പാഴായിപ്പോയ തിരക്കഥയെഴുത്തുകള്‍

എല്ലാ ശ്രമങ്ങളും ഫലവത്താകണമെന്നില്ല. അവിചാരിതമായ കാരണങ്ങള്‍ പലപ്പോഴും ശ്രമങ്ങളെ പാഴ്‌വേലയാക്കും. എന്നാല്‍ ഇവ തനിക്ക് വ്യത്യസ്തങ്ങളായ പാഠങ്ങളാണ് നല്‍കിയതെന്ന് ബാലചന്ദ്രന്‍
പാഴായിപ്പോയ തിരക്കഥയെഴുത്തുകള്‍

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ താല്‍ക്കാലിക ജോലി രാജിവയ്ക്കുമ്പോള്‍ മനസ്സിലൊരു തീരുമാനമുണ്ടായിരുന്നു. തിരക്കഥയെഴുതിയെങ്കിലും ജീവിക്കാം. അതിനുള്ള പ്‌ളാനിംഗായി പിന്നീട്. വീട്ടില്‍ ടി.വി വാങ്ങിച്ചതു മുതല്‍ ഹിന്ദി സീരിയലുകള്‍ കാണുന്ന ശീലമുണ്ടെനിക്ക്. അക്കൂട്ടത്തില്‍ എനിക്കിഷ്ടപ്പെട്ട സീരിയലായിരുന്നു 'നുക്കഡ്.' അക്കാലത്താണ് തിരുവനന്തപുരം ദൂരദര്‍ശന്‍ ആരംഭിച്ചത്. 'നുക്കഡ്' പോലൊരെണ്ണം എഴുതിയാലോ എന്നാലോചിച്ചു. പെട്ടെന്നു മനസ്സിലേക്കൊരു വിഷയം കടന്നുവന്നു. പോസ്റ്റ്മാനുമായി ബന്ധപ്പെട്ട കഥയായാല്‍ ആളുകള്‍ക്കിഷ്ടപ്പെടും. കോളേജ് കാലഘട്ടത്തില്‍ ശാസ്താംകോട്ട പോസ്റ്റ്ഓഫീസുമായി നല്ല ബന്ധമായിരുന്നു. പോസ്റ്റ്മാസ്റ്റര്‍ രാഘവനും ക്‌ളര്‍ക്ക് മുരളിയുമൊക്കെ അടുത്ത സുഹൃത്തുക്കളായതിനാല്‍ പോസ്റ്റ് ഓഫീസിനകത്തു കയറാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അകത്തുള്ള സ്റ്റൗവില്‍ ഞങ്ങള്‍ ചായയുണ്ടാക്കും. ചില സമയങ്ങളില്‍ ഇന്‍ലന്റ് വില്‍പ്പന നടത്തുന്നതുപോലും ഞാനാണ്. അതുകൊണ്ടുതന്നെ ഈയൊരു പശ്ചാത്തലം നന്നായി അറിയാം. പോസ്റ്റ്മാനെ മുഖ്യകഥാപാത്രമാക്കിയാല്‍ അയാള്‍ ചെല്ലുന്നിടത്തുള്ള വിശേഷങ്ങള്‍ ഓരോ എപ്പിസോഡാക്കി മാറ്റാം. ഇന്ററസ്റ്റിങ്ങായ കഥാപാത്രങ്ങളെ സൃഷ്ടിക്കാം. അങ്ങനെയാണ് നര്‍മ്മം കലര്‍ത്തിയുള്ള തിരക്കഥ എഴുതിയത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എന്റെ സുഹൃത്തായിരുന്ന രഘൂത്തമന്‍ ആ സമയത്ത് തിരുവനന്തപുരത്തുണ്ട്. നാടകവുമായി ബന്ധപ്പെട്ട 'അഭിനയ' എന്ന പ്രസ്ഥാനം രഘൂത്തമന്റെ ജീവശ്വാസമാണ്. ഒരിക്കല്‍ തിരുവനന്തപുരത്തു പോയപ്പോള്‍ ഈ തിരക്കഥ രഘൂത്തമനെ വായിച്ചുകേള്‍പ്പിച്ചു. 
''ബാലേട്ടന്‍ പറഞ്ഞതുപോലെ ദൂരദര്‍ശനിലേക്കു പറ്റിയ പരമ്പരയാണിത്. പക്ഷേ, ഇതിനൊരു പ്രൊഡ്യൂസര്‍ വേണ്ടേ?'
അപ്പോഴാണ് അക്കാര്യത്തെക്കുറിച്ചു ചിന്തിച്ചത്. അതിനുള്ള പരിഹാരവും രഘൂത്തമന്‍ നിര്‍ദ്ദേശിച്ചു. 
''എന്റെ ബന്ധുവാണ് മേനകാ സുരേഷ്. നമുക്ക് അദ്ദേഹത്തെ ഇതു വായിച്ചുകേള്‍പ്പിക്കാം.'
ഞാനും രഘൂത്തമനും കൂടി മേനകാ സുരേഷിനെ കാണാന്‍ പോയി. ആ സമയത്ത് സുരേഷിന്റെ വീട്ടില്‍ ജി.എസ്. വിജയനുമുണ്ടായിരുന്നു. ഹരിഹരന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന വിജയന്‍ സ്വന്തമായി ഒരു സിനിമ ചെയ്യാനിരിക്കുകയാണ്. ഞാന്‍ സീരിയലിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിച്ചപ്പോള്‍ സുരേഷും വിജയനും തലകുത്തിമറിഞ്ഞു ചിരിച്ചു. 
''സംഭവം ഗംഭീരമായിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടതു സീരിയലല്ല, സിനിമയാണ്. നര്‍മ്മത്തിനു പ്രാധാന്യമുള്ള ഒരു സബ്ജക്ട് ഞങ്ങളുടെ കൈയിലുണ്ട്. അതു തിരക്കഥയാക്കി മാറ്റാന്‍ കഴിയുമോ?'
സുരേഷ് ചോദിച്ചപ്പോള്‍ അധികം ആലോചിക്കാതെ സമ്മതിച്ചു. അതിനൊരു കാരണമുണ്ട്. ആ സമയത്ത് എന്തും ഞാന്‍ ചെയ്യും. സാമ്പത്തികമായി അത്രയ്ക്കും പ്രയാസത്തിലാണ്. മാത്രമല്ല, സീരിയല്‍ മോഹിച്ചുപോയപ്പോള്‍ കിട്ടിയത് അതിലും വലിയൊരു പ്രൊജക്ടല്ലേ. മമ്മൂട്ടിയാണ് നായകന്‍. 
വൈകിട്ട് കഥയുമായി ജഗദീഷ് വന്നു. കുട്ടനാടന്‍ പശ്ചാത്തലത്തില്‍, സിനിമാതിയേറ്റര്‍ നടത്തുന്ന ഒരാളുടെ ജീവിതമായിരുന്നു അത്. നിഷ്‌കളങ്കമായ നര്‍മ്മവും ജീവിതത്തിന്റെ വേദനകളും തരുന്ന മനോഹരമായ കഥ. മാത്രമല്ല, അതെനിക്കു വഴങ്ങുമെന്നു തോന്നി. ഞാന്‍ സമ്മതിച്ചു. തൊട്ടടുത്ത ആഴ്ച ഞാനും വിജയനും ചേര്‍ന്നു വൈക്കത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് തിരക്കഥയെഴുതാന്‍ ആരംഭിച്ചു. രാവിലത്തെയും ഉച്ചയിലെയും വൈകിട്ടത്തെയും ഭക്ഷണം വീട്ടില്‍നിന്നു ഭാര്യ കൊടുത്തയയ്ക്കും. രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ തിരക്കഥ പൂര്‍ത്തിയാക്കി. പക്ഷേ, എന്തോ എനിക്കു പിടികിട്ടാത്ത, അജ്ഞാതമായ കാരണത്താല്‍ ആ പ്രൊജക്ട് നടന്നില്ല. എന്താണ് അതിനു പിറകില്‍ നടന്നതെന്നു ഞാനിപ്പോഴും അന്വേഷിച്ചിട്ടില്ല. എനിക്കാകെ നിരാശയായി. വിജയന്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. വീണ്ടും മറ്റൊരു തിരക്കഥയെഴുതാന്‍ ഞാനും വിജയനും കോഴിക്കോട്ടേക്കു പോയി. ഓരോ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നല്ലാതെ എഴുതാന്‍ കഴിയുന്നില്ല. 
നവോദയയ്ക്ക് കമലഹാസന്റെയും സ്മിതാപാട്ടീലിന്റെയും ഡേറ്റുണ്ട്. ആ സമയത്ത് ഒരു സിനിമ പ്‌ളാന്‍ ചെയ്യണം. അതിനവര്‍ കണ്ടെത്തിയത് സംവിധായകന്‍ രാജീവ് അഞ്ചലിനെയാണ്. ഒരു ദിവസം രാജീവ് എന്നോടൊരു കഥ പറഞ്ഞു. ഇന്നത്തെ ക്യാമറാമാനായ എം.ജെ. രാധാകൃഷ്ണന്റെ ചെറിയമ്മയുടെ വടശ്‌ശേരിക്കരയിലെ വീട്ടിലിരുന്നാണ് ഞാന്‍ തിരക്കഥയെഴുതിയത്. അതിനുശേഷം തിരുവനന്തപുരത്തേക്കു പോയി. തിരക്കഥ പൂര്‍ത്തിയായാല്‍ നവോദയയില്‍ ചെല്ലണമെന്ന് നവോദയയിലെ ജിജോ പറഞ്ഞിരുന്നു. അതു ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ വായിച്ചുകേള്‍പ്പിക്കണം. പല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതോളം പേരാണ് ഈ ക്ഷണിക്കപ്പെട്ടവര്‍. മീന്‍പിടുത്തക്കാര്‍, തൊഴിലാളികള്‍, വള്ളക്കാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഡ്വക്കേറ്റുമാര്‍, അധ്യാപകര്‍, തിയേറ്റര്‍ മാനേജര്‍മാര്‍ എന്നിവരൊക്കെയാണ് അവിടെ വരിക. അവര്‍ കഥ കേട്ടശേഷം യഥാര്‍ത്ഥ അഭിപ്രായം പറയും. അതനുസരിച്ചാണ് സിനിമയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നത്. ഉച്ചയ്ക്കുശേഷമാണ് എറണാകുളത്തെ നവോദയ സ്റ്റുഡിയോയില്‍ എത്തേണ്ടത്. തലേദിവസം രാത്രിയില്‍ റിലാക്‌സ് ചെയ്യാനായി ഞാനും രാജീവും ശ്രീ പദ്മനാഭ തിയേറ്ററിലേക്കു കയറി. അന്നാണ് ഫാസിലിന്റെ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' റിലീസ് ചെയ്യുന്നത്. ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ എഴുതിയ തിരക്കഥയുമായി ഒരുപാട് സാമ്യങ്ങളുണ്ടായിരുന്നു, ആ സിനിമയ്ക്ക്. അതേപടിയല്ല. കുറേ കാര്യങ്ങളിലുള്ള സമാനതകള്‍. 
''അയ്യോ, ബാലേട്ടാ ഇനിയെന്തുചെയ്യും?'
രാജീവ് എന്റെ മുഖത്തേക്കു നോക്കി. ഞാനും ആകെ വല്ലാതായി. 
''നമുക്കൊരു കാര്യം ചെയ്യാം. ഈ തിരക്കഥ നവോദയയില്‍ വായിക്കാം. ഈ സിനിമ ഇന്ന് റിലീസ് ചെയ്തല്ലേ ഉള്ളൂ. അധികമാരും കാണാന്‍ സാധ്യതയില്ല. സ്‌ക്രിപ്റ്റ് ഓക്കെയാണെന്ന് എല്ലാവരും പറഞ്ഞാല്‍ ഇതിലെ സമാനതകളില്‍ മാറ്റം വരുത്തുകയും ചെയ്യാം.'
ഞാന്‍ രാജീവിനെ സമാധാനിപ്പിച്ചു. ഞങ്ങള്‍ അടുത്ത ദിവസം നവോദയയിലെത്തി. വിവിധ മേഖലയില്‍പ്പെട്ടവര്‍ ഞങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരെയും കണ്ടപ്പോള്‍ എന്റെ നെഞ്ചിടിപ്പു കൂടി. കുറ്റവാളിയെപ്പോലെയാണ് അവര്‍ക്കുമുന്‍പില്‍ തിരക്കഥ വായിച്ചത്. ഭാഗ്യം. ആരും 'മണിവത്തൂരിലെ ശിവരാത്രി'യെക്കുറിച്ചു പറഞ്ഞതേയില്ല. ബാക്കിയുള്ള ചില തിരുത്തലുകളും കുഴപ്പങ്ങളും മാത്രമാണ് നിര്‍ദ്ദേശിച്ചത്. എനിക്കും രാജീവിനും ശ്വാസംനേരെ വീണത് അപ്പോഴാണ്. നവോദയയില്‍ത്തന്നെ ഞങ്ങള്‍ക്കു മുറിയുണ്ടായിരുന്നു. നേരെ അവിടേക്കു ചെന്നു. കതകടച്ചശേഷം കെട്ടിപ്പിടിച്ച് ആഹഌദം പ്രകടിപ്പിച്ചു. ചിരിച്ചും ബഹളംവച്ചും സംസാരിക്കുമ്പോഴാണ് പെട്ടെന്നു കതകിനൊരു മുട്ട് കേട്ടത്. ബഹളം നിലച്ചു. ഡോര്‍ തുറന്നപ്പോള്‍ അപ്പച്ചന്‍ മുതലാളി നില്‍ക്കുന്നു. എപ്പോഴാണ് പോകുന്നത്? എങ്ങോട്ടാണ് പോകുന്നത്? എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ അന്വേഷിച്ചു. എല്ലാറ്റിനും മറുപടി പറയുമ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പു കൂടിക്കൂടിവന്നു. പോകാന്‍നേരം മുതലാളി ചോദിച്ചു: ''നിങ്ങള്‍ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' കണ്ടിട്ടുണ്ടോ?' റിഹേഴ്‌സല്‍ ചെയ്തുവച്ചതുപോലെ ഇല്ലെന്നു രണ്ടുപേരുടെയും മറുപടി. 
''എങ്കില്‍ നാട്ടിലെത്തിയാല്‍ നിങ്ങളാദ്യം കാണേണ്ടത് ആ സിനിമയാണ്.' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മുറിവിട്ടു പോയി. അത്രനേരവും ആഹ്‌ളാദിച്ചിരുന്ന ഞങ്ങളുടെ മുറി പെട്ടെന്നു മരണവീട് പോലെ ശാന്തമായി. പൊട്ടിക്കരയാനാണ് തോന്നിയത്. ഒരുമാസത്തോളം വര്‍ക്ക് ചെയ്‌തെടുത്ത ഫുള്‍ സ്‌ക്രിപ്റ്റാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. 
അന്ന് നവോദയയില്‍നിന്ന് രാജീവിന് പതിനായിരം രൂപ നല്‍കിയിരുന്നു. പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തി. എനിക്ക് വൈക്കത്തേക്കും രാജീവിന് തിരുവനന്തപുരത്തേക്കുമാണ് പോകേണ്ടത്. വൈക്കം ബസ്സിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ രാജീവ് എനിക്കുനേരെ ഒരു കവര്‍ നീട്ടി. പൊളിച്ചുനോക്കിയപ്പോള്‍ പതിനായിരം രൂപ.
''നവോദയയില്‍നിന്നു തന്നതാണ്. അണ്ണനല്ലേ, ഇപ്പോള്‍ കാശിനാവശ്യം. ഇതെടുത്തോളൂ.'
വേണ്ടെന്നു പലതവണ പറഞ്ഞിട്ടും രാജീവ് സമ്മതിച്ചില്ല. 
''ഓണമല്ലേ അണ്ണാ അടുത്തയാഴ്ച. ഭാര്യയ്ക്കും കൊച്ചിനും എന്തെങ്കിലുമൊക്കെ വാങ്ങിച്ചുകൊടുക്ക്.'
അതില്‍ പകുതി തിരിച്ചുകൊടുക്കാന്‍ നോക്കിയെങ്കിലും രാജീവ് വാങ്ങിയില്ല. അതൊക്കെയാണ് അവരുടെ ഔന്നത്യം. ആ സമയത്ത് ആ പണം മുഴുവനും എനിക്ക് വേണമായിരുന്നു. പകുതി എടുത്തോളൂ എന്ന് രാജീവിനോടു പറയുന്നതുപോലും പകുതി മനസേ്‌സാടെയാണ്. ആ പണം എനിക്കു വലിയൊരു ആശ്വാസമായിരുന്നു. 
പിടികിട്ടാത്ത ചില കാരണങ്ങള്‍ കൊണ്ടാണ് എന്റെ തിരക്കഥകളൊന്നും സിനിമയാകാതെ പോകുന്നത്. ആദ്യത്തെ സ്‌ക്രിപ്റ്റ് എഴുതി അത് തിയേറ്ററിലെത്തിയാലേ ഒരു പുതിയ എഴുത്തുകാരന് ഊര്‍ജ്ജമുണ്ടാവുകയുള്ളൂ. ഇവിടെ ഞാന്‍ ഓരോ സമയത്തും തകര്‍ന്നു താഴെപ്പോവുകയാണ്. അടുത്ത തിരക്കഥയുമായി ചെല്ലുമ്പോള്‍ അടുത്ത അടി വന്നു വീഴും. വീണ്ടും താഴേയ്ക്ക്. 
കേരള ട്രാവല്‍സിലെ ചന്ദ്രുവിന്റെ കൈയിലുണ്ടായിരുന്ന കഥയെ തിരക്കഥയാക്കി മാറ്റിയെഴുതിക്കൊടുത്തതും ഞാനാണ്. അതും സിനിമയായി വന്നില്ല. ആയിരക്കണക്കിനു പേജുകളാണ് എഴുതിയെഴുതി തള്ളുന്നത്. എന്റെ സര്‍ഗ്ഗാത്മകത ഒഴുകിപ്പോയിക്കൊണ്ടിരിക്കുകയാണ്. കാശുമില്ല, ജോലിയുമില്ല, സന്തോഷവുമില്ല. 
'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമ സംവിധാനം ചെയ്ത ഗിരീഷ് തെളിഞ്ഞുനില്‍ക്കുന്ന കാലമാണന്ന്. അയാളുടെ അടുത്ത സിനിമയുടെ ഷൂട്ടിംഗ് പകുതിക്കുവച്ചു നിന്നുപോയി. തിലകന്‍ ചേട്ടനൊക്കെയാണ് പ്രധാന വേഷങ്ങളില്‍. ഒരു ദിവസം ഗിരീഷ് വിളിച്ചു. 
''ആ സിനിമ മുടങ്ങിയതു നന്നായി. സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിയിട്ടേ ഷൂട്ടിംഗ് തുടങ്ങുന്നുള്ളൂ. അതിനു ബാലചന്ദ്രന്‍ സഹായിക്കണം.'
എന്നുവച്ചാല്‍ അതു മാറ്റിയെഴുതിക്കൊടുക്കണം എന്നര്‍ത്ഥം. അതിനു കാശ് തരും. പേരുണ്ടാവില്ല. പേരൊന്നും വേണ്ട. കാശ് മതിയെന്നായി ഞാന്‍. തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലില്‍ അതിനായി മുറിയെടുത്തുതന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പീഡനകാലമായിരുന്നു അത്. എന്നെ എത്രത്തോളം മാനസികമായി പീഡിപ്പിക്കാന്‍ കഴിയുമോ അത്രയും ബുദ്ധിമുട്ടിച്ചു. എഴുത്തിനെ നിസ്സാരവല്‍ക്കരിക്കുക, മുറിവേല്‍പ്പിക്കുന്ന വിധം സംസാരിക്കുക തുടങ്ങിയ കലാപരിപാടികളായിരുന്നു സംവിധായകന്‍ നടത്തിക്കൊണ്ടിരുന്നത്. ഒരു നികൃഷ്ടനെ കൈകാര്യം ചെയ്യുന്നതുപോലെ അയാള്‍ എന്നോടു പെരുമാറി. ആ സമയത്താണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. എല്ലാ ഫിലിം ഫെസ്റ്റിവലിനും ഞാന്‍ പോകാറുണ്ട്. അത്തവണയും അവിടെയുള്ളതിനാല്‍ ഇടയ്ക്കു പോകാമെന്നാണ് കരുതിയത്. എന്നാല്‍ സംവിധായകന്‍ എന്നെ മുറിയില്‍നിന്നു പുറത്തേക്കു പോകാന്‍പോലും അനുവദിച്ചില്ല. സഹികെട്ട് ഒരുപടമെങ്കിലും കാണാന്‍ അനുവദിക്കണം എന്നു പറഞ്ഞപ്പോള്‍, താങ്കള്‍ എവിടെയും പോകണ്ട, സ്‌ക്രിപ്റ്റ് തിരുത്തിയാല്‍ മതിയെന്നായിരുന്നു മറുപടി. അയാളാണെങ്കില്‍ രാവിലെ മുറിയില്‍ വന്നു ചില നിര്‍ദ്ദേശങ്ങളൊക്കെ തന്നു നേരെ ഫെസ്റ്റിവലിനു പോകും. ഒരുപടം കണ്ട് ഉച്ചയോടെ വീണ്ടും മുറിയിലെത്തും. കസേരയില്‍ കാലിന്‍മേല്‍ കാല്‍കയറ്റി മാടമ്പിമാരെപ്പോലെ ഇരിക്കും. മാറ്റിയ സീനുകള്‍ കാണിച്ചുകൊടുത്താല്‍ ദേഷ്യത്തോടെ വലിച്ചുകീറി കൊട്ടയിലിടും. എന്നിട്ട് അലറും–ഇതൊക്കെ വെറും ചവറ്. ഇങ്ങനെയാണോ സ്‌ക്രിപ്റ്റ് എഴുതുന്നത്? 
ചിലത് പേനകൊണ്ട് വെട്ടും. എന്നിട്ടു മാറ്റിയെഴുതാന്‍ കല്‍പ്പിക്കും. സഹിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഗിരീഷുമായി ഉടക്കിട്ടു. തമ്മില്‍ ഭയങ്കര വഴക്കായി. പരസ്പരം തല്ലാന്‍ വരെ ഒരുങ്ങിയപ്പോള്‍ സ്ഥലം വിട്ടു. ഞാന്‍ പറയേണ്ടതു മുഴുവനും പറഞ്ഞാണ് അവിടെനിന്നിറങ്ങിയത്. അയാളും എന്നെ വായില്‍ത്തോന്നിയതൊക്കെ വിളിച്ചു. എന്തായാലും അവിടെനിന്നു രക്ഷപ്പെട്ടപ്പോള്‍ വല്ലാത്തൊരു സമാധാനം തോന്നി. അന്നു ഞാന്‍ തീരുമാനിച്ചു, എനിക്കു പറ്റിയ പണിയല്ല, തിരക്കഥയെഴുത്ത്. അധികനാള്‍ ആ കഷ്ടപ്പാട് നീണ്ടുനിന്നില്ല. എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ലക്ചററായി ജോലി കിട്ടിയതോടെ സാമ്പത്തികപ്രശ്‌നങ്ങളെല്ലാം മാറി. ഇനി തിരക്കഥ എഴുതിയില്ലെങ്കിലും ജീവിക്കാമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്.

യക്ഷിയും ഗന്ധര്‍വ്വനും
ഒന്നിച്ചുവന്നപ്പോള്‍

ഒരു ദിവസം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലേക്ക് ഒരു കോള്‍. നവോദയയിലെ ജോസ്‌മോനാണ്–ഞാനും ജിജോയും ടി.കെ. രാജീവ്കുമാറും കോട്ടയം ഐഡ ഹോട്ടലില്‍ വരുന്നുണ്ട്. വൈകിട്ട് അവിടേക്കൊന്നു വരാമോ?
തിരക്കഥയെഴുതാനാണെങ്കില്‍ ഞാനില്ലെന്നു പറഞ്ഞു. അത്രയ്ക്കു വിരക്തി തോന്നിയ കാലമായിരുന്നു അത്. ഇനി അതിന്റെ കാര്യമില്ല. കാരണം എനിക്കു മാന്യമായ വരുമാനമുള്ള നല്ലൊരു ജോലിയുണ്ട്. മറ്റൊരു കാര്യം സംസാരിക്കാനാണെന്ന് ജോസ്‌മോന്‍ പറഞ്ഞപ്പോള്‍ ആശ്വാസം. 
''ഒരു കഥ കേള്‍ക്കാന്‍ വേണ്ടി വിളിച്ചതാണ്. കേട്ടിട്ട് അഭിപ്രായം പറയണം. തിരുത്തുണ്ടെങ്കിലും നിര്‍ദ്ദേശിക്കാം.'
രാജീവ്കുമാര്‍ കഥ പറഞ്ഞു. ഒരു ഫാന്റസിക്കഥയായിരുന്നു അത്. ഒരു യക്ഷി മനുഷ്യസ്ത്രീയായി ഭൂമിയിലേക്കു വരുന്നു. സുന്ദരിയായ അവള്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നു. അവളെ ഒരാള്‍ പ്രണയിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് പ്രമേയം. സാധാരണ ഒരു യക്ഷിക്കഥയ്ക്കപ്പുറം പ്രസാദാത്മകമായ, ഇന്റിമസിയും റൊമാന്‍സുമൊക്കെയുള്ള കഥയായിരുന്നു അത്. കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. മനോഹരമാണെന്നും സിനിമയാക്കിയാല്‍ ശ്രദ്ധിക്കപ്പെടുമെന്നുമുള്ള അഭിപ്രായം ഞാന്‍ പറഞ്ഞു. 
''എങ്കില്‍ ഈ പ്രമേയത്തെ ക്രോണോജിക്കല്‍ ഓര്‍ഡറില്‍ ഒരു കഥയാക്കി എഴുതിത്തരാമോ?'
കഥയെഴുതുന്നതു ശീലമില്ലെന്നു പറഞ്ഞൊഴിഞ്ഞപ്പോള്‍, ഓര്‍ഡറില്‍ എഴുതിയാല്‍ മതിയെന്നായി രാജീവ്കുമാര്‍. സമ്മതിച്ചു. എനിക്കും എന്തോ ഒരു വല്ലാത്ത താല്‍പ്പര്യം ആ പ്രമേയത്തോടു തോന്നിയിട്ടുണ്ടെന്നതു മറ്റൊരു സത്യം. വീട്ടിലെത്തിയ ശേഷം രാത്രി ഡയറിയെടുത്തുവച്ച് ഞാന്‍ ആ കഥ എഴുതാന്‍ തുടങ്ങി. താല്‍പ്പര്യമുള്ളതുകൊണ്ടാവാം, വളരെ പെട്ടെന്നുതന്നെ എഴുതിത്തീര്‍ത്തു. ചില സബ്ജക്ടിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്. കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ മനസ്‌സ് ഫലഭൂയിഷ്ഠമാവും. വിത്തു കിളിര്‍ക്കുകയും ഇല വരികയും പടരുകയും ചെയ്യും. ഇവിടെയും അതാണ് സംഭവിച്ചത്. അടുത്തയാഴ്ച മൂന്നുപേരെയും വായിച്ചുകേള്‍പ്പിച്ചു. അവര്‍ക്കു ഭയങ്കര ഇഷ്ടമായി. 
''ഇനി മറ്റൊരാളെ ഏല്‍പ്പിക്കുന്നില്ല. ഇതൊരു തിരക്കഥയാക്കി എഴുതിത്തന്നുകൂടെ?'
രാജീവ്കുമാര്‍ ചോദിച്ചപ്പോള്‍ പറ്റില്ലെന്നു പറയാന്‍ തോന്നിയില്ല. പക്ഷേ, ഒരു നിര്‍ദ്ദേശം വച്ചു. 
''എനിക്ക് ലീവെടുക്കാന്‍ വയ്യ. അതുകൊണ്ട് വെക്കേഷന്‍ കാലത്തു മാത്രമേ എഴുത്തു നടക്കുകയുള്ളൂ.'
രാജീവും ജോസ്‌മോനും സമ്മതിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ ഞാനും രാജീവും തിരക്കഥയെഴുതാനായി കോട്ടയം ടി.ബിയില്‍ ഇരുന്നു. ഇഷ്ടമുള്ളതുകൊണ്ടാവാം, വളരെ പെട്ടെന്നുതന്നെ ആ തിരക്കഥ എഴുതിത്തീര്‍ത്തു. പണ്ട് ചെയ്തതുപോലെ ഇതും നവോദയയില്‍ ക്ഷണിക്കപ്പെട്ടവരുടെ മുന്‍പില്‍ വായിക്കണം. പക്ഷേ, ഇത്തവണ എനിക്കു ചങ്കും കാലും വിറയ്ക്കില്ല. കാരണം നവോദയയില്‍നിന്നു നേരിട്ടു പറഞ്ഞാണ് തിരക്കഥയെഴുതിയത്. മാത്രമല്ല, എനിക്കു കാശിന്റെ ആവശ്യമില്ലതാനും. സ്‌ക്രിപ്റ്റ് വായിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി. ജിജോയ്ക്കും രാജീവിനും നന്നായി അറിയുന്ന ചെറുപ്പക്കാരനാണ് ശരത്. സംഗീതം ചെയ്യിക്കാന്‍ ശരത്തിനെ വിളിച്ചുവരുത്തി. പാട്ടെഴുതാന്‍ കൈതപ്രത്തെയും. അവര്‍ നവോദയയില്‍ താമസിച്ചുകൊണ്ട് മനോഹരമായ ആറ് പാട്ടുകളെഴുതി. സംഗീതം ചെയ്തു. ചെറുപ്പക്കാരനായ പയ്യനെയാണ് നായകനായി കണ്ടുവെച്ചിട്ടുള്ളത്. ഹിന്ദിയിലെ 'മഹാഭാരതം' സീരിയലില്‍ ദ്രൗപദിയായി അഭിനയിച്ച പെണ്‍കുട്ടിയെ നായികയാക്കാനും തീരുമാനിച്ചു. രാജീവിനും ജിജോയ്ക്കും ടെക്‌നോളജി ഭയങ്കര പിടുത്തമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. റെക്കോഡിങ്ങിന് തീയതി തീരുമാനിച്ചശേഷം മദ്രാസില്‍ കൂടാമെന്നു പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. എനിക്കും സന്തോഷമായി. ഏറെക്കാലത്തിനുശേഷം ഒരു സ്വപ്‌നം പൂവണിയാന്‍ പോവുകയാണ്. 
പത്തുദിവസം കഴിഞ്ഞുകാണും. അയല്‍പക്കത്തെ വീട്ടിലേക്കൊരു ഫോണ്‍. രാജീവ്കുമാറാണ്. 
''നമ്മുടെ പ്രൊജക്ട് പോയി ബാലേട്ടാ...'
ഇടറുന്ന ശബ്ദത്തിലാണ് രാജീവിന്റെ സംസാരം. 
''പദ്മരാജന്‍ സാര്‍ സമാനമായ ഒരു സബ്ജക്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. ഇതില്‍ യക്ഷിയാണെങ്കില്‍ അതില്‍ ഗന്ധര്‍വ്വനാണ്.'
ഞാന്‍ മരവിച്ചുപോയി. മുന്‍പ് ഫാസിലിന്റെ 'ശിവരാത്രികള്‍'. ഇപ്പോള്‍ പദ്മരാജന്‍ സാറിന്റെ സിനിമ. എങ്ങനെയാണ് എഴുത്തില്‍ ഇത്തരം സമാനതകള്‍ വരുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. എന്തൊരു ഗതികേടാണിത്. വീണ്ടും, എഴുതിയതു നടക്കാതെ പോവുകയാണ്. അടികിട്ടി അടികിട്ടി ഒരു പരുവത്തിലായിരിക്കുകയാണ് ഞാന്‍. ആദ്യത്തെ അനുഭവമായതിനാല്‍ രാജീവ് എന്നേക്കാള്‍ സങ്കടപ്പെട്ടു. നവോദയയില്‍നിന്നു വിളിച്ചെങ്കിലും 'ഞാന്‍ ഗന്ധര്‍വ്വന്‍' മാറ്റിവയ്ക്കാന്‍ പദ്മരാജന്‍ സാര്‍ തയ്യാറായില്ല. അപ്പോഴേക്കും അവര്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരുന്നു. അങ്ങനെ 'ഗാന്ധര്‍വ്വം' എന്ന പേരിട്ട സിനിമയും ജലരേഖയായി മാറി. (ആ പേരില്‍ വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു സിനിമ പുറത്തിറങ്ങി) വീണ്ടും തലയ്ക്ക് കൈ കൊടുത്ത് പ്രാര്‍ത്ഥിച്ചു–ദൈവമേ, ഇനി എനിക്കു സിനിമയൊന്നും എഴുതാന്‍ വയ്യ. 
ഏറെ നാളുകള്‍ കഴിഞ്ഞ് പാലായില്‍നിന്നും ബേബി (പിന്നീടിയാള്‍ ചാലിപാല എന്ന നടനായി) എന്നൊരാള്‍ എന്നെ കാണാന്‍ ലെറ്റേഴ്‌സില്‍ വന്നു. 
''സംവിധായകന്‍ ഭദ്രന്‍സാര്‍ പറഞ്ഞയച്ചിട്ടു വന്നതാണ്. ഒന്നു നേരില്‍ കാണണമെന്നു പറഞ്ഞു. കാര്‍ കൊണ്ടുവന്നിട്ടുണ്ട്.'
സ്‌ക്രിപ്റ്റ് എഴുതാനാണെങ്കില്‍ വരില്ലെന്നു കട്ടായം പറഞ്ഞു. കാരണം ഒരാവശ്യവുമില്ലാതെ ഇറങ്ങിപ്പുറപ്പെട്ട് മുകളിലേക്ക് കയറിക്കയറി നടുവൊടിഞ്ഞുവീണു കിടക്കുന്ന അവസ്ഥയിലാണ് ഞാന്‍. ഇനിയും ഒരു വീഴ്ച സഹിക്കില്ല. 
ബേബി പോകാതെ പുറത്തിരുന്നു. അഞ്ചുമിനിട്ട് കഴിഞ്ഞില്ല. നവോദയയില്‍ നിന്നും സുഹൃത്തായ ഉവൈസ് വിളിച്ചു. 
''ബാലചന്ദ്രാ, ഭദ്രനെ അറിയില്ലേ? 'അയ്യര്‍ ദി ഗ്രേറ്റൊ'ക്കെ ചെയ്തയാളാണ്. ഹരിഹരന്റെ അസോസിയേറ്റാണ്. മികച്ച സംവിധായകന്‍. ഈയൊരു അവസരം വിട്ടുകളയരുത്. നല്ല പ്രൊജക്ടാണ്. മാത്രമല്ല, ഇതുവരെ ബാലചന്ദ്രന്റെ ഒന്നും വന്നിട്ടില്ലല്ലോ. ഇതു നല്ലൊരു തുടക്കമായിരിക്കും. അതുകൊണ്ട് മണ്ടത്തരം കാണിക്കാതെ ബേബിക്കൊപ്പം പോകണം.'
ഞാന്‍ ആലോചിച്ചു. ഒരുപക്ഷേ, ഇതു ശരിയായി വന്നാലോ? മാത്രമല്ല, ഇത്രയും കാലം ഞാന്‍ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ നടക്കുകയാണെന്ന് ശാസ്താംകോട്ടയിലെയും വൈക്കത്തെയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാം. പക്ഷേ, അതൊന്നും സിനിമയായി വരുന്നില്ല. അതു തെളിയിച്ചുകൊടുക്കാനുള്ള ബാധ്യത കൂടി എന്നിലുണ്ട്. ഒരേയൊരു പ്രാവശ്യം എന്റെ സ്‌ക്രിപ്റ്റ് സിനിമയായി തിയേറ്ററില്‍ വരണം. സ്‌ക്രീനില്‍ തിരക്കഥ, സംഭാഷണം– പി. ബാലചന്ദ്രന്‍ എന്നെഴുതിക്കാണിക്കണം. ആ സിനിമ എട്ടുനിലയില്‍ പൊട്ടിയാലൂം സാരമില്ല. എന്നോടുതന്നെയുള്ള വാശിക്കാണ് ഭദ്രനെ കാണാന്‍ പോയത്. ഭദ്രന്‍ 'അങ്കിള്‍ബക്ക്' എന്ന ഇംഗ്‌ളീഷ് സിനിമയുടെ കാസെറ്റ് എന്നെ ഇട്ടു കാണിച്ചു. അതിനുശേഷം പറഞ്ഞു: ഇതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരു തിരക്കഥയെഴുതണം. 
അങ്കിള്‍ ബക്കിനെ ഞാന്‍ കേരളീയ അന്തരീക്ഷത്തിലേക്കു കൊണ്ടുവന്നു. 'അങ്കിള്‍ബണ്‍' എന്ന് ആ സിനിമയ്ക്കു പേരുമിട്ടു. എഴുത്തിന്റെ സന്ദര്‍ഭങ്ങളില്‍ ഞാനും ഭദ്രനും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടും രണ്ട് വ്യക്തികളാണ്. ഭദ്രന് അയാളുടേതായ സങ്കല്‍പ്പങ്ങളും അഭിരുചിയും ഈഗോയുമുണ്ട്. ഞാനും അങ്ങനെത്തന്നെ. ആ സംഘര്‍ഷത്തില്‍നിന്നാണ് ഈ സ്‌ക്രിപ്റ്റുണ്ടായത്. അത് ആരുടെയും കുറ്റമല്ല. എല്ലാവരുമായും ഈ ലോകത്തു ചേര്‍ന്നുകൊള്ളണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. എന്നുവച്ച് ഞാനും ഭദ്രനും പിണങ്ങിയിട്ടൊന്നുമില്ല. ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. ഷൂട്ടിംഗ് ആരംഭിച്ചു. അതിന്റെ വാര്‍ത്തകള്‍ സിനിമാ മാസികകളിലും പത്രങ്ങളിലുമൊക്കെ വന്നുതുടങ്ങി. ലെറ്റേഴ്‌സില്‍ സക്കറിയ എന്നൊരു പ്യൂണുണ്ട്. അവന്‍ എല്ലാ സിനിമാ മാസികകളും വായിക്കും. തിങ്കളാഴ്ച രാവിലെ ഓഫീസിലേക്കു വരുമ്പോള്‍ അവന്‍ പറയും: ''സാറേ, ചിത്രഭൂമിയിലും നാനയിലും 'അങ്കിള്‍ബണി'ന്റെ റിപ്പോര്‍ട്ടുണ്ട്. പക്ഷേ, അതിലൊന്നും തിരക്കഥാകൃത്തായ സാറിന്റെ പേരില്ലല്ലോ.' അതോടെ ഞാന്‍ നിരാശനാവും. കാരണം പേരു വരാന്‍ വേണ്ടിയാണ് ഈ പണിക്ക് അവസാനം പോയത്. വീണ്ടും അടുത്ത തിങ്കളാഴ്ച വന്നപ്പോള്‍ അവന്‍ പറഞ്ഞു: ''സാറേ, വെള്ളിനക്ഷത്രത്തില്‍ സാറിന്റെ പേര് രാമചന്ദ്രന്‍ എന്നാണ് അച്ചടിച്ചുവന്നിരിക്കുന്നത്.' വീണ്ടും ഞാന്‍ അസ്വസ്ഥനായി. ഒന്നുകില്‍ പേരു കാണില്ല അല്ലെങ്കില്‍ തെറ്റിവരും. ഇവനാകട്ടെ, എന്നും എന്നെ നോവിക്കാന്‍ വേണ്ടി ഇതു പറയുകയും ചെയ്യും. ഈ മാഗസിനുകളെല്ലാം സക്കറിയ മുഖേന എന്നെ വേദനിപ്പിച്ചിട്ടുണ്ട്. 
സിനിമ റിലീസായപ്പോള്‍ ആരും എന്നെ വിളിച്ചു കാണിക്കാനൊന്നും കൊണ്ടുപോയില്ല. അങ്ങനൊരു സാഹചര്യമല്ലായിരുന്നു. അവസാനം അടൂരിലെ ഒരു തിയേറ്ററില്‍ പോയി അങ്കിള്‍ബണ്‍ കണ്ടു. സ്‌ക്രീനില്‍ എന്റെ പേരിനായി നോക്കിയിരുന്നു. വെള്ള അക്ഷരത്തിലാണ് പേര് തെളിഞ്ഞത്. ചെറിയൊരു ഭാഗത്തെ കറുപ്പില്‍ തിരക്കഥ, സംഭാഷണം എന്ന് എഴുതിയപ്പോള്‍ കറുപ്പില്‍ കാണുന്നത് 'ഷണം' എന്നു മാത്രമാണ്. എന്റെ പേരാകട്ടെ, 'ന്ദ്രന്‍' എന്നും. കൊതിച്ചു കൊതിച്ച് അവസാനം മുറിഞ്ഞ പേരു കണ്ടു സംതൃപ്തിപ്പെടേണ്ടിവന്നു. 
'അങ്കിള്‍ബണ്‍' എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കമലിനു വേണ്ടി 'ഉള്ളടക്കം' ചെയ്യാന്‍ അവസരം വന്നത്. ചെറിയാന്‍ കല്‍പ്പകവാടിയുടെ കഥയായിരുന്നു അത്. സത്യം പറഞ്ഞാല്‍ ലെറ്റേഴ്‌സില്‍ ജോലി കിട്ടിയതിനുശേഷം എഴുതിയിട്ടുള്ള തിരക്കഥകളൊന്നും നൂറുശതമാനവും ആത്മാര്‍ത്ഥതയോടെ ചെയ്തതാണെന്നു നെഞ്ചില്‍ കൈവച്ചു പറയാന്‍ കഴിയില്ല. പൂര്‍ണമായും മനസ്സര്‍പ്പിച്ചുകൊണ്ട് ഞാന്‍ എഴുതിയ സ്‌ക്രിപ്റ്റുകളൊന്നും നടന്നിട്ടില്ലെന്നതാണ് സത്യം. അവയോടാണ് എനിക്കിപ്പോഴും സ്‌നേഹം. കാരണം, ആ സമയത്ത് എനിക്കൊരു ജീവിതം വേണമായിരുന്നു. പിന്നീടുള്ള ഒരു സ്‌ക്രിപ്റ്റും ഞാന്‍ നെഞ്ചോടുചേര്‍ത്തു പിടിച്ചിട്ടില്ല. എല്ലാറ്റിനും നിന്നുകൊടുക്കുകയായിരുന്നു. 
'ഗാന്ധര്‍വ്വ'ത്തിലൂടെ എനിക്കു നല്ലൊരു സുഹൃത്തിനെയാണ് കിട്ടിയത്. ടി.കെ. രാജീവ്കുമാര്‍. മനുഷ്യത്വപരമായി എന്നെ കെയര്‍ ചെയ്യാന്‍ രാജീവിനു കഴിയാറുണ്ട്. ഞാനാകട്ടെ, വീട്ടിലെ ഇളയ സന്തതിയാണ്. അവര്‍ എന്നെ കെയര്‍ ചെയ്താണ് കൊണ്ടുനടന്നത്. അതില്‍ സ്വസ്ഥനാവുന്ന ഒരാളാണ് ഞാന്‍. രാജീവ് ആ രീതിയില്‍ എന്നെ പരിചരിച്ചുകൊണ്ടുപോയിരുന്നു. രാജീവിനുവേണ്ടി നാല് സ്‌ക്രിപ്‌റ്റെഴുതിയിട്ടുണ്ട്. നടന്നതു രണ്ടെണ്ണം മാത്രമാണ്. 'പവിത്രവും' 'തച്ചോളി വര്‍ഗ്ഗീസ് ചേകവരും'. അത് എന്റെയോ രാജീവിന്റെയോ കുറ്റം കൊണ്ടല്ല. പല പല കാരണങ്ങള്‍കൊണ്ടാണ്. പന്ത്രണ്ട് സ്‌ക്രിപ്റ്റുകള്‍ സിനിമയായി തിയേറ്ററിലെത്തിയിട്ടുണ്ട്. അത്രതന്നെ തിരക്കഥകള്‍ സിനിമയാകാതെ പോയിട്ടുമുണ്ട്. ഒരെണ്ണത്തിന്റെ കോപ്പിപോലും സൂക്ഷിച്ചുവച്ചിട്ടില്ല. അതിലൊന്നും എനിക്കിപ്പോള്‍ സങ്കടമില്ല. ഇതിനെയൊക്കെ ഒരു യോഗമായിട്ടേ ഞാന്‍ കാണുന്നുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com