കടലിനും തീപ്പേടിക്കും ഇടയില്‍ പുതുവൈപ്പ് പ്രദേശം

ഐ.ഒ.സി.എല്ലിന്റെ നിര്‍ദ്ദിഷ്ട എല്‍.പി.ജി. ടെര്‍മിനല്‍ നിര്‍മ്മാണം ഉപരോധിച്ചുകൊണ്ടു പുതുപൈപ്പില്‍ നാട്ടുകാര്‍ നടത്തുന്ന ഉപരോധ സമരം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരന്വേഷണം
കടലിനും തീപ്പേടിക്കും ഇടയില്‍ പുതുവൈപ്പ് പ്രദേശം

കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ ഭാഗമായ പുതുവൈപ്പ് എന്ന ചെറിയ ഒരു ഗ്രാമപ്രദേശം ഒരു പത്തെഴുപതു വര്‍ഷം മുന്‍പു ഭൂപടത്തിലില്ല. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടിയുണ്ടായ ഒരു വെള്ളപ്പൊക്കത്തിലാണ് കൊച്ചഴി എന്ന കൊച്ചി തുറമുഖവും വൈപ്പിനുമൊക്കെ ഉണ്ടായതെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. അന്നൊന്നും പുതുവൈപ്പ് എന്ന ഒരു ചെറിയ പ്രദേശം രൂപപ്പെട്ടിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി, അതായത് വൈപ്പിന്‍കരയുണ്ടായി ഏതാണ്ട് അറുനൂറ് വര്‍ഷം പിന്നിട്ടപ്പോള്‍, മുന്‍പേയുണ്ടായതുപോലെയുള്ള മറ്റൊരു ശക്തിയായ വര്‍ഷത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും കാലത്താണ് ഓച്ചന്തുരുത്തിനു പടിഞ്ഞാറ് ഒരു പുതിയ കര കടലില്‍ രൂപപ്പെടുന്നത്. പതുക്കെ പതുക്കെ അത് ഒരു ജനാധിവാസ കേന്ദ്രമായി മാറുകയും ചെയ്തു. ജനസംഖ്യയില്‍ ഭൂരിഭാഗവും മീന്‍പിടുത്തവും മറ്റുമായി കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍. മറ്റു വരുമാനമുള്ളവര്‍പോലും സീസണുകളില്‍ പരമ്പരാഗത തൊഴിലായ മത്സ്യബന്ധനത്തെ അധിക വരുമാനത്തിനായി ആശ്രയിക്കുന്നു. 
 കൊച്ചിന്‍ തുറമുഖ ട്രസ്റ്റിനു കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രദേശം ഇന്ന് അതിദ്രുത വികസനത്തിന്റെ പാതയിലാണ്. കൊച്ചി എല്‍.എന്‍.ജി. പെട്രോനെറ്റ് പ്രൊജക്ട്, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡിന്റെ എസ്.പി.എം പ്രൊജക്ട് അങ്ങനെ നിരവധി തുറമുഖാധിഷ്ഠിത വ്യവസായങ്ങളും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളും ഇവിടെ വിഭാവനം ചെയ്യപ്പെടുകയോ നിര്‍നപനാണത്തിലിരിക്കുകയോ ചെയ്യുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് അരലക്ഷത്തിലധികം വരും ഇവിടുത്തെ ജനസംഖ്യ. 
ഒരു വര്‍ഷക്കാല രാവ് ഇരുണ്ടുവെളുത്തപ്പോള്‍ ഓച്ചന്തുരുത്തിനു പടിഞ്ഞാറ് കടലും മഴയും സമ്മാനിച്ചിട്ടുപോയ, വെള്ളത്തില്‍നിന്നുയര്‍ന്ന വന്ന ഈ കര എന്നാലിന്നു തീ കൊണ്ടു തീരുമോ എന്ന ആശങ്കയിലാണ് എന്നുവേണം പറയാന്‍. 

വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രതിഷേധം
2008–ലാണ് സംസ്ഥാനത്തെ പാചകവാതക വിതരണം സുഗമവും സുരക്ഷിതവുമാക്കാന്‍ വിഭാവനം ചെയ്ത പുതിയ എല്‍.പി.ജി ടെര്‍മിനലിന്റേയും സംഭരണകേന്ദ്രത്തിന്റെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കുന്നത്. പദ്ധതിക്കായി 2008ല്‍ തുറമുഖ ട്രസ്റ്റ് പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് 15 ഹെക്ടര്‍ ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കൈമാറിയിരുന്നു. 170 കോടി രൂപ ചെലവില്‍ മുപ്പതുമാസങ്ങള്‍കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കാമെന്നായിരുന്നു അന്നു കണക്കുകൂട്ടിയിരുന്നത്. ഇപ്പോള്‍ 217 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 15,000 ടണ്‍ സംഭരണശേഷിയുള്ള ആറ് ടാങ്കുകള്‍ പോര്‍ട്ട് ട്രസ്റ്റ് നല്‍കിയ 37 ഏക്കര്‍ സ്ഥലത്തു സ്ഥാപിക്കും. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യമായ അനുമതിയും പദ്ധതിക്കു ലഭിച്ചിരുന്നു. തുടക്കത്തില്‍ വര്‍ഷം തോറും ആറ് ലക്ഷം ടണ്‍ പാചകവാതകം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതുവൈപ്പ് പദ്ധതിക്കുണ്ടാകുക. മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍, മൗണ്‍ഡഡ് സ്റ്റോറേജ് സൗകര്യം, വാതകം മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്ന പൈപ്പുലൈനുകള്‍ എന്നിങ്ങനെ മൂന്ന് പദ്ധതികളുടെ ഒരു സമുച്ചയമാണ് ഇത്. എന്നാല്‍ ഇവിടെവച്ചുതന്നെ ബുള്ളറ്റ് ടാങ്കറുകളിലേക്കു പാചകവാതകം നിറയ്ക്കുന്ന സംവിധാനവും ഉണ്ടാകും എന്നും അറിയുന്നു. 
വര്‍ഷം തോറും 6.5 ലക്ഷം ടണ്‍ പാചകവാതകമാണ് സംസ്ഥാനത്തിനാവശ്യമായിട്ടുള്ളത്. അതായത് സംസ്ഥാനത്തെ പാചകവാതകവിതരണത്തിലെ കമ്മി പരിഹരിക്കാനുദ്ദേശിച്ചാണ് ഇങ്ങനെയൊരു ടെര്‍മിനലും സംഭരണകേന്ദ്രവും വിഭാവനം ചെയ്തിട്ടുള്ളതെന്നാണ് ഐ.ഒ.സി.എല്‍. അധികൃതരുടെ അവകാശവാദം. മംഗലാപുരത്തുനിന്ന് റോഡുമാര്‍ഗ്ഗം കാപ്‌സ്യൂള്‍ അഥവാ ബുള്ളറ്റ് ടാങ്കറുകളിലായി ദിനേന 30,000 ടണ്‍ പാചകവാതകമാണ് സംസ്ഥാനത്തെത്തിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് എല്‍.പി.ജി. ടെര്‍മിനലും പൈപ്പ്‌ലൈന്‍ വഴിയുള്ള വിതരണ പദ്ധതിയും പ്രവര്‍ത്തനസജ്ജമാകുന്നതോടെ റോഡ് സുരക്ഷ ഉറപ്പുവരുത്താനും ഇപ്പോള്‍ റോഡിലിറങ്ങുന്ന ഏതാണ്ട് 500–ഓളം ബുള്ളറ്റ് ടാങ്കറുകളെ റോഡില്‍നിന്ന് ഒഴിവാക്കാനും സാധിക്കും. ബി.പി.സി.എല്ലുമായി ചേര്‍ന്ന് പാലക്കാട് സ്ഥാപിക്കുന്ന എല്‍.പി.ജി. ടെര്‍മിനല്‍ ഉള്‍പ്പെടെ ഒരു ബൃഹദ്പദ്ധതിയുടെ ഭാഗമാണ് പുതുവയ്പിലേത്. 
എന്നാല്‍ 2009–മുതല്‍ പ്രദേശത്തെ ജനങ്ങള്‍ എല്‍.പി.ജി. ടെര്‍മിനല്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ സമരത്തിലാണ്. പുതുവൈപ്പ് എല്‍.പി.ജി.ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയാണ് നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നത്. സംഭരണകേന്ദ്രത്തില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാറിയാണ് ടെര്‍മിനല്‍. ടെര്‍മിനല്‍ നിലവില്‍ വന്നാല്‍ പുതുവൈപ്പ് പ്രദേശത്തെ ജനങ്ങളെ മാത്രമല്ല അതു ബാധിക്കുകയെന്നും കൊച്ചിനഗരത്തിലെ മുഴുവന്‍ ജനജീവിതത്തിന്റെയും സൈ്വര്യത അതു കെടുത്തുമെന്നും ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി ആരോപിക്കുന്നു. ആന്ധ്രയിലുണ്ടായ പൈപ്പ് ലൈന്‍ അപകടത്തിലും കേരളത്തില്‍ത്തന്നെ ചാല, കരുനാഗപ്പള്ളി എന്നിവിടങ്ങളിലുണ്ടായ എല്‍.പി.ജി. ടാങ്കര്‍ ലോറി അപകടങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി ജീവനുകളും സ്വത്തും നഷ്ടപ്പെട്ടു. ഐ.ഒ..സിയുടെ ജയ്പൂരിലെ സംഭരണകേന്ദ്രത്തിനു തീ പിടിച്ചപ്പോഴും നിരവധി മരണങ്ങളും വലിയ സ്വത്തുനഷ്ടവും സമീപവാസികള്‍ക്കുണ്ടായി. അറുപതിനായിരത്തോളമാണ് പുതുവൈപ്പ് ഉള്‍പ്പെടുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. എന്നാല്‍ ഐ.ഒ.സി.എല്‍ സ്ഥാപിക്കുന്ന എല്‍.പി.ജി ടെര്‍മിനലില്‍ ഒരു പൊട്ടിത്തെറിയോ മറ്റേതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണിയോ ഉണ്ടായാല്‍ അതു പുതുവയ്പിലെ ഒന്നോ രണ്ടോ വാര്‍ഡുകളിലെ താമസക്കാരെ മാത്രമല്ല ബാധിക്കുകയെന്നു സമരസമിതിക്കു നേതാക്കളില്‍ ഒരാളായ ജയഘോഷ് ചൂണ്ടിക്കാട്ടുന്നു. എല്‍.എന്‍.ജി. പെട്രോനെറ്റ് പ്രൊജക്ട്, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡിന്റെ പ്രൊജക്ട് ഇവയെല്ലാം ഇതിനടുത്താണ്. പശ്ചിമ കൊച്ചിയെയും കൊച്ചിനഗരത്തേയും തീഗോളങ്ങള്‍ വിഴുങ്ങുന്ന തരത്തിലുള്ള ഒരു പ്രത്യാഘാതമായിരിക്കും അതുണ്ടാക്കുക. 
നമ്മുടെ നാട്ടില്‍ ഇന്നു ലഭ്യമായ അഗ്നിശമന, സുരക്ഷാസംവിധാനങ്ങള്‍ എല്‍.പി.ജി മുഖാന്തിരമുണ്ടാകുന്ന അപകടങ്ങളെ നേരിടാന്‍ തുലോം അപര്യാപ്തമാണ്. ഇതുമൂലമുണ്ടാകുന്ന തീപ്പിടുത്തങ്ങള്‍ കണ്ടുനില്‍ക്കാന്‍ മാത്രമേ നമുക്കു കഴിയൂവെന്നാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുണ്ടായ എല്‍.പി.ജി അപകടങ്ങള്‍ തെളിയിക്കുന്നത്. എന്തിന്, വീടുകളില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയുണ്ടായാല്‍ ഉത്തരവാദിത്വം കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥപോലുമുണ്ട്. അടുത്തിടെ ഒരു ഗ്യാസ് സിലിണ്ടര്‍ അപകടവുമായി ബന്ധപ്പെട്ട് ആരാണ് സിലിണ്ടറിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതെന്ന ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും ഐ.ഒ.സിക്കാകുന്നില്ല–ജയഘോഷ് പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍നിന്നു കേവലം 30 മീറ്റര്‍ മാത്രം അകലെയാണ് പദ്ധതി പ്രദേശം. ഇവിടെ എല്‍.പി.ജി. ചോര്‍ച്ചയുണ്ടായി തീ പിടിച്ചാല്‍ കിലോമീറ്ററുകള്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ കത്തിച്ചാമ്പലാകും. വമ്പിച്ച ജീവനാശവും സാമ്പത്തിക നഷ്ടവും അതു വരുത്തിവയ്ക്കും. വെറും 160 മീറ്റര്‍ മാത്രമാണ് 36 കോടി ലിറ്റര്‍ ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ ഉദ്ദേശിച്ചുള്ള കൊച്ചിന്‍ റിഫൈനറീസിന്റെ ക്രൂഡ് ഓയില്‍ സംഭരണകേന്ദ്രം, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ എല്‍.എന്‍.ജി. സംഭരണകേന്ദ്രം എന്നിവയും ഇതിനടുത്താണ് എന്ന് ഓര്‍ക്കുക.

വര്‍ധിച്ചുവരുന്ന പാചകവാതക ആവശ്യം
കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി ഉജ്ജ്വല യോജനക്കു കീഴില്‍ ദാരിദ്ര്യരേഖക്കു കീഴിലുള്ള സ്ത്രീകള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ അഞ്ചുകോടി എല്‍.പി.ജി കണക്ഷനുകള്‍ നല്‍കുന്നതിനായി 8000 കോടി രൂപ നീക്കിവയ്ക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. പാചകത്തിനു കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന ഇന്ധനം ഉറപ്പുവരുത്തുകയെന്നത് ഈയടുത്തകാലത്തായി പല കാരണങ്ങളാല്‍ സര്‍ക്കാരുകളുടെ മുന്‍ഗണനാപ്പട്ടികയില്‍ വന്നിട്ടുണ്ട്. ഓരോ വര്‍ഷവും ചാണകവരളിയും വിറകടുപ്പും പോലുള്ള സാമ്പ്രദായിക ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രതിവര്‍ഷം 1.3 ദശലക്ഷം മരണങ്ങള്‍ ഉണ്ടാകുന്നു. അറുപതുശതമാനത്തിലധികം ഇന്ത്യന്‍ വീടുകളില്‍ ഇപ്പോഴും വിറകും ചാണകവുമൊക്കെയാണ് ഇപ്പോഴും പാചകത്തിന് ഇന്ധനമായി ഉപയോഗിക്കുന്നത്. വിറകടുപ്പിന്റെയും മറ്റും ഉപയോഗം പാവപ്പെട്ട സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. എല്‍.പി.ജി കണക്ഷനുകള്‍ നേടുന്നതിനു നിക്ഷേപവും മറ്റുമായി വരുന്ന ചെലവ് പാവപ്പെട്ട സ്ത്രീകള്‍ക്കു താങ്ങാനാകുന്നില്ലായെന്ന് ഇതു സംബന്ധിച്ചു വിദഗ്ധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സബ്‌സിഡികളെ പൊതുവേ നിരുത്സാഹപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കൂടുതല്‍ പേരെ പാചകവാതക ഉപഭോക്താക്കളാക്കുകയും വേണം. സ്വാഭാവികമായി ചുരുങ്ങിയ ചെലവില്‍ പാചകവാതകമെത്തിക്കുകയും ചെലവുകുറഞ്ഞ രീതിയില്‍ പാചകവാതകമെത്തിക്കാവുന്ന വിതരണശൃംഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ ആവശ്യമായി വരുന്നു. 
''കേരളത്തില്‍ത്തന്നെ എല്‍.പി.ജി. അടക്കമുള്ള ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതകത്തിന് ആവശ്യം വര്‍ധിച്ചുവരികയാണ്. 80 ലക്ഷം മുതല്‍ 90 ലക്ഷം വരെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ഈ ആവശ്യം നിവര്‍ത്തിക്കുന്നതിനും ചെലവു കുറഞ്ഞതും സുരക്ഷിതമായതുമായ രീതിയില്‍ പാചകവാതകം എത്തിക്കുന്നതു ലക്ഷ്യമിട്ടാണ് പുതുവയ്പില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നത്.' ഒരു ഐ.ഒ.സി.എല്‍ വക്താവ് പറയുന്നു. ഇന്ത്യയില്‍ പൊതുവേ നഗരങ്ങളിലോ നഗരവല്‍ക്കരണം നടക്കുന്ന പ്രദേശങ്ങളിലോ ആണ് എല്‍.പി.ജി ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ അതിദ്രുതം നഗരവല്‍ക്കരിക്കപ്പെടുന്ന കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും എല്‍.പി.ജി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതില്‍ അത്ഭുതമില്ല. പൈപ്പ്‌ലൈനുകള്‍ വഴി ഗ്യാസ് എത്തിക്കുന്നതു ഫലപ്രദമായ ഒരു വിതരണസമ്പ്രദായമാണ്. കേരളത്തില്‍ത്തന്നെ എറണാകുളത്തു പൈപ്പുലൈനുകള്‍ വഴി പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പായിവരികയാണ്. 
എന്നാല്‍ പുതുവയ്പില്‍ത്തന്നെ ഇത്തരത്തില്‍ എല്‍.പി.ജി. ഇറക്കുമതി സംഭരണകേന്ദ്രം വേണമെന്നു നിര്‍ബന്ധം പിടിക്കാന്‍ ഈ വക കാരണങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു സമരസമിതി കണ്‍വീനറായ മുരളി ചൂണ്ടിക്കാട്ടുന്നു. ''ഒന്നാമതായി കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയതും അതേസമയം ഭൂമിശാസ്ത്രപരമായി അസ്ഥിരവുമായ ഒരു കടലോര പ്രദേശമാണ് പുതുവയ്പിലേത്. രണ്ടാമതായി കേരളത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ എല്‍.പി.ജി ഉല്‍പ്പാദനം കൊച്ചി റിഫൈനറീസിന്റെ വിപുലീകരണത്തോടെ സാധ്യമായിട്ടുണ്ട്. കേരളത്തിലെ എല്‍.പി.ജി. ആവശ്യകത ഒരു വര്‍ഷം 6.7 ലക്ഷം മെട്രിക് ടണ്ണാണ്. കൊച്ചി റിഫൈനറിയുടെ വിപുലീകരണം പൂര്‍ത്തിയായതോടെ ഉല്‍പ്പാദനം ഇതിലും എത്രയോ അധികമായി. ഇങ്ങനെ ഉണ്ടാകുന്ന അധിക എല്‍.പി.ജി തമിഴ്‌നാട്ടിലേക്ക് പൈപ്പ്‌ലൈന്‍ വഴി കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ കൊച്ചി റിഫൈനറി ആരംഭിച്ചുകഴിഞ്ഞു. ഇതെല്ലാം തെളിയിക്കുന്നതു പുതുവയ്പിലെ ഈ പദ്ധതി അനാവശ്യവും ദേശീയനഷ്ടവും പൊതുമുതല്‍ ധൂര്‍ത്തടിക്കലുമാണെന്നാണ്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരമൊരു ടെര്‍മിനല്‍ ഇവിടെ വരുന്നതിന്റെ നേട്ടം കരാറുകാര്‍ക്കും ഉദ്യോഗസ്ഥപ്രമാണിമാര്‍ക്കും മാത്രമാണ്. എന്നാല്‍ ഈ സംഭരണകേന്ദ്രം ഇവിടെ യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ കെടുതികളനുഭവിക്കുന്നതു കഠിനാദ്ധ്വാനം ചെയ്ത് ഈ പ്രദേശത്തു ജീവിതം പടുത്തുയര്‍ത്തിയ ആയിരമോ രണ്ടായിരമോ കുടുംബങ്ങള്‍ മാത്രമായിരിക്കില്ല, മറിച്ച് മുഴുവന്‍ കൊച്ചിനഗരവും പരിസരപ്രദേശങ്ങളുമായിരിക്കും..' മുരളി ആരോപിച്ചു. 

ചൂടുപിടിക്കുന്ന സമരം
ഏതാനും മാസങ്ങള്‍ക്കു മുന്‍പു ഐ.ഒ.സി സംഭരണകേന്ദ്രത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. കഴിഞ്ഞ ഒന്നരയാഴ്ചയായി പദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാരൊന്നടങ്കം ഉപരോധിച്ചിരിക്കുകയാണ്. മൂന്നു പ്രധാന പ്രശ്‌നങ്ങളാണ് സമരക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. തീരദേശ നിയന്ത്രണനിയമങ്ങളും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിധിയും ലംഘിച്ചാണ് ഐ.ഒ.സി.എല്‍ സംഭരണകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അതുയര്‍ത്തുന്ന സുരക്ഷാഭീഷണിയാണ് രണ്ടാമത്തേത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് മൂന്നാമത്തേത്. തുല്യമായ പ്രാധാന്യമാണ് ഈ മൂന്നു കാരണങ്ങള്‍ക്കും നാട്ടുകാര്‍ നല്‍കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി ദൃഢപ്പെടുത്താനുള്ള സാന്‍ഡ് പൈലിംഗ് ആരംഭിച്ചതോടെ പൊടിപടലങ്ങളുയര്‍ത്തിയ ആരോഗ്യഭീഷണി മൂലം ചുറ്റുവട്ടത്തു താമസിക്കുന്ന പല കുടുംബങ്ങള്‍ക്കും വീടുവിട്ടു പോകേണ്ടതായി വന്നെന്നു സമരക്കാര്‍ ആരോപിക്കുന്നു. 

''എന്റെ രണ്ടു ചെറിയ കുട്ടികള്‍ക്കു പൊടിപടലങ്ങള്‍ മൂലം ശ്വാസം മുട്ടലും പനിയും അനുഭവിക്കേണ്ടി വന്നു. മൂന്ന് മാസം പ്രായമുള്ള ചെറിയ കുട്ടിയെ അടക്കം കൂട്ടി പ്രദേശത്തെ ഒരു വീട്ടുകാര്‍ക്കു മാറിത്താമസിക്കേണ്ട അവസ്ഥയുണ്ടായി. പ്രദേശത്തെ താമസക്കാരായ മിക്കവര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നു.' പദ്ധതിക്കു സമീപം താമസിക്കുന്ന മേരി എന്ന സ്ത്രീ പറയുന്നു: ''കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉപരോധം നടന്നുവരുന്നതിനാലാണ് സത്യം പറഞ്ഞാല്‍ സമീപവാസികള്‍ക്ക് ഇവിടെ കഴിയാന്‍ പറ്റുന്നത്.' ഉപരോധത്തെ തുടര്‍ന്ന് നിര്‍മ്മാണം തടസ്‌സപ്പെട്ടതിന് അവര്‍ സമരക്കാരോടു നന്ദി പറയുകയാണ്. സമീപവാസികളായ എല്ലാ കുടുംബങ്ങളും ഇപ്പോള്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ''നിയമവ്യവസ്ഥയെ കാറ്റില്‍പ്പറത്തി ജനവികാരത്തെ മാനിക്കാതെ മൂന്നോട്ടുപോകാന്‍ ഞങ്ങള്‍ ഓയില്‍ കമ്പനിയെ അനുവദിക്കില്ല.' മറ്റൊരു സമരസമിതി നേതാവായ കെ.യു. രാധാകൃഷ്ണന്‍ പറയുന്നു. ''മത്സ്യത്തൊഴിലാളികളായ പ്രദേശത്തുകാര്‍ക്കു കടലിലേക്കു പോകാനുള്ള മാര്‍ഗ്ഗം വരെ അവര്‍ അടച്ചുകെട്ടി. വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതാക്കി' രാധാകൃഷ്ണന്‍ ആരോപിച്ചു. ഐ.ഒ.സി.എല്ലിനെതിരെ കോടതിയെ സമീപിച്ച പ്രദേശത്തുകാരില്‍ ഒരാള്‍ കൂടിയാണ് രാധാകൃഷ്ണന്‍. 
''ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി ലംഘിച്ചുകൊണ്ടാണ് ഐ.ഒ.സി.എല്‍. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. സി.ആര്‍.ഇസെഡ് (കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) നിയമങ്ങള്‍ പ്രകാരം ഐ.ഒ.സി.എല്ലിന് ഹൈടൈഡ് ലൈനില്‍നിന്നും ഇരുന്നൂറ് മീറ്ററിനും മുന്നൂറ് മീറ്ററിനും ഇടയില്‍ സംഭരണകേന്ദ്രം നിര്‍മ്മിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ തടസ്‌സപ്പെട്ടിട്ടുള്ള നിര്‍മ്മാണം നടക്കുന്ന ഭൂമിയുടെ തെക്കുകിഴക്കേ മൂലയില്‍ ഒരു ചെറിയ കഷണം മാത്രമാണ് ഇതുപ്രകാരം നിയമവിധേയമാകുന്നത്. ബാക്കിയെല്ലാം ഇന്റടൈഡല്‍ സോണിലാണ്. 2010–ല്‍ ലഭിച്ച പാരിസ്ഥിതികാനുമതി പ്രകാരം കേന്ദ്ര വനംവകുപ്പ് പരിസ്ഥിതി മന്ത്രാലയത്തിന് കംപ്‌ളയന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. അത് സമര്‍പ്പിച്ചിട്ടില്ല. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുള്ളത്. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുക എന്നാല്‍ തല്‍സ്ഥിതി തുടരുക എന്നാണര്‍ത്ഥം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ എങ്ങനെ തല്‍സ്ഥിതി തുടരാനാകും?' സമരസമിതി കണ്‍വീനറായ മുരളി ചോദിക്കുന്നു. 
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുതന്നെയാണ് നാലുകോടി രൂപ ചെലവിട്ട് എല്‍.പി.ജി. കൊണ്ടുവരുന്ന ജലയാനങ്ങള്‍ക്ക് അടുക്കാനുള്ള ജെട്ടി നിര്‍മ്മിച്ചിട്ടുള്ളത്. തീരദേശ ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകവും തീരദേശങ്ങളുടെ സംരക്ഷണകവചവുമായ കണ്ടല്‍ക്കാടുകള്‍ ഇതിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ''എന്നാല്‍ ഇത്തരമൊരു സംഭരണകേന്ദ്രം പുതുവയ്പില്‍ ഉണ്ടാകുന്നതിനെയാണ് ജനങ്ങള്‍ കൂടുതല്‍ വലിയ ഭീഷണിയായി കാണുന്നത്' മുരളി പറഞ്ഞു. ''സ്ഥലം പോര്‍ട്ട് ട്രസ്റ്റിന്റേതാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിന്റേതല്ല, അതുകൊണ്ട് ഒരു അനുമതിയും പഞ്ചായത്തില്‍നിന്ന് ആവശ്യമില്ല എന്നൊക്കെയാണ് ഇപ്പോള്‍ ഐ.ഒ.സി.എല്‍ അധികൃതര്‍ അവകാശപ്പെടുന്നത്. പോര്‍ട്ട് ട്രസ്റ്റ് ഒരു ഭൂമി ഉടമസ്ഥന്‍ മാത്രമാണ്. ഒരു ഭൂമി ഉടമസ്ഥനു കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടത് പഞ്ചായത്ത് തന്നെയാണ്,' അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരെ എളങ്കുന്നപ്പുഴ പഞ്ചായത്തും നിയമപോരാട്ടത്തിലാണ്. പഞ്ചായത്ത് നടത്തിയ നിയമപോരാട്ടങ്ങളുടെ ഭാഗം കൂടിയായാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിയുണ്ടാകുന്നത്. 

ഏതായാലും വലിയ ജനപങ്കാളിത്തമാണ് ഉപരോധസമരത്തിലും അനുബന്ധ സമരങ്ങളിലും ദര്‍ശിക്കാനാകുന്നത്. ആബാലവൃദ്ധം ജനങ്ങളും 24 മണിക്കൂറും നിര്‍ദ്ദിഷ്ട സംഭരണകേന്ദ്രത്തിനു മുന്‍പില്‍ കെട്ടിയുയര്‍ത്തിയ സമരപ്പന്തലിലുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍.നീലകണ്ഠന്‍, പെണ്‍മൈ ഒരുമ നേതാവ് ലിസി സണ്ണി, എന്‍.എ.പി.എം സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ്, പ്രൊഫ. ഗോപാലകൃഷ്ണന്‍, സി.പി.ഐ മഹിളാവിഭാഗം നേതാവ് കമലാ സദാനന്ദന്‍ തുടങ്ങിയവര്‍ ഇതിനകം സമരക്കാരെ സന്ദര്‍ശിച്ചു അഭിവാദ്യമര്‍പ്പിച്ചു കഴിഞ്ഞു. സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം ഹൈക്കോടതി മുതല്‍ ഗാന്ധി പ്രതിമ വരെ വനിതകളുടെ പ്രതിഷേധപ്രകടനം ഉണ്ടായി. തലയില്‍ ചട്ടിയും ഹെല്‍മറ്റും ധരിച്ചായിരുന്നു പ്രകടനം. പുറമേ എല്ലാ ദിവസവും സ്ത്രീകള്‍ പദ്ധതി പ്രദേശത്തു പന്തംകൊളുത്തി പ്രകടനവും നടത്തുന്നുണ്ട്. അതേസമയം, സമരത്തോടു തണുത്ത പ്രതികരണമാണ് അധികൃതരുടേത്. ''ഫെബ്രുവരി 21-ന് കളക്ടര്‍ അനുരഞ്ജന ചര്‍ച്ച നടത്തുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. പിന്നീട് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്നു പറഞ്ഞു മാറ്റിവയ്ക്കുകയായിരുന്നു. സമരം തീര്‍പ്പാക്കുന്നതിന് ഇതുവരെ കാര്യമായൊരു നീക്കവും നടന്നതായി കാണുന്നില്ല.' സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. 

ടെര്‍മിനല്‍ നിര്‍മ്മാണം നിയമവിധേയമായി: ഐ.ഒ.സി.എല്‍.
പാരിസ്ഥിതിക അനുമതിയടക്കമുള്ള എല്ലാ അനുമതികളും പുതുവയ്പിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ പദ്ധതിക്കുണ്ട്. 2016ലെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ് ആവശ്യപ്പെട്ടിരുന്നത്. വിധി വരുമ്പോള്‍ അവിടെ നിര്‍മ്മാണം തുടരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. 2017 ജനുവരിയില്‍ നിര്‍മ്മാണം ശരിവയ്ക്കുകയും ചെയ്തു. 
ഏറ്റവും സുരക്ഷിതമായ രീതിയിലാണ് എല്‍.പി.ജി സംഭരണടാങ്കുകള്‍ അവിടെ സ്ഥാപിക്കുന്നത്. മൗണ്ടഡ്‌ സ്‌റ്റോറേജ് (mounted) സമ്പ്രദായം ലോകമെമ്പാടും ഉപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമായ സംവിധാനമാണ്. അതായത് ആഗോളനിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത് എന്നര്‍ത്ഥം. ചെെന്നെ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ പദ്ധതി സുരക്ഷിതമാണെന്നു കണ്ടെത്തിയിരുന്നു. 
പദ്ധതി നിലവില്‍ വരുന്ന പ്രദേശം പോര്‍ട്ട് ട്രസ്റ്റ് കൈമാറിയതാണ്. അത് എളങ്കുന്നപ്പുഴ പഞ്ചായത്തിനു കീഴില്‍ വരുന്നതല്ല. അതുകൊണ്ടാണ് പഞ്ചായത്തിനെ അനുമതികള്‍ക്കായി സമീപിക്കാതിരുന്നത്. വര്‍ദ്ധിച്ചുവരുന്ന എല്‍.പി.ജി. ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് 80 ലക്ഷത്തിനും 90 ലക്ഷത്തിനുമിടയ്ക്കു ഗാര്‍ഹിക ഉപഭോക്താക്കള്‍ പാചകവാതകത്തിനുണ്ട്. 

ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി മറികടന്നു: ഹരീഷ് വാസുദേവന്‍
ഇതു സംബന്ധിച്ചുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി മറികടന്നാണ് ഐ.ഒ.സി.എല്‍ മുന്നോട്ടുപോകുന്നത്. തീരദേശ നിയന്ത്രണനിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍–സംഭരണപദ്ധതി. 1991–ല്‍ നിലവില്‍ വന്ന സി.ആര്‍.ഇസെഡ് വിജ്ഞാപനമനുസരിച്ച് സി.ആര്‍.ഇസെഡ് ഒന്നാം സോണിലൊഴികെ സി.ആര്‍.ഇസെഡിന് കീഴില്‍ വരുന്ന ബാക്കിയുള്ളിടങ്ങളില്‍ എല്‍.പി.ജി സംഭരണസംവിധാനം ഉണ്ടാക്കുന്നത് അനുവദനീയമാണ്. 2010–ല്‍ പാരിസ്ഥിതിക അനുമതി തേടുമ്പോള്‍ ഉള്ള സ്ഥിതിയല്ല ഇപ്പോഴുള്ളത്. ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്ററിനും 300 മീറ്ററിനുമിടയ്ക്കല്ല ഇപ്പോള്‍ പദ്ധതി വരുന്നത്. 30 മീറ്ററോളം കടലെടുത്തുപോയി. അതായത് ഇപ്പോള്‍ ഇന്റര്‍ ടൈഡല്‍ സോണിലാണ് എല്‍.പി.ജി പദ്ധതി വരുന്നതെന്നര്‍ത്ഥം. 
ഇതിനും പുറമേ പദ്ധതിക്ക് അനുമതി നേടുന്ന ഒരു ഘട്ടത്തിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോ പദ്ധതിയുമായി ബന്ധപ്പെട്ടവരോ പഞ്ചായത്തിനെ സമീപിച്ചിട്ടില്ല. ഇങ്ങനെയൊരു പദ്ധതി വരുന്ന കാര്യം പദ്ധതി നടപ്പാകുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തു ഭരണസമിതിക്കോ അധികൃതര്‍ക്കോ അറിവുള്ളതല്ല. എന്തിന് ഒരു ബില്‍ഡിംഗ് പെര്‍മിറ്റ് പോലും അവര്‍ പഞ്ചായത്തില്‍നിന്നു നേടിയിട്ടില്ല. കേരള പഞ്ചായത്ത് ബില്‍ഡിങ് നിയമങ്ങള്‍ റൂള്‍ 61 അനുസരിച്ച് ഹസാര്‍ഡസ് ഒക്യുപ്പന്‍സിക്ക് പഞ്ചായത്തിന്റെ പ്രത്യേക അനുമതി വേണം. ചീഫ് ടൗണ്‍ പ്‌ളാനറുടെ അനുമതിയും ഇല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com