സൂര്യനെല്ലിപ്പെണ്‍കുട്ടീ... നിനക്കൊന്ന് ഉറക്കെ കരഞ്ഞുകൂടെ?

ഹൈക്കോടതി നടത്തിയതിനേക്കാള്‍ നിര്‍ദ്ദയവും മനുഷ്യവിരുദ്ധവുമായ പരാമര്‍ശമാണ് ഇരയായ പെണ്‍കുട്ടിയെക്കുറിച്ച് സിബി മാത്യൂസ് നടത്തിയിട്ടുള്ളത് 
സൂര്യനെല്ലിപ്പെണ്‍കുട്ടീ... നിനക്കൊന്ന് ഉറക്കെ കരഞ്ഞുകൂടെ?

ഹൈക്കോടതി നടത്തിയതിനേക്കാള്‍ നിര്‍ദ്ദയവും മനുഷ്യവിരുദ്ധവുമായ പരാമര്‍ശമാണ് ഇരയായ പെണ്‍കുട്ടിയെക്കുറിച്ച് സിബി മാത്യൂസ് നടത്തിയിട്ടുള്ളത് 

റ്റേതു ദേശചരിത്രത്തിന്റേയുമെന്നപോലെ കേരള ചരിത്രത്തിന്റേയും എല്ലാ ഘട്ടങ്ങളിലും സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരമായി വേട്ടയാടപ്പെട്ടിട്ടുണ്ട്. ആണധികാരം അതിനു പലതരം യുക്തികളും കാരണങ്ങളും നിരത്തിയിട്ടുമുണ്ട്. നവോത്ഥാന സ്ത്രീ മാതൃകയായ ഇന്ദുലേഖ രൂപഭാവങ്ങളാല്‍ ദൃശ്യയും ശ്രാവ്യയുമായപ്പോള്‍ കല്യാണക്കുട്ടിക്കെന്തു സംഭവിച്ചുവെന്നാലോചിച്ചാല്‍ ഇതു വ്യക്തമാകും. അവളുടെ തെരഞ്ഞെടുപ്പായിരുന്നില്ല സൂരി നമ്പൂരിപ്പാട്. അവളെ നമ്മള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. മനുഷ്യജീവിയെന്ന പരിഗണനപോലുമില്ലാതെ ഒരു വസ്തുവിനെയെന്നപോലെ ഏകപക്ഷീയമായി അവള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കടത്തപ്പെട്ടു. അന്നു നിലവിലുണ്ടായിരുന്ന സംബന്ധ സമ്പ്രദായമനുസരിച്ചു തികച്ചും അസാധുവാണ് ഈ 'കൊണ്ടു പോകല്‍.' കാരണം സംബന്ധത്തിന് നമ്പൂതിരിമാര്‍ സ്ത്രീകളുടെ വീട്ടിലേക്കു വരികയായിരുന്നു പതിവ്. എന്നാല്‍, ഇന്ദുലേഖയെ സംബന്ധം ചെയ്യാനാഗ്രഹിച്ച സൂരി നമ്പൂരിപ്പാട് തന്റെ മഞ്ചലില്‍ കല്യാണിക്കുട്ടിയെ കടത്തിക്കൊണ്ടുപോയത് എന്തിനായിരുന്നു? വിവാഹം ചെയ്തു കുടുംബവും കുട്ടികളുമായിക്കഴിയാന്‍ ആയിരുന്നുവെന്ന് ഇന്ദുലേഖ വായിച്ച ആരും വിശ്വസിക്കുന്നുണ്ടാവില്ല. എന്നിട്ടും അതത്ര സ്വാഭാവികമായി നമുക്കു തോന്നുന്നുവെന്നതാണ് രസകരം. 

എന്തുകൊണ്ടാവാം അത്?

ഇവിടെ വരുന്ന ന്യായീകരണം ഇന്ദുലേഖ ബുദ്ധി, ആഭിജാത്യം, ഇംഗ്‌ളീഷ് പരിചയം എന്നിവയിലൂടെ ആര്‍ജിച്ച തന്റേടം കല്യാണിക്കുട്ടിക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്ദുലേഖയെപ്പോലെ അവള്‍ സൂരി നമ്പൂരിപ്പാടിനെ കളിയാക്കിയില്ല, അയാളുടെ നേര്‍ക്കുനേര്‍ നിന്നു ഞാന്‍ എന്നുച്ചരിക്കുകയുമുണ്ടായില്ല. അവള്‍ സമ്മതം പറഞ്ഞിട്ടല്ല മഞ്ചലില്‍ കൊണ്ടുപോകപ്പെട്ടത്. അവളുടെ സമ്മതം ആരുടേയും പ്രശ്‌നമായിരുന്നില്ല. പതിമൂന്നുകാരിയായിരുന്ന കല്യാണിക്കുട്ടി അപ്പോള്‍ വയസ്സറിയിച്ചിരുന്നുവോ എന്നുപോലും ആരും അന്വേഷിച്ചില്ല. ഇന്ദുലേഖപോലും!

എന്തുകൊണ്ട് ഇന്ദുലേഖയും കല്യാണിക്കുട്ടിയും?

കേരള സ്ത്രീകളുടെ മുന്നേറ്റത്തിനു തുടക്കം കുറിച്ചുവെന്നു ചരിത്ര പരമായി അടയാളപ്പെട്ട നവോത്ഥാന ആധുനികതയുടെ സ്ത്രീ മാതൃകയെന്ന നിലക്കുതന്നെയാണ് ഇന്ദുലേഖയില്‍നിന്നു തുടങ്ങിയത്. എന്താണ് ഇന്ദുലേഖയ്ക്കും കല്യാണിക്കുട്ടിക്കുമിടയില്‍ സംഭവിച്ച ആശയവിനിമയ വൈരുധ്യം? സാമ്പത്തികവും സാമൂഹികവുമായി അവര്‍ രണ്ടു വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളായിരുന്നുവെന്നത് ഒരു നേര്‍വര ഉത്തരമാണ്. തികച്ചും അപൂര്‍ണവും അപര്യാപ്തവുമായത്. പിന്നെന്തായിരുന്നു ഇവര്‍ക്കിടയിലെ ദൂരത്തിന്റെ കാരണം, എന്നാലോചിക്കേണ്ടിയിരിക്കുന്നു. കാരണം ഒരകലം കുറയ്ക്കണമെങ്കില്‍ അതളക്കപ്പെടുകതന്നെ വേണം.

ഇന്ദുലേഖയെ ആരും തടയുന്നില്ല, ചോദ്യം ചെയ്യുന്നുമില്ല എന്നു കാണാം. പെണ്ണുങ്ങള്‍ പുറത്തിറങ്ങാത്ത കാലത്ത് അവളെന്തിന് ഇംഗ്‌ളീഷ് പഠിച്ചു? കാമുകനെങ്കിലും പുരുഷനെ ശപ്പാ എന്നു വിളിച്ചു? വിഡ്ഢിയെങ്കിലും ബ്രാഹ്മണ പുരുഷന്റെ ഇംഗിതം നിഷേധിച്ചതെന്തിന്? ഇതൊന്നും ആരും അവളോടു ചോദിച്ചില്ല. കാരണം ഇതിനെല്ലാം ഇന്ദുലേഖ നിയോഗിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ മാതൃകാ യൂണിറ്റായ അണുകുടുംബത്തിനു ചേര്‍ന്നവളാകലായിരുന്നു ഇന്ദുലേഖയുടെ ചരിത്രദൗത്യം. ആ പരീക്ഷണത്തില്‍ വിജയിക്കുകയെന്നാല്‍ വിക്‌ടോറിയന്‍ സദാചാരത്തിന്റെ വ്യവസ്ഥകളനുസരിച്ചുള്ള അവളുടെ യോഗ്യതകള്‍ ആധുനിക സമൂഹത്തിനു മുന്‍പാകെ ബോധ്യപ്പെടേണ്ടതുണ്ടായിരുന്നു. ഇംഗ്‌ളീഷ് ബലം കൊണ്ട് ഇന്ദുലേഖ അതിജീവിച്ച അഗ്‌നിപരീക്ഷയായിരുന്നു അത്. പുരുഷനുവേണ്ടി പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട ഇന്ദുലേഖ കല്യാണിക്കുട്ടിയെന്ന ജൈവ സ്ത്രീയെ സാംസ്‌കാരിക ചരിത്രത്തില്‍ മറികടക്കുന്നതങ്ങനെയാണ്. കല്യാണിക്കുട്ടി എഴുത്തുകാരന്റേയും വായനക്കാരന്റേയും ബോധങ്ങള്‍ക്കു പുറത്താണ്. അവള്‍ക്കെന്തു പറയാനുണ്ടെന്ന് എഴുത്തുകാരന്/പുരുഷ സ്രഷ്ടാവിന് അജ്ഞാതമാണ്. സൂരി നമ്പൂരിപ്പാടില്‍നിന്ന് അവള്‍ക്കുണ്ടായ ലൈംഗികാനുഭവം ഏകപക്ഷീയമായ ബലാത്സംഗത്തിന്റേതാകാന്‍ മാത്രമേ സാധ്യതയുള്ളൂ. തട്ടിക്കൊണ്ടു പോകപ്പെട്ട അവള്‍ തീര്‍ച്ചയായും ഉപയോഗത്തിനു ശേഷം തിരികെ എത്തിക്കപ്പെട്ടിരിക്കും. കര്‍ത്താവിന്റേയും കൃതിയുടേയും കഥാപാത്രങ്ങളുടേയും മാത്രമല്ല, വായനകളുടേയും ഇക്കാര്യത്തിലുള്ള സുദീര്‍ഘമായ നിശ്ശബ്ദതയെത്തന്നെയാണ് ആണധികാരത്തിന്റെ സാംസ്‌കാരിക മൂലധനമായി തിരിച്ചറിയേണ്ടത്.

ഈ തിരിച്ചറിവില്‍നിന്നാണ് സൂര്യനെല്ലിയിലേതുള്‍െപ്പടെ തട്ടിക്കൊണ്ടുപോയി ഉപയോഗിച്ച ശേഷം തിരികെ വലിച്ചെറിയപ്പെട്ട പെണ്‍കുട്ടികളുടെ പ്രതിസന്ധികള്‍ അളക്കാനാവുക എന്നു തോന്നുന്നു.
രണ്ടു കാലം വ്യത്യസ്ത അവസ്ഥകള്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കേണ്ടിവരുന്നതിലെ അയുക്തികള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ആകട്ടെ. വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസത്തിനതീതമായി, മത ജാതി വിഭാഗീയതകള്‍ക്കതീതമായി ഇന്ദുലേഖമാര്‍ കേരളത്തില്‍ മുഖ്യധാരയും കല്യാണിക്കുട്ടിമാര്‍ അപരങ്ങളും ആയി മാറിയ സാഹചര്യങ്ങള്‍ പക്ഷേ, പ്രസക്തമാണ്. ആധുനിക കേരളത്തില്‍ നായരവസ്ഥകള്‍ക്കു പുറത്തേക്ക് ഇന്ദുലേഖമാര്‍ പ്രവേശിച്ചു. കേരളീയ ജീവിതത്തില്‍ ഏതു മതത്തിലും ജാതിയിലും ഒരു ഇന്ദുലേഖ സാധ്യമായി എന്നതിനെക്കാള്‍ അഭികാമ്യയും അംഗീകാര്യയും ആയി. പുതിയ കുടുംബത്തിന്റെ സാംസ്‌കാരിക ഐക്കണ്‍ ആണ് ഇന്ദുലേഖ. ഈ കുടുംബത്തിനു പുറത്താണ് കല്യാണിക്കുട്ടിമാര്‍. അവര്‍ കുടുംബ സദാചാരങ്ങള്‍ക്കു പുറത്തായതിനാല്‍ പെരുവഴിയിലുമാണ്. അവള്‍ വലിയൊരു 'നായര്‍ നാലുകെട്ടി'ല്‍നിന്ന് അതിന്റെ ഭാഗപത്ര അവകാശങ്ങളില്‍നിന്നു പുറം വഴികളിലേക്കു തള്ളപ്പെട്ടവള്‍ ആണ്. സൂരി നമ്പൂരിപ്പാടന്മാരുടെ ഇല്ലങ്ങളിലോ മനകളിലോ അവള്‍ക്കോ സന്തതികള്‍ക്കോ അന്നും ഇന്നും യാതൊരവകാശവുമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കുമെന്നു തോന്നുന്നില്ല. അവള്‍ ജാതിമതവര്‍ഗ്ഗങ്ങള്‍ക്കതീതമായ ആണധികാരസ്ഥലികളില്‍ വിലാസ ലോലുപരായ ഇത്തരം സൂരിനമ്പൂരിപ്പാടന്മാരുടെ കമ്പങ്ങളുടേയും ഭ്രമങ്ങളുടേയും താല്‍ക്കാലിക ഇര മാത്രമാണ്. കൊണ്ടുപോകപ്പെട്ടിടത്തും കൊണ്ടുവരപ്പെട്ടിടത്തും വിലാസവും പേരും നഷ്ടമായവള്‍.

ഒള്ള മനസ്സമാധാനോം കൂടി പോയി എന്നവള്‍

കഴിഞ്ഞ ദിവസം സൂര്യനെല്ലിപെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവള്‍ വിങ്ങിപ്പൊട്ടിയത് ആദ്യമായി കണ്ടു. ''ഇപ്പൊ ഒള്ള മനസ്സമാധാനോം കൂടി പോയി' എന്നാണവള്‍ പറഞ്ഞത്. ഓഫീസില്‍ കൊണ്ടുവന്നപ്പോഴാണ് അവള്‍ ഡോ. സിബി മാത്യൂസിന്റെ ''ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' വാങ്ങിയതെന്നു പറഞ്ഞു. എല്ലാവരും പറഞ്ഞത്രെ അതില്‍ സൂര്യനെല്ലിക്കേസിനെക്കുറിച്ചു പറയുന്നുണ്ടെന്ന്. പുസ്തകമിറങ്ങിയതിനു ശേഷം ഓഫീസില്‍ താന്‍ പ്രത്യേകമായി നേരിട്ടു കൊണ്ടിരിക്കുന്ന കളിയാക്കലുകളെപ്പറ്റി അവള്‍ പറഞ്ഞു.

'നിര്‍ഭയം' എന്ന പേരുള്ള പ്രസ്തുത അനുഭവക്കുറിപ്പുകള്‍ എഴുതിയതിനു പിന്നിലെ പ്രേരണ ഗ്രന്ഥകാരന്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: ''സത്യസന്ധമായും ആത്മാര്‍ത്ഥതയോടെയും തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിച്ച ഒരു പൊലീസുദ്യോഗസ്ഥന്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള പ്രതിസന്ധികള്‍, വെല്ലുവിളികള്‍, സംഘര്‍ഷങ്ങള്‍, സഹപ്രവര്‍ത്തകരില്‍നിന്നുണ്ടായ കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങള്‍ ഇവയൊക്കെ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ഈ ഗ്രന്ഥരചനയുടെ പിന്നിലെ പ്രേരകശക്തി' (പു.11). ഇവയൊക്കെ വായനക്കാര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം എന്ന സംശയം കാലപരമായി അസാധുവാകുന്നു. മാത്രമല്ല, പ്രാപ്തനും ബുദ്ധിമാനുമായ പൊലീസുദ്യോഗസ്ഥനെന്നു പേരുകേട്ട ഒരാളുടെ ജീവിതമെന്ന അധിക സാധ്യത കൂടിയുള്ളതാണ് അതിനാല്‍ 'നിര്‍ഭയം.' എന്നെ സംബന്ധിച്ചാവട്ടെ, സൂര്യനെല്ലിക്കേസിനായി ഒരധ്യായം തന്നെ മാറ്റിവെച്ചുവെന്നത് ഈ പുസ്തകത്തിലേക്കാകര്‍ഷിക്കപ്പെട്ട സുപ്രധാന ഘടകവുമായിരുന്നു. കാരണം, പ്രസ്തുത കേസന്വേഷിച്ചവരില്‍ നീതി നടപ്പിലാക്കാന്‍ ശ്രമിച്ച ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നതാണ് എന്റെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും. ആ നിലയ്ക്കു പ്രത്യേകിച്ചും ആ കേസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എനിക്ക് അവഗണിക്കാവുന്നതല്ല.

വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ പെണ്‍വാണിഭക്കേസുകള്‍ എന്ന ഒരിനം അടയാളപ്പെടുത്തുന്നത് സൂര്യനെല്ലിക്കേസാണ്. സ്ത്രീപീഡനം, ബലാത്സംഗം എന്നിവയില്‍നിന്നു വ്യത്യസ്തമായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അവളുടെ ശരീരം വിറ്റു കാശാക്കുകയും ചെയ്യുന്ന പെണ്‍വാണിഭക്കേസുകളൂടെ പട്ടികയില്‍ ആദ്യത്തേതാണ് സൂര്യനെല്ലി കേസ്. 1996 ജനുവരി 16 മുതല്‍ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളില്‍ സൂര്യനെല്ലിയില്‍നിന്ന് ഒരു ഒന്‍പതാം കഌസ്സുകാരിയെ കാണാനില്ലാതായി. ജനുവരി 17-നുതന്നെ കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു. 41 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26-നു വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വിവിധ സ്ഥലങ്ങളില്‍ വച്ചു 43 പേര്‍ തന്നെ പീഡിപ്പിച്ച കാര്യം രക്ഷിതാക്കളെ അറിയിക്കുകയും ഫെബ്രുവരി 27-നുതന്നെ കുട്ടിയും രക്ഷിതാക്കളും ഇതു സംബന്ധിച്ച പരാതി പൊലീസിനു നല്‍കുകയും ചെയ്തു. അങ്ങനെയാണ് ഇന്നും അവസാനിച്ചിട്ടില്ലാത്ത സൂര്യനെല്ലി കേസ് 1996-ല്‍ ആരംഭിക്കുന്നത്.
മറ്റെല്ലാ അധ്യായങ്ങളേയും മറികടന്നുകൊണ്ടു ഞാന്‍ മുപ്പതാം അധ്യായമായ സൂര്യനെല്ലി കേസിലേക്ക് (പു.209) കുതിക്കുകയായിരുന്നു.

ഈ കേസിലാണ് സ്ത്രീ പീഡനക്കേസുകളുടെ കാര്യത്തില്‍ ആദ്യമായി സ്‌പെഷല്‍ക്കോടതിയെന്ന ആശയം പ്രായോഗികമായത്. 2000-ല്‍ ഇതു സംബന്ധിച്ചു പുറത്തിറങ്ങിയ വിധി സൂര്യനെല്ലി പെണ്‍കുട്ടിയുടെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെയാകെ അന്തസ്‌സുയര്‍ത്തുന്നതായിരുന്നു. മുന്‍ മാതൃകകളില്ലാത്ത ഈ കേസില്‍ കോട്ടയം സ്‌പെഷല്‍ കോടതിയുടെ വിധി മാതൃകാപരം തന്നെയായിരുന്നു. തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കുറ്റകരമായ ഗൂഢാലോചന നടന്നതായി സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. ബലാത്സംഗങ്ങളുടെ ഒരു ഘട്ടത്തിലും കുട്ടി അതിനു സമ്മതിച്ചിരുന്നില്ലെന്നും കോടതി കണ്ടെത്തി.

'സമ്മത'വും 'കീഴടങ്ങിക്കൊടുക്ക'ലും തമ്മിലുള്ള വ്യത്യാസം കോടതി കൃത്യമായി നിരീക്ഷിച്ചു. അവള്‍ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ രീതിയും പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. ദിവസങ്ങളോളം തലങ്ങും വിലങ്ങും ഇരുപതോളം പ്രതിഭാഗം വക്കീലന്മാര്‍ നിര്‍ദ്ദയം ചോദിച്ചിട്ടും അവളുടെ ഉത്തരങ്ങളില്‍ വൈരുധ്യമുണ്ടായില്ല. "An innocent girl and t ruthful witness'എന്നാണ് കോടതി അവളെ വിശേഷിപ്പിച്ചത്. ഒരാണ്‍കോയ്മാ സമൂഹം അവള്‍ക്കുമേല്‍ ആരോപിച്ച അപവാദങ്ങള്‍ക്കുള്ള മറുപടിയായിട്ടുകൂടിയാണ് കോട്ടയം പ്രത്യേക കോടതി വിധി മാറിയത് എന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

ബലാത്സംഗമെന്നത് ഒരു വ്യക്തിക്കെതിരായ കുറ്റം മാത്രമല്ലെന്നും ഒരു സമൂഹത്തിനാകെ എതിരായ ക്രൂരതയാണെന്നുമായിരുന്നു കോടതിയുടെ വാദം. എന്നാല്‍, കോട്ടയം പ്രത്യേക കോടതിയുടെ ഈ വിധിയുടെ സത്തയ്ക്കു വിപരീതമായി 2005-ല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി പുറത്തുവന്നു. കുട്ടിയേയും കുടുംബത്തേയും സ്വഭാവഹത്യ നടത്തിക്കൊണ്ടു തട്ടിക്കൊണ്ടുപോകല്‍ കുറ്റകരമായ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്നും കുട്ടി സ്വമേധയാ പോയതാണെന്നും ഹൈക്കോടതി കണ്ടെത്തി. മാത്രമല്ല, ബലാത്സംഗം കുട്ടിയുടെ 'സമ്മത' പ്രകാരമുള്ള ലൈംഗിക വേഴ്ചകള്‍ ആയിരുന്നെന്നും വിലയിരുത്തി. കലഹിക്കുന്ന രക്ഷിതാക്കള്‍, കളവു കാണിക്കുന്ന മകള്‍ എന്നിങ്ങനെ കുടുംബത്തിന്റേയും അവളുടേയും സ്വഭാവഹത്യയിലൂടെ കോട്ടയം പ്രത്യേക കോടതി ശിക്ഷിച്ച ധര്‍മ്മരാജന്‍ ഒഴിച്ചുള്ള പ്രതികളെ ബഹുമാനപ്പെട്ട ഹൈക്കോടതി കുറ്റവിമുക്തരാക്കി.

ഹൈക്കോടതിയില്‍ താന്‍ നേരിട്ടു തുറന്നുപറയാന്‍ തയ്യാറാണെന്നവള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ, മേല്‍ക്കോടതികളില്‍ എവിടെയാണ് പരാതിക്കാരിയുടെ സ്ഥാനം? ഇതിനിടയില്‍ അന്നത്തെ എം.പി ക്കെതിരെ കുട്ടി ഉന്നയിച്ച പരാതി വിവിധ തലങ്ങളില്‍ വിദഗ്ദ്ധമായി മായ്ചുകളയപ്പെടുകയോ തള്ളപ്പെടുകയോ ചെയ്തു കൊണ്ടിരുന്നു.

ഇപ്പോഴും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്‍പ്പെട്ട കേസുകൂടിയാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ ഇത്തരം കേസുകള്‍ അട്ടിമറിച്ചതിന്റെ ഒരു ചരിത്രം കൂടി കുറിക്കുന്നുണ്ട് സൂര്യനെല്ലി കേസ്.

ഈ കേസിനോടൊപ്പമാണ് കേരളത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനം ഏറെ ദൂരം സഞ്ചരിച്ചത്. അതില്‍ നിന്നുള്ള അനുഭവങ്ങളിലൂടേയും അറിവുകളിലൂടേയുമായിരുന്നു എന്റെ തലമുറയുടെ സ്ത്രീ സ്വത്വബോധം വികസിച്ചത്. അങ്ങനെ ഒന്നിലേറെ കാരണങ്ങള്‍ കൊണ്ട് സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പായ 'നിര്‍ഭയ'ത്തിലെ മുപ്പതാം അധ്യായമായ സൂര്യനെല്ലി കേസിലേക്ക് ഞാന്‍ ഓടിയെത്തി. അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എന്നെ സംബന്ധിച്ചു വളരെ പ്രധാനമാണെന്ന് എനിക്കനുഭവപ്പെട്ടു.

എന്നാല്‍, ഏറെ അദ്ഭുതകരം എന്നുതന്നെ പറയട്ടെ, 2005 ല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെക്കാള്‍ ക്രൂരമായ പ്രസ്താവങ്ങളാണ് പെണ്‍കുട്ടിയെപ്പറ്റി ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും സ്വഭാവദൂഷ്യം തന്ത്രപരമായി ഉറപ്പിച്ചെടുക്കുകയാണ് 'നിര്‍ഭയ'ത്തിലൂടെ എഴുത്തുകാരന്‍ ചെയ്തതെന്നു കാണാം.
1. പെണ്‍കുട്ടിക്ക് റോസ് എന്ന സാങ്കല്പിക നാമം നല്‍കിയെങ്കിലും പേരൊഴിച്ച് അവളെ തിരിച്ചറിയാന്‍ സഹായകമായ എല്ലാ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്.
അച്ഛന്‍, അമ്മ, സ്ഥലം, വിലാസം, പഠിച്ച സ്‌കൂളുകള്‍ എന്നിങ്ങനെ (പു. 212).
2. ''മൂന്നാം ദിവസം എന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടയില്‍ റോസ് കള്ളച്ചിരിയോടെ മറുപടി പറഞ്ഞു: -ഇല്ല അരുണ്‍ എന്നൊരാളില്ല.' (പു. 213).
അതായതു നുണ പറഞ്ഞതു പൊളിഞ്ഞപ്പോഴാണ് ഇപ്പറയുന്ന ആ 'കള്ളച്ചിരി' ഉണ്ടായത്. അവള്‍ നുണ പറയുന്നവളാകയാല്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാണ് എന്നൊരു സൂചന നല്‍കത്തക്കവിധമാണ് ആ കള്ളച്ചിരി അവതരിപ്പിക്കപ്പെട്ടതെന്നു ശ്രദ്ധേയം.
3. അന്വേഷണ ഉദ്യോഗസ്ഥന്‍ അവളുടെ മനസ്സു തുറന്നു കണ്ടെത്തിയത്, സ്‌കൂളില്‍നിന്നും വീട്ടിലേക്കു വരുമ്പോള്‍ വിജനമായ ഒരു സ്ഥലത്തുവെച്ച് ഒരാളോ ഒന്നിലധികം പേരോ ചേര്‍ന്ന് അവളെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു. ഇതിലൂടെ പുസ്തകം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇതോടെ പഠനത്തില്‍ അവള്‍ക്ക് ഉത്സാഹം നഷ്ടപ്പെട്ടുവെന്നും പെട്ടെന്ന് ഒരാള്‍ക്കു കീഴടങ്ങുന്ന രീതിയിലായി അവളുടെ സ്വഭാവമെന്നും ആണ് (പു. 213).
അതായത് 2005-ലെ കേരളാ ഹൈക്കോടതി വിധിയിലെ 'സമ്മത വാദം' തന്നെ ഒരര്‍ത്ഥത്തില്‍ ഇതാണ്.
4. കമ്പാനിയന്‍ ബസിലെ ക്‌ളീനറായ രാജു 'നമുക്ക് ഊട്ടിയിലേക്കു ടൂര്‍ പോകാം' എന്നു പറഞ്ഞിരുന്നത്രെ (പു. 213). എന്നാല്‍, രാജു കുട്ടിയെ വിവാഹം ചെയ്യാന്‍ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നുവെന്നതിനെ അപ്രസക്തമാക്കിക്കൊണ്ടു കുട്ടി രാജുവിനോടൊപ്പം ഊട്ടിയിലേക്കു ടൂര്‍ പോവുകയായിരുന്നുവെന്ന പ്രതീതിയുണ്ടാക്കുന്ന വിധമാണ് വിവരണം.

കുട്ടിയുടെ അമ്മ പറയുന്നു: ''നീതിക്കുവേണ്ടി ഞങ്ങളെപ്പോലുള്ളവര്‍ ആരെയും സമീപിക്കരുതെന്നാണ് ഞങ്ങള്‍ക്കു കിട്ടിയ പാഠം.'
കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു: ''മകളെ കാണാനില്ലാതായപ്പോള്‍ പോലീസില്‍ പരാതി കൊടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്?'
കല്യാണിക്കുട്ടിക്ക് ഇതു ചോദിക്കാന്‍ മാതാപിതാക്കളും ഭരണഘടനയും പോലീസ് സ്‌റ്റേഷനും കോടതിയും ഉണ്ടായിരുന്നില്ല. സൂര്യനെല്ലി പെണ്‍കുട്ടിക്കു കാലത്തിന്റെ ആനുകൂല്യത്താല്‍ അതൊക്കെയുണ്ട്. പക്ഷേ, അനുഭവത്തില്‍ അവര്‍ക്കെന്തു വ്യത്യാസമായിരിക്കാം ഉണ്ടാവുക. ഒന്ന് ഒരു സാങ്കല്പിക പാത്രവും മറ്റേതു യഥാര്‍ത്ഥ വ്യക്തിയും എന്നതു പരീക്ഷക്കെഴുതാവുന്ന ഉത്തരം മാത്രമാണ്. ആണ്‍കോയ്മാ വ്യവസ്ഥയിലെ പുരുഷനിര്‍മ്മിത സ്ത്രീ മാതൃകകള്‍ അല്ല ഇവരെന്നതാണ് മുഖ്യം. പുരുഷന്‍ തൊടാത്തവളുമാര്‍ എന്ന് ഇവരെ ഞാന്‍ അടയാളപ്പെടുത്തുന്നു. സ്പര്‍ശമെന്നതു ശാരീരിക പ്രകിയ മാത്രമല്ല, അതിനൊരു സാംസ്‌കാരിക തലം കൂടിയുണ്ട്. കന്യകാത്വം, പാതിവ്രത്യം, വേശ്യാത്വം, മാതൃത്വം എന്നീ അവസ്ഥകള്‍ക്കു പുറത്തായിപ്പോയ ഈ ജൈവ മാതൃകയ്ക്ക് ഇപ്പോഴും വ്യവസ്ഥയ്ക്കുള്ളിലേക്കു പ്രവേശിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. കാരണം ഒന്നേയുള്ളു, അവള്‍ മെരുങ്ങിയിട്ടില്ല. അതിനാല്‍ അവളുടെ സമ്മതം എന്തെന്നത് ഇപ്പോഴും സംവാദാത്മകമോ വിവാദാത്മകമോ ആയി തുടരുന്നു. പേരും വിലാസവും ഉണ്ടായിട്ടില്ലാത്ത ഇവള്‍ക്ക് ഒന്നുറക്കെ കരഞ്ഞുകൂടെ?

പുതിയ വരവുകള്‍ പിറവികള്‍ വാവിട്ട കരച്ചിലുകളിലൂടെയാണ്.
5. ഗ്രന്ഥകര്‍ത്താവിനു മറ്റ് ആരോപണവിധേയരുടെ കാര്യത്തില്‍ ഇല്ലാത്ത അസഹിഷ്ണുത എം.പി ആയിരുന്ന/ആയ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ കാര്യത്തില്‍ പ്രകടമാണ്. കുട്ടി അയാളെ തിരിച്ചറിഞ്ഞ രീതിയെ അദ്ദേഹം അവിശ്വസിക്കുന്നു. സ്ഥിരമായി മലയാള മനോരമ വായിക്കുന്ന കുട്ടി മാതൃഭൂമിയില്‍ പടം കണ്ട് ആളെ തിരിച്ചറിഞ്ഞുവെന്നതു തന്നെ അദ്ദേഹത്തിന്റെ ആക്ഷേപത്തിനു ഹേതുവാകുന്നു. ആ കുട്ടിയുടെ തിരിച്ചറിവനുസരിച്ച് അച്ഛന്‍ മുഖാന്തരം പരാതി നല്‍കിയതിലും അപാകതയുണ്ടെന്ന തോന്നലുണ്ടാക്കുന്നു (പു.215). കുട്ടിയുടെ അച്ഛന്റെ സര്‍വ്വീസ് സംഘടന, അന്നത്തെ മുഖ്യമന്ത്രി, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് എല്ലാവരും അന്വേഷണ ഉദ്യോഗസ്ഥന്റെ അവിശ്വാസത്തിന്റെ നിഴലിലാകുന്നതു പ്രസ്തുത എം.പി യുടെ പേര് കുട്ടി ഉച്ചരിച്ചതോടെയാണ്. അഡ്വ. ജനാര്‍ദ്ദനക്കുറിപ്പിന് ഇക്കാര്യത്തില്‍ സിബി മാത്യൂസിനോട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത് ജനാര്‍ദ്ദനക്കുറുപ്പിന്റെ ആത്മകഥയിലും കാണാം. പക്ഷേ, അതു മറ്റൊരു വിധമാണ് പ്രതിഫലിച്ചിരിക്കുന്നതെന്നു മാത്രം. എന്റെ തന്നെ അന്യായങ്ങള്‍ എന്ന പുസ്തകത്തില്‍ ഈ ഭാഗം വിശദീകരിച്ചിട്ടുണ്ട് (പു.4952). അലിബി ശേഖരിച്ച് ആരോപണവിധേയനെ കുറ്റവിമുക്തനാക്കുക ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യതയാണോ എന്നതാണ് അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് ഉന്നയിച്ച പ്രശ്‌നം. പ്രസ്തുത വ്യക്തിയെ കുറ്റവിമുക്തനാക്കാന്‍ വേണ്ടി മാത്രമാണ് സൂര്യനെല്ലി കേസിനെ സംബന്ധിച്ച ഈ അധ്യായം നിബന്ധിച്ചതെന്നു വ്യക്തമാണ്. ആ വ്യഗ്രതയില്‍ കുട്ടിയുടേയും കുടുംബത്തിന്റേയും അന്തസ്സും വിശ്വാസ്യതയും സമൂഹമധ്യത്തില്‍ തകര്‍ത്തുതരിപ്പണമാക്കുകയാണ് ഈ കൃതി. അതിന്റെ സാങ്കേതിക ന്യായങ്ങള്‍ എന്തൊക്കെയായിരുന്നാലും സൂര്യനെല്ലി സംഭവത്തെ സംബന്ധിച്ച് ഒന്നിലേറെ കേസുകള്‍ സുപ്രീം കോടതിയില്‍ വാദം കാത്തുകിടക്കുന്നുണ്ട്. അതിനിടയില്‍ ഈ കേസന്വേഷണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഒരു പൊലീസുദ്യോഗസ്ഥന്റെ പരസ്യമാക്കപ്പെട്ട അഭിപ്രായപ്രകടനങ്ങളാണിവയെന്നതു നിസ്സാരമല്ല. ഇപ്പോള്‍ അദ്ദേഹം ഒരുദ്യോഗസ്ഥനല്ലായിരിക്കാം, സര്‍വ്വീസ് നിയമങ്ങള്‍ ബാധകവുമായിരിക്കില്ല. പക്ഷേ, നിയമം അറിയാവുന്ന ഉത്തരവാദിത്വമുള്ള ഒരു പൗരപദവി ഇപ്പോഴുമുണ്ടല്ലോ. ഏറ്റവും കുറഞ്ഞത് ഒരു മനുഷ്യനെങ്കിലും ആണല്ലോ. ആക്രമിക്കപ്പെട്ടവള്‍ക്കുമേല്‍ ഇത്തരം ക്രൂരമായ ആക്രോശങ്ങളോടെ ചാടിവീഴുന്നത് എന്തിന്റെ ലക്ഷണമാണ്? നേതാവിന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ മരിച്ചുപോയവര്‍ അന്നതു പറഞ്ഞു, അന്നങ്ങനെ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടു എന്നൊക്കെ എഴുതിവയ്ക്കുകയും ചെയ്തിരിക്കുന്നു. ഫലത്തില്‍ ഇത്തരം ഏകപക്ഷീയതകള്‍ സൂര്യനെല്ലി കേസിനോടും പെണ്‍കുട്ടിയോടും ഒരന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യാന്‍ ഒരിക്കലും പാടില്ലാത്ത അനീതി ആയിരിക്കുന്നു. ഇത്ര പേരുകേട്ട ഒരുദ്യോഗസ്ഥന്‍ പോലും ആക്രമിക്കപ്പെട്ട ഒരു സ്ത്രീയെ സമീപിക്കുന്ന രീതി ഇതാണെങ്കില്‍ മറ്റുദ്യോഗസ്ഥരില്‍ നിന്ന് സ്ത്രീ സമൂഹത്തിന് എന്താണ് പ്രതീക്ഷിക്കാനുള്ളത്? ''എന്റെ യാത്ര സത്യത്തിലേക്കുതന്നെ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാന്‍ പ്രവര്‍ത്തിച്ചു' എന്നു പുറംചട്ടയില്‍ അച്ചടിച്ച അക്ഷരങ്ങള്‍ നമ്മെ തുറിച്ചുനോക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com