ഷാജഹാന്‍ കാളിയത്ത് എഴുതിയ കഥ: സദ്ദാം 

''പണ്ടൊക്കെ നേര്‍ച്ചക്കെതിരെ മൈക്കു കെട്ടി ഉള്ള പ്രസംഗങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ ബോംബ് പൊട്ടിക്കും എന്നാ ഭീഷണി.'
ഷാജഹാന്‍ കാളിയത്ത് എഴുതിയ കഥ: സദ്ദാം 

കഥ: ഷാജഹാന്‍ കാളിയത്ത്
ചിത്രീകരണം: ചന്‍സ്

''സദ്ദാം ഹുസൈെന തൂക്കിലേറ്റും മുന്‍പു മൂപ്പര് മുക്തദ അല്‍ സദറിനെ കളിയാക്കിയത് ബാപ്പ ശ്രദ്ധിച്ചോ.'
ഗീതാ നഴ്‌സിംഗ് ഹോമിന്റെ വരാന്തയില്‍ അവന്റെ ഭാര്യയുടെ പേറ് കാത്തിരിക്കുമ്പോള്‍ത്തന്നെ മകന്‍ ഗമാല് അതു ചോദിച്ചപ്പോള്‍ തര്‍ക്കുത്തരം പറയാന്‍ കുഞ്ഞായിന്റെ നാവ് തരിച്ചതാണ്.
''ഞാന്‍ കാണാന്‍ പോയില്ല.'
നീരസം മാഞ്ഞുപോകുന്നതിനു മുന്‍പുതന്നെ കുഞ്ഞായിന്‍ മുഖം തിരിച്ചിരുന്നു. ബാപ്പായ്ക്കും തനിക്കുമിടയില്‍ ഗന്ധകത്തിന്റെ മണം കയറിവരുന്നുണ്ടെന്നു തിരിച്ചറിഞ്ഞ ഗമാല്‍ എഴുന്നേറ്റു ലേബര്‍ റൂമിന്റെ വാതിലിലേക്കു നടന്നു.
ഗമാല് അബ്ദുല്‍ നാസര്‍ സൂയസ് കനാല് പിടിച്ചടക്കിയ കൊല്ലമാണ് ഈജിപ്തിനെക്കുറിച്ച് ആദ്യമായി കുഞ്ഞായിന്‍ കേട്ടത്. 1970-ല്‍ കുഞ്ഞായിന്‍ ഉരു കയറി കുവൈറ്റിലെത്തി. ഒപ്പം താമസിച്ചിരുന്ന മിസ്‌റി1 ദുഃഖിച്ചിരിക്കുന്നതു കണ്ടപ്പോ കുഞ്ഞായിന്‍ നാട്ടുകാരനായ ഖാദറിനോടു കാര്യം തിരക്കി. ഖാദറാണതു പറഞ്ഞത്. 
''ഗമാല്‍ അബ്ദുല്‍ നാസര്‍ – ഈജിപ്തുകാരുടെ പ്രിയപ്പെട്ട പ്രസിഡണ്ട് അന്തരിച്ചു.'
''സൂയസ് കനാല്‍ പിടിച്ചെടുത്ത് ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ പോക്കിരി. ഇസ്രയേലും ഫ്രാന്‍സും ബ്രിട്ടനും തോളുരുമ്മി വന്നിട്ടും തോറ്റുകൊടുക്കാതെ സിനായിയില്‍ നാല്‍പ്പത്തിയൊന്‍പതു കപ്പലുകള്‍ മുക്കി സായ്പന്മാരെ സൂയസിലേക്കു കടക്കാതെ കാത്ത ബുദ്ധിശാലി. വോയ്‌സ് ഓഫ് അറബ് റേഡിയോവില്‍ പെണ്ണുങ്ങളോടു പിരിശത്തോടെ സംസാരിച്ച പ്രാസംഗികന്‍...' ദുഃഖാചരണം കഴിഞ്ഞ് മിസ്‌റി തന്റെ നേതാവിനെക്കുറിച്ചുള്ള അപദാനങ്ങളുടെ കെട്ടഴിച്ചപ്പോള്‍ കുഞ്ഞായിന്‍ മനസ്‌സിലുറച്ചു. പാത്തുമ്മ പെറ്റാല്‍ കുഞ്ഞിക്കു പേര് അതുതന്നെ.
'ഗമാല്‍ അബ്ദുല്‍ നാസര്‍'


ഖിലാഫത്തിന്റെ തോറ്റ ചരിത്രം പഠിച്ചു കുട്ടിക്കാലത്തു കരഞ്ഞ കുഞ്ഞായിന് സായ്പന്മാരെ കൈയൂക്കുകൊണ്ടു തോല്‍പ്പിച്ച നേതാവിനോടു വല്ലാത്ത മതിപ്പു തോന്നാന്‍ തുടങ്ങി.
''കുട്ടി ആണാണ്. ബാപ്പ വന്നു തൊട്ടുകൊടുക്ക്2, ചെവീല് ബാങ്കും വിളിക്കണല്ലോ.'
ഗമാല് പിന്നില്‍നിന്നു തട്ടിവിളിച്ചു.
''പേരെന്താ വെക്കണ്?'
''സദ്ദാം'
ഗമാല്‍ നോട്ടം കൂര്‍പ്പിച്ചു പറഞ്ഞപ്പോള്‍ കുഞ്ഞായിന്റെ മുഖം ഉരുവിനു പെട്ടെന്നു കാറ്റുപിടിച്ചതുപോലെ പിടച്ചു. ഇടം വലം നോക്കാതെ അയാളിറങ്ങി നടന്നു. അറബിക്കടലിലൂടെ വടക്കോട്ടേക്കു പാഞ്ഞ യാനങ്ങളില്‍നിന്നു ജ്യാമിതിയുടെ ദുരൂഹമായ ഇടപെടലില്ലാത്ത ചുവപ്പും കറുപ്പും ദീര്‍ഘചതുരങ്ങള്‍ക്കിടയില്‍ അല്ലാഹു അക്ബര്‍ എന്നെഴുതിയ കൊടി3 ആരോ വീശി കാണിച്ചതായി കുഞ്ഞായിനു തോന്നി. അന്നേരം ഒരു ടാങ്ക് ഇരമ്പിവന്ന് കുഞ്ഞായിന്റെ മുന്‍പില്‍ നിന്നു. പൊടിപടലങ്ങള്‍ ഭൂഗുരുത്വത്തിനു വിധേയപ്പെടാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞായിന്‍ നടത്തം നിര്‍ത്തി.
തവിട്ടും പച്ചയും കലര്‍ന്ന വേഷം ധരിച്ച പട്ടാളക്കാര് കതകിനു മുട്ടിയപ്പോള്‍ സമയം പുലര്‍ച്ചെ നാല് ആയിക്കാണും.
''അബ്‌റാജ്4' 
പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞപ്പോള്‍ തോക്കിന്റെ മുന ചുവരിലുരഞ്ഞു ചെവികളെ അസ്വസ്ഥമാക്കി. 
''കുവൈറ്റിനെ ഇറാഖ് വിഴുങ്ങി. ഇനി കുവൈറ്റില്ല. ഇത് ഞങ്ങളുടെ പത്തൊന്‍പതാം പ്രവിശ്യയാണ്.' 
അയാള്‍ ശബ്ദമുയര്‍ത്തി പറഞ്ഞപ്പോള്‍ കുഞ്ഞായിന്റെ ഉള്ളില്‍നിന്ന് പെട്ടെന്നൊരു ദഫിന്റെ തുകല്‍ നിലവിളിച്ചുകൊണ്ടു പൊട്ടി. എന്തെങ്കിലും പറയുംമുന്‍പു മറ്റു നാലുപേര്‍കൂടി അകത്തേക്കു കടന്നു. കൈയില്‍ കരുതിയ പ്‌ളാസ്റ്റിക് ചാക്കിലേക്ക് ബേക്കറി കൗണ്ടറിലിരുന്ന പലഹാരങ്ങളും റൊട്ടിയും കുബ്ബൂസും വാരിനിറച്ച ശേഷം അയാള്‍ ചോദിച്ചു: 
''നിങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ജിഹാദിനെ പിന്തുണയ്ക്കുമോ?'
കുഞ്ഞായിന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ അവര്‍ പുറത്തിറങ്ങി. നഗരത്തിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചിമ്മിനികളില്‍നിന്നെന്നപോലെ പുകച്ചുരുളുകള്‍ പുറത്തുവിടുന്നുണ്ടായിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലും അവര്‍ കാലത്തുതന്നെ വലിയ കാര്‍ട്ടണുകളുമായെത്തി. കുബ്ബൂസും റൊട്ടിയും അലസമായി വലിച്ചിട്ടുകൊണ്ടുപോയി. ഭയത്തിന്റെ ഒരു ചരട് തന്റെമേല്‍ കെട്ടിയിട്ടാണ് അവര്‍ പോകുന്നതെന്ന് കുഞ്ഞായിന്‍ തിരിച്ചറിയാന്‍ തുടങ്ങി.


തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലാണ് ഇറാഖി പട്ടാളക്കാര്‍ തമ്പടിച്ചത്. അവിടെ ഫ്രീസറുകളില്‍ കരുതിവച്ച മീന്‍ ചുട്ടും കുബ്ബൂസ് തിന്നും അവര്‍ അധിനിവേശം ആഘോഷിച്ചു. 
ആ തെരുവില്‍ കുഞ്ഞായിനെക്കൂടാതെ അവശേഷിച്ചത് യാസര്‍ എന്ന പലസ്തീനി മാത്രമായിരുന്നു. വൈകുന്നേരം അവനൊപ്പം നടക്കാനിറങ്ങിയപ്പോള്‍ തൊട്ടപ്പുറത്തുള്ള ഷിയാ പള്ളിയുടെ മതില്‍ അയാള്‍ കുഞ്ഞായിനു കാണിച്ചുകൊടുത്തു. വെടിയുതിര്‍ത്ത് അള്ളാഹു എന്നെഴുതിയിരുന്നു. ആ പാടുകളിലൂടെ വിരലോടിച്ചപ്പോള്‍ കുഞ്ഞായിന് ദൈവത്തോട് ഒരു അടുപ്പവും തോന്നിയില്ല. ഉള്ളില്‍നിന്ന് ഒരു പ്രാര്‍ത്ഥനയും കിനിയുന്നില്ലല്ലോയെന്നു നടുക്കത്തോടെ അയാള്‍ ഓര്‍ത്തു. മുന്നോട്ടു നടന്നപ്പോള്‍ ചുവരില്‍ ''ഖദര്‍ ഇറാഖി5' എന്നെഴുതിയിരിക്കുന്നത് അയാള്‍ കണ്ടു. അധിനിവേശത്തിന്റെ രണ്ടാംദിവസം ടെറസ്സുകളുടെ മുകളില്‍ കയറി അള്ളാഹു അക്ബര്‍ എന്നുവിളിച്ചു പ്രതിഷേധം പ്രകടിപ്പിച്ച കുവൈറ്റികളുടെ ക്ഷമ നശിച്ചുതുടങ്ങിയിരിക്കുന്നു എന്ന് കുഞ്ഞായിനു മനസ്സിലായി.
തിരിച്ചുവരുമ്പോള്‍ യാസര്‍ പറഞ്ഞു. ''റുമൈലയിലെ എണ്ണ ചോര്‍ത്തിയതുകൊണ്ടു മാത്രമല്ല സദ്ദാം കുവൈറ്റ് പിടിച്ചത്. ബൂബിയാന്‍, വാര്‍ബ എന്നീ ദ്വീപുകള്‍ പിടിച്ചാല്‍ ഇറാഖിനു വലിയ തുറമുഖങ്ങള്‍ ഉണ്ടാക്കാം. വലിയ കപ്പല്‍ വന്നാല്‍ എണ്ണ കൊണ്ടുപോകാന്‍ എളുപ്പമല്ലേ?'
തിരികെ എത്തി കുഞ്ഞായിന്‍ ബേക്കറി തുറക്കുമ്പോള്‍ അകത്തു ശേഷിച്ച മജ്ബൂസ് അരിയും ലെബനും6 സഞ്ചിയിലാക്കുന്ന തിരക്കിലായിരുന്നു ഇറാഖി പട്ടാളക്കാര്‍. സമീപത്തെ ഫ്‌ളാറ്റുകളൊക്കെ കൊള്ളയടിച്ചു കഴിഞ്ഞുള്ള വരവാണെന്നു യാസര്‍ കുഞ്ഞായിന്റെ ചെവിയില്‍ പറഞ്ഞു. 
അധിനിവേശത്തിന്റെ പത്തൊന്‍പതാം ദിവസം യാസര്‍ വന്നത് ഇറാഖികളുടെ ട്രക്കില്‍ കയറിയാണ്. 
''കുഞ്ഞായിന്‍ വേഗം സ്ഥലം കാലിയാക്ക്. ഞങ്ങള്‍ പലസ്തീനികളുടെ കാര്യത്തില്‍ ഇനി പ്രശ്‌നമൊന്നുമില്ല. പോരാട്ടം ഇസ്രയേലിനെതിരെയാണ്. അമേരിക്കയാണ് കുവൈറ്റിനെ സഹായിക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഇറാഖിനൊപ്പം നില്‍ക്കും.'


കുഞ്ഞായിന്റെ ചെവികളില്‍ അന്നേരം കുന്നുമ്പുറത്തെ പള്ളികളില്‍ പല ജുമഅ നമസ്‌കാരങ്ങള്‍ക്കും ശേഷം യാസര്‍ അറഫാത്തിനായി പ്രാര്‍ത്ഥിച്ച ഉച്ചഭാഷിണികള്‍ ഒന്നിച്ചു തൊണ്ടയനക്കി. പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ ചതുരംഗക്കളങ്ങളുള്ള സ്‌കാര്‍ഫുകള്‍ തലയില്‍കെട്ടി എന്നത്തേക്കാളും ഉച്ചത്തില്‍ 'ആമീന്‍' വിളിച്ചിരുന്നു. 
രക്ഷപ്പെടാന്‍ ഇറാഖ് വഴിയാണ് എളുപ്പമെന്ന് യാസര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ബേക്കറിയിലെ ചായിപ്പിലെത്തി തന്റെ പഴയ എക്കോലാക്ക് പെട്ടി എടുക്കുന്നതിനെക്കുറിച്ചായിരുന്നു അപ്പോള്‍ കുഞ്ഞായിന്റെ മനസ്സില്‍. വെറും കടലാസായി മാറിയ കുവൈത്തി ദിനാറുകള്‍ കൂടാതെ അമേരിക്കന്‍ ഡോളറാക്കി മാറ്റിസൂക്ഷിച്ച സമ്പാദ്യം മുഴുവന്‍ അതിനകത്തായിരുന്നു. അലമാരയുടെ വാതില്‍ തുറന്നപ്പോള്‍ ശൂന്യമായ മനസ്സുപോലെ ആ പെട്ടി താഴേക്കു വീണു. പൂട്ടുതകര്‍ത്ത പെട്ടിക്കകത്തുനിന്നു കീറിയ പാസ്‌പോര്‍ട്ടും നാട്ടിലേക്കു പണമയച്ചതിന്റെ ബാങ്ക് രശീതികളും മാത്രം ആയാസമില്ലാതെ അയാള്‍ കണ്ടെടുത്തു. കുഞ്ഞായിന്റെ ചങ്കു കത്തുപാട്ടിലെ അവസാനവരികളില്‍ എന്നതുപോലെ നനഞ്ഞുകുതിര്‍ന്നു.
ഇറാഖിലേക്കു പുറപ്പെട്ട ബസ്സിന്റെ പിന്‍സീറ്റിലായിരുന്നു അയാള്‍. തന്റെ ഇരുപത്തിയഞ്ചുവര്‍ഷം നീണ്ട പ്രവാസത്തിന്റെ ഗന്ധമുള്ള ആ പെട്ടി ഒരു അരക്ഷിതബോധവുമില്ലാതെ കുഞ്ഞായിന്‍ മുറുകെപ്പിടിച്ചു. ഇടയ്ക്കിടെ പട്ടാളക്കാര്‍ റോഡില്‍ ബസ്സ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. കൂട്ടത്തില്‍ ഒരു സ്ത്രീയെ അവര്‍ സംശയത്തോടെ നോക്കി. ഒരു മദാമ്മയുടെ ഛായയുള്ള അവര്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ സാമുവലിന്റെ ഭാര്യയാണെന്നു പറഞ്ഞിട്ടും പട്ടാളക്കാര്‍ക്കു വീണ്ടും സംശയം. പാസ്‌പോര്‍ട്ട് കാണിച്ചുകൊടുത്തിട്ടും അവര്‍ അവിശ്വസനീയതയോടെ ചുറ്റിപ്പറ്റി നിന്നു. ഓരോ ചെക്ക്‌പോസ്റ്റിലും അവരെ പിടിച്ചിറക്കി ഇറാഖി സൈന്യം ചോദ്യം ചെയ്തു. കണ്ണീരില്‍ കുതിര്‍ന്ന കടലാസുപോലെ ഇരുന്നു അവര്‍. ഒടുക്കം കുഞ്ഞായിന് നിയന്ത്രണം വിട്ടു. 
''തൊലിവെളുപ്പുള്ളവരെല്ലാം മദാമ്മമാരല്ല ഹിമാറേ.' കുഞ്ഞായിന്‍ അലറിയപ്പോള്‍ ചുവന്ന മീശയുള്ള ഒരു പട്ടാളക്കാരന്‍ അയാളുടെ നെഞ്ചിനുതാഴെ തോക്കിന്റെ പാത്തികൊണ്ടിടിച്ചു. നിലത്തുവീണ കുഞ്ഞായിനുമേല്‍ അയാള്‍ ബൂട്ടമര്‍ത്തി. 
''പടച്ചവന്റെ പേരില്‍ അഹങ്കരിക്കണ്ട. ഇറാഖിനുമേല്‍ ഇടിത്തീ വീഴുമ്പോള്‍ ആ പടച്ചവന്‍ നിന്നെ രക്ഷിക്കാനുണ്ടാവില്ല.' കുഞ്ഞായിന്‍ ബോധം മറയുമുമ്പ് വിളിച്ചുപറഞ്ഞു.
പേരറിയാത്ത ഏതോ തുറമുഖത്തു നിന്നു കപ്പല്‍ കയറി ബേംംബെയില്‍ വന്നിറങ്ങുന്നതിനിടെ നൂറു തവണയെങ്കിലും മുഖത്ത് ഇബിലീസിന്റെ ചെടിപ്പുള്ള സദ്ദാമിനെ കുഞ്ഞായിന്‍ സ്വപ്‌നം കണ്ടു. 
പൊന്നാനി തുറമുഖത്തു പത്തേമാരികള്‍ ലോകം ചുറ്റിവന്ന് ആലസ്യത്തോടെ കിടക്കുന്നതു കാണാന്‍ നല്ല ശേലായിരുന്നു. കുഞ്ഞായിനും ചങ്ങാതിമാരും ആകാശത്തിനു കീഴെ ചന്ദ്രക്കലപോലെ വളഞ്ഞുനിന്ന ആ കാഴ്ച കാണാന്‍ പോയ ദിവസമാണ് പത്തേമാരികളില്‍ വലിയ ചെങ്കൊടികള്‍ പാറുന്നതു ശ്രദ്ധിച്ചത്. കൂലി ചോദിച്ച തൊഴിലാളികളോട് സേട്ടു7 പറഞ്ഞതു കടലില്‍ ചാടാന്‍. അവര്‍ പോയത് ഇ.കെ. ഇമ്പിച്ചിബാവയുടെ അടുത്തേക്ക്. 


''കേറി കെട്ടെടാ കൊടി. ഇനി ഒരു തീരുമാനമായിട്ടു പത്തേമാരി കര വിട്ടാല്‍ മതി.' ഇമ്പിച്ചിബാവ ശബ്ദമുയര്‍ത്തിയപ്പോള്‍ പുറം കടലിന്റെ ആകാശം ചുവന്നു. സമരസഖാക്കളെ ഒഴിപ്പിക്കാന്‍ വന്ന പോലീസുകാരോട് ഇമ്പിച്ചിബാവ പറഞ്ഞു: ''നാടു ഭരിക്കുന്നതു കോങ്ക്രസ്‌സല്ല, കമ്മ്യൂണിസ്റ്റുകാരാണ്. ഇ.എം.എസ് ആണ് ഞങ്ങളുടെ മുഖ്യമന്ത്രി.'
കുവൈത്തില്‍നിന്നു നാട്ടിലെത്തിയശേഷം കുഞ്ഞായിന്‍ ദിവസങ്ങളോളം മൂന്നുവരി മാത്രം കെട്ടിയുയര്‍ത്തിയ തന്റെ വീടിന്റെ തറയുടെ ചുറ്റും നടന്നു സമയം നീക്കി. അതിനിടയിലാണ് എടപ്പാളില്‍ ഇ.എം.എസ് പ്രസംഗിക്കാന്‍ വരുന്നുണ്ടെന്ന് അവറാന്‍ പറഞ്ഞത്. 
വാക്കുകള്‍ക്കിടയില്‍ ഓര്‍മ്മകളുടെ അകലം ഇട്ട് ഇ.എം.എസ് പ്രസംഗിച്ചുതുടങ്ങിയപ്പോള്‍ കുഞ്ഞായിനു രസിച്ചുതുടങ്ങി. ജപ്പാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലെ അമേരിക്കയുടെ വെടക്കത്തരങ്ങള്‍ പറഞ്ഞശേഷം ഇ.എം.എസ് കുവൈത്തിനെക്കുറിച്ചു പറയാന്‍ തുടങ്ങിയതോടെ കുഞ്ഞായിന്‍ കാതു കൂര്‍പ്പിച്ചു. പോരാളിയായ സദ്ദാം എന്ന് ഇ.എം.എസ് പലതവണ പറഞ്ഞതോടെ കുഞ്ഞായിനു പിന്നെ അവിടെ നില്‍ക്കേണ്ടെന്നായി. അവറാന്റെ നോട്ടത്തെ അവഗണിച്ച് ഇറങ്ങിനടക്കുമ്പോള്‍ കുഞ്ഞായിന്റെ കണ്ണുകളില്‍ ജഹ്‌റ8യിലെ മാനംമുട്ടുന്ന കെട്ടിടങ്ങളില്‍നിന്ന് ആകാശത്തേക്കു ചാടിയ പുകച്ചുരുളുകള്‍ കനത്തു, അയാള്‍ക്കു ശ്വാസം മുട്ടാന്‍ തുടങ്ങി. 
ഗമാലിന്റെ ഭാര്യയുടെ പ്രസവത്തിനശേഷം കുറച്ചുദിവസം കഴിഞ്ഞാണ് കുഞ്ഞായിന്‍ പിന്നെ അങ്ങോട്ടു പോയത്. വലിയ താടിയും തൊപ്പിയും കൂടി ചേര്‍ന്നപ്പോള്‍ രൂപത്തിലൊരു പന്തികേട്. 
''ഈയെന്താ ഇക്കോലത്തില്.' കുഞ്ഞായിന്‍ ചോദിച്ചപ്പോള്‍ ഗമാല്‍ പരുഷമായൊന്നു നോക്കി. കുഞ്ഞായിന്‍ പിന്നെ അവിടെ നിന്നില്ല. 
പെരുവടപ്പ് നേര്‍ച്ചയ്ക്കു മൈതാനം ഒരുങ്ങിയപ്പോള്‍ കുഞ്ഞായിന് അതു ശ്രദ്ധിച്ചു. മൈതാനത്തിന്റെ വടക്കു ഭാഗത്ത് ഒരു വലിയ ഫ്‌ളക്‌സ് ബോര്‍ഡ്. മുശിരിക്കുകളുടെ ആഘോഷങ്ങളില്‍നിന്നും മാറിനില്‍ക്കുക. ഇതെന്താ ഇപ്പോ ഇങ്ങനെയെന്നു ചോദിച്ച കുഞ്ഞായിനോട് അലവിക്കുട്ടി പറഞ്ഞു:
''പണ്ടൊക്കെ നേര്‍ച്ചക്കെതിരെ മൈക്കു കെട്ടി ഉള്ള പ്രസംഗങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ ബോംബ് പൊട്ടിക്കും എന്നാ ഭീഷണി.'
കുഞ്ഞായിന് തിരുവാലി ക്ഷേത്രത്തിലെ ഉല്‍സവം കഴിഞ്ഞ് അതേ ആനകള്‍ വരിവരിയായി പെരുവടപ്പ് നേര്‍ച്ചക്കായി എത്തിയിരുന്ന ദൃശ്യങ്ങള്‍ ഓര്‍മ്മവന്നു. ചുവന്ന മുത്തുക്കുടകള്‍പോലും ആനകള്‍ക്കൊപ്പം അമ്പലത്തില്‍നിന്നു കൊണ്ടുവന്നിരുന്നു. കഴിഞ്ഞ കുറേ കൊല്ലങ്ങളായി പെരുവടപ്പ് നേര്‍ച്ചയില്‍ ആനകളും മുത്തുക്കുടകളുമില്ല. ചിലപ്പോള്‍ നേര്‍ച്ചയേ നടക്കാറില്ല. 
കുഞ്ഞായിന്‍ തിരിഞ്ഞുനടക്കുമ്പോള്‍ ഗമാല്‍ പിന്നാലെ വന്നു. ''ശിര്‍ക്കിന്റെ ഫലം നരകമാണ് ബാപ്പാ. നിങ്ങള് നേര്‍ച്ച നടത്താമെന്നു കരുതണ്ട.'
അവന്‍ പോയപ്പോള്‍ കുഞ്ഞായിന്‍ അങ്ങാടിയിലേക്കു തിരിച്ചുനടന്നു. ഒസ്സാന്‍ മൊയ്തീന്റെ ഒ.എം സലൂണിലെ തിരിയാത്ത കസേരയിലിരുന്നു സ്വരമുയര്‍ത്തി പറഞ്ഞു: 
''താടിയും മീശയും എടുത്തുകള. എന്നിട്ട് ബച്ചന്‍കട്ടടിക്ക്.' മൊയ്തീന്‍ ചിരിക്കാന്‍ തുടങ്ങി. പക്ഷേ, അയാളുടെ കത്രികയും കത്തിയും കൃത്യതയോടെ ഓടിനടന്നു. 


മടങ്ങുംവഴി ബ്രദേഴ്‌സ് ക്‌ളബ്ബിന്റെ പഴയ അലമാരയില്‍നിന്നു തിരഞ്ഞുപിടിച്ച ചില ചിത്രങ്ങളുമായി മൊയ്തീന്‍ വസന്ത ഫ്രെയിംസിലെത്തി. ബേ്‌ളാക്ക് പ്രിന്റിംഗിന്റെ ചെറിയ കറുത്ത കുത്തുകളുള്ള ഫോട്ടോകള്‍ പ്രൊപ്രൈറ്റര്‍ ബാലനു നല്‍കി കുഞ്ഞായിന്‍ പറഞ്ഞു: 
''വെക്കം വേണം.'
രാത്രി വൈകി. ഒരു വലിയ കെട്ടുമായി വീട്ടിലേക്കു കയറിവന്ന കുഞ്ഞായിനെ പാത്തു തുറിച്ചുനോക്കി. ചായ്പിലെവിടെയോ ഒളിച്ചുകിടന്ന ചുറ്റിക തിരഞ്ഞുപിടിച്ച് ഉമ്മറത്തെ ചുവരില്‍ അയാള്‍ ആ ചിത്രങ്ങള്‍ തൂക്കി. 
പൊന്നാനി കടലോരത്ത് പത്തേമാരികള്‍ സുജൂദിലെന്നവണ്ണം അച്ചടക്കത്തോടെ നിരന്നിരിക്കുന്നു. നിലമ്പൂര്‍ ആയിഷ എന്ന 'അനാഘ്രാത പുഷ്പം' ഇ.കെ. അയമുവിന്റെ നാടകം കളിക്കുന്നു. ചോരപൊടിയുന്ന നോട്ടവുമായി ബ്രിട്ടീഷ് പൊലീസിന്റെ വലയത്തില്‍ നടന്നുനീങ്ങുന്ന മാപ്പിള കലാപകാരികള്‍... കുഞ്ഞായിന്റെ ചുവരുകള്‍ നിറയെ സെപ്പിയ നിറത്തിലുള്ള ആ ചിത്രങ്ങള്‍. ഫ്‌ളാഷ്ബാക്ക് സൗണ്ട്ട്രാക്കിന്റെ അലോസരമില്ലാതെ നിരന്നപ്പോള്‍ പാത്തുമ്മ വിളിച്ചുപറഞ്ഞു: 
''ഗമാല്‍ ഇനി ഇങ്ങോട്ട് കേറൂല. ഫോട്ടം തൂക്കിയാല്‍ ആ പുരയില്‍ മലക്ക് കേറൂലെന്നാണ് ഓന്‍ പറയണത്.'
തന്റെ പഴയ ചാരുകസേര വലിച്ചിട്ട് അയാള്‍ ഇരുട്ടിലേക്കു നോക്കിയിരുന്നു. ലക്ഷ്മി ടാക്കീസിലെ ആദ്യഷോയ്ക്ക് വരിനിന്ന് അകത്തു കയറിയപ്പോള്‍ത്തന്നെ പൊതിഞ്ഞ ഇരുട്ടും പെരുവടപ്പ് നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞപ്പോള്‍ ഒരു മിന്നാമിനുങ്ങിന്റെപോലും വെട്ടമില്ലാതെ എത്തിപ്പെട്ട കാവും അയാളുടെ മനസ്സിന്റെ തിരശ്ശീലയില്‍ തെളിഞ്ഞുവന്നു. പാത്തുമ്മ പിന്നിലുണ്ടോ എന്നു നോക്കാന്‍ മിനക്കെടാതെ അയാള്‍ വിളിച്ചുപറഞ്ഞു: ''ഉമ്മനേം ബാപ്പനേംകാളും വല്യ മലക്കുണ്ടോ ഇന്നാട്ടില്‍.'

1. ഈജിപ്ഷ്യന്‍
2. ഒരു മുസ്‌ലിം ആചാരം
3. ഇറാഖിന്റെ പതാക
4. പുറത്തുപോ
5. ഇറാഖികള്‍ ചീത്തയാണ്
6. കുവൈത്തി ഭക്ഷ്യവിഭാവങ്ങള്‍
7. മാര്‍വാഡി
8. കുവൈത്തിലെ തെരുവ്
9. ബഹുദൈവ വിശ്വാസികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com