ പയ്യനോട് കാര്യം തിരക്കി.

നമ്പര്‍ വണ്‍ റെയ്ന്‍

അവനു സാധ്യമായ ഇംഗ്‌ളീഷില്‍ മറുപടി. ഇക്കൊല്ലത്തെ ആദ്യവര്‍ഷമാണ് എന്നാണ് ഉദ്ദേശിച്ചത്. മണ്‍സൂണിന്റെ വിളംബരം. പുറത്തുയരുന്ന ബഹളങ്ങളില്‍ പുതുമഴയുടെ സന്തോഷമുണ്ട്. മഴക്കാല കെടുതികളുടെ സന്ദേഹമുണ്ട്. (അന്ന് വൈകീട്ട് ആങ്കോര്‍ വാട്ടില്‍ ചെന്ന് വന്‍ക്ഷേത്രത്തെ ഇക്കൊല്ലത്തെ ആദ്യമഴയില്‍ നനയ്ക്കാനുള്ള നിയോഗവും ഞങ്ങള്‍ക്കുണ്ടായിരുന്നു.)

മഴ പെയ്തു തടാകവും മേക്കോങ്ങ് നദിയും നിറയും. ഹിമാലയത്തിലെ മഞ്ഞുരുകി നിറയുന്ന മേക്കൊങ്ങ് അപ്പോഴേക്കും ടിബറ്റന്‍ പീഠഭൂമിയില്‍നിന്നു പുറപ്പെട്ടിട്ടുണ്ടാകും. മേക്കൊങ്ങിനും തടാകത്തിനുമിടയിലെ പൊക്കിള്‍ക്കൊടി ബന്ധമാണ് തടാകത്തിന്റെ തന്നെ പേരുള്ള തോണ്‍ ലെസാപ് നദി. ടിബറ്റന്‍ പീഠഭൂമികളില്‍നിന്ന് ഒഴുകിത്തുടങ്ങി ചൈന, ബര്‍മ്മ, തായ്‌ലാന്റ്, ലാവോസ്, വിയറ്റ്‌നാം, കംബോഡിയ എന്നീ രാജ്യങ്ങളെ സന്ദര്‍ശിക്കുന്ന അന്താരാഷ്ര്ട നദിയാണ് മെക്കോങ്ങ്. ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ നദിയാണിത്. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ നദി. മേക്കോങ്ങ് അതിന്റെ നീണ്ട യാത്ര അവസാനിപ്പിക്കുന്നത് ചൈനാകടലിലാണ്. അതിനു മുന്‍പ് നോം പെന്നില്‍വച്ച് തോണ്‍ ലെസാപ് നദി മെക്കോങ്ങില്‍ ചേരും. മേക്കോങ്ങിനും തടാകത്തിനുമിടയില്‍ വര്‍ഷാവര്‍ഷം രസകരമായൊരു കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്. വളരെ അപൂര്‍വ്വമായ കൊടുക്കല്‍ വാങ്ങല്‍. തോണ്‍ ലെസാപ് നദിയാണ് ഇടനിലക്കാരന്‍. ജൂലായ് മുതല്‍ നവംബര്‍ വരെ മഴ പെയ്തും മഞ്ഞുരുകിയും നിറയുന്ന മെക്കോങ്ങ് അധികജലം തടാകത്തിനു നല്‍കിയ കടലിലേക്കു പോകൂ. നവംബര്‍ അവസാനിക്കുമ്പോഴേക്കും മഴ പെയ്തുകൂട്ടിയ ജലസമൃദ്ധികൊണ്ട് വീര്‍പ്പുമുട്ടും തടാകം. മേക്കോങ്ങിന്റെ പ്രതാപസമയം കഴിഞ്ഞുതുടങ്ങിയിട്ടുണ്ടാകും. തടാകം അപ്പോള്‍ തോണ്‍ ലെസാപ് നദിവഴി തിരിച്ചൊഴുകും, മേക്കോങ്ങിലേക്ക്. പഴയ 'വെള്ളക്കടം' വീട്ടും.

ഈ ഒഴുക്കും തിരിച്ചൊഴുക്കും കംബോഡിയയ്ക്കു വളരെ പ്രധാനപ്പെട്ടതാണ്. തടാകതീരത്തുള്ള കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നത് ഈ സമയത്തു വന്നടിയുന്ന എക്കല്‍ മണ്ണാണ്. ദേശത്തിന്റെ എണ്‍പത് ശതമാനം ധാന്യങ്ങളും പച്ചക്കറികളും വരുന്നത് ഇവിടെനിന്നാണ്. മത്സ്യസമ്പത്തിന്റെ 'തിമിംഗലഭാഗം' വരുന്നതും ഇവിടെനിന്നുതന്നെ. ഈ സമ്പത്തു തന്നെയാണ് ചരിത്രത്തിലെ രാജാക്കന്മാര്‍ക്ക് ആങ്കോറിലെ ഭീമക്ഷേത്രങ്ങളെ നിര്‍മ്മിക്കാനുള്ള നീക്കിയിരിപ്പുണ്ടാക്കിയത്. അന്നു പ്രളയകാലത്തു തടാകത്തിലൂടെ ഒഴുക്കിക്കൊണ്ടുവന്ന വലിയ ശിലാഖണ്ഡങ്ങളാണ് പിന്നീട് ആങ്കോറിലെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമായത്.

ഒന്ന് ചാറിയപ്പോഴേക്കും ടോയും കൂട്ടരും ഉണ്ടാക്കിയ ബഹളത്തില്‍ പേടിച്ചു മഴ തിരിച്ചുപോയി. ടോ നിശ്ശബ്ദനുമായി. ബോട്ട് മാത്രം അതിന്റെ കുറുമ്പന്‍ ശബ്ദം തുടരുന്നുണ്ട്. ടോയോട് ഒരുപാടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുണ്ടായിരുന്നു. ടോയ്ക്കും എന്തൊക്കെയോ പറഞ്ഞുതരണമെന്നുണ്ട്. രണ്ടു കൂട്ടര്‍ക്കും മനസ്സിലാവുന്ന തരത്തിലൊരു ഇംഗ്‌ളീഷ് ഞങ്ങള്‍ക്കിടയില്‍ ഇല്ലാതെ പോയി. തിരക്കുള്ള സീസണില്‍പ്പോലും ദിവസം ഇരുപതില്‍ കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്നില്ല ഇവിടെ, ഇരുപതിനായിരത്തോളം പേര്‍ താമസിക്കുന്ന ഏറ്റവും വലിയ ജലകോളനിയായിട്ടും. പിന്നെന്തിന് ഇംഗ്‌ളീഷ് പഠിക്കണം എന്ന് ടോ കരുതിയിരിക്കാം.

കരയിലേക്കു തലവച്ചുറങ്ങുന്ന ചെറുവഞ്ചികള്‍ക്കിടയിലൂടെ, നദിയില്‍ കുത്തിനിര്‍ത്തിയ മുളകളില്‍ വലിച്ചുകെട്ടിയിരിക്കുന്ന വലകളെ ശല്യപ്പെടുത്താതെ, പാഞ്ഞുപോകുന്ന പ്രാദേശിക വള്ളങ്ങള്‍ക്കു വണങ്ങിക്കൊടുത്തു ഞങ്ങള്‍ മെല്ലെ നീങ്ങുകയാണ്. ഇരു തീരങ്ങളില്‍നിന്നും ഉയര്‍ന്നുപോകുന്ന മരക്കാലുകളുടെ തിരക്കാണ് യാത്രയുടെ തുടക്കക്കാഴ്ച. എട്ടുപത്തു മീറ്റര്‍ പൊക്കത്തിലാണ് വീടുകളെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍. പത്തുപന്ത്രണ്ടു വീടുകള്‍ അടുപ്പിച്ചടുപ്പിച്ചുണ്ടാവും. നാട്ടില്‍ വാര്‍ക്കാന്‍ തട്ടടിക്കുന്നപോലെ ഓരോ വീടിനെയും താങ്ങിനിര്‍ത്തുന്നത് അത്തരം ഇരുപതും മുപ്പതും തൂണുകളാണ്. തൂണുകള്‍ക്കു മേലെ നിന്നു ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഉന്നതലോകം യാത്രയിലുടനീളം ഞങ്ങളെ അസ്വസ്ഥരാക്കി. പല വീടുകളിലേക്കും എത്തണമെങ്കില്‍ മുപ്പതും നാല്‍പ്പതും പടികള്‍ കയറണം. രണ്ടു നീളന്‍ മരക്കുറ്റികള്‍ക്കിടയില്‍ വിലങ്ങനെ മരക്കഷണങ്ങള്‍ കെട്ടിയുറപ്പിച്ചതാണ് ഈ കോണികള്‍. എത്ര അനായാസമാണ് കൊച്ചുകുട്ടികള്‍ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.

ഒകേ്ടാബര്‍ നവംബര്‍ മാസങ്ങളില്‍ തടാകം ഈ പടികളൊക്കെ കയറി അവരുടെ 'മുറ്റ'ത്തെത്തും. അപ്പോള്‍ അവര്‍ വീട്ടില്‍നിന്നിറങ്ങി കോണിയോടു ചേര്‍ത്തുകെട്ടിയ വഞ്ചികളഴിച്ചു യാത്ര ചെയ്യും. സ്‌കൂളിലേക്ക്, മാര്‍ക്കറ്റിലേക്ക്, പള്ളിയിലേക്ക്, അപ്പുറത്തെ വീട്ടിലേക്ക്, അടുത്ത ഗ്രാമത്തിലേക്ക്.

മുന്നോട്ടു പോകുംതോറും നദിയുടെ വലിപ്പം കൂടിവരുന്നു. വീടുകളുടെ വലിപ്പവും ഉയരവും കുറഞ്ഞു വരുന്നു. തുടക്കത്തില്‍ കണ്ട വീടുകളുടെ ഗരിമ ഇപ്പോഴാണ് മനസ്സിലായത്. കാണെക്കാണെ വീടുകള്‍ ചെറുതായി ജലത്തിലേക്ക് ഇറങ്ങി വരുന്നു. ജലത്തില്‍നിന്ന് ഒരു മീറ്റര്‍ മാത്രം പൊക്കമുള്ള ചെറുതൂണുകളില്‍ കൊച്ചുകുടിലുകള്‍. ഇവിടത്തെ ജീവിതം ബോട്ടിലിരുന്നു കാണാം. ചട്ടിയും കലവും കുട്ടികളും പട്ടികളും വളര്‍ത്തു കോഴികളും മീന്‍വലകളും പട്ടിണിയുടെ പരവേശവുമായി മുതിര്‍ന്നവര്‍ ആ കൊച്ചുമുറികളുടെ വലിപ്പത്തെ പരീക്ഷിക്കുന്നുണ്ട്. താഴെ ചെളിനിറമുള്ള വെള്ളത്തില്‍ തിമിര്‍ത്തു കളിച്ചു വിശപ്പു മറയ്ക്കുകയാണ് കുട്ടികള്‍. 
വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും മടുക്കുമ്പോഴവര്‍ തൂണുകളില്‍ കെട്ടിയിരിക്കുന്ന വള്ളങ്ങളിലേക്കു വലിഞ്ഞുകയറും. പാശ്ചാത്യര്‍ക്കിത് ദാരിദ്ര്യത്തിന്റെ അടയാളങ്ങളാണ്. നമുക്കിത് സാമ്യപ്പെടലിന്റെ വേദനയാണ്.

ഗതികെട്ട് പണിത വീടുകള്‍

കംബോഡിയായിലെ വിയറ്റ്‌നാമീസ് വംശജരില്‍ തൊണ്ണൂറു ശതമാനവും കഴിയുന്നത് ഇങ്ങനെ വെള്ളത്തിലാണ്. വാട്ടര്‍ എറൗണ്ട് വില്ലകളില്‍ താമസിക്കാന്‍ കൊതി മൂത്ത്, വെള്ളത്തില്‍ മരക്കുറ്റി നാട്ടി വീട് പണിതതല്ല അവര്‍. ഗതികേടുകൊണ്ടാണ്. ഖമറൂഷിന്റെ വേട്ടക്കാലത്ത് വിയറ്റ്‌നാമിലേക്കും മറ്റും ഓടി രക്ഷപ്പെട്ടവരാണ് അവര്‍. രക്ഷപ്പെടാന്‍ കഴിയാതെപോയ അവരുടെ ബന്ധുക്കള്‍ വധിക്കപ്പെടുകയോ രോഗവും പട്ടിണിയും മൂലം ചത്തൊടുങ്ങുകയോ ചെയ്തു. പോള്‍ പോട്ടിന്റെ പതനത്തിനുശേഷം അവര്‍ പഴയ മണ്ണിലേക്കു തിരിച്ചുവന്നു. അപ്പനപ്പൂപ്പന്‍ തലമുറകള്‍ അലിഞ്ഞുചേര്‍ന്ന മണ്ണിലേക്ക്. പക്ഷേ, പഴയ വേരുകള്‍ കണ്ടെത്താനോ പുതിയ വേരുകളാഴ്ത്താനോ അവര്‍ക്കായില്ല. കംബോഡിയായില്‍ അവര്‍ അനധികൃത കുടിയേറ്റക്കാരായി.

പൗരത്വമില്ലാത്തവര്‍ക്കു കരഭൂമി വാങ്ങിക്കാനോ വീടുവെയ്ക്കാനോ കംബോഡിയന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല. തോണ്‍ ലെസാപിലെ ജലത്തിന് അത്തരം കാര്‍ക്കശ്യങ്ങളൊന്നുമില്ലാത്തതുകൊണ്ട് അവര്‍ ജലത്തിന്റെ സൗജന്യസംരക്ഷണത്തിലേക്കു മരക്കുറ്റിയിറക്കി ജീവിതം നാട്ടി. ഭൂമി വാങ്ങിക്കാനും വീടുവയ്ക്കാനും സര്‍ക്കാരിനു കരവും ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലിയും നല്‍കാനും വകയില്ലാത്ത ഖമറുകളും മറ്റു വംശജരും അവരുടെ കൂടെക്കൂടി. അങ്ങനെ തോണ്‍ ലെസാപിലും നദികളിലുമായി അന്‍പതിനായിരത്തോളം ജീവിതങ്ങള്‍ പൊങ്ങിക്കിടന്നു. അവരുടെ പൊള്ളയായ പ്രതീക്ഷകള്‍ക്കൊപ്പം. ചിലര്‍ പൊയ്ക്കാല്‍ വീടുകളില്‍. ചിലര്‍ വീടായി മാറിയ ബോട്ടുകളില്‍. ചിലര്‍ ചങ്ങാടങ്ങളില്‍ ഒരുക്കിയ മുറികളില്‍.

കലാപങ്ങളില്‍, യുദ്ധങ്ങളില്‍, ഭരണകൂട ഭീകരതയില്‍, കൊടും പട്ടിണിയില്‍ രാജ്യാതിര്‍ത്തികളറിയാതെ ചിതറിത്തെറിച്ചുപോയ ജീവിതങ്ങള്‍. സങ്കടങ്ങളുടെ തുരുത്തുകള്‍ക്കിടയില്‍ ദാരിദ്ര്യത്തിന്റെ ജീവിതം തുഴഞ്ഞു. ജലഗ്രാമങ്ങളില്‍ വിയറ്റ്‌നാമീസുകളും ചൈനക്കാരും ഖമറുകളും ചാമുകളും തായ്കളും ഒരുമിച്ചു താമസിച്ചു. ചിലയിടത്ത് ഒരോരുത്തരും വെവ്വേറെ ജലക്കോളനികളുണ്ടാക്കി.

ഞങ്ങളുടെ സാരഥി ഏതു വംശാവലിയിലാണെന്ന് അവന്റെ മുഖം പറയുന്നില്ല. വര്‍ഷങ്ങളിലൂടെ വംശങ്ങളെല്ലാം കൂടിക്കുഴഞ്ഞതായിരിക്കാം. സ്‌കൂളിലൊന്നും പോയിട്ടില്ല നമ്മുടെ ടോ. തടാകത്തിലെ എല്ലാ ഗ്രാമങ്ങളിലേയും സ്ഥിതി ഇതു തന്നെയാണ്. ചില ക്രിസ്ത്യന്‍ മിഷണറികള്‍ ചങ്ങാട വിദ്യാലയങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ആരും അവിടെ പോകില്ല. അത്യാവശ്യം ഖമര്‍ എഴുതാനും വായിക്കാനും പഠിക്കും. ചെറിയ കണക്കു കൂട്ടലുകള്‍ പഠിക്കും. സ്വരുക്കൂട്ടലുകളില്ലാത്ത ജീവിതത്തിന് അതൊക്കെ മതി. പിന്നെ മീന്‍ തേടി വെള്ളത്തിലേക്ക്, കതിരുകള്‍ തേടി പാടത്തേക്ക്, ടൂറിസ്റ്റുകള്‍ക്കായി വഞ്ചി തുഴയാന്‍, ബോട്ട് ഓടിക്കാന്‍ കടവിലേക്ക്.

ടോ നിര്‍വ്വികാരനായിരുന്ന് ബോട്ടോടിക്കുകയാണ്. ടൂറിസ്റ്റുകളുടെ ബോട്ടുകളൊന്നും ഇപ്പോള്‍ കാണാനില്ല. മോട്ടോര്‍വച്ച കൊച്ചുവള്ളങ്ങളില്‍ തടാകവാസികള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ചിലതു തുഴഞ്ഞു തന്നെയാണ് നീങ്ങുന്നത്. ഒരു വഞ്ചിയില്‍ തുഴയെറിയുന്ന സ്ത്രീയുടെ മുലയില്‍ തൂങ്ങി ഒരു കുഞ്ഞ്. രണ്ടു വയസ്സ് തോന്നിക്കുന്ന ഉടുപ്പൊന്നുമില്ലാത്ത ഒരാണ്‍കുട്ടിയും ഒരു ചാവാലിപ്പട്ടിയുമായിരുന്നു വഞ്ചിയിലവര്‍ക്ക് കൂട്ട്. തടാകത്തില്‍ തെക്കു വടക്കു തുഴയുന്ന വള്ളങ്ങളിലേറെയും വിയറ്റ്‌നാമികളാണ്. ഹോചിമിന്‍ തൊപ്പിവച്ച മുതിര്‍ന്നവര്‍. രണ്ടോ മൂന്നോ നഗ്നബാല്യങ്ങള്‍. വഞ്ചിയിലിരുന്നു മടുക്കുമ്പോള്‍ അവര്‍ വെള്ളത്തിലേക്കെടുത്തു ചാടും. ഒന്നു നീന്തിത്തുടിക്കും. വീണ്ടും വള്ളത്തിലേക്കു വലിഞ്ഞുകേറും. തുഞ്ചത്തിരുന്നു ആണൊരുത്തന്‍ മെല്ലെതുഴയുന്നുണ്ടാവും. അല്ലെങ്കില്‍ കീറ ട്രൗസറിട്ട പത്തോ പന്ത്രണ്ടോ വയസ്‌സുകാരന്‍. ആര്‍ക്കും തിരക്കൊന്നുമില്ല. 

'ഫേ്‌ളാട്ടിംഗ് മാളില്‍'നിന്നു വാങ്ങിയ അല്‍പ്പം പലവ്യഞ്ജനം. കറിവെയ്ക്കാനുള്ള ഏതെങ്കിലും ഇലകള്‍. കണ്ടല്‍ക്കാടുകളുടെ അരികുകളില്‍ നിന്നും ശേഖരിച്ച ചുള്ളിക്കൊമ്പുകള്‍. ചാര്‍ജ് നിറച്ചെടുത്ത ഒന്നോ രണ്ടോ സ്‌റ്റോറേജ് ബാറ്ററികള്‍. ചിലപ്പോള്‍ സ്ത്രീകളിരുന്നു മീന്‍ വൃത്തിയാക്കുന്നുണ്ടാവും. മീന്‍കുടലും മറ്റും വെള്ളത്തിലേക്കു തന്നെ. മീന്‍കഴുകുന്നതും തടാകത്തില്‍ത്തന്നെ. വള്ളങ്ങളിലിരുന്നു തടാകത്തിലെ അഴുക്കുവെള്ളത്തില്‍ തുണി കഴുകുന്നവരേയും കാണാം. ചില കൊച്ചുവള്ളങ്ങളില്‍ കുട്ടികള്‍ മാത്രമാവും. അങ്ങനെ അതിശയിപ്പിക്കുന്ന വൈവിധ്യങ്ങളോടെ ഒഴുകിത്തീരുകയാണ് ജീവിതങ്ങള്‍. കരയില്‍ കയറിയാലും ഇവരുടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെ. അലസവും അറ്റമില്ലാത്തതുമായ ആശയറ്റ ഒഴുക്ക്.
കരയിലേക്കു കേറിക്കിടക്കുന്ന കുറച്ചു വീടുകളില്‍ മാത്രമേ വൈദ്യുതി എത്തുന്നുള്ളൂ. (ബാക്കി വീടുകളിലും ബോട്ടുകളിലും ഉപയോഗിക്കുന്നത് സ്‌റ്റോറേജ് ബാറ്ററികളാണ്) ഭരണകൂടത്തിന്റെ കണക്കില്‍ അവരേയുള്ളൂ. ബാക്കിയൊക്കെ അനധികൃതം. ഇവരാണ് ഗ്രാമത്തിന്റെ ഫൈനാന്‍സിയേഴ്‌സ്. വള്ളത്തിനും വലയ്ക്കും വീടുപണിക്കും ചികിത്സയ്ക്കും ഒക്കെ പാവപ്പെട്ട ഗ്രാമീണര്‍ ഇവരുടെ കടക്കാരാവും. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലെന്നുതന്നെപറയാം. ജര്‍മ്മന്‍ സൗജന്യത്തിലൊരു ഒഴുകും ക്‌ളിനിക്ക് തമ്പടിച്ചു കിടക്കുന്നുണ്ട്. അവ എത്രത്തോളം സജ്ജമാണെന്നറിഞ്ഞുകൂടാ. പൊതുവെ കാട്ടുമരുന്നുകളും നാട്ടടവുകളും മന്ത്രവും തന്നെ ചികിത്സാ രീതി. 

പൊയ്ക്കാല്‍ കുടിലുകളിലോ തടാകത്തില്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പേറ്റുപുരകളിലോ സ്ത്രീകള്‍ പ്രസവിക്കുന്നു. മറുപിള്ളകളേയും ചാപിള്ളകളേയും തടാകം കടലിലേക്കൊഴുക്കിക്കളഞ്ഞു. പുതുപിള്ളകളെ തടാകം മീനും ചോറും പട്ടിണിയുമൂട്ടി വളര്‍ത്തി. അനധികൃത ജനം എന്ന ലേബലുള്ളതിനാല്‍ അധികൃതര്‍ ഇവരുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കാറില്ല. അടുത്തകാലത്തായി ഇവിടെ ജനിക്കുന്നവര്‍ക്ക്, ജനനം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍, അതിനുള്ള ഫീസ് ഒന്നര ഡോളറാണ്. അധികൃതര്‍ക്കു നല്‍കേണ്ട കൈക്കൂലികൂടി ചേര്‍ത്താല്‍ അതു രണ്ടു ഡോളര്‍ കവിയും. ഈ ജലവാസികളുടെ ശരാശരി ദിവസവരുമാനം അര മുതല്‍ ഒന്നര ഡോളര്‍ വരെയാണ്. അതുകൊണ്ടുതന്നെ ഇവിടെ ജനനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നില്ല. ചില ഗ്രാമങ്ങളില്‍ ഡചകഇഋഎ -ന്റെ മുന്‍കയ്യില്‍ ഇതു സൗജന്യമായി ചെയ്തുനല്‍കുന്നുണ്ട്. ഗ്രാമത്തലവന്മാര്‍ മുഖേനയാണ് ഇതു നടപ്പാവുന്നത്. മുപ്പതു ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് രണ്ടു ഡോളര്‍ പിഴയിടും. എന്നാല്‍ ജലഗ്രാമങ്ങളിലേക്കൊന്നും യൂണിസെഫിന്റെ ഈ സൗഹൃദം എത്തിയിട്ടില്ല.
കുറേ നേരവും ഒരുപാട് ദൂരവും കഴിഞ്ഞിരിക്കുന്നു. ഖ്‌ളീങ്ങ് നദിയുടെ വീതി കൂടിവരികയാണ്. പൂര്‍ണ്ണ ഗര്‍ഭിണിയുടെ നിറവയര്‍പോലെ അതു വീര്‍ത്തിരിക്കുന്നു. അല്‍പ്പം കഴിഞ്ഞാല്‍ നദി തടാകത്തിലേക്കു ചേരും. നദിയിലിപ്പോള്‍ ഞങ്ങള്‍ മാത്രമായി. മറ്റു വഞ്ചികളോ ബോട്ടുകളോ കടന്നുപോകുന്നില്ല. നോക്കെത്തും ദൂരത്തു ശൂന്യത. ടോ ആകാശത്തേക്കു നോക്കിയാണ് ബോട്ടോടിക്കുന്നത്. അവിടെ മേഘങ്ങള്‍ കറുത്തും വെളുത്തും തിക്കു കൂട്ടുകയാണ്. നദിയിലെ വെള്ളത്തില്‍ ചളിതീണ്ടിത്തെളിയുന്നത് ഇതേ ആകാശമാണ്. കരയില്‍ ഒറ്റപ്പെട്ടുപോയ മരങ്ങള്‍ മേഘങ്ങളുടെ പശ്ചാത്തലത്തില്‍ മോഹിപ്പിക്കുന്ന ഫ്രെയിമുകള്‍ തീര്‍ക്കുന്നുണ്ട്. അവയും കഴിഞ്ഞതോടെ ഞങ്ങള്‍ തടാകത്തിലേക്കു പ്രവേശിച്ചു.

തടാകം വലിപ്പം കൊണ്ടും വിജനതകൊണ്ടും ഞങ്ങളെ ഭയപ്പെടുത്തി. ശുഷ്‌കകാലത്ത് ഇങ്ങനെയാണെങ്കില്‍ നവംബറിലെ പ്രതാപത്തില്‍ എങ്ങനെയായിരിക്കും തടാകം? പതിന്മടങ്ങു വളര്‍ന്നു പ്രളയജലംകൊണ്ട് കരകളെ വെട്ടിപ്പിടിച്ചു പതിനയ്യായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ അളവില്‍ തടാകമൊരു കരക്കടലാവും അപ്പോള്‍. ഒരു വശത്തു മാത്രമിപ്പോള്‍ കണ്ടല്‍ക്കാടുകളുടെ മങ്ങിയ പച്ചപ്പ് കാണാം. പിന്നെയെല്ലായിടത്തും തടാകം പരന്നുപരന്നു ചെന്ന് മേഘങ്ങള്‍ക്കൊപ്പം ആകാശത്തേക്കു ചേക്കേറുകയാണ്. മേഘങ്ങള്‍ക്കാകട്ടെ. കറുപ്പും ക്രൗര്യവും കൂടിയിരിക്കുന്നു. താമസിയാതെ അവ പെയ്തുതുടങ്ങി. ആകാശവും തടാകവും മഴനൂലുകളാല്‍ ബന്ധിക്കപ്പെട്ടു. കാഴ്ചകള്‍ മങ്ങി. മഴയോട് കൂട്ടുകൂടാന്‍ വന്ന കാറ്റ് ബോട്ടിനെ പിടിച്ചുലച്ച് ശൗര്യം കാണിക്കുന്നു. ഇവിടെ വച്ചെന്തെങ്കിലും സംഭവിച്ചാല്‍? ആകാശത്തേക്കു വിട്ട അമ്പ് പോലെ ബോട്ട് തടാകത്തെ കീറുകയാണ്. ടോ നിര്‍വ്വികാരനായിരുന്നു മഴയോടൊപ്പം ബോട്ടോടിക്കുകയാണ്. ഞങ്ങളുടെ ഭയങ്ങളൊന്നും ആ മുഖത്തില്ല. കരകാണാത്ത ദുരിതങ്ങളെ എത്രയോ തവണ നീന്തി വീഴ്ത്തിയവരാണ് ഇവന്റെ മുന്‍ തലമുറകള്‍! ഞങ്ങള്‍ ആംഗലേയത്തിലും ആംഗ്യത്തിലും ടോയോട് തിരിച്ചു പോകാമെന്നു പറഞ്ഞു. അതിലൊന്ന് അവനു പിടികിട്ടി. ബോട്ട് മടക്കയാത്ര തുടങ്ങി. മഴനൂല്‍ക്കാലുകള്‍ നീട്ടി വച്ച് മഴയും പിന്നാലെകൂടി.

പ്രളയകാലത്തെ പട്ടിണി

തടാകത്തില്‍ മഴ നിറഞ്ഞാല്‍ കണ്ടല്‍ക്കൂട്ടങ്ങളും കുറ്റിക്കാടുകളും ചെറുമരങ്ങളും വെള്ളത്തിനടിയിലാകും. അവയുടെ വേരുകള്‍ക്കിടയിലും ഇലകളിലും മീനുകള്‍ മണിയറ തീര്‍ക്കും. പ്രജനനത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ സര്‍ക്കാര്‍ ഈ സമയങ്ങളില്‍ മത്സ്യബന്ധനം നിരോധിക്കുന്നുണ്ട്. നവംബര്‍ മാസത്തോടെ അശാന്തമായ കടല്‍പോലെ നിറഞ്ഞുമറിയുന്ന തടാകത്തില്‍ തോണിയിറക്കുന്നത് അപകടവുമാണ്. എന്നാലും പട്ടിണി തടാകവാസികളെ ആ അപകടത്തിലേക്കു വഞ്ചി കേറ്റിവിടും. ഇപ്പോള്‍ താമസസ്ഥലത്തോട് ചേര്‍ന്നു മുളക്കാലുകളില്‍ വലകെട്ടിത്തിരിച്ചു തടാകത്തിലെ സ്വാഭാവിക മത്സ്യങ്ങളെ തടവിലാക്കി വളര്‍ത്തുന്ന (ഇമഴല എമൃാശിഴ) പതിവുണ്ട്. മത്സ്യസംസ്‌കരണത്തിനും അധികമത്സ്യം സൂക്ഷിക്കാനുമുള്ള പ്രാകൃതസൗകര്യങ്ങള്‍ ചിലയിടത്തെങ്കിലും ഇതോടൊപ്പമുണ്ടാവും. പ്രളയകാലത്തു പട്ടിണിയെ പടിക്കു പുറത്തുനിര്‍ത്തുന്നത് ഈ മത്സ്യക്കൃഷിയാണ്.

മഴക്കാലം തോര്‍ന്നുതുടങ്ങിയാല്‍ തടാകം മേക്കോങ്ങ് നദിയിലേക്കു തിരിച്ചൊഴുകും. തുടക്കത്തില്‍ വേഗത്തിലാണ് ഈ തിരിച്ചൊഴുക്ക്. ഒഴുക്കിന്റെ വഴികളില്‍ വല വിരിച്ചും മുളക്കെണികള്‍ നാട്ടിയും ജനം മത്സ്യങ്ങളെ കോരിയെടുക്കുന്ന കാലമാണിത്. വെള്ളത്തില്‍നിന്നും പൊങ്ങിവരുന്ന കുറ്റിക്കാടുകളില്‍നിന്നും കണ്ടലുകളില്‍നിന്നും മീന്‍ 'പറിച്ചെടുക്കുന്നതും' അക്കാലത്തെ കാഴ്ചയാണത്രേ. ഗ്രാമം അതിന്റെ വിശപ്പില്‍ നിന്നും വിടുതല്‍ നേടുന്ന ദിവസങ്ങളാണിനി. കൂടുതല്‍ മത്സ്യം. കൂടുതല്‍ കച്ചവടം. അധികം വരുന്ന മത്സ്യം ഉണക്കിയും പേസ്റ്റാക്കിയും (ഖമറില്‍ ഇതിനെ പ്രഹോക് എന്ന് പറയും) സൂക്ഷിക്കുന്ന തിരക്കിലാവും അപ്പോള്‍ ഗ്രാമീണര്‍. മത്സ്യത്തിന്റെ ഒരു ഭാഗവും കളയില്ല. കുടലും ചിറകും മറ്റും ജലത്തിനു മടക്കിക്കൊടുക്കും. തടാകജലത്തിലെ അടുത്ത തലമുറ അതു തിന്നു വളരും. മീന്‍ നെയ്യില്‍നിന്നു സോപ്പുണ്ടാക്കും. ഉപയോഗിക്കാത്ത മീന്‍തലകളും മുള്ളും എല്ലും ഉണക്കിപ്പൊടിക്കും. പിന്നീടു നെല്‍വയലുകളിലവ കതിരുകളായി ചിരിക്കും. ഒരു സാധാരണ കംബോഡിയന്‍ നിവാസിക്ക്, അവനേതു വംശമായാലും മീനാണെല്ലാം. ഭക്ഷണമേതായാലും ഒപ്പം മീനുണ്ടാവും. ചിലപ്പോള്‍ മീന്‍ തന്നെയാവും പ്രധാന ഭക്ഷണം. മിക്ക കറികളിലും അരിവിഭവങ്ങളിലും മീന്‍ പേസ്റ്റ് ചേര്‍ത്തു മത്സ്യച്ചുവ വരുത്തും.

ചില മത്സ്യങ്ങള്‍ ഈ തിരിച്ചൊഴുക്കിനു മുന്‍പേ മത്സ്യവേട്ടക്കാരെ വെട്ടിച്ചു തിരിച്ചു നീന്തും. തിരിച്ചു തോണ്‍ ലെസാപ് നദി വഴി മെക്കോങ്ങിലേക്ക്. മെക്കോങ്ങിലൂടെ അതിന്റെ ആരംഭത്തിലേക്കു മെല്ലെയവര്‍ നീന്തിക്കേറും. ചിലര്‍ തടാകത്തില്‍ത്തന്നെ കൂടും. നിറവിലും ഒഴിവിലും. തിരിച്ചുപോകാതെ തടാകക്കരയില്‍ പറ്റിപ്പിടിച്ചു കഴിയുന്ന വിയറ്റ്‌നാമികളെപ്പോലെ. അങ്ങനെ തടാകത്തില്‍ ഒതുങ്ങിക്കൂടുന്ന കംബോഡിയക്കാരന്റെ പ്രിയമത്സ്യമാണ് അവര്‍ റീല്‍ എന്നു വിളിക്കുന്ന സില്‍വര്‍ കാര്‍പ്പ്. ഇവനെയോര്‍ത്താണ് കംബോഡിയയുടെ കറന്‍സി റീല്‍ ആയത്. കാര്‍പ്പ് മത്സ്യത്തിന്റെ രുചിയൊന്നും ഈ നാണയത്തിനില്ല. നാലായിരത്തിലധികം റീല്‍ വേണം ഒരു ഡോളര്‍ ആകാന്‍. കറന്‍സി റീല്‍ ആണെങ്കിലും ക്രയവിക്രയം മിക്കതും നടക്കുന്നത് ഡോളറിലാണ്. നല്‍കുന്നതും ഡോളര്‍ തന്നെ.
പത്തുപതിനഞ്ച് മിനിട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഓടിച്ചുവിട്ടതിന്റെ സന്തോഷത്തില്‍ മഴ തിരിച്ചുപോയി. മഴയില്‍നിന്നു മറയാന്‍ ബാഗുകളിലേക്കു കേറിപ്പോയ ക്യാമറകള്‍ ഡി.എസ്.എല്‍.ആര്‍ സൂം ശൗര്യത്തോടെ പുറത്തുവന്നു. കാനണിന്റെ 60 ഗുണം സൂം തീരവാസികളുടെ പുരവിശേഷങ്ങളിലേക്കു കണ്ണെത്തിച്ചു. വീടിനു തൊട്ടു താഴെയുള്ള നിലയിലെ കൂടുകളില്‍ കോഴിയും പന്നിയും വളരുന്നുണ്ട്. അവിടെത്തന്നെ കാണാം ചരടില്‍ കോര്‍ത്ത് ഉണങ്ങാനിട്ടിരിക്കുന്ന മീന്‍ തോരണങ്ങള്‍. ചിലയിടത്ത് ഉണക്കിയെടുത്തു കെട്ടിവെച്ച ചുള്ളിക്കൊമ്പുകള്‍. ചില വീടുകളുടെ 'ബാല്‍ക്കണിയില്‍' കൂടില്ലായ്മയുടെ സ്വാതന്ത്ര്യം കുരച്ചാഘോഷിക്കുന്നുണ്ട് ശുനകന്മാര്‍. ചിലയിടത്തൊക്കെ കുടിവെള്ളത്തിന്റെ വലിയ കാനുകളും സ്‌റ്റോറേജ് ബാറ്ററികളും കാണാം. എല്ലായിടത്തുമുണ്ട് തൂണുകള്‍ക്കിടയില്‍ വലിച്ചു കെട്ടിയ ഹമ്മോക്കുകള്‍. കംബോഡിയയുടെ ദേശീയ ശയനസംവിധാനമാണ് ഹമ്മോക്കുകള്‍.

ഇന്നു തുടങ്ങിയ മഴകള്‍ പെയ്തു തോരണം തടാകക്കാര്‍ക്കു ചാകരക്കാലമാവാന്‍. ചാകരക്കാലത്തു തടാകം വലയും വഞ്ചികളും നിറഞ്ഞു വലയും. പിശുക്കില്ലാതെ പൊഴിയുന്ന നിലാവിലിരുന്ന് കുഞ്ഞന്‍ കംബോഡിയക്കാര്‍ വഞ്ചികളിലേക്കു മത്സ്യങ്ങളും സ്വപ്‌നങ്ങളും വാരിനിറയ്ക്കും. നൂറും ഇരുന്നൂറും കിലോ കുഞ്ഞന്‍ മത്സ്യങ്ങള്‍ നിറഞ്ഞ വഞ്ചികളിലിരുന്നു വലിയ വായിലവര്‍ സന്തോഷം പാടും. കഴിഞ്ഞുപോയ പ്രളയകാല സങ്കടങ്ങള്‍ തടാകത്തില്‍ വിതറിക്കളയും. തടാകം അപ്പോള്‍ മെക്കോങ്ങിലേക്കു തിരിച്ചൊഴുകി ദേശാടനത്തിനു പുറപ്പെടും. ഈ ചാകരക്കാലം കഴിയുന്നതോടെ പഴയ ദുരിതക്കടവുകളില്‍ തന്നെയെത്തും ഈ പാവങ്ങള്‍. മഴയും പ്രളയവും എത്തുന്നതോടെ ഇവരുടെ ജീവിതം വീണ്ടും കരയില്‍ വീണ മീന്‍ പോലെ പിടയും. വഞ്ചികള്‍ തകര്‍ന്നുപോകും. കൂരകള്‍ ഒലിച്ചുപോകും. വീട്ടുസാമാനങ്ങള്‍ നശിച്ചു പോകും. പിന്നെ മിച്ചം വന്ന ചെറു സമ്പാദ്യവും കൊള്ളപ്പലിശക്കാരന്റെ വലിയ കടവും ചേര്‍ത്തു ജീവിതം ഒന്നില്‍നിന്ന് എണ്ണിത്തുടങ്ങണം. ചോങ്ങ് ഖനീസ് പോലുള്ള പൂര്‍ണ്ണജലഗ്രാമങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്.

കുഞ്ഞന്‍ കംബോഡിയാക്കാരന്റെ സ്വപ്‌നങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും എന്നും കൂട്ടുനിന്നു തോണ്‍ ലെസാപ്. അവര്‍ കരഞ്ഞപ്പോള്‍ (ചരിത്രത്തിന്റെ അരികുകളിലിരുന്ന് ഒരുപാട് കരഞ്ഞവരാണ് ഖമറുകള്‍, വിയറ്റ്‌നാമികള്‍, യുനുകള്‍) കണ്ണീരൊപ്പിയെടുത്തു നിറഞ്ഞു. വിപ്‌ളവങ്ങളിലും പ്രതിവിപ്‌ളവങ്ങളിലും മരിച്ചവരെ ഒഴുക്കിക്കൊണ്ടുപോയി കടലില്‍ സംസ്‌കരിച്ചു. പീഡനങ്ങളുടെ കാലങ്ങളില്‍ അവരെ വിയറ്റ്‌നാമിലേക്കും തായ്‌ലാന്റിലേക്കും രക്ഷപ്പെടുത്തിക്കൊണ്ടുപോയി. തോക്കുകള്‍ തേടി വന്നപ്പോള്‍ അവരെ പല കരകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. അവര്‍ക്കു വിശക്കുമ്പോള്‍ അവരുടെ ചൂണ്ടകളിലേക്കും വലകളിലേക്കും നിറയെ മത്സ്യങ്ങളെയെത്തിച്ചു. നെല്‍പ്പാടങ്ങളില്‍ നിറയെ കതിരുകളെത്തിച്ചു. വര്‍ഷങ്ങളില്‍ നിറഞ്ഞും വേനലില്‍ തിരിച്ചൊഴുകിയും മേക്കോങ്ങ്, തോണ്‍ ലെസാപ് നദികളിലെ ജലവിതാനം നിലനിര്‍ത്തി.

മുക്കാല്‍ മണിക്കൂറിനുശേഷം ബോട്ട് ജെട്ടിയില്‍ തിരിച്ചിറങ്ങുമ്പോള്‍ ഒരു ജലയാത്രയുടെ സന്തോഷമൊന്നും മനസ്സിലില്ല. രേഖകളില്ലാത്തതിനാല്‍ ജലത്തില്‍പ്പെട്ടു പോയവരുടെ രേഖകളിലില്ലാത്ത പുതുതലമുറ വെള്ളത്തില്‍ മുങ്ങിക്കിടന്നു നഗ്നത മറക്കുന്ന ചിത്രമായിരുന്നു മനസ്സില്‍. രണ്ടര ഡോളര്‍ നീക്കിവയ്ക്കാനില്ലാത്തതുകൊണ്ട് ജനനം അടയാളപ്പെടുത്താതെ പോകുന്നവരുടെ ദാരിദ്ര്യം ഭിക്ഷയ്ക്കായി കൈ നീട്ടുന്നില്ലെന്നതു മടക്കത്തിലും എന്നെ അദ്ഭുതപ്പെടുത്തി.


ഫള്ളയുടെ ബെന്‍സ് വാനില്‍ മടങ്ങുമ്പോള്‍ മഴ വീണ്ടും തുടങ്ങി. ഇത്തവണ തകര്‍ത്തു പെയ്യുകയാണ്. പെയ്തു പെയ്തു തടാകവും മെക്കോങ്ങ് നദിയും നിറയും. മെക്കോങ്ങില്‍ നിറയുന്ന വെള്ളം തോണ്‍ ലെസാപ് നദി വഴി തടാകത്തിലെത്തും. തടാകം പതിന്മടങ്ങ് വലിപ്പത്തില്‍ കരയിലേക്കു വളരും. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോവുന്ന മണ്‍വഴികളൊക്കെ വെള്ളത്തിലേക്കിറക്കിവച്ച വിരലുകള്‍പോലെ മറഞ്ഞു പോകും. വഴിയോരത്തെ വീടുകളില്‍ തറനിരപ്പില്‍ കണ്ട സിമന്റ് മേശയിലും ബെഞ്ചിലും ജലം കയറിയിരിക്കും. ആളുകളും അവരുടെ ആശ്രിതമൃഗങ്ങളും മരത്തൂണുകളിലെ ഒന്നാം നിലയിലേക്ക് ഒതുങ്ങും. നവംബറിന് ശേഷം മഴയും മെക്കോങ്ങും മെലിയുമ്പോള്‍ തടാകം തോണ്‍ ലെസാപ് വഴി തന്നെ മെക്കോങ്ങിലേക്ക് തിരിച്ചൊഴുകും. അങ്ങനെ തോണ്‍ ലെസാപിലെ ഒഴുക്ക് ആറുമാസം തെക്കു കിഴക്കായും ആറു മാസം വടക്കുപടിഞ്ഞാറായും ചാഞ്ചാടുന്നു. കംബോഡിയയ്ക്കുവേണ്ടി വലിയ തടാകം അങ്ങനെ മിടിച്ചു കൊണ്ടിരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com