'കനേഡിയന്‍ സഹായമുണ്ടായിരുന്നു, കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്' ചരിത്രം കാണാതെ പോയ ആ കണ്ണികളെക്കുറിച്ച്‌

കനേഡിയന്‍ ബന്ധത്തിനു കണ്ണികളായ പത്തനംതിട്ട ഇലവന്തൂര്‍ സ്വദേശി കെ രമേശനും ആലപ്പുഴക്കാരന്‍ വി മോഹന്‍ കുമാറും സംസാരിക്കുന്നു
വി മോഹന്‍കുമാറും കെ രമേശനും മൂന്നു പതിറ്റാണ്ടിനു ശേഷം കണ്ടുമുട്ടിയപ്പോള്‍
വി മോഹന്‍കുമാറും കെ രമേശനും മൂന്നു പതിറ്റാണ്ടിനു ശേഷം കണ്ടുമുട്ടിയപ്പോള്‍

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിനു നിരവധി അനുഭവപാഠങ്ങളുണ്ട്. ആശയപരമായും സംഘടനാപരമായും നിരവധി പ്രതിസന്ധികളിലൂടെയാണ് പ്രസ്ഥാനം മുന്നോട്ടുപോയത്. കേന്ദ്രീകൃതമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പ്രാദേശികവും വ്യക്തിനിഷ്ഠവുമായ നിരവധി പരിപാടികളും പ്രസ്ഥാനത്തിന് ഉണ്ടായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആധികാരിക ചരിത്രനിര്‍മ്മിതിയില്‍ ഇത്തരം ചില അനുഭവങ്ങള്‍ വേണ്ടത്ര രേഖപ്പെടുത്താതെ പോയിട്ടുണ്ട്. കൃത്യമായ രേഖകളുടെ അഭാവവും സംഘടനാ സംവിധാനത്തിലെ അവ്യക്തതകളും ആശയസമരങ്ങള്‍ക്കിടയിലെ അവ്യക്തതയും ഇതിനു കാരണങ്ങളാണ്. നക്‌സല്‍ പ്രസ്ഥാനത്തിനു സമൂഹത്തെയാകെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിബദ്ധതയും മൂല്യബോധവുമുള്ള ഒരു പ്രവര്‍ത്തകനിരയെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന നിരവധി സംഭവങ്ങള്‍ വിശദമായി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിനു സാര്‍വ്വദേശീയ ബന്ധങ്ങളുടെ ഒരു ചെറിയ കാലഘട്ടം ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള വ്യത്യസ്ത രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ സംഘടനാതലത്തിലും വ്യക്തിപരമായും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യം നക്‌സല്‍ പ്രസ്ഥാനത്തിന്റെ ആധികാരിക ചരിത്രഗ്രന്ഥമായ ആര്‍.കെ. ബിജുരാജിന്റെ 'നക്‌സല്‍ ദിനങ്ങളില്‍' (ഡി.സി. ബുക്‌സ്, ആഗസ്റ്റ്-2015) സൂചിപ്പിച്ചിട്ടുണ്ട്. ബിജുരാജ് എഴുതുന്നു: ''കേരളത്തിലെ നക്‌സലൈറ്റുകള്‍ ആദ്യം മുതല്‍ തന്നെ സാര്‍വ്വദേശീയ ബന്ധം രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുന്‍പെ അതിനു ശ്രമം നടത്തിയിരുന്നു. പല വഴികളിലൂടെയാണ് സാര്‍വ്വദേശീയ ബന്ധം കേരളത്തില്‍ നക്‌സലൈറ്റുകള്‍ സാധ്യമാക്കിയത്' (സാര്‍വ്വദേശീയ ബന്ധവും പുത്തന്‍ കൊളോണിയലിസവും). ഈ സാര്‍വ്വദേശീയ ബന്ധത്തിന്റെ ചില വഴികളെക്കുറിച്ചുള്ള നേര്‍ത്ത രൂപരേഖ മാത്രമേ ബിജുരാജ് അവതരിപ്പിക്കുന്നുള്ളൂ. വലിയ അന്വേഷണത്തിന്റെ സാധ്യതകളാണ് ആ പരാമര്‍ശങ്ങള്‍ തുറന്നിടുന്നത്.
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം വിദേശരാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം തേടിയിരുന്നു എന്ന വസ്തുത അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ബോധ്യപ്പെട്ടിട്ടുള്ളൂ. എഴുപതുകള്‍ മുതല്‍ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും അതിനെക്കുറിച്ചു വേണ്ടത്ര അറിവില്ല. ഒരു ചെറിയ കാലത്തു മാത്രമേ സാമ്പത്തിക സഹായം ലഭിച്ചിരുന്നുള്ളൂ എങ്കിലും പ്രതിബദ്ധമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതു ഗൗരവമുള്ള ഒന്നാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്നു വ്യത്യസ്ത തരത്തിലുള്ള സഹായങ്ങള്‍ സ്വീകരിച്ചിരുന്നതുപോലെ, ഈ റാഡിക്കല്‍ പ്രസ്ഥാനവും സഹായങ്ങള്‍ സ്വീകരിച്ചു എന്നതു ചരിത്രപരമായി പ്രസക്തിയുള്ള ഒന്നാണ്.
സംഘടനാപരമായ തീരുമാനം എന്ന നിലയ്ക്കല്ല പ്രസ്ഥാനം ആദ്യം വിദേശസഹായം നേടിയത്. ഒറ്റപ്പെട്ട സഹയാത്രികരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് അതു ലഭിച്ചത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലില്ലാതിരുന്ന ചിലരാണ് അതിനു മുന്‍കൈയെടുത്തത്. പ്രധാനമായും കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തിലെ പ്രസ്ഥാനത്തിനു സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറായത്. അന്ന് കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇന്ത്യന്‍ വംശജനായ ഹര്‍ദയാല്‍ ബയിന്‍സായിരുന്നു. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന വിപ്‌ളവപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിരവധി ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു എന്നതും അതിന് ഒരു കാരണമായിരുന്നു. പ്രധാനമായും പ്രസിദ്ധീകരണങ്ങള്‍ ഇറക്കുന്നതിനുവേണ്ടിയാണ് പണം നല്‍കിയിരുന്നത്. നക്‌സല്‍ പ്രസിദ്ധീകരണമായ മാസ്‌ലൈനിന്റെ നിലനില്‍പ്പിനു പിന്നില്‍ കനേഡിയന്‍ സഹായം ഉണ്ടായിരുന്നു. മാത്രമല്ല, വിദേശത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളും അവര്‍ ഇവിടേയ്ക്ക് എത്തിച്ചിരുന്നു. കേരളത്തിലെ പ്രസ്ഥാനവുമായുള്ള ബന്ധം ദൃഢമാക്കാന്‍വേണ്ടി ഒരു സഖാവിനെ ഇവിടേയ്ക്കു നിയോഗിക്കുകയും ചെയ്തു. അത്രമാത്രം ഗൗരവം അവര്‍ കേരളത്തിലെ പ്രസ്ഥാനത്തോടു പുലര്‍ത്തിയിരുന്നു.
പക്ഷേ, അടിയന്തരാവസ്ഥയുടെ വരവ് എല്ലാ ബന്ധങ്ങളേയും തകര്‍ത്തുകളഞ്ഞു. കനേഡിയന്‍ ബന്ധത്തെക്കുറിച്ചുള്ള അറിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. പലരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം ഇവരെയൊക്കെ അകത്താനുള്ള മാര്‍ഗ്ഗം സുഗമമാക്കി. ഭരണകൂടത്തെ തകര്‍ക്കാനുള്ള ആയുധക്കൈമാറ്റം വരെ നടക്കുന്നുണ്ടോ എന്നു പൊലീസ് സംശയിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുളിലൂടെ ആ ബന്ധങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ നടത്തി. തങ്ങളുടെ പ്രതിനിധി അടിയന്തരാവസ്ഥയില്‍ ജയിലിലായത് കനേഡിയന്‍ പാര്‍ട്ടിയെ ആശങ്കയിലാക്കി. കേരളത്തിലെ പ്രസ്ഥാനവുമായുള്ള അവരുടെ ബന്ധം ക്രമേണ നിലച്ചു. അതൊരു ചരിത്രമായി മാറി.
കനേഡിയന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിനു കണ്ണികളായിരുന്നത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കെ. രമേശനും ആലപ്പുഴ സ്വദേശി വി. മോഹന്‍ കുമാറും ആയിരുന്നു. രണ്ടുപേരും തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍നിന്നു ബിരുദമെടുത്തവരാണ്. സത്യത്തില്‍ അവര്‍ പരസ്പരം അറിയാതെയാണ് ഇതില്‍ കണ്ണികളായത്. പാര്‍ട്ടിയുടെ സഹയാത്രികര്‍ എന്ന നിലയില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. കനേഡിയന്‍ ബന്ധം ആരോപിച്ചും അടിയന്തരാവസ്ഥക്കാലത്ത് രണ്ടുപേരും ജയിലിലായി. മിസാ തടവുകാരായി അവരെ പാര്‍പ്പിച്ചു. ഭീകരമായ മര്‍ദ്ദനത്തിനു അവര്‍ വിധേയരായി. അമേരിക്കന്‍ സര്‍വ്വകലാശാലയില്‍നിന്നു പാര്‍ട്ടി പ്രവര്‍ത്തനത്തിനെത്തിയ മോഹന്‍ കുമാര്‍ പിന്നീട് തിരിച്ചുപോയില്ല. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി കേരളത്തില്‍ തുടര്‍ന്നു. രമേശന്‍ കുറച്ചുകാലം കഴിഞ്ഞു പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കി വിദേശത്തേയ്ക്കു പോയി. ഒരു ചരിത്രസന്ദര്‍ഭത്തിനു അവര്‍ പങ്കാളികളായി.
രമേശനും മോഹന്‍ കുമാറും മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം തിരുവനന്തപുരത്തു സംഗമിച്ചു. രമേശന്‍ വിദേശത്തുനിന്നു മടങ്ങിവന്നിരുന്നു. മോഹന്‍ കുമാര്‍ അധ്യാപനത്തില്‍നിന്നു ഏതാണ്ട് ഒഴിവായി. രണ്ടുപേരും പഴയകാലത്തെക്കുറിച്ചും നിരവധി രാഷ്ട്രീയ സന്ദര്‍ഭങ്ങളെക്കുറിച്ചും ഓര്‍ത്തെടുത്തു. പഴയകാലം അവര്‍ക്കു ഗൃഹാതുരത്വമല്ല, അനുഭവങ്ങളുടെ തീക്ഷ്ണതയാണ്. മോഹന്‍ കുമാറും കെ. രമേശനും ആദ്യമായാണ് ഒരു മാധ്യമത്തിനുവേണ്ടി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്.


അപക്വ സമീപനം
പാര്‍ട്ടിയെ തകര്‍ത്തു

വി. മോഹന്‍ കുമാറിനു രാഷ്ട്രീയ പശ്ചാത്തലമൊന്നുമുണ്ടായിരുന്നില്ല. ആലപ്പുഴയിലെ ഒരു ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ കേരളത്തിലെ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജുകളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. കെ.എസ്.വി. ഷേണായി. അദ്ദേഹത്തിനു കണക്കിലും ധനതത്വശാസ്ത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദം. തികഞ്ഞ അക്കാഡെമിഷന്‍. പ്രൊഫ. ഷേണായി പഠിപ്പിച്ചിരുന്ന തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ത്തന്നെയാണ് മോഹന്‍ കുമാറും പഠിച്ചത്. പഠനമായിരുന്നു മുഖ്യലക്ഷ്യം. ബിരുദാനന്തര പഠനത്തിനു തെരഞ്ഞെടുത്തത് അമേരിക്കയിലെ മിച്ചിഗണ്‍ സര്‍വ്വകലാശാലയാണ്. ആ സര്‍വ്വകലാശാലയിലെ ജീവിതമാണ് മോഹന്‍ കുമാറിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

വി മോഹന്‍കുമാര്‍ 
വി മോഹന്‍കുമാര്‍ 


മിഷിഗണ്‍ സര്‍വ്വകലാശാലയിലെ വ്യത്യസ്ത രാജ്യക്കാരായ വിദ്യാര്‍ത്ഥികളുമായുള്ള സഹവാസത്തില്‍നിന്നാണ് വിപ്‌ളവപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മോഹന്‍ കുമാറിനു ലഭിക്കുന്നത്. ആശയപരമായ പങ്കിടല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനപഥത്തിലേക്കു എത്തിച്ചു. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന വിപ്‌ളവപ്രസ്ഥാനങ്ങളെക്കുറിച്ച് അമേരിക്കയില്‍നിന്നാണ് മനസ്സിലാക്കിയത്. ഒടുവില്‍ കേരളത്തിലേയ്ക്കു വണ്ടികയറുന്നത് ഇവിടത്തെ വിപ്‌ളവപ്രസ്ഥാനങ്ങളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. കേരളത്തിലെ ജീവിതം വലിയ അനുഭവങ്ങളാണ് നല്‍കിയത്. അടിയന്തരാവസ്ഥയില്‍ ഭീകരമര്‍ദ്ദനങ്ങള്‍ക്കു വിധേയനായി. പിന്നീട് ദുരിതങ്ങളുടെ നടുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. നിരവധി പ്രതിസന്ധികളിലൂടെയാണ് ജീവിതം കടന്നുപോയത്.


പ്രസ്ഥാനത്തോട് എപ്പോഴും കൂറും പ്രതിബദ്ധതയും പുലര്‍ത്തി. കെ. വേണുവിന്റെ രാഷ്ട്രീയ ലൈനോടാണ് ആഭിമുഖ്യം ഉണ്ടായിരുന്നത്. ചില ആക്ഷനുകളില്‍ സഹകരിച്ചു. കേരളത്തിനു പുറത്ത് കര്‍ണാടകത്തിലും ഡല്‍ഹിയിലും പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. നിരവധി പ്‌ളീനങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തു. വിവാഹം പോലും പാര്‍ട്ടിലൈനില്‍ത്തന്നെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തിനത്തിനുവേണ്ടി വിവാഹം പോലും മാറ്റിവച്ചിരുന്നു. സഖാക്കള്‍ വിവാഹം കഴിക്കരുത് എന്ന നിലപാടു പിന്നീട് മാറി. 37-ാമത്തെ വയസ്‌സിലാണ് വിവാഹം ആലോചിച്ചു തുടങ്ങിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കുടുംബത്തില്‍നിന്നുതന്നെ വിവാഹം കഴിക്കണമെന്നു തീരുമാനിച്ചു. കൊടുങ്ങല്ലൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മകള്‍, വേട്ടുവ സമുദായത്തില്‍പ്പെട്ട ഭാരതിയെയാണ് വിവാഹം ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നടുവില്‍ വച്ചു ലളിതമായി വിവാഹം കഴിച്ചു. ഗൗഡ സാരസ്വത ബ്രാഹ്മണരായ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. ജാതി അവര്‍ക്കു ഒരു പ്രശ്‌നമായില്ല.
പാര്‍ട്ടി പിരിച്ചുവിട്ടശേഷം അധ്യാപനത്തിലേയ്ക്കു മോഹന്‍ കുമാര്‍ തിരിഞ്ഞു. മണിപ്പാലിലെ ടി.എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായി. ഐ.ടി. എന്‍ജിനീയറിംഗായിരുന്നു പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ വിരമിച്ചു. മംഗലാപുരത്താണ് താമസം. തന്റെ പൂര്‍വ്വകാല ജീവിതത്തെ വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടാറില്ല. ആദ്യമായാണ് ഒരു മാധ്യമവുമായി മോഹന്‍ കുമാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്.

*********

നക്‌സലൈറ്റ് പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എപ്പോഴാണ്?

തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സമയത്ത്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് അറിയാം. നക്‌സലൈറ്റ് പ്രസ്ഥാനത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എപ്പോഴാണ്?
തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിനാണ് പഠിച്ചത്. ബിരുദ പഠനത്തിനുശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്കു പോയി. അതുവരെ എനിക്കു രാഷ്ട്രീയമായ ബന്ധങ്ങളൊന്നും ഇല്ല. അമേരിക്കയില്‍ എത്തിയതോടെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധങ്ങള്‍ ഉണ്ടായി തുടങ്ങുന്നത്. മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലാണ് എം.എഡിനു ചേര്‍ന്നത്. അവിടെ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളാണ് വന്നിരുന്നത്. ഇതു അറുപതുകളുടെ അവസാന കാലമാണ്. രാജ്യത്തെമ്പാടുമുണ്ടാകുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ച് അപ്പോള്‍ മനസ്‌സിലാക്കിത്തുടങ്ങി. ഇന്ത്യക്കാരുടെ ഇടയിലെ പ്രസ്ഥാനങ്ങളെക്കുറിച്ചും അതോടെ ശരിയായി അറിയാന്‍ തുടങ്ങി. ഹിന്ദുസ്ഥാനി ഗദ്ദര്‍ പാര്‍ട്ടി അവിടെ ഉണ്ടായിരുന്നു. അമേരിക്കയിലും കാനഡയിലുമൊക്കെ കമ്യൂണിസ്റ്റ് സംഘടനകള്‍ ഉണ്ടായിരുന്നു. ഹിന്ദുസ്ഥാനി ഗദ്ദര്‍ പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കാനഡ, അമേരിക്കന്‍ വര്‍ക്കേഴ്‌സ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായി. അത്തരം സന്ദര്‍ഭങ്ങളിലൂടെയാണ് ഞാന്‍ നക്‌സല്‍ബാരിയെക്കുറിച്ചു അടുത്തറിയുന്നത്. കാനഡയില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടാണ് ഞാന്‍ കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുക്കുന്നത്. അതോടെ ഞാന്‍ ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്ത്യയല്‍നിന്നു ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അവരില്‍നിന്നു ഞാന്‍ ഇന്ത്യയിലെ വിപ്‌ളവപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ അറിഞ്ഞിരുന്നു.
കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവു തന്നെ ഇന്ത്യാക്കാരനായിരുന്നു. ഹര്‍ദയാല്‍ ബയിന്‍സ്. അദ്ദേഹമാണ് ഈ പാര്‍ട്ടിയുടെ സ്ഥാപകന്‍. ഒരു ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ആ സമയത്ത് കേരളത്തിലിറങ്ങിയ കോമ്രേഡ് എനിക്കു കിട്ടി. നിങ്ങളുടെ നാട്ടിലും വലിയ വിപ്‌ളവപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നു പാര്‍ട്ടി നേതൃത്വം എന്നോടു പറഞ്ഞു. മാസ്‌ലൈന്‍ ഇറങ്ങുന്നതിനെക്കുറിച്ചൊക്കെ സംസാരിച്ചു. അതോടെ കേരളത്തിലെ കാര്യങ്ങള്‍ മനസ്‌സിലാക്കാനുള്ള വലിയ താല്പര്യങ്ങള്‍ ഉണ്ടായി.
ഞാന്‍ അമേരിക്കയില്‍ പോകുമ്പോള്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. പഠനം മാത്രം അവിടെ മതി. അതിനുശേഷം തിരിച്ചു കേരളത്തിലേയ്ക്കു വരണമെന്ന് ആഗ്രഹിച്ചിരുന്നു. അപ്പോള്‍ കേരളത്തിലേയ്ക്കു വരാനുള്ള ആലോചന തുടങ്ങി. ഇവിടെ വന്നു കേരളത്തിലെ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുണ്ടായി. അപ്പോള്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ കേരളത്തിലേക്ക്  മടങ്ങി.

കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ എന്തു ചുമതലയാണ് നല്‍കിയത്?


മാസ്‌ലൈന്‍ ഇറക്കാനായി കേരളത്തിലെ പാര്‍ട്ടിയെ സഹായിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. കേരളത്തിലെ പാര്‍ട്ടിയെ സഹായിക്കാനായി കനേഡിയന്‍ പാര്‍ട്ടിയുടെ ഒരു പ്രതിനിധി എന്നതായിരുന്നു എന്റെ ചുമതല. മാസ്‌ലൈന്‍ ഇറക്കുന്നതിനുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് കെ.എന്‍. രാമചന്ദ്രന്‍, രമേശന്‍ തുടങ്ങിയവര്‍ പാര്‍ട്ടിയുമായി നേരത്തെ തന്നെ സംസാരിച്ചിരുന്നു എന്നാണ് എന്റെ അറിവ്. എന്തായാലും മാസ്‌ലൈനെ സഹായിക്കാനാണ് ഞാന്‍ വന്നത്.

കേരളത്തില്‍ വന്നിട്ട് ആദ്യമായി ആരെയാണ് ബന്ധപ്പെട്ടത്?


എനിക്ക് അവിടെനിന്നു ലഭിച്ചത് പത്തനംതിട്ടയിലെ കെ. രമേശന്റെ വിലാസമാണ്. കൊച്ചിയില്‍നിന്നു ഞാന്‍ നേരെ വന്നത് പത്തനംതിട്ടയ്ക്കാണ്. അവിടെ വന്ന് ഒരു മുറിയെടുത്തു. പിന്നീട് രമേശനെ കണ്ടുപിടിച്ചു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരിവരും. വലിയ പെട്ടിയുമൊക്കെയായാണ് ഞാന്‍ അവിടെ എത്തുന്നത്. രമേശന്‍ എന്നു കേട്ടപ്പോള്‍ത്തന്നെ, എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ച ആളാണോ എന്നു സംശയം ഉണ്ടായിരുന്നു.

ഇവിടെ വന്ന് കേരളത്തിലെ പാര്‍ട്ടി സംഘടനയുമായി ബന്ധപ്പെട്ടോ?
ഇല്ല. ഞാന്‍ വന്നത് കനേഡിയന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണല്ലോ. ഇവിടെ സംഘടന എന്താണെന്ന് എനിക്കറിയില്ല. കനേഡിയന്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ മാത്രമേ എനിക്കു ചെയ്യാനുള്ളൂ. അവര്‍ മാസ്‌ലൈനുവേണ്ടി ലേഖനങ്ങള്‍ അയച്ചുതരും. അതു കൈമാറണം. സാമ്പത്തിക സഹായങ്ങള്‍ എത്തിക്കും. അതു കൊടുക്കണം. അങ്ങനെ പാര്‍ട്ടിയെ സഹായിക്കുക എന്ന ചുമതല മാത്രമേ എനിക്കുള്ളൂ.

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കറിയാമായിരുന്നോ താങ്കള്‍ ഇവിടെ എത്തിയിരുന്നത്?
മൊത്തം പാര്‍ട്ടി സംഘടനയ്ക്കു അറിയില്ലായിരുന്നു. ചുമതലപ്പെട്ട ചിലര്‍ക്കു മാത്രം അറിയാം. കെ.എന്‍. രാമചന്ദ്രനും രമേശനും മാത്രം അറിയാമായിരുന്നു. രഹസ്യമായാണല്ലോ ഞാന്‍ വന്നതും ഇവിടെ താമസിക്കുന്നതും. പരസ്യ പ്രവര്‍ത്തനം ഇല്ലല്ലോ.

കെല്‍ട്രോണില്‍ ജോലിക്കായി എങ്ങനെയാണ് എത്തിച്ചേരുന്നത്?
എന്റെ വ്യക്തിപരമായ തീരുമാനം പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ്. പക്ഷേ, അതു മറയ്ക്കാനായി ഒരു ജോലി സ്വീകരിക്കണമെന്നു തീരുമാനിച്ചു. ജോലിയില്‍ പ്രവേശിച്ചശേഷം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാമെന്നു കരുതി. ഞാന്‍ അങ്ങനെ കെല്‍ട്രോണില്‍ ജോലി തേടിപ്പോയി. അവര്‍ക്ക് എന്റെ പാര്‍ട്ടി ബന്ധങ്ങളൊന്നും മനസ്സിലായില്ല. മിച്ചിഗണ്‍ സര്‍വ്വകലാശാലയില്‍നിന്നു വന്ന ഒരു എന്‍ജിനീയര്‍ എന്ന നിലയ്ക്കു മാത്രമേ അവര്‍ എന്നെ കണ്ടുള്ളൂ. കെ.പി.പി. നമ്പ്യാര്‍ക്കൊക്കെ അച്ഛനെ അറിയാമല്ലോ. എന്‍ജിനീയറിംഗ് കോളേജിലെ പ്രൊഫസറുടെ മകനാണെന്ന പരിഗണന കിട്ടി. ഞാന്‍ അമേരിക്കയില്‍ പോയ ശേഷം വീടുമായുള്ള ബന്ധം വിച്‌ഛേദിച്ചിരുന്നു. പ്രസ്ഥാനത്തില്‍ സജീവമായതോടെയാണ് അങ്ങനെ സംഭവിച്ചത്. ഞാന്‍ ഫോണ്‍ ചെയ്യുകയോ കത്തെഴുതുകയോ ചെയ്തില്ല. ഞാന്‍ എവിടെയാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. എന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് വീട്ടിലേയ്ക്കു പോകുന്നത്. അപ്പോള്‍ അച്ഛന്‍ പാലക്കാട് എന്‍ജിനീയറിംഗ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. ഞാന്‍ ഒരു സന്ധ്യയ്ക്കു വീട്ടില്‍ എത്തിയപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു. ഞാന്‍ വിശദമായി ഒന്നും പറഞ്ഞില്ല. രഹസ്യം സൂക്ഷിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം.

കെല്‍ട്രോണില്‍ ചേര്‍ന്നശേഷമുള്ള പ്രവര്‍ത്തനം എങ്ങനെയാണ്?
നേരത്തെ പറഞ്ഞപോലെ എനിക്ക് രാമചന്ദ്രനേയും രമേശനേയും മാത്രമേ അറിയൂ. പാര്‍ട്ടി സംഘടനയുമായി അപ്പോഴും ഞാന്‍ ബന്ധപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ ആശയപ്രചരണത്തിനുള്ള അവസരങ്ങള്‍ ഞാന്‍ ഉപയോഗിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് താങ്കളെ അറസ്റ്റ് ചെയ്തത് എന്തുകൊണ്ടാണ്?
അടിയന്തരാവസ്ഥ വന്നപ്പോള്‍ പലരേയും അറസ്റ്റ് ചെയ്തല്ലോ, അക്കൂട്ടത്തില്‍ എന്നേയും പിടിച്ചു. എന്റെ കനേഡിയന്‍ ബന്ധം എങ്ങനെയോ അവര്‍ക്കു മനസ്സിലായി. ആരെയെങ്കിലും ചോദ്യം ചെയ്തപ്പോള്‍ എന്നെക്കുറിച്ചു പറഞ്ഞതാവാം എന്നു കരുതുന്നു. ഞാന്‍ രാത്രി സിനിമ കഴിഞ്ഞു ലോഡ്ജില്‍ എത്തിയപ്പോഴാണ് പൊലീസ് വന്നത്. പുത്തന്റോഡിലുള്ള മേഫെയര്‍ ലോഡ്ജിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഷണ്‍മുഖദാസും അലക്‌സാണ്ടറും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അതിനുശേഷം ശാസ്തമംഗലത്ത് പണിക്കേഴ്‌സ് ലെയിനില്‍ കൊണ്ടുപോയി. നല്ല മര്‍ദ്ദനമാണ് ലഭിച്ചത്.

എന്തായിരുന്നു അവര്‍ക്കു അറിയേണ്ടിയിരുന്നത്?


കനേഡിയന്‍ ബന്ധം തന്നെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടോ, ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആക്ഷന്‍ പ്‌ളാന്‍ ചെയ്യുന്നുണ്ടോ എന്നൊക്കെയാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കേരളത്തിലെ പാര്‍ട്ടിക്ക് എത്ര പണം കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു. പ്രധാനമായും ആയുധങ്ങള്‍ എത്തുന്നുണ്ടോ എന്നതായിരുന്നു സംശയം. കെ.എന്‍. രാമചന്ദ്രന്‍, രമേശന്‍, നടേശന്‍ തുടങ്ങിയവരൊക്കെ അവിടെയുണ്ട്. കുറച്ചു കഴിഞ്ഞാണ് കെ. വേണു വരുന്നത്. വേണു വന്നതോടെ ചോദ്യം ചെയ്യല്‍ നിന്നു. എല്ലാവരും അകത്തായല്ലോ. അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞു. കാനഡയുമായി ബന്ധപ്പെട്ടിരുന്ന രമേശ് എന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അയാളെ കിട്ടാന്‍ വേണ്ടിയാണ് എന്നെ കുറേക്കാലം അവിടെ ഇട്ടിരുന്നത്.

അടിയന്തരാവസ്ഥയ്ക്കു ശേഷം ജയിലില്‍നിന്നു പുറത്തുവന്നു കഴിഞ്ഞുള്ള പാര്‍ട്ടി പ്രവര്‍ത്തനം എന്തായിരുന്നു?


ഞാന്‍ കെല്‍ട്രോണില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അവിടെ എനിക്കു വലിയ സ്വീകരണമാണ് ലഭിച്ചത്. പക്ഷേ, ഞാന്‍ പൂര്‍ണ്ണസമയ പാര്‍ട്ടി പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇതോടെയാണ് ഞാന്‍ കേരളത്തിലെ പാര്‍ട്ടിയിലേയ്ക്കു വരുന്നത്. എന്റെ തീരുമാനം ഞാന്‍ കെ.എന്‍. രാമചന്ദ്രനേയും കെ. വേണുവിനേയും അറിയിച്ചു. തിരുവനന്തപുരം ജില്ലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. അവിടെയായിരുന്നു എനിക്കു ചുമതല.

കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം വീണ്ടും തുടര്‍ന്നോ?


ഇതിനിടയില്‍ രമേശ് കാനഡയില്‍നിന്ന് ഇവിടെ വന്നിരുന്നു. ചില രേഖകളൊക്കെ കൈമാറി. അടിയന്തരാവസ്ഥയ്ക്കു ശേഷം കാനഡയുമായുള്ള ബന്ധം മുറിഞ്ഞു. ഞങ്ങളെ അറസ്റ്റ് ചെയ്തത് അവര്‍ അറിഞ്ഞു. എന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അവര്‍ക്കു മനസ്സിലായെന്നു തോന്നി. പിന്നീട് ആ ബന്ധം തുടര്‍ന്നില്ല.

പാര്‍ട്ടിയോടുള്ള ബന്ധം വിടുന്നതെപ്പോഴാണ്?


ഞാന്‍ കേരളത്തില്‍ മാത്രമല്ല പ്രവര്‍ത്തിച്ചത്. കര്‍ണാടകത്തില്‍ കുറേക്കാലം ഉണ്ടായിരുന്നു. എനിക്കു കുറച്ചു കന്നട അറിയാമായിരുന്നു. അവിടെ ഞങ്ങള്‍ ചില പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി. അന്നു കെ.എന്‍. രാമചന്ദ്രനായിരുന്നു പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടിയെ മറ്റു സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് മാസ്‌ലൈന്‍ പബ്‌ളിക്കേഷനുമായി ബന്ധപ്പെട്ടു ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. വാര്‍ഷിക സമ്മേളനങ്ങള്‍, പ്‌ളീനങ്ങള്‍ എന്നിവയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ നിരവധി തലങ്ങളിലുള്ള ആശയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഞാന്‍ വേണുവിന്റെ നിലപാടിനെയാണ് അംഗീകരിച്ചത്. വേണു പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നു അന്നു തോന്നിയിരുന്നു. 1991-ല്‍ വേണു (RCPI -ML) പിരിച്ചുവിട്ടു. അതിനെ ഞാന്‍ അനുകൂലിച്ചുകൊണ്ടു പാര്‍ട്ടിയില്‍നിന്നു പുറത്തുപോന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അതോടെ അവസാനിച്ചു.

പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനങ്ങളിലൊക്കെ പങ്കെടുത്തല്ലോ. മതിയഴകന്റെ മരണം ഇപ്പോഴും ദുരൂഹമാണ്. താങ്കള്‍ക്ക് അതിനെക്കുറിച്ചു എന്തറിയാം?


മതിയഴകന്റെ മരണത്തെക്കുറിച്ചു നേരിട്ടുള്ള അറിവുകള്‍ എനിക്കില്ല. എന്നാല്‍, ഞാന്‍ ആ പ്‌ളീനത്തില്‍ പങ്കെടുത്തിരുന്നു. മതിയഴകനെ ഞാന്‍ J.N.G ഗ്രൂപ്പിന്റെ ഭാഗമായി പരിചയപ്പെട്ടിരുന്നു. പിന്നീട് മതിയഴകനെ കാണുന്നില്ല എന്ന വാര്‍ത്ത ഞാന്‍ കേട്ടു. അപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. അവിടെ വച്ചു ടി.ജി. ജേക്കബാണ് എന്താണ് അവിടെ നടന്നതെന്നു അറിയാമോ എന്നു ചോദിച്ചത്. മതിയഴകന്‍ മരിച്ചു എന്നു മാത്രമേ പറഞ്ഞുള്ളൂ എങ്ങനെയാണ് മരിച്ചതെന്നു പറഞ്ഞില്ല. പാര്‍ട്ടിക്കുള്ളില്‍ മതിയഴകനു സംഭവിച്ചത് എന്താണെന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നില്ല. പി.ടി. തോമസുമായി നടത്തിയ വര്‍ത്തമാനത്തിലാണ് എനിക്കു കുറേക്കൂടി വ്യക്തത ലഭിക്കുന്നത്. സമ്മേളനത്തില്‍ അദ്ദേഹം വയലന്റായി ബഹളം വച്ചു. എന്തോ കണ്ടു ഭയന്നപോലെ നിലവിളിച്ചു. അപ്പോള്‍ അദ്ദേഹത്തെ നിശ്ശബ്ദനാക്കേണ്ടിവന്നു എന്നുമാത്രം പറഞ്ഞു. ആരൊക്കെ അതില്‍ പങ്കെടുത്തു എന്ന് എനിക്കു നേരിട്ടറിയില്ല. ഒരു കാര്യം മാത്രം അറിയാം. മതിയഴകന്‍ അബ്‌നോര്‍മലായി ബഹളം വച്ചിരുന്നു. രഹസ്യ സ്വഭാവത്തിലുള്ള സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനായി നടത്തിയ ശ്രമമായാണ് ഞാനതിനെ കാണുന്നത്. അത്തരമൊരു ചര്‍ച്ചയ്ക്കു ഇനി സാധ്യതയുണ്ടോ എന്നെനിക്കറിയില്ല. മതിയഴകന്റെ മരണത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. മതിയഴകന്‍ എന്ന സഖാവിനോടു കാണിച്ച സമീപനം ശരിയായില്ല എന്ന പി.ടി. തോമസിന്റെ പ്രതികരണത്തോടു ഞാന്‍ പൂര്‍ണ്ണമായി യോജിക്കുകയാണ്. ഞാന്‍ ഇക്കാര്യത്തെ ഇതുവരെയും ആരോടും ഒന്നും പറഞ്ഞിട്ടില്ല.

കേരളത്തിലെ പാര്‍ട്ടി തകര്‍ന്നു പോകാനുള്ള കാരണം എന്താണ്?


പാര്‍ട്ടിക്കു പല കാര്യങ്ങളെക്കുറിച്ചും അജ്ഞതയുണ്ടായിരുന്നു. ഇവിടുത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം എന്താണെന്നോ, സാമൂഹിക സ്ഥിതി എന്താണെന്നോ ശരിയായി മനസ്സിലാക്കിയില്ല. ഒരുപാട് തെറ്റായ ധാരണകളായിരുന്നു പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. അപക്വമായ സമീപനങ്ങളാണ് ഉണ്ടായിരുന്നത്, ആത്മാര്‍ത്ഥതകൊണ്ടു മാത്രം മുന്നോട്ടു പോകില്ലല്ലോ. രാഷ്ട്രീയമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ചു പാര്‍ട്ടിക്കു വ്യക്തത ഉണ്ടായിരുന്നില്ല. വിപ്‌ളവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളൊക്കെ യാഥാര്‍ത്ഥ്യവുമായി അകന്നതായിരുന്നു. ഇതൊക്കെ തിരിച്ചറിയാന്‍ കുറേ സമയമെടുത്തു. പ്രസ്ഥാനത്തിന്റെ തകര്‍ച്ച സ്വാഭാവികമായിരുന്നു. ഇന്നും പല സംഘടനകളായി നകസ്ല്‍ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ, പലതും തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നില്ല. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലത്തു വലിയ സ്വപ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചാരുമജുംദാര്‍ പറഞ്ഞു 1975 ആകുന്നതോടെ ഇന്ത്യ മുഴുവന്‍ വിമോചിക്കപ്പെടുമെന്ന്. അതൊക്കെ വെറും സ്വപ്നങ്ങളായിരുന്നു.

നേതാക്കള്‍ തമ്മിലുള്ള ഈഗോ പാര്‍ട്ടിയെ നാശത്തിലേയ്ക്കു നയിച്ചു എന്നു പറയാറുണ്ട്, ശരിയാണോ?


ഇത്തരം ചില കാര്യങ്ങളൊക്കെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. അതുമാത്രമാണ് തകര്‍ച്ചയിലേയ്ക്ക് എത്തിച്ചത് എന്നു പറഞ്ഞാല്‍ ശരിയല്ല. ഈഗോ ക്‌ളാഷാണ് നാശത്തിനു കാരണം എന്നത് അംഗീകരിക്കാനാവില്ല. തകര്‍ച്ചയിലേയ്ക്കു എത്തിയപ്പോഴേയ്ക്കു ഞാനാണ് ശരി എന്നു പലരും പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ അപക്വമായ സമീപനം എപ്പോഴും ഉണ്ടായിരുന്നു.

ആക്ഷനുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. ചിലതിലൊക്കെ പങ്കെടുത്തിരുന്നു. മുന്‍നിരയില്‍ നിന്നുകൊണ്ടല്ല. പലതരത്തിലൊക്കെയുള്ള സഹായങ്ങള്‍ ചെയ്തിരുന്നു. ഉന്മൂലന ആക്ഷനുകളിലല്ല. പാര്‍ട്ടിക്കുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയുള്ള ആക്ഷനില്‍ പങ്കെടുത്തിരുന്നു. ബാങ്ക് കൊള്ളയിലൊക്കെ പിന്നില്‍നിന്നു പ്രവര്‍ത്തിച്ചിരുന്നു.

ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ആക്ഷനുകള്‍ക്കു പ്രസക്തി ഉണ്ടായിരുന്നു എന്നു പറയാമോ?


ഓരോ ആക്ഷനും പരിശോധിക്കണം. ഉദാഹരണത്തിനു മഠത്തില്‍ മത്തായി വധം ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം. മറിച്ചു പാര്‍ട്ടിക്കു ഫണ്ട് സ്വരൂപിക്കാനായി ബാങ്ക് തകര്‍ക്കുക എന്നതൊക്കെ ശരിയായിരുന്നു എന്നു ഞാന്‍ പറയും.


കമ്യൂണിസ്റ്റ് വസന്തം
ഒരു മിഥ്യയോ?

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി, കെ. രമേശന്‍ എന്ന യുവാവ് പുസ്തകങ്ങള്‍ വായിച്ചാണ് നക്‌സലൈറ്റ് ആയത്. പാര്‍ട്ടിയോ പ്രസ്ഥാനമോ ഇല്ലാത്ത ഏകാകിയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളോടായിരുന്നു താല്പര്യം. എല്ലാ രാജ്യങ്ങളില്‍നിന്നും കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ അയച്ചു വരുത്തി. സൂക്ഷ്മമായി നിരീക്ഷിച്ചു. വ്യത്യസ്ത പാര്‍ട്ടി നേതൃത്വത്തിനു നിരന്തരം കത്തുകള്‍ എഴുതി. അതൊന്നും പാര്‍ട്ടിയോ പ്രസ്ഥാനമോ ആവശ്യപ്പെട്ടിട്ടായിരുന്നില്ല. ക്രമേണ കേരളത്തിലെ നക്‌സല്‍ നേതാക്കളുമായി അടുത്തു. നക്‌സല്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുന്നതിനുവേണ്ടി കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു സഹായം തേടി. ആ രാജ്യത്തെ പാര്‍ട്ടിയുടെ പ്രതിനിധി രമേശനെ തേടിയെത്തി. ഒടുവില്‍ അടിയന്തരാവസ്ഥ കനേഡിയന്‍ ബന്ധത്തിനു തിരശ്ശീലയിട്ടു.

കെ രമേശ് 
കെ രമേശ് 


അടിയന്തരാവസ്ഥക്കാലത്ത് കെ.എന്‍. രാമചന്ദ്രനും കെ. വേണുവിനുമൊപ്പം ജയിലിലായി. ഭീകരമര്‍ദ്ദനത്തിനു വിധേയനായി. ജയിലിലില്‍നിന്നു പുറത്തുവന്നശേഷം അല്‍ബേനിയന്‍ പാര്‍ട്ടിയുടെ ക്ഷണം ലഭിച്ചു. ആ രാജ്യത്തു പര്യടനം നടത്തി തിരിച്ചുവന്നതു നിരാശനായിട്ടായിരുന്നു. എകാധിപത്യത്തിന്റെ ക്രൂരതകളാണ് അല്‍ബേനിയയില്‍ അദ്ദേഹം കണ്ടത്. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി യു.എ.ഇയിലേയ്ക്കു പോയി. കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ കെ. രമേശനും അടയാളപ്പെടുത്തപ്പെട്ടു. ആ കാലഘട്ടം ഓര്‍ത്തെടുക്കുന്നു.

********

രാഷ്ട്രീയ ആശയങ്ങളിലേക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും താല്പര്യം ഉണ്ടാകുന്നത് എങ്ങനെയാണ്?


ഞാന്‍ രാഷ്ട്രീയാവബോധം നേടുന്നതു വായനയിലൂടെയാണ്. എന്റെ വീട്ടിലായിരുന്നു ഞങ്ങളുടെ നാട്ടിലെ ലൈബ്രറി. മികച്ച പുസ്തകങ്ങള്‍ മാത്രമേ അവിടെ വാങ്ങിയിരുന്നുള്ളൂ. അതെല്ലാം വായിക്കും. എന്റെ കുടുംബത്തിനും ചില ഇടതുപക്ഷ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. പി.ടി. പുന്നൂസൊക്കെ വീട്ടില്‍ വന്നിട്ടുണ്ട്. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണെന്നും എനിക്കു രാഷ്ട്രീയം ഉണ്ടായിരുന്നില്ല.

തിരുവനന്തപുരത്ത് എന്‍ജിനീയറിംഗിനു പഠിക്കുമ്പോഴാണോ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്?


എന്‍ജിനീയറിംഗിനു പഠിക്കുമ്പോഴും ഞാന്‍ വായന തുടര്‍ന്നിരുന്നു. ലോകത്തു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു സംഭവിക്കുന്നതെന്തെന്നു മനസ്സിലാക്കിയിരുന്നു. എന്റെ കോളേജില്‍ ഡേവിഡ് എന്നൊരു വിദ്യാര്‍ത്ഥി പഠിച്ചിരുന്നു. അദ്ദേഹത്തിനു കെ.പി.ആര്‍. ഗോപാലനുമായി ബന്ധം ഉണ്ടായിരുന്നു. ഞാന്‍ പുസ്തകങ്ങള്‍ വായിച്ച് ചൈനീസ് പക്ഷത്തേയ്ക്കു വന്നു. ഒരിക്കല്‍ കിഴക്കേകോട്ടയില്‍ എ.കെ.ജി. പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ പോയി. അവിടെ വച്ചു ഞാന്‍ ചിലരെ പരിചയപ്പെട്ടു. ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ദിലീപിനെ (നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ സഹോദരന്‍) ഞാന്‍ അവിടെ വച്ചു കണ്ടു. അതുപോലെ രവികുമാര്‍ (കവിയും പത്രപ്രവര്‍ത്തകനും) ഉണ്ടായിരുന്നു. അവര്‍ ചില ലഘുലേഖകളും പുസ്തകങ്ങളും അവിടെ വിതരണം ചെയ്യുന്നുണ്ടായിരുന്നു. അതെല്ലാം മാവോയുടെ പ്രസംഗങ്ങളും ലേഖനങ്ങളുമായിരുന്നു. ഇവരെല്ലാം തന്നെ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ വരുന്നവരാണ്, ഞാനും അവിടെ പോകുമായിരുന്നു. ഇവരുടെ കൂടെ താണുപിള്ള, എബ്രഹാം തുടങ്ങിയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. പി. രവികുമാറും എബ്രഹാമും മലയാളം ബിരുദത്തിനു പഠിക്കുകയാണ്. ഈ സുഹൃത്തുക്കള്‍ വഴിയാണ് പ്രസ്ഥാനത്തേയും ആശയങ്ങളേയും കുറിച്ചു കൂടുതല്‍ അറിയുന്നത്. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇറങ്ങിയ ഉടന്‍ തന്നെ എത്തും. താരിക്ക് അലിയുടെ 'ന്യൂ റവലൂഷന്‍' എന്ന പുസ്തകം അവിടെ വന്നു. ലോകത്തെ വിപ്‌ളവകാരികളുടെ ജീവചരിത്രങ്ങളാണ് അതിലുള്ളത്. അതു വായിച്ചു ഞാന്‍ ആവേശഭരിതനായി. താരിക്ക് അലി അപ്പോള്‍ ഫോര്‍ത്ത് ഇന്റര്‍നാഷണലിന്റെ നേതാവാണ്. ഞങ്ങള്‍ അദ്ദേഹത്തിനു കത്തെഴുതി. ബ്രിട്ടനില്‍നിന്നും ഞങ്ങള്‍ക്ക് താരിക്ക് അലി പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും അയച്ചുതന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ താരിക്ക് അലി ഇന്ത്യയില്‍ വന്നിരുന്നു. പക്ഷേ, ഞങ്ങളെ അറിയിച്ചില്ല. അതില്‍ പ്രതിഷേധിച്ചു ഞാന്‍ അദ്ദേഹത്തിനു കത്തെഴുതി. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതോടെ അടുപ്പം കൂടി.
ഇതിനിടയിലാണ് ഞാന്‍ സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെടുന്നത്. ബോസാണ് സ്ട്രീറ്റ് എന്ന രാഷ്ട്രീയവാരിക നടത്തിയിരുന്നത്. എസ്.എഫിന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു. കെ.പി.ആറിന്റെ ആളായിരുന്നു. പ്രമുഖ കവി തിരുനല്ലൂര്‍ കരുണാകരന്റെ അളിയനാണ് അദ്ദേഹം. അപ്പോള്‍ ഞാന്‍ ചാരുമജുംദാര്‍ ലൈനാണ്. എന്നാലും വലിയ വ്യക്തിബന്ധം ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായ ലിബറേഷന്‍ എനിക്കു ലഭിച്ചിരുന്നു. എന്നാല്‍, രഹസ്യമായി ഇറങ്ങിയ ലിബറേഷന്‍ എനിക്കു കിട്ടിയില്ല. അന്നു നക്‌സല്‍ നേതാവായിരുന്ന കോസല രാമദാസ് നന്തന്‍കോട് താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ ആ കോപ്പി ഉണ്ടാകുമെന്നു ഞാന്‍ മനസ്‌സിലാക്കി. ഞാന്‍ ആ കോപ്പി ആവശ്യപ്പെട്ടു. ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ എന്നെ ഒരാളുടെ അടുത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അത് അമ്പാടി ശങ്കരന്‍കുട്ടി മേനോനായിരുന്നു.
അദ്ദേഹം സംസാരിച്ചത് ഇംഗ്‌ളീഷിലായിരുന്നു. എനിക്കു അതിഷ്ടപ്പെട്ടില്ല. ഒരു മലയാളി എന്തിനാണ് ഇംഗ്‌ളീഷില്‍ സംസാരിക്കുന്നത്. അത് സി. അച്യുതമേനോന്‍ കൊട്ടാരക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സന്ദര്‍ഭമാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കാനാണ് മേനോന്‍ വന്നിരിക്കുന്നത്. അദ്ദേഹം എനിക്ക് ലിബറേഷന്റെ രഹസ്യ കോപ്പി തന്നു. ഞാന്‍ അതുമായി കെ.പി.ആര്‍. ഗോപാലന്റെ അടുത്തേയ്ക്കാണ് പോയത്. കെ.പി.ആര്‍. അന്നു എം.എല്‍.എ ആണ്. അമ്പാടിയോട് അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇവരൊക്കെയാണ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നതെന്നു കെ.പി.ആര്‍. പറഞ്ഞു.

കെ വേണു
കെ വേണു

കെ. വേണുവിനെ കാണുന്നത് എപ്പോഴാണ്?


ബര്‍ട്രന്റ് റസ്സല്‍ മരിച്ചപ്പോള്‍ വി.ജെ.ടി ഹാളില്‍ വച്ച് ഒരു അനുസ്മരണ സമ്മേളനം നടന്നു. ഇ.എം.എസ്, എന്‍.വി. കൃഷ്ണവാര്യര്‍, കെ. വേണു എന്നിവരാണ് പ്രസംഗിച്ചത്. കെ. വേണുവിനാണ് ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത്. ഞാനും എബ്രഹാമും കൂടി കെ. വേണുവിനെ കാണാന്‍ പോയി. അവിടെ നിന്നാണ് വേണുവുമായുള്ള ബന്ധം ആരംഭിക്കുന്നത്. വേണു 'പ്രപഞ്ചവും മനുഷ്യനും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു കത്തിനില്‍ക്കുന്ന കാലമാണ്. ഞാന്‍ അമ്പാടിയെക്കുറിച്ചുള്ള കെ.പി.ആറിന്റെ അഭിപ്രായം വേണുവിനോടു പറഞ്ഞു. പക്ഷേ, വേണു അത് അംഗീകരിച്ചില്ല. ഒടുവില്‍ അമ്പാടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. വേണു അപ്പോള്‍ ഇങ്ക്വിലാബ് മാസിക നടത്തുന്ന സന്ദര്‍ഭം കൂടിയാണ്.

നഗരൂര്‍-കുമ്മിള്‍ സംഭവം നടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടിരുന്നോ?


ഇല്ല. അതിന്റെ മുഴുവന്‍ സൂത്രധാരന്‍ വെള്ളത്തൂവല്‍ സ്റ്റീഫനാണ്. കെ. വേണു പാര്‍ട്ടി സെക്രട്ടറിയാകാതിരിക്കാന്‍ വേണ്ടി ചെയ്തതാണത്. വേണു അറിയാതെയാണ് അതു ചെയ്തത്. സ്റ്റീഫനു പാര്‍ട്ടി സെക്രട്ടറിയാവണമായിരുന്നു. അതിനു കണ്ടെത്തിയ വഴിയാണ് നഗരൂര്‍-കുമ്മിള്‍ സംഭവം.

കെഎന്‍ രാമചന്ദ്രന്‍ 
കെഎന്‍ രാമചന്ദ്രന്‍ 

കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത് എങ്ങനെയാണ്?


1969-ല്‍ ഇലക്ഷന്‍ സമയത്ത് പെരിന്തല്‍മണ്ണയില്‍ വന്നു താമസിച്ച് കേരളത്തിലെ കുടുംബബന്ധങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയ ഒരാളുണ്ട്. കാതറിന്‍ ഹഗ് എന്നാണ് അവരുടെ പേര്. അവര്‍ക്കു മലയാളമൊക്കെ അറിയാം. കെ. ബാലകൃഷ്ണന്‍ അവരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കു കാതറിന്റെ ഒരു കത്തുവന്നു. കാനഡയില്‍നിന്നു താരിക്ക് അലിയാണ് അവര്‍ക്ക് എന്റെ വിലാസം കൊടുത്തത്. കത്തില്‍ നിങ്ങള്‍ നക്‌സലൈറ്റ് ആണെന്ന് അറിയാമെന്ന് എഴുതിയിരുന്നു. കത്തിനോടൊപ്പം 50 ഡോളറുമുണ്ടായിരുന്നു. അവര്‍ക്കു നക്‌സലൈറ്റ് പ്രസിദ്ധീകരണങ്ങള്‍ വേണമായിരുന്നു. ഞാന്‍ കത്തും ഡോളറുമായി സുഭാഷ് ചന്ദ്രബോസിനെ പോയി കണ്ടു. ബോസ് ഈ പണം നമുക്കു വേണ്ടെന്നു പറഞ്ഞു. ഞാന്‍ 50 ഡോളര്‍ തിരിച്ചയച്ചു കൊടുത്തു. അതിനോടൊപ്പം ഇവിടെ ഇറങ്ങുന്ന മാസികകളും അയച്ചുകൊടുത്തു. മൂന്നാം ലോക രാജ്യത്തുനിന്നു പണം തിരിച്ചയ്ക്കുക എന്നതു വലിയ സംഭവമാണ്. അതോടെ ലോകത്തിറങ്ങുന്ന എല്ലാ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളും ഞങ്ങള്‍ക്ക് അവര്‍ അയച്ചുതരാന്‍ തുടങ്ങി.
ഈ സമയമാവുമ്പോഴേയ്ക്കും ഞാന്‍ നാട്ടിലേയ്ക്കു തിരിച്ചുപോയി. അവിടെ ഞാന്‍ കുറേ സുഹൃത്തുക്കളെ ചേര്‍ത്തു മാര്‍ക്‌സിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് ഉണ്ടാക്കി. ഈ കാലത്താണ് ഫിലിപ്പ് എം. പ്രസാദ് എന്നെ തേടിവരുന്നത്. ഞാന്‍ ഇതിനിടയിലൂടെ ലോകത്തുള്ള എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമം നടത്തി. അന്നു കമ്യൂണിക്കേഷന്‍ സിസ്റ്റമൊന്നും ഇത്ര വികസിക്കാത്ത കാലമാണെന്നോര്‍ക്കണം. കത്തുകള്‍ക്കു മറുപടി വരാന്‍ മാസങ്ങളെടുക്കും. വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയിലൂടെയാണ് വിദേശ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിച്ചത്.
കനേഡിയന്‍ പാര്‍ട്ടിയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തി. ഹര്‍ദയാല്‍ ബയിന്‍സാണ് കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പഞ്ചാബ് ഹൈക്കോടതിയിലെ ജഡ്ജാണ്. ചെയര്‍മാനു കത്തെഴുതി. കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു ഒരു പ്രസിദ്ധീകരണം നടത്താന്‍ ഞങ്ങള്‍ ആലോചിച്ചു. അവര്‍ അതിനു സമ്മതിച്ചു. അതിന്റെ ചെലവ് കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിക്കുമെന്ന് ഏറ്റു. പകുതി ലേഖനങ്ങള്‍ അവര്‍ തരും. ബാക്കി ഞങ്ങള്‍ സംഘടിപ്പിക്കണം. അങ്ങനെ മാസിക തുടങ്ങി -മാസ്‌ലൈന്‍. രണ്ടാംലക്കത്തില്‍ ഡോ. മാല്‍ക്കോം കാഡ്‌വെല്ലിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ചില വരികളെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായി. പെട്ടെന്നു സാമ്പത്തിക സഹായം നിലച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാനഡയില്‍നിന്ന് ഒരാളെ അയയ്ക്കാമെന്ന് അവര്‍ അറിയിച്ചു.

പ്രസിദ്ധീകരണം പിന്നീട് തുടങ്ങിയത് എപ്പോഴാണ്?


ഒരു ദിവസം കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രതിനിധി എന്നെ തേടി പത്തനംതിട്ടയിലെ എന്റെ വീട്ടില്‍ എത്തി. കാനഡയില്‍നിന്നും വിമാനം ഇറങ്ങി നേരെ വീട്ടിലേയ്ക്കാണ് വന്നത്. മോഹന്‍ കുമാര്‍ എന്നു പരിചയപ്പെടുത്തി. തിരിച്ചുപോയ ശേഷമാണ് തിരിച്ചറിഞ്ഞത് എന്നെ തേടിവന്നത് എന്‍ജിനീയറിംഗ് കോളേജില്‍ എന്നോടൊപ്പം പഠിച്ച മോഹന്‍ കുമാറാണ് അതെന്ന്. പിന്നീട് ഞങ്ങള്‍ നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. പത്രപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാമെന്ന് കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഞങ്ങളെ അറിയിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്തിരുന്നല്ലോ! എന്തായിരുന്നു കാരണം?


പൊലീസിന് ഇക്കാര്യങ്ങളൊക്കെ അറിയാമായിരുന്നു എന്നു തോന്നുന്നു. കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തെത്തുടര്‍ന്നാണ് എന്നെ അറസ്റ്റ് ചെയ്തത്. വീടു വളഞ്ഞാണ് പൊലീസ് പിടിച്ചത്. എന്റെ അച്ഛന്റെ അനിയന്റെ മകന്‍ സുരേഷിനേയും അറസ്റ്റ് ചെയ്തിരുന്നു. ഞങ്ങളെ ശാസ്തമംഗലത്ത് പണിക്കേഴ്‌സിലേയ്ക്ക് കൊണ്ടുവന്നത്. പിടിച്ചപ്പോ മുതല്‍ അതിക്രൂരമായ മര്‍ദ്ദനമാണ് കിട്ടിയത്. ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ ഉരുട്ടലും കിട്ടി. ടി.എന്‍. ജോയി എന്നെ കാണാന്‍ വന്നത് പൊലീസ് മനസ്സിലാക്കിയിരുന്നു. വിദേശത്തുനിന്നു പണം വരുന്നതിനെക്കുറിച്ചു പൊലീസ് നിരീക്ഷിച്ചിരുന്നു. അന്നു ക്യാമ്പില്‍ വര്‍ക്കല വിജയന്‍ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് മര്‍ദ്ദനത്തില്‍ അദ്ദേഹം മരിക്കുന്നത്. വര്‍ക്കല വിജയന്റെ ശവം കിടത്തിയിടത്താണ് പിന്നെ എന്നെ കിടത്തിയത്. ജോയിയേയും മോഹന്‍ കുമാറിനേയും നടേശനേയും ക്യാമ്പില്‍ പൂട്ടിയിട്ടിരുന്നു. ഇതിനിടയിലൂടെ വേണുവും എത്തി. വേണു എത്തിക്കഴിഞ്ഞ് അധികം മര്‍ദ്ദനമൊന്നും ഉണ്ടായില്ല. എന്നേയും അവരോടൊപ്പം ചങ്ങലക്കിട്ടു. 227-ാമത്തെ ദിവസമാണ് മിസ തടവുകാരായി എന്നേയും മോഹന്‍ കുമാറിനേയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയച്ചത്. പൂജപ്പുരയില്‍ അപ്പോള്‍ ഫിലിപ്പ് എം. പ്രസാദ് ഉണ്ടായിരുന്നു. ഫിലിപ്പ് അപ്പോള്‍ത്തന്നെ ആത്മീയതയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ ഞങ്ങളെ പുറത്തുവിട്ടു.
വീണ്ടും കേരള സര്‍ക്കാരിന്റെ മിസ അനുസരിച്ചും ഞങ്ങളെ ജയിലിലടച്ചു. എ.കെ. ആന്റണി സര്‍ക്കാര്‍ വന്ന ശേഷമാണ് എന്നേയും മോഹന്‍ കുമാറിനേയും വിട്ടയച്ചത്.

താങ്കളെ അറസ്റ്റ് ചെയ്തതിന്റെ കാരണം എന്താണ്?


കനേഡിയന്‍ സാമ്പത്തിക സഹായത്തെക്കുറിച്ചു കുടുതല്‍ അറിയാനാണ് പിടിച്ചത്. അവരുടെ പ്രതിനിധികളെ കണ്ടുപിടിക്കുക, സാമ്പത്തിക സഹായത്തിന്റെ രേഖകള്‍ പിടിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിട്ടതെന്നു തോന്നുന്നു.

പാര്‍ട്ടി സംഘടനാ സംവിധാനത്തിനകത്തു താങ്കള്‍ പ്രവര്‍ത്തിച്ചിരുന്നോ?


ഇല്ല. എനിക്ക് കെ.എന്‍. രാമചന്ദ്രനേയും കെ. വേണുവിനേയും മാത്രമേ അറിയൂ. ടി.എന്‍. ജോയിയെ ഒരിക്കലേ കണ്ടിട്ടുള്ളൂ. എന്റെ പ്രവര്‍ത്തനമെന്നു പറയുന്നതു വിദേശ രാജ്യങ്ങളിലെ പാര്‍ട്ടിയുമായുള്ള ബന്ധപ്പെടലായിരുന്നല്ലോ. കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഞാനില്ല.

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നു?


വേണുവുമായി ഞാന്‍ കൂടുതല്‍ അടുത്തു. വിദേശത്തുനിന്നു പണം സ്വരൂപിക്കാനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ഈ സമയത്താണ് അല്‍ബേനിയ സന്ദര്‍ശിക്കാനുള്ള ക്ഷണം ലഭിച്ചത്. അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ക്ഷണം തന്നത്. വിസ കിട്ടാനും മറ്റും ബുദ്ധിമുട്ടായിരുന്നു. 1979-ല്‍ ഞാന്‍ യു.എ.ഇയിലേയ്ക്കു പോയി. രണ്ടുപേര്‍ക്കുള്ള ക്ഷണം ഉണ്ടായിരുന്നു.
സുഭാഷ് ചന്ദ്രബോസിനെക്കൂടി കൊണ്ടുപോകാമെന്നു തീരുമാനിച്ചിരുന്നു. ഈ സമയത്താണ് ഒരു അപകടത്തിലൂടെ അദ്ദേഹം മരിക്കുന്നത്. ഞാന്‍ ഒറ്റയ്ക്കു പോകാന്‍ തീരുമാനിച്ചു.

അല്‍ബേനിയയിലേയ്ക്കു ക്ഷണിക്കാന്‍ കാരണം എന്താണ്?


ഒരു കമ്യൂണിസ്റ്റ് രാജ്യം കാണാനുള്ള ക്ഷണമായിരുന്നു അത്. അവിടെ എത്തിയതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകരുകയായിരുന്നു. സോഷ്യലിസ്റ്റ് വസന്തം കാണാനായാണ് പോയത്. പക്ഷേ, ഞാന്‍ കണ്ടത് ഏകാധിപത്യത്തിന്റെ വാഴ്ചയാണ്. ഓരോ പൗരനേയും ഭരണകൂടം നിരീക്ഷിച്ചിരുന്നു. അല്‍ബേനിയയുടെ തെരുവുകളില്‍ യാചകരെപ്പോലെ നടക്കുന്നവരേയാണ് ഞാന്‍ കണ്ടത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിരുന്നു അവര്‍ ധരിച്ചിരുന്നത്. പട്ടിണിയുടെ ഭീകരരൂപം ഞാന്‍ കണ്ടു. അടിച്ചമര്‍ത്തലും അസ്വാതന്ത്ര്യവും അനുഭവപ്പെട്ടു. എന്‍വര്‍ ഹോജയെ കാണാനായില്ല. അവിടുത്തെ ഗ്രന്ഥശാലകളില്‍ എന്‍വര്‍ ഹോജയുടേയും സ്റ്റാലിന്റേയും പുസ്തകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു പുസ്തകവും ഞാന്‍ അവിടെ കണ്ടില്ല. ഇസ്മയേല്‍ കാദരിയ എന്ന പ്രശസ്ത എഴുത്തുകാരനെ ഞാന്‍ അവിടെ കണ്ടു. 'ജനറല്‍ ഓഫ് ദ ഡെഡ് ആര്‍മി' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനാവകാശം ഞാന്‍ വാങ്ങിച്ചു. കെ.വി. തമ്പിമാഷ് അതു വിവര്‍ത്തനം ചെയ്തു. ഞാന്‍ നിരാശനായാണ് മടങ്ങിപ്പോന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com