ഇറോം ശര്‍മ്മിള
ഇറോം ശര്‍മ്മിള

ഉത്തരദേശത്ത് തോറ്റുപോയ ശരികള്‍

ഇറോം ശര്‍മ്മിളയുടെ പരാജയം മാത്രമല്ല, വിജയിച്ചുവന്ന ക്രിമിനല്‍ കേസ് പ്രതികളുടെ എണ്ണം കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധിക്കേണ്ട ഒന്നാക്കി മാറ്റുന്നത്

രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ജനം എങ്ങനെ വിധിയെഴുതും? പ്രത്യേകിച്ച് ഭാരതത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന ഉത്തര്‍പ്രദേശില്‍. എന്നാല്‍, വ്യാഖ്യാനത്തിനുള്ള വക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നല്‍കാതെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അപ്രതിരോധ്യമായ ആധിപത്യം നേടി. രണ്ടിടത്ത് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഭരണമുറപ്പിച്ചു. രണ്ടു സംസ്ഥാനങ്ങളില്‍ ഭരണം നേടാനുള്ള ശ്രമവും തുടങ്ങി. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ ജനവിധി. നോട്ട് പിന്‍വലിക്കല്‍ തീരുമാനം തെറ്റായിരുന്നില്ല എന്നു ജനവിധിയുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാനാകും. കൂടാതെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ലഭിച്ച വന്‍ ഭൂരിപക്ഷം പാര്‍ലമെന്റില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നിയമനിര്‍മ്മാണത്തിനും നയരൂപവല്‍ക്കരണത്തിനുമുള്ള സാധ്യത തുറന്നിടും. രാജ്യസഭയില്‍ കൂടുതല്‍ അംഗങ്ങളെ ലഭിക്കുന്നതോടെ ബില്ലുകള്‍ പാസ്സാക്കുന്നതിനുണ്ടായ തടസ്സം ഇല്ലാതാകും. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും കാര്യമായ വെല്ലുവിളികള്‍ പാര്‍ട്ടിക്കു നേരിടേണ്ടിവരില്ല. മോദിപ്രഭാവത്തെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒന്നുകൂടി വിജയം കണ്ടു എന്നുവേണം കരുതാന്‍. മോദിക്കും അമിത്ഷായ്ക്കുമെതിരെ പാര്‍ട്ടിയില്‍ത്തന്നെ ഉയര്‍ന്നുവന്ന മുറുമുറുപ്പുകള്‍ക്ക് ഇനി സ്ഥാനമുണ്ടാവില്ല. ഉത്തര്‍പ്രദേശിലെ രാമജന്മഭൂമി–ബാബ്‌റി മസ്ജിദ് പ്രശ്‌നം വീണ്ടും സജീവമാകുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്.

ഉത്തരസംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ കൂറ്റന്‍ വിജയത്തില്‍ അമ്പരന്നുനില്‍ക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍, യുക്തിപരമായി ഇവരോടു ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഉത്തര്‍പ്രദേശില്‍ ആരു ജയിക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. കലാപങ്ങളോ ലഹളകളോ നേരിടുന്നതില്‍ ഒരു കാര്യക്ഷമതയും പുലര്‍ത്താതിരുന്ന, സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ അമ്പേ പരാജയപ്പെട്ട സമാജ്‌വാദി പാര്‍ട്ടിയോ? പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിഭാഗീയതയും അരാജകത്വവും. അങ്ങനെ നില്‍ക്കുന്ന ഒരു പാര്‍ട്ടിയെ ഒരു രാഷ്ട്രീയഭാവനയോ നയതന്ത്രചാതുരിയോ ഇല്ലാതെ പിന്തുണച്ച കോണ്‍ഗ്രസ്സോ? പരാജയങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളാനോ തന്ത്രങ്ങള്‍ മെനയാനോ കോണ്‍ഗ്രസ്സിന് ഇനിയും കഴിയുന്നില്ല എന്നതാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കു കിട്ടിയ ഏഴുസീറ്റ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ അനിഷേധ്യനായി ഉയര്‍ന്നുവരാനുള്ള രാഹുല്‍ ഗാന്ധിയുടെ സാധ്യതകള്‍ക്ക് ഇതോടെ മങ്ങലേല്‍ക്കും. പഞ്ചാബിലും മണിപ്പൂരിലും ഗോവയിലും ഉണ്ടായ മുന്നേറ്റങ്ങള്‍ സംസ്ഥാന നേതാക്കളുടെ ആസൂത്രണത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുക. അതേസമയം, രാഹുല്‍ ഗാന്ധിയാണ് യു.പിയില്‍ പ്രചരണത്തിനു ചുക്കാന്‍ പിടിച്ചത്. 

എസ്.പിയുടേയും ബി.എസ്.പി യുടേയും അകാലിദളിന്റേയും ദയനീയ പരാജയത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ സാധുത ചോദ്യം ചെയ്യപ്പെടുകയാണ്. ബീഹാറിലുണ്ടായ മഹാസഖ്യം പോലെയുള്ള കൂട്ടായ്മകള്‍ പ്രായോഗികമായില്ലെങ്കില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്നു പറയാതെ വയ്യ. പഞ്ചാബില്‍ ഭരണം പിടിക്കുമെന്നും ഗോവയില്‍ നിര്‍ണ്ണായക ശക്തിയാകുമെന്നും കരുതിയിരുന്ന ആംആദ്മി പാര്‍ട്ടിക്കു പ്രതീക്ഷിച്ച വിജയം കിട്ടിയില്ല. എങ്കിലും പഞ്ചാബിലെ രണ്ടാം സ്ഥാനം അവര്‍ക്ക് ആത്മവിശ്വാസം നല്‍കും.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ് ഉത്തര്‍പ്രദേശില്‍ കണ്ടത്. ഇതിനു മുന്‍പു നടന്ന ഡല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തിനുശേഷമുണ്ടായ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസമുണ്ടാക്കും. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളും 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നിലുണ്ട്. 

ഹ്യദയഭൂമിയിലെ വിജയം
രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും നയങ്ങളെയും പോലും കാര്യമായി മാറ്റുന്നതാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം. ഇന്ത്യയിലെ ഓരോ മനുഷ്യനെയും നേരിട്ടു ബാധിച്ച നോട്ടുപിന്‍വലിക്കലിനു ജനം എന്തു മറുപടി നല്‍കും എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്. അതിനു പുറമെ സാമുദായിക പ്രശ്‌നങ്ങളുടെ പേരില്‍ ബി.ജെ.പി ഏറ്റവും അധികം പ്രതിസ്ഥാനത്തുനിന്ന സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. മുസാഫര്‍ നഗര്‍ മുതല്‍ ചെറുതും വലുതുമായ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍, ബീഫിന്റെ പേരിലുണ്ടായ സംഘര്‍ഷങ്ങള്‍, ദാദ്രിയില്‍ ബീഫ് കൈവശം വെച്ചതിന്റെ പേരിലുണ്ടായ കൊലപാതകം, അലീഗഢ് സര്‍വ്വകലാശാലയിലടക്കം ബീഫ് കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമം, കാലികളെ കടത്തുന്നതിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. എല്ലാറ്റിലും പ്രതിസ്ഥാനത്ത് ബി.ജെ.പി അല്ലെങ്കില്‍ സംഘപരിവാര്‍ സംഘടനകളായിരുന്നു. എന്നിട്ടും ദാദ്രിയും മുസാഫര്‍ നഗറും അടക്കമുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബി.ജെ.പി ജയിച്ചുകയറി. 62 പേര്‍ കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപത്തില്‍ പ്രതികളായ സംഗീത് സോം, സര്‍ധാന മണ്ഡലത്തില്‍നിന്നും സുരേഷ് റാണ താന ഭവന്‍ മണ്ഡലത്തിലും ജനപ്രതിനിധികളായി.

മായാവതി
മായാവതി

403 അംഗ നിയമസഭയില്‍ 325 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. സമാജ്‌വാദി പാര്‍ട്ടി 47, ബി.എസ്.പി 19, കോണ്‍ഗ്രസ് ഏഴ് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ സീറ്റ് നില. 39.7 ശതമാനം വോട്ട് ഷെയറാണ് ബി.ജെ.പി ക്കു സംസ്ഥാനത്തുള്ളത്. 2012-ലെ 15 ശതമാനത്തില്‍നിന്നാണ് ഇത്തവണ നാല്‍പതിനടുത്തെത്തിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 42 ശതമാനം വോട്ട് ഷെയറില്‍ നേരിയ വ്യത്യാസം ഉണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ രണ്ടുവര്‍ഷത്തിനിപ്പുറവും ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്.

 പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ തന്ത്രപരമായ ആസൂത്രണത്തിലൂടെ യാദവേതര ഒ.ബി.സി വിഭാഗത്തേയും ജാടവേതര ദളിതുകളേയും കൂടെ നിര്‍ത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞു. യാദവ–മുസ്‌ലിം വിഭാഗത്തിനെതിരായി ഇതു വിനിയോഗിക്കാനും കഴിഞ്ഞു. പതിനഞ്ചുവര്‍ഷത്തോളമായി സംസ്ഥാനത്തു ഭരണം നടത്തുന്ന പ്രാദേശിക പാര്‍ട്ടികളെ അട്ടിമറിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ വരവ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80-ല്‍ 73 സീറ്റ് നേടി പാര്‍ട്ടി കരുത്തു തെളിയിച്ചിരുന്നു.

2017-ലെ തെരഞ്ഞെടുപ്പു മുന്‍പില്‍ കണ്ടുകൊണ്ടു കേന്ദ്രസര്‍ക്കാറിന്റെ പല പദ്ധതികളും സംസ്ഥാനത്തു നല്ല രീതിയില്‍ കൊണ്ടുവരാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകള്‍, വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളില്‍ വൈദ്യുതീകരണം, പാചകവാതക കണക്ഷന്‍ നല്‍കല്‍, ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയിലൂടെ സാധാരണക്കാരന്റെ പ്രതീക്ഷകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. 
കലാപങ്ങളും സംഘര്‍ഷങ്ങളും നിയന്ത്രിക്കുന്നതില്‍ സംസഥാന സര്‍ക്കാരിന്റെ പരാജയമാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. പ്രതിസ്ഥാനത്ത് ബി.ജെ.പിയെ നിര്‍ത്തുമ്പോഴും എന്തുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ല എന്ന ചോദ്യം ജനത്തിനു മുന്നിലിട്ടുകൊടുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. 

ലക്ഷ്യം കാണാത്ത 
ജാതി സമവാക്യങ്ങള്‍

ദളിത് മുസ്‌ലിം വിഭാഗങ്ങളുടെ പ്രതിനിധിയായി ഉയര്‍ത്തപ്പെട്ട മായാവതിയുടെ പ്രതിഛായയ്ക്കു മങ്ങലേറ്റ തെരഞ്ഞെടുപ്പു കൂടിയാണിത്. 403 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിച്ച ബി.എസ്.പിക്കു കിട്ടിയതു 19 സീറ്റ്. 2012-ല്‍ 80 സീറ്റുണ്ടായിരുന്നു ബി.എസ്.പിക്ക്. 22.2 ശതമാനമാണ് വോട്ട് ഷെയര്‍.
19 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനത്തു 100 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്കു സീറ്റു നല്‍കി അടിസ്ഥാന വിഭാഗങ്ങളെ വേണ്ടപോലെ പരിഗണിച്ചെങ്കിലും ഫലം തിരിച്ചടിയായി. അഞ്ചു പേരാണ് ഇതില്‍ വിജയിച്ചത്. ദളിതുകള്‍ക്കു നല്‍കിയ 84 സീറ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയം കണ്ടത്. ദളിത് കോട്ടയായ ആഗ്ര മേഖലയില്‍ ഒരു സീറ്റുപോലും കിട്ടിയില്ല. 2012-ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അതിശക്തമായ മുന്നേറ്റമുണ്ടായ കാലത്തുപോലും ഇവിടെ ഒന്‍പതില്‍ ആറ് സീറ്റ് നേടാന്‍ മായാവതിക്കു കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം കാലാവധി കഴിയുന്ന മായാവതിയുടെ രാജ്യസഭാ എം.പി സ്ഥാനം തുടരാനുള്ള എം.എല്‍.എമാര്‍ പോലും ബി.എസ്.പിക്കു കിട്ടിയില്ല. ദളിത് മേഖലകളായ ഝാന്‍സി, ഉന്നാവോ, അസംഘട്ട്, ഫത്തേപ്പൂര്‍, സീതാപ്പൂര്‍, മിര്‍സാപ്പുര്‍ മേഖലകളില്‍ പാര്‍ട്ടിക്കു കനത്ത പരാജയമായി. കോശാംബി ജില്ലയിലെ മന്‍ജന്‍പൂരില്‍ നാല് തവണ എം.എല്‍.എ ആയ ഇന്ദ്രജിത് സരോജിനുപോലും സീറ്റ് നിലനിര്‍ത്താനായില്ല. 2012-ലെ നിയമസഭാ, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍നിന്നേറ്റ പരാജയത്തില്‍നിന്നു പാര്‍ട്ടിക്കു മുന്നോട്ടു കയറാന്‍ കഴിഞ്ഞിട്ടില്ല. 2014-ല്‍ 19 ശതമാനം വോട്ട് ഷെയര്‍ കിട്ടിയെങ്കിലും മോദിതരംഗത്തില്‍ ഒരു സീറ്റില്‍പ്പോലും ബി.എസ്.പിക്കു ജയിക്കാനായില്ല.

2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 ശതമാനം സീറ്റ് മുസ്‌ലിം വിഭാഗത്തിനുണ്ടായിരുന്നു. ഇത്തവണ അത് ആറു ശതമാനത്തിലെത്തി. എസ്.പിയുടെ 16, ബി.എസ്.പിയുടെ ഏഴ്, കോണ്‍ഗ്രസ്സിന്റെ രണ്ട് എന്നിങ്ങനെ 25 പേരാണ് ഇത്തവണ സഭയിലെത്തുന്നത്. 97 സീറ്റ് മുസ്‌ലിം വിഭാഗത്തിനു നല്‍കി മുസ്‌ലിം ദളിതു വോട്ടുകള്‍ പിടിക്കാനുള്ള മായാവതിയുടെ തന്ത്രം മറ്റു വിഭാഗക്കാരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനാണ് സഹായകമായത്. 100 സീറ്റ് സഖ്യകക്ഷിയായ കോണ്‍ഗ്രസ്‌സിനു നീക്കിവെച്ച എസ്.പി നേടിയതു 47 സീറ്റ്. ഒന്നര പതിറ്റാണ്ടിനുശേഷം എസ്.പിക്കും ബി.എസ്.പിക്കും കിട്ടിയ ഏറ്റവും കുറഞ്ഞ സീറ്റാണ് ഇത്തവണത്തേത്. 2012-ല്‍ 224 സീറ്റിന്റെ വിജയമുണ്ടായിരുന്നു. എസ്.പി യ്ക്ക് വോട്ട് ഷെയറില്‍ ഇരുപാര്‍ട്ടികള്‍ക്കും ആശ്വസിക്കാം. എസ്.പി ക്ക് 21.8 ശതമാനവും ബി.എസ്.പി ക്ക് 22.2 ശതമാനവും വോട്ട് ഷെയര്‍ ഉണ്ട്. 2012-ല്‍ ഇത് 29.13, 25.91 ശതമാനം ആയിരുന്നു. 

100 സീറ്റ് സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനു നീക്കിവച്ച എസ്.പി നേടിയതു 47 സീറ്റ്. ഒന്നര പതിറ്റാണ്ടിനുശേഷം എസ്.പിക്കും ബി.എസ്.പിക്കും കിട്ടിയ ഏറ്റവും കുറഞ്ഞ സീറ്റാണ് ഇത്തവണത്തേത്. 2012-ല്‍ 224 സീറ്റിന്റെ വിജയമുണ്ടായിരുന്നു എസ്.പിക്ക്. 29.13 ശതമാനം വോട്ട് ഷെയറില്‍നിന്ന് 21.8 ശതമാനത്തിലെത്തി.

മുലായം സിങ് യാദവിനും സഹോദരന്‍ ശിവ്പാല്‍ യാദവിനും എതിരായ അഖിലേഷ് യാദവിന്റെ നീക്കങ്ങളും പാര്‍ട്ടിയിലും കുടുംബത്തിലുമുണ്ടായ കലഹങ്ങളും എസ്.പി ക്കു തിരിച്ചടിയായിട്ടുണ്ട്. മുലായം സിങ് യാദവിനെ മാറ്റിനിര്‍ത്തി പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത നടപടിയും തിരിച്ചടിയായിരുന്നു പാര്‍ട്ടിക്ക്. എസ്.പിയുടെ 25 സംസ്ഥാന മന്ത്രിമാര്‍ മത്സരിച്ചതില്‍ 10 പേര്‍ക്കു മാത്രമാണ് വിജയം കാണാനായത്. 

കോണ്‍ഗ്രസ്സിന്റെ ഭാവി
ഉത്തര്‍പ്രദേശില്‍ 6.2 ശതമാനം വോട്ടും ഏഴ് സീറ്റും മാത്രമുള്ള കോണ്‍ഗ്രസ്സിന്റെ ഭാവി എന്താകും. 2012-ല്‍ 28 സീറ്റും 11.65 ശതമാനം വോട്ടുമാണ് കോണ്‍ഗ്രസ്സിനു കിട്ടിയിരുന്നത്. പഞ്ചാബിലെയും മണിപ്പൂരിലെയും ഗോവയിലെയും വിജയത്തില്‍ ആശ്വസിക്കാമെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തില്‍നിന്നു കാര്യമായൊന്നും കോണ്‍ഗ്രസ്സ് മുന്നോട്ടു വന്നിട്ടില്ല. അണികളില്‍ത്തന്നെ ആശങ്ക നിലനില്‍ക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധി അഖിലേഷുമായി സഖ്യമുണ്ടാക്കിയതു കോണ്‍ഗ്രസ്സിന്റെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് ഫലം സൂചിപ്പിക്കുന്നത്. സഖ്യം എന്തിനുവേണ്ടിയായിരുന്നു എന്നു പോലും താഴെത്തട്ടില്‍ വിശദീകരിക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പ്രശാന്ത് കിഷോര്‍ എന്ന തെരഞ്ഞെടുപ്പു ചാണക്യന്റെ സഹായമുണ്ടായിട്ടുപോലും നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ വേണ്ട ആസൂത്രണങ്ങളൊന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

അഖിലേഷ് യാദവ്‌
അഖിലേഷ് യാദവ്‌

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും തുടര്‍ന്നു നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ മഹാസഖ്യത്തെയും വിജയത്തിലെത്തിച്ച പ്രശാന്ത് കിഷോറിനു പക്ഷേ, കോണ്‍ഗ്രസ്സിന്റെ രക്ഷകനാകാനായില്ല. നേതാക്കള്‍ ഉണ്ടാക്കിയ സഖ്യം അണികള്‍ അംഗീകരിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് 20 മണ്ഡലങ്ങളില്‍ എസ്.പിയും കോണ്‍ഗ്രസ്സും നേര്‍ക്കു നേര്‍ മത്സരിച്ചത്. ഒരിടത്തുപോലും കോണ്‍ഗ്രസ്സിനു ജയിക്കാനും കഴിഞ്ഞില്ല. ഇതിന്റെ നേട്ടം ഈ മണ്ഡലങ്ങളില്‍ കൊയ്തത് ബി.ജെ.പിയാണ്. സഖ്യകക്ഷിയായ അപ്‌നാദളും ബി.ജെ.പിയും കൂടി ഇതില്‍ 18 സീറ്റും സ്വന്തമാക്കി. രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മണ്ഡലമായ അമേഠിയിലും റായ്ബറേലിയിലും 10 സീറ്റില്‍ ആറും ബി.ജെ.പി നേടി. ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി പരമ്പരാഗത ബ്രാഹ്മണ–സവര്‍ണ വോട്ടുകള്‍ ഉറപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തുടക്കത്തില്‍ തീരുമാനിച്ചതെങ്കിലും പിന്നീടു തന്ത്രങ്ങള്‍ മാറ്റി. എസ്.പിയുമായുള്ള കൂട്ടുകെട്ടും ഷീലാ ദീക്ഷിതിനെ മാറ്റിനിര്‍ത്തിയതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നു വിലയിരുത്തപ്പെട്ടു. ഇതു മുതലെടുക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു.

പഞ്ചാബ്, ഗോവ, 
ഉത്തരാഖണ്ഡ്

എഴുപത്തിയഞ്ചുകാരനായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലാണ് പഞ്ചാബില്‍ കോണ്‍ഗ്രസ്സ് ഉജ്ജ്വല വിജയം നേടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസ്സസിലെത്തിയ ക്രിക്കറ്റ് താരം നവജ്യോത്സിങ് സിദ്ദുവിന്റെ വരവും കോണ്‍ഗ്രസ്സിനു ഗുണം ചെയ്തു. 117 അംഗ നിയമസഭയില്‍ 77 സീറ്റു നേടിയാണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ആദ്യമായി പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമായ തെരഞ്ഞെടുപ്പുകൂടിയാണിത്. 56 സീറ്റായിരുന്നു കഴിഞ്ഞ തവണ അകാലിദളിനു കിട്ടിയത്.

ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

പഞ്ചാബില്‍ 117 സീറ്റില്‍ 20 സീറ്റു നേടി രണ്ടാംസ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നത് ആം ആദ്മിയുടെ നേട്ടമാണ്. പ്രതീക്ഷകള്‍ കൂടുതലായിരുന്നെങ്കിലും ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ എന്ന പാര്‍ട്ടിയെ പിന്തള്ളി പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാന്‍ ആപ്പിനു കഴിഞ്ഞു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടിയ ആം ആദ്മിക്ക് ആ തരംഗം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നുള്ളതില്‍ ആശ്വസിക്കാം. മയക്കുമരുന്നു മാഫിയകളുമായുള്ള അകാലി നേതാക്കളുടെ ബന്ധവും കര്‍ഷക പ്രശ്‌നങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ആംആദ്മിക്കു കഴിഞ്ഞു. തെരഞ്ഞെടുപ്പുഫലത്തിനു ശേഷമുള്ള പ്രതികരണത്തില്‍പേ്പാലും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ആംആദ്മിയോടുള്ള രോഷം മറച്ചുവച്ചില്ല. മയക്കുമരുന്നിന്റെ കാര്യം പറഞ്ഞു സംസ്ഥാനത്തെ അപമാനിക്കുകയാണ് ആം ആദ്മി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ പഞ്ചാബിലെ മയക്കു മരുന്ന് ഉപയോഗവും അതിനു പിന്നിലെ മാഫിയകളെയും ചിത്രീകരിച്ച ഉഡ്താ പഞ്ചാബ് എന്ന സിനിമയ്‌ക്കെതിരെയും സിനിമയെ പിന്തുണച്ചു എന്ന കാരണത്താല്‍ ആംആദ്മി പാര്‍ട്ടിക്കെതിരെയും അകാലിദള്‍-ബി.ജെ.പി സഖ്യം ഇതേ ആരോപണം ഉന്നയിച്ചിരുന്നു. 23 സീറ്റില്‍ മത്സരിച്ച ബി.ജെ.പിക്കു മൂന്നു സീറ്റിലാണ് വിജയം കാണാനായത്. 2012-ല്‍ 12 സീറ്റു നേടിയിരുന്നു.

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരകനുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ടിടത്തും തോറ്റതു കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഹരിദ്വാര്‍ റൂറലിലും കിച്ചയിലും ആണ് റാവത്ത് മത്സരിച്ചത്. 70 സീറ്റില്‍ 11 മാത്രമാണ് കോണ്‍ഗ്രസ്സ് നേടിയത്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയും തോറ്റവരില്‍ പെടും. സംസ്ഥാനത്തിന്റെ മുക്കാല്‍ഭാഗവും മലനിരകളായ ഇവിടെ തെരഞ്ഞെടുപ്പു പ്രചരണംപോലും ദുഷ്‌കരമാണ്. ഋഷികേശും കേദാര്‍നാഥും ഹരിദ്വാറുമടക്കമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളുള്ള സംസ്ഥാനത്തു പലയിടങ്ങളിലും എത്തിപ്പെടുക ദുഷ്‌കരമാണ്. ഇതുവരെ ഒരു രാഷ്ര്ടീയക്കാരന്‍പോലും പ്രചാരണത്തിനെത്താത്ത സ്ഥലങ്ങളും ഉത്തരാഖണ്ഡിലുണ്ട്. 57 സീറ്റും 47 ശതമാനം വോട്ടുമാണ് ബി.ജെ.പിയുടെ നേട്ടം.

ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്തിനെപ്പോലെ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും തോറ്റ പട്ടികയിലാണ്. 2014-ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിയായി പോയപ്പോഴാണ് പര്‍സേക്കര്‍ മുഖ്യമന്ത്രിയായത്. ഇത്തവണ തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുത്ത മനോഹര്‍ പരീക്കര്‍ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്നു വ്യാപകമായ പ്രചാരണങ്ങള്‍ തുടക്കത്തിലെ നടന്നിരുന്നു. ഇക്കാരണം കൊണ്ടുകൂടിയാകാം പ്രചാരണത്തിലും പര്‍സേക്കര്‍ കാര്യമായ ഉത്സാഹം കാട്ടിയിരുന്നില്ല. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ഗോവ നിയമസഭയില്‍ 17 സീറ്റ് നേടിയാണ് കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ആംആദ്മി പാര്‍ട്ടിയുടെ പരാജയമാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഒരു വര്‍ഷത്തിലധികമായി ഗോവയില്‍ ആംആദ്മി തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തുടങ്ങിയിട്ട്. പലപ്പോഴും കെജ്‌രിവാളും സംസ്ഥാനത്തു നേരിട്ടെത്തിയിരുന്നു. ഏറെ പ്രതീക്ഷകള്‍ ആംആദമിയെപ്പറ്റി ഉണ്ടായെങ്കിലും 40 സീറ്റിലും മത്സരിച്ച പാര്‍ട്ടിക്ക് ഒരു സീറ്റുപോലും നേടാനായില്ല. തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമോ എന്നതും സംശയകരമാണ്. പലയിടങ്ങളിലും നോട്ടയ്ക്കു കിട്ടിയ വോട്ട് പോലും ആംആദ്മിക്കു കിട്ടിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകമായയിടങ്ങളില്‍ മാത്രം മത്സരത്തിനിറങ്ങുക എന്നതായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഗോവയില്‍ അത്രയേറെ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും പരാജയം പാര്‍ട്ടിയെപേ്പാലും ഞെട്ടിപ്പിക്കുന്നതായി. അനധികൃത ഖനനവും കാസിനോകളുടെ പ്രവര്‍ത്തനവും പാതയോരത്തെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമൊക്കെയാണ് തീരദേശ സംസ്ഥാനമായ ഗോവയില്‍ ഫലം നിര്‍ണയിച്ചത്. 
മണിപ്പൂരില്‍ ഇറോം ശര്‍മിളയ്ക്കു ലഭിച്ച 90 വോട്ടാണ് ഇത്തവണ വേദനയായത്. നോട്ടയ്ക്കുപോലും 143 വോട്ട് കിട്ടി മണിപ്പൂരില്‍. 60 അംഗ സഭയില്‍ ഇബോബി സിങിന്റെ നേത്യത്വത്തിലുള്ള കോണ്‍ഗ്രസ്സ് 28 സീറ്റും ബി.ജെ.പി 21 സീറ്റുമാണ് നേടിയത്.

ഇറോമിനെ തള്ളി മണിപ്പൂര്‍
തൗബാള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങിനെതിരെയുള്ള മത്സരത്തില്‍ ഇറോം ചാനു ശര്‍മിള ജയിക്കുമെന്ന് അധികമാരും കണക്കുകൂട്ടിയിരുന്നില്ല. മൂന്നുവട്ടം ഇബോബി സിങ് ജയിച്ചുകയറിയ മണ്ഡലമാണ് തൗബാള്‍. അവിടെ മത്സരിക്കുന്നതില്‍നിന്നു പലരും ഇറോമിനെ പിന്തിരിപ്പിച്ചെങ്കിലും അതവരുടെ തീരുമാനമായിരുന്നു. തോല്‍വി പലരും പ്രതീക്ഷിച്ചതാണെങ്കിലും 90 വോട്ടുമാത്രം നല്‍കി നോട്ടയ്ക്കും പിന്നിലേക്ക് അവര്‍ മാറ്റപ്പെട്ടതു ഞെട്ടിപ്പിക്കുന്നതാണ്. ഈ ജനതയ്ക്കായി വര്‍ഷങ്ങളോളം പോരാടിയിട്ടും തിരസ്‌കൃതയായതിന്റെ വേദന ഫലം വന്നതിനു ശേഷമുള്ള അവരുടെ വാക്കുകളില്‍ പ്രകടമാണ്: ''മണിപ്പൂരില്‍നിന്നു കുറച്ചുകാലം മാറി നില്‍ക്കുകയാണ്. സൗത്തിന്ത്യയില്‍ ജീവിക്കണം കുറച്ചുകാലം. കേരളത്തില്‍ പോണം, മെഡിറ്റേഷന്‍ ചെയ്യണം. 

ചതിക്കപ്പെട്ടതുപോലെ എനിക്കു തോന്നുന്നു. ജനങ്ങള്‍ നിഷ്‌കളങ്കരാണ്. അവര്‍ എനിക്കു വോട്ട് ചെയ്യുമായിരുന്നു. പക്ഷേ, പണം കൊടുത്ത് അവരുടെ വോട്ടുകള്‍ വാങ്ങുകയായിരുന്നു മറ്റുള്ളവര്‍. എന്തിനാണ് ഞാന്‍ കരയുന്നത് എന്നെനിക്കറിയില്ല.' ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിനോട് അവര്‍ വിടപറഞ്ഞു. തെരഞ്ഞടുപ്പിനു തൊട്ടു മുന്‍പു രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലൈന്‍സ് എന്ന പാര്‍ട്ടി ഇറോമിനെ കൂടാതെ മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും വിജയിക്കാനായില്ല. പാര്‍ട്ടിയെ മണിപ്പൂരിലെ യുവാക്കളുടെ ഒരു മൂവ്‌മെന്റായി മാറ്റാനും ഇറോം ആലോചിക്കുന്നുണ്ട്. 

2000 നവംബറിലാണ് യുവകവയിത്രിയായ ഇറോം ശര്‍മിള ഒരു ജനതയുടെ അവകാശത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും മാത്രം നിലനില്‍ക്കുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ടിന് (AFSPA) എതിരായുള്ള പോരാട്ടം. 16 വര്‍ഷമാണ് അവര്‍ അതിനായി നിരാഹാരമനുഷ്ഠിച്ചത്. 

മൂക്കില്‍ ഘടിപ്പിച്ച കുഴലിലൂടെ ദ്രവരൂപത്തിലൂള്ള ഭക്ഷണം മാത്രമായി അവര്‍ പോരാടിയത് ആ ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു. അവരുടെ യൗവ്വനവും സ്വപ്‌നങ്ങളും സന്തോഷവും ആ സമരത്തിലൂടെ അവരുപോലുമറിയാതെ കടന്നുപോയി. ചതിക്കപ്പെട്ടതുപോലെ അവര്‍ക്കു തോന്നിപ്പോയതും ഇതുകൊണ്ടാവാം. കഴിഞ്ഞ വര്‍ഷമാണ് അവര്‍ നിരാഹാരം നിര്‍ത്തിയത്. രാഷ്ട്രീയ അധികാരത്തിലൂടെ കരിനിയമങ്ങളെ ഇല്ലാതാക്കാനുള്ള ഇറോമിന്റെ സ്വപ്‌നങ്ങളെയും ആ ജനത ഇല്ലാതാക്കി. ഇറോം ശര്‍മിള ഒരു പ്രതീകമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നീതികേടിന്റെ പ്രതീകം. അഴിമതിക്കാരും കൊലപാതകികളും കള്ളന്മാരും മാഫിയകളും പണക്കൊഴുപ്പുളളവരും വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സംവിധാനത്തില്‍ ഇറോമിനെപ്പോലുള്ള പച്ചമനുഷ്യര്‍ക്കു സ്ഥാനമില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതു ശരികളെ മാത്രമല്ല എന്നാകും ഇത് ഓര്‍മ്മിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com