വായനാ ദിനത്തില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ലേഖനം; പസ്തര്‍നാക്കിന്റെ പ്രണയം

ഡോക്ടര്‍ ഷിവാഗോ നീന്തിവന്ന ചോരപ്പുഴകളുടെ കഥ എസ്. ജയചന്ദ്രന്‍ നായര്‍ എഴുതുന്നു
വായനാ ദിനത്തില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ലേഖനം; പസ്തര്‍നാക്കിന്റെ പ്രണയം

എസ്. ജയചന്ദ്രന്‍ നായര്‍

"ഓര്‍മ്മയില്‍ ഈര്‍പ്പമാകുന്ന പ്രണയം''ഒരു ദിവസം പുറത്തുപോയ ലാറ മടങ്ങിവന്നില്ല. അക്കാലത്തു സാധാരണമായി നടക്കാറുള്ളതുപോലെ റോഡില്‍വച്ച് അവള്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കാം. വടക്ക്, സ്ത്രീകള്‍ക്കു മാത്രമായിട്ടുള്ളതോ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായുള്ളതോ ആയ ഏതെങ്കിലും ഒരു കരുതല്‍ തടങ്കല്‍പ്പാളയത്തില്‍നിന്നു പില്‍ക്കാലത്തു കണ്ടെടുക്കപ്പെടുന്ന ലിസ്റ്റില്‍ പേരില്ലാത്ത ഒരു നമ്പരായി അവള്‍ വിസ്മരിക്കപ്പെടുകയോ അല്ലെങ്കില്‍ അപ്രത്യക്ഷപ്പെടുകയോ ചെയ്യാം.' ദുരന്തം പേറുന്ന ഈ വാചകവുമായാണ് 'ഡോക്ടര്‍ ഷിവാഗോ' എന്ന നോവല്‍ അവസാനിക്കുന്നത് ഈ വാചകങ്ങള്‍ ഒരു എഴുത്തുകാരന്റെ സങ്കല്പമായിരുന്നില്ലെന്ന് കാലം തെളിയിച്ചു.

ആ നോവലിലെ ലറിസ്‌സ ഫഡയര്‍നോവ എന്ന ലാറയായ ഒള്‍ഗ ഒരിക്കലല്ല, രണ്ടു പ്രാവശ്യമാണ് അറസ്റ്റ് ചെയ്യപ്പെട്ടതും കരുതല്‍ തടങ്കല്‍പ്പാളയത്തില്‍ പാര്‍പ്പിക്കപ്പെട്ടതും. രണ്ടാംവട്ടം ഒള്‍ഗ മാത്രമായിരുന്നില്ല, അവളുടെ മകള്‍ ഐറിനയേയും അറസ്റ്റ് ചെയ്യുകയും വിചാരണ പ്രഹസനത്തിനുശേഷം കരുതല്‍ തടങ്കല്‍പ്പാളയത്തിലാക്കുകയും ചെയ്യുകയുണ്ടായി. എട്ടുകൊല്ലത്തെ ശിക്ഷ ഒള്‍ഗയ്ക്കും മകള്‍ക്കു മൂന്നു കൊല്ലവും. ഒടുവില്‍ മോചിപ്പിക്കപ്പെട്ട ആ കാലത്തേക്കു തിരിഞ്ഞുനോക്കവെ ഒള്‍ഗ ഇങ്ങനെ എഴുതി: ''സൈബീരിയായിലേക്കുള്ള യാത്ര ദീര്‍ഘവും ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമായിരുന്നു. ജനുവരിയിലെ ശൈത്യം കഠിനമായിരുന്നു. യാത്രയ്ക്കിടയില്‍ രാത്രി ചെലവഴിക്കാനായി വഴിയരികിലുള്ള സെല്ലുകളില്‍ കിടന്നു മരവിച്ചുപോയി. വസന്തകാലത്തു അണിയാറുള്ള നേര്‍ത്ത വേഷമായിരുന്നു അപ്പോള്‍ ഐറിനയുടേത്. തണുപ്പില്‍ അവള്‍ വിറച്ചുകൊണ്ടിരുന്നതു നോക്കിനില്‍ക്കാനാവുമായിരുന്നില്ല.'

ബോറിസ് പസ്തര്‍നാക്ക് കഥാവശേഷനായിട്ടു മൂന്നു മാസം പോലും പിന്നിട്ടിരുന്ന ഒള്‍ഗയേയും മകള്‍ ഐറിനയേയും തേടി കെ.ജി.ബി (റഷ്യന്‍ ചാരപ്പൊലീസ്) എത്തുമ്പോള്‍. മുന്‍പൊരിക്കല്‍ തടങ്കല്‍പ്പാളയത്തില്‍ ചെലവിട്ട ദുരനുഭവങ്ങള്‍ ഒള്‍ഗ മറന്നിരുന്നില്ല. അതിനുശേഷം എല്ലാം സാധാരണ ഗതിയിലാണെന്നു കരുതിക്കഴിയുമ്പോള്‍ തന്നെ തേടി വീണ്ടും ചാരപ്പൊലീസ് എത്തുന്നത് ഏതു പാതകത്തിന്റെ പേരിലാണെന്ന് നോവിമിര്‍ എന്ന പ്രസിദ്ധീകരണത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന അവര്‍ക്ക് ഊഹിക്കാന്‍പോലും സാധിച്ചില്ല.

മുന്‍പ്, ആദ്യവട്ടം ലുബിങ്കയിലെ തടങ്കല്‍പ്പാളയത്തില്‍വച്ച് ചോദ്യം ചെയ്യവെ കെ.ജി.ബിയുടെ ഡെപ്യൂട്ടി ചീഫ് ടിക്കുനോവ് ഇങ്ങനെ പറഞ്ഞു: ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി ആ നോവല്‍ (ഡോക്ടര്‍ ഷിവാഗോ) ആരാണ് എഴുതിയതെന്ന്. എത്ര ഭംഗിയായി തിരിമറി നടത്താന്‍ നിങ്ങള്‍ക്കു സാധിച്ചു. അതു തെളിയിക്കാനായി നോവലിന്റെ ആദ്യപേജില്‍ പസ്തര്‍നാക്ക് എഴുതിയ വരികള്‍ അയാള്‍ വായിച്ചു: ''ഒലിഷ (പസ്തര്‍നാക്ക് അങ്ങനെയായിരുന്നു ഒള്‍ഗയെ അഭിസംബോധന ചെയ്തിരുന്നത്). നീയാണ് ഇതു ചെയ്തത്. എന്നാല്‍, ഇതെല്ലാം നീയാണ് ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. നീയെന്റെ കൈകള്‍ പിടിച്ച്, പിറകില്‍നിന്ന്... നിന്നോടാണ് എല്ലാത്തിനും ഞാന്‍ കടമപ്പെട്ടിരിക്കുന്നത്.' അതു കേട്ടിരുന്ന ഒള്‍ഗ അയാളോട് മറുപടി പറഞ്ഞു: ''ഒരു സ്ത്രീയെ പ്രേമിക്കാന്‍ ഒരിക്കലും സാധിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത്. ഇത്തരം   കാര്യങ്ങളൊന്നും ഒരിക്കലും നിങ്ങളെപ്പോലുള്ളവര്‍ക്കു മനസ്സിലാവില്ല.' അയാള്‍ അതൊന്നും ഗൗരവമായി കണക്കിലെടുത്തില്ല. പസ്തര്‍നാക്കിന്റെ പേരില്‍ നോവലെഴുതിയതിനു പുറമെ വിദേശികളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ഒള്‍ഗ മുന്‍കൈയെടുത്തിരുന്നതായും ആരോപിച്ചു.

ആരോപണങ്ങള്‍ക്കുശേഷം അരങ്ങേറിയ വിചാരണ പ്രഹസനത്തിനൊടുവില്‍ ഒള്‍ഗയെ ശിക്ഷിക്കുകയുണ്ടായി. രണ്ടാം വട്ടവും ഇതേ നാടകം തന്നെയായിരുന്നു. ഇത്തവണ അമ്മയും മകളും പ്രതിസ്ഥാനത്തുണ്ടായിരുന്നു. 1949 ഒക്‌ടോബറിലായിരുന്നു ആദ്യമായി അവര്‍ തടങ്കല്‍പ്പാളയത്തിലെത്തിയത്. അതിനുശേഷം അമ്മയേയും മകളേയും ശിക്ഷിച്ച് ടെയ്‌ഷെറ്റ് ക്യാമ്പിലേക്കയച്ചു. ഒരു മാസത്തിനുശേഷം ആ ക്യാമ്പ് അടച്ചുപൂട്ടിയപ്പോള്‍, അവിടെനിന്നു ആയിരക്കണക്കിനു മൈലുകള്‍ അകലെയുള്ള പൊട്മ കരുതല്‍ തടങ്കല്‍പ്പാളയത്തിലേക്കു അവര്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. അവിടെ മൂന്നു കൊല്ലം പിന്നിടുമ്പോഴായിരുന്നു, അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ 1964-ല്‍ ഒള്‍ഗയെ മോചിപ്പിച്ചത്. നേരത്തേ രണ്ടുകൊല്ലത്തെ തടവു പൂര്‍ത്തിയാക്കിയ മകള്‍ ഐറിന മോചിപ്പിക്കപ്പെട്ടിരുന്നു. 

അങ്ങനെ ദുരന്തമയമായ ഒള്‍ഗയുടെ ജീവിതത്തെ പശ്ചാത്തലമാക്കി അന്ന പസ്തര്‍നാക്ക് (Anna Pasternak) ലാറ  (Lara) എന്ന ശീര്‍ഷകത്തില്‍ എഴുതിയ കൃതി വായനക്കാരന്റെ ഓര്‍മ്മയില്‍ ഈര്‍പ്പമാകുന്ന പ്രണയകാവ്യമാകുന്നതിനു പുറമെ ചോരയില്‍ കുതിര്‍ന്ന ഒരു കാലത്തിന്റെ ചരിത്രരേഖ കൂടിയായിരിന്നു. അതിവിശുദ്ധമെന്നു വിശേഷിപ്പിക്കാവുന്നതായിരുന്നു ബോറിസ് പസ്തര്‍നാക്കും ഒള്‍ഗയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം. രണ്ടു വിവാഹജീവിതങ്ങളിലെ പോറലുകളുമായാണ് രണ്ടു കുട്ടികളുടെ അമ്മയായ ഒള്‍ഗയുടെ ജീവിതത്തില്‍ ബോറിസ് എത്തുന്നത്. അതൊരു സ്വയം കണ്ടെത്തല്‍ കൂടിയായിരുന്നുവെന്നും അതിമനോഹരങ്ങളായ ഭാവഗീതങ്ങള്‍ക്കു ഹൃദയസ്പര്‍ശം പ്രദാനം ചെയ്തിരുന്ന പ്രണയത്തെക്കുറിച്ചു സൂക്ഷിച്ചിരുന്ന സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമായിരുന്നു ഒള്‍ഗയെന്നും പസ്തര്‍നാക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതീവ ഹൃദ്യമായ ഈ കൃതി ഒരിക്കല്‍ വായിക്കാന്‍ സാധിച്ചാല്‍ വീണ്ടും വായിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കും വിധത്തിലുള്ളതാണ് പ്രതിപാദനം. 
ഇരുപതുകള്‍ മുതല്‍ ബോറിസ് പസ്തര്‍നാക്ക് ആര്‍ജ്ജിച്ച പ്രശസ്തി അളക്കുക പ്രയാസം നിറഞ്ഞതാണെന്ന ആമുഖത്തോടെ, ഒരു തലമുറയുടെ സ്‌നേഹം കൈവരിച്ച അനുപമനായ ആ കവി. ഒരേ ഒരു നോവലിലൂടെ ലോകത്തെ മുഴുവന്‍ കീഴടക്കിയതെങ്ങനെയെന്ന് ഗ്രന്ഥകര്‍ത്രി പ്രതിപാദിക്കുന്നുണ്ട്.

ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളേയും വിപ്‌ളവകാരികളേയും കലാകാരന്മാരേയും കൊണ്ട് നിറയുന്ന സദസ്സുകളെ കവിതാലാപനത്തിലൂടെ അദ്ദേഹം വശീകരിച്ചിരുന്ന മുപ്പതുകള്‍. കവിതാലാപനത്തിനിടയില്‍ അടുത്ത വരി ഓര്‍മ്മിക്കാനോ ആലാപനം സൃഷ്ടിക്കുന്ന അനുഭവത്തെ കൂടുതല്‍ നാടകീയമാക്കാനോ വേണ്ടി പസ്തര്‍നാക്ക് ആ നിമിഷം കവിതാലാപനം നിര്‍ത്തുമ്പോള്‍ അതു പൂര്‍ത്തിയാക്കുന്നതു സദസ്‌സായിരുന്നു. ''യൂറോപ്പില്‍ ഒരിടത്തും ദര്‍ശിക്കാന്‍ സാധിക്കാത്തതായിരുന്നു ഈ പ്രതിഭാസം. റഷ്യയില്‍ കവിയും സദസ്സും തമ്മിലുള്ള ജൈവബന്ധം അസാധാരണമായിട്ടുള്ളതാണ്. ''പസ്തര്‍നാക്കിന്റെ സഹോദരി ലിഡിയ എഴുതിയിട്ടിട്ടുണ്ട്. എഴുത്തുകാരന്റേതാണ് തന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ ആദ്യകാലം മുതല്‍ക്കേ ഒരു നോവല്‍ എഴുതണമെന്ന് ബോറിസ് ആഗ്രഹിച്ചിരുന്നു. അച്ഛന്‍ ലിയോനിദിന് (1914) എഴുതിയ കത്തില്‍ അക്കാര്യം പസ്തര്‍നാക്ക് വിശദീകരിച്ചതിങ്ങനെയായിരുന്നു. ''ഡിക്കന്‍സിനെപ്പോലൊരു എഴുത്തുകാരനാവാനാണ് എന്റെ ശ്രമം. അതിനു പുറമെ സാധിക്കുമെങ്കില്‍ പുഷ്‌കിനെപ്പോലെ കവിതകളെഴുതണം, അവരുമായി എന്നെ സാമ്യപ്പെടുത്തുകയല്ല, എന്റെ മോഹം വ്യക്തമാക്കാനായി അവരുടെ പേരുകള്‍ ഉദ്ധരിച്ചുവെന്നേയുള്ളൂ.' 1917-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'എബൗ ദ ബാരിയേഴ്‌സ്' എന്ന കവിതാസമാഹാരം റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാവ്യഗ്രന്ഥങ്ങളില്‍ പ്രഥമഗണനീയമായിട്ടുള്ളതാണെന്നു നിരൂപകര്‍ വാഴ്ത്തിയിരുന്നു.

ആകസ്മികമായാണെങ്കിലും ഏവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ച അനുഭവമാണ് 1917-ലെ വിപ്‌ളവം സൃഷ്ടിച്ചതെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ നിഴല്‍ വീണുകിടക്കുന്ന മറ്റൊരു കവിതാസമാഹാരമാണ്, 'മൈ, സിസ്റ്റര്‍ ലൈഫ്.' അവയ്ക്കു ശേഷമാണ് ആത്മകഥയുടെ പരിമളമുള്ള 'സേഫ് കാണ്‍ടാക്ട്' എന്ന ഗ്രന്ഥം ഒരു നോവലിസ്റ്റിന്റെ ആഗമനം പ്രഖ്യാപിക്കുന്ന കൃതിയായാണ് പരിഗണിക്കുന്നത്. ആ കാലത്തെപ്പറ്റി അന്നാ പാസ്തര്‍നാക്ക് ഇങ്ങനെ എഴുതുന്നു: ''തന്റെ കലാപരമായ കഴിവുകള്‍ പൂര്‍ണ്ണമായി സാക്ഷാല്‍ക്കരിക്കുന്നതിനായി ഇതിഹാസ സമാനമായൊരു റഷ്യന്‍ നോവല്‍ രചിക്കുമെന്ന് 1935-ല്‍ ബോറിസ് എഴുതിയിരുന്നു. എന്റെ മുത്തശ്ശിയോട് തന്റെ ഇളയ സഹോദരിയായ ജോസഫൈന്‍ പസ്തര്‍നാക്കിനോടായിരുന്നു ബര്‍ലിനിലെ ഫ്രീഡ് റീഷ് സ്ട്രാസ് സ്‌റ്റേഷനില്‍വച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. റഷ്യന്‍ വിപ്‌ളവത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ഇടയിലുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതാനുദ്ദേശിക്കുന്ന പ്രണയകഥ നടക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.'

ഓള്‍ഗയും പസ്തര്‍നാക്കും
ഓള്‍ഗയും പസ്തര്‍നാക്കും

അങ്ങനെ എഴുതപ്പെട്ട 'ഡോക്ടര്‍ ഷിവാഗോ'യെന്ന നോവലില്‍ ലാറയെന്ന പേരില്‍ ഒള്‍ഗയുമായുള്ള പസ്തര്‍നാക്കിന്റെ പ്രണയമായിരുന്നു പ്രതിപാദിച്ചത്. ഡോക്ടറും കവിയുമായ യൂറി ഷിവാഗോയും നഴ്‌സായി ജോലി ചെയ്യേണ്ടിവരുന്ന ലാറ ഗുയിഷര്‍ഡും തമ്മിലുള്ള വികാരതീവ്രമായ പ്രണയജീവിതമായിട്ടാണ് നോവലിലെ ഇതിവൃത്തം ആഖ്യാനം ചെയ്യപ്പെടുന്നത്. ഹൃദയവ്യഥകൊണ്ട് കീറിമുറിയുന്നതായിരുന്നു അവരുടെ പ്രണയജീവിതം. മറ്റൊരു വിധത്തില്‍ ബോറിസ് പസ്തര്‍നാക്കിന്റെ ജീവിതം  പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന യൂറിയെപ്പോലെ ബോറിസും വിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ പത്‌നിയായ സിനെയ്ദ നിഗുസിന്റെ തനിപ്പകര്‍പ്പായിരുന്നു നോവലിലെ യൂറിയുടെ പത്‌നി ടോണിയ.

എന്നാല്‍, കുടുംബാംഗങ്ങളും ജീവചരിത്രകാരന്മാരും പസ്തര്‍നാക്കിന്റെ ജീവിതത്തില്‍ ഒള്‍ഗ നേടിയ സ്ഥാനവും പ്രണയത്തിന്റെ പേരില്‍ നിര്‍ദ്ദയവും അതിക്രൂരവുമായ അനുഭവങ്ങള്‍ക്കും പീഡനങ്ങള്‍ക്കും നിരന്തരമായി വിധേയയായി എല്ലാം നഷ്ടപ്പെട്ട അവളുടെ ത്യാഗജീവിതവും അംഗീകരിക്കാന്‍ തയ്യാറായില്ല. പകരം, പസ്തര്‍നാക്കിനെ വശീകരിച്ച ഒരു മോഹിനിയായിട്ടാണ് ഒള്‍ഗയെ അവര്‍ കാണുകയും വിശേഷിപ്പിക്കുകയും ചെയ്തിരുന്നത്. ഈ വിധത്തില്‍ നടന്ന തരംതാഴ്ത്തല്‍ ബോധപൂര്‍വ്വമായിരുന്നുവെന്ന് ആ കാലത്തെപ്പറ്റി ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഗ്രന്ഥകര്‍ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

''1946-ലാണ് വിധി നിര്‍ണ്ണയിച്ച ആ കൂടിക്കാഴ്ച നടന്നത്. അപ്പോള്‍ ബോറിസിന് അന്‍പത്തിയാറുവയസ്സുണ്ടായിരുന്നു. ആഴക്കടലില്‍നിന്നാണ് അവളെ അയാളുടെ മുന്‍പില്‍ കൊണ്ടുവന്നത്. വിധിയായിരുന്നുവെന്നാണ് അതേപ്പറ്റി നോവലില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അവര്‍ തമ്മിലുള്ള സമാഗമം നടക്കുന്നത് നോവി മിര്‍ എന്ന പ്രശസ്തമായ റഷ്യന്‍ പ്രസിദ്ധീകരണത്തിന്റെ ഓഫീസില്‍ വച്ചായിരുന്നു. അപ്പോള്‍ ഒള്‍ഗ ഇവിന്‍സ്‌കയ്ക്ക് മുപ്പത്തിനാല് വയസ്സായിരുന്നു പ്രായം. എഡിറ്റോറിയല്‍ അസിസ്റ്റന്റായിരുന്നു രണ്ടു കുട്ടികളുടെ ആ അമ്മ. മാലാഖയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുംവിധം അത്യാകര്‍ഷകമായ പുഞ്ചിരി ഒള്‍ഗയുടെ മുഖത്ത് സദാ പ്രകാശം പരത്തിയിരുന്നു. അതിനു വിപരീതമായിരുന്നു പസ്തനാക്കിന്റെ ആകാരവും ആകൃതിയും. ഒള്‍ഗയെപ്പോലെ ആരെയും ആകര്‍ഷിക്കുന്ന ശരീര സൗഭാഗ്യം അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍, ഏതുതരം പ്രാതികൂല്യങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാന്‍ കെല്പുള്ള ആ പോരാളിയെയായിരുന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നത്. ആദ്യമായാണ് പാസ്തര്‍നാക്കുമായി പരിചയപ്പെടുന്നതെങ്കിലും ഒരു പൊയറ്റ്-ഹീറോയെന്ന നിലയില്‍ അദ്ദേഹം ഒള്‍ഗയുടെ ആരാധനാപാത്രമായിരുന്നു. യാദൃച്ഛികമായിരുന്നു അവര്‍ തമ്മിലുള്ള കണ്ടുമുട്ടല്‍. എന്നാല്‍, ആ സമാഗമത്തിനായി എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന തോന്നലാണ് അപ്പോള്‍ അവര്‍ക്കുണ്ടായതെന്നു പിന്നീട് രേഖപ്പെടുത്തുകയുണ്ടായി. 

സ്വാഭാവികമായിരുന്നു ആ സമാഗമം എന്നു വിശേഷിപ്പിച്ചുകൊണ്ട് തന്റെ ഡയറിയില്‍ ഒള്‍ഗ ഇങ്ങനെ എഴുതി: ''ജാലകത്തിനടുത്തിട്ടിരിക്കുകയായിരുന്ന എന്റെ മേശയ്ക്കരികില്‍ ആയിരുന്നു അദ്ദേഹമെത്തിയത്. മേഘങ്ങളേയും നക്ഷത്രങ്ങളേയും കാറ്റിനേയുംപ്പറ്റി സംസാരിക്കുമ്പോഴും പുരുഷന്റെ വൈകാരികമായ പ്രകൃതവും ദുര്‍ബലയാകുന്ന സ്ത്രീയുടെ ലോലശീലവും ബോറിസ് മറന്നിരുന്നില്ല. നക്ഷത്രങ്ങളെ തന്റെ മേശക്കരികില്‍ കൊണ്ടുവരാറുള്ളതുപോലെ, കിടയ്ക്കക്കരികില്‍ വിരിച്ചിട്ടുള്ള കംബളത്തില്‍ ലോകത്തെ അദ്ദേഹം കൊണ്ടുവരുന്നതായി ആളുകള്‍ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍മ്മിച്ചു.' ആ കൂടിക്കാഴ്ച വിശദീകരിക്കുന്നതോടൊപ്പം ഗ്രന്ഥകര്‍ത്രി ഇങ്ങനെ എഴുതുന്നു:

'എന്റെ മാതുലന്റെ പ്രണയകഥ എന്നെ അഗാധമായി ആകര്‍ഷിക്കുകയുണ്ടായി. ഒരു കാര്യം എനിക്കറിയാമായിരുന്നു, ഒള്‍ഗയ്ക്കു വേണ്ടിയായിരുന്നില്ലെങ്കില്‍ ഡോക്ടര്‍ ഷിവാഗോ എഴുതപ്പെടുകയില്ലായിരുന്നുവെന്നും എഴുതിയാല്‍പ്പോലും ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുകയില്ലായിരുന്നുവെന്നും. ബോറിയയെ പ്രേമിച്ചതിന് ഒള്‍ഗ ഇവിന്‍സ്മിയാക്ക് നല്‍കേണ്ടിവന്നതു വലിയ വിലയായിരുന്നു. ഒരു രാഷ്ട്രീയ ചതുരംഗക്കളിയില്‍ അവള്‍ കരുവാക്കപ്പെട്ടു. അങ്ങനെ പരിക്ഷീണമാകാത്ത ധീരതയുടേയും ബാദ്ധ്യതയുടേയും യാതനയുടേയും ദുരന്തത്തിന്റേയും നാടകത്തിന്റേയും സര്‍വ്വോപരി നഷ്ടത്തിന്റേയും കഥയാവുകയായിരുന്നു അവരുടെ ജീവിതം.'

ഓള്‍ഗ, മകള്‍ ഐറിന്‍ എന്നിവര്‍ പസ്തകര്‍നാക്കിനൊപ്പം
ഓള്‍ഗ, മകള്‍ ഐറിന്‍ എന്നിവര്‍ പസ്തകര്‍നാക്കിനൊപ്പം

കൊടുങ്കാറ്റുകള്‍ക്കിടയില്‍ 
വിവാദ നായകനും പ്രശസ്ത കവിയുമെന്ന നിലയില്‍ ബോറിസ് പസ്തര്‍നാക്ക് നേടിയ പരസഹസ്രം ആരാധകരില്‍ ഒരാള്‍ സ്റ്റാലിനായിരുന്നുവെന്നതു ചരിത്രത്തിന്റെ ഒരു കുസൃതിയായിരിക്കണം. മറ്റുള്ളവരെ പീഡിപ്പിക്കുന്നതിലും ഇല്ലാതാക്കുന്നതിലും വിട്ടുവീഴ്ച പ്രദര്‍ശിപ്പിക്കാതിരുന്ന ഭരണാധികാരിയായ സ്റ്റാലിന്‍, പക്ഷേ, പസ്തര്‍നാക്കിനെ അതില്‍നിന്ന് ഒഴിവാക്കുകയുണ്ടായി. പകരം ഒള്‍ഗ പീഡിപ്പിക്കപ്പെട്ടു. രണ്ടു പ്രാവശ്യം അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതുമായി നടത്തിയ ചോദ്യംചെയ്യലുകള്‍ക്കിടയില്‍ പസ്തര്‍നാക്ക് എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ പരാമര്‍ശിക്കപ്പെട്ടു. ഒക്‌ടോബര്‍ വിപ്‌ളവത്തിനും അതുവഴി സോവിയറ്റു യൂണിയനും എതിരായ പ്രചരണമാണ് ആ നോവല്‍ കൊണ്ട് പസ്തര്‍നാക്ക് ഉദ്ദേശിക്കുന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ അതുമായി ബന്ധപ്പെട്ടായിരുന്നു ഒള്‍ഗ ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍, ഒരവസരത്തില്‍പ്പോലും നോവലിനെതിരായി അവര്‍ ഒരക്ഷരവും ഉരിയാടിയില്ല. താന്‍ സ്‌നേഹിക്കുന്ന പുരുഷനെ വഞ്ചിക്കാനോ ഒറ്റുകൊടുക്കാനോ തയ്യാറാകാത്തതുകൊണ്ടുമാത്രമായിരുന്നു ഒള്‍ഗയെ കരുതല്‍ തടങ്കല്‍പ്പാളയത്തില്‍ അടച്ചത്. ''അതിമഹത്തായ വിപ്‌ളവവുമായി അലിഞ്ഞുചേര്‍ന്നു അതിന്റെ പ്രഭാപൂരം പരത്താന്‍ കഴിയാത്തിടത്തോളം കാലം പസ്തര്‍നാക്കിനെ അനുഗ്രഹിച്ചിട്ടുള്ള പ്രതിഭ പൂര്‍ണ്ണമായി സാക്ഷാല്‍ക്കരിക്കപ്പെടുകയില്ലെന്ന് സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയന്റെ ആദ്യത്തെ കോണ്‍ഗ്രസ്സില്‍ സംസാരിക്കവെ പ്രമുഖ പാര്‍ട്ടിനേതാവും കവിയുമായ അലക്‌സി സുര്‍കോവ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ഭാഗമായി വിസമ്മതിക്കുക മാത്രമാണ് പസ്തര്‍നാക്ക് ചെയ്തത്.

വിപ്‌ളവത്തിന്റെ ഫലമായി തന്റെ പ്രിയപ്പെട്ട റഷ്യയുടെ മേല്‍ക്കൂര ചിന്നിച്ചിതറി പോയിരിക്കയാണെന്ന് അദ്ദേഹം വിലപിക്കുകയുണ്ടായി. 'ഡോക്ടര്‍ ഷിവാഗോ' സൃഷ്ടിച്ച തരത്തിലുള്ള കൊടുങ്കാറ്റ് മറ്റൊരു കൃതിയും ഉണ്ടാക്കിയിട്ടില്ലെന്ന് ഗ്രന്ഥകര്‍ത്രി ഇങ്ങനെ എഴുതി: ജോസഫൈനിനോട് നോവലെഴുതുന്ന കാര്യം പസ്തര്‍നാക്ക് സൂചിപ്പിച്ചിട്ട് ഇരുപതു കൊല്ലങ്ങള്‍ക്കു ശേഷമാണ് ഡോക്ടര്‍ ഷിവാഗോ ആദ്യമായി ഇറ്റലിയില്‍ (പരിഭാഷ) പ്രസിദ്ധീകരിക്കുന്നത്. അതൊരു ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായി ബോറിസ് പസ്തര്‍നാക്കിനെ മഹാനായ റഷ്യന്‍ എഴുത്തുകാരനെന്നു ലോകമെങ്ങും വാഴ്ത്തി. എന്നാല്‍, അതെല്ലാം കഴിഞ്ഞ്, പിന്നെയും മുപ്പതു കൊല്ലങ്ങള്‍ പിന്നിട്ടപ്പോഴാണ് 1988 വിപ്‌ളവ വിരുദ്ധവും ദേശവിരുദ്ധവുമെന്നു മുദ്രകുത്തപ്പെട്ട ഡോക്ടര്‍ ഷിവാഗോ റഷ്യയില്‍ പ്രസിദ്ധീകരിച്ചത്. സാധാരണഗതിയിലുള്ള ഒരു നോവലെന്നതിനേക്കാള്‍ ഒരു കവിയുടെ ആത്മസ്പന്ദനം തൊട്ടറിയാവുന്ന ആത്മകഥ കൂടിയാണിതെന്ന് റഷ്യന്‍ ഭാഷാപണ്ഡിതനായ ഡിമിട്രി ലിഖ്‌ച്ചേവ് നോവലിന്റെ പ്രസിദ്ധീകരണ ഘട്ടത്തില്‍ എഴുതി: ''ആ നോവലിലെ ഹീറോ ഒരു ഏജന്റായിരുന്നില്ല; റഷ്യന്‍ വിപ്‌ളവത്തിലേക്കുള്ള ഒരു ജാലകമായിരുന്നു'- അദ്ദേഹം വിശദീകരിച്ചു.

''തലച്ചോറ് കൊണ്ടല്ല ഹൃദയം കൊണ്ടുമാത്രമേ റഷ്യയെ അറിയാന്‍ സാധിക്കൂ' എന്ന പഴഞ്ചൊല്ല് ഓര്‍മ്മിക്കുന്ന ഗ്രന്ഥകര്‍ത്രി തന്റെ ആദ്യത്തെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''മോസ്‌കോയ്ക്കു ചുറ്റുമുള്ള റോഡുകളിലൂടെ നടക്കുമ്പോള്‍ ഞാനൊരു ടൂറിസ്റ്റായിരുന്നില്ല. റഷ്യന്‍ അനുഭവത്തില്‍ ഞാന്‍ അഭിഭൂതയായിരുന്നു. വീട്ടിലേക്കു മടങ്ങിയെത്തിയതുപോലെ. മഞ്ഞും കാറ്റും നിറഞ്ഞ  ഒരു ഫെബ്രുവരി രാത്രിയില്‍ 'ടെവര്‍സ്‌കായ സ്ട്രീറ്റിലൂടെ നടന്ന് കേഫ് പുഷ്‌കിന്‍ റസ്‌റ്റോറന്റില്‍ അത്താഴത്തിനായി ഞാനെത്തി.

അറുപതു കൊല്ലങ്ങള്‍ക്കു മുന്‍പ്, പ്രണയത്തിന്റെ ആദ്യകാലത്ത് ബോറിസും ഒള്‍ഗയും ഇതേ വഴിയിലൂടെ നടന്നിരിക്കുമെന്നു ഞാനപ്പോള്‍ സങ്കല്പിച്ചു. പുസ്തകങ്ങള്‍ നിറച്ച ചുവരലമാരകളും ശില്പഭംഗിയുള്ള മുകപ്പുകളും ചുവര്‍ച്ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ഇരുപതുകളിലെ റഷ്യന്‍ പ്രഭുക്കളുടെ വസതിയെ ഓര്‍മ്മിപ്പിക്കുന്ന കഫേ പുഷ്‌കിനില്‍ മെഴുകുതിരി വെളിച്ചത്തില്‍ അത്താഴത്തിനായിരിക്കുമ്പോള്‍ ചരിത്രം അതിന്റെ അദ്ധ്യായങ്ങള്‍ സൗമ്യമായി എനിക്കു മുന്‍പില്‍ തുറക്കുകയാണെന്നു തോന്നി. മുന്‍കാലത്തെ പുഷ്‌കിന്‍ സ്‌ക്വയറിലായിരുന്നു ഒള്‍ഗ പ്രവര്‍ത്തിച്ചിരുന്ന നോവിമിറിന്റെ ഓഫീസ് മന്ദിരം. അവിടെനിന്നും മഞ്ഞുനിറഞ്ഞ തെരുവിലേക്ക് ഒള്‍ഗയുമൊത്ത് ബോറിസ് നടന്നുപോവുകയാണെന്ന് എനിക്കു തോന്നി.'
''അതിന് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 1898-ല്‍ സ്ഥാപിച്ച പുഷ്‌കിന്റെ പ്രതിമ നില്‍ക്കുന്ന മോസ്‌കോ സ്‌ക്വയറില്‍ ഞാന്‍ പോയി. സ്‌നേഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അവരുടെ രഹസ്യ സമാഗമ ഇടമായിരുന്നു അത്. മുന്‍പു നിന്നിടത്തുനിന്ന് പിന്നീട് പുഷ്‌കിന്റെ പ്രതിമ മാറ്റി സ്ഥാപിക്കുകയുണ്ടായി. സ്മാരകങ്ങള്‍ കാണിച്ചുതരാന്‍ എന്നോടൊപ്പമുണ്ടായിരുന്ന ഗൈഡായ മറീന അപ്പോള്‍ പറഞ്ഞു: സ്വര്‍ഗ്ഗവാസിയായിരിക്കുകയാണ് ബോറിസ് പസ്തര്‍നാക്ക്. ഞങ്ങള്‍ക്ക് അദ്ദേഹം എന്നും ഒരു വിഗ്രഹമായിരുന്നു. കവിതകളോട് താല്പര്യമില്ലാത്തവര്‍പോലും അദ്ദേഹത്തെ ആരാധിച്ചിരുന്നു.'

ആ സംഭാഷണം നടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പാരീസില്‍ വച്ച് ഒള്‍ഗയുടെ മകള്‍ ഐറിന്‍ എമലിയാവോയുമായി സംസാരിക്കുമ്പോള്‍ ആരാധനയുടെ പൂവിതളുകള്‍ അവളില്‍നിന്നു പാറിവീഴുന്നുണ്ടായിരുന്നു. ''മഹാനായ ആ കവിയെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ ഈശ്വരനോടാണ് നന്ദി പറയുന്നത്.' ഐറിന്‍ തുടര്‍ന്നു പറഞ്ഞു: ''വ്യക്തിയെയല്ല കവിയെയായിരുന്നു ഞങ്ങള്‍ സ്‌നേഹിച്ചത്. എന്നെപ്പോലെ അമ്മയും അദ്ദേഹത്തിന്റെ കവിതകള്‍ ആരാധിച്ചു. അക്ഷരങ്ങളിലൂടെയല്ല, ജീവിതത്തിലൂടെയാണ് ബോറിസ് ലിയോനി ഡിവിച്ചിനെ ഞങ്ങള്‍ അറിയുന്നത്.' ഡോക്ടര്‍ ഷിവാഗോയില്‍ ലാറയുടെ മകള്‍ കറ്റേനിക്കയെന്ന കഥാപാത്രമായാണ് ഐറിന്‍ അനശ്വരയാവുന്നത്. ''ബോറിസുമായി ഗാഢബന്ധവുമായാണ് ഐറിന്‍ വളര്‍ന്നത്. തനിക്കു ജനിക്കാതെ പോയ മകളായി ഐറിനെ അദ്ദേഹം കണ്ടിരുന്നു. ''അദ്ദേഹം എന്നും എനിക്കു പിതൃസ്വരൂപനായിരുന്നു' അതും പറഞ്ഞ് ഷെല്‍ഫില്‍നിന്ന് ഒരു പുസ്തകമെടുത്ത് അവള്‍ കാണിച്ചു. ഗെയ്ഥയുടെ ഫൗസ്റ്റിന്റെ തര്‍ജ്ജമയായിരുന്നു അത്. ആ ഗ്രന്ഥത്തിന്റെ ആദ്യ പേജില്‍ പസ്തര്‍നാക്ക് എഴുതിയിരുന്നു: ''ഇറോച്ച്ക, നിനക്കുള്ളതാണ് ഈ കോപ്പി. ജീവിതത്തില്‍, ഹൃദയത്തിലും മനസ്സിലും സ്വപ്നങ്ങളും ധീരതയും പുലര്‍ത്തൂ. പ്രകൃതിയിലും സ്വന്തം ഭാവിഭാഗധേയത്തിലും വിശ്വസിക്കുക.' പതിനേഴുകാരിയായ ഐറിന്‍ ആ ഗ്രന്ഥത്തില്‍ അരുമയോടെ തലോടിക്കൊണ്ടിരുന്നു. ''അച്ഛനെപ്പോലെ, നിന്റെ ബി.പി. നവംബര്‍ 3, 1955.  പെറിഡെല്‍കിനോ' എന്നായിരുന്നു അതില്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്.

പഴയകാലത്തേക്ക് അവള്‍, അപ്പോള്‍ മടങ്ങിപ്പോവുകയായിരുന്നു. ''ഞങ്ങളുടെ ജീവിതത്തെ ബോറിസ് പസ്തര്‍നാക്ക് എങ്ങനെ മാറ്റിമറിച്ചുവെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹം കവിത ആലപിച്ചിരുന്ന സദസ്സുകളില്‍ ഞാന്‍ സന്നിഹിതയായിരുന്നു. സ്‌കൂളിലെ എന്റെ കൂട്ടുകാര്‍ക്കും ഇംഗ്‌ളീഷ് പ്രൊഫസര്‍ക്കും എന്നോട് അസൂയയായിരുന്നു. ബോറിസ് ലിയോനി ഡിവിച്ചിനെ, നിനക്കു പരിചയമുണ്ടോ? എന്ന് ആരാധിക്കുന്ന അവര്‍ ആവശ്യപ്പെടുമായിരുന്നു.' ''ഏറ്റവുമൊടുവില്‍ അദ്ദേഹമെഴുതിയ കവിത കിട്ടുമോ?' പലപ്പോഴും അദ്ദേഹത്തിന്റെ ടൈപ്പിസ്റ്റിനോട് അദ്ദേഹമെഴുതിയ കവിതയിലെ ഏതാനും വരികളെങ്കിലും പകര്‍ത്തിത്തരാമോയെന്നു ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍ മുഴുവന്‍ കവിതയുടെ പകര്‍പ്പു തന്നെ എനിക്കു കിട്ടുമായിരുന്നു. അതും കൊണ്ടുചെല്ലുന്ന എന്നോട് മറ്റുള്ളവര്‍ക്കു വലിയ ആദരവായിരുന്നു!

മോസ്‌കോയിലെ വസതി
ഡോക്ടര്‍ ഷിവാഗോയുടെ രചനയുമായി രണ്ടു പതിറ്റാണ്ടുകാലം അദ്ദേഹം ചെലവഴിച്ചിരുന്ന, സെന്‍ട്രല്‍ മോസ്‌കോയില്‍നിന്ന് അഞ്ചു മിനിട്ടുകൊണ്ട് കാറില്‍ എത്താമായിരുന്ന റൈറ്റേഴ്‌സ് കോളണിയായ പെറ്റഡെല്‍യിനോ സന്ദര്‍ശിച്ചത് പരാമര്‍ശിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്രി ഇങ്ങനെ രേഖപ്പെടുത്തുന്നു: അദ്ദേഹത്തിന്റെ വസതിയിലെ മുകള്‍നിലയിലെ പഠനമുറിയിലുള്ള കസേരയില്‍ ഞാനിരുന്നു. 'അന്‍പതുകൊല്ലം പിന്നിട്ടിരുന്നുവെങ്കിലും അദ്ദേഹം കുടിച്ചിരുന്ന കോഫി കപ്പിന്റെ പാടുകള്‍ ഡെസ്‌കില്‍നിന്നു മാഞ്ഞിരുന്നില്ല. ജാലകത്തിനപ്പുറത്തു മഞ്ഞുതുള്ളികള്‍ നിറഞ്ഞിരുന്നു. ഞാനപ്പോള്‍ ഓര്‍മ്മിച്ചത് ഡേവിഡ് ലീന്‍ നിര്‍മ്മിച്ച ചലച്ചിത്രത്തിനു താദൃശ്യമായ രംഗമാണ്. താമസക്കാര്‍ ഒഴിഞ്ഞുപോയ വാരികിനോയിലെ എസ്‌റ്റേറ്റിലായിരുന്നു ലാറയുമായുള്ള തന്റെ അവസാന ദിവസങ്ങള്‍ യൂറി ചെലവിട്ടത്. മഞ്ഞുമൂടിയ അവിടെ ചന്ദ്രപ്രഭയില്‍ ചെന്നായകള്‍ ഓരിയിട്ടിരുന്ന രാത്രികള്‍. 

പസ്തര്‍നാക്ക്
പസ്തര്‍നാക്ക്

യൂറിയും ലാറയും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതുന്നതിനെക്കുറിച്ചു ഞാനിരിക്കുകയായിരുന്ന കസേരയിലിരുന്ന് പസ്തര്‍നാക്ക് ആലോചിച്ചിരുന്നിരിക്കാമെന്നു ഞാന്‍ സങ്കല്പിച്ചു. അപ്പോള്‍ പുറത്ത്  മഞ്ഞു വീഴുന്നുണ്ടായിരുന്നു. ആര്‍ദ്രമാവുകയായിരുന്നു അന്തരീക്ഷം. തീരെ അലങ്കാരങ്ങളില്ലാത്തതായിരുന്നു ആ മുറി. ഒരു മൂലയ്ക്കിട്ടിരുന്ന ഇരുമ്പുകൊണ്ടുള്ള കിടക്കയുടെ മുകളിലായി ടോള്‍സ്‌റ്റോയിയുടെ ഒരു സ്‌കെച്ചും പസ്തര്‍നാക്കിന്റെ പിതാവ് ലിയോനിദ് വരച്ച കുടുംബചിത്രവും തൂക്കിയിട്ടിരുന്നു. അതിനെതിരെയുള്ള ഒരു ബുക്ക് ഷെല്‍ഫ്. റഷ്യന്‍ ബൈബിള്‍, ഐന്‍സ്റ്റീനിന്റെ കൃതികള്‍, ഡബ്‌ളിയു.എച്ച്. ഓഡന്‍, ടി.എസ്. എലിയറ്റ്, ഡിലാന്‍ തോമസ്. എമിലി ഡിക്കിന്‍സണ്‍ എന്നിവരുടെ കാവ്യഗ്രന്ഥങ്ങള്‍, ഹെന്റി ജെയിംസിന്റെ നോവലുകള്‍, യീറ്റ്‌സിന്റെ ആത്മകഥ, വിര്‍ജിനിയ വുള്‍ഫിന്റെ കൃതികള്‍. ഷെയ്ക്‌സ്പിയര്‍ കൃതികള്‍ക്കു പുറമെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഗ്രന്ഥങ്ങള്‍.

എഴുത്തുമേശയ്ക്കഭിമുഖമായി സ്ഥാപിച്ചിട്ടുള്ള ഈസലില്‍ കറുപ്പിലും വെളുപ്പിലുമുള്ള ബോറിസിന്റെ ഒരു ഫോട്ടോ. ആ ചിത്രത്തില്‍ നോക്കിയിരിക്കുമ്പോള്‍ മഹാനായ ആ എഴുത്തുകാരന്‍ കടന്നുപോയ അഗ്നിപരീക്ഷകളായിരുന്നു എന്റെ മനസ്സുനിറയെ. ഒപ്പം ഒള്‍ഗ നേരിട്ട പ്രതിസന്ധികളും. ആ ഭവനത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഇസ്മാല്‍കാനേ തടാകത്തിന് അഭിമുഖമായുള്ള 'ലിറ്റില്‍ ഹൗസ്' എന്നു വിശേഷിപ്പിച്ചിരുന്ന ഭവനത്തില്‍ എല്ലാ ഉച്ചനേരത്തും ഒള്‍ഗ ബോറിസിനേയും കാത്തിരിക്കുമായിരുന്നു. ''കൊഴിഞ്ഞുവീണ പഴയകാലത്തെപ്പറ്റി ആ പഠനമുറിയിലിരുന്നു നടത്തിയ ആലോചനയാണ് 'ലാറ' എന്ന ശീര്‍ഷകത്തിലുള്ള ഗ്രന്ഥത്തിന്റെ രചനയില്‍ തന്നെ എത്തിച്ചതെന്ന് അന്നാ പസ്തര്‍നാക്ക് രേഖപ്പെടുത്തുന്നു. 

കണ്ടെത്തലിന്റെ തുടക്കം
1946 ഒക്‌ടോബറില്‍ തണുത്തു മരവിച്ച ഒരു ദിവസം. പുറത്തു മഞ്ഞുവീഴുന്നതു ജാലകത്തിലൂടെ കാണാമായിരുന്നു. പുതിയ ലോകം എന്നര്‍ത്ഥം വരുന്ന 'നോവിമിര്‍' എന്ന മാഗസിനില്‍ ജോലിചെയ്തിരുന്ന ഒള്‍ഗ ഇവിന്‍സ്‌കായ ഉച്ചയൂണിനു പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു, കൂട്ടുകാരിയായ മാഗസിന്റെ പ്രൊഡക്ഷന്‍ മാനേജരായ സിനയ്ദ അവിടെ വന്നത്. എന്നിട്ട് അടുത്തുനില്‍ക്കുകയായിരുന്ന പസ്തര്‍നാക്കിനോട് ഇങ്ങനെ പറഞ്ഞു: ''ബോറിസ് ലിയോനി ഡിവിച്ച്, താങ്കളുടെ കടുത്ത ആരാധികയാണ്.' ഒള്‍ഗയെ അവര്‍ ചൂണ്ടിക്കാട്ടി. മുന്‍പില്‍ വിരിച്ചിട്ടിരുന്ന കംബളത്തില്‍ നില്‍ക്കുകയായിരുന്ന 'ഈശ്വരനെ നേരില്‍ കണ്ട്' ഒള്‍ഗ സ്തംഭിച്ചുനിന്നുപോയി.

ഉയര്‍ത്തിയ കൈപ്പടത്തില്‍ ഒള്‍ഗയുടെ ചുംബനം അര്‍പ്പിച്ചുകൊണ്ട് ഔപചാരികമായ പരിചയപ്പെടലിനുശേഷം സംസാരത്തിനിടയ്ക്കു തര്‍ജ്ജമയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഷെയ്ക്‌സ്പിയര്‍ കൃതികളാണ് പ്രധാനമായും പരിഭാഷപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. നോവിമിര്‍ ഓഫീസില്‍വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് താനൊരു നോവല്‍ എഴുതിക്കൊണ്ടിരിക്കയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ''അത് ഏതുതരം നോവലാണെന്നു നിശ്ചയമില്ല. പഴയകാലത്തെ മോസ്‌കോയിലേക്കു മടങ്ങിപ്പോകാന്‍ എനിക്കാഗ്രഹമുണ്ട്.' ബോയ്‌സ് ആന്റ് ഗേള്‍സ് എന്നായിരുന്നു അപ്പോള്‍ നോവലിനു നല്‍കിയിരുന്ന ശീര്‍ഷകം. ആ സംഭാഷണത്തിനിടയില്‍, അന്‍പത്തിയാറുകാരനായ തനിക്ക് ഇപ്പോഴും ആരാധകരുള്ളതില്‍ പസ്തര്‍നാക്കിനു വിസ്മയമായിരുന്നു. 
ഒരു തലമുറയുടെ പ്രിയപ്പെട്ട കവിയായിരുന്ന അദ്ദേഹത്തിന്റെ സഹസ്രക്കണക്കിനുള്ള ആരാധകര്‍ക്കിടയില്‍ നിരവധി കൃതികളുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായ നിലയില്‍ ഏവരുമായി അടുപ്പമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നേയില്ല.

എന്നാല്‍, നോവിമിറില്‍ വച്ച് ഒള്‍ഗയെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും മാത്രമല്ല ചെയ്തത്. അതിതീവ്രമായ ഒരു പ്രണയബന്ധമായി അതു വളര്‍ന്നു. ഔപചാരികമായ പരിചയപ്പെടലിനു ശേഷം തന്റെ അഞ്ചു കവിതാസമാഹാരങ്ങള്‍ അദ്ദേഹം അയച്ചുകൊടുത്തത് അവിശ്വസനീയതോടെയാണ് ഒള്‍ഗ സ്വീകരിച്ചത്. മുന്‍പ്, പതിനാല് കൊല്ലങ്ങള്‍ക്കു മുന്‍പ് മോസ്‌കോയിലെ ഫാക്കള്‍ട്ടി ഓഫ് ലിറ്ററേച്ചറില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പസ്തര്‍നാക്കിന്റെ കവിതാലാപനത്തിനു പോയിരുന്നത് അവര്‍ മറന്നിരുന്നില്ല. കവിതാലാപനത്തിനുശേഷം ഇളകിമറിഞ്ഞ സദസ്സ് അദ്ദേഹത്തിനു ചുറ്റും കൂടിനിന്നതും ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കൈലേസ് ചെറുകഷണങ്ങളാക്കി കൊണ്ടുപോയതും ഒള്‍ഗ മറന്നിരുന്നില്ല.

മോസ്‌കോ മ്യൂസിയം ലൈബ്രറിയില്‍വച്ച്, 1946 ശിശിരകാലത്തായിരുന്നു, ഷെയ്ക്‌സ്പിയര്‍ കൃതികളുടെ പാരായണത്തിനായെത്തിയ പസ്തര്‍നാക്കിനെ പരിചയപ്പെട്ട സായാഹ്നം ഒള്‍ഗ പലപ്പോഴും ഓര്‍മ്മിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയായ ഒള്‍ഗ ഉള്‍പ്പെടെ ഏതാനും പേര്‍ കവിതാലാപനത്തിനുശേഷം പസ്തര്‍നാക്കിനെ പരിചയപ്പെട്ടു. വളരെ വൈകിയാണ് അന്ന് വീട്ടില്‍ മടങ്ങിയത്. അതിന്റെ പേരില്‍ ശകാരിച്ച അമ്മയോട് ഒള്‍ഗ പറഞ്ഞു: ''എന്നെ വെറുതെ വിടൂ. ഈശ്വരനുമായി ഞാന്‍ സംസാരിക്കുകയായിരുന്നു.'
നോവിമീര്‍ ഓഫീസില്‍വച്ച് പരിചയം പുതുക്കുമ്പോള്‍ അതൊരു പ്രണയബന്ധത്തിലേക്കു തലകുത്തിവീഴാതിരിക്കാന്‍ ഒള്‍ഗ ശ്രദ്ധിച്ചിരുന്നു. ഇരുവരും വിവാഹിതരായിരുന്നു.

പസ്തര്‍നാക്കിന് അതൊന്നും തടസ്‌സമായിരുന്നില്ല. എല്ലാ ഉച്ചനേരത്തും അദ്ദേഹത്തിന്റെ ഫോണ്‍ സന്ദേശം ഒള്‍ഗയെ തേടിയെത്തുമായിരുന്നു. പല ദിവസങ്ങളിലും ഓഫീസ് ജോലിക്കുശേഷം വീട്ടിലേക്കു മടങ്ങുന്ന ഒള്‍ഗയെ കാത്ത് പസ്തര്‍നാക്ക് റോഡില്‍ നില്‍ക്കുമായിരുന്നു. അമ്മ മരിയയും വളര്‍ത്തച്ഛനും പുറമെ മക്കളായ മിറ്റിയയും ഐറിനയുമായി താമസിക്കുന്ന വീടുവരെ ഒള്‍ഗയെ അനുയാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായി. മോസ്‌കോയിലെ പോട്ടപോവ് സ്ട്രീറ്റിലെ തന്റെ വീട്ടില്‍ ടെലഫോണ്‍ സൗകര്യമില്ലാതിരുന്നതിനാല്‍, അയല്‍വീട്ടിലെ സ്‌നേഹിതയായ വൊള്‍കാവോയുടെ ടെലഫോണ്‍ നമ്പര്‍ അവര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു. ഒരു ദിവസം തനിക്കു കാണണമെന്നും അതിപ്രധാനമായ ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നുമുള്ള പസ്തര്‍നാക്കിന്റെ സന്ദേശം ആ ഫോണ്‍ വഴിയെത്തിയത് ഒള്‍ഗയെ പരിഭ്രാന്തയാക്കി.

പല സായാഹ്നങ്ങളും പൊതുസ്ഥലങ്ങളില്‍വച്ച് കണ്ടുമുട്ടി കുറച്ചുനേരം സംസാരിച്ചിട്ടു പിരിയുകയായിരുന്നു പതിവ്. അപ്പോഴൊന്നും പറയാനില്ലാത്ത രഹസ്യം? ഫോണില്‍ ആവശ്യപ്പെട്ടതനുസരിച്ച് പുഷ്‌കിന്‍ സ്‌ക്വയറില്‍വച്ച് അദ്ദേഹത്തെ കാണുമ്പോള്‍ തന്റെ ഹൃദയം അസാധാരണമായി മിടിച്ചിരുന്നതായി അവള്‍ ഓര്‍മ്മിച്ചു. ആ സമാഗമത്തിനിടയിലാണ് തന്റെ പ്രണയകാര്യം അദ്ദേഹം ഒള്‍ഗയെ അറിയിച്ചത്. അപ്രതീക്ഷിതവും അതിശയനീവുമായിരുന്നു അത്. അതിന്റെ പശ്ചാത്തലത്തില്‍ തന്റെ ജീവിതകഥ അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്ന് ഒള്‍ഗ എഴുതി. 1912-ല്‍ ജനിച്ച താന്‍ അദ്ധ്യാപകനായിരുന്ന അച്ഛനും അമ്മയുമൊത്ത് മോസ്‌കോയില്‍ താമസിക്കാനെത്തിയതും ഫാക്കള്‍ട്ടി ഓഫ് ലിറ്ററേച്ചറില്‍നിന്ന് 1993-ല്‍ ബിരുദം നേടിയതും തുടര്‍ന്നു ദുരന്തത്തില്‍ കലാശിച്ച രണ്ടു ദാമ്പത്യങ്ങളുടെ കഥയും ഒന്നും ഒളിച്ചുവയ്ക്കാതെ അവര്‍ എഴുതി. ''മകള്‍ ഐറിന് ഒന്‍പതുമാസമായപ്പോഴായിരുന്നു, 1939-ല്‍ ഭര്‍ത്താവ് ഇവാന്‍ എമിലിനോവ് തൂങ്ങിമരിച്ചത്.

അതിനുശേഷം അലക്‌സാണ്ടര്‍ വിനഗ്രഡോവുമായുള്ള ദാമ്പത്യവും ദുരന്തത്തില്‍ അവസാനിച്ചു. 1942-ല്‍ ശ്വാസകോശ സംബന്ധമായ രോഗമായിരുന്നു അലക്‌സാണ്ടറിന്റെ ജീവിതത്തെ അപഹരിച്ചത്. അതിനുശേഷം നിരാശ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. താങ്കള്‍ കാരണം വീണ്ടും കണ്ണീരൊഴുക്കേണ്ടിവന്നാലും ഞാന്‍ സഹിക്കും. എന്തെന്നാല്‍ ഞാന്‍ താങ്കളെ പ്രേമിക്കുന്നു! അതു വായിച്ച പസ്തര്‍നാക്ക് അടുത്തദിവസം പുലര്‍ന്നപ്പോള്‍ തന്നെ ഒള്‍ഗയെത്തേടി അവരുടെ വീട്ടിനു മുന്‍പിലെത്തിയിരുന്നു. രഹസ്യമായ ആ സമാഗമങ്ങള്‍ തുടര്‍ന്നു. പല രാത്രികളിലും സ്‌നേഹിതയുടെ ഫോണ്‍ സന്ദേശം ഒള്‍ഗയെ തേടിയെത്തുമായിരുന്നു. അങ്ങനെ അത് അധികകാലം തുടര്‍ന്നില്ല.

ഒരു ദിവസം 1947 ഏപ്രില്‍ മൂന്നാം തീയതി, ആറുനിലമാളികയിലെ മുകളിലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഒള്‍ഗയുടെ ക്ഷണപ്രകാരം പസ്തര്‍നാക്കെത്തി. ഒന്‍പതുവയസ്സായിരുന്നു അപ്പോള്‍ ഐറിന്. ഒരു കുപ്പി കോഞ്ഞിയാക്കും (മേല്‍ത്തരം വൈന്‍) കുറേ ചോകേ്‌ളറ്റും ബോറിസിനുവേണ്ടി ഒള്‍ഗ കരുതിയിരുന്നു. അവര്‍ തമ്മില്‍ നടക്കുന്ന സംഭാഷണത്തില്‍ ശല്യമാകാതിരിക്കാനായി ഐറിനുമായി ഒള്‍ഗയുടെ അമ്മ പുറത്തുനടക്കാന്‍ പോയി. അതോടെ ഒള്‍ഗയുടെ ജീവിതം സ്വയം ഏറ്റെടുക്കുകയാണ് ചെയ്തതെങ്കിലും തന്റെ ഭാര്യയേയും മകനേയും ഓര്‍ത്ത് പസ്തര്‍നാക്ക് സങ്കടപ്പെട്ടിരുന്നു. ആദ്യഭാര്യയായ ഇവ്ജീനയും മകന്‍ ഇവജെനിയുമായി ജീവിക്കുന്നതിനിടയിലാണ് സിനയിദ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയാവുന്നത്. സങ്കീര്‍ണ്ണമായ ഈ ബന്ധങ്ങള്‍ അദ്ദേഹത്തിന്റെ വൈകാരിക ലോകത്തെ കീറിമുറിച്ചുകൊണ്ടിരുന്നു. 

അച്ഛന്റെ മകന്‍
ഇംപ്രഷനിസ്റ്റ് അനന്തരകാലത്തെ പ്രസിദ്ധ ചിത്രമെഴുത്തുകാരനായ ലിയോനിദിന്റെ പ്രിയപ്പെട്ട മകനായിരുന്നു ബോറിസ്. അച്ഛനെപ്പോലെ മകനും ജോലി ചെയ്യുന്നതില്‍ കണിശക്കാരനായിരുന്നു. ബോറിസിനു പുറമെ അലക്‌സാണ്ടര്‍, ജോസഫൈന്‍, ലിഡിയ എന്നിവരായിരുന്നു ലിയോണിദിന്റെ മക്കള്‍. വിപ്‌ളവത്തിനു മുന്‍പ് മോസ്‌കോയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. റഷ്യയുടെ സാംസ്‌കാരിക ജീവിതത്തില്‍ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം ടോള്‍സ്‌റ്റോയിയുടെ അടുത്ത മിത്രമായിരുന്നു. മഹാനായ ആ എഴുത്തുകാരന്റെ നിരവധി ചിത്രങ്ങള്‍ ലിയോനിദിന്റെ സ്‌നേഹസമ്മാനമായി തലമുറകള്‍ക്കു കിട്ടിയിട്ടുണ്ട്. അവയില്‍ പ്രധാനം ടോള്‍സ്‌റ്റോയിയുടെ ഒടുവിലത്തെ കൃതിയായ റിസറക്ഷന് (Resurrection)  ലിയോനിദ് വരച്ച ചിത്രങ്ങളാണ്.

ഖണ്ഡശ: പ്രസിദ്ധീകരിച്ച ആ നോവലിനെ വായനക്കാരുടെ ഹൃദയത്തിലെത്തിക്കുന്നതില്‍ ആ ചിത്രങ്ങള്‍ക്കു വലിയ പങ്കുണ്ടായിരുന്നതായി വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. 1910 നവംബര്‍ ഏഴാം തീയതിയാണ് ടോള്‍സ്‌റ്റോയി നിര്യാതനായത്. ശാന്തവും ഏകാന്തവുമായ മരണത്തിനുവേണ്ടി യസ്‌യാന പോളിയാനയില്‍നിന്ന് അജ്ഞാതനായി ഒളിച്ചോടി അസ്റ്റപോവ് റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ അദ്ദേഹം അവിടെവച്ചായിരുന്നു നിര്യാതനായത്. മരണശയ്യയില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ അപ്പോള്‍ ലിയോനിദ് നിയോഗിക്കപ്പെട്ടു. ഇരുപതു വയസ്‌സുള്ള മകന്‍ ബോറിസുമൊത്ത് സ്‌റ്റേഷനിലെത്തിയ ആ ചിത്രമെഴുത്തുകാരന്‍ ടോള്‍സ്‌റ്റോയിയുടെ അന്ത്യയാത്ര രേഖപ്പെടുത്തി. 

ഒഡേസ്സക്കാരായിരുന്നു പസ്തര്‍നാക്കിന്റെ മാതാപിതാക്കള്‍. പിയനിസ്‌റ്റെന്ന നിലയില്‍ പ്രശസ്തയായിരുന്ന ബോറിസിന്റെ മാതാവ് റോസലിനയുടെ സൗഹൃദവൃത്തം അക്കാലത്തെ അതിപ്രശസ്തരായ സംഗീതജ്ഞരുടെ സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായിരുന്നു. സെര്‍ജി റച്ച്മനി നോഫ്, അലക്‌സാണ്ടര്‍ സ്‌ക്രിബിയന്‍, ആന്റണ്‍ റൂബിന്‍സ്റ്റന്‍ തുടങ്ങിയ സംഗീതജ്ഞര്‍ അവരില്‍ ചിലര്‍ മാത്രം. സ്‌ക്രിബിയന്റെ ശിഷ്യനായി കുറച്ചുകാലം സംഗീതം അഭ്യസിച്ചെങ്കിലും സംഗീതജ്ഞനാവാന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് പസ്തര്‍നാക്ക് സംഗീതജീവിതത്തോട് വിടവാങ്ങി. അങ്ങനെയാണ് അതു സാഹിത്യത്തിനു വലിയ മുതല്‍ക്കൂട്ടായത്. 
വിപ്‌ളവത്തിനുശേഷം 1921-ല്‍ മക്കളായ ജോസഫൈനും ലിഡിയയുമൊത്ത് പസ്തര്‍നാക്കിന്റെ അച്ഛനും അമ്മയും കുറച്ചുനാള്‍ ബര്‍ലിനില്‍ ചെലവിട്ടശേഷം മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ലണ്ടനില്‍ സ്ഥിരതാമസമാക്കി.

അവിടെ വച്ചായിരുന്നു ഹൃദ്‌രോഗിയായിരുന്ന പസ്തര്‍നാക്കിന്റെ അമ്മ റോസലിന്‍ മരണമടഞ്ഞത്. 1945 മെയ് പതിനൊന്നാം തീയതി റഷ്യ വിജയിച്ച് ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോഴായിരുന്നു ലിയോനിദ് പസ്തര്‍നാക്ക് അന്തരിച്ചത്. ''അമ്മയുടെ മരണത്തോടുകൂടി ഈ പ്രപഞ്ചത്തില്‍നിന്നു പരസ്പരമുള്ള യോജിപ്പാണ് അപ്രത്യക്ഷമായതെങ്കില്‍ അച്ഛന്റെ മരണം ഇല്ലാതാക്കിയത് സത്യത്തിന്റെ സാന്നിദ്ധ്യമാണ് എന്ന് ആ ദുഃഖം ഓര്‍മ്മിക്കവെ ജോസഫൈന്‍ രേഖപ്പെടുത്തുകയുണ്ടായി. ഇതിനിടയില്‍ നിരവധി പ്രതിസന്ധികള്‍ ബോറിസ് പസ്തര്‍നാക്കിന്റെ വ്യക്തിജീവിതത്തെയെന്നപോലെ സമാരാദ്ധ്യനായ കവിയെന്ന ജനഹൃദയത്തിലെ സ്ഥാനവും പരീക്ഷിക്കപ്പെട്ടിരുന്നു. ഇരുപതുകളില്‍ ബെര്‍ലിനില്‍ താമസം തുടങ്ങിയ പസ്തര്‍നാക്കിന്റെ പിതാവ് ഒട്ടനവധി ബുദ്ധിജീവികളും കലാകാരന്മാരും ശാസ്ത്രജ്ഞരുമായി സൗഹാര്‍ദ്ദത്തിലായിരുന്നു. ഐന്‍സ്റ്റീനും സംഗീതജ്ഞനായ പ്രൊക്കോഫീഫും പെയിന്ററായ മാക്‌സ് ലീബര്‍മാനും ആസ്ട്രിയന്‍ കവിയായ റെയ്‌നല്‍ മേറിയറില്‍ക്കേയും ആ സുഹൃദ്‌വലയത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അക്കാലത്ത് ഏതാനും മാസങ്ങള്‍ മാതാപിതാക്കളോടൊപ്പം ബര്‍ലിനില്‍ താമസിക്കുമ്പോഴായിരുന്നു റില്‍ക്കേയുമായി പസ്തര്‍നാക്ക് ഗാഢസൗഹൃദം സ്ഥാപിക്കുന്നത്. 

1917-ലെ വിപ്‌ളവത്തോടുകൂടി എല്ലാം കലങ്ങിമറിഞ്ഞു. താന്‍ പ്രിയപ്പെട്ടതെന്നു വിചാരിച്ചിരുന്നതെല്ലാം വിപ്‌ളവത്തീയില്‍ ദഹിക്കുന്നതു നിരാശയോടെ നോക്കിനില്‍ക്കേണ്ടിവന്ന അദ്ദേഹത്തിനറിയാമായിരുന്നു വരാന്‍ പോകുന്നത് കൊടുങ്കാറ്റുകളാണെന്നതു. മുപ്പത്തിയൊന്നാമത്തെ വയസ്‌സില്‍ 1921-ലാണ് അദ്ദേഹം വിവാഹിതനായത്. ആ ദാമ്പത്യത്തിലെ ഒരു മകന്‍, ഇവന്‍ജി, ജനിച്ചെങ്കിലും സ്വകാര്യജീവിതത്തിലെ പ്രതിസന്ധികള്‍ക്കു പുറമെ ആഭ്യന്തരമായ കുഴപ്പങ്ങള്‍ക്കിടയില്‍പ്പെട്ട് അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ പസ്തര്‍നാക്ക് എത്തപ്പെട്ടു. പിയനിസ്റ്റും സ്‌നേഹിതനുമായിരുന്ന നിഗൂസിന്റെ പത്‌നി സിനയ്‌ദൈയുമായി ഉണ്ടായ അടുപ്പം അദ്ദേഹത്തിന്റെ ആദ്യ ദാമ്പത്യത്തെ കുഴപ്പത്തിലാക്കി. രണ്ടു കുട്ടികളുടെ അമ്മയായിരുന്നു സിനയ്ദ. സുന്ദരിയും സുഭഗയുമായ അവരില്ലാതെ ജീവിക്കാന്‍ സാധിക്കുകയില്ലെന്ന സ്ഥിതിയിലെത്തിയ പശ്ചാത്തലത്തില്‍ നിഗൂസിനെ ഉപേക്ഷിച്ചു തന്നോടൊപ്പം വരാന്‍ അദ്ദേഹം നിരന്തരമായി അവരെ നിര്‍ബന്ധിച്ചു.

തന്റെ ഇംഗീതത്തിനു സിനയ്ദ വഴിപ്പെടാത്തതില്‍ നിരാശനായി വിഷം കുടിച്ചു മരിക്കാന്‍ പോലും പസ്തര്‍നാക്ക് സന്നദ്ധനായി. ആ അനുഭവങ്ങള്‍ സവിസ്തരം പ്രതിപാദിച്ചുകൊണ്ട് ഇരുപതു പേജുകളുള്ള ഒരു കത്ത് അദ്ദേഹം ജോസഫൈന് എഴുതി: ''ഒരു വര്‍ഗ്ഗശത്രുവായി മുദ്രകുത്തപ്പെട്ട് എന്റെ കവിതകളെ തിരസ്‌കരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടയിലാണ് മാനസികമായി എന്നെ നശിപ്പിക്കുന്നവിധം സ്‌നേഹബന്ധങ്ങള്‍ തകരുന്നത്' എന്ന് അദ്ദേഹം ആ കത്തിലെഴുതുകയുണ്ടായി. ഒടുവില്‍ തടസ്സങ്ങളെല്ലാം അതിജീവിച്ച് 1934-ല്‍ സിനയ്ദയെ രണ്ടാമത്തെ ഭാര്യയായി സ്വീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ അധികകാലം പിന്നിടുന്നതിനു മുന്‍പ് ആ ബന്ധവും ആടിയുലഞ്ഞു തുടങ്ങി. ഒരു കവിയെന്ന നിലയ്ക്ക് പസ്തര്‍നാക്ക് നേരിടുന്ന പ്രയാസങ്ങള്‍ തിരിച്ചറിയാനോ അദ്ദേഹത്തിന്റെ കവിതകള്‍ ആസ്വദിക്കാനോ അവര്‍ക്കു സാധിച്ചിരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും അവര്‍ ഒരു വീട്ടുകാരിയായിരുന്നു. അങ്ങനെ തന്റെ രണ്ടാമത്തെ ദാമ്പത്യജീവിതവും സന്തോഷകരമല്ലാത്ത അനുഭവമായി തുടങ്ങുന്നുവെന്ന അറിവില്‍ ഉല്‍ക്കണ്ഠാകുലനായിത്തുടങ്ങുമ്പോഴാണ് എഴുത്തുകാര്‍ക്കും കവികള്‍ക്കുമെതിരെയുള്ള വേട്ടയാടല്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിത്തുടങ്ങുന്നത്.

സ്‌റ്റേറ്റിന്റെ ശത്രുക്കളെന്നു മുദ്രകുത്തിയാണ് ഔദ്യോഗിക നയനിലപാടുകള്‍ പിന്‍പറ്റാന്‍ വിസമ്മതിക്കുന്നവരെ സ്റ്റാലിന്‍ നേരിട്ടത്. ഏവര്‍ക്കും പ്രിയപ്പെട്ട കവിയായിരുന്നെങ്കിലും ഔദ്യോഗിക വൃത്തങ്ങള്‍ പസ്തര്‍നാക്കിനെ അകറ്റിനിര്‍ത്തിയതുമൂലം തര്‍ജ്ജമകളിലൂടെ വരുമാനമുണ്ടാക്കി ജീവിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ജനയിതാവായ മാക്‌സിം ഗോര്‍ക്കിയുടെ സഹായം പോലും പരിഭാഷകനായി തുടരാന്‍ അദ്ദേഹം തേടുകയുണ്ടായി. അതിനിടയില്‍ സ്‌നേഹിതനായ ഒസീപ്പ് മന്‍ഡല്‍സ്റ്റാം ചെന്നുവീണ പ്രതിസന്ധി അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി, മോസ്‌കോ തെരുവോരത്തുവച്ച് ആകസ്മികമായി മന്‍ഡല്‍സ്റ്റാമിനെ പസ്തര്‍നാക്ക് കണ്ടുമുട്ടുകയും സംഭാഷണത്തിനിടയില്‍ സ്റ്റാലിനെ  നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കവിത അദ്ദേഹം ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. 'ഭിത്തികള്‍ക്കു പോലും കാതുകളുള്ള കാല'മായിരുന്നു അതെന്ന് അറിയാമായിരുന്ന പസ്തര്‍നാക്ക് ആ കവിത കേട്ടതുപോലും മറക്കാന്‍ സ്വയം നിര്‍ബന്ധിതനായെങ്കിലും അതൊരു ദുരനുഭവമായി പരിണമിക്കുകയാണുണ്ടായത്.

ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റം ചുമത്തി മന്‍ഡല്‍സ്റ്റാം അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്നു നടന്ന വിചാരണയ്‌ക്കൊടുവില്‍ അദ്ദേഹത്തെ മരണശിക്ഷയ്ക്കു വിധിച്ചു. ആ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പസ്തര്‍നാക്കുമായി സ്റ്റാലിന്‍ ടെലഫോണില്‍ ബന്ധപ്പെട്ടത്. പസ്തര്‍നാക്കിന്റെ കവിതകളുടെ ആരാധകനെന്നതിനു പുറമെ അദ്ദേഹം തര്‍ജ്ജമ ചെയ്ത ജോര്‍ജിയന്‍ കവിതകള്‍ സ്റ്റാലിനെ വശീകരിച്ചിരുന്നു. ജോര്‍ജിയക്കാരനായ തന്റെ നാട്ടിലെ കവികളും എഴുത്തുകാരും മറ്റു പ്രദേശങ്ങളിലുള്ളവരേക്കാള്‍ മികവുള്ള പ്രതിഭാശാലികളാണെന്ന വിശ്വാസക്കാരനായിരുന്നു സ്റ്റാലിന്‍. മറ്റു എഴുത്തുകാരെപ്പോലെ മരണശിക്ഷയേയും നാടുകടത്തലിനേയും അതിജീവിക്കാന്‍ പസ്തര്‍നാക്കിനെ സഹായിച്ചത് ജോര്‍ജിയന്‍ കവിതകളുടെ പരിഭാഷകളായിരുന്നുവെന്നു പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. ആ പരിഭാഷ വായിച്ച സ്റ്റാലിന്‍ ഇങ്ങനെ രേഖപ്പെടുത്തുകയുണ്ടായി: ''മേഘങ്ങളില്‍ ജീവിക്കുന്ന (Cloud Dweller) അയാളെ വെറുതെ വിടുക.' കെ.ജി.ബി (റഷ്യന്‍ ചാരസംഘടന)യുടെ ഫയലുകളിലെ ആ രേഖപ്പെടുത്തല്‍ വളരെ കാലങ്ങള്‍ക്കുശേഷമാണ് പരസ്യമായത്. 

ഇസ്‌വെസ്റ്റിയയുടെ എഡിറ്ററായ ബുഖാറിനിലൂടെ ഉന്നതങ്ങളുമായി ബന്ധപ്പെട്ട് മന്‍ഡല്‍സ്റ്റാമിനെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനൊടുവില്‍ സ്റ്റാലിനുമായി ബന്ധപ്പെടാന്‍ പസ്തര്‍നാക്കിനു സാധിച്ചു. അവര്‍ തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണത്തിനിടയില്‍ എഴുത്തുകാരുടെ ഭാവി തീരുമാനിക്കുന്ന സംഘടന പ്രവര്‍ത്തനരഹിതമായതുകൊണ്ടാണ് മന്‍ഡല്‍സ്റ്റാമിനു വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി താന്‍ സമീപിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വിശദീകരണം സ്റ്റാലിനു സ്വീകാര്യമായി. മന്‍ഡല്‍സ്റ്റാമിനു നല്‍കിയ വധശിക്ഷ നാടുകടത്തലായി മാറാന്‍ കാരണം ആ സംഭാഷണമായിരുന്നുവെന്നു പില്‍ക്കാലത്ത് മന്‍ഡല്‍സ്റ്റാമിന്റെ പത്‌നി നടേഷ എഴുതിയിട്ടുണ്ട്. 

1934-ല്‍ ചേര്‍ന്ന സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയന്റെ ഒന്നാമത്തെ കോണ്‍ഗ്രസ്സില്‍ ക്ഷണിക്കപ്പെട്ടതിനു പുറമെ അദ്ദേഹത്തെ ഒരു സാഹിത്യനായകനാക്കാന്‍ ഔദ്യോഗിക ശ്രമങ്ങള്‍ നടക്കുന്നതില്‍ പസ്തര്‍നാക്ക് ആശങ്കാകുലനെന്നതുപോലെ സംശയാലുവുമായിരുന്നു. കവിതകള്‍ പ്രസിദ്ധീകരിക്കാനുള്ള തടസ്സങ്ങള്‍ വര്‍ദ്ധിച്ചിരുന്ന അക്കാലത്തു പ്രധാനമായും അദ്ദേഹം അതിജീവിച്ചതു പരിഭാഷകളില്‍നിന്നുള്ള പ്രതിഫലം കൊണ്ടായിരുന്നു. ചെക്കുവംശജനായ ഒരു എഴുത്തുകാരനെഴുതിയ കത്തില്‍ താന്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം ഇങ്ങനെ എഴുതി: ''സാഹിത്യരംഗത്തുള്ള എന്റെ പ്രാധാന്യം, എന്നെപ്പോലും അതിശയപ്പെടുത്തിക്കൊണ്ട് ഉയര്‍ത്തിക്കാണിക്കാന്‍ രഹസ്യമായ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, എന്നെ ഉയര്‍ത്തിക്കാണിക്കാനുള്ള അത്തരം സംരംഭങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ എനിക്കാവില്ല.' മോസ്‌കോയിലെ റൈറ്റേഴ്‌സ് യൂണിയന്‍ വക മന്ദിരസമുച്ചയത്തില്‍ ഒരു അപ്പാര്‍ട്ടുമെന്റും പെറിഡെല്‍ കിനോയില്‍ ഒരു ഡാച്ച (ഒറ്റയ്ക്കുള്ള താമസസ്ഥലം)യും അദ്ദേഹത്തിന് അനുവദിക്കപ്പെട്ടു. ഒപ്പം ജോര്‍ജിയന്‍ കവിതകളുടെ പരിഭാഷയില്‍നിന്നു മാന്യമായ പ്രതിഫലവും അദ്ദേഹത്തിനു കിട്ടി.

എന്നാല്‍, സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിന് വിധേയനാവാനോ ഔദ്യോഗിക നയത്തെ പിന്തുടരാനോ അദ്ദേഹം തയ്യാറായില്ലെന്നു മാത്രമല്ല, അതിനു വിരുദ്ധമായി അവസരങ്ങള്‍ ആഗതമാകുമ്പോള്‍ സ്വന്തം നിലപാട് വ്യക്തമാക്കാനും അദ്ദേഹം അശേ്ശഷം അധീരനായില്ല. അക്കാലത്താണ് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരും എഴുത്തുകാരുമായ ബോറിസ് പിലെനിക്കും എ.എന്‍. അഫിനോ ജെനീവും അറസ്റ്റ്‌ചെയ്യപ്പെട്ടത്. ''ചോരവാര്‍ന്നൊഴുകിയ ആ കാലത്ത് ആരുവേണമെങ്കിലും അറസ്റ്റ്‌ചെയ്യപ്പെടാമായിരുന്നു. അതില്‍പ്പെടാതെ ഞാന്‍ രക്ഷപ്പെടതിന് ആരോടാണ് നന്ദി പ്രകടിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല.' ഉന്നതസ്ഥാനീയനായ ഒരു ഉദ്യോഗസ്ഥനുള്‍പ്പെടെ പ്രമുഖരായ സൈനികോദ്യോഗസ്ഥന്മാര്‍ക്കു നല്‍കിയ വധശിക്ഷയെ പരസ്യമായി പിന്താങ്ങുന്ന കത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതു വഴി തന്റെ വ്യക്തിസ്വാതന്ത്ര്യം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. മറ്റ് എഴുത്തുകാരെ പിന്തുടര്‍ന്നു പരസ്യക്കത്തില്‍ ഒപ്പുവയ്ക്കുന്നില്ലെങ്കില്‍ സ്വന്തം മരണവാറണ്ടില്‍ ഒപ്പുവയ്ക്കുകയാണെന്ന് ഗര്‍ഭിണിയായ ഭാര്യ കരഞ്ഞുകൊണ്ട് കാലു പിടിച്ചപേക്ഷിച്ചെങ്കിലും സ്വന്തം നിലപാടില്‍നിന്നു വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

''അങ്ങനെ കത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിലൂടെ എന്റെ ഊഴവും എത്തുകയാണെന്ന തോന്നലിലായിരുന്നു ഞാന്‍. ഈ രക്തച്ചൊരിച്ചിലുമായി ജീവിക്കുക അസാദ്ധ്യമാണ്. എന്തും നേരിടാന്‍ ഞാന്‍ സന്നദ്ധനാണ്.' പക്ഷേ, അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടില്ല. 
'നോവിമിര്‍' ഓഫീസില്‍വച്ച് പരിചയപ്പെട്ട് ആറുമാസം പിന്നിടുമ്പോഴേയ്ക്കും ഒള്‍ഗയുമായുള്ള കൂടിക്കാഴ്ചകള്‍ പതിവായതിനു പുറമെ പസ്തര്‍നാക്ക് രണ്ടുകുട്ടികളും അമ്മയുമായി താമസിക്കുന്ന ഒള്‍ഗയുടെ അപ്പാര്‍ട്ടുമെന്റിലെ സ്ഥിരം സന്ദര്‍ശകനുമായി. മറ്റുള്ളവരുടെ അസാന്നിദ്ധ്യത്തില്‍ പരസ്പരം സംസാരിക്കുമ്പോഴെല്ലാം സിനയ്ദയുമായുള്ള ദാമ്പത്യജീവിതത്തെ അസ്വസ്ഥമാക്കിയിരുന്ന അസന്തുഷ്ടിയെക്കുറിച്ച് പസ്തര്‍നാക്ക് പറയുമായിരുന്നു. എങ്കിലും അദ്ദേഹം തന്റെ ഭാര്യയെ കുറ്റപ്പെടുത്തുകയോ അതിനു കാരണം ഒള്‍ഗയുമായുള്ള ബന്ധമാണെന്നു പറയുകയോ ചെയ്തില്ല. സാഹിത്യത്തിലെന്നപോലെ സ്വകാര്യജീവിതത്തെയും സംഗീതം കൊണ്ടുനിറയ്ക്കാന്‍ ആ സ്വപ്നദര്‍ശി മോഹിച്ചിരുന്നു. പസ്തര്‍നാക്കുമായുള്ള മകളുടെ വൈകാരികബന്ധം മണത്തറിഞ്ഞ അമ്മ മരിയ അതിനെ എതിര്‍ത്തിരുന്നു. വിവാഹിതനായ ഒരാളുമായുള്ള ബന്ധമെന്നതിനേക്കാള്‍ പ്രായംകൊണ്ട് വലിയ അന്തരമുള്ള അതിപ്രശസ്തനായ ഒരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നത് ഒള്‍ഗയുടെ ജീവിതത്തെ അപകടത്തിലേക്കു തള്ളിവീഴ്ത്തുമെന്ന വിശ്വാസത്തില്‍ മരിയ ഉറച്ചുനിന്നു. എന്നാല്‍, അത്തരത്തിലുള്ള എതിര്‍പ്പുകള്‍ക്കൊന്നും അവര്‍ തമ്മിലുള്ള അടുപ്പത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഒള്‍ഗയുമായുള്ള ബന്ധം തുടരുന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു.

''ഓലിയ, നമുക്കു പിരിയാം. ഇതു തുടരാന്‍ പാടുള്ളതല്ല' എന്ന് ആവര്‍ത്തിക്കുമായിരുന്നെങ്കിലും ഒള്‍ഗയെ  കാണാനും സംസാരിക്കാനും കിട്ടിയ എല്ലാ സന്ദര്‍ഭങ്ങളും അദ്ദേഹം പ്രയോജനപ്പെടുത്തി. പത്‌നിയായ ടോണിയയെ വിസ്മരിച്ചുകൊണ്ട് ലാറയുമായി അടുക്കുമ്പോള്‍ യൂറി ഷിവാഗോ അനുഭവിച്ച മാനസികമായ വൈഷമ്യങ്ങളും അസ്വസ്ഥതകളും ഒള്‍ഗയുമായുള്ള ബന്ധത്തിന്റെ നേര്‍ പകര്‍പ്പായിരുന്നു. 

വേട്ടയാടലുകളുടെ ഇരകള്‍
മാനസിക പീഡനത്തില്‍പ്പെട്ട് അസ്വസ്ഥനായിരുന്ന ആ കാലത്ത്  നടന്നിരുന്ന വേട്ടയാടലുകളില്‍നിന്ന് അദ്ദേഹത്തിന് അകന്നുനില്‍ക്കാനാകുമായിരുന്നില്ല. താന്‍ നിരീക്ഷണത്തിലാണെന്നും ഒള്‍ഗയുമായി അടുത്തതോടുകൂടി അതിന്റെ കാഠിന്യം വര്‍ദ്ധിച്ചിരിക്കുകയാണെന്നും പസ്തര്‍നാക്ക് മനസ്സിലാക്കിയിരുന്നു. ഭരണകൂടത്തിന്റെ നയപരിപാടികളില്‍നിന്നു മുഖം തിരിഞ്ഞുനില്‍ക്കുന്നവര്‍ ഇല്ലായ്മ ചെയ്യപ്പെടുന്നതു കൂടുതല്‍ ശക്തിപ്പെടുന്ന കാലമായിരുന്നു അത്. നാടുകടത്തപ്പെട്ട മന്‍ഡല്‍സ്റ്റാം അജ്ഞാതമായൊരു തടങ്കല്‍പ്പാളയത്തില്‍ വച്ച് മരണമടഞ്ഞതായ വിവരത്തിനു പിന്നാലെയായിരുന്നു സ്‌നേഹിതയും കവിയുമായ മരീന സെവട്‌ന തൂങ്ങിമരിച്ച ദുരന്തവാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. ആരും, എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാമെന്ന അവസ്ഥ അന്തരീക്ഷത്തില്‍ കാര്‍മേഘം കണക്കെ നിറഞ്ഞു. സ്‌റ്റേറ്റിന്റെ ശത്രുക്കളായി മുദ്രകുത്തപ്പെട്ട എഴുത്തുകാരെ അറസ്റ്റ് ചെയ്തു. നാടുകടത്തുന്നതിനു പുറമെ അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതു തടയുന്നതും പതിവായി.

പസ്തര്‍നാക്കിന്റെ കവിതകളുടെ ആരാധികയായിരുന്നു അഖ്മത്തോവയുടെ കവിതകള്‍ 1923-നും 1940-നുമിടയ്ക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. സ്റ്റാലിന്റെ ഭീകരവാഴ്ചയുടെ രക്തസാക്ഷിയായിരുന്നു അവരുടെ മകന്‍ ലവ് ഗുമിലേവ്. പലവട്ടം ആ യുവാവ് അറസ്റ്റ് ചെയ്യപ്പെട്ട് കരുതല്‍ തടങ്കല്‍പ്പാളയത്തില്‍ അയയ്ക്കപ്പെട്ടിരുന്നു. ആ അനുഭവം 'റിക്വിം' എന്ന കവിതയുടെ ആമുഖത്തില്‍ അഖ്മത്തോവ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: ''ലെനിന്‍ഗ്രാഡിലെ ജയിലിനു മുന്‍പിലുള്ള ക്യൂവില്‍ പതിനേഴ് മാസങ്ങള്‍ ഞാന്‍ കാത്തുനിന്നു. അങ്ങനെ ഒരു ദിവസം  ക്യൂവില്‍ നില്‍ക്കുകയായിരുന്ന എന്നെ തിരിച്ചറിഞ്ഞ അപരിചിതയായ ഒരു സ്ത്രീ എന്റെ അടുത്തുവന്നു. കഠിനമായ തണുപ്പുകൊണ്ട് അവരുടെ ചുണ്ടുകള്‍ നീലിച്ചിരുന്നു. പെട്ടെന്ന് അവര്‍ എന്റെ അടുത്തുവന്നു കാതില്‍ മന്ത്രിച്ചു: ഇതു പ്രതിപാദിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? ''ഉവ്വ്, എനിക്കാവും' അതുകേട്ട അവളുടെ മുഖത്ത് ഒരു മന്ദസ്‌മേരത്തിന്റെ നിഴല്‍ പടര്‍ന്നു.

''ഇത്തരം സംഭവങ്ങള്‍ സൃഷ്ടിച്ചു മാനസികമായ അസ്വസ്ഥതകളില്‍പ്പെട്ടു നീറുകയും ഉഴറുകയും ചെയ്യുന്നതിനിടയിലാണ് ഒള്‍ഗയുമായുള്ള തന്റെ ബന്ധം ഭാര്യ സിനയ്ദ മനസ്സിലാക്കിയ കാര്യം അദ്ദേഹത്തെ അവശനാക്കുന്നത്. ദാമ്പത്യജീവിതത്തില്‍ ബാദ്ധ്യതകളും  അതിലെ അസ്വാരസ്യങ്ങളും നിശ്ശബ്ദമായി ഏറ്റെടുത്തിരുന്ന അദ്ദേഹത്തിന് തന്റെ സ്വകാര്യ ജീവിതം വിചാരണ ചെയ്യപ്പെടുന്നത് താങ്ങാനാവുന്നതായിരുന്നില്ല. ഒള്‍ഗയും ഈ അപകടം അറിഞ്ഞു. തന്റെ അമ്മയുമായുള്ള പസ്തര്‍നാക്കിന്റെ അഗാധമായ സ്‌നേഹം ഒള്‍ഗയുടെ മകള്‍ ഐറിന്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതിബന്ധങ്ങള്‍ അനവധിയാണെങ്കിലും അവര്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനുള്ള ഏതു ശ്രമവും പാഴാവുകയേയുള്ളുവെന്ന് ആ പെണ്‍കുട്ടി ഓര്‍മ്മിച്ചു. 

നോവല്‍ രചനയ്ക്കിടയില്‍ 
പ്രശ്‌നസങ്കീര്‍ണ്ണമായിരുന്നു ദൈനംദിന ജീവിതമെങ്കിലും നോവലിന്റെ രചന മുടങ്ങാതിരിക്കാന്‍ പസ്തര്‍നാക്ക് ശ്രദ്ധിച്ചു. ''സോവിയറ്റ് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നുമാറി നില്‍ക്കുന്ന പസ്തര്‍നാക്കിന്റെ ദൗര്‍ബല്യം പ്രത്യയശാസ്ത്രപരമായ വിശ്വാസരാഹിത്യമാണെന്ന' ഔദ്യാഗിക വിലയിരുത്തലിന്റെ ഭാഗമായി 'നോവിമിര്‍' ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ നിരസിച്ചു.

പരിഭാഷയെ ആശ്രയിക്കുക മാത്രമായി അതോടെ അദ്ദേഹത്തിന്റെ ജീവിതം. തൊഴില്‍പരമായ ഇച്ഛാഭംഗങ്ങളെ നേരിടാനുള്ള പോംവഴി എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ പൂര്‍ത്തിയാക്കുകയാണെന്നു തിരിച്ചറിഞ്ഞ സാഹചര്യങ്ങള്‍ വിശ്രമസമയം പോലും അതിനായി അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. ഔദ്യോഗികമായ നിരീക്ഷണത്തിന്റെ അന്തിമഫലം എന്താകുമെന്ന ഉല്‍ക്കണ്ഠ മൂടിവച്ചുകൊണ്ട് സുഹൃത്തുക്കളുടെ ചെറിയ സദസ്സുകളില്‍ നോവലിന്റെ എഴുതിയ ഭാഗങ്ങള്‍   വായിച്ച് അവരുടെ പ്രതികരണമറിയാനും അദ്ദേഹം ശ്രമിച്ചു. അപൂര്‍വ്വങ്ങളായ അത്തരം അവസരങ്ങളില്‍ ഒള്‍ഗയും പങ്കാളിയായിരുന്നു. 

പാരതന്ത്ര്യത്തില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാനുള്ള വഴിയായാണ് ബോള്‍ഷെവിക്ക് വിപ്‌ളവത്തെ പസ്തര്‍നാക്ക് വീക്ഷിച്ചിരുന്നത്. എന്നാല്‍, അനുഭവം മറിച്ചായിരുന്നു. സ്‌റ്റേറ്റിന്റെ അദൃശ്യമായ നിയന്ത്രണം സാധാരണ ജീവിതത്തെപ്പോലും നശിപ്പിക്കുകയുണ്ടായി. കൂട്ടുകൃഷി സമ്പ്രദായത്തില്‍ ഗ്രാമങ്ങളിലെ ജീവിതം വേരറ്റു പോകുന്നതു സങ്കടത്തോടെ നോക്കിനില്‍ക്കേണ്ടിവന്ന അദ്ദേഹം തന്റെ സങ്കടവും ദേഷ്യവും യൂറി ഷിവാഗോയിലൂടെ നോവലില്‍ രേഖപ്പെടുത്തുകയുണ്ടായി. നോവലില്‍ ഒരിടത്ത് യൂറി ഇങ്ങനെ പറയുന്നുണ്ട്: ''അനുഭവങ്ങളെ ആശ്രയിച്ചാണ് സാധാരണ ജനങ്ങള്‍ സിദ്ധാന്തങ്ങളിലേക്കു പോകുന്നത്. എന്നാല്‍, അധികാരം കൈയാളുന്നവര്‍ അതു നിരാകരിക്കുകയും തങ്ങളുടെ അപ്രമാദിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തില്‍ എനിക്കു താല്‍പ്പര്യമേയില്ല.

സത്യത്തിന്റെ നേര്‍ക്കു മുഖം തിരിച്ചു നില്‍ക്കുന്നവരെ ഞാന്‍ പരിഗണിക്കുന്നേയില്ല.' ഇത്തരം നിലപാടുകള്‍ തന്റെ ജീവിതത്തെ അപകടത്തിലെത്തിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും തന്റെ വിശ്വാസങ്ങളെ കൈവിടാന്‍ അദ്ദേഹം സന്നദ്ധനായില്ല. അങ്ങനെയുള്ള ഒരാളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു ഭരണകൂടത്തിനറിയാമായിരുന്നു. എന്നാല്‍, സ്റ്റാലിന്റെ തീരുമാനം അതിനെ തടസ്സപ്പെടുത്തുകയുണ്ടായി. അപ്പോഴാണ് പസ്തര്‍നാക്കിനെ ദുര്‍ബലനും നിരായുധനുമാക്കാന്‍ അദ്ദേഹത്തിന്റെ ഇഷ്ടതോഴിയെത്തേടി രഹസ്യപ്പൊലീസെത്തിയത്. 

കരുതല്‍ തടങ്കലിലായ ഒള്‍ഗ
1949 ഒക്‌ടോബര്‍ ആറാം തീയതി ഒള്‍ഗയുടെ അപാര്‍ട്ട്‌മെന്റില്‍ വ്യക്തമായ അജന്‍ഡയുമായാണ് രഹസ്യപ്പൊലീസെത്തിയത്. പസ്തര്‍നാക്കിന്റെ ഫാസ്റ്റിന്റെ പരിഭാഷയുമായി അന്ന് പൊപ്പേവ് സ്ട്രീറ്റിലെ വസതിയില്‍ ഒള്‍ഗ മടങ്ങിയെത്തിയത് വൈകിയായിരുന്നു. ആ പരിഭാഷ നല്‍കിയതിനു പകരമായി നന്ദി രേഖപ്പെടുത്തുന്ന ഒരു കവിത എഴുതാനായി വീട്ടിലെ ടൈപ്പ്‌റൈറ്ററിന്റെ മുന്‍പില്‍ ഒള്‍ഗ ഇരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അവര്‍ സംഘമായെത്തിയത്. അവര്‍ ഒന്നും ചോദിച്ചില്ല. വന്നപാടെ അവിടെ ഉണ്ടായിരുന്ന എല്ലാ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും വാരിക്കെട്ടിയെടുത്തു.

അതിനിടയില്‍ ആ സംഘത്തിലെ ഒരംഗം ഒള്‍ഗയെ കൈപിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് സോവിയറ്റ് വിരുദ്ധ പ്രചരണം നടത്തുന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയാണെന്ന് അറിയിച്ചു. ''അപ്പോള്‍ അതിലൂടെ അവര്‍ തകര്‍ത്തത് ജീവിതവുമായുള്ള എന്റെ അമൂല്യമായ ബന്ധമായിരുന്നു' എന്ന് പിന്നീട് അവരെഴുതിയിട്ടുണ്ട്. ഒള്‍ഗ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞ ബോറിസ് ഉടന്‍ തന്നെ സ്‌നേഹിതയായ ലൂയിസാ പൊപ്പോവിനെ വിവരമറിയിക്കാനായി ഗോയിഗോള്‍ ബുള്‍വേര്‍ഡിലെത്തി. അവിടെ തിരക്കിട്ട് ചെന്ന പെപ്പോവ് കണ്ടത് മെട്രോസ്‌റ്റേഷനടുത്തുള്ള ഒരു ബഞ്ചിലിരുന്നു കരയുന്ന എഴുത്തുകാരനെയാണ്. ''എല്ലാം അവസാനിച്ചു. അവര്‍ അവളെ കൊണ്ടുപോയി. ഇനി ഒരിക്കലും എനിക്കവളെ കാണാന്‍ സാധിക്കില്ല. മരണത്തേക്കാള്‍ ദയനീയമാണ് ഈ അവസ്ഥ' അദ്ദേഹം പുലമ്പുന്നുണ്ടായിരുന്നു. 

മൂന്നു ദിവസത്തെ ഏകാന്തത്തടവിനിടയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒള്‍ഗയെ പതിന്നാല് സ്ത്രീത്തടവുകാരോടൊപ്പം ഏഴാംനമ്പര്‍ സെല്ലിലേക്കു മാറ്റുകയുണ്ടായി. തടവുകാര്‍ രാത്രി ഉറങ്ങാതിരിക്കാനായി സെല്ലില്‍ പ്രകാശം ചൊരിയുന്ന ബള്‍ബുകള്‍ അണച്ചിരുന്നില്ല. സമൂഹത്തിലെ പല തുറകളില്‍നിന്നുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ട്രോട്‌സ്‌കിയുടെ ചെറുമകളായ ഇരുപത്തിയാറു വയസ്‌സുള്ള അലക്‌സാണ്ട്ര അവരിലൊരാളായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം തൊട്ടടുത്ത സെല്ലിലുണ്ടായിരുന്ന അമ്മയുമായി അലക്‌സാണ്ട്രയെ അഞ്ചുകൊല്ലത്തേക്കു ശിക്ഷിച്ചശേഷം അകലെയുള്ള ഒരു കരുതല്‍ തടങ്കല്‍പ്പാളയത്തിലേക്കയച്ചു. 

ദിവസങ്ങളോളം നീണ്ട വിചാരണകള്‍ക്കിടയില്‍ പസ്തര്‍നാക്കിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിയായി ഒള്‍ഗയെ സ്ഥാപിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കു പുറമെ അവര്‍ തമ്മിലുള്ള ബന്ധത്തെ അശ്‌ളീലം ചേര്‍ത്തു ചിത്രീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു മടിയുണ്ടായില്ല. ഒള്‍ഗയെക്കുറിച്ചുള്ള വിവരണങ്ങള്‍ക്കായി കാത്തുകഴിയുകയായിരുന്ന പസ്തര്‍നാക്ക് മിക്കവാറും ഒറ്റപ്പെട്ട നിലയിലായിരുന്നു. അപ്പോള്‍ തന്റെ വ്യഥകള്‍ പകര്‍ത്തുക മാത്രമായിരുന്നു അദ്ദേഹത്തിനു ചെയ്യാന്‍ കഴിഞ്ഞത്. അന്നേ നോവലിന്റെ അഞ്ച് അദ്ധ്യായങ്ങള്‍ അദ്ദേഹം എഴുതി പൂര്‍ത്തിയാക്കി. 

വിചാരണയ്ക്കിടയില്‍ ഒള്‍ഗ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവച്ചു. ആറുമാസം അപ്പോള്‍ തികഞ്ഞിരുന്നില്ല. ആ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ പരിചരണം അവര്‍ക്കു ലഭ്യമാക്കിയെന്ന് പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ച ഭരണകൂടം തന്നെ അതിനെ നശിപ്പിക്കാന്‍ രഹസ്യമായി നീക്കങ്ങളും നടത്തി. അതിന്റെ ഭാഗമായാണ് ഒരു ദിവസം ഒള്‍ഗയെ ശവശരീരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മോര്‍ഗില്‍ കൊണ്ടടച്ചിട്ടത്. ശവശരീരങ്ങള്‍ക്കിടയിലാണ് താനെന്ന തിരിച്ചറിവ് അവരെ മാനസികമായും ശാരീരികമായും തകര്‍ത്തു. അതോടെ ഗര്‍ഭമലസുകയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് ഒള്‍ഗയെ പാര്‍പ്പിച്ചിരുന്ന ലുബയങ്കയിലെ തടങ്കല്‍പ്പാളയത്തില്‍ പസ്തര്‍നാക്കിനെ ക്ഷണിച്ചുകൊണ്ടുപോയത്. തന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്ന ഒള്‍ഗയെ കാണാനാകുമെന്നു പ്രതീക്ഷയുമായാണ് അദ്ദേഹം അവിടെയെത്തിയത്.

എന്നാല്‍, ഒള്‍ഗയെ കാണാന്‍ അനുമതി നിഷേധിച്ച ഉദ്യോഗസ്ഥന്മാര്‍ അതിനുപകരം ഒള്‍ഗയുടെ വസതിയില്‍നിന്നു പിടിച്ചെടുത്ത അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളും കുറെ കത്തുകളുമായിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കും നീണ്ട വിചാരണകള്‍ക്കും ഒടുവില്‍ അഞ്ചാം പൊട്ട്മയിലെ കരുതല്‍ തടങ്കല്‍പ്പാളയത്തിലേക്ക് ഒള്‍ഗയെ കൊണ്ടുപോയി. അഞ്ചുകൊല്ലത്തേക്കായിരുന്നു ഒള്‍ഗ ശിക്ഷിക്കപ്പെട്ടത്. തടവുകാരിയാക്കപ്പെട്ട ഒള്‍ഗയെ കാണാനോ ബന്ധപ്പെടാനോ നിരന്തരം ശ്രമിക്കുക മാത്രമായിരുന്നു പസ്തര്‍നാക്കിനു ചെയ്യാന്‍ കഴിയുമായിരുന്നത്. ഒള്‍ഗയുടെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത അദ്ദേഹം അവരെ സന്ദര്‍ശിക്കുന്നതു പതിവാക്കി. മാനസികമായ സംഘര്‍ഷത്തിലായ അദ്ദേഹം രണ്ടുപ്രാവശ്യം ഹൃദ്‌രോഗബാധിതനായിരുന്നു. ഭാര്യയുടെ ശ്രദ്ധാപൂര്‍ണ്ണമായ പരിചരണമായിരുന്നു മരണത്തില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നത്. 

നരകത്തില്‍നിന്നുള്ള മോചനം
ഗ്രീഷ്മത്തില്‍ വരണ്ടുപൊട്ടുന്ന പൊട്മയിലെ ക്യാമ്പില്‍ ഓരോ ദിവസവും നരകതുല്യമായ അനുഭവമായിരുന്നു അവര്‍ നേരിട്ടത്. ക്യാമ്പിലെ മേലധികാരികളുടെ ക്രൂരമായ പെരുമാറ്റത്തെ നേരിടാനാവാതെ ഒള്‍ഗ പരിക്ഷീണയായിരുന്നു. അതിനിടയിലാണ് സ്റ്റാലിന്റെ (1953 മാര്‍ച്ച് അഞ്ച്) മരണം നടക്കുന്നതും ക്യാമ്പിലുള്ള കുറെപ്പേരെ മാപ്പു നല്‍കി മോചിപ്പിക്കുന്നതും. അവരിലൊരാളായിരുന്നു ഒള്‍ഗ.

ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്ന പസ്തര്‍നാക്കിനെ വീണ്ടും കണ്ടുമുട്ടിയ തനിക്കു നഷ്ടപ്പെട്ടതെല്ലാം വീണ്ടുകിട്ടിയ അനുഭവമായിരുന്നുവെന്ന് ഒള്‍ഗ രേഖപ്പെടുത്തി. ഭാവിയില്‍ എന്തു സംഭവിച്ചാലും പരസ്പരം പിരിയുകയില്ലെന്ന് അപ്പോള്‍ അവര്‍ തീരുമാനിച്ചു. ആ പുനസ്‌സമാഗമം മറ്റൊരുവിധത്തില്‍ പസ്തര്‍നാക്കിന് അനുഗ്രഹമായി. നോവല്‍ എത്രയും വേഗം എഴുതി പൂര്‍ത്തിയാക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. 
പെറിഡെല്‍കിനോയിലെ വസതിയില്‍നിന്ന് ഇസ്മാല്‍ കോവോ തടാകത്തിലെ മരപ്പാലം കടന്നുചെല്ലുന്നിടത്തായിരുന്നു ലിറ്റില്‍ ഹൗസ് എന്നു വിശേഷിപ്പിച്ചിരുന്ന ഒള്‍ഗയുടെ താമസസ്ഥലം.

രണ്ടു വസതികളിലും മാറിമാറി സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം പ്രാധാന്യം നല്‍കിയത് നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നതിലായി. 1955 ആയപ്പോള്‍ അതിന്റെ പണി പൂര്‍ത്തിയായി. നോവലില്‍ ആദ്യഭാഗം ഭംഗിയായി ബയന്റ് ചെയ്തു കൈയിലെടുത്ത ബോറിസിനു മുഖത്തു തന്റെ കുഞ്ഞിനെ ലാളിക്കുന്ന ഒരു പിതാവിന്റെ സ്‌നേഹവാത്സല്യം മിന്നിമറഞ്ഞിരുന്നതായി ഒള്‍ഗ ഓര്‍മ്മിച്ചു. 'നോവിമിര്‍' മാഗസിനില്‍ നോവല്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. അതു സംബന്ധിച്ചു ധാരണ ഉണ്ടാക്കിയിരുന്നെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതു നടക്കുകയില്ലെന്ന് പസ്തര്‍നാക്കിനറിയാമായിരുന്നു. പ്രസിദ്ധ നോവലിസ്റ്റായ കോണ്‍സ്റ്റാന്റിന്‍ ഫെഡിന്‍ അദ്ദേഹത്തിന്റെ സ്‌നേഹിതനായിരുന്നു.

ഒരിക്കല്‍ വീട്ടില്‍ച്ചെന്നു സന്ദര്‍ശിക്കവെ നോവല്‍ വായിച്ചു കേട്ടിരുന്നു. ഫെഡില്‍ മൗനമായി കരയുകയുണ്ടായി. എന്നാല്‍ നോവിമിര്‍ നോവല്‍ തിരസ്‌കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ പ്രസിദ്ധീകരണത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഫെഡിന്‍ എതിര്‍ത്തില്ലെന്നു തന്നെയല്ല, ആ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു. പരസ്പരം സംശയിച്ചു കഴിഞ്ഞിരുന്ന സോവിയറ്റു യൂണിയനിലെ ബുദ്ധിജീവികളുടെ തനിനിറമായിരുന്നു ഫെഡിനിലൂടെ അപ്പോള്‍ വ്യക്തമാക്കപ്പെട്ടത്. പസ്തര്‍നാക്കിന്റെ കവിതകള്‍ പ്രസിദ്ധീകരിക്കാനുള്ള ഗോസ് ലിറ്റിഡാറ്റ് എന്ന പ്രസാധനാലയവും മുന്‍ തീരുമാനത്തില്‍നിന്നു പിന്മാറി. നോവലില്‍നിന്നുള്ള ഏതാനും അദ്ധ്യായങ്ങള്‍ അച്ചടിക്കാന്‍ 'സാമിയ' എന്ന പേരിലുള്ള പ്രസിദ്ധീകരണവും വിസമ്മതിച്ചു.

അങ്ങനെ 1956 മേയ് മാസം പിന്നിടുമ്പോള്‍ റഷ്യയിലെ മൂന്നു പ്രസിദ്ധീകരണശാലകള്‍ ഡോക്ടര്‍ ഷിവാഗോ തിരസ്‌കരിച്ചുകഴിഞ്ഞു. ദു;ഖകരമായ ആ സംഭവത്തെ ഒള്‍ഗയുടെ മകള്‍ ഐറിന്‍ പിന്നീട് ഇങ്ങനെ ഓര്‍മ്മിക്കുകയുണ്ടായി. ''ഞങ്ങളെയെല്ലാം ഏണിപ്പടിയില്‍നിന്നു നിലത്തേക്കു തള്ളിവീഴ്ത്തുകയായിരുന്നു ആ സാഹിത്യകൃതി. എങ്കിലും പിന്നീടതു സാര്‍വ്വദേശീയ തലത്തില്‍ പ്രശസ്തമാകുകയാണുണ്ടായത്. സത്യത്തില്‍ ആ നോവലിന്റെ പേരില്‍ ഞങ്ങള്‍ക്കു നല്‍കേണ്ടിവന്ന വില വളരെ കൂടുതലായിരുന്നു. നിര്‍ദ്ദയമായി ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അതിന്റെ പേരില്‍ അമ്മയ്ക്കും എനിക്കും കരുതല്‍ തടങ്കല്‍പ്പാളയത്തിലും പോകേണ്ടിവന്നു. ഒടുവില്‍ ബോറിസ് ലിയോനി ഡോവിച്ചിന്റെ മരണത്തിനുപോലും ഇതു കാരണമായി.'

ഇറ്റലിയില്‍ നിന്നെത്തിയ മാലാഖ
ക്രൂഷ്‌ചേവിന്റെ ഭരണസാരഥ്യത്തില്‍ 'മഞ്ഞുരുകല്‍' ആരംഭിച്ച കാലമായതിനാല്‍ സ്റ്റാലിന്റെ മര്‍ദ്ദന സംവിധാനത്തില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു പസ്തര്‍നാക്കിന്റെ ഡോക്ടര്‍ ഷിവാഗോ പ്രസിദ്ധീകരിക്കുന്നതിനായി ഇറ്റലിയിലെ പ്രമുഖ പ്രസാധകനായ ഫെര്‍ട്ടിനല്ലി രംഗത്തുവന്നത്. റേഡിയോ മോസ്‌കിലെ ഇറ്റാലിയന്‍ ഭാഷാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സെര്‍ജിയോഡി ആഞ്ചലോയെന്ന ചെറുപ്പക്കാരന്‍ ആ പ്രസാധകന്റെ പ്രതിനിധിയായി ബോറിസിനെ സന്ദര്‍ശിച്ചു വിവരം അറിയിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്തി തന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയതോടൊപ്പം ''റഷ്യയില്‍ പ്രസിദ്ധീകരിച്ചശേഷം മാത്രമേ തര്‍ജ്ജമ പുറത്തിറക്കാവൂ' എന്ന വ്യവസ്ഥയോടെ കൈയെഴുത്തുപ്രതി ആഞ്ചലോയ്ക്ക് ബോറിസ് നല്‍കി.

ആ വിവരം പുറത്തുവന്നതോടെ റഷ്യന്‍ ഭരണവൃത്തത്തിലും സാഹിത്യലോകത്തിലും അക്ഷരാര്‍ത്ഥത്തില്‍ സംഭരിച്ചതു ഭൂമികുലുക്കമായിരുന്നു. ഏതു വിധേനയും അതു തടസ്‌സപ്പെടുത്തുന്നതായി ഭരണകൂടത്തിന്റെ ലക്ഷ്യം ബോറിസിന്റെ നടപടി വീണ്ടുവിചാരമില്ലാത്തതാണെന്നു കുറ്റപ്പെടുത്തുകയാണ് ഇതറിഞ്ഞ ഒള്‍ഗ ചെയ്തത്. കരുതല്‍ തടങ്കല്‍പ്പാളത്തില്‍ ചെലവിട്ട നാളുകള്‍ അവരോര്‍ത്തു. ''ഇനി, താങ്കളെ തേടിയായിരിക്കും അവര്‍ വരുന്നതെന്ന്' അവര്‍ ബോറിസിനോട് പറഞ്ഞു. നോവല്‍ പ്രസിദ്ധീകരിക്കാന്‍ റഷ്യയിലെ പ്രസിദ്ധീകരണങ്ങളോ പ്രസാധനശാലകളോ ഒരിക്കലും തയ്യാറാവുകയില്ലെന്ന് നോവിമിറില്‍ പ്രവര്‍ത്തിച്ചിരുന്ന അവര്‍ക്കു നല്ല തീര്‍ച്ചയായിരുന്നു. അതിനുവേണ്ടി നടത്തിയിരുന്ന ശ്രമങ്ങളെല്ലാം പാഴായതിനു പുറമെ നോവലിന്റെ പേരില്‍ പസ്തര്‍നാക്കിനെ ഒറ്റപ്പെടുത്തി ക്രൂശിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളതായും ഒള്‍ഗ അറിഞ്ഞിരുന്നു.

ഡോക്ടര്‍ ഷിവാഗോ ഇറ്റലിയില്‍ പ്രസിദ്ധീകരിക്കുന്നത് തടായന്‍ ഉന്നതതലത്തില്‍ നടത്തിയ ഔദ്യോഗിക ശ്രമങ്ങളെല്ലാം പാരജയപ്പെട്ട സാഹചര്യത്തില്‍ തന്റെ നോവല്‍ പരിഭാഷപ്പെടുത്തി ഇറ്റലിയില്‍ പ്രസിദ്ധീകരിക്കുന്നതിനു നല്‍കിയ അനുമതി പസ്തര്‍നാക്കില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് മറ്റൊരു പോംവഴിയായി ഭരണകൂടം കണ്ടത്. ആ സമ്മര്‍ദ്ദത്തെ ആദ്യമൊക്കെ ചെറുത്തുനിന്നെങ്കിലും വെട്ടിക്കുറച്ച വിധത്തിലെങ്കിലും തന്റെ നോവല്‍ റഷ്യയില്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചേക്കുമെന്ന പ്രത്യാശയുടെ അടിസ്ഥാനത്തില്‍ ഒരു കത്തിലൂടെ ഇറ്റാലിയന്‍ പ്രസിദ്ധീകരണം തടയാന്‍ അദ്ദേഹം തയ്യാറായി.

എന്നാല്‍, അതുകൊണ്ടൊന്നും ഫെര്‍ട്ടിനല്ലി പിന്നോട്ടുപോയില്ല. ഇറ്റാലിയന്‍ ഭാഷയിലുള്ള പരിഭാഷ പൂര്‍ത്തിയായതിനു സമാന്തരമായി ഫ്രെഞ്ചിലും ഇംഗ്‌ളീഷിലുമുള്ള പരിഭാഷകള്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ രഹസ്യമായി നടന്നിരുന്നു. ഒടുവില്‍ സാര്‍വ്വദേശീയമായ ശ്രദ്ധ സൃഷ്ടിക്കത്തക്കവിധം ഡോക്ടര്‍ ഷിവാഗോയുടെ ഇറ്റാലിയന്‍ ഭാഷയിലുള്ള പരിഭാഷ പുറത്തുവന്നു. സോവിയറ്റു യൂണിയനിലെ ഭരണാധികാരികള്‍ക്കു അതു നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളു. 

രംഗത്തുവന്ന ശീതയുദ്ധ തന്ത്രങ്ങള്‍
1957 നവംബറില്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ഷിവാഗോയുടെ ഇറ്റാലിയന്‍ പരിഭാഷയ്ക്ക് ആദ്യത്തെ ആറുമാസത്തിനിടയില്‍ പതിനൊന്നു പതിപ്പുകള്‍ പുറത്തുവന്നു. അതിനു സമാന്തരമായാണ് ഇംഗ്‌ളീഷിലും ഫ്രെഞ്ചിലും ജര്‍മ്മനിലുമായി ഇരുപത്തിമൂന്നു ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നത്. അപ്പോഴും റഷ്യന്‍ പതിപ്പ് പുറത്തിറങ്ങിയിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ചാര ഏജന്‍സിയായ സി.ഐ.എ രംഗത്തുവരുന്നതും ഡോക്ടര്‍ ഷിവാഗോ ശീതയുദ്ധത്തിലെ പ്രധാന കരുവാക്കുന്നതും.

ഹേഗ് കേന്ദ്രമായി സി.ഐ.എ സ്ഥാപിച്ച ഒരു പ്രസാധനാലയം ഡോക്ടര്‍ ഷിവാഗോയുടെ റഷ്യന്‍ പതിപ്പിറക്കുക മാത്രമല്ല ചെയ്തത്. ഭരണകൂടത്തിന്റെ കണ്ണില്‍പ്പെടാതെ അത് റഷ്യയിലുടനീളം പ്രചരിപ്പിക്കുകയുമുണ്ടായി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്നതാണ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആഗോളാടിസ്ഥാനത്തില്‍ പരത്താന്‍ ഇതുവഴി സി.ഐ.എയ്ക്ക് സാധിച്ചു. സ്റ്റാലിന്‍ ഓര്‍മ്മയായെങ്കിലും ആ സ്വേച്ഛാധിപതിയുടെ പ്രേതത്തെ ഭയന്നാണ് ക്രൂഷ്‌ചേവ് അധികാരത്തില്‍ തുടരുന്നതെന്നു പ്രചരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. 

അക്കാലത്ത് അമേരിക്കന്‍ എംബസ്സി മുഖേന ഡോക്ടര്‍ ഷിവാഗോയുടെ ഇംഗ്‌ളീഷ് പതിപ്പ് ഇന്ത്യയിലെ മിക്കവാറും എല്ലാ പത്രസ്ഥാപനങ്ങളിലും എത്തിച്ചിരുന്നു. 'കൗമുദി' ദിനപ്പത്രത്തിനും അങ്ങനെ ആ നോവലിന്റെ ഒരു പ്രതി കിട്ടി. ഉടന്‍ തന്നെ, സി.എന്‍. ശ്രീകണ്ഠന്‍നായര്‍ പരിഭാഷപ്പെടുത്തി തുടങ്ങിയത് എനിക്കോര്‍മ്മയുണ്ട്. എന്നാല്‍, മുട്ടത്തുവര്‍ക്കിയുടെ പരിഭാഷ 'ദീപിക' ദിനപ്പത്രത്തില്‍ അച്ചടിച്ചുവരാന്‍ തുടങ്ങിയതോടെ സി.എന്‍. തന്റെ പരിഭാഷാസംരംഭത്തില്‍നിന്നു പിന്മാറുകയുണ്ടായി. 

പസ്തര്‍നാക്കിനേറ്റ ആഘാതം
ഡോക്ടര്‍ ഷിവാഗോയെ ചുറ്റിപ്പറ്റി സാര്‍വ്വദേശീയ തലത്തില്‍ പൊട്ടിച്ചിതറിയ വിവാദങ്ങളും അതു സോവിയറ്റു യൂണിയനില്‍ സൃഷ്ടിച്ച കുഴപ്പങ്ങളും ബോറിസ് പസ്തര്‍നാക്കിന്റെ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. മുന്‍പ് ഹൃദ്രോഗ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിനു വീണ്ടുമൊരു ഹൃദ്രോഗത്തെ അതിജീവിക്കാന്‍ സാധിക്കാതെ വരുമെന്നു സ്‌നേഹിതന്മാരും ബന്ധുക്കളും ഭയപ്പെട്ടിരുന്നു.

അവര്‍ ഉല്‍ക്കണ്ഠപ്പെട്ടതുപോലെ അദ്ദേഹം രോഗിയായി. വിട്ടീല്‍ കിടത്തി ചികിത്സിക്കുന്നതു പര്യാപ്തമാവുകയില്ലെന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭിപ്രായമനുസരിച്ച് ക്രെംലിനില്‍ ക്‌ളിനിക്കില്‍ (1958 ഫെബ്രുവരി 8) പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രോഗനില ഏവരേയും ഉല്‍ക്കണ്ഠപ്പെടുത്തിയിരുന്നു. അതിനിടയില്‍ ഡോക്ടര്‍ ഷിവാഗോയ്ക്കു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം (1958) കിട്ടുമെന്ന അഭ്യൂഹം പ്രചരിക്കുകയുണ്ടായി. കവിതകള്‍ക്കും പരിഭാഷകള്‍ക്കുമായി മുന്‍പ് ആറുപ്രാവശ്യം നൊബേല്‍ സമ്മാനത്തിനായി അദ്ദേഹത്തെ നോമിനേറ്റു ചെയ്തിരുന്നതാണ്. എന്നാല്‍, ഡോക്ടര്‍ ഷിവാഗോയ്ക്ക് നൊബേല്‍ സമ്മാനം കിട്ടുന്നതു ഭരണകൂടത്തിനുള്ള കനത്ത പ്രഹരമായിരിക്കുമെന്നു പലരും വിചാരിച്ചു.

ഒക്‌ടോബറില്‍ പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ പലരും പ്രതീക്ഷിച്ചതുപോലെ പുരസ്‌കാരം അദ്ദേഹത്തിനു തന്നെയായിരുന്നു. ഉടന്‍തന്നെ അതില്‍ കൃതജ്ഞത രേഖപ്പെടുത്തുന്ന സന്ദേശം സ്വീഡിഷ് അക്കാദമിക്ക് അദ്ദേഹം അയച്ചു. അപ്പോഴാണ്, സോവിയറ്റ് റൈറ്റേഴ്‌സ് യൂണിയന്റെ പ്രതിനിധിയായി നോവലിസ്റ്റ് ഫെഡിന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് നൊേബല്‍ സമ്മാനം തിരസ്‌കരിക്കണമെന്ന ഔദ്യോഗികാവശ്യം അറിയിക്കുന്നത്. അതിനു വഴങ്ങുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അതിനിശിതമായ ആക്രമണം ഉറപ്പാണെന്ന് ഫെഡിന്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും ഭീഷണികള്‍ക്കു കീഴ്‌വഴങ്ങാന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നു സ്‌നേഹിതനെ അറിയിക്കാന്‍ രണ്ടാമതൊരു പ്രാവശ്യം അദ്ദേഹത്തിന് ആലോചിക്കേണ്ടിവന്നില്ല. ഒള്‍ഗയെ അതറിയിക്കാന്‍ ലിറ്റില്‍ ഹൗസില്‍ പസ്തര്‍നാക്ക് വന്നത്, പിന്നീട് ഐറിന്‍ ഓര്‍മ്മിച്ചിരുന്നു. ''നൊേബല്‍ പുരസ്‌കാരം സ്വീകരിക്കുന്നതില്‍നിന്നുള്ള പ്രത്യാഘാതമെന്തായാലും അതു നേരിടാന്‍ തന്നെയാണ് തന്റെ തീരുമാന'മെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. 

നൊബേല്‍ പുരസ്‌കാരമേറ്റുവാങ്ങുന്നതിനായി ഒസ്‌ലോ (സ്വീഡന്‍)യില്‍ പോകുന്നതിനെപ്പറ്റിയും അദ്ദേഹം ആലോചിച്ചു. പക്ഷേ, അതൊന്നും നടന്നില്ല. പുരസ്‌കാര സ്വീകരണത്തിനായി യാത്ര ചെയ്താല്‍ റഷ്യയിലേക്കു മടങ്ങിവരാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹത്തെ ഭരണകൂടം അറിയിച്ചു. അതോടെ ആ ആഗ്രഹം അദ്ദേഹം ഉപേക്ഷിച്ചു. ഏതു പ്രതിസന്ധിയിലും മാതൃനാട് ഉപേക്ഷിക്കാന്‍ പസ്തര്‍നാക്ക് തയ്യാറായിരുന്നില്ല. തനിക്കു നേരെ നടക്കുന്ന അതിനിശിതമായ ആക്രമണങ്ങളില്‍ നിന്നൊഴിയാനുള്ള ഒരേ ഒരു പോംവഴി നൊബേല്‍ പുരസ്‌കാരം പരസ്യമായി തിരസ്‌കരിക്കുക മാത്രമാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. ഒടുവില്‍ അങ്ങനെ അദ്ദേഹം ചെയ്തു. എന്നാല്‍, അതിന്റെ ആഘാതം മാരകമാകുമെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും വീണ്ടും ഹൃദ്‌രോഗ ബാധിതനായ അദ്ദേഹം രക്ഷപ്പെടുന്ന കാര്യത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍പ്പോലും ആശങ്കിക്കുകയുണ്ടായി. 

തന്റെ സ്‌നേഹിതന്റെ സമീപത്തു ചെല്ലാനോ ആശ്വസിപ്പിക്കാനോ ഒള്‍ഗയ്ക്ക് പസ്തര്‍നാക്കിന്റെ ബന്ധുക്കള്‍ അനുവാദം നിഷേധിച്ചു. അദ്ദേഹത്തെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്ന നഴ്‌സുമാരില്‍നിന്നു വിവരങ്ങള്‍ അറിയാന്‍ കാത്തുനിന്ന ദിവസങ്ങള്‍  ഐറിന്‍ മറന്നിരുന്നില്ല. ലിറ്റില്‍ ഹൗസില്‍ വിവരങ്ങള്‍ അറിയാന്‍ അമ്മ കാത്തുകഴിയുകയാണെന്ന് അവള്‍ക്കറിയാമായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും പുറമെ ലണ്ടനില്‍നിന്നു സഹോദരിമാരും അദ്ദേഹത്തിന്റെ ശയ്യക്കരികിലെത്തിയിരുന്നു. എല്ലാവിധത്തിലുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കിലും രോഗനില കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരും അറിഞ്ഞു. മേയ് മുപ്പതാം തീയതി (1960) ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്റെ ഭാഗമായി അദ്ദേഹത്തിന്റെ നില അല്പം മെച്ചപ്പെട്ടെങ്കിലും താല്‍ക്കാലികമായിരുന്നു ആ മാറ്റം. തന്റെ മക്കളെ മാത്രമായി കാണണമെന്ന് അദ്ദേഹം അപ്പോള്‍ ആഗ്രഹം പ്രകടിപ്പിച്ചു.

നോവലുമായി ഉണ്ടായ പ്രതിസന്ധികളെ ഒരുമിച്ചുനിന്നു നേരിടുന്നതിനു പുറമെ ഒള്‍ഗയുടെ കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം അവരോടാവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം സംസാരിച്ചില്ല. അന്നു രാത്രി രണ്ടര മണിക്ക് മഹാനായ ആ സാഹിത്യകാരന്‍ അന്ത്യശ്വാസം വലിച്ചു. ഇതറിഞ്ഞ് ഒള്‍ഗ എല്ലാം മറന്ന് അദ്ദേഹത്തിന്റെ അടുത്ത് ഓടിയെത്തി. പാഞ്ഞോടിവന്ന അവരെ ചേംബര്‍മെയ്ഡ് പസ്തര്‍നാക്കിനടുത്തേക്കു കൊണ്ടുപോയി. ''അവിടെ കിടക്കുകയായിരുന്ന ബോറിസ്. അദ്ദേഹത്തിന്റെ കൈകള്‍ മാര്‍ദ്ദവമുള്ളതായിരുന്നു. പുലര്‍കാല വെളിച്ചം ആ കൊച്ചുമുറിയില്‍ വീണുകിടപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്തു ജീവനുള്ളതുപോലെ...' പില്‍ക്കാലത്ത് ഒള്‍ഗ ഓര്‍മ്മിച്ചിരുന്നു. 

പസ്തര്‍നാക്കിന്റെ അന്ത്യയാത്ര
പസ്തര്‍നാക്കിന്റെ അന്ത്യയാത്ര

റഷ്യയുടെ മൗനവിലാപം
ജൂണ്‍ രണ്ടാം തീയതി വ്യാഴാഴ്ച വൈകിട്ടായിരുന്നു ശവസംസ്‌കാരച്ചടങ്ങ് നടന്നത്. പസ്തര്‍നാക്കിന്റെ മരണവൃത്താന്തം അപ്രധാനമായാണ് പ്രസിദ്ധീകരിച്ചതെങ്കിലും ആ ദുഃഖവാര്‍ത്ത കേട്ടറിഞ്ഞവര്‍ തങ്ങളുടെ പ്രിയപ്പെട്ട കവിക്ക് യാത്രാമംഗളം നേരാന്‍ എത്തുകയുണ്ടായി. ഔദ്യോഗികമായ എല്ലാത്തരം കണക്കുകൂട്ടലുകളേയും നിഷ്പ്രഭമാക്കുന്നതായിരുന്നു ദുഃഖാര്‍ത്തരായ ആരാധകരുടെ എണ്ണം.
പസ്തര്‍നാക്കിന്റെ ശവസംസ്‌കാരം നടന്ന് രണ്ടു ദിവസം പിന്നിട്ടപ്പോഴേക്ക് ഒള്‍ഗയെത്തേടി കെ.ജി.ബി എത്തി. അവരെയും മകള്‍ ഐറിനെയും അവര്‍ അറസ്റ്റ് ചെയ്ത് തടങ്കല്‍പ്പാളയത്തിലെത്തിച്ചു. 

പസ്തര്‍നാക്കിനെ സ്‌നേഹിച്ച കുറ്റത്തിനാണ് ഒള്‍ഗ ശിക്ഷിക്കപ്പെട്ടതെങ്കില്‍, ഒരു മകളുടെ സ്‌നേഹവാത്സല്യത്തോടെ അദ്ദേഹത്തെ ആരാധിച്ചതിനാണ് ഐറിന്‍ ശിക്ഷിക്കപ്പെട്ടത്. ഒടുവില്‍ അവര്‍ മോചിപ്പിക്കപ്പെട്ടു. അധികാരത്തില്‍നിന്നൊഴിഞ്ഞു വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ ഡോക്ടര്‍ ഷിവാഗോ ക്രൂഷ്‌ചേവ് വായിക്കുകയുണ്ടായി. ആ നോവല്‍ റഷ്യയില്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതി നല്‍കാനുള്ള അധികാരം തനിക്കുണ്ടായിട്ടും അതിനു തയ്യാറാവാത്തതില്‍ അദ്ദേഹം പശ്ചാത്തപിച്ചുവത്രെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com