നാനാര്‍ത്ഥങ്ങള്‍ ചുരത്തുന്ന ഗോഹത്യാ നിരോധനം

കശാപ്പു നിരോധിച്ചുകൊണ്ടു മേയ് 23-നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടേയും ക്ഷീരവ്യവസായത്തിന്റേയും നട്ടെല്ലൊടിക്കും
നാനാര്‍ത്ഥങ്ങള്‍ ചുരത്തുന്ന ഗോഹത്യാ നിരോധനം

►തൃശ്ശൂര്‍–മലപ്പുറം ജില്ലാതിര്‍ത്തിയില്‍ പെരുമ്പിലാവ് എന്നൊരിടമുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളില്‍ അവിടെ കന്നുകാലിച്ചന്ത നടക്കും. സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേര്‍ ഉരുക്കളുമായി അവിടെയെത്തും. കൊമ്പുകളില്‍ ചുവന്ന ചായം തേച്ച തമിഴ്‌നാട്ടിലെ മലമ്പ്രദേശങ്ങളില്‍ നിന്നെത്തുന്ന 'നരച്ച എല്ലിന്‍കൂട്' പോലെയുള്ള (പ്രയോഗത്തിന് ഡൊമിനിക് ലാപിയറോട് കടപ്പാട്) വയസ്സന്‍കാളകള്‍ തൊട്ടു തടിച്ചുകൊഴുത്ത നല്ല കന്നുകുട്ടികള്‍ വരെ അവിടെ കൈമാറ്റം ചെയ്യപ്പെടുകയോ വില്‍ക്കപ്പെടുകയോ ചെയ്യും. കച്ചവടക്കാര്‍ അടുത്ത സ്ഥലത്തേയ്ക്ക് ഇവറ്റകളെ കൂട്ടത്തോടെ റോഡ് മാര്‍ഗ്ഗം നടത്തിക്കൊണ്ടുപോകലാണ് അന്നത്തെ പതിവ്. സ്‌കൂളില്‍നിന്നു കൂട്ടം കൂട്ടമായി വീടുകളിലേയ്ക്കു കാല്‍നടയായി മടങ്ങിപ്പോകുന്ന ഞങ്ങള്‍ കുട്ടികള്‍ക്കു ചന്തയില്‍നിന്നു മടങ്ങുന്ന ഇവറ്റകള്‍ ആദ്യം ഒരു ശല്യമായി തോന്നിയിരുന്നു. അവ റോഡു കൈയടക്കിയാല്‍ പിന്നെ വാഹനങ്ങള്‍ക്കും കന്നുകാലികള്‍ക്കുമിടയ്ക്കു നടന്നുപോകല്‍ തന്നെ പ്രയാസമാകും എന്നതായിരുന്നു കാരണം. പിന്നെപ്പിന്നെ അവറ്റകളെ ഞങ്ങള്‍ ദയവോടെ കാണാന്‍ തുടങ്ങി. വായില്‍നിന്നു നുര വീഴ്ത്തി ആയാസപ്പെട്ടു നടന്നുനീങ്ങുന്ന ക്ഷീണിച്ച അവയുടെ കണ്ണുകളില്‍ തെളിയുന്ന അവശതയും തെളിച്ചുകൊണ്ടുപോകുന്നയാളുടെ വടി ചോരതെറിപ്പിച്ച പാടുകളും കുട്ടികളായ ഞങ്ങളുടെ ഹൃദയത്തെ ദ്രവിപ്പിച്ചുതുടങ്ങി. ആയിടയ്ക്കാണ് പൊന്‍കുന്നം വര്‍ക്കിയുടെ, 'ശബ്ദിക്കുന്ന കലപ്പ' വായിക്കുന്നത്. അതോടെ ആ അലിവ് ഒന്നുകൂടി ഇരട്ടിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കോളേജ് പഠനകാലത്താണ് ആദ്യമായി ബീഫ് കഴിക്കുന്നത്. ആസ്വദിച്ചു കഴിക്കുമ്പോള്‍ ഇടയ്ക്കിടെ ചന്തയില്‍നിന്നു തെളിച്ചുകൊണ്ടുപോകുന്ന ആ മൃഗങ്ങളുടെ ദൈന്യത ഉള്ളില്‍ നീറ്റലുണ്ടാക്കും. ധര്‍മ്മസങ്കടം കൊണ്ടു കരള്‍ കടയും. ഒടുവില്‍ കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നു സമാധാനിക്കും. 
സഹജീവിസ്‌നേഹം രാഷ്ട്രീയനിരപേക്ഷമാണ് എന്ന തോന്നലില്‍നിന്നാണ് ഈവക സങ്കടങ്ങളൊക്കെ ഉണ്ടാകുന്നത്. ജീവിതപ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ കര്‍ഷകന്‍ ഈ സഹജീവി സ്‌നേഹത്തിനുമൊക്കെ മുകളിലായാണ് തന്റെ ജീവിതപ്രശ്‌നങ്ങളെ പ്രതിഷ്ഠിക്കുന്നത് എന്നറിയുമ്പോള്‍ ശരാശരി മധ്യവര്‍ഗ്ഗജീവിയുടെ അനുതാപങ്ങളൊക്കെ എത്ര പൊള്ളയാണെന്നു തിരിച്ചറിയും. ഒരു ഇറച്ചിവെട്ടുകാരനു വെട്ടുന്ന ഉരുവിനെ സ്‌നേഹിക്കാനാകുകയില്ല. അയാളുടെ കുട്ടികളേയും കുടുംബത്തേയും മാത്രമേ സ്‌നേഹിക്കാനാകൂ. കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഹിംസയുടേയും അഹിംസയുടേയും കേവലതത്ത്വങ്ങളെക്കൊണ്ടു നിര്‍ധാരണം ചെയ്യാന്‍ ഒരു കര്‍ഷകനും ആകുകയുമില്ല. കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി-മന്ത്രാലയത്തിന്റെ ഉത്തരവില്‍ തകരാന്‍പോകുന്നത് ഈ കര്‍ഷകജീവിതങ്ങളാണ്. പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഇതിനകം തന്നെ താളം തെറ്റിയ കര്‍ഷകജീവിതത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയടികളാണ് നോട്ടുനിരോധനവും കശാപ്പുനിരോധനവും.  
മനുഷ്യന് അവന്റെ ഭക്ഷണം വിലക്കുന്നു എന്നതാണ് പുതിയ ഉത്തരവിന്റെ ഫലമെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടുള്ള അതിന്റെ ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇറച്ചിവ്യാപാരത്തില്‍ പ്രധാനമായും ഏര്‍പ്പെടുന്ന മുസ്‌ലിങ്ങളേയും തുകല്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ട ദളിതരേയും തൊഴില്‍രഹിതരാക്കുകയും പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്യുകയാണ് സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ അജന്‍ഡയെന്ന് കാഞ്ച ഇളയ്യ പോലുള്ള ദളിത് ചിന്തകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മോദി ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് രൂപംകൊണ്ടതുമുതല്‍ ഈ ലക്ഷ്യംവച്ച് അവരുയര്‍ത്തുന്ന മുദ്രാവാക്യമാണ് ഗോസംരക്ഷണം. മോദിക്ക് ഒറ്റയ്ക്ക് അധികാരത്തിലേറാന്‍ ഭൂരിപക്ഷം കിട്ടിയ സാഹചര്യം മുതലെടുത്തു ഗോസംരക്ഷകസേനകള്‍ ഹിന്ദി ഹൃദയഭൂമിയിലും പശ്ചിമേന്ത്യയിലും അഴിഞ്ഞാടുകയും ചെയ്തുപോരുന്നു. 2015 സെപ്തംബറിലാണ് ബീഫ് ഭക്ഷ്യാവശ്യത്തിനു വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ഗോസംരക്ഷകര്‍ അഖ്‌ലാഖിനെ വധിച്ചത്. പിന്നീടു ക്ഷീരകര്‍ഷകനായ പെഹ്‌ളുഖാനേയും. ഇത്തരത്തില്‍ ആര്‍.എസ്.എസ് ഏതുവിധേനയും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന കാര്യം ഗോവധനിരോധനത്തോടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

പാപ്പിമാര്‍ ഇനി പശുവിനെ തേടില്ല
ദിവസങ്ങള്‍ക്കു മുന്‍പ് ആധാര്‍ കേസില്‍ ഒരു ഇന്ത്യന്‍ പൗരനു തന്റെ ശരീരത്തില്‍ പൂര്‍ണ്ണാവകാശമില്ലെന്നു കേന്ദ്ര ഗവണ്‍മെന്റ് വാദിച്ചിരുന്നു. എന്തൊക്കെ കാര്യങ്ങളിലാണ് അവകാശമില്ലാത്തത് എന്ന ചോദ്യം ആരും ചോദിച്ചുകേട്ടില്ലെങ്കിലും ഒന്നിലും അവകാശമില്ല എന്നതാണ് ഉത്തരമെന്നു തീന്‍മേശയിലെ ഭരണകൂടത്തിന്റെ അജന്‍ഡ തെളിയിക്കുന്നു. എന്നാല്‍, അതു മാത്രമല്ല, ബൊവൈന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ കശാപ്പു നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പ്രത്യാഘാതം. കേന്ദ്രത്തില്‍ ഗോവധനിരോധനം മുദ്രാവാക്യമാക്കിയ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലു തകര്‍ക്കുമെന്നു സാമ്പത്തികവിദഗ്ദ്ധര്‍ പലരും നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കന്നുകാലിസമ്പത്തിനെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് ഗവണ്‍മെന്റിന്റെ വാദം. കന്നുകാലികള്‍ക്കു വില്‍പ്പന മൂല്യം ഇല്ലാതായാല്‍ ആളുകള്‍ പിന്നെയെന്തിനാണ് ഇത്തരം കന്നുകാലികളെ വളര്‍ത്തുന്നത്?
ഭൂമി, ബാങ്കിലെ നിക്ഷേപം എന്നിവപോലെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഓരോ കര്‍ഷക കുടുംബത്തിന്റേയും സമ്പത്ത് കണക്കാക്കുന്നതിനുള്ള മാനദണ്ഡമാണ് കന്നുകാലികള്‍. എത്ര ഭൂമിയുണ്ട് എന്ന ചോദ്യം പോലെ പരമപ്രധാനമാണ് കര്‍ഷകനെ സംബന്ധിച്ചിടത്തോളം എത്ര പശുവുണ്ട് എന്ന ചോദ്യവും. കന്നുകാലികളുടെ എണ്ണവും ധനസ്ഥിതിയുടെ അളവാണ്. നിലം ഉഴാനും പാലിനും വേണ്ടി മാത്രമല്ല, അവ കര്‍ഷകനു പ്രയോജനപ്പെടുന്നത്. ആവശ്യഘട്ടങ്ങളില്‍ അവയെ വിറ്റു പ്രതിസന്ധി മറികടക്കുകയും ചെയ്യാം. വീടുപണിയാനും മക്കളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങളുള്‍പ്പെടെയുള്ള അടിയന്തരാവശ്യങ്ങള്‍ക്കു കൃഷിക്കാരന്‍ പണം കണ്ടെത്തുന്നത് പലപ്പോഴും ഉരുക്കളെ വിറ്റിട്ടാണ്. ഗ്രാമച്ചന്തകളില്‍ നികുതിയില്ല. മറ്റു വിലക്കുകളുമില്ല. സ്വാഭാവികമായും പണിയെടുപ്പിക്കാനുള്ള ശേഷിയും പാലും കുറയുന്ന അവസാന ഘട്ടത്തില്‍ ഇറച്ചി വിലക്കുവില്‍ക്കാം.
കേരളത്തില്‍ ഇറച്ചി ആവശ്യത്തിനു വില്‍ക്കുന്ന പശുവിന് ഏതാണ്ട് 20,000 രൂപ വരും. പോത്തിനു 40,000 രൂപയും. വില്‍ക്കാനാവാതെ വളര്‍ത്തുന്നയാള്‍ക്കു ഭാരമാകാന്‍ പോകുന്ന പശുവിനെ ആരാണ് വളര്‍ത്തുക? കാലിത്തീറ്റ വ്യവസായം, നെല്‍ക്കൃഷി, ക്ഷീരവ്യവസായത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ സൊസൈറ്റികള്‍ എന്നിവയെ പുതിയ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കും. ഇപ്പോഴേ അവതാളത്തിലായ ധാന്യക്കൃഷിയും പാടേ നിലക്കും. ഗ്രാമീണ ജീവിതം പൂര്‍ണ്ണമായും താളംതെറ്റും.
പൊതുവെ കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണെങ്കിലും അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതു കാളകള്‍, കിടാരികള്‍, പശുക്കള്‍, പോത്ത്–എരുമകള്‍ എന്നീ മൃഗങ്ങളെ വളര്‍ത്തുന്നവരെയാണ്. പുതിയ നിയമപ്രകാരം രാജ്യത്തെ എല്ലാ കന്നുകാലിച്ചന്തകളും ഗവണ്‍മെന്റിന്റെ കര്‍ശന നിയന്ത്രണത്തില്‍ വരും. ഓരോ കന്നുകാലിച്ചന്തയ്ക്കും ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നു പറയുന്ന ഒരു സംവിധാനം മേല്‍നോട്ടത്തിനുണ്ടാകും. തഹസില്‍ദാര്‍, ഫോറസ്റ്റ് റേഞ്ചര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍, വെറ്റ്‌റിനറി ഓഫീസര്‍ എന്നിവരുള്‍പ്പെടുന്നതാകും ഈ കമ്മിറ്റി. ഓരോ പ്രദേശത്തേയും കന്നുകാലിച്ചന്തകളെ നിയന്ത്രിക്കാന്‍ ജില്ലകള്‍ തോറും ഒരു മേല്‍കമ്മിറ്റിയുമുണ്ടായിരിക്കും. പുതിയ നിയമപ്രകാരം കാളകള്‍, കാളക്കുട്ടന്‍മാര്‍, പശുക്കള്‍, എരുമ–പോത്ത്, ഇവയുടെ കിടാങ്ങള്‍, വിത്തുകാളകള്‍, പശുക്കിടാങ്ങള്‍ എന്നിവയാണ് ഈ ഉത്തരവുപ്രകാരം കന്നുകാലികള്‍ എന്ന ഗണത്തില്‍ പെടുന്നത്. മേല്‍പ്പറഞ്ഞ നിയന്ത്രിത കന്നുകാലിച്ചന്തകളില്‍നിന്നു കശാപ്പു ചെയ്യാന്‍ ഇവയെ വാങ്ങാന്‍ സാധ്യവുമല്ല. എന്നാല്‍, ഇത്തരം മൃഗങ്ങളെ നിങ്ങള്‍ക്കു വാങ്ങുകയും വില്‍ക്കുകയും ആകാം. കൃഷിപ്പണിയും കന്നുകാലിവളര്‍ത്തലും വ്യാവസായികാടിസ്ഥാനത്തില്‍ കൊണ്ടുനടക്കുന്ന ഒരാളെങ്കില്‍-agricultaralist ആണെങ്കില്‍. അതായതു നമ്മുടെ നാട്ടിലൊക്കെ ഉള്ളതുപോലെ കുറച്ചുഭൂമിയും ഒന്നോ രണ്ടോ പശുക്കളോ കാളകളോ ഉള്ള കൃഷിക്കാരനു (farmer) ഇനി പഴയപോലെ കാലിവളര്‍ത്തല്‍ പറ്റില്ലെന്നര്‍ത്ഥം. അവിടേയും തീരുന്നില്ല നിബന്ധനകള്‍. ഈ അഗ്രിക്കള്‍ച്ചറലിസ്റ്റു തന്നെ കന്നുകാലിയെ വാങ്ങുന്നതിനു മുന്‍പു മേല്‍പ്പറഞ്ഞ കമ്മിറ്റിക്ക് ഇതു കശാപ്പിനല്ലെന്നു കാണിച്ചു രേഖാമൂലം എഴുതി നല്‍കണം. ഇതു മറിച്ചുവില്‍ക്കുന്നതിനല്ലെന്നും ഉറപ്പുനല്‍കണം. പുറമേ ഭൂമിക്കു നികുതി അടച്ച രേഖയോ ആധാരമോ ഹാജരാക്കുകയും വേണം. പഴയപോലെ മറ്റു കൃഷിപ്പണികള്‍ക്കു പോകും മുന്‍പായി രാവിലെ നേരത്തെ എഴുന്നേറ്റു പശുവിനെ കറന്ന് ആവശ്യക്കാര്‍ക്കോ സൊസൈറ്റിക്കോ എത്തിച്ചു ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ പൊരുതാം എന്നു കൃഷിക്കാരന്‍ കരുതേണ്ടെന്ന് അര്‍ത്ഥം. 
മേയ് 23-നു പരിസ്ഥിതി–വനം മന്ത്രാലയം പുറപ്പെടുവിച്ച ഈ ഉത്തരവ് ആത്യന്തികമായി ഇറച്ചി വിപണിയെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത്. ശീതീകരിച്ച ടിന്‍ ഇറച്ചി യൂറോപ്പിലേയും അമേരിക്കയിലേയും ഇന്ത്യക്കാര്‍ക്കെത്തിക്കാന്‍ അവര്‍ ഇന്ത്യയില്‍ത്തന്നെ സംവിധാനം ഉണ്ടാക്കിയെന്നും വരാമെന്നു മാത്രമല്ല, ഈ നിരോധനത്തിന്റെ ഫലം. ഒരു ശരാശരി ക്ഷീരകര്‍ഷകന്‍ തന്റെ വരുമാനത്തിന്റെ അറുപതുശതമാനം മാത്രമാണ് പാലും പാലുല്‍പ്പന്നങ്ങളും വിറ്റു കണ്ടെത്തുന്നത്. കറവ വറ്റി പ്രായാധിക്യം ബാധിച്ചാല്‍ അവയെ വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കര്‍ഷകനില്ല. അമ്മിണിയെന്നോ കിങ്ങിണിയെന്നോ വിളിപ്പേരിട്ട് എത്ര ഓമനിച്ചുവളര്‍ത്തിയതായാലും പിന്നെ അവയെ ഇറച്ചിച്ചന്തയില്‍ എത്തിക്കുകയല്ലാതെ കര്‍ഷകനു മറ്റൊരു നിര്‍വ്വാഹവുമില്ല. ഏതായാലും കന്നുകാലിച്ചന്തയില്‍ അവയെ ഇറച്ചിവിലയ്ക്ക് എത്തിക്കാനാകാത്ത അവസ്ഥ സംജാതമായാല്‍ ക്ഷീരകര്‍ഷകര്‍ പതിയപ്പതിയെ രംഗം വിടാന്‍ തുടങ്ങുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. എല്ലാ ഇന്ത്യക്കാര്‍ക്കും പോഷകാഹാരം ലഭ്യമല്ലെങ്കിലും ഒഴുക്കിക്കളയാന്‍ മാത്രം പാലുല്‍പ്പാദിപ്പിക്കാന്‍ രാജ്യത്തിനെ സാധ്യമാക്കിയ ധവളവിപ്‌ളവത്തിന് അടിത്തറയായി പ്രവര്‍ത്തിച്ചത് ഈ കര്‍ഷകസമൂഹമാണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. പാലുല്‍പ്പാദനത്തില്‍ ഇന്ത്യ പിറകോട്ടുപോയാല്‍ അതു മുതല്‍ക്കൂട്ടാകാന്‍ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര പാല്‍പ്പൊടി നിര്‍മ്മാണ കമ്പനികള്‍ക്കായിരിക്കും എന്നു സമര്‍ത്ഥിക്കാന്‍ ഉദ്ധരണികള്‍ തിരയേണ്ട ആവശ്യമില്ല. 
സത്യന്‍ അന്തിക്കാട് സിനിമയിലെ പശുവിനെ കളഞ്ഞ പാപ്പിമാര്‍ ഇനി കളഞ്ഞുപോയാലും പശുവിനെ തേടില്ല. കശാപ്പു നിരോധിച്ചുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള കഴിഞ്ഞകാല അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. 

മഹാരാഷ്ട്രയിലെ അനുഭവം
രാജ്യത്തെ മറ്റു പലയിടങ്ങളിലുമെന്നപോലെ മഹാരാഷ്ട്രയിലും പശു ഗോമാതാവാണ്. അവയെ കശാപ്പു ചെയ്യുന്നതു നിയമം മൂലം നിരോധിച്ചതാണ്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ ബീഫ് വിപണിയില്‍ ഏറ്റവും കൂടുതലെത്തുന്നതു പോത്തിറച്ചിയാണ്. അതുകൊണ്ടുതന്നെ ആളുകള്‍ ഊഹിക്കുക ഇപ്പോള്‍ത്തന്നെ പെരുകിയ ഗോക്കളുടെ സംഖ്യ ഇതിനകം ഒന്നു കൂടി വര്‍ധിക്കുകയും പോത്തിന്റേതു കുറയുകയും ചെയ്തിട്ടുണ്ടാകും എന്നാണ്. 
1961 മുതല്‍ 2012 വരെ ഗോക്കളുടെ സംഖ്യ 156,632 വര്‍ധിച്ചു. 1.02 ശതമാനം. എരുമ/പോത്ത് എന്നിവയുടെ സംഖ്യ രണ്ടര ദശലക്ഷം വര്‍ധിച്ചു. 81.22 ശതമാനം. (കണക്കുകള്‍ക്ക് ഇന്ത്യാ സ്‌പെന്‍ഡിനോടു കടപ്പാട്)
കന്നുകാലി (എരുമ/പോത്ത് ഒഴികെ) വധം നിരോധിച്ച 24 സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര (2013–ല്‍ നിയമം കുറച്ചുകൂടി വിശാലമാക്കി). കന്നുകാലിവളര്‍ത്തലിനെ നിരുത്സാഹപ്പെടുത്തുന്നതാണ് കശാപ്പിന്‍മേലുള്ള നിരോധനം എന്ന വസ്തുതയെയാണ് മഹാരാഷ്ട്രയിലെ അനുഭവങ്ങള്‍ വെളിവാക്കുന്നത്. കണക്കുകള്‍ 2012-ലേതാണെങ്കിലും അന്നത്തെ മഹാരാഷ്ട്രയിലെ കാള–പശു അനുപാതവും പോത്ത്–എരുമ അനുപാതവും പരിശോധിക്കുന്നത് എങ്ങനെയാണ് കശാപ്പുനിരോധനം കന്നുകാലിവളര്‍ത്തലിനെ നിരുത്സാഹപ്പെടുത്തുന്നത് എന്നു വെളിവാക്കും. 58% : 47% ആയിരുന്നു കാള–പശു സംഖ്യാ വര്‍ധനയിലെ അനുപാതം. ഇത് എല്ലായ്‌പോഴും ഈ നിലയില്‍ തുടരുന്ന ഒന്നാണ്. അതേസമയം എട്ട് ശതമാനവും 18 ശതമാനവുമായിരുന്നു പോത്ത്–എരുമ അനുപാതം. ഒരിക്കലും പോത്തുകളുടെ സംഖ്യയിലെ വര്‍ധന 20 ശതമാനം എന്നു രേഖപ്പെടുത്തിയിട്ടില്ല. ഈ വ്യത്യസ്തതയാണ് ലാഭദായകത്വത്തെ നിര്‍ണ്ണയിക്കുന്നത്. ഈ വ്യത്യസ്തത തന്നെയാണ് ദുര്‍ലഭ വിഭവങ്ങളായ വെള്ളവും പുല്ലും വൈക്കോലും അടങ്ങുന്ന കാലിത്തീറ്റയുമെല്ലാം ഏറ്റവും ലാഭം നല്‍കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കു കിട്ടുന്നു എന്ന് ഉറപ്പുവരുത്തുന്നത്. ഗോവധനിരോധനമില്ലാതിരുന്ന കാലത്തും ഉല്‍പ്പാദനക്ഷമതയില്ലാത്ത പശു/കാളകളെ ഇറച്ചിക്കുവേണ്ടി വില്‍ക്കുന്നതില്‍ അവിടത്തെ കര്‍ഷകര്‍ തല്‍പ്പരരല്ലായിരുന്നു.

അതേസമയം ഗോവധത്തിനു മതബോധം എതിരുനിന്നതുകൊണ്ട് മഹാരാഷ്ട്രയില്‍ അതത്ര വ്യാപകവുമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഉപയുക്തത നഷ്ടപ്പെടുന്ന കാളകളുടെ സംഖ്യ വര്‍ധിക്കുന്നതിനനുസരിച്ചു കൂടുതല്‍ പശുക്കളെയോ കാളകളെയോ വളര്‍ത്തുന്നതില്‍ കൃഷിക്കാര്‍ താല്‍പ്പര്യമെടുക്കാതെയായി. ഉല്‍പ്പാദനക്ഷമത നഷ്ടപ്പെട്ട കന്നുകാലികള്‍ (unproductive cattle) ഒരു ബാധ്യതയാണ്. ചെലവു വര്‍ധനയ്ക്ക് ഇടവരുത്തിയും വിഭവങ്ങള്‍ പാഴാക്കിയും ഉല്‍പ്പാദനക്ഷമതയുള്ള കൂടുതല്‍ കന്നുകാലികളെ വാങ്ങുന്നതിനു നിരുത്സാഹപ്പെടുത്തിയും അവ ക്ഷീരവ്യവസായത്തിന്റെ വളര്‍ച്ചയ്ക്കു വിലങ്ങുതടിയാകുന്നു. കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 1997-നു ശേഷം കന്നുകാലികളുടെ വര്‍ധനയില്‍ പൊതുവേ കുറവു വന്നിട്ടുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി മേച്ചില്‍പ്പുറങ്ങള്‍, വനങ്ങള്‍ എന്നിവയില്‍ കുറവു വന്നതാണ് ഇതിനു കാരണമായി എടുത്തുപറയേണ്ട ഒരു വസ്തുത. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയതുപോലെ ദാരിദ്ര്യത്തിനെതിരെയുള്ള ബഫറായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഘടകമായ കന്നുകാലി സമ്പത്തിന് (livestock) അതിന്റെ ക്ഷമത (potency) ഉദാരവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ നഷ്ടപ്പെട്ടിരുന്നു. കശാപ്പുനിരോധനത്തോടെ ഈ ക്ഷമതാനഷ്ടം പൂര്‍ണമാകുകയും ചെയ്യും. ഉല്‍പ്പാദനക്ഷമതയില്ലാത്ത കന്നുകാലികളെ കൊന്നുകളയേണ്ട (culling) ആവശ്യകത ഇതുകൊണ്ടുതന്നെയാണ് ധവളവിപ്‌ളവത്തിന്റെ ശില്‍പ്പി വര്‍ഗ്ഗീസ് കുര്യന്‍ എടുത്തുപറഞ്ഞത്.

സ്ത്രീശാക്തീകരണത്തിനു തടസ്സം
ഇന്ത്യയിലെ 50 ശതമാനത്തിലധികം വീടുകളിലും കന്നുകാലി വളര്‍ത്തലുണ്ട്. പ്രത്യേകിച്ചും പശുക്കളെയോ കാളകളെയോ. പശുവില്‍നിന്നും എരുമയില്‍നിന്നും കറന്നെടുക്കുന്ന പാല്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ അധികം വരുന്നതു വിറ്റു വരുമാനം കണ്ടെത്തുകയോ ചെയ്യുന്നു. മിക്കപ്പോഴും ഒരു നഷ്ടക്കച്ചവടമായോ കുറഞ്ഞ ലാഭം തരുന്ന ഒന്നായോ പരിണമിക്കുന്ന ഒന്നാണ് ഈ സ്ത്രീ സംരംഭങ്ങള്‍ എന്നു പഠനങ്ങള്‍ പറയുന്നു. അവ ഫലത്തില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള ഫണ്ടിലേക്കു കാര്യമായൊന്നും സംഭാവന ചെയ്യുന്നില്ല. എന്നിട്ടും കന്നുകാലി വളര്‍ത്തലിനു വീട്ടിടങ്ങളില്‍ സ്ത്രീകള്‍ താല്‍പ്പര്യമെടുക്കുന്നതെന്തുകൊണ്ടാണെന്നു സാമ്പത്തികവിദഗ്ദ്ധര്‍ പലപ്പോഴും ഉന്നയിച്ചിട്ടുള്ള ചോദ്യമാണ്. തൊഴില്‍ക്കമ്പോളത്തിന്റെ പ്രത്യേകത ആണ് ഇതിന് ഉത്തരമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വസ്തുത. അന്താരാഷ്ട്ര തൊഴില്‍ സംഘടന(ILO)യുടെ കണക്കുകളനുസരിച്ചു തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തം ഇന്ത്യയില്‍ 29 ശതമാനം മാത്രമാണ്. തൊഴില്‍രംഗത്തെ ലിംഗവിവേചനവും മറ്റു പ്രതികൂല ഘടകങ്ങളും കണക്കിലെടുത്തു സ്ത്രീകള്‍ പൊതുവേ കൃഷി–കന്നുകാലി വളര്‍ത്തല്‍, കരകൗശലവിദ്യ, അടിസ്ഥാന നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയ ചില മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

രാജ്യത്തെ യാഥാസ്ഥിതിക സാമൂഹ്യപശ്ചാത്തലം തൊഴില്‍രംഗത്തെ സ്ത്രീപങ്കാളിത്തത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഈ ഒരവസ്ഥയില്‍ സ്ത്രീ സമൂഹം ഒരു ബദല്‍ വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ ആശ്രയിക്കുന്ന ഒന്നാണ് കന്നുകാലി വളര്‍ത്തല്‍. ക്ഷീരവ്യവസായത്തില്‍ അന്‍പതു മുതല്‍ അറുപതുശതമാനം വരെയാണ് പാല്‍വില്‍പ്പനയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനം. നാല്‍പ്പതുശതമാനം വരുമാനം നല്‍കുന്നത് ഇറച്ചിയും തുകലുമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ ഉത്തരവോടെ ഉല്‍പ്പാദനക്ഷമതയില്ലാത്ത കന്നുകാലികളെ വളര്‍ത്താന്‍ ഇപ്പോള്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍ പിന്നീട് ഈ തൊഴിലിനെ ആശ്രയിക്കാതാകുമെന്ന് ഉറപ്പാണ്. 
നമ്മുടെ ഭരണഘടനപ്രകാരം കന്നുകാലികള്‍ സംസ്ഥാനവിഷയമാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഇതു സംബന്ധിച്ച പുതിയ നിയമം കൊണ്ടുവന്നത് എന്ന ആക്ഷേപമുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ചു ജനുവരിയില്‍ത്തന്നെ കേന്ദ്രഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായും പറയുന്നു. കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തില്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തിന് എതിരെയുള്ള നടപടിയാണ് ഇതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ജീവിതത്തിന്റെ സമസ്ത തലങ്ങളിലും അധികാരത്തിന്റെ പിടിമുറുകുന്ന ഈ സന്ദര്‍ഭത്തില്‍ കശാപ്പുനിരോധനത്തിന്റെ സാമ്പത്തിക പ്രാധാന്യങ്ങളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com