കഥ/സിനിമാ തിയേറ്റര്‍

''പുല്ല്, എവിടേണോ കെടക്കണത്. ട്രേനിനു പോവാന്‍ കണ്ട നേരം.” അവള്‍ ഫോണിന്റെ ശബ്ദം ആ കോലാഹലത്തില്‍നിന്നും പെറുക്കിയെടുക്കാന്‍ ആവതു ശ്രമിച്ചുകൊണ്ടിരുന്നു.
കഥ/സിനിമാ തിയേറ്റര്‍

നട്ടുച്ചയ്ക്കുപോലും ഇരുണ്ട രാത്രികളുടെ ഒളിത്താവളങ്ങളെന്നു തോന്നിക്കുന്ന ആ മുറിയുടെ മുക്കിലും മൂലകളിലും രൂക്ഷഗന്ധമുള്ള ചാരപ്പുക കട്ടിപിടിച്ചു കിടന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടെടുക്കാനാവാതെ മുറിക്കകത്തെ വലിച്ചുവാരിയിട്ട മുഷിപ്പിനുള്ളിലെവിടെയോ കുടുങ്ങിക്കിടന്ന മൊബൈല്‍ ഫോണിന്റെ അമര്‍ത്തിയ പ്രതിഷേധ സ്വരം. ചായ്പ്പിലെ അടുപ്പില്‍ ചവറു വാരിവച്ചു കത്തിച്ചു ചൂടാക്കിക്കൊണ്ടിരുന്ന തലേന്നത്തെ പഴംകഞ്ഞി അടുപ്പില്‍ നിന്നിറക്കിവയ്ക്കാന്‍ തരംകിട്ടാതെ അവളോടി അകത്തേക്കു കയറിയതും ചായ്പ്പിനു മുന്നിലൂടെ ഐലന്റ് എക്‌സ്പ്രസ്‌സ് പാഞ്ഞു.
''പുല്ല്, എവിടേണോ കെടക്കണത്. ട്രേനിനു പോവാന്‍ കണ്ട നേരം.” അവള്‍ ഫോണിന്റെ ശബ്ദം ആ കോലാഹലത്തില്‍നിന്നും പെറുക്കിയെടുക്കാന്‍ ആവതു ശ്രമിച്ചുകൊണ്ടിരുന്നു.
''ഇതും നോക്കിനടന്ന സമയത്തു നാമം ജവിച്ചങ്കി 
പുന്യോങ്കിലും കിട്ടിയന. ഹൂ ശാസം മുട്ടീട്ടു വയ്യ... പന്നകള്‍ക്കു പൊക അടിച്ചു കേറ്റാന്‍ കണ്ടനേരം” മൂക്കും പൊത്തിപ്പിടിച്ച് അവള്‍ കണ്ണില്‍ക്കണ്ടതെല്ലാം വലിച്ചുവാരിയിട്ടു നോക്കി. അവളുടെ തള്ള ആ പുകയും ശ്വസിച്ചു കണ്ണും തള്ളി കിടന്നിടത്തുനിന്നു കൈകുത്തി എണീറ്റിരിപ്പുണ്ട്.


''കണ്ണും തള്ളി അവിടെ ഇരിക്കാതെ നിങ്ങക്കെണീറ്റു പോറത്തോട്ടു പോയിരുന്നൂടെ. ശാസംമുട്ടലെന്നും പറഞ്ഞു രാത്രി കെടന്നു കരഞ്ഞാ എന്റ കയ്യീ പൈസെന്നും ഇല്ല ആശുത്രീ കൊണ്ടോവാന്‍” വയസ്‌സായ സ്ത്രീ പുകയ്ക്കുള്ളില്‍ നടക്കുന്നതെന്തെന്നു പിടുത്തം കിട്ടാതെ പയ്യെ എണീറ്റു പുറത്തേക്കു നടന്നു. തേയ്മാനം വന്ന സന്ധികളുടെ കോണുകള്‍ വ്യക്തമാക്കും വിധം ഞരങ്ങുന്ന ഒരു ചലനം. ആ ശരീരം ശബ്ദമില്ലാതെ തേങ്ങുന്നതു നോക്കി നില്‍ക്കാനുള്ള സാവകാശംപോലും അവള്‍ക്കില്ല. കറുത്തുരുണ്ട തനിക്കു സ്വര്‍ണ്ണലതയെന്ന്! ഈ അമ്മ എന്തിനാണ് പേരിട്ടതെന്ന് അപ്പോഴും അവള്‍ വെറുതെ ചിന്തിച്ചുപോയി. 
ഇപ്പോഴെങ്കിലും ഫോണ്‍ കണ്ടെത്തിയില്ലെങ്കില്‍ കുഴപ്പമാവും. ആ നരകത്തില്‍നിന്ന് ആ ഫോണ്‍ തപ്പിയെടുക്കുന്നതാലോചിച്ചിട്ടു അവള്‍ക്കു കലികയറി. ഫോണിന്റെ ചാര്‍ജും തീരാറായിക്കാണും. വീര്‍പ്പുമുട്ടിക്കുന്ന ആ പുകപടലത്തില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടന്നാല്‍ മതിയെന്നായി അവള്‍ക്ക്.
''ഇതു കൊതൂനെ ഓടിക്കാനാ. അതാ മനുഷനെ ഓടിക്കാനാ. എല്ലാം കൂടി വീട്ടിനകത്തോട്ടാണ് അടിച്ചു കേറ്റണത്.” അവള്‍ ചെങ്കല്ലിനു പുറത്തു തടിപ്പലക കയറ്റിവച്ച് ഉണ്ടാക്കിയ കട്ടിലിനടിയിലേക്കു വലിഞ്ഞു കയറി. ഫോണ്‍ അവിടെ ഒരു മൂലയ്ക്കു വിറച്ചു തുള്ളിക്കിടപ്പുണ്ട്. കൈയും വിരലും വലിച്ചുനീര്‍ത്തി അവള്‍ ഫോണെടുത്തു. തിരികെ വിളിക്കാനുള്ള ഫോണ്‍ ബാലന്‍സ് ഇല്ലെന്നറിയാവുന്നതുകൊണ്ടുതന്നെ വെപ്രാളത്തില്‍ ഫോണ്‍ അറ്റന്റ് ചെയ്തു.
''നീ എന്ത് ഫോണ്‍ എടുക്കാത്ത. നാലഞ്ചു തവണയായി വിളിക്കണത്. ഈ പണിക്കെറങ്ങിയാ കൊറെക്ക ഉത്തരവാദിത്തം വേണം കേട്ടാ. അല്ലെങ്കി ഫോണ്‍ തിരികെ എപ്പിച്ചിറ്റ് പോ. ഞാന്‍ വേറെ ആളെ തപ്പിക്കോളാം.”
''അയ്യോ അണ്ണന്‍ വിളിച്ചിരുന്നാ. ഈ ഫോണ്‍ ഇപ്പഴാണ് ഈ മുടിഞ്ഞ സ്ഥലത്തൂന്നു കിട്ടിയത്. ഒരു സാധനം വച്ചാ വച്ചടത്തു കാണൂല്ല. പണി വല്ലോം ഒണ്ടാ. കയ്യീ അഞ്ചിന്റെ പൈസ ഇല്ലണ്ണാ. ഓണോല്ലേ മക്കള് വീട്ടില് വരും. തുണി വാങ്ങിച്ചു രണ്ടിനും എന്തെങ്കിലും അടിപ്പിച്ചെങ്കിലും കൊടുക്കണ്ടേ?”
''നീ രാത്രീലത്തെ ഷോയ്ക്ക് ശ്രീലേക്കു പൊയ്‌ക്കോ. ടിക്കറ്റ് വര്‍ഷോപ്പീ ഏപ്പിക്കാം. ടിക്കറ്റില് സീറ്റ് നംബര് കാണും. അവിടേം ഇവിടേം പോയി ഇരുന്നെക്കല്ല്. അയാള്‍ നിന്റെ സീറ്റിനടുത്തൊള്ള സീറ്റില്‍ വന്നോളും. കഴിഞ്ഞിട്ട് സ്റ്റാന്റില തട്ട്കടേല് വന്നാതി.”
''സിനിമാ തിയേറ്ററില് എന്തരിനു?”
''അതും കൂടി ഞാന്‍ പറഞ്ഞു തരണാ. നിന്റ പണിക്കൊള്ള പൈസ കിട്ടിയാപ്പോരെ. കുഴി എണ്ണണയെന്തരിന്? അയാളേന്നു ടിക്കറ്റിന്റ ബാക്കികീറി വാങ്ങിച്ചോണ്ടു വന്നാ പൈസ തരാം.” ഫോണ്‍ കട്ടായതും ശ്വാസകോശത്തിനകത്തു കയറി ധമനികളിലേക്ക് ഒഴുകിത്തുടങ്ങിയ വിഷപ്പുകയെ ഉഗ്രമായി നിശ്വസിച്ചു വായുവിലേക്കു സകല വിങ്ങലും ചുമച്ചു തെറിപ്പിച്ചു കൊണ്ടോടി പഴഞ്ചോറ് അടിയില്‍ പിടിച്ചുതുടങ്ങിയ കലം അടുപ്പില്‍നിന്നിറക്കിവച്ച് അവള്‍ കിതച്ചു.


''നിന്റെ പണി. നല്ല പണി. പൈസ ഒണ്ടാക്കിത്തരണ എല്ലാം പണി തന്ന” അവള്‍ തന്നത്താന്‍ പറഞ്ഞു. ''സോമണ്ണന്ട പണി എന്തര്? പിമ്പ് കൊണ്ട്രക്ടര്‍. എന്തരു പണി ചെയ്താലും വയ്യൂട്ടാവുമ്പം കയ്യീ വല്ലോം തടയണം. ഒറക്കത്തിലും സ്വപ്‌നത്തിലും കൂടി വിശക്കണേനക്കാലും അതു തന്ന നല്ലത്” -അവള്‍ പറഞ്ഞുകൊണ്ടിരുന്നു.

റെയില്‍വേ ട്രാക്കിനു വശത്തുള്ള മാലിന്യം തിന്നുകൊഴുത്ത മഴപ്പൊടിപ്പുകള്‍ക്കിടയില്‍നിന്നും അവള്‍ കുപ്പച്ചീര പറിച്ചെടുത്തു. അതിനിടയില്‍ ആരോ കൊണ്ടു തള്ളിയ സാനിറ്ററിപാഡുകള്‍ പിളര്‍ന്നു രക്തം പര്‍പ്പിള്‍ ജെല്ലികളായി ചിതറിക്കിടന്നിരുന്നു. പെണ്ണുങ്ങളുടെ തീണ്ടാരക്തം കുടിച്ചുവളര്‍ന്ന കുപ്പച്ചീരകള്‍ എന്നവള്‍ മനസ്‌സില്‍ പറഞ്ഞു. അവളുടെ വീടിനുള്ളില്‍നിന്നും ഇറങ്ങിയോടിയ കൊതുകുകള്‍ അഭയം തേടിയിരുന്ന കൊച്ചു മഴക്കാടിളകി കൊതുകുകള്‍ മൂളിത്തെറിച്ചു. കൊതുകുകളുടെ ജീവിതോദ്ദേശ്യത്തെക്കുറിച്ച് അവള്‍ ചിന്തിച്ചുനോക്കി. മനുഷ്യരില്‍ ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും കുത്തിവച്ചു ജനസംഖ്യാ നിയന്ത്രണം ആണ് കൊതുകുകളുടെ പണി എന്നവള്‍ ഉറപ്പിച്ചു. ഡെങ്കിപ്പനി വന്നു നീരുവച്ചു വീര്‍ത്തുനില്‍ക്കുന്ന കാല്‍മുട്ടുകള്‍ മടക്കാനാവാതെ അവിടവിടെ പൊട്ടിത്തുടങ്ങിയ സിമന്റ് തറയില്‍ കാല്‍ നീട്ടിയിരുന്നു ചോറ് വാരിത്തിന്നുമ്പോള്‍ അവള്‍ക്കു വായില്‍ വിഷപ്പുക കയ്ചു. 
''ഇന്നും സര്‍ക്കീട്ടു തന്നല്ലേ. എന്തരക്ക കണ്ടിട്ട് ചാവണം?” വയസ്‌സി ചോറ് പാത്രത്തില്‍ത്തന്നെ മുഖം കുനിച്ചിരുന്നു പുലമ്പി.
അതിനു മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വര്‍ത്തമാനം കത്തിക്കയറി തള്ളയുടെ കരച്ചിലില്‍ എത്തിനില്‍ക്കും. അവളുടെ ഗതികേട് അവര്‍ക്കും അറിയാഞ്ഞല്ല. റെയില്‍വേ കോണ്‍ട്രാക്ടറുടെ കനിവില്‍ സ്‌റ്റേഷന്‍ പാളത്തിലെ കുപ്പ പെറുക്കുന്ന പണി കിട്ടണോങ്കിലും അവന്റെക്ക കൂട പോയിക്കെടക്കണം. കയ്യൊറേം വലിച്ചുകയറ്റി മൂക്കില്‍ മാസ്‌ക് ഇട്ടാലും തീട്ടത്തില്‍ നോക്കുമ്പം ഓക്കാനം വരും. വീട്ടില്‍ ആംപ്രെന്നോന്മാര്‍ ഇല്ലന്നു കണ്ടപ്പോ പിന്നെ സഹായത്തോടു സഹായ വാഗ്ദാനം. കിട്ടണ പൈസയാണെങ്കില്‍ അരി വാങ്ങാന്‍ പോലുമില്ല. പുറംപോക്കില്‍ കെട്ടിയിരിക്കുന്ന കൂര എന്നാണ് ബുള്‍ഡോസര്‍ വലിച്ചു താഴെ ഇടുന്നത് എന്നറിഞ്ഞൂടാ. ചത്താലും ജീവിച്ചാലും ഒരാളും ചോദിക്കാനില്ല. കൂടെത്താമസിച്ചു പിള്ളേരെ കൊടുത്തശേഷം എങ്ങോട്ടോ മറഞ്ഞുപോയ ആണിന്റെ മുഖംപോലും അവള്‍ക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പത്തൊന്‍പതാം വയസ്‌സില്‍ തുടങ്ങിയ അമ്മപ്പണിയാണ്. ഇപ്പൊ മുപ്പത്തഞ്ചിന്റെ ചതയലില്‍ പിടിച്ചുതൂങ്ങി തുഴയുന്നു. അവളുടെ അമ്മ കൂലിപ്പണിക്കു പോയിരുന്നതുവരെ ചോര പൊടിഞ്ഞിരുന്നെങ്കിലും വലുതാകാത്ത വ്രണം പോലെയൊരു ജീവിതം അവര്‍ക്കു സ്വന്തമായി ഉണ്ടായിരുന്നു. ആ സ്ത്രീക്കു ദീനം പിടിച്ചു പണിക്കു പോകാന്‍ പറ്റാതായതോടെ രണ്ടാം പ്രസവത്തോടെ തുടങ്ങിയ തണ്ടെല്ലു വേദന അണപ്പല്ലിനിടയിലിട്ടു ഞെരിച്ച് അവള്‍ പണിക്കിറങ്ങി. ഒരു ദിവസം പണിക്കിറങ്ങിയാല്‍ രണ്ടാഴ്ചയ്ക്കുള്ള വേദന കൂലിക്കൊപ്പം വീട്ടിലെത്തും. ഒള്ളതാണെങ്കില്‍ രണ്ടു പെമ്പിള്ളേരും. പെമ്പിള്ളേരാണെന്നു എഴുതി ഒട്ടിക്കണം. ചെറുപ്പം മുതല്‍ക്കുതന്നെ വയറുനിറച്ചു ഭക്ഷണം കണ്ട ദിവസം അവര്‍ക്കറിയില്ല. പുറമ്പോക്കിലെ മറ്റു നാലു വീടുകളിലുള്ള പിള്ളേരുടെ ഗതിയും മറിച്ചല്ല. ഒരെണ്ണവും പത്തു കടന്നിട്ടില്ല. സര്‍ക്കാരിന്റെ ബാര്‍ പൂട്ടലിനുശേഷം വീട്ടിലിരുന്നാണ് മിക്ക ആണുങ്ങളുടെയും കുടി. പ്രതിഷേധിക്കുന്ന തന്നോളം പോന്ന പിള്ളേരെ തല്ലല്‍, കാറ്റത്തു പറന്നുപോകാന്‍ പാകത്തിലുള്ള മേല്‍ക്കൂരകളിലേക്കു ചോറുപാത്രം എറിഞ്ഞു പിടിപ്പിക്കല്‍ തുടങ്ങിയ കലാപരിപാടികളിലാണ് രാത്രിയാകുമ്പോ ആണുങ്ങള്‍ക്കു കമ്പം. കരഞ്ഞുപിഴിഞ്ഞ മുഖങ്ങളുമായി പെണ്ണുങ്ങളും പെണ്‍മക്കളും പ്‌ളാസ്റ്റിക് കുടങ്ങളും ടവറകളും എടുത്തു പബ്‌ളിക്ടാപ്പിന്റെ മുന്നില്‍പ്പോയിനിന്ന് അവര്‍ക്കറിയാവുന്ന ദൈവങ്ങളെയൊക്കെ തെറിവിളിച്ചു. അപ്പോഴൊക്കെ വീട്ടില്‍ ആണുങ്ങളില്ലാത്തത് അനുഗ്രഹമാണെന്നുപോലും സ്വര്‍ണ്ണലത ചിന്തിക്കും. പിള്ളേര്‍ തരക്കേടില്ലാതെ പഠിക്കുമെന്നു കണ്ടപ്പോഴാണ് അവള്‍ക്കു ആധി കയറിയത്. വിറകുകൊള്ളികള്‍പോലുള്ള കൈകാലുകള്‍ ചലിപ്പിച്ചു സ്‌കൂളിലേക്ക് ആവേശത്തോടെ പോകുന്ന കുട്ടികളെ കാണുമ്പോള്‍ അവള്‍ക്കു കരച്ചില്‍ മുട്ടും. അതുങ്ങളെ പഠിപ്പിച്ചു സ്വന്തം കാലില്‍ നില്‍ക്കാനാവുന്ന വിധമെങ്കിലും ആക്കിയിട്ടു ചത്താല്‍ മതി എന്നാണവള്‍ക്ക്. അങ്ങനെയാണ് ഒന്‍പതിലും പത്തിലും പഠിക്കുന്ന പെണ്‍കൊച്ചുങ്ങളെ രണ്ടിനെയും അവള്‍ പുവര്‍ഹോമില്‍ കൊണ്ടുപോയി നിര്‍ത്തിയത്. ഒന്നുമില്ലെങ്കിലും മൂന്നുനേരം ആഹാരം കിട്ടും. ജീവിതത്തില്‍നിന്നു യാതൊന്നും ആഗ്രഹിക്കാന്‍ അവസരം കിട്ടാത്ത ആ കുട്ടികള്‍ക്ക് അതു സ്വര്‍ഗ്ഗം ആണെന്ന് അവള്‍ക്കറിയാം. തന്നെപ്പോലെ അവരും ഈ പുറമ്പോക്കിലെ അഴുക്കുചാലിനു വശത്തിരുന്നു റോഡിലൂടെ നടന്നുനീങ്ങുന്ന ഭാഗ്യതാരങ്ങളെ കണ്ടു നെടുവീര്‍പ്പിടരുതെന്നു അവള്‍ക്കു നിര്‍ബന്ധമായിരുന്നു. 

''നാണക്കേട് എന്തരിനു? ജീവിതം ഉള്ളവര്‍ക്കാണ് മാനോം അഭിമാനോം. മരിച്ചുജീവിക്കുന്നവര്‍ക്ക് എന്തരിനു വല്യ അഭിമാനം?” അവള്‍ തയ്യല്‍ വിട്ടു പിഞ്ഞിത്തുടങ്ങിയ മുഷിഞ്ഞ അടിപ്പാവാടക്കു മുകളില്‍ പോളിസ്ടര്‍ സാരി ഞൊറിഞ്ഞുടുത്തു. ഇരുട്ടത്തു പോണ്ട്‌സ് പൗഡറിന്റെ സുഗന്ധം പരത്തി വീട്ടുതിണ്ണക്കു പുറത്തു കാല്‍വച്ചതും നീട്ടിയുള്ള ഒരു കാറിത്തുപ്പല്‍ വീടിനകത്തെ ഇരുട്ടില്‍നിന്നും പുറത്തേക്കു തെറിച്ചു. ആ തുപ്പലിന്റെ ശക്തിയില്‍ തള്ള താഴെ വീണുകാണുമോ എന്നവള്‍ സങ്കടപ്പെട്ടു. പട്ടിണിയിലും ചീര്‍ത്തുചീര്‍ത്തുവന്ന അകം പൊള്ളയായ ശരീരത്തിന്റെ ഭാരക്കുറവു സഹിക്കാനാവാതെ അവളുടെ വള്ളിച്ചെരുപ്പുകള്‍ മഴ നനഞ്ഞുകിടന്ന ഭൂമിയില്‍ വഴുക്കി. ജീവിക്കാനുള്ള ആഗ്രഹമാണ് തന്റെ ശരീരത്തെ വലുപ്പം വയ്പിക്കുന്നത് എന്നവള്‍ക്കു തോന്നി. ഒന്‍പതരയ്ക്കുള്ള ഷോയ്ക്ക് ഇനി അരമണിക്കൂറെ ഉള്ളൂ. റോഡു മുറിച്ചുകടന്നു റെയില്‍വേയുടെ മേല്‍പ്പാലത്തിലൂടെ സ്വര്‍ണ്ണലത ശരം വിട്ടകണക്കിനു വര്‍ക്ക്‌ഷോപ്പിലേക്കു പാഞ്ഞു.


വര്‍ക്ക്‌ഷോപ്പില് പണിക്കു നില്‍ക്കുന്ന ബംഗാളിപ്പയ്യന്‍ അവളെക്കണ്ടതും ഓടിവന്നു ടിക്കറ്റ് കയ്യില്‍ക്കൊടുത്തു. അവളെക്കാത്തു മാത്രമാണ് അവന്‍ അവിടെ നിന്നിരുന്നതെന്ന് അവള്‍ക്കു തോന്നി. അവള്‍ മുന്നോട്ടു നടന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ലൈറ്റണച്ച് അവന്‍ വര്‍ക്ക്‌ഷോപ്പിന്റെ ഷട്ടര്‍ താഴ്ത്തി താഴിട്ടു പൂട്ടുകയാണ്.
സാരിഞൊറി വലിച്ചുപൊക്കി അവള്‍ ഓടി. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ടിക്കറ്റിലെ നമ്പര്‍ അവള്‍ മനസ്‌സില്‍ നിര്‍ത്താതെ ഉരുവിട്ടുകൊണ്ടിരുന്നു. എഫ് 12. ഒരിക്കലും അവള്‍ ഒരു സിനിമാതിയേറ്ററിനകം കണ്ടിട്ടില്ല. അവള്‍ കണ്ട സിനിമകള്‍ക്കെല്ലാം അയല്‍വീട്ടിലെ പതിന്നാല് ഇഞ്ച് ടി.വിയുടെ വലുപ്പമാണ്. തമ്പാനൂരിലെ സിനിമാതിയേറ്ററുകള്‍ക്കു മുന്നിലൂടെ എത്രയോ തവണ താന്‍ നടന്നിരിക്കുന്നു എന്നുപോലും അവള്‍ ഇപ്പോഴാണ് ചിന്തിക്കുന്നത്. തിയേറ്റര്‍ അടുക്കും തോറും അവള്‍ക്കു വിറകയറി. അവള്‍ എന്തിനാണ് അങ്ങോട്ടേക്കു കയറുന്നത്? എല്ലാ മനുഷ്യരും ടിക്കറ്റെടുത്തു കയറുന്നതു സിനിമ കാണാനാണ്. താനോ? അതിനുള്ളില്‍ കയറിപ്പറ്റാന്‍ എന്തുതരം നടപടിക്രമങ്ങളില്‍ക്കൂടി കടന്നുപോകേണ്ടിവരും എന്നാലോചിച്ചപ്പോള്‍ മഴതെളിച്ച അന്തരീക്ഷത്തിലെ തണുപ്പ് ഒരധികപ്പറ്റാണെന്ന നിലക്ക് അവള്‍ ഘനത്തില്‍ നിശ്വസിച്ചുകൊണ്ടിരുന്നു. തന്നെക്കൊണ്ട് ആവശ്യമുള്ളയാള്‍ എന്തിനാണ് തിയേറ്റര്‍ രതിസംഗമത്തിനു തെരഞ്ഞെടുത്തത് എന്നവള്‍ക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അതുകൂടാതെ സിനിമാതിയേറ്ററുകളില്‍ പൊലീസ് കാണുമോ എന്നുകൂടി അവള്‍ക്കു ഭയമായി. എങ്ങാനും വല്ല അബദ്ധത്തിലും പോയി ചാടിയാല്‍ കോളനിയിലോട്ടു കാലെടുത്തു വെക്കാന്‍ പറ്റില്ല. ഇപ്പോത്തന്നെ മുറുമുറുപ്പാണ്. കോളനിയിലെ മുറുമുറുപ്പുകള്‍ എല്ലാം ഒരു കല്യാണസദ്യക്കിടയിലോ (പത്തുപതിനഞ്ചു പേരുടെ കൂട്ടഭക്ഷണം കഴിപ്പിനെ അങ്ങനെ പറയാമെങ്കില്‍) ചാവടിയന്തിരത്തിലെ പതംപറച്ചിലുകള്‍ക്കിടയിലെ മുതുകു തടവലുകളിലോ അലിഞ്ഞുപോകുന്നവയാണ് എന്നവള്‍ക്കറിയാം. ഒരു ചീത്തവിളിക്കിടയില്‍ പ്രയോഗിക്കാന്‍ ഭാഷാപരമായ ചില സാധ്യതകള്‍ പ്രതിയോഗിക്കു തുറന്നുകിട്ടും എന്നതിനുപരി അവരുടെ ജീവിതാഭിലാഷങ്ങളെ കെടുത്തിക്കളയാന്‍ തക്ക സദാചാരം ഉപദേശിക്കാനോ നടപ്പിലാക്കാനോ ഈ ലോകത്തെ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. അവരുടെ ശരീരങ്ങള്‍ക്കു വിശപ്പിന്റെ ഭാരം മാത്രമേ ഉള്ളൂ. അവര്‍ക്കു മനസ്‌സമാധാനം എന്നതു ദിവസത്തില്‍ കൃത്യമായി വെള്ളം ചുരത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പബ്‌ളിക്ടാപ്പും ചായ്പ്പുകള്‍ക്കു പുറകില്‍ എന്നോ കൊടുത്ത പഴംകഞ്ഞിയുടെ കടപ്പാടു തീര്‍ക്കാന്‍ കാവല്‍ കിടക്കുന്ന ചാവാലിപ്പട്ടികളുമാണ്. എന്നാലും ക്ഷണനേരത്തേക്കെങ്കിലും മനുഷ്യര്‍ പ്രദര്‍ശിപ്പിക്കുന്ന അവജ്ഞ മറികടക്കുന്നതു ബുദ്ധിമുട്ടുതന്നെ.
അവള്‍ ഗേറ്റുകടന്ന് ആള്‍ക്കാരുടെയും വാഹനങ്ങളുടെയും ഇടയിലൂടെ തിക്കിത്തിരക്കി തിയേറ്ററിനു മുന്നില്‍ ചെന്നുനിന്നെങ്കിലും ഏതു വഴി പോയാല്‍ ഹാളിനുള്ളില്‍ എത്തും എന്നു നിശ്ചയമില്ലാതെ കുഴങ്ങി. ആള്‍ക്കൂട്ടത്തില്‍നിന്നും എടുത്തുകാണിക്കുംവിധം പരിതാപകരമായിരുന്നു അവളുടെ വേഷം. രാത്രികളില്‍ പ്രകാശിക്കുന്ന ഇടങ്ങളെല്ലാം കൃത്രിമജീവിതത്തെ വിന്യസിക്കുന്ന കാഴ്ചബംഗ്‌ളാവുകള്‍ ആണെന്നവള്‍ക്കു തോന്നി. എങ്ങനെയെങ്കിലും അകത്തുകടന്നു സീറ്റില്‍ ഇരുന്നുകിട്ടിയാല്‍ മതിയെന്നായി അവള്‍ക്ക്. 
കക്ഷത്തില്‍ എന്തോ കടലാസ് ചുരുട്ടിവച്ചിരുന്ന ഒരുത്തന്‍ അവളെ തട്ടിതട്ടിയില്ല എന്ന നിലയില്‍ ഒരഭ്യാസം കാണിച്ചു മുന്നിലേക്കു നടന്നു ഹാളിന്റെ വാതില്‍ക്കല്‍ തിക്കിത്തിരക്കി നിന്ന മനുഷ്യരുടെ പുറകില്‍ പോയി നിന്നു. ഇനി അതയാളാണോ എന്ന ശങ്കയില്‍ അവള്‍ നാലുപാടും നോക്കി അയാളുടെ പുറകില്‍പോയി നിന്നു. ടിക്കറ്റ് വാങ്ങി ആള്‍ക്കാരെ കയറ്റിവിടുന്ന മനുഷ്യനെ അപ്പോഴാണ് അവള്‍ കണ്ടത്. ടിക്കറ്റ് കീറി പകുതി അവളുടെ കയ്യില്‍ തിരുകിപ്പിടിപ്പിച്ചു അയാള്‍ പറഞ്ഞു.
''എഫ് 12. നേരെ പോയി വലത്തോട്ടു തിരിഞ്ഞു നടുഭാഗത്തെ ആറാമത്തെ വരീട അങ്ങറ്റത്തിന്റെ തൊട്ടിപ്രം.” അവള്‍ക്കു മുന്നില്‍പ്പോയ ആള്‍ അവളെ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി നടക്കുന്നത് അവള്‍ കണ്ടു. ഹാളിനകത്തെ ഇരുട്ടില്‍ നടവഴിയില്‍ തെളിഞ്ഞുകിടന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ അവള്‍ക്കു മുന്നില്‍ വെറുതെ പല്ലിളിച്ചു കിടന്നു. വര്‍ണ്ണാന്ധത ഉള്ള ഒരാള്‍ ട്രാഫിക് ലൈറ്റുകളുടെ ഭാഷ മനസ്‌സിലാക്കാന്‍ ശ്രമിക്കും പോലെ തെക്കും വടക്കും തിരിയാതെ അവള്‍ നടന്നതും മുന്നില്‍ നടന്നയാള്‍ അവളുടെ കാതോരം വന്നുനിന്നു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
''സീറ്റ് ഏത്? എന്റത് എഫ് 13.”
''എന്റത് എഫ് 12” ഇതയാള്‍ തന്നെയാവും അവളുറപ്പിച്ചു. അല്ലെങ്കില്‍ ഇങ്ങനെ വന്നു ചോദിക്കില്ലല്ലോ. പോരെങ്കില്‍ തൊട്ടടുത്ത സീറ്റും. അവള്‍ക്കു സമാധാനമായി. ഹാളില്‍ കൂവലും ബഹളവും. അപ്പോഴാണ് സ്‌ക്രീനില്‍ നിറഞ്ഞുനിന്ന വനഭംഗിയില്‍ കടുവയോടൊപ്പം പട്ടുടുത്തു നടക്കുന്ന വെളുത്ത ചിരിയുള്ള പെണ്ണിനെ അവള്‍ കണ്ടത്. ജ്വല്ലറിപ്പരസ്യത്തിന്റെ മാസ്മരികതയില്‍ മുങ്ങി അവള്‍ സീറ്റിലേക്കു നടക്കവേ ആരുടെയൊക്കെയോ കാലുകള്‍ ചവുട്ടിത്തിരുമ്മി. ഒരു ശീല്‍ക്കാരത്തോടെ ഒരു സ്ത്രീ അവളുടെ കയ്യില്‍ സകല വേദനയും കടിച്ചുപിടിച്ച ഒരു നുള്ള് നുള്ളി. എപ്പോഴോ അയാള്‍ അവളെ സീറ്റിലേക്കു വലിച്ചിരുത്തിയപ്പോഴും അവളുടെ വായ് തുറന്നുതന്നെയിരുന്നു. അയാള്‍ അവളുടെ തുടയില്‍ കൈവച്ചതും അശ്‌ളീലച്ചുവയില്‍ എന്തൊക്കെയോ പറഞ്ഞതും ഒന്നും അവള്‍ കേള്‍ക്കുന്നേ ഉണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധ തിരിക്കാന്‍ അയാള്‍ അവളുടെ കയ്യില്‍ അയാളുടെ കയ്യിലുണ്ടായിരുന്ന കപ്പലണ്ടി പായ്ക്കറ്റ് പിടിപ്പിച്ചതും ഹാളില്‍ ജനഗണമന മുഴങ്ങി. സ്‌ക്രീനില്‍ ദേശീയപതാക ആകാശത്തിലൂടെ പാറിക്കളിച്ചു നടക്കുന്നു. ആരോ സ്‌ക്രൂ കൊടുത്തുവച്ച അലാറം കേ്‌ളാക്കിന്റെ കൃത്യതയോടെ അവള്‍ എണീറ്റു നില്‍ക്കുകയും ചുറ്റുപാടും മറന്ന് ആ പാട്ടിനൊത്തു പാടുകയും ചെയ്തു. അവളുടെ കയ്യില്‍നിന്നു താഴെവീണു ചിതറിയ കപ്പലണ്ടിമണികളുടെ നഷ്ടത്തില്‍ തലകുനിച്ച് അയാളും ആ ഗാനം കേട്ടുകൊണ്ടു നിന്നു. ഉഷ്ണിച്ചൊട്ടിയ വയറും തലയില്‍ തേനീച്ചകളുടെ മൂളലുമായി ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ടുപോലെ സ്‌കൂള്‍ അസ്‌സംബ്‌ളിയില്‍ 'ജനഗണമന’യുടെ വരികള്‍ നാക്കിനു വഴങ്ങാതെ നിന്നതോര്‍ത്ത് അവളുടെ കണ്ണിലൂടെ കണ്ണുനീര്‍ നിറഞ്ഞൊഴുകി. കണ്ണുനീരിന്റെയും മൂക്കീറയുടെയും ഉപ്പു ചവച്ചുകൊണ്ട് അവള്‍ 'ഉച്ചല ജലജിത രംഗ’ എന്നു പാടി. ക്‌ളാസ്‌സുകള്‍ തുടങ്ങി മാസങ്ങളായിട്ടും പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്തതിനു ഹെഡ്മാസ്റ്റര്‍ മുറിയില്‍ വിളിച്ചുവരുത്തി തല്ലിയപ്പോള്‍ പാവാട ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ടത് എന്തിനായിരുന്നു എന്നു കരച്ചിലിനിടയിലും അവള്‍ ചിന്തിച്ചു. വയസ്‌സറിയിച്ച തന്റെ കുട്ടികളെയും സാറന്മാര് തല്ലുന്നതു ചന്തിയിലാണോ? ജനഗണമന ജയഹെയില്‍ എത്തിയതും അവളുടെ ചിന്തകള്‍ സമയനിയമങ്ങള്‍ തെറ്റിച്ചു പുറകിലേക്കു പോയി. സ്‌കൂള്‍ അസംബ്‌ളിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്വരശുദ്ധിയുള്ള കുട്ടികള്‍ ആദ്യം പാടിയിരുന്ന 'ചന്തമേറിയ പൂവിലും’ എന്ന കവിത അവള്‍ മൂളി. ഹാളിലെ ജയഹേയില്‍ അവളുടെ ചന്തമേറിയ പൂവിന്റെ വരികള്‍ മുങ്ങിപ്പോയി.
'ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു
മീശനെ വാഴ്ത്തുവിന്‍!’
എന്നുപാടി കണ്ണടച്ച് അപാരമായ ശാന്തതയില്‍ അവള്‍ നിന്നു. പ്യൂണ്‍ മണിയടിച്ചിരിക്കുന്നു. വെയിലില്‍നിന്നു രക്ഷപെ്പടാന്‍ ക്‌ളാസ്‌സിലേക്ക് ഓടിക്കയറാന്‍ വെപ്രാളപ്പെടുന്ന കുട്ടികള്‍. സ്‌കൂള്‍ ഗ്രൗണ്ടിലെ എപ്പോഴും നീരൊഴുക്കിയിരുന്ന ടാപ്പ് കേടായ പൈപ്പ്. അവള്‍ക്കു സ്‌കൂള്‍ മൊത്തമായി ഓര്‍മ്മവന്നു. എന്റെ സ്‌കൂള്‍ എന്റെ സ്‌കൂള്‍ എന്നവള്‍ക്കു തോന്നി. വളര്‍ന്നുവലുതായി പ്രാരാബ്ധങ്ങളുടെ നടുവിലൂടെ പ്രാഞ്ചിനടക്കുന്ന ഒരു മനുഷ്യജീവിയായി പരിണമിക്കാന്‍ വിസമ്മതിച്ച് അവളുടെ മനസ്‌സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ ഓടിക്കളിച്ചു.
''നിനക്കു മാത്രം എന്തര് വല്യ ജാഡ. നീയൊന്നും ഈ നാട്ടിലല്ലേ ജനിച്ചുവളന്നത്?” അവള്‍ ഒരു ദൈവത്തെപ്പോലെ കണ്ണു തുറന്നു. അവള്‍ക്കൊന്നും മനസ്‌സിലായില്ല. സിനിമയുടെ ടൈറ്റില്‍ സംഗീതം കൊണ്ടു ഹാള്‍ നിന്നു വിറക്കുന്നു. മുണ്ടു മാടിക്കുത്തി കൊഴുത്തുരുണ്ട ശരീരമുള്ള ആജാനുബാഹുക്കളായ മൂന്നുപേര്‍ മുന്നില്‍ നില്‍ക്കുന്നു. പെട്ടെന്നുണ്ടായ പേടി കാരണം അവര്‍ അതിശക്തരാണെന്ന് അവള്‍ക്കു തോന്നിയതു സ്വാഭാവികം.
പാട്ട് മാറിപ്പാടിയതു കാരണമാകുമോ അവര്‍ ദേഷ്യപ്പെടുന്നത്? ദൈവമേ ഈശ്വരപ്രാര്‍ത്ഥന പാടാന്‍ കണ്ട നേരം എന്നവള്‍ സ്വയം ശപിച്ചു. എങ്കിലും അവള്‍ക്കു അവള്‍ ചെയ്തതില്‍ അന്യായമായി ഒന്നും കണ്ടെത്താന്‍ ആയില്ല. സ്‌കൂളില്‍ അസ്‌സംബ്‌ളി തുടങ്ങുമ്പോ ഈശ്വരപ്രാര്‍ത്ഥനയും അവസാനിക്കുമ്പോ ജനഗണമനയുമാണ് പാടിക്കൊണ്ടിരുന്നത്. അതുവച്ചു നോക്കുമ്പോ സിനിമ കഴിയുമ്പോഴല്ലേ ജനഗണമന പാടേണ്ടത്? ഇനിയിപ്പോ സ്‌കൂളിലെ നിയമം ആയിരിക്കില്ലേ സിനിമാ തിയേറ്ററില്‍? അല്ലെങ്കില്‍ത്തന്നെ ഇതൊക്കെ ചോദിക്കാന്‍ ഇവരൊക്കെ ആര്? എങ്കിലും ഇതൊന്നും അവരോടു പറയാനുള്ള ധൈര്യമില്ലാത്തതു കൊണ്ട് അവള്‍ ഇത്രമാത്രമേ പറഞ്ഞുള്ളൂ.
''ഞാന്‍ ആദ്യോറ്റാണ് സിനിമക്കു വരണത്. ഇവുടത്ത കാര്യങ്ങളൊന്നും അറിഞ്ഞൂടേരുന്ന്!” ഇതും പറഞ്ഞ് അവള്‍ ഒരു സഹായത്തിനായി തന്റെ കൂടെ വന്നിരുന്നയാളെ നോക്കി. അയാള്‍ അവളെ ശ്രദ്ധിക്കാതെ സിനിമയില്‍ മുഴുകിയിരിക്കുന്നു. അയാളും തന്നെ കയ്യൊഴിഞ്ഞോ? ഇനീപ്പം വന്ന കാര്യത്തിനും പൈസ കിട്ടൂല്ലേ. അവള്‍ സഹായത്തിനായി അയാളുടെ കയ്യില്‍ പതിയെ ഞോണ്ടി. അയാള്‍ അവളെ ഒന്നു നോക്കിയശേഷം വീണ്ടും സിനിമയിലേക്കു കണ്ണുനട്ടിരിപ്പായി. കാര്യം കൈവിട്ടു പോയോ? ഇനീപ്പം സിനിമാ ടിക്കറ്റിന്റെ കാശ് സോമണ്ണനു തിരിച്ചു കൊടുക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് അവള്‍ക്കു ആധിയായി. എവിടന്ന് എടുത്തു കൊടുക്കാന്‍? പോരാത്തതിന് അയാളുടെ തെറിയും കേള്‍ക്കേണ്ടിവരും.  
ദൈവമേ പാപി പോണടം പാതാളം എന്നും പറഞ്ഞ് അവളുടെ മനസ്‌സ് കരയാനാഞ്ഞപ്പോഴാണ് മുന്നില്‍ നിന്ന ഒരുത്തന്‍ അവളുടെ ഇടതുവശത്തിരുന്ന മനുഷ്യന്റെ നേരെ കൈചൂണ്ടുന്നത് അവള്‍ ശ്രദ്ധിച്ചത്. അയാളോടാണ് ഈ മനുഷ്യര്‍ ഇത്രനേരം കയര്‍ത്തതെന്ന് അവള്‍ക്കു തലയില്‍ വെളിച്ചം കത്തിയത് അപ്പോഴാണ്. സ്വപ്‌നം കണ്ടു പേടിച്ചെഴുന്നേറ്റയാളുടെ മുന്നില്‍ കളിക്കുന്ന പാതിരാപ്പടത്തില്‍ എന്നപോലെ അവളുടെ മുന്നിലെ സ്‌ക്രീനില്‍ നായികയുടെ ശരീരം ഒരാള്‍ ഒളിഞ്ഞുനിന്നു നോക്കി ആസ്വദിക്കുന്ന ദൃശ്യം. അതുകണ്ടു സിനിമാഹാളിലെ ആണുങ്ങള്‍ കൂകുന്നു. സ്വര്‍ണ്ണലത മൂക്കുചീറ്റി സാരിത്തലപ്പുകൊണ്ട് അതു തുടച്ചെടുത്തു സീറ്റിലേക്കു വഴുതിയിരുന്നു. അവള്‍ തന്റെ ഇടതുവശത്തു ചരിഞ്ഞിരുന്നുറങ്ങുന്ന മനുഷ്യനെ പാളിനോക്കി. 
ഈ ഉറങ്ങുന്ന മനുഷ്യനെ എന്തിനാണ് അവര്‍ ശകാരിക്കുന്നത്? സിനിമാതിയേറ്ററില്‍ ഉറങ്ങാനും പാടില്ലേ? എന്തിനാണ് മനുഷ്യന്മാര്‍ കാശും കൊടുത്തു തെറി കേള്‍ക്കാന്‍ ഇതിനകത്തു കയറുന്നത്? അതുകൊണ്ടാവും കുറച്ചു വലുപ്പക്കുറവുണ്ടെങ്കിലും ആള്‍ക്കാര്‍ വീട്ടില്‍ ടി.വി വാങ്ങിവയ്ക്കുന്നത് എന്നുപോലും അവള്‍ ചിന്തിച്ചു. അയാളുടെ കിടപ്പുകണ്ടപ്പോള്‍ അയാള്‍ തളര്‍ന്നുറങ്ങുകയാണെന്ന് അവള്‍ക്കു തോന്നി. അവള്‍ പ്രതിഷേധിക്കാന്‍ എന്നപോലെ ആ ധാര്‍ഷ്ട്യം പേറുന്ന ശരീരങ്ങളെ നോക്കി. അവളുടെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നപോലെ ഒരുത്തന്‍ കൈചുരുട്ടി നിവര്‍ന്നുനിന്നു ഞെളിഞ്ഞു കാണിച്ചു. നീ നിന്റെ കാര്യം നോക്കിയാല്‍ മതി എന്ന ധ്വനി ആ കൈചുരുട്ടലില്‍ കൃത്യമായും ഉണ്ടായിരുന്നു. ഒരുത്തന്‍ ഉറങ്ങിക്കിടന്ന ആ മനുഷ്യന്റെ കവിളില്‍ ഞോണ്ടി. ആ ഞോണ്ടലിന്റെ വേദനയില്‍ അയാള്‍ പുളഞ്ഞെണീറ്റു നിന്നു. അയാളുടെ തൊണ്ടയില്‍നിന്നും പേടിച്ചരണ്ട നായയുടെ ശബ്ദംപോലൊന്നു പുറത്തേക്കു ചാടി ഉച്ചസ്ഥായിയില്‍ എവിടെയോ വച്ച് ഒടിഞ്ഞുവീണു. ശാന്തമായി ഉറങ്ങുന്ന നഗരത്തിന്റെ ഹൃദയത്തില്‍ വന്നുവീണു 
ചിതറുന്ന ബോംബുകളുടെ ശബ്ദം വലിച്ചകറ്റിയ ഒരു കുഞ്ഞിന്റെ കണ്‍പോളകള്‍പോലെ പകച്ചുനിന്നിരുന്നു അയാളുടെ കണ്ണുകളും.
''നിനക്കെന്തടാ ജനഗണ കേക്കുമ്പം ഒരു പുച്ചം? ഈ കണ്ട ആള്‍ക്കാരെല്ലാം എഴുന്നേറ്റു നിക്കുമ്പോ നിനക്ക് മാത്രം എന്തരെടാ?”
അയാള്‍ സഹായത്തിനായി ചുറ്റും നോക്കി. പേടിച്ചരണ്ട അയാള്‍ വീണ്ടും സീറ്റിലേക്കുതന്നെ കുഴഞ്ഞിരുന്നു.
''നീ ഇറങ്ങെടാ പൊറത്തോട്ട്. നിന്റെ കാര്യം ഇന്നു തീരുമാനോക്കിത്തരാം. കാലിന്റെ മേല്‍ കാലും കേറ്റിവച്ചിരിക്കണാ. ദേശീയഗാനം കേക്കുമ്പം എണീറ്റ് നിക്കണം എന്ന് ഇനി നിനക്ക് ഒന്നേന്ന് ക്‌ളാസ് എടുക്കണോ? നീ എറങ്ങ് കേട്ടാ.” ഇതൊന്നും തങ്ങളെ സംബന്ധിക്കുന്ന കാര്യമേ അല്ലെന്ന രീതിയില്‍ സ്‌ക്രീനില്‍ കണ്ണുംനട്ടിരുന്ന മറ്റുള്ളവരെ ഒന്നുഴിഞ്ഞു നോക്കിയശേഷം വ്യക്തമായ അധികാരം പ്രദര്‍ശിപ്പിച്ച് അലസമായി ആടിക്കൊണ്ട് ആ ശരീരങ്ങള്‍ നടന്നുചെന്ന് അവയുടെ സീറ്റിലിരുന്നു. ആരും അവരുടെ അപ്രമാദിത്യത്തെ ചോദ്യം ചെയ്യുന്നില്ലെന്നു കണ്ടപ്പോള്‍ സീറ്റുകളില്‍ പോയിരുന്ന ശേഷവും അവര്‍ അയാളെ തെറി വിളിച്ചുകൊണ്ടിരുന്നു. 
അവരാരെന്നു അവള്‍ തലയെത്തിച്ചു നോക്കി. അവളുടെ നെഞ്ചില്‍ ഒരു കല്ലെടുത്തു വച്ച ഭാരം അവള്‍ക്കു അനുഭവപ്പെട്ടുകൊണ്ടിരുന്നു. ജനഗണ സമയത്തു താന്‍ എഴുന്നേറ്റു നിന്നത് എന്തിനാണെന്ന് അവള്‍ക്കു യാതൊരു രൂപവുമുണ്ടായിരുന്നില്ല. എന്തിനായാലും നന്നായി. അല്ലാത്തപക്ഷം ഈ മനുഷ്യര്‍ തന്നെയും പേടിപ്പിക്കുമായിരുന്നോ? ദൈവമേ ഈ നാട്ടില്‍ എവിടെയൊക്കെ എന്തൊക്കെ നിയമങ്ങള്‍ എന്നറിയാതെയാണോ താന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്? അവള്‍ അവളുടെ ഇടതുഭാഗത്തെ സീറ്റില്‍ ചുരുങ്ങി മടങ്ങിയിരിക്കുന്ന മനുഷ്യനെ നോക്കി. അയാളുടെ കൈകള്‍ വിറക്കുന്നത് അവള്‍ ആ ഇരുട്ടിലും വ്യക്തമായി കണ്ടു. ഒരിക്കല്‍ അയാള്‍ അവളെ ശ്രദ്ധിച്ചു നോക്കുകയും ചെയ്തു. അവള്‍ക്കു ചിരിക്കണം എന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. അയാളുടെ പേടി അവളുടെ ചിരിയെക്കൂടി ഇല്ലാതാക്കിക്കളഞ്ഞു. ഇയാള്‍ പുറത്തിറങ്ങിയാല്‍ ആ മനുഷ്യര്‍ അയാളെ തല്ലുമോ? ഇതൊന്നും വിഷയമല്ലാത്ത ഒരുകൂട്ടം ആളുകള്‍ സ്‌ക്രീനില്‍ നടക്കുന്ന കെട്ടിമറിച്ചിലുകള്‍ക്കനുസരിച്ച് ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നു. എല്ലാ നിയമങ്ങളും പാലിക്കുന്നതുകൊണ്ടാണോ ഈ മനുഷ്യര്‍ക്ക് ഇങ്ങനെ വന്നു ആഹ്‌ളാദിക്കാന്‍ കഴിയുന്നത്. നിയമങ്ങള്‍ പാലിച്ചാല്‍ ആ ചേരിയില്‍നിന്ന് ഒരു വിടുതല്‍ ഉണ്ടാവുമെങ്കില്‍ എത്രത്തോളം കഠിനമായ നിയമവും പാലിക്കാന്‍ താന്‍ സന്നദ്ധയാണെന്നു വിളിച്ചു പറയാന്‍ അവള്‍ക്കു തോന്നി. 
രാത്രി തന്റെ അമ്മ വിശന്നു നിലവിളിക്കുന്നതു കേട്ട് ഇന്നും ചായ്പ്പിനു പുറകില്‍പ്പോയി ഇരിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് അവള്‍ക്കു സങ്കടം വന്നു. അവള്‍ നേരത്തെ തന്റെകൂടെ വന്നിരുന്നയാളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി അവളുടെ കൈ അയാളുടെ തുടയില്‍ വച്ചു. അയാള്‍ പ്രതിഷേധം ഒന്നും കാണിക്കുന്നില്ലെന്നു കണ്ട് അവള്‍ അവളുടെ ജോലിയിലേര്‍പ്പെട്ടു. സിനിമയുടെ ഇന്റര്‍വെല്ലിനു മുന്‍പുള്ള ശബ്ദകോലാഹലത്തില്‍ അയാള്‍ ഇരുന്നു ഞരങ്ങി. ഇന്റര്‍വെല്ലിനു ഹാളില്‍ വെളിച്ചം തെളിഞ്ഞതും അവളെ നോക്കുകപോലും ചെയ്യാതെ അയാള്‍ എണീറ്റുപോയി. അപ്പോഴാണ് അവള്‍ ഒരു കാര്യം ശ്രദ്ധിച്ചത് നേരത്തെ അവളുടെ അടുത്തു പേടിച്ചുവിറച്ചിരുന്ന മനുഷ്യന്‍ അവിടെയില്ല. അയാളുടെ വേട്ടക്കാര്‍ ഹാള്‍ മുഴുവന്‍ അയാളെ പരതിനടക്കുന്നു. ഒരുത്തന്‍ അവളെ സൂക്ഷിച്ചുനോക്കി അവളുടെ അടുത്തേക്കു വന്നു.
''നേരത്ത ഇവിടെ ഇരുന്നവന്‍ എവിട?”
അവന്റെ അഹന്തയോടുള്ള പെരുമാറ്റം കണ്ടപ്പോ ഞാനെടുത്തു വിഴുങ്ങി എന്നു പറയാനാണ് അവള്‍ക്കു തോന്നിയത്. എങ്കിലും കാര്യത്തിന്റെ കിടപ്പ് അത്ര പന്തിയല്ലെന്നു കണ്ട് അറിയില്ല എന്ന ഭാവം കാണിച്ച് അവള്‍ മിണ്ടാതിരുന്നു. അയാള്‍ എപ്പോള്‍ എണീറ്റു പോയി എന്ന് അവളും മനസ്‌സില്‍ ചിന്തിച്ചു. ഭയന്നു ജീവിക്കുന്നവര്‍ ഒളിത്താവളങ്ങള്‍ കണ്ടെത്തുക സ്വാഭാവികമല്ലേ എന്നവള്‍ക്കു തോന്നി. തന്റെ അടുത്തിരുന്നയാള്‍ ജീവനും കൊണ്ടോടിയിരിക്കുന്നു. ഇന്റര്‍വലിനു ശേഷം സിനിമ തുടങ്ങി. അവളുടെ ഇരുവശത്തും ഇരുന്നവര്‍ ഇപ്പോള്‍ ഇല്ല. ഇടപാടുകാരന്റെ ടിക്കറ്റിന്റെ മറ്റേക്കീറു കൊടുത്താലേ സോമണ്ണന്‍ പൈസ തരൂ. ഇയാളിതെവിടെപ്പോയി കിടക്കുന്നു. അവള്‍ക്കു ചെറിയ സംശയം തോന്നി. ഇനി അയാള്‍ തന്നെ ആയിരുന്നോ തന്റെ ഇടപാടുകാരന്‍. അതോ അയാള്‍ ഒരവസരം മുതലെടുത്തതാണോ? സ്‌ക്രീനില്‍ ആരൊക്കെയോ ആരെയൊക്കെയോ വെടിവച്ചിടുന്നു. കാറുകള്‍ തല്ലിത്തകര്‍ക്കുന്നു. അവള്‍ മുഖം കുനിച്ചിരുന്ന് ആ ഉറങ്ങിക്കിടന്നിരുന്ന മനുഷ്യനെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അവള്‍ ആ സീറ്റിലേക്കു പാളി നോക്കി. ഒരു കൊച്ചു പേപ്പറില്‍ പൊതിഞ്ഞ് എന്തോ വച്ചിരിക്കുന്നു. അവളതെടുത്തു തുറന്നു നോക്കി. ഒരു സിനിമാ ടിക്കറ്റിന്റെ പകുതി കീറിയതു ഭദ്രമായി പൊതിഞ്ഞുവച്ചിരിക്കുന്നു. ഒരു പെണ്ണിനെ കാശു കൊടുത്തു വിളിച്ചുവരുത്തിയ ശേഷം എല്ലാം മറന്ന് ഉറങ്ങിപ്പോകാന്‍ തക്ക എന്ത് അവശതയാണ് അയാള്‍ക്കുണ്ടായിരുന്നത്? ഇരുട്ടത്തു വയറ്റിപ്പിഴപ്പിനു ഇറങ്ങിത്തിരിച്ച തന്നോട് അയാള്‍ കാണിച്ച അനുകമ്പയോര്‍ത്ത് അവളുടെ ഹൃദയം ഇരുന്നു വിങ്ങി. അപ്പോഴാണ് ഒരു വെള്ളവസ്തു സീറ്റിന്റെ അറ്റത്തുള്ള ഇടുക്കില്‍ കിടക്കുന്നത് അവള്‍ കണ്ടത്. അതെടുത്തു നോക്കിയിട്ടും അതെന്താണ് എന്നവള്‍ക്കു മനസ്‌സിലായില്ല. ഒരു വിരല്‍ വളഞ്ഞ പോലത്തെ പ്‌ളാസ്റ്റിക് വസ്തു. അയാളുടെതാകുമോ? അവള്‍ അതു തന്റെ കയ്യില്‍ പിടിച്ചിരുന്ന കവറിലിട്ടു. സിനിമ തീരുന്നതു കാത്തുനില്‍ക്കാതെതന്നെ അവള്‍ പുറത്തേക്കിറങ്ങി. ഏതു പുഴുത്തവനാണ് തന്നെക്കൊണ്ടു പണിയെടുപ്പിച്ചിട്ടു പൈസ തരാതെ കടന്നുകളഞ്ഞതെന്നോര്‍ത്തപ്പോള്‍ അവള്‍ക്കു ഓക്കാനം വന്നു. ഒരു ചീഞ്ഞ നാറ്റം അവളുടെ മൂക്കില്‍ തങ്ങിനിന്നു. 


''എനിക്കു മുട്ടിനിന്നിട്ട് അവന്റടുത്തു പോയെന്നാരിക്കും നാറി വിചാരിച്ചത്. കിട്ടിയ അവസരം മൊതലെടുക്കണ തെണ്ടികള്‍.” അവള്‍ മഴവെള്ളം തളം കെട്ടിനിന്ന റോഡരികിലെ ഗട്ടറിലേക്ക് ആഞ്ഞുതുപ്പി.
തിയേറ്ററിനു മുന്നിലെ റോഡില്‍ നേരത്തെ ഹാളില്‍ ഇരുന്നുറങ്ങിയ മനുഷ്യനെ തിരഞ്ഞു നടന്നവര്‍ തെറിവിളിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. അവരുടെ കണ്ണില്‍പ്പെടാതെ വശത്തുള്ള ഗേറ്റു വഴി ഇറങ്ങി അവള്‍ തട്ടുകടയുടെ ഭാഗത്തേക്ക് ഓടി. സിനിമ തീരും മുന്‍പ് ഇറങ്ങി ഒറ്റയ്ക്കു പോകുന്ന പെണ്ണിനെ പല കാരണങ്ങളാലും അവര്‍ പിടിച്ചുനിര്‍ത്താന്‍ സാധ്യത ഉണ്ടെന്നു അവള്‍ക്കു തോന്നി. പോരാത്തതിന് ഉറങ്ങിയ മനുഷ്യനു താനുമായി എന്തെങ്കിലും ഇടപാടുണ്ടെന്നു അവര്‍ മനസ്‌സിലാക്കിയാല്‍ തന്നിലൂടെ അയാളെ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചെന്നിരിക്കും. ഇത്ര ദുഃസ്ഥിതിയിലും തനിക്കുള്ള ടിക്കറ്റിന്റെ ബാക്കി അവിടെ വച്ചുപോയ അയാളെ അവള്‍ നന്ദിയോടെ ഓര്‍ത്തു. അവള്‍ നടന്നു തട്ടുകടയുടെ അടുത്തെത്തി. സോമണ്ണന്‍ അവിടെ നില്‍പ്പുണ്ട്. അവളെ കണ്ടതും അയാള്‍ അടുത്തുപോയി ചോദിച്ചു:
''സിനിമ കഴിഞ്ഞില്ലല്ലാ. അയാള്‍ വന്നില്ലേ?”
അവള്‍ ബാഗില്‍നിന്നു രണ്ടു ടിക്കറ്റിന്റെയും ബാക്കി അയാള്‍ക്കു നീട്ടി. അയാള്‍ മറുപടിയെന്നോണം പോക്കറ്റില്‍നിന്ന് അയാളുടെ കമ്മീഷന്‍ കഴിച്ചുള്ള നാന്നൂറ് രൂപ അവള്‍ക്കു കൊടുത്തു. കടയില്‍നിന്ന് അവള്‍ ദോശയും മുട്ടക്കറിയും പാര്‍സല്‍ വാങ്ങുന്നതിനിടെ സിനിമാ ഹാളില്‍നിന്നു കിട്ടിയ പ്‌ളാസ്റ്റിക് സാധനം ബാഗില്‍ നിന്നെടുത്ത് അയാള്‍ക്കു നേരെ നീട്ടി.
''ഇതെന്തരെന്ന് അറിഞ്ഞൂട. അയാള് പോയെന്‌ശേഷം സീറ്റിന്നു കിട്ടിയേണ്.” മറ്റു സംഭവങ്ങള്‍ ഒന്നും തന്നെ പറയാന്‍ അവള്‍ ഉദ്ദേശിച്ചിരുന്നില്ല. കാരണം അവിടെ നടന്നതെന്തെന്നു വാസ്തവത്തില്‍ അവള്‍ക്കു മനസ്‌സിലായിരുന്നില്ല. അയാള്‍ ആ വസ്തു വാങ്ങി നോക്കിയിട്ടു പറഞ്ഞു:
''ആ... വരുവാണെങ്കി ഞാന്‍ കൊടുക്കാം. അതിനു ചെവി കേക്കൂല്ല. പൊട്ടനാ. വര്‍ത്താനോം പറയൂല്ല. അതിന്റെ ചെവീല് തിരുകി വക്കണ സാധനോണ്.”
''ഇത് വച്ചാ എല്ലാം കേക്കാന്‍ പറ്റുവോ?”
''ആരുക്കറിയാം. ഇത്തിരിപ്പോരം വല്ലോം കേക്കുവായിരിക്കും? മുഴുവന്‍ കേട്ടിട്ട് എന്തരു ചെയ്യാന്‍?”
മുഴുവന്‍ കേട്ടിട്ട് എന്തു വിശേഷം? അയാള്‍ ആരാ എന്താ എന്നു കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പാര്‍സലും വാങ്ങി അവള്‍ വീട്ടിലേക്കു നടന്നു. 
തമ്പാനൂരിലെ റൗണ്ടില്‍ കിടന്നുറങ്ങുന്ന തെരുവു ജീവിതങ്ങളെ കവച്ചു കടന്നു വീട്ടിലേക്കോടുമ്പോള്‍ രാത്രിയില്‍ കണ്ണും തുറിച്ചിരുന്നു വിശന്നു തെറിവിളിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖമായിരുന്നു അവളുടെ മനസ്‌സ് നിറയെ. പാവം എന്നവള്‍ മനസ്‌സില്‍ പറഞ്ഞു. വൈദ്യുതവിളക്കുകളുടെ കീഴിലൂടെ നടന്നു റെയില്‍വേ മേല്‍പ്പാലത്തില്‍ കയറിനിന്നു താഴെ രാത്രിവണ്ടിക്കു കാത്തു നില്‍ക്കുന്ന മനുഷ്യരില്‍ അയാളുണ്ടോ എന്നവള്‍ പരതിനോക്കി. അവള്‍ക്കു താങ്ങാന്‍ കഴിയുന്നതിനപ്പുറം ദയ അയാള്‍ അവളോടു കാണിച്ചിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. റെയില്‍വേ വിളക്കുകളുടെ വെട്ടം ലക്ഷ്യമാക്കി പറന്നുപൊങ്ങിയ ഈയാംപാറ്റകള്‍ വിളക്കുചില്ലുകളില്‍ ചെന്നിടിച്ചു നാലുപാടും ചിതറിത്തെറിച്ചു. ഭൂമിയിലേക്കു മഴയായിപെയ്ത ഈയാംപാറ്റകളുടെ നിശ്ശബ്ദമരണങ്ങള്‍ക്കു കാവല്‍ നിന്നപ്പോള്‍ അവള്‍ ശബ്ദരഹിതമായ ഒരു മനുഷ്യജീവന്റെ സംഗീതം എന്തായിരിക്കും എന്നാലോചിച്ചു നോക്കി. രാത്രിവണ്ടി ഉറക്കം തൂങ്ങിയ കുറേ മനുഷ്യരെയും കൊണ്ടു സ്‌റ്റേഷന്‍ വിട്ടു തുടങ്ങിയപ്പോള്‍ പ്‌ളാറ്റ്‌ഫോമിലെ വിളക്കുകള്‍ അണഞ്ഞു ഈയാംപാറ്റകളെ കാണാതായി. ചൂടാറിത്തുടങ്ങിയ ഭക്ഷണപ്പൊതി നെഞ്ചിന്റെ ചൂടിലമര്‍ത്തിപ്പിടിച്ച് അവള്‍ വീട്ടിലേക്കു നടക്കുമ്പോഴും പുതിയ വെളിച്ചങ്ങള്‍ തേടിയ ഈയാംപാറ്റകള്‍ ഇരുട്ടില്‍ തകര്‍ന്നുവീഴുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com