കരുതല്‍ കാണിക്കേണ്ടവര്‍ പീഡകരോട് ചേരുമ്പോള്‍

കരുതല്‍ കാണിക്കേണ്ടവര്‍ പീഡകരോട് ചേരുമ്പോള്‍

പോക്‌സോ നിയമപ്രകാരം എടുത്ത കേസുകളില്‍ 2015ല്‍ ശിക്ഷിക്കപ്പെട്ടത് ഏഴ് ശതമാനം, 2016ല്‍ എട്ട് ശതമാനം

ഇരകളുടെ ഇടയില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുമ്പോള്‍ നാടോടിക്കഥ പോലെ ആവര്‍ത്തിച്ച് ആവേശം കൊള്ളാന്‍ അതൊരു 'കഥ'. ലൈംഗിക വേട്ടക്കാരുടെ എണ്ണം പെരുകാതിരിക്കാന്‍ ഉറപ്പുള്ളതും ആശ്രയിക്കാവുന്നതും നിയമവിധേയവുമായ മാതൃകകളാണ് പരിഹാരം. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരുടെ മാത്രം പക്ഷത്തായിരിക്കുക, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി കേസെടുക്കുന്നതിലും തുടര്‍നടപടികളിലും പൊലീസ് വിട്ടുവീഴ്ച ചെയ്യാതിരിക്കുക, കോടതികള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുക എന്നീ മൂന്നു കാര്യങ്ങള്‍ പ്രധാനമാണെന്നു സാമൂഹിക പ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുകയും ഉത്തരവാദപ്പെട്ടവര്‍ സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ, മുന്‍ഗണനകള്‍ മാറിപ്പോകുന്നു എന്നതിനു തെളിവുകളേറെ. 

2000-ല്‍ നിര്‍മ്മിക്കുകയും 2006-ലും 2011-ലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്ത ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ (സി.ഡബ്‌ള്യു.സി) പലതിന്റെയും കള്ളത്തരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറത്തുവരാത്ത പലതുമുണ്ട് അവയില്‍ പലതും കേട്ടതിനേക്കാള്‍ ഭീകരവുമാണ്. പൊലീസ് മിക്കപ്പോഴും വിട്ടുവീഴ്ച ചെയ്യുന്നതു പ്രതികള്‍ക്കുവേണ്ടി. കോടതിയില്‍ എത്തുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് ശിക്ഷിക്കപ്പെടാതിരിക്കുന്നവര്‍ എന്നതിലുണ്ട് പൊലീസിന്റെ കള്ളക്കളിയുടെ തെളിവ്. പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം എടുത്ത കേസുകളില്‍ 2015-ല്‍ ശിക്ഷിക്കപ്പെട്ടത് ഏഴ് ശതമാനം, 2016-ല്‍ എട്ട് ശതമാനം. സമീപ വര്‍ഷങ്ങളില്‍ പുറത്തുവന്ന കേസുകളിലെ മാത്രം വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 50 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തില്‍പ്പെട്ടു ഗര്‍ഭിണികളായി. ഇവരില്‍ 35 പേര്‍ പ്രസവിച്ചു, 15 പേരുടെ ഗര്‍ഭം അലസിപ്പിച്ചു. മൂന്നു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി സ്‌കൂളില്‍ പോകുന്ന പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ അമ്മയുണ്ട്; അച്ഛന്റെ ജ്യേഷ്ഠന്റെ കുട്ടിയെ പ്രസവിച്ചു മൂന്നാം ദിവസം ആശുപത്രിയില്‍നിന്നു മടങ്ങിയ പതിമൂന്നു വയസ്സുകാരിയെ ആഴ്ചകള്‍ക്കുള്ളില്‍ മനോരോഗാശുപത്രിയില്‍ കണ്ട ഞെട്ടിക്കുന്ന സംഭവമുണ്ട്. ഒരു പീഡനക്കേസില്‍ പിടിക്കപ്പെട്ടയാള്‍ക്കു ശിക്ഷ ഉറപ്പാക്കുന്നതിന് ഇടപെടേണ്ടവര്‍ കണ്ണടച്ചപ്പോള്‍ പലയിടത്തായി അയാള്‍ നാല് പെണ്‍കുട്ടികളെക്കൂടി പീഡിപ്പിച്ചു. കേസെടുക്കാന്‍ തെളിവുള്ളതു രണ്ടെണ്ണത്തില്‍ മാത്രം. ആരുമില്ലാത്തവരായി മാറുന്ന കുട്ടികളെ അകന്ന ബന്ധുക്കളോ മറ്റോ ഏറ്റെടുത്ത ശേഷം ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും കണ്ടെത്തി. പക്ഷേ, ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല. 

റാന്നിയിലെ പതിമൂന്നുകാരി
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ചില അനാഥാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേരളത്തിനു പുറത്തുനിന്നു കൂട്ടത്തോടെ കുട്ടികളെ കൊണ്ടുവന്നപ്പോള്‍ ബന്ധപ്പെട്ട സി.ഡബ്‌ള്യു.സി എടുത്ത നിലപാട് വിമര്‍ശിക്കപ്പെട്ടിരുന്നു. കുട്ടികള്‍ക്കുവേണ്ടിയല്ല, സ്ഥാപനങ്ങള്‍ക്കു വേണ്ടി നിലകൊണ്ടു എന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതും മുന്‍പു പുറത്തുവന്നതുമായ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം കേസുകളില്‍ ഇരകളിലേറെയും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ്. പണവും സ്വാധീനവും ഇല്ലാത്തതുകൊണ്ട് അവര്‍ നിസ്സഹായര്‍. അതു മുതലെടുത്താണ് ചൂഷണം. പലപ്പോഴും പലയിടത്തെയും സി.ഡബ്‌ള്യു.സികള്‍ ഒറ്റുകാരായി നില്‍ക്കുന്നു, കുട്ടികളുടെ അവകാശങ്ങള്‍ക്കെതിരെ. 

സ്വയം നീതിപീഠമായി അഭിനയിക്കുന്നുണ്ടെങ്കിലും അവര്‍ക്കു യഥാര്‍ത്ഥത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചു. സ്വന്തം നിലയില്‍ കുട്ടികള്‍ക്കുവേണ്ടി ഇടപെട്ട് അവര്‍ക്കൊപ്പം നിയമപരമായും സാമൂഹികമായും ആവശ്യം വന്നാല്‍ സാമ്പത്തികമായും ഉള്‍പ്പെടെ നിലകൊള്ളുക എന്നതാണ് പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. പക്ഷേ, കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടുന്നവരെ അവരില്‍ ചിലര്‍ പേടിപ്പിക്കുന്നു, സ്വന്തം അധികാരങ്ങള്‍ ഉപയോഗിച്ച്.

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍നിന്നുള്ള 13 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു മൂന്നാം ദിവസം വീട്ടുകാര്‍ കൊണ്ടുപോയി. നിര്‍ഭയ ഹോം ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ, നിയമപരമായ നടപടികള്‍ ഒരിടത്തും എത്തും മുന്‍പേ ഏകപക്ഷീയമായി സി.ഡബ്‌ള്യു.സി വീട്ടിലേക്കു വിട്ടു. കുട്ടിയെ പീഡിപ്പിച്ചതും കുഞ്ഞിനു ജന്മം നല്‍കിയതും അടുത്ത ബന്ധുവായിരിക്കെ അതു നിയമവിരുദ്ധമായിരുന്നു. കുട്ടിയുടെ അച്ഛന്റെ ജ്യേഷ്ഠനാണ് പ്രതി. പക്ഷേ, ഇതുവരെ കേസെടുത്തിട്ടില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. കുഞ്ഞിനെ നിയമപ്രകാരം ദത്തു നല്‍കി. കുട്ടി പ്രസവിക്കുന്നതുവരെ സര്‍ക്കാരിന്റെ കീഴിലുള്ള നിര്‍ഭയ ഷെല്‍ട്ടറില്‍ താമസിപ്പിച്ചു. പക്ഷേ, പ്രസവശേഷം കുട്ടിയെ നോക്കേണ്ടത് അമ്മയാണെന്നു പറഞ്ഞാണ് തിരുവനന്തപുരത്തെ സി.ഡബ്‌ള്യു.സി ഇടപെട്ട് അമ്മയ്‌ക്കൊപ്പം അയച്ചത്. പെണ്‍കുട്ടി മനോനില തെറ്റി തലസ്ഥാനത്തെ മനോരാഗ ചികില്‍സാ കേന്ദ്രത്തിലെ അന്തേവാസിയായി എന്നതാണ് ഒടുവില്‍ സംഭവിച്ചത്. രണ്ടു വര്‍ഷത്തിനിടയില്‍ മാത്രം നടന്ന കാര്യമാണിത്.

ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നു. അവിടെനിന്നാണ് സി.ഡബ്‌ള്യു.സിയെയും നിര്‍ഭയയെയും അറിയിച്ചത്. ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ വളര്‍ച്ചയുണ്ടായിരുന്നില്ല. നിര്‍ഭയ ഹോമില്‍ താമസിപ്പിച്ചുകൊണ്ട് മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികില്‍സ തുടര്‍ന്നു. പ്രസവിച്ചു മൂന്നാം ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തു വീട്ടിലേക്കു കൊണ്ടുപോകുന്നു എന്ന് അറിഞ്ഞപ്പോള്‍ നിര്‍ഭയയില്‍നിന്നു സി.ഡബ്‌ള്യു.സി ചെയര്‍മാനായ അച്ചനെ ബന്ധപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പ്രതിസ്ഥാനത്തുള്ളതു കുട്ടിയുടെ അടുത്ത ബന്ധുവായിരിക്കുമ്പോള്‍ അയാളെ അറസ്റ്റു ചെയ്യാതെ കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം അയയ്ക്കുന്നതു ശരിയല്ല എന്നു ചൂണ്ടിക്കാണിച്ചു. നമ്മളെന്തിനാ അതിലൊക്കെ ഇടപെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നു വെളിപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്ഥയാണ്. പ്രസവാനന്തര ശുശ്രൂഷ നല്‍കാന്‍ അമ്മയ്ക്കല്ലേ കൂടുതല്‍ നന്നായി സാധിക്കുക എന്നും കൂടി ചെയര്‍മാന്‍ ചോദിച്ചു. മാത്രമല്ല, അങ്ങനെ പറഞ്ഞുകൊണ്ടുതന്നെ നിര്‍ഭയയ്ക്കു കത്തും നല്‍കി. പെണ്‍കുട്ടിയെ വിട്ടുകൊടുക്കാന്‍.

പ്രസവം അടുത്തപ്പോള്‍ പെണ്‍കുട്ടിക്കു രണ്ടു തവണ അപസ്മാരം വന്നിരുന്നു. അപസ്മാരം വന്നാല്‍ സിസേറിയന്‍ ആവശ്യം വന്നാല്‍ നടത്താന്‍ പറ്റില്ല. പ്രത്യേകിച്ചും 13 വയസ്സ് മാത്രമുള്ള കുട്ടിയായിരിക്കുമ്പോള്‍ അപകടസാധ്യത കൂടുതലാണ്. ഇതു ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജില്‍നിന്നു ഡോക്ടര്‍ നിര്‍ഭയയില്‍ വിളിച്ചു ചോദിച്ചു, മുന്‍പ് അപസ്മാരം വന്നിട്ടുള്ളതായി വിവരമുണ്ടോ എന്ന്. കുട്ടിയുടെ അത്തരം പൂര്‍വ്വകാല രോഗവിവരങ്ങള്‍ അറിയാതെ ചികില്‍സിച്ചിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായാലോ എന്ന ആശങ്കയുമുണ്ടായിരുന്നു ഡോക്ടര്‍ക്ക്. ന്യൂറോ സര്‍ജനുള്‍പ്പെടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ വലിയ സംഘം പരിശോധിച്ചു. പ്രസവത്തിലും ആ ശ്രദ്ധ നല്‍കി. സാധാരണ പ്രസവമാക്കാനും സാധിച്ചു. പക്ഷേ, കുട്ടിയുടെ അമ്മയോടു ചോദിച്ചപ്പോള്‍ ഇതുവരെ അപസ്മാരമൊന്നും വന്നിട്ടില്ല എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് പെട്ടെന്നു ബോധംകെട്ടതുപോലെ വീണിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞത്. ഈ ഉത്തരവാദിത്വമില്ലായ്കയോ മറച്ചുവയ്ക്കലോ അമ്മയില്‍നിന്നുതന്നെ പല തരത്തില്‍ ഉണ്ടായത് സി.ഡബ്‌ള്യു.സിയുടെ വഴിവിട്ട തീരുമാനത്തെ സഹായിക്കുകയും ചെയ്തു. 

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തന്നെയാണ് സ്വാഭാവിക വാദി. അതില്‍ കേസെടുത്തു ശക്തമായ തുടര്‍ നടപടി സ്വീകരിക്കേണ്ടത് പൊലീസാണ്. തുടക്കത്തില്‍ റാന്നി പൊലീസ് തിരുവനന്തപുരത്തു വന്നിരുന്നു. പക്ഷേ, പിന്നെ എങ്ങനെയൊക്കെയോ കേസ് മുങ്ങിപ്പോയി. അയല്‍പക്കത്തെ സമപ്രായക്കാരനായ ഒരു ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍, കുട്ടി പഠിച്ചിരുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളില്‍ അത്തരം ഇടപഴകലിനു സാധ്യത ഇല്ലെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി നിര്‍ഭയകേന്ദ്രങ്ങള്‍ പറയുന്നു. പിന്നെ പറഞ്ഞത് ബസ് കണ്ടക്ടറുടെ പേരാണ്. അതും ശരിയല്ലെന്നു ബോധ്യപ്പെട്ടു. ഇതിനിടയില്‍ ഡോക്ടറോടും നിര്‍ഭയ അധികൃതരോടും പെണ്‍കുട്ടി സമ്മതിച്ചു, അച്ഛന്റെ ജ്യേഷ്ഠനാണ് ഉത്തരവാദി. അയാളുടെ പേരും വെളിപ്പെടുത്തി. അമ്മ പറഞ്ഞിട്ടാണ് മറ്റു പേരുകള്‍ ആദ്യം പറഞ്ഞത് എന്നുകൂടി പറഞ്ഞു. അമ്മയ്ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നിരിക്കാം യഥാര്‍ത്ഥ പേര് പറയാതിരിക്കാന്‍ എന്നാണ് ചികില്‍സിച്ച ഡോക്‌റുള്‍പ്പെടെയുള്ളവര്‍ക്കു മനസ്സിലായത്. പിന്നെ കേസ് പോയ വഴിയുണ്ടായില്ല. 

കുട്ടിയെ അവര്‍ കൊണ്ടുപോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞു നിര്‍ഭയ ഹോമിലെ അന്തേവാസിയായ ഒരു പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോള്‍ ആ കുട്ടിയുമായി മനോരോഗ ചികില്‍സാകേന്ദ്രത്തില്‍ പോയവരാണ് റാന്നി പെണ്‍കുട്ടിയെ അവിടെ കണ്ടത്. ചികില്‍സയ്ക്കുവേണ്ടി ബന്ധുക്കള്‍ എത്തിച്ചതായിരുന്നു. ഏതൊക്കെ വിധത്തിലുള്ള സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയായിട്ടാകാം ആ കുട്ടിയുടെ മനോനില തെറ്റിയത് എന്നു പറയാന്‍ ആരുമില്ല. ഒരുപക്ഷേ, ഇനിയൊരിക്കലും ആരോടും യഥാര്‍ത്ഥ പേര് പറയാതിരിക്കാനുള്ള 'മുന്‍കരുതല്‍' ആണോ എന്നും അറിയില്ല. നിര്‍ഭയ ഹോം അധികൃതര്‍ക്ക് അവിടെനിന്നു ബന്ധുക്കള്‍ കൊണ്ടുപോയ കുട്ടിയുടെ കാര്യത്തില്‍ പിന്നീട് ഉത്തരവാദിത്വമില്ല, സ്വാഭാവികം. സംസ്ഥാന ബാലാവകാശ കമ്മിഷനാണ് അതില്‍ പിന്നീട് ഇടപെടേണ്ടിയിരുന്നത്. അവര്‍ വേണ്ടവിധം ഇടപെട്ടില്ല. കുഞ്ഞിന്റെ അച്ഛന്‍ ആരാണ് എന്നറിയാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിരിക്കുന്നു എന്നും ഫലം വന്നിട്ടില്ല എന്നുമാണ് ചില സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടു തിരക്കിയപ്പോള്‍ കമ്മിഷന്‍ പറഞ്ഞത്. 

എന്നാല്‍, ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ച പ്രമുഖ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ ആ സമയത്ത് ഡി.എന്‍.എ പരിശോധനാ ഫലങ്ങളൊന്നും കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നുമില്ല. സാധാരണഗതിയില്‍ ബാലാവകാശ കമ്മിഷന്‍ വളരെ ഉത്തരവാദിത്വത്തോടുകൂടിയും ആത്മാര്‍ത്ഥമായും ഇടപെടുന്ന സംവിധാനമാണ്. എന്നാല്‍, ഒറ്റപ്പെട്ട ചില കേസുകളില്‍ അവര്‍ വേണ്ടവിധം ഇടപെട്ടില്ല എന്ന സൂചനകളുമുണ്ട്. തിരുവനന്തപുരം കാര്യവട്ടത്തെ നിര്‍ഭയ ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയോടു സമീപമുള്ള കടയുടമ മോശമായി പെരുമാറിയ സംഭവത്തിലും കമ്മിഷന്‍ ഇടപെട്ട രീതിയെക്കുറിച്ചു സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുടെ പരാതിയെത്തുടര്‍ന്നു കടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു ഇടപെടല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു സംഭവം. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഗണ്‍മാന്റെ ബന്ധുവാണ് പ്രതി എന്നാണ് ഇടപെടലിനു കാരണം പറഞ്ഞത്. എന്നാല്‍, അത്തരം ഒരു പരിഗണനയും നല്‍കേണ്ടതില്ലെന്നും തങ്ങള്‍ പെണ്‍കുട്ടിയുടെ പക്ഷത്താണ് എന്നുമാണ് വി.എസ്സിന്റെ ഓഫീസ് നിര്‍ഭയ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. മാത്രമല്ല, പെണ്‍കുട്ടിക്കും കേസ് മുന്നോട്ടു കൊണ്ടുപോകാനും ഏതുവിധ സഹായവും നല്‍കുമെന്നും വി.എസ്സിന്റെ ഓഫീസ് ഉറപ്പു നല്‍കി. വലിയ കേസല്ലെങ്കിലും പെണ്‍കുട്ടിയുടെ പക്ഷത്തു നില്‍ക്കാതെ പ്രതിയുടെ പക്ഷത്തുനില്‍ക്കാന്‍ ബാലാവകാശ കമ്മിഷനുമേല്‍ ഉണ്ടായ സമ്മര്‍ദ്ദവും അവരുടെ വഴങ്ങലും ഉണ്ടായെങ്കിലും കേസ് മുന്നോട്ടുതന്നെ പോയി. 

കൂടെ നില്‍ക്കാന്‍ ആരുണ്ട്?
കടുത്ത സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളുടെ കേസുകളാണ് സി.ഡബ്‌ള്യു.സിയില്‍ എത്തുന്നത്. ജാതിയും സാമ്പത്തികസ്ഥിതിയുമൊക്കെ മൂലമുള്ള പിന്നാക്കാവസ്ഥയും ഇതിലുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച ദരിദ്രസ്ത്രീയുടെ മകള്‍, അമ്മ മറ്റൊരാള്‍ക്കൊപ്പം പോയ ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടി, അമ്മയും അച്ഛനും ഇല്ലാത്തവരും അടുത്ത ബന്ധുക്കള്‍ ദാരിദ്ര്യം മൂലം ഏറ്റെടുക്കാത്തതുമായ കുടുംബത്തിലെ കുട്ടി തുടങ്ങിയവരൊക്കെ ഇരകളാകാറുണ്ട്. ഞെട്ടിക്കുന്ന മറ്റൊരു കാര്യം, പലപ്പോഴും ഇങ്ങനെ ആരുമില്ലാത്തവരായി മാറുന്ന കുട്ടികളെ അകന്ന ബന്ധുക്കളോ മറ്റോ ഏറ്റെടുത്ത ശേഷം അവരെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും കണ്ടെത്തിയിട്ടുണ്ട് എന്നതാണ്. പക്ഷേ, പൊലീസ് കേസെടുത്തിട്ടില്ലെന്നു മാത്രം. 

കേന്ദ്രനിയമപ്രകാരം നിര്‍ബന്ധിത ഭിക്ഷാടനം ശിക്ഷാര്‍ഹമായ വലിയ കുറ്റമാണ്. പക്ഷേ, ഇവിടെ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുപോലും കേസെടുത്തിട്ടില്ല. ഇങ്ങനെയൊക്കെ മതി എന്നും ഇത്രയൊക്കെയേ സാധിക്കുകയുള്ളു എന്നുമുള്ള മട്ടില്‍ നിസ്സാരമായി അവഗണിക്കുന്ന സംഭവങ്ങളില്‍ അതും. തലസ്ഥാന നഗരത്തില്‍ ഒരേ ആള്‍ തന്നെ പല പെണ്‍കുട്ടികളെ ഒരു വര്‍ഷത്തിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ച നാല് സംഭവങ്ങള്‍ ഉണ്ടായി. എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവര്‍. ആദ്യത്തെ സംഭവം വര്‍ക്കലയില്‍. അതു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കര്‍ക്കശമായി കൈകാര്യം ചെയ്യാതിരുന്നതുകൊണ്ട് പിന്നീടും പെണ്‍കുട്ടികള്‍ അയാളുടെ ഇരകളായി. വര്‍ക്കല കഴിഞ്ഞു മാസങ്ങള്‍ക്കുള്ളില്‍ നരുവാമ്മൂട് എന്ന സ്ഥലത്ത് ഇയാള്‍ ഉള്‍പ്പെട്ട സമാന സംഭവമുണ്ടായി. 16 വയസ്‌സുള്ള പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കാര്യം പുറത്തുവന്നത്. അയാള്‍ക്കെതിരെ കേസെടുത്തോ, അറസ്റ്റ് ചെയ്യാത്തതെന്താണ് എന്ന് അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥയോട് എസ്‌ഐ പെണ്‍കുട്ടിയെയും സഹോദരിയെയും അമ്മയേയും കുറിച്ച് മോശമായി സംസാരിക്കുകയാണ് ചെയ്തത്. പാവപ്പെട്ടവരാണ്, ദളിത് കോളനിയിലാണ് അവരുടെ താമസം. അതുകൊണ്ടു പൊലീസിന്റെ സൗമനസ്യം ലഭിച്ചതു പ്രതിക്ക്. കേസെടുത്തില്ല. മാസങ്ങള്‍ കഴിഞ്ഞ് പേട്ടയ്ക്കടുത്ത് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി. അപ്പോഴാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവന്നതും കേസെടുത്തതും. എന്നിട്ടും രണ്ടു കേസുകളേയുള്ളു. ആദ്യത്തെ സംഭവംതന്നെ സി.ഡബ്‌ള്യു.സി അറിഞ്ഞിരുന്നു. പക്ഷേ, അയാളെ അറസ്റ്റ് ചെയ്യാന്‍ തുടര്‍ ഇടപെടലുണ്ടായില്ല. 

പാവപ്പെട്ടവരാണ് ഇരകള്‍ എന്നതുകൊണ്ടുതന്നെ ഒരിക്കല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടി വീണ്ടും പോകേണ്ടിവരുന്നതു പീഡിപ്പിച്ച ബന്ധു ഉള്‍പ്പെടെ ജീവിക്കുന്നിടത്തേക്കുതന്നെയാണ്. അത്തരം സംഭവങ്ങള്‍ ഏറെയുണ്ട്. അച്ഛന്‍ പ്രതിയായ പീഡനക്കേസിലെ പെണ്‍കുട്ടിയെ കേസ് നടക്കുന്ന കാലത്തു തന്നെ അതേ വീട്ടില്‍വച്ച് അച്ഛന്‍ വീണ്ടും പീഡിപ്പിച്ച സംഭവമുണ്ട്. ആദ്യത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട് അയാള്‍ പിന്നീട് ജയിലിലായി. ഇപ്പോള്‍ ജയിലിലാണ്. മോശം സാമ്പത്തിക ചുറ്റുപാടുകള്‍ മൂലം പെണ്‍കുട്ടിക്കു മറ്റെവിടെയെങ്കിലും സുരക്ഷിതമായ ജീവിതം നല്‍കാന്‍ അമ്മയ്ക്കു കഴിയാതെ വരുന്നതിന് ഉദാഹരണമാണ് ഇത്. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന ദിവസ വരുമാനക്കാരിയായ അവര്‍ക്കു മകളെത്തന്നെ കാത്തുസൂക്ഷിച്ചു വീട്ടില്‍ കഴിയാന്‍ സാധിക്കില്ല. കേസിന്റെ കാര്യത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാന്‍ ഇത്തരം സാഹചര്യങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ നിര്‍ബന്ധിതരാക്കുന്നു. പ്രതി ബന്ധുവല്ലെങ്കിലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി പ്രതിക്കുവേണ്ടി വാദിച്ചു പലതലങ്ങളില്‍ നിന്നുള്ള ആളുകള്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും വേട്ടയാടാറുണ്ട്. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നിരത്താനുണ്ട്.

 മനോരോഗമുള്ള, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും ആ പെണ്‍കുട്ടി ലൈംഗികപീഡനത്തിനു വിധേയായി ജനിച്ച കുട്ടിയും നാട്ടുകാരില്‍ ചിലര്‍ക്കു 'ശല്യമായി' മാറിയ സംഭവം തലസ്ഥാന നഗരത്തിന് അടുത്താണ്. അമ്മ ആളുകളെ ചീത്തവിളിക്കുന്നു, മകള്‍ക്കുണ്ടായ ദുരന്തത്തിന് ആരെയൊക്കെയോ ശപിച്ച് അവര്‍ എപ്പോഴും ഉച്ചത്തില്‍ സംസാരിക്കുന്നു, അതുകൊണ്ട് അവര്‍ പൊതുശല്യമാണ് എന്ന മട്ടിലാണ് കാര്യങ്ങള്‍ എത്തിയത്. വേറെ എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ എന്ന് എപ്പോഴും ചിലര്‍ ചോദിക്കാന്‍ തുടങ്ങിയതോടെ പേടിച്ച പെണ്‍കുട്ടി നിര്‍ഭയയില്‍ അഭയം തേടി. അവര്‍ ചില സാമൂഹിക പ്രവര്‍ത്തകര്‍ മുഖേന അന്വേഷിച്ചപ്പോഴാണ് 'ശല്യ'ത്തിന്റെ സത്യാവസ്ഥ മനസ്സിലായത്. ആ കുടുംബത്തിന് സ്വന്തമായി കുറച്ചു സ്ഥലമുണ്ട്. അമ്മയുടെ രോഗവും മകളുടെ പീഡനക്കേസുമൊക്കെ വച്ച് അവരെ അവിടെനിന്ന് ഓടിച്ചാല്‍ ആ സ്ഥലം കൈക്കലാക്കാം എന്നു കരുതുന്ന ചിലരാണ് പിന്നില്‍. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയാല്‍ പ്രസവത്തിനും കുട്ടിയെ കൈമാറാനും ഉള്‍പ്പെടെ സ്വന്തം ആശുപത്രിയും അനാഥാലയവുമുള്ള കേന്ദ്രങ്ങള്‍ മുന്‍പും ഇത്തരം കേസുകളില്‍ ഇടപെടുകയും ഒതുക്കുകയും ചെയ്തതിന്റെ വ്യാപ്തിയാണ് ഇനി പുറത്തുവരാനുള്ളത്. കൊട്ടിയൂര്‍ പീഡനം ഈ കണ്ണിയുടെ ഇങ്ങേയറ്റത്തെ ഒന്നു മാത്രമാണ് എന്ന വിലയിരുത്തല്‍ സര്‍ക്കാരിന്റെ തലപ്പത്തുമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട് ഇതേക്കുറിച്ചു തികഞ്ഞ ബോധ്യം. എന്നാല്‍ ഇരകളെപ്പോലെ പ്രതികളും സ്വാധീനം ഇല്ലാത്തവരായ വാളയാര്‍ സംഭവത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അതൊരു അടിയന്തര പ്രമേയ നോട്ടീസായി നിയമസഭയില്‍ എത്തിയത് എന്നത് ഉദാഹരണം.

കുടുംബമാണ് പ്രധാനപ്പെട്ട സാമൂഹിക ഘടകം എന്നതു സംശയരഹിതം. പക്ഷേ, കുടുംബത്തില്‍ ജീവിക്കുന്ന ഏതെങ്കിലും ഒരാള്‍ക്ക് അവിടം അപകടകരമാണെങ്കിലോ എന്ന ചോദ്യം സമീപകാല സംഭവങ്ങളുമായി ചേര്‍ത്ത് ഉയരുന്നുണ്ട്. കുടുംബത്തിനുള്ളില്‍, അടുത്ത ബന്ധുവിന്റെ പീഡനമേല്‍ക്കുന്ന കുട്ടിയെ വീണ്ടും അവിടേക്കുതന്നെ അയയ്ക്കുന്നതിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ എപ്പോഴും താല്‍പ്പര്യം കാണിക്കുന്നത്. ഇതു കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനും പോക്‌സോ നിയമത്തിലെ വ്യവസ്ഥയ്ക്കും എതിരാണ്. ആ പെണ്‍കുട്ടിയുടെ ജീവിതം പിന്നീട് എന്താകുന്നു എന്ന് സി.ഡബ്‌ള്യു.സി ഉള്‍പ്പെടെ ഒരു സര്‍ക്കാര്‍ ഏജന്‍സിയും അന്വേഷിക്കുന്നില്ല. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ചേച്ചിയുടെ ഭര്‍ത്താവ് പീഡിപ്പിച്ച കുട്ടിയെ വീണ്ടും അവിടേക്കുതന്നെ അയച്ചത് ഉദാഹരണം. ആ കുട്ടിയെ മാസങ്ങളായി കാണാനില്ല എന്നാണ് നിര്‍ഭയയ്ക്കു ലഭിച്ച വിവരം. 

ഇത്തരം പെണ്‍കുട്ടികളെ സ്ഥിരമായി സംരക്ഷിക്കാനും അവര്‍ക്കു പഠനവും ഭാവിജീവിതവും മെച്ചപ്പെടുത്താനും മറ്റുമായി ഒരു സംവിധാനം ഇപ്പോള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട് എന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പറയുന്നു. പക്ഷേ, സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ അങ്ങനയൊന്ന് ഉള്‍പ്പെട്ടു കണ്ടില്ല. 

2012-ല്‍ ആണ് പോക്‌സോ നിയമം നിലവില്‍ വന്നത്. അതിനുശേഷം വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള മഹിളാ സമഖ്യ സൊസൈറ്റി വഴി പെണ്‍കുട്ടികള്‍ക്കുവേണ്ടി നടത്തിയ കേസുകളിലെല്ലാം പ്രതികള്‍ക്കു ശിക്ഷ ലഭിച്ചിട്ടുണ്ട്. പക്ഷേ, കുറഞ്ഞ ശിക്ഷ മാത്രമാണ് ലഭിക്കുന്നത്. പരമാവധി അഞ്ചും ഏഴും വര്‍ഷം തടവ്. പോക്‌സോ നിയമം ശക്തവും പെണ്‍കുട്ടികളുടെ പക്ഷത്തുനില്‍ക്കുന്നതുമാണ്. പക്ഷേ, പോക്‌സോ ചുമത്തിയ കേസുകളിലെ തെളിവെടുപ്പും അനുബന്ധ കാര്യങ്ങളും പഴയതുപോലെതന്നെ. ഇതൊരു പോരായ്മയായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക അതിക്രമത്തിന്റെ പാടുകളോ പരിക്കുകളോ ഇല്ലെങ്കില്‍ ആ കേസ് പൊലീസ് ഗൗരവത്തിലെടുക്കാത്ത നിരവധി സംഭവങ്ങള്‍ പലര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ട്. യഥാര്‍ത്ഥത്തില്‍ ആ കുട്ടിയുടെ മാനസിക നിലയേയും മുന്നോട്ടുള്ള ജീവിതത്തെയാകെയും ബാധിക്കുന്ന അതിക്രമമാണ് ബലപ്രയോഗത്തിലൂടെയുള്ള കുട്ടിക്കാലത്തെ ലൈംഗിക ബന്ധം. അതു ബലാല്‍സംഗം തന്നെയാണെന്നു നിയമം സമ്മതിക്കുന്നുമുണ്ട്. പക്ഷേ, തെളിവെടുക്കുന്ന പൊലീസുകാരിക്കു പരിക്കും പാടും കാണണം. ഇല്ലെങ്കില്‍ അതു നിസ്സാരം. കോടതിയില്‍ എത്തുമ്പോഴും ഇതു പ്രതിയുടെ ശിക്ഷ കുറയാന്‍ കാരണമാകുന്നു. പോക്‌സോ കേസുകളുടെ നടത്തിപ്പിന് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ഓരോ അതിവേഗ കോടതികളുണ്ട്. മൂന്നിടത്തും കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. നിയമത്തേക്കുറിച്ചുതന്നെ വേണ്ടത്ര വിവരമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ പോലുമുണ്ട്. പലരും പറയുന്നത് 'പോസ്‌കോ' എന്നാണ്. 

കുട്ടികളെ നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും നിശ്ശബ്ദരാക്കാന്‍ ആര്‍ക്കും കഴിയും എന്നതും മുതിര്‍ന്ന സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ മുന്‍പത്തേക്കാള്‍ ചെറുക്കപ്പെടുന്നതുമാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം എന്നൊരു നിരീക്ഷണമുണ്ട്. ബുദ്ധിമാന്ദ്യമുള്ളവരെ ഭിന്നശഷിയുള്ളവര്‍ എന്നു വിശേഷിപ്പിക്കുന്നതിലേക്കു സര്‍ക്കാരും സമൂഹവും പുരോഗമിച്ചെങ്കിലും അവരിലെ പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കുറഞ്ഞിട്ടില്ല. അത്തരം കേസുകളില്‍ കുട്ടിയില്‍നിന്നു ഫലപ്രദമായി മൊഴിയെടുക്കാന്‍ കോടതിക്ക് ഉള്‍പ്പെടെ ഒരു സംവിധാനവുമില്ല. അവരുടെ ആശയവിനിമയരീതി മനസ്സിലാക്കുന്ന പരിഭാഷകരെ വയ്ക്കാന്‍ നിയമപരമായി അനുമതിയുണ്ട്. പക്ഷേ, ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതോടെ അവരില്‍ ഏറെപ്പേരും കൂടുതല്‍ നിശ്ശബ്ദരായിപ്പോകുന്നു എന്നാണ് ആ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സംഭവിച്ചത് എന്താണെന്നു ശരിയായി തിരിച്ചറിയാനാകാത്തതിന്റെ ഞെട്ടലില്‍ അവര്‍ സ്വന്തം ഉള്ളിലേക്കു ചുരുങ്ങുന്നതാകാം എന്നു മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ നിരീക്ഷണം.


നടപ്പാക്കാതെ പോയ 
ഷെഫീഖ് കമ്മിറ്റി ശുപാര്‍ശകള്‍ 

ഇടുക്കിയിലെ ഷെഫീഖ് എന്ന കുട്ടിക്കു കുടുംബത്തിനുള്ളില്‍ ക്രൂരമര്‍ദ്ദനമേറ്റതു കേരളം സമീപകാലത്തു കാര്യമായെടുത്ത സംഭവങ്ങളിലൊന്നാണ്. അതേത്തുടര്‍ന്നു സര്‍ക്കാര്‍ നിയോഗിച്ച 'ഷെഫീഖ് സമിതി' വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഒരു മാതൃകാ പെരുമാറ്റച്ചട്ടം തന്നെ ഉണ്ടാക്കാനുള്ള ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, അതിന് ഒരു സമഗ്രരേഖ പുറത്തിറക്കുകയും ചെയ്തു. പിന്നീടെന്തായി എന്ന അന്വേഷണത്തിന് ഒന്നുമായില്ല എന്നാണ് സാമൂഹിക നീതിവകുപ്പില്‍നിന്നു ലഭിക്കുന്ന മറുപടി. യു.ഡി.എഫ് സര്‍ക്കാരിന്റേയും അതിലെ സാമൂഹികനീതി മന്ത്രി എം.കെ. മുനീറിന്റെയും ആവേശം കെട്ടടങ്ങിയതോടെ ബാലസുരക്ഷാ പ്രോട്ടോക്കോള്‍ ഫയലില്‍ മാത്രമായി ഒതുങ്ങി, ഉറങ്ങി. ഇടതുമുന്നണി സര്‍ക്കാര്‍ അത് ഇതുവരെ പൊടി തട്ടി എടുത്തതായി സൂചനകളൊന്നുമില്ല.
ശാരീരികമോ മാനസികമോ ആയ മുറിവേല്‍പ്പിക്കല്‍, ലൈംഗിക അതിക്രമം, ചൂഷണം, അവഗണന എന്നിവയാണ് കേരളത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരയ്ക്ക് ജീവിതത്തിലുടനീളം ശാരീരികമായും മാനസികമായും നിലനില്‍ക്കുന്ന തരം പ്രത്യാഘാതമുണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്‌നമാണ് കുട്ടികളോടുള്ള അതിക്രമം എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അതിക്രമത്തിന്റെ ഇനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

ലൈംഗിക സംതൃപ്തിക്കുവേണ്ടി കുട്ടിയെ ചൂഷണം ചെയ്യുന്നതും ബാലവേശ്യാവൃത്തി ചെയ്യിക്കല്‍, കുട്ടികളെക്കൊണ്ട് അശ്‌ളീലദൃശ്യങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങി ദുരുദ്ദേശ്യത്തോടെ ലാളിക്കുന്നതും അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നതും ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമമാണ്. ശാരീരിക അതിക്രമം എന്നാല്‍ അടി, ഭയപ്പെടുത്തല്‍, പൊള്ളിക്കല്‍, മനുഷ്യരുടെ കടി, അടിച്ചമര്‍ത്തല്‍ എന്നിവ. മാനസികമായ അവഗണയാകട്ടെ, കുട്ടിക്കു ശരിയായ പിന്തുണയും ശ്രദ്ധയും വാല്‍സല്യവും നല്‍കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന സ്ഥിരമായ വീഴ്ചയും. കുട്ടിയെ താഴ്ത്തിക്കെട്ടുകയോ അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതു മാനസിക പീഡനം. വേണ്ടത്ര വിഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യം, വിദ്യാഭ്യാസം, മാനസിക വികാസം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളില്‍ ശരിയായതു ചെയ്യുന്നതില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന പരാജയം അവഗണനയാണ്. കുട്ടികള്‍ക്കു മദ്യവും മയക്കുമരുന്നും കൊടുക്കുന്നതും അവരെക്കൊണ്ട് അവ വില്‍പ്പിക്കുന്നതും അവരോടുള്ള അതിക്രമം തന്നെ. 

കുട്ടികള്‍ക്കുവേണ്ടി എന്ന പേരില്‍ വിവിധ വകുപ്പുകള്‍ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അവയില്‍ ഇടപെട്ടു ശക്തിപ്പെടുത്തുകയും ദൗര്‍ബ്ബല്യങ്ങളും വിടവുകളും പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ അധികം പണം ലഭ്യമാക്കുകയും വേണം. അതിക്രമങ്ങളില്‍നിന്നു പ്രതിരോധം, സുരക്ഷ, പുനരധിവാസം എന്നിവ നല്‍കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കി അവര്‍ക്കു നീതി ഉറപ്പാക്കാനുള്ള ശുപാര്‍ശകള്‍ എന്നായിരുന്നു അവകാശവാദം. 

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. അതിന് അതിക്രമങ്ങള്‍ക്കെതിരെ നടപടികളെടുക്കണം, കേസ് മനസ്സിലാക്കി വേഗത്തില്‍ ഇടപെടണം, ഇരയ്ക്കു ശ്രദ്ധയും സുരക്ഷയും നല്‍കണം, അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം. പോക്‌സോ നിയമത്തെക്കുറിച്ചു ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കര്‍മ്മരേഖയില്‍ ഉണ്ടായിരുന്നത്. ജനകീയ ബോധവല്‍ക്കരണ പരിപാടിയും അതിക്രമങ്ങളോടു പൊറുക്കാത്ത നിയമനടപടികളും വീട്ടിലും സ്‌കൂളിലും അച്ചടക്കത്തിനു പോസിറ്റീവായ രീതികള്‍ മാത്രം, കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സാംസ്‌കാരിക രീതികളുടെ മാറ്റം തുടങ്ങി പ്രതീക്ഷ നല്‍കിയ ഒട്ടേറെ കാര്യങ്ങള്‍. 

സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത്, ആഭ്യന്തരം എന്നീ വകുപ്പുകള്‍ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ടു പറയുന്നതിനൊപ്പം ഒരു കാര്യമുണ്ട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ (സി.ഡബ്‌ള്യു.സി) സാമൂഹികനീതി വകുപ്പു ശക്തിപ്പെടുത്തണം. അതിക്രമക്കേസുകളില്‍ ഫലപ്രദമായ ഇടപെടലാണ് ആദ്യം വേണ്ടത്. ലൈംഗിക അതിക്രമം നടന്നതായി വിവരം ലഭിച്ചാല്‍ അന്നുതന്നെ പൊലീസില്‍ അറിയിക്കുക, കുടുംബാംഗത്തില്‍നിന്നാണ് അതിക്രമമെങ്കില്‍ കുട്ടിയെ വീട്ടില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കുക എന്നതു നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തേതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com