ഭീതി ഉണര്‍ന്നിരിക്കുന്ന വീട്

വധഭീഷണിയും ഭീതിയും ക്രൂരപരിഹാസവും ഒറ്റപ്പെടുത്തലുകളും നേരിടുമ്പോഴും ജീവിതത്തോടു പൊരുതി മുന്നേറാന്‍ ശ്രമിക്കുന്നവരെ പുരോഗമനസമൂഹം പിന്തുണയ്‌ക്കേണ്ടതുണ്ട്
ഭീതി ഉണര്‍ന്നിരിക്കുന്ന വീട്

ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് രാജ്യത്തെവിടെയും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള പൗരാവകാശം. സ്ത്രീയോ പുരുഷനോ ട്രാന്‍സ്‌ജെന്‍ഡറോ ആകട്ടെ, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റം ഹിംസ തന്നെ. സദാചാരത്തിന്റെ പേരിലുള്ള ഹിംസയുടെ പ്രചാരകരില്‍ 'പൗരബോധ'മുണരുന്ന സാധാരണക്കാര്‍ മുതല്‍ രാഷ്ര്ടീയക്കാരും പൊലീസുകാരും മതപണ്ഡിതരും വരെയുണ്ട്. ഇവര്‍ വഴിതെളിച്ച അനേകം മരണങ്ങള്‍ക്കും തല്ലിക്കെടുത്തിയ ജീവിതങ്ങള്‍ക്കും മുന്‍പിലിരുന്ന് വീണ്ടും സദാചാര പൊലീസിങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരുന്നു എന്നതാണ് സമകാലിക കേരളം നേരിടുന്ന ദുര്യോഗം.

ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനം. എറണാകുളം മറൈന്‍ ഡ്രൈവില്‍ ചൂരലുകളും കൈയിലേന്തിയിറങ്ങിയ ശിവസേനക്കാര്‍ കായലോരത്തിരുന്ന യുവാക്കളെയും യുവതികളെയും തല്ലിത്തുരത്തി. ശിവസേനക്കാരുടെ സദാചാരസംരക്ഷണം അയല്‍നാട്ടില്‍ നിന്നുള്ള വാര്‍ത്തമാത്രമായിരുന്നു ഇക്കാലംവരെ. കാരണം, കേരളത്തില്‍ ജില്ലതിരിച്ച് കണക്കെടുത്താല്‍ ഒരു ഡസനെന്നോ ഒന്നര ഡസനെന്നോ എണ്ണിത്തിട്ടപ്പെടുത്തിയെടുക്കാനാകും സേനാംഗങ്ങളുടെ എണ്ണം. മുംബൈയിലും മംഗലാപുരത്തും അന്യന്റെ ഉടല്‍ പൊളിക്കുന്ന ഹിംസ അവര്‍ കൊച്ചിയിലും പുറത്തെടുത്തു. പൊലീസ് വഴിപോക്കരെപ്പോലെ നിസ്സംഗരായി. അതേദിവസം, കൊല്ലം കരുനാഗപ്പള്ളി അഴീക്കലിലും അഞ്ചു യുവാക്കളുടെ 'പൗരബോധ'-മുണര്‍ന്നു. ബീച്ചിലെത്തിയ യുവാവിനും യുവതിക്കും നേരെ മര്‍ദ്ദനവും തെറിയഭിഷേകവും നടത്തി അവര്‍ ശിവസേനക്കാരെക്കാള്‍ മുന്നിലെത്തി. തീര്‍ന്നില്ല, ഇരുവരെ അപമാനിക്കുന്ന, മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി- ഇതാ ഒരു അനാശാസ്യം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആ ദൃശ്യം പുറത്തുവന്നതോടെ മാന്യതയുടെയും കപടസദാചാരത്തിന്റെയും മുഖംമൂടിയിട്ടവര്‍ക്കു മുന്നില്‍  നിസ്സഹായരായ ആ യുവാവും യുവതിയും ജീവിക്കാന്‍ അര്‍ഹരല്ലാതായി. പാലക്കാട്ടുകാരനായ യുവാവ് ഒരാഴ്ചയ്ക്കു ശേഷം തൂങ്ങിമരിച്ചു. യുവതി കൊല്ലം ശൂരനാട്ടുള്ള ഒരു കോളനിയില്‍ അപമാനഭാരത്താല്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റിലായിട്ടും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ദുരന്തം തല്ലിക്കെടുത്താന്‍ ശ്രമിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവരുന്ന യുവതിക്കു നേരെ സമൂഹത്തിന്റെ പരിഹാസവും ഒറ്റപ്പെടുത്തലും തുടരുന്നു. അടുത്തിടെ കരുനാഗപ്പള്ളിയിലെത്തിയ യുവതിയുടെ പിതാവിന് വധഭീഷണി നേരിടേണ്ടിവന്നു. അനുഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം അതിജീവിക്കും എന്ന ആര്‍ജ്ജവത്തോടെ അഴീക്കല്‍ നടന്ന സംഭവവും പിന്തുടരുന്ന പ്രശ്‌നങ്ങളും, കൊല്ലം ശൂരനാട്ടെ കോളനിവീട്ടിലിരുന്ന് യുവതി സംസാരിച്ചു:

വീട് പണിയാനുള്ള ധനസഹായം സംബന്ധിച്ച് അന്വേഷിക്കാന്‍ കരുനാഗപ്പള്ളി വള്ളിക്കാവിലെ ഒരു മഠത്തില്‍ ചെന്നതായിരുന്നു ഞാന്‍. പോയ കാര്യം നടന്നില്ല. നേരത്തെ അവിടത്തെ ആയുര്‍വേദ കോളേജില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്ന അനീഷ് ചേട്ടനെ കണ്ടുമുട്ടി. ആശുപത്രിയിലെ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്ന ജോലിയായിരുന്നു എനിക്ക്. ഞങ്ങള്‍ സംസാരിച്ച് ബീച്ചിലേക്കു പോയി. ഒരു നല്ല സുഹൃത്തായിരുന്നു ചേട്ടന്‍. എന്റെ വീട്ടുകാര്‍ക്കും അത് അറിയാം. കുറച്ചുനേരം  കഴിഞ്ഞപ്പോള്‍ പ്രാഥമികാവശ്യത്തിനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഞാന്‍ പോയി. സമീപത്ത് വീടുകള്‍ ഉണ്ട്. ഓടയുടെ പണിയും നടന്നിരുന്നു. അപ്പുറത്ത് കായല്‍വാരവും. ആ ധൈര്യത്തിലാണ് അവിടേക്കു പോയത്. അനീഷ് ചേട്ടന്‍ മാറിനിന്നു. കുറച്ചകലെ രണ്ടുപേര്‍ ഇരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടെ, അവരിലൊരാള്‍ എഴുന്നേറ്റുവന്ന് എന്റെ കൈയില്‍കേറി പിടിച്ചു. ഒപ്പം ചീത്തവിളിയും മോശമായ ചോദ്യം ചെയ്യലും. ഞാന്‍ ബഹളംവച്ചു. അതുകേട്ട് ഓടിയെത്തിയ അനീഷ് ചേട്ടനെ അവര്‍ ചീത്തവിളിച്ച് അടിക്കാന്‍ തുടങ്ങി. പേടിച്ചു വിറച്ചുപോയ ഞങ്ങള്‍ പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി സിം ഊരിയെറിഞ്ഞു. പിന്നെയും അടി തുടര്‍ന്നു. അപ്പോഴേയ്ക്കും മൂന്നുപേരും കൂടി അവിടേക്കെത്തി. അവരിലൊരാള്‍ എന്റെ താടിക്ക് തട്ടി. സുഭാഷ് എന്നു പേരുള്ളയാള്‍ എന്റെ മുഖത്തടിച്ചു. അയാള്‍ തന്നെയായിരുന്നു എന്നെ കയറി പിടിച്ചതും. അവരും ഞങ്ങളെ അടിച്ചു. ഞങ്ങള്‍ നാട്ടുകാരോട് പറയുമെന്ന് കരഞ്ഞു പറഞ്ഞപ്പോള്‍, ഒരു വടിയെടുത്ത് ചേട്ടന്റെ മുതുകത്ത് അടിച്ചു. എന്റെ നേരെ അടിക്കാനാഞ്ഞപ്പോള്‍, അനീഷ് ചേട്ടന്‍ തടയാന്‍ ശ്രമിച്ചു. അപ്പോഴും ചേട്ടനെ അവര്‍ അടിച്ചു. ഒടുവില്‍ ഒരുവിധം അവിടെനിന്ന് രക്ഷപെട്ടുപോരുമ്പോള്‍, അവര്‍ വിളിച്ചു പറഞ്ഞു: നിനക്കിട്ടൊക്കെ ഞങ്ങള്‍ പണി തരുന്നുണ്ട്. പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് അവര്‍ ഉദ്ദേശിച്ചത്. പക്ഷേ, ഞങ്ങള്‍ക്കതു മനസ്സിലായില്ല. ബീച്ചില്‍നിന്ന് പുറത്തിറങ്ങിയ ഞങ്ങള്‍ അപമാനഭാരത്തോടെ മടങ്ങി. എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. വീട്ടില്‍ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. എറണാകുളം വൈറ്റിലയില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ കുട്ടിയെ നോക്കുന്ന ജോലിയായിരുന്നു എനിക്ക്. അവിടെ നിന്നുള്ള വരുമാനംകൊണ്ട് വാങ്ങിയ അലമാരിയാണ് ഇത്. അച്ഛന്‍ ഹൃദ്രോഗിയായതിനാല്‍ പണിക്കു പോകുന്നില്ല. വീട്ടുജോലിക്കും നീണ്ടകരയില്‍ കൊഞ്ചിന്റെയും കണവയുടെയും പണിക്കും അമ്മ പോകും. അമ്മയുടെ  തൊഴിലുകൊണ്ട് കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് എന്റെ ജോലിയില്‍ നിന്നുള്ള ചെറിയ വരുമാനം വലിയ ആശ്വാസമായിരുന്നു.   

പിറ്റേന്ന് ഞാന്‍ എറണാകുളത്തേക്കു പോയി. അനീഷ് ചേട്ടന്‍ പാലക്കാട്ടേക്കും. എന്നാല്‍ സംഭവദിവസംതന്നെ ആ ദൃശ്യങ്ങള്‍ വാട്ട്‌സാപ്പിലൂടെ അവര്‍ പ്രചരിപ്പിച്ചു. വൈറ്റിലയിലെ വീട്ടില്‍ ഞാന്‍ എത്തിയപ്പോഴേയ്ക്കും അവിടത്തെ ചേച്ചി ആ ദൃശ്യങ്ങള്‍ കണ്ടിരുന്നു. അവര്‍ എന്നെ കുറെ വഴക്കുപറഞ്ഞു. ഇനി ഇവിടെ പണിക്ക് നില്‍ക്കേണ്ടന്നും പറഞ്ഞു. ഞാന്‍ സങ്കടത്തോടെ വീട്ടിലേക്കു മടങ്ങി. അനീഷ്‌ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു: വിഷമിക്കണ്ട, നമ്മള്‍  തെറ്റൊന്നും ചെയ്തില്ലല്ലോ. പിന്നെന്തിനാണ് വിഷമിക്കുന്നത്?

പിറ്റേദിവസം ഞങ്ങള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ പരാതി കൊടുത്തു. എന്റെ അമ്മയും അനീഷ്‌ചേട്ടന്റെ ചേട്ടനും കൂട്ടുകാരനുമൊക്കെ ഉണ്ടായിരുന്നു. സംഭവം നടന്നത് ഓച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേയ്ക്കും പോയി. അവിടെ ചെല്ലുമ്പോഴേയ്ക്കും കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. വീഡിയോ പ്രചരിപ്പിച്ച ധനീഷിനെയടക്കം രണ്ടുപേരെയും പിടിച്ചു. മൊത്തം അഞ്ചുപേര്‍ അറസ്റ്റിലായി. എന്നാല്‍, എനിക്ക് ധൈര്യം തന്ന അനീഷ്‌ചേട്ടന്‍ ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. അനീഷ് ചേട്ടനെ കൊന്നത് ഞാനാണെന്നു പറഞ്ഞാണ് നാട്ടുകാരില്‍ ചിലര്‍ എന്നെ വേട്ടയാടുന്നത്. അനുജത്തീടെ അടുത്തുപോലും ആരും ഇപ്പോള്‍ മിണ്ടാറില്ല. ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം തകര്‍ത്തിട്ട് അവര്‍ എന്തുനേടി? ഒരാള്‍ മരിച്ചു. ഇനിയുള്ളത് ഞാനാണ്. ഒറ്റപ്പെട്ട നിമിഷത്തില്‍ മരണത്തെക്കുറിച്ച് ഞാനും ആലോചിച്ചിരുന്നു. പക്ഷേ, ഞാന്‍ ആത്മഹത്യ ചെയ്യില്ല. ഞങ്ങളെ വേട്ടയാടിയവര്‍ക്കെതിരെ ഏതറ്റംവരെയും പോകും. ഞങ്ങളോടു ചെയ്ത ക്രൂരത അവര്‍ ഇനിയും തുടരരുത്. ഇതേപോലെ ബീച്ചില്‍ അനേകംപേരെ അവര്‍ ഉപദ്രവിച്ചിട്ടുണ്ടാകണം. പലരും മാനക്കേടു ഭയന്ന് പുറത്തുപറയാത്തതാകാം. അതും അന്വേഷിക്കണം. മറ്റൊരാളുടെ നേര്‍ക്കും അവന്മാരുടെ കൈ ഇനി ഉയരരുത്. എന്തു പ്രശ്‌നമുണ്ടായാലും ഉടനറിയിക്കണമെന്നു പറഞ്ഞ് ഓച്ചിറ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ ഫോണ്‍ നമ്പരുകള്‍ തന്നിട്ടുണ്ട്. ഞങ്ങള്‍ നേരിട്ട ദുരന്തം ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്. കേരളത്തില്‍ ഒരച്ഛനും അമ്മയും ഞങ്ങളുടെ മാതാപിതാക്കളെപ്പോലെ കരയരുത്.

ആദ്യം അപഹാസം
പിന്നെ വധഭീഷണി

രണ്ടാഴ്ച മുന്‍പ് യുവതിയുടെ അച്ഛന്‍ കരുനാഗപ്പള്ളിയില്‍ ബാങ്കില്‍ പോയി തിരികെ പോസ്‌റ്റോഫീസിനടുത്ത് ബസ് കയറാന്‍ നില്‍ക്കുമ്പോള്‍, മൂന്നുപേര്‍ അടുത്തേക്കുവന്നു ഉറക്കെ പറഞ്ഞു: 'ഒരുത്തന്‍ ഏതായാലും ചത്തു. ഇനി അവളേയുള്ളൂ. അവളെ നമുക്ക് ചേറ്റുകണ്ടത്തില്‍ ചവിട്ടിത്താഴ്ത്തണം. അവളുകൂടി ചത്താല്‍ കേസില്ലാതാകും. പിള്ളേരിറങ്ങിക്കഴിഞ്ഞ് അവളുടെ തള്ളയെ കാലേല്‍ പിടിച്ചു കീറി കടലില്‍ തള്ളണം. എങ്കിലേ നമ്മുടെ കേസ് തീരുകയുള്ളൂ'. 

ഭീഷണി മുഴക്കിയ ചെറുപ്പക്കാര്‍ ഉടന്‍തന്നെ വണ്ടിയില്‍ കേറി മറഞ്ഞു. അവര്‍ അറസ്റ്റിലായവരുടെ സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായ യുവതിയുടെ പിതാവ് വധഭീഷണിയുടെ നടുക്കത്തില്‍നിന്ന് മോചിതനായിട്ടില്ല. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവശേഷം പാലക്കാട് അഗളിയിലെത്തിയ അനീഷ് കടുത്ത മാനസികസമ്മര്‍ദ്ദത്തിലായെന്ന് പറയപ്പെടുന്നു. അഴീക്കല്‍ സംഭവത്തിനുശേഷം പ്രതികളുടെ ബന്ധുക്കള്‍ സമൂഹമാധ്യമത്തിലൂടെ വീണ്ടും അപമാനിച്ചതായി  പൊലീസില്‍ പരാതിയും നല്‍കി. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്ന അനീഷ് ഫെബ്രുവരി 23-ന് വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചു. കായംകുളം എരിവ തെക്ക് മണലൂര്‍ തറയില്‍ ധനീഷ്, അഴീക്കല്‍ മീനത്ത് പുതുവല്‍ ബിജു, അഴീക്കല്‍ പുതുമണ്ണേല്‍ സുഭാഷ്, അഴീക്കല്‍ തയ്യില്‍ വീട്ടില്‍ ഗിരീഷ്, പുതുമണ്ണേല്‍ അനീഷ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 

ഇടുങ്ങിയ മുറിയും അടുക്കളയും മാത്രമുള്ള പ്‌ളാസ്റ്റിക്ക് ഷീറ്റുമേഞ്ഞ കുടില്‍പോലെയുള്ള ഒരു വീട്ടിലാണ് യുവതിയടക്കം നാലംഗ കുടുംബം കഴിയുന്നത്. 22 വര്‍ഷം മുന്‍പ് കോളനിയിലെ നാലുസെന്റിലേക്കു കയറി താമസിക്കുകയായിരുന്നു. അതിനാല്‍ ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. അതിനാല്‍ വീട് നിര്‍മ്മിക്കാനും തടസ്സമുണ്ട്. യുവതിയുടെ അനുജത്തി സംഭവം നടന്നശേഷം സ്‌കൂളില്‍ പോയിട്ടില്ല. അമ്മ വീട്ടുജോലിക്കു പോകുന്ന തുച്ഛമായ കൂലി കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. സംഭവം നടന്നശേഷം അടുത്തിടെയാണ് അവര്‍ വീണ്ടും പോയിത്തുടങ്ങിയത്. പിതാവിന്റെ മരുന്നും വീട്ടിലെ മറ്റു കാര്യങ്ങളും നോക്കിയിരുന്നത് യുവതിയായിരുന്നു. കേസിന്റെ കാര്യത്തിനു പോകേണ്ടിവന്ന ദിവസങ്ങളില്‍ അമ്മയുടെയും മകളുടെയും ജോലി  മുടങ്ങിയപ്പോള്‍ വീട് പട്ടിണിയായി. മരുന്ന്  മുടങ്ങിയതോടെ ഹൃദയത്തില്‍ മൂന്ന് ബ്‌ളോക്കുള്ള പിതാവിന്റെ നാവ് കുഴഞ്ഞു തുടങ്ങി. ഇപ്പോഴും സംസാരിക്കുമ്പോള്‍ വാക്കുകള്‍ അവ്യക്തം. യുവതി ജോലിക്കു നിന്ന വീട്ടുകാര്‍  വീടുവയ്ക്കാന്‍  സഹായിക്കാമെന്നും പറഞ്ഞിരുന്നു. ജോലി പോയതോടെ ആ സ്വപ്‌നവും പൊലിഞ്ഞു. 

ഈ വീട്ടില്‍ ഇവരോടൊപ്പം ഇന്ന് പാര്‍ക്കുന്നത് ഭീതി മാത്രം. രാത്രി രണ്ടു പെണ്‍കുട്ടികളെയും ചേര്‍ത്തുപിടിച്ച് മാതാവ് കട്ടിലിലും പിതാവ് തറയില്‍ പായിട്ടും ഉറങ്ങാന്‍ കിടക്കും. മുറ്റത്തോടു ചേര്‍ന്നുള്ള നടപ്പാതയിലൂടെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പിന്നെ അവര്‍ക്ക് ഉറങ്ങാനാകില്ല. പിന്നെ, വെളുക്കുവോളം വീട് ഉറക്കമിളയ്ക്കും.

അടച്ചുറപ്പുള്ള ഒരു വീട്ടിലിരുന്ന് ഈ അനുഭവകഥ വായിക്കുന്നവര്‍ക്ക് ഇവരുടെ രാത്രികള്‍ എത്രകണ്ട് ഭീതിദമാണെന്ന് മനസ്സിലാക്കാനാകുമോ? അറിയില്ല. പെരുമ്പാവൂര്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ തലയണയ്ക്കടുത്ത് കത്തിയും സൂക്ഷിച്ച് ഉറങ്ങിയ ജിഷയ്ക്കു നേരെയുണ്ടായ അക്രമം മറക്കാറായിട്ടില്ല. ഏറിയ ദുരനുഭവങ്ങളില്‍നിന്നും ജീവിതത്തിന്റെ വേരുറപ്പുകളിലേക്കു മടങ്ങുകയാണ് ഈ പത്തൊന്‍പതുകാരി. എട്ടാം ക്‌ളാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയിട്ടുള്ള യുവതിക്ക് അത്യാവശമായി വേണ്ടത് ഒരു ജോലി. ഒറ്റപ്പെടുത്തലുകളും ക്രൂരപരിഹാസങ്ങളും ഭീതിപുരണ്ട ഓര്‍മ്മകളും അതിജീവിച്ച് അവര്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ മണ്ഡലത്തിലാണ് ഈ കോളനി. ഒരു ജനപ്രതിനിധി എന്ന  നിലയില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന ഒരു വ്യക്തികളിലൊരാളാണ് അദ്ദേഹം. മരുന്നുകളും പഴകിയ തുണികളും നിറഞ്ഞ ഒരു അലമാരയും ശബ്ദമുണ്ടാക്കി കറങ്ങുന്ന ഒരു ടേബിള്‍ ഫാനും മാത്രമുള്ള ഒറ്റമുറിവീട്ടില്‍നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്കും അപമാനഭാരങ്ങളില്‍നിന്ന് അഭിമാനബോധത്തിലേക്കും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന യുവതിക്ക് ഈ വരികള്‍ വായിച്ചവസാനിപ്പിക്കുന്നവരുടെ പിന്തുണയും ആവശ്യമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com