ശബ്ദമില്ലാത്ത ശബ്ദം

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐയും ജമാഅത്തെ ഇസ്‌ലാമിയുടെ ആണ്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒയും തമ്മിലുള്ള സംഘര്‍ഷം പുകയാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായി.
ശബ്ദമില്ലാത്ത ശബ്ദം

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐയും ജമാഅത്തെ ഇസ്‌ലാമിയുടെ ആണ്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒയും തമ്മിലുള്ള സംഘര്‍ഷം പുകയാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായി. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗ്ഗീയ അവബോധം വളര്‍ത്തുകയും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യാന്‍ എസ്.ഐ.ഒ. ശ്രമിക്കുന്നു എന്നത്രേ എസ്.എഫ്.ഐയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിനെതിരേയും ഇതേ ആരോപണം മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ഉന്നയിച്ചുപോന്നിട്ടുണ്ട്.


എസ്.എഫ്.ഐയുടെ ആരോപണത്തിനു കനവും മൂര്‍ച്ചയും കൂടിയ സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നിനു സി.പി.ഐ.എം. മടപ്പള്ളി കോളേജിനു സമീപം 'ബഹുജന പ്രതിരോധ സദസ്‌സ്' സംഘടിപ്പിക്കുകയുണ്ടായി. 'മടപ്പള്ളി കോളേജിനെ വര്‍ഗ്ഗീയ രാഷ്ട്രീയക്കാര്‍ക്ക് അടിയറ വയ്ക്കില്ല' എന്നു മുദ്രാവാക്യമുയര്‍ത്തി നടത്തിയ സദസ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടനുസരിച്ച് കോടിയേരി തന്റെ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചിട്ടുണ്ട്.


പാര്‍ട്ടി സെക്രട്ടറിയുടെ പ്രസംഗം കേട്ടവരും അതു സംബന്ധിച്ച റിപ്പോര്‍ട്ട് വായിച്ചവരും സി.പി.ഐ.എം. ജമാഅത്തെ ഇസ്‌ലാമിയെ കാണുന്നതു ലക്ഷണമൊത്ത വര്‍ഗ്ഗീയ, മതമൗലിക പ്രസ്ഥാനമായാണ് എന്ന ധാരണയ്ക്കു വശംവദരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഒരു കാര്യത്തില്‍ സംശയം ബാക്കിനില്‍ക്കുക തന്നെ ചെയ്യും. മതനിരപേക്ഷത തകര്‍ക്കുന്ന മതമൗലിക കക്ഷിയെന്നു കോടിയേരി വിലയിരുത്തുന്ന സംഘടനയോടു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പരസ്യമായി ബാന്ധവമുണ്ടാക്കാന്‍ എങ്ങനെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു സാധിച്ചു എന്ന കാര്യത്തിലാണത്. ചില പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൗദൂദിസ്റ്റുകളെ കൂട്ടിയാണല്ലോ മാര്‍ക്‌സിസ്റ്റുകാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നു മാത്രമല്ല, പ്രാദേശിക തലത്തില്‍ സാധാര സഖാക്കളും വരേണ്യ, സമ്പന്ന മൗദൂദിസ്റ്റുകളും തമ്മില്‍ അഭിപ്രായ സംഘര്‍ഷമുണ്ടാകുമ്പോള്‍ പാര്‍ട്ടി എം.എല്‍.എ. തൊട്ടുള്ള നേതാക്കള്‍ ധനിക മൗദൂദിസ്റ്റുകളോടൊപ്പം നില്‍ക്കുന്ന പരമവിചിത്രം മാത്രമല്ല, പരിഹാസ്യവും കൂടിയായ അവസ്ഥാവിശേഷവും നിലവിലുണ്ട്.


എന്നുവെച്ചാല്‍, കനത്ത സാമ്പത്തിക പിന്‍ബലത്തോടെയും മികച്ച അധോ സംഘടനാ സൗകര്യങ്ങളോടെയും പ്രവര്‍ത്തിച്ചുപോരുന്ന ജമാഅത്തെ ഇസ്‌ലാമിയോടു സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ചു സംസ്ഥാനത്തെ സി.പി.ഐ.എം. നേൃത്വത്തിനു വ്യക്തതയൊട്ടുമില്ല. പഴയ ആ ശൈലി കടമെടുത്തു പറഞ്ഞാല്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മൗദൂദിസ്റ്റ് സംഘടനയെന്നതു മധുരിച്ചിട്ടു തുപ്പാനും വയ്യ, കയ്ചിട്ടിറക്കാനും വയ്യ എന്ന പരുവത്തിലുള്ള ഒരു പ്രതിഭാസമാണ്. ചില പോക്കറ്റുകളില്‍ അല്‍പ്പസ്വല്‍പ്പം വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. അതു കിട്ടിയാല്‍ ഏതാനും തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ രണ്ടു മൂന്നു അസംബ്‌ളിമണ്ഡലങ്ങളിലും തങ്ങള്‍ക്കു നേട്ടമുണ്ടാക്കാം എന്നു മാര്‍ക്‌സിസ്റ്റുകാര്‍ക്കറിയാം. ആ മധുരം വേണ്ടെന്നു വയ്ക്കാന്‍ അവര്‍ക്കാവില്ല. മറുഭാഗത്ത് മുസ്‌ലിംലീഗിനെ തകര്‍ത്തുകൊണ്ടു മാത്രമേ തങ്ങള്‍ക്കു കേരളത്തില്‍ രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാനാകൂ എന്നറിയാവുന്നതിനാല്‍ ജമാഅത്തെ ഇസ്‌ലാമി തല്‍ക്കാലം സി.പി.ഐ.എമ്മിനെ അനുകൂലിക്കുന്ന നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുകയും ചെയ്യും.


അതിനര്‍ത്ഥം സി.പി.ഐ.എമ്മോ കമ്യൂണിസമോ വളര്‍ന്നു കാണാന്‍ ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു എന്നല്ല. ആ സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നതു കമ്യൂണിസമാണ്. ആര്‍.എസ്.എസ്സിന്റെ ഗോള്‍വല്‍ക്കര്‍ മൂന്നു ശത്രുക്കളെ എണ്ണിപ്പറഞ്ഞതില്‍ ഇസ്‌ലാമിനും ക്രിസ്തുമതത്തിനും ശേഷം വരുന്നതാണ് കമ്യൂണിസം. ജമാഅത്തെ ഇസ്‌ലാമിയുടെ ഗോള്‍വല്‍ക്കര്‍ (മൗദൂദി) നമ്പര്‍ വണ്‍ ശത്രുവായി അവതരിപ്പിച്ചതു കമ്യൂണിസത്തെയാണ്. ഏഴരപതിറ്റാണ്ടു മുന്‍പ് ജമാഅത്തെ ഇസ്‌ലാമിക് രൂപം നല്‍കിയ മൗദൂദി അര്‍ത്ഥശങ്കയ്ക്കു പഴുതൊട്ടും നല്‍കാതെ പറഞ്ഞുവച്ചത്, 'ഒരു ജര്‍മ്മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്നു പൊട്ടിമുളച്ചതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്നത്രേ.


ആ 'വിഷച്ചെടി'യുടെ വളര്‍ച്ച തടയാന്‍ മറ്റിടങ്ങളിലെന്നപോലെ കേരളത്തിലും ജമാഅത്തെ ഇസ്‌ലാമി സര്‍വ്വ തന്ത്രങ്ങളും പ്രയോഗിച്ചു പോന്നിട്ടുണ്ട്. മുസ്‌ലിം ചെറുപ്പക്കാര്‍ കമ്യൂണിസത്തിലേയ്ക്കു ആകര്‍ഷിക്കപ്പെടുന്നതു പ്രതിരോധിക്കാന്‍ മതവികാരവും സാമ്പത്തിക, തൊഴില്‍ പ്രലോഭനങ്ങളും ഉപയോഗപ്പെടുത്തിപ്പോന്ന പ്രസ്ഥാനമാണത്. തങ്ങള്‍ക്കു സാമാന്യം സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇച്ചൊന്ന ഉപകരണങ്ങള്‍ വഴി കുറേയേറെ മുസ്‌ലിം സമുദായങ്ങളെ തങ്ങളുടെ മതമൗലിക അജന്‍ഡയ്ക്ക് കീഴ്‌പ്പെടുത്താന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ടെന്നത് അനിഷേധ്യമാണ്. അന്യഥാ ഇടതുചേരിയിലേക്കു സഞ്ചരിക്കുമായിരുന്ന മുസ്‌ലിം യുവതീയുവാക്കളെ ആ പന്ഥാവില്‍നിന്നു അടര്‍ത്തിയെടുത്തു സ്വന്തം ചേരിയുടെ യോദ്ധാക്കളായി അവര്‍ മാറ്റിയിട്ടുണ്ട്.


എ.കെ.ജിയുടേയും ഇ.എം.എസ്‌സിന്റേയും പേരില്‍ പഞ്ചായത്തുകള്‍ തോറും മാര്‍ക്‌സിസ്റ്റ് പഠന കേന്ദ്രങ്ങളും തിരുവനന്തപുരം ഉള്‍പ്പെടെ ചിലയിടങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പഠന ഗവേഷണകേന്ദ്രങ്ങളും നടത്തുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അത്തരം കേന്ദ്രങ്ങളില്‍ ഗവേഷണ പാടവമുള്ള വല്ലവരുമുണ്ടെങ്കില്‍, അവര്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം യുവജനങ്ങളെ മാര്‍ക്‌സിസത്തില്‍നിന്നു പിന്തിരിപ്പിച്ച് ഇസ്‌ലാമിസത്തിലേയ്ക്കു മൂക്കുകയറിട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചു പഠനം നടത്താന്‍ മുന്നോട്ടു വരണം. അപ്പോള്‍ മനസ്സിലാകും കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ മതവികാരചൂഷണത്തിലൂടേയും ധനത്തിലൂടേയും തൊഴില്‍ വാഗ്ദാനങ്ങളിലൂടേയും മൗദൂദിസ്റ്റ് സംഘടന മുസ്‌ലിം സമുദായാംഗങ്ങളെ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ആലകളില്‍ തെളിച്ചുകൊണ്ടുപോയി കെട്ടിയതിന്റെ കണക്കും വ്യാപ്തിയും രീതിശാസ്ത്രവും.


ജമാഅത്തെ ഇസ്‌ലാമിയോട് അനുവര്‍ത്തിക്കേണ്ട സമീപനത്തെക്കുറിച്ചു സംസ്ഥാനത്തെ സി.പി.ഐ.എം. നേതൃത്വത്തിനു വ്യക്തതയില്ലെന്നു നേരത്തെ സൂചിപ്പിക്കുകയുണ്ടായി.

എട്ടു വര്‍ഷം മുന്‍പ് കിനാലൂര്‍ പ്രക്ഷോഭത്തില്‍ ജമാഅത്തിന്റെ യുവപുരുഷ സംഘമായ സോളിഡാരിറ്റി സി.പി.ഐ.എമ്മിനെതിരെ നിലപാടെടുത്തപ്പോള്‍ മൗദൂദിസ്റ്റ് സംഘടനയെ നിശിതമായി വിമര്‍ശിക്കാന്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വം മുന്നോട്ടു വന്നിരുന്നു. അക്കാലത്ത് ദേശാഭിമാനിയില്‍ ജമാഅത്തെ  ഇസ്‌ലാമിക്കെതിരെ ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അതിവര്‍ഗ്ഗീയ മതമൗലിക സംഘടനയാണ് ജമാഅത്തെന്നു വിളംബരം ചെയ്യുന്ന ലേഖനങ്ങളാണ് അന്നു പാര്‍ട്ടിപ്പത്രത്തില്‍ അച്ചടിച്ചു വന്നത്.


മാസങ്ങള്‍ക്കുശേഷം 2009-ല്‍ ലോകസഭ തെരഞ്ഞെടുപ്പും തുടര്‍ന്നു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും വന്നതോടെ സ്ഥിതിയാകെ മാറി. ജമാഅത്തെ ഇസ്‌ലാമി രായ്ക്കുരാമാനം തങ്കക്കുടമായി മാറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ഒളിഞ്ഞും തെളിഞ്ഞും മൗദൂദിസ്റ്റ് നേതാക്കളെ കാണാന്‍ നെട്ടോട്ടമോടി സി.പി.ഐ.എം. നേതൃത്വം. ഇതെല്ലാം സംഭവിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസാധനാലയമായ ചിന്ത പബ്‌ളിഷേഴ്‌സ് പുറത്തിറക്കിയതും സീതാറാം യെച്ചൂരി എഴുതിയതും ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണെന്നു വ്യക്തമാക്കുന്നതുമായ രണ്ടു പുസ്തകങ്ങള്‍ ദേശാഭിമാനി ബുക്ക് സ്റ്റാളുകളില്‍ വില്‍പ്പനയ്ക്കു നല്‍കിയിരുന്നു എന്നതാണ് കൗതുകകരം. യെച്ചൂരിയും അങ്ങോരുടെ പുസ്തകങ്ങളും പോയി തുലയട്ടെ, നമുക്കു വലുതു വോട്ട് എന്നതായിരുന്നു സംസ്ഥാന പാര്‍ട്ടി സാരഥികളുടെ നിലപാട്.


സി.പി.ഐ.എമ്മിന്റെ ഈ ഇരട്ടത്താപ്പ് ജമാഅത്തിനു ഗുണകരമായി ഭവിച്ചു. കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ യാതൊരു സ്ഥാനവുമില്ലാതിരുന്ന ആ സംഘടന വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ തദ്ദേശസ്ഥാപന തലങ്ങളിലെങ്കിലും അവിടവിടെ ഇടം നേടാന്‍ സാധിക്കുന്നിടത്തേയ്ക്കു വളര്‍ന്നു. എന്നിട്ടിപ്പോള്‍ കോടിയേരി പ്രസംഗിക്കുന്നു, സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന്! സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയല്ലാതെ മറ്റെന്തു പണിയാണ് ആ സംഘടനയില്‍നിന്നു പ്രതീക്ഷിക്കാനാവുക? മതധ്രുവീകരണം ഉത്പാദിപ്പിക്കാതെ ഒരു മതമൗലിക പ്രസ്ഥാനത്തിനു നിലനില്‍ക്കാന്‍ കഴിയുമോ? മുസ്‌ലിങ്ങള്‍ മുഴുവന്‍ ഏതെങ്കിലും മതേതര പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന സമീപനം കൈക്കൊണ്ടാല്‍ പിന്നെ ജമാഅത്തെ ഇസ്‌ലാമിന് എന്തു പ്രസക്തി?


മടപ്പള്ളിയില്‍ എസ്.ഐ.ഒയ്‌ക്കെതിരെ പോര്‍മുഖം തീര്‍ത്ത എസ്.എഫ്.ഐ. ആദ്യം ചെയ്യേണ്ടതു സ്വന്തം മാതൃസംഘടനയെ വിചാരണ ചെയ്യുകയാണ്. മതമൗലികവാദത്തെ നെഞ്ചേറ്റിയ ജമാഅത്തെ ഇസ്‌ലാമിയോടു തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുകയെന്ന രാഷ്ട്രീയ അധാര്‍മ്മികതയ്ക്ക് എന്തുകൊണ്ടു പാര്‍ട്ടി നേതൃത്വം വഴങ്ങി എന്ന ചോദ്യം അവര്‍ ഉയര്‍ത്തണം. ഹിന്ദുരാഷ്ട്രം സ്വപ്നം കാണുന്ന ആര്‍.എസ്.എസ്‌സിനെപ്പോലെത്തന്നെ ഇസ്‌ലാമിക രാഷ്ട്രം സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയേയും തുറന്നെതിര്‍ക്കാന്‍ എന്തുകൊണ്ടു പാര്‍ട്ടി അറച്ചുനില്‍ക്കുന്നു എന്ന ആലോചനയിലേയ്ക്ക് അവര്‍ കടന്നുവരുകയും വേണം.
മടപ്പള്ളി വിഷയത്തില്‍ പൊതു സമൂഹവികാരമെന്താണെന്നു കൂടി എസ്.എഫ്.ഐയും സി.പി.ഐ.എമ്മും ശ്രദ്ധിക്കേണ്ടതാണ്. എസ്.ഐ.ഒയെക്കാള്‍ എസ്.എഫ്.ഐയെത്തന്നെയാണ് പൊതുസമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. തങ്ങള്‍ക്കു മേധാവിത്വമുള്ള കലാലയങ്ങളില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും പൊറുപ്പിക്കില്ലെന്ന എസ്.എഫ്.ഐയുടെ ധാര്‍ഷ്ട്യമാണ് പ്രശ്‌നത്തിന്റെ അടിത്തട്ടിലുള്ളത് എന്നാണവരുടെ വിലയിരുത്തല്‍. ഫാസിസത്തെ എതിര്‍ക്കുന്നവര്‍ സ്വയം ഫാസിസ്റ്റുകളാകുന്നതു ക്ഷന്തവ്യമല്ല തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com