കലാകാരി എന്ന വിശ്വപൗര

പോര്‍ച്ചുഗീസുകാര്‍ ഗോവ വിട്ടുപോയ കാലത്തെ ഓര്‍മ്മകള്‍ പേറുന്ന സാവിയോ വൈഗാസ് ആദ്യം ഒരു ഇന്ത്യക്കാരിയായി; പിന്നെ കലയിലൂടെയും സാഹിത്യത്തിലൂടെയും വിശ്വപൗരത്വം നേടി
സാവിയോ വൈഗാസ്
സാവിയോ വൈഗാസ്

അസാധാരണമായ ഒരു സാഹചര്യത്തിലാണ് സാവിയോ വൈഗാസ് എഴുത്തുകാരിയും ചിത്രകാരിയും ആയി മാറിയത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു വേദനാപൂര്‍ണവും സംഘര്‍ഷഭരിതവുമായ വിശ്രമകാലത്തു   ശ്രദ്ധ  മാറ്റാനായി സാവിയോയ്ക്ക് ഭര്‍ത്താവ് ഒരു കമ്പ്യൂട്ടര്‍ നല്‍കുകയായിരുന്നു.  അതില്‍ 'ടെയില്‍ ഫ്രം ദി ആറ്റിക്' എന്ന നോവല്‍ എഴുതി സാവിയോ. പിന്നെ നാല്‍പ്പതാമത്തെ വയസ്സില്‍ ചിത്രം വരച്ചുതുടങ്ങി. ഗോവയിലെ കുടുംബ വീട്ടിലെ ഉമ്മറത്തു കിടന്ന ഒരു സിമന്റ് ബോര്‍ഡിലാണ് മനസ്സില്‍ വന്ന രൂപങ്ങള്‍ ആദ്യം പിറവിയെടുത്തത്. പിന്നീട് അതു കടലാസ്സില്‍ വരച്ചു. നിറങ്ങള്‍ കൊടുത്തു. ഇരുപതോളം ബുക്കുകള്‍ നിറയെ ചിത്രങ്ങള്‍. പിന്നെ അവ ചിത്രകഥകളായി മാറി. ''സ്വയം പരിശീലിച്ചും പഠിച്ചും ശൈലിയും ഭാഷയും ഉണ്ടായി'-എന്ന സാവിയോയുടെ ഒറ്റവാചകം തന്നെയാണ് ആ കലാജീവിതത്തിന്റെ ചുരുക്കെഴുത്ത്. 


കഴിഞ്ഞ ഗോവ ചലച്ചിത്രോല്‍സവത്തിനിടെ കലാമന്ദിറിലെ ഓരോ സിനിമാ കണ്ടിറങ്ങുമ്പോഴും ഒരു സ്ത്രീ ഒറ്റയ്ക്കു വരുന്നതു ശ്രദ്ധിച്ചിരുന്നു.  തിയേറ്ററിനു പുറത്തും അവര്‍ ഒറ്റയ്ക്കായിരുന്നു. പരിചയപ്പെട്ടു. അവര്‍ക്കുള്ള വിശേഷണങ്ങളെ ഇങ്ങനെ എഴുതിവയ്ക്കാം: എഴുത്തുകാരി, ചിത്രകാരി, പത്രപ്രവര്‍ത്തക, കോളേജ് അധ്യാപിക, ഫുള്‍ബ്രൈറ്റ് ഫെല്ലോ, കേന്ദ്ര സാംസ്‌കാരിക  സ്‌കോളര്‍, ഇപ്പോള്‍ തെക്കന്‍ ഗോവയില്‍ കര്‍മോണയില്‍ താമസിക്കുന്നു. ഗോവയില്‍ സെയിന്റ് പ്‌ളസ് സ്‌കൂളില്‍ പഠിച്ചു മുംബൈയില്‍ ചേക്കേറി. എല്‍ഫിന്‍സ്ടണ്‍ കോളേജില്‍ പഠനം. ടൈംസ് ഓഫ് ഇന്ത്യയില്‍ പരിശീലനവിഭാഗത്തിലും ഗവേഷണത്തിലും തുടര്‍ന്ന് എസ്.എന്‍.ഡി.ടി, സെയിന്റ് സേവിയേഴ്‌സ് എന്നിവിടങ്ങളില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രൊഫസര്‍.


പോര്‍ച്ചുഗീസുകാര്‍ ഗോവ വിട്ടുപോയ കാലത്തു പിറന്ന അവര്‍ക്കു ആ വേര്‍പാടിന്റെ അനേകം ഓര്‍മ്മകള്‍ പറയാനുണ്ടായിരുന്നു. Tales from the Attic, In the Hour of Eclipse എന്നീ നോവലുകളില്‍ ആധുനിക കാലത്തു ഗോവന്‍ സമൂഹം നേരിടുന്ന സാമൂഹിക സാംസ്‌കാരിക സങ്കീര്‍ണതകള്‍ പ്രതിപാദിക്കുന്നു.  Let Me Tell About Quinta, Eddi &Biddi, Abha Nama എന്നിവയാണ് മറ്റു കൃതികള്‍. ആദ്യകാലങ്ങളില്‍ അവര്‍ തന്റെ കൃതികള്‍ റെയില്‍വേ സ്‌റ്റേഷന്‍, ബീച്ചുകള്‍, ഉദ്യാനങ്ങള്‍ എന്നിവിടങ്ങളില്‍ കൊണ്ടുനടന്നു വിറ്റിരുന്നു. പുസ്തകം വായിക്കാനിടയായ അമിതാഭ് ഘോഷ്  ഒരു കൃതി പെന്‍ഗ്വിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചു. അതു വഴിത്തിരിവായി. സാവിയാ വൈഗാസുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്: 

വൈകാരികമായി ഏതു നാട്ടുകാരിയാണ്?
 എനിക്കൊരു ഇന്ത്യന്‍ ആകണം, ഇന്ത്യയെ കണ്ടെത്തണം, സംസ്‌കൃതം പഠിക്കണം. അത്തരം ഒരു വ്യഗ്രതയില്‍ ഞാന്‍ കുറേ സഞ്ചരിച്ചു. ഇന്‍ഡോളജി പഠിച്ചു. അതേസമയം ഇന്ത്യന്‍ വൈകാരികതയെ ചുറ്റിപ്പറ്റിയുള്ള വൈകാരികത എന്നില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഞാന്‍ ഗോവന്‍/പോര്‍ച്ചുഗീസ് ആയിരുന്നു. അപ്പോഴും ഇന്ത്യന്‍ ആവാനുള്ള ശ്രമത്തില്‍ ഞാന്‍ സാരി ഉടുക്കുമായിരുന്നു. ബോംബെയില്‍ ഞാന്‍ വളരെ എളുപ്പത്തില്‍ ഇഴുകിച്ചേര്‍ന്നു. ബോംബെ എല്‍ഫിന്‍സ്റ്റണ്‍ കോളേജിലെ ആളുകളുമായി വളരെ പെട്ടെന്ന് ചേര്‍ന്നു. ഞാന്‍ ഒരു ഇന്ത്യക്കാരി ആയിമാറി. പക്ഷേ, തിരിച്ചു ഗോവയിലേക്കു വന്നപ്പോള്‍ ഞാന്‍ ആ ബിംബങ്ങളെയെല്ലാം പുനരുജ്ജീവിപ്പിച്ചു. അവ എന്റെ ആദ്യ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയമായി. മുക്കിക്കളഞ്ഞ ആ ഓര്‍മ്മകള്‍, രൂപമില്ലാതാക്കിക്കളഞ്ഞ ആ ബിംബങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ എനിക്ക് യാഥാര്‍ത്ഥ്യമായി അനുഭവപ്പെടാന്‍ തുടങ്ങി, ഞാനതിന്മേല്‍ പണിയെടുക്കാന്‍ ആരംഭിച്ചു. എന്റെയുള്ളിലെ സര്‍ഗ്ഗവാസനയുടെ സ്രോതസ്സ് അനാവരണം ചെയ്യപ്പെടാന്‍ തുടങ്ങിയത് ആ സമയം മുതലാണ്. അതെന്റെയുള്ളില്‍ത്തന്നെ എവിടെയോ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

ഗോവയെ എങ്ങനെ കാണുന്നു? 
ഗോവ എന്നത് അടുക്കുകളായുള്ള സമൂഹമാണ്. ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാണെങ്കിലും അതിനു തനതായ ഒരു സഞ്ചാരപഥവും സംസ്‌കാരവും ഉണ്ടായിരുന്നു. ഗോവയുടെ വിമോചനത്തിന്റെ സമയത്തു ഞാന്‍ വളരെ ചെറുതായിരുന്നു. വളര്‍ന്നുവരുമ്പോള്‍ ഒരിന്ത്യക്കാരിയാണ് ഞാന്‍ എന്ന സൂക്ഷ്മബോധം വളര്‍ത്തിയെടുത്തു. പോര്‍ച്ചുഗീസ് സംസ്‌കാരത്തിന്റെ ഭാഗമായി എന്റെ അബോധത്തിലുണ്ടായിരുന്ന എല്ലാ ബിംബങ്ങളെയും ഞാന്‍ മാറ്റിക്കളയാന്‍ ശ്രമിച്ചു.

കലാകാരി എന്ന നിലയിലുള്ള പരിണാമം?
അടിസ്ഥാനപരമായി എല്ലാവരും കലാകാരന്മാരാണ്. നമ്മില്‍ ഒളിഞ്ഞിരിക്കുന്ന ആ കലാകാരന്റെ വളര്‍ച്ചയ്ക്കുള്ള സാദ്ധ്യത മനസ്സിലുള്ള ചിത്രങ്ങള്‍ പ്രകാശിപ്പിക്കാനും അവയ്ക്കു മൂര്‍ച്ച/തെളിമ കൂട്ടാനും അതിനെ പരിപോഷിപ്പിക്കാനും മറ്റും സഹായിക്കുന്ന ഉത്തേജനം കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കും. എന്റെ ചെറുപ്പകാലത്തു വീട്ടില്‍വച്ചു സാധാരണ രീതിയില്‍ വരയ്ക്കുമായിരുന്നെങ്കിലും ഒരിക്കലും ഒരു ചിത്രകാരിയായി എന്നെ കണക്കാക്കിയിരുന്നില്ല. പിന്നീട് എന്റെ അച്ഛന്‍ ഈ വീട് മേടിച്ചപ്പോള്‍ കുറച്ചു അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയിരുന്നു, ആ സമയത്തു ഇവിടെനിന്നു കിട്ടിയ ഒരു കാര്‍ഡ്‌ബോര്‍ഡ് ഞാന്‍ മുംബൈയിലേക്കു കൊണ്ടുപോയി. അതിനോടെനിക്കൊരു വൈകാരിക അടുപ്പമുണ്ട്. അതിലാണ് ഞാന്‍ ആദ്യമായി ചിത്രം വരച്ചത്. ഒരു ചിത്രകഥ എഴുതാന്‍ ഞാനെത്ര സമയമെടുത്തോ അത്രയും തന്നെ വരയ്ക്കാനുമെടുത്തു. മൂന്നു തലമുറകള്‍ ചിത്രീകരിക്കപ്പെട്ട, ഒരുപാട് അടുക്കുകള്‍/അടരുകള്‍ അടങ്ങിയ ഒരു ചിത്രമായിരുന്നു അത്. ഗോവയെപ്പറ്റിയുള്ള ആ ചിത്രം പല ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. കുറച്ചു സമയം അത് പൊടിപിടിച്ചു ബോംബെയിലെ എന്റെ ഫ്‌ളാറ്റിന്റെ മൂലയ്ക്കു കിടന്നു. എപ്പോഴൊക്കെ എനിക്കു തോന്നിയോ അപ്പോഴൊക്കെ ഞാന്‍ അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി. 

ചിത്രവും നോവലുകളും തമ്മിലുള്ള അടുപ്പം?
2001-ല്‍ തുടങ്ങിയ ആ ചിത്രം ഏകദേശം തീര്‍ന്നത് 2006-ല്‍ ആണ്. എന്റെ ആദ്യത്തെ രണ്ടു നോവലുകളുടെയും രൂപരേഖ ആ ചിത്രത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ അടിസ്ഥാന ഘടനയില്‍ മൂന്നു സ്ത്രീ കഥാപാത്രങ്ങളും അവരുടെ വീടുകളുമുണ്ട്. എന്റെ നോവലുകള്‍ പഠിച്ചിട്ടുള്ള എഴുത്തുകാരും ഗവേഷണ വിദ്യാര്‍ത്ഥികളും മിക്കപ്പോഴും  എന്റെ രണ്ടാമത്തെ നോവലിലെ (Let Me Tell You About Quinta) പ്രധാന കഥാപാത്രമായി വ്യാഖ്യാനിക്കാറുള്ളത് ഒരു വീടിനെയാണ്. അതു ശരിയുമാണ്. എന്റെ നോവലുകളിലെ കഥാപാത്രങ്ങള്‍ വന്നും പോയും ഇരിക്കുന്നവരാണ്, ഒരു പ്രത്യേക യാഥാര്‍ത്ഥ്യത്തെ കേന്ദ്രസ്ഥാനത്തുവച്ചു ഞാന്‍ നോവല്‍ എഴുതാറില്ല. ഒരു നായകനോ നായികയോ ഉണ്ടാകാറില്ല. പല തലമുറകളായി കുറേ ശക്തമായ കഥാപാത്രങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു, വീട് എല്ലാത്തിനും സാക്ഷിയായി നിലനില്‍ക്കുന്നു. ഈയൊരു പ്രതിപാദ്യത്തിലാണ് നോവല്‍ സ്ഥിതിചെയ്യുന്നത്. അപ്പോള്‍ എന്റെ എഴുത്ത് ആ ചിത്രത്തിന്റെ ഒരു ചെറിയ പതിപ്പാണ്. ആ ചിത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടാന്‍ തുടങ്ങി. പിന്നീട് ഞാന്‍ ഒരു സ്‌കൂള്‍ തുടങ്ങി. അന്ന് ഈ കുട്ടികള്‍ക്കു വായിക്കാന്‍ നല്ല പുസ്തകങ്ങളില്ലാ എന്നു തോന്നി. അങ്ങനെ അവര്‍ക്കുവേണ്ടിയുള്ള പുസ്തകങ്ങളുടെ ചിത്രീകരണങ്ങളുടെ രൂപരേഖ ചെയ്യാനാരംഭിച്ചു. ആ ചിത്രങ്ങള്‍ പുസ്തകരൂപത്തിലായി. പിന്നീട് സമയം വളരെ പെട്ടെന്ന് കടന്നുപോയി. 2009-ല്‍ എന്റെ ആദ്യത്തെ ചിത്രപ്രദര്‍ശനം നടന്നു.

പത്രപ്രവര്‍ത്തക എന്ന നിലയിലുള്ള ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
എന്റെ തൊഴില്‍ ജീവിതം സെയിന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ഒരു വര്‍ഷത്തെ അധ്യാപന ജീവിതത്തിലൂടെയാണ് ആരംഭിച്ചത്. പിന്നീട് ഞാനൊരമ്മയാവുകയും ഒരു ഇടവേള എടുക്കുകയും ചെയ്തു-1981-ല്‍. 1981 മുതല്‍ 84 വരെ ഞാന്‍ ടൈംസില്‍ പ്രവര്‍ത്തിച്ചു. 84-ല്‍ എനിക്ക് രണ്ടാമത്തെ ആണ്‍കുഞ്ഞുണ്ടായി. അപ്പോള്‍ ഞാന്‍ വീണ്ടും അവധിയെടുക്കുകയും ആ സമയം ഞങ്ങളുടെ സര്‍വ്വകലാശാലയുടെ വനിതാ ഗവേഷക കേന്ദ്രത്തില്‍ മൈത്രേയി കൃഷ്ണരാജ്, ഡോ. നീരാ ദേശായി എന്നിവരുടെ കൂടെ ഗവേഷകയായി. പിന്നീട് സെന്റ് സേവിയേഴ്‌സ് കോളേജിനു കീഴില്‍ വരുന്ന ആസ്തായ്ക്കുവേണ്ടി ഗവേഷകയായി. കുട്ടികളുമായി ചേര്‍ന്നു ചലച്ചിത്രങ്ങളും നാടകങ്ങളും മറ്റും നിര്‍മ്മിക്കാന്‍ അനുവദിക്കുന്ന ഒരു വ്യത്യസ്തമായ സ്‌കൂള്‍ ആയിരുന്നു അത്. അതിനുശേഷം ഒരു അന്താരാഷ്ട്ര കോളേജില്‍ അധ്യാപികയായി. അതിനുശേഷം ഒരു വര്‍ഷം അമേരിക്കയില്‍.

കുടുംബജീവിതവും സര്‍ഗ്ഗജീവിതവും എങ്ങനെ പൊരുത്തപ്പെട്ടു?
എന്റെ കുടുംബം എന്നോടൊപ്പം നിന്നു. ഞാന്‍ ആ ജോലിവിട്ട് തിരിച്ചിവിടെ വന്ന് ഒന്നില്‍നിന്നു തുടങ്ങി. അപ്പോള്‍ കുറച്ചു ജീവിതങ്ങള്‍ എന്റെ മുന്‍പിലുണ്ടായിരുന്നു, ഓരോ ജീവിതത്തിനും പുതിയ കല്‍പ്പനകളുണ്ടായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, ഇപ്പോള്‍ ആരെങ്കിലും എന്നോട് ഒരു സംഗീതജ്ഞയാകൂ എന്ന് ആവശ്യപ്പെട്ടാല്‍ ഞാന്‍ അതു ചെയ്യും. ഞാന്‍ പാടാന്‍ തുടങ്ങും.  വല്യ സംഗീതജ്ഞയാകില്ലായിരിക്കാം, പക്ഷേ, ഞാനതില്‍ വൈദഗ്ദ്ധ്യം നേടും. എനിക്കു വീണ്ടും എല്ലാം ഒന്നില്‍നിന്നും തുടങ്ങാനുള്ള അതിയായ പോസിറ്റീവ് ഊര്‍ജ്ജമുണ്ടെന്നു സ്വയം വിശ്വസിക്കുന്നു.

 അപ്പോള്‍ അതാണോ കോളേജിലെ ജോലി ഉപേക്ഷിച്ചു സര്‍ഗ്ഗപ്രവര്‍ത്തനത്തിലേക്കു തിരിയാനുള്ള ഉത്തേജനമായത്?
എന്റെ ഭര്‍ത്താവ് പറയുന്ന ഒരു കാര്യമുണ്ട്, അത് ശരിയാണെന്ന് എനിക്കു തോന്നുന്നു: മുള്ളുകള്‍ വെട്ടിമാറ്റി വഴി വെട്ടിയൊരുക്കാന്‍ ഇടയാക്കിയത് അവരാണ്. കോളേജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ 2018-ല്‍ വിരമിച്ചേനെ. ഒന്നും ചെയ്യാത്ത, മഹത്വമില്ലാത്ത ഒരു കോളേജ് അധ്യാപികയായി. എല്ലാം മറ്റൊന്നിലേക്കുള്ള വാതിലാണ്. എന്റെ ഭര്‍ത്താവ് പറയുന്നത് ഞാനൊരു ഉറപ്പുള്ള സ്ത്രീയാണെന്നാണ്. എനിക്കു തോന്നുന്നത് ഞാന്‍ അങ്ങനെയാണെന്നാണ്.

എന്താണ് നിങ്ങളെ ഒരു പോരാളിയാക്കിയത്?
ജീവിതസാഹചര്യങ്ങള്‍, പാരമ്പര്യം, എന്നെ വളര്‍ത്തിയ രീതി. എങ്ങനെ ജീവിതത്തെ നേരിടുന്നു എന്നത്. എനിക്കൊരിക്കലും ഒരു ഡിപേ്‌ളാമാറ്റ് ആകാന്‍ പറ്റില്ല, ഒരിക്കലും ആകണമെന്നുമില്ല. എന്റെ ബന്ധങ്ങളില്‍ ഞാന്‍ അങ്ങേയറ്റം കൂറ് പുലര്‍ത്തുന്നയാളാണ്. ഞാന്‍ അസംബന്ധം സഹിക്കാറില്ല.

 നിങ്ങളുടെ നോവലുകളിലെ കഥാപാത്രങ്ങളോ? അതിലെ സ്ത്രീ കഥാപാത്രങ്ങള്‍?
ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള അതേ കഥാപാത്രങ്ങളെ മറ്റൊരാള്‍ കാണുകയാണെങ്കില്‍, അയാള്‍ ഒരു  രചയിതാവും കൂടി ആണെങ്കില്‍, ആ കഥാപാത്രങ്ങളെ ചിത്രീകരിക്കുക മറ്റൊരു രീതിയിലായിരിക്കും. ഞാന്‍ അവരെ വ്യക്തികളായി എങ്ങനെ കാണുന്നു എന്നനുസരിച്ചായിരിക്കും എന്റെ കഥാപാത്രങ്ങള്‍ അവരവരുടെ സഞ്ചാരപഥങ്ങള്‍ സ്വീകരിക്കുന്നത്. എന്റെ ആ വീക്ഷണകോണിനെ രൂപപ്പെടുത്തുന്നത് എന്റെ സ്വഭാവവും വ്യക്തിത്വവുമായിരിക്കും. സാഹിത്യം ഒന്നുമില്ലായ്മയില്‍നിന്നും വരുന്നതല്ല, അത് ജീവിതഗന്ധിയാണ്. നിങ്ങള്‍ എങ്ങനെ ജീവിതം ശ്വസിക്കുന്നുവോ, അതുപോലെ ആയിരിക്കും നിങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ ഉയിര്‍ കൊടുക്കുന്നത്. എവിടെയൊക്കെയോ ഒരുപാട് ജീവചരിത്രപരമോ അഥവാ ആത്മകഥാപരമോ ആയ പ്രേരണ ഉണ്ടായേക്കാം. പക്ഷേ, ജീവിതത്തെപ്പറ്റിയുള്ള നിങ്ങളുടെ ഉള്‍ക്കാഴ്ചകളും ദര്‍ശനങ്ങളും നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതുമായിരിക്കും നിങ്ങളെഴുതുന്ന സാഹിത്യത്തിന്റെ ഇതിവൃത്തവും ഘടനയുമാകുന്നത്.

 സംസ്‌കാരങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍?
ഞാനെന്നെ ഒരു വിശ്വപൗരയായാണ് കാണുന്നത്, ഒരു ഇന്ത്യനോ ഗോവക്കാരിയോ ആയല്ല. ഞാന്‍ പരിചയപ്പെട്ട ഓരോ സംസ്‌കാരവും ഓരോ ജാലകങ്ങളാണ് എനിക്കു മുന്നില്‍ തുറന്നുതന്നത്. അവയിലൂടെ വന്ന കാറ്റ്  ഞാന്‍ താമസിക്കുന്ന മുറിയിലെ വായു സമ്പുഷ്ടമാക്കിയിട്ടേ ഉള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com