രതിക്രീഡയ്ക്കു ഗാന്ധര്‍വ്വം; ജപപൂര്‍ണ്ണതയ്ക്കു നഗ്നത; ആത്മീയ കമ്യൂണിസത്തിന്റെ സുവിശേഷങ്ങള്‍

സ്ത്രീപുരുഷന്മാര്‍ രാത്രി ഭക്ഷണത്തിനു ശേഷം നഗ്‌നരായി ജപഹാളില്‍ ഇടകലര്‍ന്നു കിടന്നുകൊള്ളണമെന്നും പുലരുന്നതുവരെ വിളക്ക് എരിഞ്ഞുകൊള്ളണമെന്നും കല്‍പ്പനയുണ്ടായി
ശിവാനന്ദ പരമഹംസരുടെ വടകരയിലെ സമാധി മന്ദിരം
ശിവാനന്ദ പരമഹംസരുടെ വടകരയിലെ സമാധി മന്ദിരം

⇒കേരളത്തിലെ ആദ്യത്തെ ആത്മീയ സോദ്ദേശ്യ സമൂഹമായ  സിദ്ധസമാജത്തിനു നൂറ്റാണ്ട് തികയാന്‍ ഇനി മൂന്നു വര്‍ഷം കൂടി മാത്രം. 1920–ല്‍ തളിപ്പറമ്പിനടുത്തുള്ള ഇയ്യൂരിലാണ് ഈ വേറിട്ട ആത്മീയ കമ്യൂണിന്റെ തുടക്കം. രാഷ്ട്രീയമോ ആത്മീയമോ പാരിസ്ഥിതികമോ ഒക്കെയായ പ്രഖ്യാപിത ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന സമൂഹങ്ങളെയാണ് സോദ്ദേശ്യ സമൂഹങ്ങള്‍ (Intentional Communities)  എന്നു വിവക്ഷിക്കുന്നത്.

ശിവാനന്ദ പരമഹംസര്‍

മാതൃകയിലൂടെ ബോധ്യപ്പെടുത്തുക എന്നതാണ് ഇത്തരം കൂട്ടായ്മകളുടെ തത്ത്വം. സ്വകാര്യസ്വത്തും സ്വകാര്യജീവിതവും ഇല്ലാത്ത സിദ്ധസമാജത്തില്‍ ആഹാരവും ഇണയും വസ്ത്രവും സമ്പത്തും ഉല്‍പ്പന്നങ്ങളുമെല്ലാം പൊതുസ്വത്താണ്. ഭോജനവും ഇണചേരലും ജപവും അദ്ധ്വാനവും ശയനവുമെല്ലാം കൂട്ടായിട്ടാണ്. പ്രാകൃത കമ്യൂണിസത്തിന്റെ പാലത്തിലൂടെ ആത്മീയതയുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള ഈ യാത്ര, സാമ്പ്രദായിക സാമൂഹ്യജീവിതം മാത്രം കണ്ടറിഞ്ഞിട്ടുള്ളവര്‍ക്കു കൗതുകവിസ്മയങ്ങള്‍ സമ്മാനിക്കുന്നു. പക്ഷേ, വിസ്മയങ്ങള്‍ക്കപ്പുറം സന്ദേഹഭരിതവും നിരാശാജന്യവുമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ആത്മീയ കമ്യൂണിലേക്ക്
ശിവാനന്ദ പരമഹംസരെന്ന യോഗിയാണ് സിദ്ധസമാജത്തിന്റെ സ്ഥാപകന്‍. വടകരയില്‍ ജനിച്ച രാമക്കുറുപ്പെന്ന ബ്രിട്ടീഷ് മലബാറിലെ പൊലീസ് കോണ്‍സ്റ്റബിളാണ് ശിവാനന്ദ പരമഹംസരായത്. തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തില്‍ വ്രണിത ഹൃദയനായി ജോലി രാജിവച്ച് ആത്മീയാന്വേഷണത്തിലേക്കു തിരിഞ്ഞ അദ്ദേഹം അവധൂതനായി അലഞ്ഞു. സിദ്ധവിദ്യയെന്ന ആത്മീയപദ്ധതി ആവിഷ്‌കരിച്ച അദ്ദേഹം സിദ്ധവേദം എന്ന ഗ്രന്ഥത്തിലൂടെയാണ് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. ജീവനാണ് ഈശ്വരനെന്നും ഈശ്വരന്‍ സ്വന്തം ഉള്ളില്‍ത്തന്നെയാണെന്നുമാണ് സിദ്ധവേദത്തിന്റെ സാരം. പ്രാണായാമത്തിലൂടെ ജീവനെ ഉപാസിക്കലാണ് സിദ്ധവിദ്യ. അതു സദാ പ്രാണായാമമാണ്.

കേരളീയ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന സിദ്ധസമാജം മാനുഷികമായ സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വേദാന്ത സോഷ്യലിസത്തിന്റെ നിലപാടാണ് പിന്തുടര്‍ന്നത്. ആദ്യകാലത്ത്, സാമൂഹ്യോന്മുഖമായ ആത്മീയതയുടെ സ്വഭാവവും അതു പ്രകടമാക്കിയിരുന്നു. തങ്ങളുടെ മതം ഈശ്വരമതമാണെന്നും ജാതി മനുഷ്യജാതിയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അതു സാമ്പ്രദായിക ഈശ്വര സങ്കല്‍പ്പങ്ങളെയും മതചിന്തകളെയും തിരസ്‌കരിക്കുകയും വര്‍ണ്ണ–ജാതി സമ്പ്രദായത്തെ നിരാകരിക്കുകയും ചെയ്തു. മന്ത്രതന്ത്രങ്ങളെയും യാഗഹോമങ്ങളെയും മറ്റു പൂജകളെയും വ്രതാനുഷ്ഠാനങ്ങളെയും അതു വിലക്കി. സ്ഥാപകന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പന്തിഭോജനം, മിശ്രവിവാഹം തുടങ്ങിയ ജാതിവിരുദ്ധ സമരങ്ങള്‍ സമാജത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്ത്വരയുടെ നിദര്‍ശനങ്ങളാണ്.

വടകരയിലാണ് സിദ്ധാശ്രമത്തിന്റെ ഹെഡ് ഓഫീസ്. ഇയ്യൂരിനു പുറമെ, പേരാമ്പ്രക്കടുത്ത് കായണ്ണയിലും കാട്ടാക്കടയ്ക്കടുത്ത് കുറ്റിച്ചലിലും തമിഴ്‌നാട്ടിലെ സേലത്തും ആശ്രമങ്ങളുള്ള സിദ്ധസമാജം ഇന്ത്യയിലെതന്നെ ആദ്യത്തെ സോദ്ദേശ്യ ആത്മീയ സമൂഹമാണെന്നു കരുതാം. ശിവാനന്ദ പരമഹംസരുടെ സമാധിക്കുശേഷം അദ്ദേഹത്തിന്റെ സമാജസ്ഥരല്ലാത്ത ശിഷ്യന്മാരില്‍ ചിലര്‍ സിദ്ധവിദ്യാ പ്രചരണം ലക്ഷ്യമാക്കി ആശ്രമങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 

സിദ്ധവിദ്യ നേടിയവരെല്ലാം സിദ്ധസമാജത്തിന്റെ അനുയായികളാണ്. അവരില്‍ സമാജസ്ഥരും സിദ്ധവിദ്യാര്‍ത്ഥികളുമെന്നു രണ്ടു കൂട്ടരുണ്ട്. ആശ്രമങ്ങളില്‍ വന്നുചേര്‍ന്നവരും അവിടെ ജനിച്ചുവളര്‍ന്നവരുമാണ് സമാജസ്ഥര്‍. അഞ്ച് ആശ്രമങ്ങളിലായി, ഇന്ന് നൂറോളം കുട്ടികള്‍ അടക്കം 350–ഓളം പേരാണ് സമാജസ്ഥരായിട്ടുള്ളത്. സിദ്ധവിദ്യ നേടി ഗൃഹസ്ഥാശ്രമികളായി കഴിയുന്നവരെയാണ് സിദ്ധവിദ്യാര്‍ത്ഥികള്‍ എന്നു വിളിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ ഇങ്ങനെയുണ്ട്. ഉത്തര കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇവര്‍ ഏറെയും. 

ഫ്രീ സെക്‌സ് പറുദീസയുടെ സ്വാധീനം 
സിദ്ധസമാജത്തിലെ പല സമ്പ്രദായങ്ങളോടും സാദൃശ്യമുള്ള മറ്റൊരു സോദ്ദേശ്യ സമൂഹമാണ് അമേരിക്കയിലെ ഒനിഡാ സമൂഹം (Oneida Community). 1848–ല്‍ ആരംഭിച്ച ഈ ആത്മീയ കമ്യൂണ്‍ 1881–ല്‍ പിരിച്ചുവിട്ടു. സിദ്ധസമാജം സ്ഥാപിക്കുന്നതിന് നാലു പതിറ്റാണ്ടിനു മുന്‍പേ തകര്‍ന്നുപോയെങ്കിലും, അതിന്റെ വിചിത്ര ആത്മീയ സങ്കല്‍പ്പങ്ങള്‍ ഏറെക്കാലം ചര്‍ച്ചാവിഷയമായിരുന്നു. 300–ല്‍പരം അംഗങ്ങളുണ്ടായിരുന്ന ഒനിഡാ സമൂഹം ലോകത്തു നടന്ന ആത്മീയ സമൂഹ പരീക്ഷണങ്ങളില്‍ ഏറെ അന്തര്‍ദ്ദേശീയ ശ്രദ്ധ നേടിയ ഒന്നാണ്.

തിരുവനന്തപുരത്ത് കുറ്റിച്ചലിലെ സിദ്ധാശ്രമം
 

ഹംഫ്രി നോയസ് എന്ന ആത്മീയാചാര്യന്റെ നേതൃത്വത്തിലായിരുന്നു അത് ന്യൂയോര്‍ക്കിലെ ഒനിഡയില്‍ അരങ്ങേറിയത്. ബൈബിള്‍ കമ്യൂണിസമായി വ്യാഖ്യാനിക്കപ്പെട്ട അത് പെര്‍ഫെക്ഷനിസമെന്ന ക്രിസ്തീയ ദൈവശാസ്ത്ര കാഴ്ചപ്പാടാണ് പിന്തുടര്‍ന്നത്. സിദ്ധസമാജത്തിലെ ഗാന്ധര്‍വ്വവും ഒനിഡയിലെ സങ്കീര്‍ണ്ണ വിവാഹവും (Complex Marriage)  തമ്മില്‍ വലിയ വ്യത്യാസമില്ല.

പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീയും പ്രായപൂര്‍ത്തിയായ ഏതു പുരുഷന്റെയും ലൈംഗിക ഇണയാണ് എന്നതാണ് നോയസ്സിന്റെ സങ്കീര്‍ണ്ണ വിവാഹ തത്ത്വം. 'ഫ്രീ ലവ്' എന്ന പേരില്‍ പിന്നീടിതു വ്യാഖ്യാനിക്കപ്പെട്ടു. ഇതേ ആശയമാണ് ഗാന്ധര്‍വ്വ വിവാഹമെന്ന പേരില്‍ സിദ്ധസമാജത്തില്‍ നടപ്പിലാക്കിയതും. ലൈംഗിക ബന്ധത്തില്‍ ഉഭയസമ്മതം വേണമെന്നും സ്ത്രീയുടെ ഇഷ്ടത്തിനാണ് നിര്‍ണ്ണായക സ്ഥാനമെന്നും ഇരുവരും മനസ്സിലാക്കി. ഉത്തമ സന്താനലബ്ധി ലക്ഷ്യമാക്കി സമാജസ്ഥരായ പുരുഷന്മാരോട് ബീജവീര്യം വര്‍ധിപ്പിക്കാന്‍ ശിവാനന്ദന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, സാധാരണ ലൈംഗിക ബന്ധങ്ങള്‍ ഗര്‍ഭധാരണത്തിലേക്കു നയിക്കാതിരിക്കാന്‍ പുരുഷന്മാരെ ശുക്‌ള സ്ഖലന നിയന്ത്രണം (Male Continence) പഠിപ്പിക്കുകയാണ് നോയസ്‌സ് ചെയ്തത്. വിശിഷ്ട സന്താനോല്‍പ്പാദനത്തിനും (Stirpiculture) ഒനിഡ പ്രാധാന്യം നല്‍കിയിരുന്നു. സമൂഹത്തിന്റെ പൊതുതീരുമാനത്തിനു വിധേയമായാണ് സന്താനോല്‍പ്പാദനം നിര്‍വ്വഹിച്ചത്. അതിനുവേണ്ടി മെച്ചപ്പെട്ട ഇണകളെയും തെരഞ്ഞെടുത്തിരുന്നു.

ഏകഭാര്യാത്വത്തിലേക്കു വളരുന്ന തരത്തില്‍ ഇണകള്‍ക്കിടയില്‍ പ്രണയം മൊട്ടിടുവാന്‍ അനുവദിച്ചിരുന്നില്ല. സിദ്ധസമാജവും ലൈംഗിക ഇണകള്‍ക്കിടയിലെ പ്രണയത്തെയും ഏകപത്‌നീ–ഭര്‍ത്തൃ ബന്ധത്തെയും വിലക്കുന്നു. മാത്രമല്ല, ഈ രണ്ടു സമൂഹങ്ങളിലും ഇണകള്‍ക്കു തങ്ങളുടെ കുട്ടികളെ വളര്‍ത്താന്‍ അവകാശമില്ല. ഒനിഡാ സമൂഹത്തില്‍ പിച്ചവെക്കാന്‍ തുടങ്ങുമ്പോഴേക്കും കുട്ടികളെ അമ്മയില്‍നിന്ന് അകറ്റുമായിരുന്നു. സിദ്ധ സമാജത്തില്‍, മൂന്നു വയസ്‌സുവരെ മാത്രമേ കുട്ടിക്കു സ്വന്തം അമ്മയോടൊപ്പം കഴിയാന്‍ അനുവദിക്കുകയുള്ളു. രണ്ടിടത്തും ശിശുപരിപാലനം പൂര്‍ണ്ണമായും കമ്യൂണിന്റെ ചുമതലയാണ്. 

വിധിനിഷേധങ്ങളുടെ തിരുകല്‍പ്പനകള്‍
സമാജസ്ഥരുടെ ആത്മീയ പിതാവായിട്ടുള്ള ശിവാനന്ദ പരമഹംസരുടെ പല കാലങ്ങളിലെ കല്‍പ്പനകളാണ് സമാജ ചട്ടങ്ങളായി സമാഹരിച്ചിട്ടുള്ളത്. 250 ചട്ടങ്ങളാണ് മൊത്തത്തില്‍ ഉള്ളത്. അവ മുഴുവന്‍ അനുസരിക്കാന്‍ സമാജസ്ഥര്‍ ബാധ്യസ്ഥരാണ്. അവയില്‍ 30 എണ്ണം മാത്രമേ സിദ്ധവിദ്യാര്‍ത്ഥികള്‍ക്കു ബാധകമായിട്ടുള്ളു. സിദ്ധസമാജത്തിന്റെ ഘടന ജനാധിപത്യപരമാണ്. ജനറല്‍ പ്രസിഡന്റിലാണ് സമാജത്തിന്റെ ഭരണസാരഥ്യം നിക്ഷിപ്തമായിരിക്കുന്നത്. മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പും സമവായത്തിലൂന്നിയ ഭരണവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

സമാജാംഗങ്ങള്‍ എല്ലാ ലഹരിവസ്തുക്കളും മാംസഭക്ഷണവും ഉപേക്ഷിക്കണം. ആര്‍ത്തവം അശുദ്ധിയായി കണക്കാക്കരുത്. സമാജത്തില്‍ ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ ആചരണങ്ങളോ അനുവദിച്ചിട്ടില്ല. തുന്നാത്ത വെള്ള പരുത്തിവസ്ത്രങ്ങള്‍ അല്ലാതെ മറ്റൊന്നും ധരിക്കാന്‍ പാടില്ല. പുരുഷന്‍മാര്‍ക്ക് കൗപീനവും അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കാകട്ടെ, അടിവസ്ത്രം  പാടില്ല. ആര്‍ത്തവകാലത്തുമാത്രം കൗപീനം ധരിക്കാമെന്നുണ്ട്. ആഭരണങ്ങള്‍, പൊട്ട്, കുറി തുടങ്ങിയ അലങ്കാരങ്ങളും വിലക്കപ്പെട്ടിരിക്കുന്നു.

അന്യരുമായുള്ള സഹകരണം സമാജസ്ഥര്‍ക്കു വിലക്കപ്പെട്ടിരിക്കുന്നു. സമാജത്തില്‍ അംഗങ്ങള്‍ തമ്മില്‍ സ്വകാര്യ സംഭാഷണങ്ങള്‍ നടത്താനോ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനോ പാടില്ല. സമാജസ്ഥര്‍ തമ്മില്‍ സ്‌നേഹിച്ചാല്‍ വിരോധമുണ്ടാകുമെന്നും വിരോധത്താല്‍ നാശമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. അതുകൊണ്ട് സ്‌നേഹവും വേണ്ടത്രെ. സമാജ ജീവിതത്തിന് അന്യമാണ് പ്രണയവും ശൃംഗാരവും. ഇന്ദ്രിയ സ്ഖലനം വരുത്താതെ സൂക്ഷിച്ച് മൂപ്പെത്തിക്കഴിയുമ്പോള്‍ നടത്തുന്ന വേഴ്ചയിലൂടെ മാത്രമേ വിശിഷ്ട സന്താനത്തെ ലഭിക്കുകയുള്ളുവെന്നാണ് കല്‍പന. 

വടകരയിലെ കേന്ദ്രസ്ഥാനം
 

സ്ത്രീകളുമായി കളിയും ചിരിയുമൊക്കെ ആയാല്‍ കാമവികാരം ഉണരുമെന്നും അത് ഇന്ദ്രിയ സ്ഖലനത്തിലേക്കു നയിക്കുമെന്നും ഭയക്കുന്നു. ഭക്ഷണത്തിലും കൂട്ടായ്മ വേണമെന്നാണ് നിഷ്‌കര്‍ഷ. ഭക്ഷണസാധനങ്ങള്‍ എല്ലാം ഒരു പാത്രത്തിലിട്ടു കലര്‍ത്തി വിളമ്പി ഒരേ പാത്രത്തില്‍നിന്നും എല്ലാവരും ഒരേ സമയം കൈകൊണ്ട് വാരിക്കഴിക്കുന്നതിനെ സഗ്ദ്ധി എന്നു വിളിക്കുന്നു. എല്ലാ പാനീയങ്ങളും ഒന്നായി കലര്‍ത്തി ഒരേ പാത്രത്തില്‍നിന്നും കഴിക്കുന്നതു സപീതിയും. സമാജത്തില്‍ ചായയും കടുകും മരപ്പുളിയും വിലക്കപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്.

കുട്ടികളും വിദ്യാഭ്യാസവും
കുട്ടികളെ ലാളിക്കരുതെന്നാണ് കല്‍പ്പന. സ്‌നേഹം പുറത്തുകാട്ടാതെ അന്യരെപ്പോലെ വേണം അവരോടു പെരുമാറേണ്ടത്. അവരെ യാതൊരു ആവശ്യത്തിനും അന്യസ്ഥലങ്ങളിലേക്ക് അയക്കുകയോ അന്യരുമായി പെരുമാറാന്‍ അനുവദിക്കുകയോ ചെയ്യരുത്. സമാജത്തിലെ കുഞ്ഞുങ്ങളെ മൂന്നു വയസ്സുവരെ മാത്രമേ സ്വന്തം അമ്മയോടൊപ്പം വളരാന്‍ അനുവദിക്കുകയുള്ളു. പിന്നെ അവരെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ആശ്രമം വക സ്‌കൂളിലേക്കു മാറ്റുന്നു. മൂന്നു വയസ്സു മുതല്‍ പതിനെട്ടു വയസ്സു വരെ വിദ്യാഭ്യാസകാലമാണ്. കേരള സര്‍ക്കാരിന്റെ പാഠ്യപദ്ധതിയാണ് ഒന്നു മുതല്‍ പത്തു വരെ കഌസ്സുകളില്‍ പിന്തുടരുന്നത്. അതോടൊപ്പം കൃഷി, സിദ്ധവേദം, സംസ്‌കൃതം, കംപ്യൂട്ടര്‍ എന്നിവയും പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. പത്താംതരം വരെ പഠിപ്പിക്കുമെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിക്കാറില്ല. ആശ്രമത്തിലെ മുതിര്‍ന്ന സ്ത്രീകളുടെ ചുമതലയിലാണ് പ്രീ സ്‌കൂള്‍ പഠനം. പുസ്തകജ്ഞാനമല്ല, മസ്തകജ്ഞാനമാണ് വേണ്ടതെന്നു കരുതുന്ന സമാജത്തിനു പുതിയ തലമുറയെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാന്‍ താല്‍പ്പര്യമില്ല.

സ്വാശ്രയ സമാജം
കൃഷി, പശുവളര്‍ത്തല്‍, ഔഷധം എന്നിവയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചുള്ള ഒരു സ്വാശ്രയ ജീവിത പദ്ധതിയാണ് സമാജത്തിനുള്ളത്. അധ്വാനത്തിലും കൂട്ടായ്മ വേണമെന്ന നിഷ്‌കര്‍ഷയുണ്ട്. പക്ഷേ, നിര്‍ബന്ധിതമായ ജോലിയില്ല. ഒരുവന് തന്റെ കഴിവിനും അറിവിനും അനുസരിച്ചുള്ള തൊഴില്‍ ചെയ്താല്‍ മതി. സമാജത്തിലാവശ്യമായ എല്ലാ ജോലികളും എല്ലാവരും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോള്‍ സമാജത്തിനു സ്വന്തമായി ധാരാളം മോട്ടോര്‍ വാഹനങ്ങളുള്ളതിനാല്‍ പുരുഷന്മാര്‍ക്കെല്ലാം ഡ്രൈവിംഗ് പരിശീലനം നല്‍കുന്നുണ്ട്. കുട്ടികളെയും പ്രായമായവരെയും ജോലിയെടുക്കുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സ്വന്തമായ വില്‍പ്പനശാലകള്‍ വഴിയും വിതരണക്കാര്‍ വഴിയുമുള്ള ഔഷധ വില്‍പ്പനയിലൂടെ ഇപ്പോള്‍ നല്ല വരുമാനം സമാജത്തിനു ലഭിക്കുന്നുണ്ട്. ചെലവ് തുലോം കുറവാണ്. ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍നിന്നു വാങ്ങേണ്ടിവരുന്നത് അപൂര്‍വ്വമാണ്. ആശ്രമത്തിലെ മാനേജര്‍മാരെപ്പോലുള്ള ഉദ്യോഗസ്ഥന്മാര്‍ മാത്രമാണ് പണം കൈകാര്യം ചെയ്യുന്നത്. 

ഗാന്ധര്‍വ്വ വിവാഹവും പരസ്യ വേഴ്ചയും
ഏകപത്‌നീ വ്രതത്തില്‍ അധിഷ്ഠിതമായ ഭാര്യാഭര്‍ത്തൃ ബന്ധമായിരുന്നു ആദ്യം സമാജത്തില്‍ നിലനിന്നിരുന്നത്. സമാജസ്ഥാപകന്‍ പിന്നീട് ഒരു കല്‍പ്പനകൊണ്ട് അതൊഴിവാക്കി. പകരം ഗാന്ധര്‍വ്വം നടപ്പിലാക്കി. ഭാര്യാഭര്‍ത്താക്കന്മാരായിരുന്ന സമാജസ്ഥര്‍ സ്വയം ബന്ധം പിരിഞ്ഞു സ്വതന്ത്രരായി. അങ്ങനെ സമാജത്തിലെ പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീയും പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷന്റെയും ലൈംഗിക ഇണയാകാമെന്ന അവസ്ഥ വന്നു. മറ്റുള്ളവര്‍ കാണരുതെന്ന ഉദ്ദേശ്യത്തോടെ ഒളിച്ചു നടത്തുന്ന ലൈംഗികബന്ധം കളവും വ്യഭിചാരവുമായി കണക്കാക്കപ്പെട്ടു. പരസ്യമായി രതിക്രീഡയില്‍ ഏര്‍പ്പെടുന്നതില്‍ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തില്‍നിന്നും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലൈംഗികവേഴ്ച ഒരുതരത്തിലുമുള്ള ബലാല്‍ക്കാരമാകാന്‍ പാടില്ലെന്ന നിഷ്‌കര്‍ഷയും ആ കല്‍പ്പനയില്‍ കാണാം. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമേ സമാജത്തില്‍ അനുവദനീയമായുള്ളു. സ്ത്രീപുരുഷന്മാരില്‍ ആര്‍ക്കു വികാരം വരുന്നുവോ അവര്‍ അതു പ്രകടിപ്പിക്കുകയും അതിനോടു യോജിക്കുന്ന ആളിനോട് ആ സ്ഥലത്തുവച്ചുതന്നെ വേഴ്ച നടത്താനുള്ള സ്വാതന്ത്ര്യം സംജാതമായി. 

ആ വര്‍ഷം തന്നെ ആശ്രമത്തിലെ ശയനരീതിയെപ്പറ്റിയും ചട്ടമുണ്ടായി. സ്ത്രീപുരുഷന്മാര്‍ രാത്രി ഭക്ഷണത്തിനു ശേഷം നഗ്നരായി ജപഹാളില്‍ ഇടകലര്‍ന്നു കിടന്നുകൊള്ളണമെന്നും പുലരുന്നതുവരെ വിളക്ക് എരിഞ്ഞുകൊള്ളണമെന്നും കല്‍പ്പനയുണ്ടായി. പുരുഷന്മാരെല്ലാം അടുത്ത് വേറൊരാള്‍ക്കുകൂടി കിടക്കത്തക്കവണ്ണം അകലത്തില്‍ ഇടവിട്ടിടവിട്ടു കിടന്നുകൊള്ളേണ്ടതും പിന്നീട് സ്ത്രീകളെല്ലാം പുരുഷന്മാര്‍ ഒഴിച്ചുവച്ചതായ സ്ഥലത്ത് അവരവരുടെ ഇഷ്ടപ്രകാരം കിടന്നുകൊള്ളേണ്ടതുമാണ് എന്നാണ് ചട്ടം. എന്നാല്‍ സ്ത്രീകള്‍ ഒരു ദിവസം ഒരു സ്ഥലത്തു കിടന്നാല്‍ പിറ്റേ ദിവസം വേറൊരു സ്ഥലത്തു കിടന്നുകൊള്ളേണ്ടതാണെന്നും വ്യവസ്ഥയുണ്ട്. സ്ത്രീകള്‍ മാറിമാറി കിടന്നില്ലെങ്കില്‍ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ അനുരാഗശക്തി ഉണ്ടാകുവാന്‍ ഇടയായിത്തീരുമെന്ന് സ്വാമി മുന്നറിയിപ്പു നല്‍കുന്നു.

 ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാര്‍ പൂര്‍ണ്ണ നഗ്നരായി ഇടകലര്‍ന്നിരിക്കണമെന്നാണ് കല്‍പ്പന. ആശ്രമങ്ങളില്‍ നാലു നേരങ്ങളിലായി എട്ടുമണിക്കൂര്‍ ജപം അഥവാ പ്രാണായാമ സാധനയാണ്. ഈ സമയത്തും സഗ്ദ്ധി–സപീതി സമയത്തും സമാജവാസികള്‍ പൂര്‍ണ്ണ നഗ്നരായി ഇടകലര്‍ന്നിരിക്കണം. ക്ഷൗരം സമാജത്തില്‍ വിലക്കപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ഏതുഭാഗത്തെയും രോമങ്ങള്‍ നീക്കം ചെയ്യാനോ മുറിക്കാനോ പാടില്ല. എന്നാല്‍, നഖം മുറിക്കുന്നതില്‍ തെറ്റില്ലത്രെ.

കായണ്ണയിലെ ആശ്രമം
 

മിനിട്ടര്‍ സിസ്റ്റം നിത്യനിരീക്ഷണ സംവിധാനം
സമാജത്തില്‍ ഒരു നിത്യ നിരന്തര നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാജത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ദൃക്‌സാക്ഷി വിവരണം എഴുതി തയ്യാറാക്കുന്ന മിനിട്ടര്‍മാരും ആ വിവരണങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിക്കുന്ന ജനറല്‍ മിനിട്ടറും മിനിട്ട് എഡിറ്ററും ഉള്‍പ്പെടുന്ന ഒരു ശൃംഖലാ സംവിധാനമാണത്. ഓരോ ആശ്രമത്തിലും ഒരു മിനിട്ടര്‍ രാപകല്‍ ഭേദമെന്യേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. സമാജ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കു ശിക്ഷകളും വിധിച്ചിട്ടുണ്ട്.

സ്ഥാപക വിലാപം
സമാജത്തെക്കുറിച്ചുള്ള സ്ഥാപകന്റെ മോഹവിമുക്തി ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെ താന്‍ വിഭാവനം ചെയ്ത ആത്മീയ ആദര്‍ശ സമാജവും യഥാര്‍ത്ഥ സമാജവും തമ്മിലുള്ള അന്തരം അദ്ദേഹം മനസ്സിലാക്കി. സമാജത്തിന്റെ പോക്കില്‍ അസ്വസ്ഥനായി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന തോന്നലില്‍  അദ്ദേഹം സമാജം തന്നെ ഉപേക്ഷിക്കുന്നിടത്തോളം എത്തിയെന്നു പറയുന്നതാണ് ശരി. വിജയനഗരത്തില്‍ നിന്നും 1939 നവംബര്‍ 17–ാം തീയതി ശിവാനന്ദ പരമഹംസര്‍ എഴുതിയ കല്‍പ്പനയുടെ രൂപത്തിലുള്ള ഒരു കത്തില്‍ 'നോം ഇപ്പോ തീരെ ആശ്രമത്തെ ഉപേക്ഷിച്ചു' എന്നു തുറന്നെഴുതി. അപ്പോള്‍ സമാജം സ്ഥാപിച്ച് 19 വര്‍ഷം മാത്രമേ ആയിട്ടുള്ളു എന്നോര്‍ക്കണം. ശുദ്ധ കുക്ഷി പൂരണ ലക്ഷ്യരായും രാഗദ്വേഷങ്ങള്‍ക്ക് അടിമകളായും സമാജസ്ഥര്‍ മാറിയെന്ന കുറ്റാരോപണമാണ് അദ്ദേഹം ആ കത്തില്‍ ഉയര്‍ത്തിയത്. അവരെ നന്നാക്കാനുള്ള തന്റെ ശ്രമങ്ങളെല്ലാം വിഫലമായെന്നും അദ്ദേഹം പരിതപിക്കുന്നു. അതുകൊണ്ട് താന്‍ വിട്ടുപോവുകയാണെന്നും മറ്റു സമാജസ്ഥര്‍ക്കു കഷ്ടതകളില്‍നിന്നും രക്ഷപ്പെടുവാനുള്ള ഏതു വഴി സ്വീകരിക്കണമോ അതു സ്വീകരിച്ചു രക്ഷ തേടാന്‍ അദ്ദേഹം അനുമതി നല്‍കുകയും ചെയ്യുന്നു. 

 യൂട്ടൊപ്യയുടെ സങ്കടങ്ങള്‍
 അന്തര്‍മുഖരായ കുറെ മുമുക്ഷുക്കളുടെ ധ്യാനകേന്ദ്രമെന്ന പ്രതീതിയാണ് സമാജത്തിന് ഇന്നുള്ളത്. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍നിന്നെല്ലാം അതു പിന്‍വാങ്ങിയിരിക്കുന്നു. വന്‍മതിലുകളാല്‍ ചുറ്റപ്പെട്ട്, അറുപതും എഴുപതും ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പുരയിടങ്ങള്‍ക്കു നടുവില്‍ പണിതുയര്‍ത്തിയ സിദ്ധസമാജ ആശ്രമങ്ങള്‍ പുറം സമൂഹത്തിന് ആശ്ചര്യവും ദുരൂഹതയും സൃഷ്ടിക്കുന്ന ആത്മീയ രഹസ്യത്തുരുത്തുകളായി മാത്രമായി. സമാജത്തിനു പ്രചാരണപരമായ താല്‍പ്പര്യങ്ങളില്ലെന്നാണ് ഇപ്പോഴത്തെ ജനറല്‍ പ്രസിഡന്റായ സവ്യസാചി പറയുന്നത്. സമാജമെന്നത് ഇരുട്ടില്‍ കത്തിച്ചുവച്ച ഒരു വിളക്കാണ്. അതിന്റെ പ്രകാശം കണ്ട് താല്‍പ്പര്യമുള്ളവര്‍ക്കു ഇവിടേക്കു വരാം.

കായണ്ണ ആശ്രമത്തിലെ സെമിത്തേരി
 

ജപം, ഭക്ഷണം, മൈഥുനം, അധ്വാനം എന്നിവ മാത്രമായി ജീവിതത്തെ വെറും അതിജീവന തലത്തിലേക്കു ചുരുക്കുകയും മനുഷ്യ ബന്ധങ്ങളെ ആത്മീയ ബന്ധങ്ങളാക്കി മാത്രം പരിണമിപ്പിക്കാന്‍ ശ്രമിച്ചതുമാണ് ഒരു സോദ്ദേശ്യ സമൂഹമെന്ന നിലയില്‍ സിദ്ധസമാജത്തിനു പറ്റിയ പിഴവെന്നു പറയേണ്ടതുണ്ട്. സമാജത്തില്‍ തന്നെ ജനിച്ചുവളര്‍ന്നവരുടെ നാലു തലമുറകള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. സ്വയം തീരുമാനമെടുത്ത് സമാജത്തില്‍ ചേരുന്നവരുടെ അവസ്ഥയല്ല ഇവരുടേത്. തങ്ങളുടെ ഒരു തീരുമാനവുമില്ലാതെ ആത്മീയ ജീവിതം നയിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. തുടര്‍ വിദ്യാഭ്യസവും പുറംലോകവും സ്വതന്ത്രമായ അറിവിന്റെ ലോകവും നിഷേധിച്ചു കുട്ടികളെ മാനസികമായി കുരുടിപ്പിക്കുകയാണ് ഫലത്തില്‍ നടക്കുന്നത്. ഈ സോംബിവല്‍ക്കരണം (Zombification) കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ആത്മീയത ഒരു സാംസ്‌കാരിക ഉല്‍പ്പന്നമാണെന്നും അതു ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന ഗുണമല്ലെന്നും തിരിച്ചറിയാന്‍ സമയമായിരിക്കുന്നു. സ്വന്തം ഇച്ഛയുടെ പ്രകാശനമായിട്ടല്ലാതെ ആത്മീയതയെ പരിശീലനത്തിലൂടെ വഴങ്ങുന്ന ശീലമാക്കാന്‍ കഴിയില്ലെന്നും ഉള്‍പ്രേരണയാണതിന്റെ കാമ്പെന്നും മനസ്‌സിലാക്കേണ്ടതുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ സര്‍ഗ്ഗാത്മകതയേയും അന്വേഷണപരതയെയും അംഗീകരിക്കാതെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ലക്ഷ്യത്തിലേക്ക് ഒരു സമൂഹത്തെ നയിക്കാനാവില്ല തന്നെ. 

മനുഷ്യനെ ആത്മീയ സാധനയിലൂടെ ശ്രേഷ്ഠവല്‍ക്കരിച്ചെടുക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ശിവാനന്ദ പരമഹംസര്‍ നടത്തിയത്. രാഗദ്വേഷങ്ങളില്‍ മുക്തി നേടി, ആത്മീയതയുടെ ആനന്ദത്തില്‍ മുഴുകുന്ന സിദ്ധന്മാരുടെ തലമുറകളെ സൃഷ്ടിക്കാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതായി ശിവാനന്ദ പരമഹംസര്‍ക്കു തന്നെ ബോധ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സ്പഷ്ടമാക്കുന്നു. പക്ഷിജന്മം പോലെ സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കാമെന്നു മോഹിച്ചു വന്നുകൂടിയവരും അവിടെത്തന്നെ ജനിച്ചവരുമായ എത്രയോ അംഗങ്ങള്‍ സമാജം വിട്ടു പോയിരിക്കുന്നു. സമാജത്തിന്റെ സന്തതിയായി പിറന്ന കുറെ പേര്‍ ആശ്രമങ്ങളില്‍തന്നെ ആത്മഹത്യ ചെയ്യേണ്ടിവന്നതും സ്ഥാപകന്റെ തന്നെ ആശങ്കകളെ സാധൂകരിക്കുന്നതാണ്. ആഴത്തിലുള്ള ആത്മീയ ബോധ്യങ്ങളില്ലാത്ത മനുഷ്യമനസ്സിന് ആത്മീയത ഒരു മറയോ ഭാരമോ മാത്രമാണ്. പുസ്തകജ്ഞാനമല്ല മസ്തകജ്ഞാനമാണ് വേണ്ടതെന്ന ശാഠ്യത്തില്‍ ആധുനിക വിജ്ഞാനത്തെ തള്ളിപ്പറയുന്ന ഒരുതരം വിജ്ഞാന വിരോധവാദമാണ് സമാജം ഫലത്തില്‍ നടപ്പില്‍ വരുത്തിയത്. തല്‍ഫലമായാണ് സമാജത്തിലെ വ്യക്തികള്‍ മാനസികമായി ശാക്തീകരിക്കപ്പെടാതെ പോയതെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്.

പുറത്താക്കപ്പെടുകയോ സ്വയം പുറത്തുവരുകയോ ചെയ്യുന്ന സമാജാംഗങ്ങളെ നിഷ്ഠുരം അവഗണിക്കുകയാണ് ഇന്നത്തെ സമാജനേതൃത്വമെന്ന പരാതിയും നിലനില്‍ക്കുന്നു. ബന്ധുക്കളോ മേല്‍വിലാസമോ സ്വത്വമോ സമ്പത്തോ ഇല്ലാതെ ബാഹ്യസമൂഹത്തില്‍ പകച്ചുനില്‍ക്കാനെ അവര്‍ക്കു കഴിയുന്നുള്ളു. അനുസരണയില്ലാതെ കൂട്ടം തെറ്റിയതിനുള്ള ശിക്ഷ എന്നു പറഞ്ഞ് ഈ നിസ്സഹായാവസ്ഥയെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സമാജത്തിന്റെ സമ്പത്തു കൂട്ടിയതില്‍ തങ്ങളുടെ അധ്വാനത്തിനും ഒരു പങ്കുണ്ടെന്നും സമാജത്തില്‍നിന്നു വേറിട്ടു സ്വതന്ത്രരായി ജീവിക്കാന്‍ തുടങ്ങുന്നവരെ സഹായിക്കാന്‍ സമാജത്തിനു ധാര്‍മ്മികമായും നിയമപരമായും ഉത്തരവാദിത്ത്വമുണ്ടെന്നും അവര്‍ പറയുന്നു. അതു നിഷേധിക്കുന്നതു മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com