സബര്‍മതീതീരത്തെ മോഹിനിയരങ്ങ്

ഗുജറാത്തിലെ സബര്‍മതീ തീരത്ത് മോഹിനിയാട്ടത്തിന്റെ പ്രചാരകയായ മലയാളി നര്‍ത്തകിയെക്കുറിച്ച്
ഐശ്വര്യ വാര്യര്‍
ഐശ്വര്യ വാര്യര്‍

മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം കലാരൂപമാണെന്ന് അവകാശപ്പെടാമെങ്കിലും കേരളത്തിനകത്തുള്ളതിനേക്കാള്‍ പ്രചാരവും പ്രവര്‍ത്തനങ്ങളും പുറത്താണെന്നു പറയാം. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ പെണ്‍കുട്ടികള്‍ക്കു പഠനത്തോടൊപ്പം ചേര്‍ത്തുവച്ചു പറയാന്‍ ഒരു പാഠ്യപദ്ധതിയായോ സ്‌കൂള്‍ യുവജനോല്‍സവങ്ങളില്‍ ഗ്രേസ് മാര്‍ക്കിനു വേണ്ടിയോ മാത്രമായി നൃത്തപഠനം നടത്തുന്നവരാണ് നമ്മുടെ നാട്ടില്‍ അധികവും പേര്‍. സ്ഥിരമായ ഒരു ജോലി കിട്ടുകയോ വിവാഹം കഴിക്കുകയോ ചെയ്താല്‍ പിന്നെ നൃത്തത്തെയാണ് ആദ്യം വിസ്മരിക്കുക. 


കേരളത്തിനു പുറത്ത് മോഹിനിയാട്ടമെന്ന കലാരൂപത്തെ പ്രണയിച്ച കലാകാരിയാണ് ഐശ്വര്യ വാര്യര്‍. ഭാരതപ്പുഴയുടെ തീരത്ത് ഉല്‍ഭവിച്ചു പരന്നൊഴുകിയ ഈ കലയ്ക്ക് സബര്‍മതിയുടെ തീരത്തു പുതിയ ഒരു സാന്നിദ്ധ്യം സൃഷ്ടിക്കുകയാണവര്‍ ചെയ്യുന്നത്. മലയാളിയാണെങ്കിലും ഐശ്വര്യ ജനിച്ചതും വളര്‍ന്നതും എല്ലാം മുംബൈയില്‍ ആയിരുന്നു. പിന്നീട് വിവാഹശേഷം ഗുജറാത്തിലെ ബറോഡയിലേക്കു  പറിച്ചുനട്ടു. എവിടെ പോയപ്പോഴും തന്റെ ജീവനായ നൃത്തത്തെ ഐശ്വര്യ ഒപ്പം കൂട്ടി.


അഞ്ചാമത്തെ വയസ്സില്‍ അമ്മ   ശ്രീബാല മേനോനില്‍നിന്നായിരുന്നു നൃത്തപഠനം ആരംഭിച്ചത്. തുടര്‍ന്ന് ഡോ. സുലേതാ ബിഭേ ചാപ്ക്കര്‍,  ഉദ്യോഗമണ്ഡല്‍ വിക്രമന്‍, കലാമണ്ഡലം സരസ്വതി എന്നിവരില്‍നിന്ന് ഭരതനാട്യവും മോഹിയാട്ടവും അഭ്യസിച്ചു. രണ്ട് നൃത്തരൂപങ്ങളും സമാനമായി അഭ്യസിച്ചുവെങ്കിലും മലയാളത്തിന്റെ സ്വന്തം നൃത്തത്തെയാണ് ഐശ്വര്യ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് പിന്നീട് പദ്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരില്‍നിന്ന് ഉപദേശമുള്‍ക്കൊണ്ട് വ്യത്യസ്തങ്ങളായ ചിട്ടപ്പെടുത്തലുകള്‍ ഈ രംഗത്തു നടത്തിയതും.   


ബറോഡയാണ് ഐശ്വര്യയുടെ കര്‍മ്മഭൂമി എങ്കിലും കേരളവുമായുള്ള  പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ സൂക്ഷിക്കാനായിരുന്നു ഐശ്വര്യയുടെ തീരുമാനം. 
മോഹിനിയാട്ടമെന്ന കലാരൂപത്തിന്റെ സാങ്കേതികത്വം വിവിധ സാമൂഹ്യ അവസ്ഥകളുമായി കൂട്ടിയിണക്കിയാണ് ഐശ്വര്യ തന്റെ നൃത്താവിഷ്‌കാരങ്ങള്‍ തയ്യാറാക്കുന്നത്. ചിട്ടപ്പെടുത്തലുകള്‍ക്ക് അങ്ങനെ വേറിട്ടൊരു ദര്‍ശനം നല്‍കാനും ഇതുവഴി അവര്‍ക്കു കഴിഞ്ഞു. 
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒരുപോലെ പ്രാവീണ്യമുള്ളതുകൊണ്ട്  ഈ രണ്ട് കലാരൂപങ്ങളുടെയും സങ്കേതം ഉപയോഗപ്പെടുത്തിയാണ് തന്റെ ആദ്യസംരംഭമായ 'ഗോപാലകപാഹിമാം' എന്ന നൃത്ത നാടകം ഐശ്വര്യ അവതരിപ്പിച്ചത്. ശ്രീകൃഷ്ണന്‍ തന്റെ അഞ്ചു സ്ര്തീ സുഹൃത്തുക്കളുമായി നടത്തുന്ന വ്യത്യസ്തങ്ങളായ സംവാദങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. സമകാലിക മനുഷ്യന്റെ സാമൂഹ്യജീവിതവുമായി ഏറെ അടുത്തുനില്‍ക്കുന്നതായിരുന്നു ഈ കലാസംരംഭം. ഐശ്വര്യ രണ്ട് പതിറ്റാണ്ട് മുന്‍പാണ് ഇത് സംവിധാനം ചെയ്തത്. 


പിന്നീട് കാളിദാസന്റെ 'മേഘദൂത്' നൃത്തനാടകമായി അവതരിപ്പിച്ചു. ഇതില്‍ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും ഒപ്പം കളരിപ്പയറ്റും ഉചിതമായ രീതിയില്‍ ചേര്‍ത്തു. ഭാരതത്തിന്റെ സാമൂഹ്യജീവിതത്തിന്റെ പ്രധാന ബിംബങ്ങളായ കര്‍ഷകര്‍, കൃഷി, പുഴ തുടങ്ങിയവയെയും കാല്‍പ്പനിക സ്വഭാവമുള്ള മേഘങ്ങളേയും എല്ലാം ഈ കലാരൂപങ്ങളുടെ സാങ്കേതികത്വം ഉപയോഗിച്ചു ചിത്രീകരിക്കാന്‍ ശ്രമിച്ചു.


ഇവ രണ്ടും സ്വന്തമായി അവതരിപ്പിച്ചു കഴിഞ്ഞാണ് ഐശ്വര്യ കാവാലവുമായി അടുക്കുന്നത്. അദ്ദേഹം രചിച്ച 'ഊര്‍മ്മിള' എന്ന കവിതയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നീട് അതേ പേരിലുള്ള  പുതിയ ഒതു നൃത്താവിഷകാരം ചിട്ടപ്പെടുത്തിയത്. രാമായണത്തിലെ ഊര്‍മ്മിളയുടെ ഏകാന്ത ജീവിതം തന്നെയാണ് ഇവിടേയും പ്രമേയമായത്. അഷ്ടപദി അടിസ്ഥാനമാക്കിയുള്ള 'ഗീതാ ഗോവിന്ദം' കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തള'ത്തെക്കുറിച്ചു പറയുന്ന 'ശകുന്തള' ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്ത 'ശക്തി' എന്നിവയും ഐശ്വര്യയുടെ പ്രധാന ചിട്ടപ്പെടുത്തലുകളാണ്. 


ഗാംഗാനദിയുടെ ഇന്നത്തെ അവസ്ഥയും മലിനമാക്കപ്പെടുന്ന ഭൂമിയും പ്രധാന പ്രമേയമായി. ഐശ്വര്യ കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത 'മാതാ ഗംഗാ പ്രണാമ്യഹം' ഏറെ പ്രശംസിക്കപ്പെട്ട ഒന്നാണ്. ഒരു മോഹിനിയാട്ട കലാകാരി, ഒരു ആശയത്തെ, പ്രമേയത്തെ അടിസ്ഥാനമാക്കി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന സാധാരണരീതിയില്‍നിന്ന് ഏറെ വ്യത്യസ്തമായി പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള വൈവിധ്യവും അവ സാമൂഹ്യാന്തരീക്ഷവുമായി ഇണക്കിച്ചേര്‍ക്കുന്ന രീതിയും തന്നെയാണ് ഐശ്വര്യയുടെ കലയോടുള്ള സമീപനത്തില്‍ വേറിട്ടുനിര്‍ത്തുന്നത്. 

ഐശ്വര്യ വാര്യര്‍ അരങ്ങില്‍
ഐശ്വര്യ വാര്യര്‍ അരങ്ങില്‍

കലയുടെ സമൂഹനന്മ

ഈ ഉള്‍ക്കാഴ്ചകൊണ്ട് തന്നെയാണ് ബാലസാഹിത്യകാരനും ആട്ടക്കഥാകൃത്തുമായിരുന്ന 'മാലി'യുടെ (വി. മാധവന്‍ നായര്‍) 'നീലിമ' എന്ന പ്രസിദ്ധീകരിക്കപ്പെടാത്ത കവിതയുടെ ദൃശ്യാവിഷ്‌കരണത്തിലേക്ക് അവരെ നയിച്ചതും നീലിമ ഒരു കവിതയുടെ മോഹിനിയാട്ട രൂപത്തിലുള്ള ദൃശ്യവിഷ്‌കാരം മാത്രമല്ല, കവിതയില്‍ അടങ്ങിയ കാല്‍പ്പനികമായ ബിംബങ്ങളുടെ ചലച്ചിത്രരൂപത്തിലുള്ള അവതരണം കൂടിയാണ്. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നൃത്തസിനിമയുടെ രചനയും സംവിധാനവും ഐശ്വര്യ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. നീലമേഘങ്ങളും ആകാശവും സമുദ്രവും മയിലിന്റെ നൃത്തവും എല്ലാം ഇതില്‍ പ്രധാന പ്രമേയങ്ങളായി വരുന്നുണ്ട്. അവയെല്ലാം തനതായ രീതിയില്‍ ചിത്രീകരിക്കുന്നതിനോടൊപ്പം തന്നെ നൃത്തരൂപത്തില്‍ അവതരിപ്പിക്കാനും ഐശ്വര്യ വാര്യര്‍ ശ്രമിച്ചിട്ടുണ്ട്. പ്രസിദ്ധ ചലച്ചിത്ര ഛായാഗ്രാഹകനായ മുരളീകൃഷ്ണയാണ് നീലിമയുടെ സുന്ദരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഗീത സംവിധാനവും ആലാപനവും ശിവപ്രസാദ് ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി മോഹിനിയാട്ട മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഐശ്വര്യ നൃത്ത്യോദയ സ്‌കൂള്‍ ഓഫ് ക്‌ളാസ്സിക്കല്‍ ഡാന്‍സ് എന്ന പേരില്‍ ബറോഡയില്‍ ഒരു സ്ഥാപനവും നടത്തുന്നുണ്ട്. മലയാളികള്‍ അടക്കം ധാരാളം പേര്‍ ഇവിടെ നൃത്തപഠനത്തിനായി വരുന്നുണ്ട്. കേരള ഗവണ്‍മെന്റിന്റെ പ്രവാസി കലാകാരന്മാര്‍/കലാകാരികള്‍ക്കുള്ള 'കലാശ്രീ' പുരസ്‌കാരം ഭുവനേശ്വറില്‍നിന്നുള്ള 'ശശിമണി ദേവി പുരസ്‌കാര്‍' തുടങ്ങിയവയും ഈ നര്‍ത്തകിയെ തേടിയെത്തിയിട്ടുണ്ട്.


'സ്പിക്മാക്കേ'യുടെ അംഗീകൃത കലാകാരികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR), ദൂരദര്‍ശന്‍ എന്നിവയിലേയും എ ഗ്രേഡ് കലാകാരിയാണ്. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള പരിചയവും പക്വതയും ഐശ്വര്യ വാര്യരുടെ കലാസപര്യക്കു മാറ്റുകുട്ടുന്നു. കല കലാകാരനു വേണ്ടിയാണോ ആസ്വാദകനു വേണ്ടിയാണോ എന്ന ആത്യന്തികമായ ചോദ്യത്തിനപ്പുറം കല സമൂഹനന്മയ്ക്കുവേണ്ടിയാണെന്നുള്ള സന്ദേശമാണ് ഐശ്വര്യ വാര്യര്‍ എന്ന കലാകാരി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. തന്റെ ലളിതമായൊരു കലാപ്രവര്‍ത്തനം നാടിനും നാട്ടാര്‍ക്കും വേണ്ടിയുള്ളതായാണ് ഇവര്‍ ചിന്തിക്കുന്നത്. നൃത്തത്തിലുള്ള തന്റെ ഗവേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവര്‍ ഇപ്പോള്‍.


ഇന്നത്തെ സമകാലിക അന്തരീക്ഷത്തില്‍ പ്രകൃതിയോടും ജലവിഭവങ്ങളോടും മനുഷ്യര്‍ ചെയ്യുന്ന ക്രൂരതയും കുടുംബാന്തരീക്ഷത്തിന്റെ സമാധാന ശിഥിലതയും എല്ലാം ഒരു നര്‍ത്തകിയുടെ കലാഭാവനയില്‍ വിരിഞ്ഞുവരുന്നു.
പരമാവധി രംഗങ്ങളും സാധാരണ പ്രകാശവിന്യാസ രീതിയില്‍ത്തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. 


സൂര്യ, നിശാഗന്ധി, സ്വരലയ എന്നീ നൃത്തോല്‍സവങ്ങളില്‍ പല വര്‍ഷങ്ങളായി ഐശ്വര്യ വാര്യര്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മികച്ചൊരു സംഘാടക കൂടിയായ ഇവര്‍ സൂര്യയുടെ ഗുജറാത്ത് വിഭാഗത്തിന്റെ മേധാവിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com