മലയോരത്തെ മാടുകള്‍; ഞങ്ങളുടെ ആഹഌദങ്ങള്‍

നാലഞ്ചുകിലോ നല്ല ഇറച്ചിയെടുത്ത് ഉപ്പും മഞ്ഞളും ചേര്‍ത്തു പാളയില്‍ മുറുക്കിക്കെട്ടി ചോരവാര്‍ന്നുപോകാന്‍ ചെറു കത്തിത്തുളയിട്ടു കലവറമുറിയില്‍ കെട്ടിത്തൂക്കും. വ്യാഴാഴ്ചത്തെ സല്‍ക്കാരത്തിനു വേണ്ടിയാണ്
മലയോരത്തെ മാടുകള്‍; ഞങ്ങളുടെ ആഹഌദങ്ങള്‍

വിനോയ് തോമസ്

►മലയോരത്തെ പഴയ കല്യാണങ്ങളെക്കുറിച്ചാണ്. പെണ്ണുകാണലും അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവും ഉറപ്പീരും കഴിഞ്ഞാല്‍ പെണ്‍വീട്ടുകാര്‍ കുറച്ചു രൂപയുണ്ടാക്കി വള്ളിത്തോട് ചന്തയില്‍പ്പോയി തങ്ങള്‍ക്കു പറ്റിയ വലിപ്പത്തിലുള്ള ഒരു പോത്തിനെ പിടിക്കും. പെണ്‍വീട്ടില്‍ നടക്കുന്ന ഒത്തുകല്യാണത്തിനാണത്. ഒത്തുകല്യാണം കഴിഞ്ഞാണ് ചെറുക്കന്‍ വീട്ടുകാര്‍ പോത്തിനെ വാങ്ങുന്നത്. എങ്ങനെയായാലും പോത്തിനെ വാങ്ങുന്നതോടുകൂടിയാണ് കല്യാണം നടക്കും എന്നു നാട്ടുകാര്‍ ഉറപ്പിക്കുന്നത്. കല്യാണം കൊഴുപ്പിക്കാന്‍ വീട്ടിലെത്തിയിരിക്കുന്ന പോത്തിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും ഉടവുതട്ടാതെ മെഴുപ്പിച്ചെടുക്കുന്നതും പിള്ളേരുടെ പണിയാണ്. ഒന്നുരണ്ടാഴ്ചത്തെ സുഖവാസത്തിനു ശേഷമാണ് പോത്ത് ഏതെങ്കിലും ഒരു കശുമാവിന്‍ചുവട്ടില്‍ തെങ്ങോലവെട്ടിയിട്ട മെത്തയിലേക്ക് ഇറച്ചിയായി കിടക്കാന്‍ പോകുന്നത്. 

മിക്കവാറും കല്യാണങ്ങള്‍ തിങ്കളാഴ്ചയായിരിക്കും. അങ്ങനെയാണെങ്കില്‍ ഞായറാഴ്ച രാവിലെ കശാപ്പു നടക്കും. അവിടുത്തെ കശാപ്പുകാര്‍ക്കു സിനിമയിലും സാഹിത്യത്തിലും കാണുന്ന ഇറച്ചിവെട്ടുകാരന്റെ രൂപഭാവങ്ങളൊന്നുമില്ല. കാരണം ഒരുമാതിരി എല്ലാ ആണുങ്ങള്‍ക്കും കശാപ്പറിയാമായിരുന്നു. കല്യാണസദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട അംശമായതിനാല്‍ കശാപ്പും ഇറച്ചിനുറുക്കലുമൊക്കെ വളരെ ശ്രദ്ധയോടെ വൃത്തിയായാണ് ചെയ്തിരുന്നത്.

പോത്തിന്റെ കരള്, ചങ്ക്, മാങ്ങ, പതപ്പ തുടങ്ങിയ ആന്തരികാവയങ്ങള്‍ അന്നുച്ചയ്ക്കു കശാപ്പിനു കൂടിയവര്‍ക്കും മറ്റു ദേഹണ്ഡക്കാര്‍ക്കുമായി കറിവെച്ചു കൊടുക്കും. എല്ല്, വയറ്റുപാട, കച്ചറപിച്ചറ വരുന്ന ഇറച്ചിയെല്ലാം ചേര്‍ത്തു വൈകുന്നേരം കപ്പ ബിരിയാണിവയ്ക്കും. ഏറ്റവും അടുത്ത ബന്ധുക്കളും അയല്‍ക്കാരും മാത്രം പങ്കെടുക്കുന്ന ഞായറാഴ്ചകല്യാണത്തിന്റെ പ്രധാന ആകര്‍ഷണം ഈ കപ്പബിരിയാണിയാണ്.

ചില ത്യാഗസന്നദ്ധരായ ആളുകളുടെ കഷ്ടപ്പാടിലൂടെ വൃത്തിയാക്കിയെടുത്ത ബോട്ടി കറിവെച്ചതും സ്വന്തമായി കലര്‍പ്പില്ലാതെ വാറ്റിയെടുത്ത നാടനും മുതിര്‍ന്ന ആണുങ്ങള്‍ക്കും ചുരുക്കം ചില അമ്മച്ചിമാര്‍ക്കും അതീവ രഹസ്യമായി കിട്ടിയിരുന്നു എന്നതും ആ രാത്രി കല്യാണങ്ങളെ ആഹ്‌ളാദകരമായി മാറ്റിയിരുന്നു. കിട്ടാത്ത ചിലരുടെ പരാതികളും പരിഭവങ്ങളും നെയ്മണം പോലെ തിങ്കളാഴ്ച പകലിലുണ്ടാകും.
നാലു കുറകുകളും വാന്തെറച്ചിയും ഉപ്പും മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും തേച്ചു തിങ്കളാഴ്ചകല്യാണത്തിനു മാറ്റിവയ്ക്കും. നാലഞ്ചുകിലോ നല്ല ഇറച്ചിയെടുത്ത് ഉപ്പും മഞ്ഞളും ചേര്‍ത്തു പാളയില്‍ മുറുക്കിക്കെട്ടി ചോരവാര്‍ന്നുപോകാന്‍ ചെറു കത്തിത്തുളയിട്ടു കലവറമുറിയില്‍ കെട്ടിത്തൂക്കും. വ്യാഴാഴ്ച നടക്കുന്ന സല്‍ക്കാരത്തിനുവേണ്ടിയാണത്. നാലാം ദിവസവും കേടുപറ്റാത്ത ആ ഇറച്ചികൂട്ടുന്ന രുചി ഇന്നത്തെ ഫ്രീസര്‍ ഇറച്ചിക്കില്ലെന്ന് എന്റെ അപ്പന്‍ പറയാറുണ്ട്. 

മലയോരത്തെ കല്യാണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിന്റെ മൊത്തം ചുമതല കാറ്ററിങ്ങുകാര്‍ക്കായി. ഞായറാഴ്ച രാത്രിയിലെ കല്യാണങ്ങള്‍ വലിയ ആള്‍ക്കൂട്ടത്തിന്റേതായി. രഹസ്യമായി നടന്ന എളിയ ലഹരിസേവ ഫെലോഷിപ്പുകള്‍ എന്ന പൊങ്ങച്ചക്‌ളബ്ബ് രീതിയിലേക്കായി. പെണ്ണിനേയും ചെറുക്കനേയും കാണാതെ കല്യാണം കൂടിപ്പോകുന്നവര്‍ ഉണ്ടായി. കല്യാണങ്ങള്‍ അതിനായി ഒത്തുകൂടുന്നവരുടെ മനസ്സില്‍ ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോകാന്‍ തുടങ്ങി.

എങ്കിലും പരമ്പരാഗത രീതിയില്‍ പോത്തുകല്യാണം നടത്തുന്ന രണ്ടുകൂട്ടര്‍ ഇപ്പോഴുമുണ്ട്. ഒന്ന്, വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ കാറ്ററിങ്ങുകാര്‍ക്കു പണം കൊടുക്കാനില്ലാതെ വരുമ്പോള്‍ ചെലവുചുരുക്കി കല്യാണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍. രണ്ട്, വലിയ സാമ്പത്തിക സൗകര്യങ്ങളുണ്ടായി സുഖസൗകര്യങ്ങളില്‍ മടുപ്പുതോന്നി പഴയകാലത്തെ ഗൃഹാതുരമായ അനുഭവങ്ങളെ പുനഃസൃഷ്ടിക്കാന്‍ കൊതിക്കുന്നവര്‍. രണ്ടുകൂട്ടരും ഇനി എന്തുചെയ്യും?

ഈ രണ്ടു കൂട്ടരുടേയും ക്ഷണിതാക്കളായി എത്തി എന്തെങ്കിലുമൊക്കെ മനസ്സില്‍ സൂക്ഷിക്കാനുള്ള വിവാഹാഘോഷം കൂടാം എന്നു പ്രതീക്ഷിക്കുന്ന കുറേ ആളുകളുണ്ടാകുമല്ലോ, അവരെന്തുചെയ്യും? മാളുകളില്‍ മരവിപ്പിച്ചുവെച്ചിരിക്കുന്ന ഇറച്ചിയും എല്ലും വാങ്ങി പാചകക്കച്ചവടക്കാര്‍ ഉണ്ടാക്കുന്ന കപ്പബിരിയാണിക്കും ഇറച്ചിക്കറിക്കും താങ്ങാന്‍ പറ്റാത്ത വിലയായതിനാല്‍ മലയോരത്ത് ഇനി ഞായറാഴ്ച കല്യാണങ്ങള്‍ വേണ്ട എന്നു വെക്കാനായിരിക്കും സാധാരണക്കാര്‍ തീരുമാനിക്കുന്നത്.

കല്യാണങ്ങള്‍ അവിടെ നില്‍ക്കട്ടെ. മഴക്കാലങ്ങളെക്കുറിച്ചാലോചിച്ചാലോ. പണ്ടു മലയോരത്തെ മഴക്കാലങ്ങള്‍ പട്ടിണിയുടേതായിരുന്നു എന്ന് ആരോടും പറയേണ്ടതില്ല. ചക്കയൊക്കെ തീരും. വാട്ടിയുണക്കി വച്ചിരിക്കുന്ന കപ്പയാണ് കെളയ്ക്കാനും പണിയാനും പോകാനുള്ള ഇന്ധനം. അതിനു ചുട്ടുകൂട്ടാന്‍ ഉണക്കമത്തിയും. ഇങ്ങനെ വിരസവും പോഷകരഹിതവുമായി ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ ശരീരം തന്നെ പറയും ഇറച്ചി വേണമെന്ന്.

അങ്ങനെയാണ് അയല്‍പക്കക്കാരെല്ലാവരും കൂടി ഒരു ഉരൂനെ പങ്കിടാന്‍ തീരുമാനിക്കുന്നത്. പത്തോ പതിനഞ്ചോ കുടുംബങ്ങള്‍ കൂടിച്ചേര്‍ന്നാണ് പങ്കുവെയ്പ്. ചിലപ്പോള്‍ ആരെങ്കിലും വളര്‍ത്തുന്ന കന്നുകാലിയായിരിക്കും അല്ലെങ്കില്‍ കുടകിലെ കര്‍ഷകരോടു വാങ്ങുന്നതായിരിക്കും. എന്തായാലും ഉരുവിന്റെ എല്ലാ ശരീരഭാഗങ്ങളും തുല്യമായി പങ്കുവയ്ക്കും. തലയും ബോട്ടിയും ലേലം വിളിക്കും. ആ തുകയും തുകല്‍ വിറ്റു കിട്ടുന്ന മുതലുമാണ് കശാപ്പിന്റെ പണിക്കൂലിയായി എടുക്കുന്നത്.

ഒരു വീട്ടുകാര്‍ക്ക് ഒരാഴ്ചത്തേക്കു തിന്നാനുള്ള ഇറച്ചി പങ്കുകശാപ്പിലൂടെ കിട്ടും. കുറച്ച് ഇറച്ചി അടുപ്പിനു മുകളിലുള്ള ചേരിന്‍തട്ടിലിട്ട് ഉണക്കിവയ്ക്കും. പങ്കുകശാപ്പു നടന്നിരുന്നതു കൊണ്ട് ഉരുവിന്റെ എല്ലാ ശരീരഭാഗങ്ങളും തിന്നാനുള്ള അവസരം ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. 
കൊറിയന്‍ സിനിമ 'വേഹോമി'ലെ നാട്ടിന്‍പുറത്തുകാരിയായ മുത്തശ്ശി പഴയ വീട്ടില്‍വെച്ചു നഗരത്തില്‍നിന്നു വന്ന കൊച്ചുമകന്റെ പിടിവാശികൊണ്ടു കെന്റക്കിചിക്കന്‍ ഉണ്ടാക്കിക്കൊടുക്കുന്ന രംഗം കണ്ടപ്പോള്‍ എന്റെ അമ്മ സൂപ്പുണ്ടാക്കുന്നതാണ് എനിക്ക് ഓര്‍മ്മവന്നത്. മഴയങ്ങു കൊണ്ടുപിടിക്കുമ്പോളാണ് അമ്മ സൂപ്പിന്റെ കാര്യം ഓര്‍ക്കുന്നത്.

പോത്തിന്റെ കാല് വെട്ടിയറഞ്ഞ് ഒരു കലത്തില്‍ ധാരാളം വെള്ളമൊഴിച്ചു വേവിക്കും. നാലഞ്ചു മണിക്കൂര്‍ വേകണം. പിന്നെ ആ വെള്ളം ഊറ്റിയെടുത്ത് അതിലേക്കു ചുവന്നുള്ളിയും കറിവേപ്പിലയും എണ്ണയില്‍ മൂപ്പിച്ചതുമിട്ട് അമ്മ ഞങ്ങള്‍ക്കെല്ലാം കുടിക്കാന്‍ തരും. ദേഹത്തിനു ചൂടുകിട്ടാനാണ് അതു കുടിക്കുന്നതെന്നാണ് അമ്മ പറയുന്നത്. കാലില്‍ ബാക്കി വരുന്ന ഞരമ്പും ഇറച്ചിയും ചെത്തിയിട്ടു കപ്പ പുഴുങ്ങും. അതൊക്കെയാണ് മഴക്കാലത്തെ ഭക്ഷണം. അപ്പനുമമ്മയും ഇപ്പോള്‍ ഒരു അസുഖവുമില്ലാതെ പയറുമണിപോലെ നടക്കുന്നതു പങ്കുകശാപ്പിലൂടെ മഴക്കാലത്തു നടത്തിയ ദേഹരക്ഷകൊണ്ടാണെന്ന് അവരിപ്പോള്‍ പറയുന്നു. ദാരിദ്ര്യത്തിലും എന്തിനേയും നേരിടാനുള്ള തടിയുറപ്പു മലയോരത്തെ ആളുകള്‍ക്കുണ്ടാക്കിക്കൊടുത്തത് ഇത്തരത്തിലുള്ള ഭക്ഷണങ്ങളായിരിക്കില്ലേ. 

ഈ മഴക്കാലത്തു രണ്ടുമൂന്നു പങ്കുകശാപ്പു നടത്തണമെന്നായിരുന്നു ഞങ്ങള്‍ അയല്‍പക്കക്കാര്‍ തീരുമാനിച്ചിരുന്നത്. കാരണം ഞങ്ങടെ മക്കള്‍ക്ക് ഇതൊക്കെ കിട്ടണ്ടേ? പക്ഷേ, നടക്കില്ലല്ലോ. അവര്‍ക്കു മരവിച്ച ഇറച്ചി മാത്രമേ തിന്നാനൊക്കുകയുള്ളൂ എന്നത് അവരുടെ വിധി. ആ മരവിച്ച ഇറച്ചിക്കും അവര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത വിലയാകുമ്പോള്‍ അവര്‍ സസ്യഭോജികളായ ആര്യന്‍മാരോ നിയമലംഘകരോ ആയി മാറിക്കൊള്ളും.

മലയോരത്ത് ഒരു ചൊല്ലുണ്ട്. ഒരു ക്രിസ്ത്യാനിയെക്കൊണ്ട് അഞ്ച് മാപ്പിളമാര് ജീവിക്കുമെന്ന്. അതിന്റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ കൃഷിചെയ്തുണ്ടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും മാപ്പിളമാര്‍ കച്ചവടം ചെയ്തു നല്ല വിലകൊടുക്കുമെന്നാണ്. എന്റെ അപ്പനും പോക്കര്‍ക്കായും ഈ ബന്ധം വര്‍ഷങ്ങളായി കൊണ്ടുനടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മഴപിടിച്ചു പറമ്പില്‍ പുല്ലുമുളയ്ക്കുമ്പോള്‍ അപ്പന്‍ ഒരു മൂരിക്ടാവിനെ വാങ്ങി വിടും. അവന്‍ പുല്ലും കാടും തിന്നു തടിവയ്ക്കും. ബലിപ്പെരുന്നാള്‍ എത്തുമ്പോള്‍ പോക്കര്‍ക്കാ നല്ല വിലയ്ക്കു മൂരിക്കുട്ടനെ വാങ്ങിക്കോളും.

ഞങ്ങളുടെ നാട്ടിലെ കന്നുകാലികളെ വാങ്ങിയും വിറ്റുമാണ് പോക്കര്‍ക്കാ നാലഞ്ചു മക്കളെ വളര്‍ത്തിയത്. ഈ ഒരു മാപ്പിള ഇനിയെന്തായാലും ക്രിസ്ത്യാനികളെക്കൊണ്ടു ജീവിക്കില്ല.

നമ്മുടെയൊക്കെ കാലത്തു മലയോരത്തു ജീവിച്ചവരുടെ ആഹ്‌ളാദങ്ങളുടെ സൂചികകളിലൊന്ന് ഇറച്ചി തന്നെയാണ്. നല്ല ചോരയിറ്റുന്ന പോത്തിറച്ചിയും കന്നുകാലിയിറച്ചിയും. അതു ഞങ്ങളുടെ വളരെ പഴയ അസുരപാരമ്പര്യത്തില്‍നിന്നും കിട്ടിയതായിരിക്കാം. ഞങ്ങളെ സംബന്ധിച്ചു സനാതനമായ ആഹ്‌ളാദം. ആ ആഹ്‌ളാദങ്ങള്‍ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദേവന്‍മാരായിരിക്കും അല്ലേ? നമ്മള്‍ ചിത്രകഥകളില്‍ കാണുന്ന രീതിയിലുള്ള ദേവന്‍മാര്‍.                     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com