ആനറ്റോളിയയില്‍ അന്നൊരു കാലത്ത്...

മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് പൊതുവേ സീലാന്റെ സിനിമകള്‍. തുടക്കത്തില്‍ മൃതദേഹം തേടിയുള്ള യാത്രയാണെങ്കിലും പതുക്കെപ്പതുക്കെ അതു ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള അന്വേഷണം
ആനറ്റോളിയയില്‍ അന്നൊരു കാലത്ത്...

സിനിമയെ ഗൗരവമായി സമീപിക്കുന്നവരുടെ മനസ്സിലേക്ക് ഇന്ന് ആദ്യം കടന്നുവരുന്ന പേരുകളിലൊന്നാണ് നൂരി ബില്‍ജെ സീലാന്‍ എന്ന തുര്‍ക്കി സംവിധായകന്റേത്. എട്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം എണ്‍പത്തിയാറോളം അന്താരാഷ്ര്ട അവാര്‍ഡുകളും നേടുകയുണ്ടായി. 'വിന്റര്‍ സ്‌ളീപ്പ്' (പാം ഡി ഓര്‍), 'ഡിസ്റ്റന്റ്', 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ആനറ്റോളിയ' (ഗ്രാന്റ് പ്രീക്‌സ്) 'ത്രീ മങ്കീസ്' (മികച്ച സംവിധായകന്‍) 'കൈ്‌ളമറ്റ്' (ഫിപ്രസി പ്രൈസ്) തുടങ്ങിയവ കാനില്‍ മാത്രം നേടിയ ബഹുമതികളാണ്. 
ആനറ്റോളിയയുടെ വിശാലമായ പുല്‍മേടുകളാണ് സിനിമയുടെ ആദ്യപകുതിയുടെ പശ്ചാത്തലം. ഒരു കൊലപാതകം നടന്നു. ശവം പുല്‍മേടുകളിലെവിടെയോ കുഴിച്ചിട്ടിട്ടുണ്ട്. അതു കണ്ടെത്താനായി പൊലീസും പ്രോസിക്യൂട്ടറും ഡോക്ടറും കൊലയാളിയെന്നു സംശയിക്കുന്ന ആളും സഹോദരനും കുഴിതോണ്ടുന്നവരും സഹായികളുമെല്ലാം അടങ്ങുന്ന സംഘം നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ആദ്യഭാഗം. മങ്ങിയ ഒരു ചില്ലു ജനാലയുടെ ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഉള്ളിലെ മുറിയിലുള്ളവരെക്കുറിച്ചുള്ള ആകാംക്ഷ വളര്‍ത്തിക്കൊണ്ട് ക്യാമറ കുറച്ചുകൂടി മുന്നിലേക്കു ചില്ലിന്റെ തെളിഞ്ഞ ഭാഗത്തേക്കു നീങ്ങുമ്പോള്‍ മുറിയില്‍ ഇരിക്കുന്ന മൂന്നുപേര്‍ നമുക്കു ദൃശ്യമാകുന്നു. അവരുടെ സംസാരം നാം കേള്‍ക്കുന്നില്ല. രണ്ടുപേര്‍ മദ്യപിക്കുന്നുണ്ട്. പുറത്തു കെട്ടിയിട്ട പട്ടിയുടെ കുര കേട്ടപ്പോള്‍ ഒരാള്‍ പുറത്തേക്കിറങ്ങി വന്ന് അതിനു ഭക്ഷണം നല്‍കുന്നു. അയാളുടെ മുഖം നമുക്കിപ്പോള്‍ വ്യക്തമായി കാണാം. ദീര്‍ഘമായ ഈ രണ്ടു ഷോട്ടുകള്‍ സിനിമയ്‌ക്കൊരാമുഖമാണ്. അതിനുശേഷം സിനിമയുടെ ക്രെഡിറ്റുകള്‍ തെളിയുന്നു. വിശാലമായ ആനറ്റോളിയന്‍ പുല്‍മേടുകളുടെ വിദൂരദൃശ്യമാണടുത്തത്. മൂന്നു വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകള്‍ വിദൂരതയില്‍നിന്നും അടുത്തടുത്തു വരുന്നു. 

കുറ്റങ്ങള്‍ തേടിയുള്ള യാത്ര
അന്വേഷണസംഘം നേരിടുന്ന പ്രശ്‌നം കൊലയാളിയെന്നു സംശയിക്കുന്ന കെനാന് സ്ഥലം കണ്ടെത്താനാവുന്നില്ല എന്നതാണ്. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിരുന്നതുകൊണ്ട് കുഴിച്ചിട്ട സ്ഥലം അയാള്‍ക്ക് കൃത്യമായി മനസ്‌സിലാവുന്നില്ല. അയാളുടെ സഹോദരന്‍ അല്‍പ്പം ബുദ്ധിമാന്ദ്യമുള്ള ആളാണ്. എങ്കിലും കെനാന്‍ പറഞ്ഞ ഒരു കുളം, വൃത്താകൃതിയിലുള്ള  വൃക്ഷം, ഇവയുടെ അടയാളം വെച്ചാണ് അവര്‍ നീങ്ങുന്നത്. പക്ഷേ, വിശാലമായ ആനറ്റോളിയന്‍ പുല്‍മേടിന്റെ ഏകതാനസ്വഭാവവും വെളിച്ചക്കുറവും സ്ഥലം കണ്ടെത്തുന്നതിനു തടസ്സമാവുന്നു. കാറുകള്‍ വന്നെത്തുന്ന ഷോട്ടില്‍ത്തന്നെ അവര്‍ പുറത്തിറങ്ങുന്നതും സ്ഥലം പരിശോധിക്കുന്നതും അതല്ലെന്നു തിരിച്ചറിയുന്നതും കാറുകള്‍ നീങ്ങുന്നതും ചിത്രീകരിച്ചിരിക്കുന്നു. അടുത്ത ഷോട്ട് കുന്നിന്‍ചെരിവിലൂടെയുള്ള കാറുകളുടെ സഞ്ചാരത്തിന്റെ വിദൂരദൃശ്യമാണ്. അപ്പോള്‍ അവര്‍ തമ്മിലുള്ള സംഭാഷണം നമുക്ക് കേള്‍ക്കാം. അന്വേഷണവുമായി ബന്ധപ്പെട്ടല്ല, യോഗര്‍ട്ടിനെക്കുറിച്ചും അതു ലഭിക്കുന്ന ഹോട്ടലുകളെക്കുറിച്ചുമാണ് ചര്‍ച്ച. അടുത്ത ഷോട്ട് കാറിനുള്‍ഭാഗത്തേക്ക് പെട്ടെന്നു കട്ട് ചെയ്യുന്നു. പൊലീസ് മേധാവി, െ്രെഡവര്‍, ബോഡി പരിശോധിക്കേണ്ട ഡോക്ടര്‍, കെനാന്‍, സഹായി എന്നിവരുടെ മുഖങ്ങളിലേക്ക്. ഡ്രൈവറും പൊലീസ് മേധാവിയും തമ്മിലാണ് മുഖ്യമായും സംഭാഷണങ്ങള്‍. ദീര്‍ഘമായ ആ ഷോട്ട് അവസാനിക്കുന്നത് പിന്നില്‍ നടുവിലെ സീറ്റില്‍ ഉറക്കത്തിലേക്കു വീഴാന്‍ പോകുന്ന മുഖത്തു മുറിവുണങ്ങിയ പാടുകളുള്ള കെനാന്‍ എന്ന വ്യക്തിയുടെ അസ്വസ്ഥമായ മുഖത്തേക്കാണ്. ചര്‍ച്ച കെബാബിനെക്കുറിച്ചും യോഗര്‍ട്ടിനെക്കുറിച്ചുമാണെങ്കിലും നാം ശ്രദ്ധിക്കേണ്ട വ്യക്തിയിലേക്കു ചൂണ്ടുകയാണ് സംവിധായകന്‍.
വളരെ പെട്ടെന്നു കണ്ടെത്താനാവുമെന്ന വിശ്വാസത്തില്‍ ആരംഭിച്ച അന്വേഷണം ഇഴയുകയാണ്. പ്രോസിക്യൂട്ടര്‍ക്ക് പിറ്റേന്നു രാവിലെ അങ്കാറയിലെത്തേണ്ടതാണ്. നിങ്ങളെ വിശ്വസിച്ചാണ് ഞാനിതിനു പുറപ്പെട്ടതെന്ന് അദ്ദേഹം പൊലീസ് മേധാവിയോടു പരാതി പറയുന്നുണ്ട്. മൂന്നാമത്തെ ഇടത്ത് ശവം കണ്ടെത്താന്‍ ശ്രമം നടക്കുമ്പോള്‍ പ്രോസിക്യൂട്ടറും ഡോക്ടറും തമ്മില്‍ സംസാരിക്കുന്നു. ആ സംഭാഷണത്തില്‍നിന്നും ഡോക്ടര്‍ രണ്ടു വര്‍ഷം മുന്‍പു വിവാഹമോചനം നേടിയ ആളാണെന്നു വ്യക്തമാവുന്നു. തനിക്കു മക്കളില്ലെന്നും വേണ്ടെന്നു വെച്ചതാണെന്നും ഡോക്ടര്‍ പറയുന്നുണ്ട്. അതു നന്നായെന്നും ഇപ്പോഴത്തെ കാലം അത്ര നല്ലതല്ലെന്നും പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെടുന്നു. പല മരണങ്ങളിലും ഒരു പ്രോസിക്യൂട്ടറെക്കാള്‍ ഒരു ജ്യോതിഷിയെയാണു ആവശ്യമെന്നും പരിഹസിക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ ഭാര്യയുടെ ആത്മഹത്യയെയാണ് പ്രോസിക്യൂട്ടര്‍ ഉദാഹരിക്കുന്നത്. അവര്‍ അഞ്ചു മാസത്തിനു ശേഷം വരുന്ന ഒരു ദിവസം ആത്മഹത്യ ചെയ്യുമെന്നു പറയുകയുണ്ടായി. അവള്‍ ഗര്‍ഭിണിയായിരുന്നു. അദ്ഭുതമെന്തെന്നു പറഞ്ഞാല്‍, പ്രസവിച്ച് ഏതാനും ദിവസം കഴിഞ്ഞു മുന്‍പു പറഞ്ഞ അതേ ദിവസം അവള്‍ മരിച്ചു. അതിനു കാരണമെന്താവാമെന്ന ചോദ്യം ഡോക്ടര്‍ ഉയര്‍ത്തുന്നു. അപ്പോഴേക്കും സ്ഥലം ഇതുമല്ലെന്നറിഞ്ഞ പൊലീസ് മേധാവി കെനാനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് അവര്‍ കാണുന്നു. പ്രോസിക്യൂട്ടര്‍ അയാളെ തടയുന്നു. പുതിയ നടപടിക്രമങ്ങളില്‍ ഇതൊന്നും പാടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പൊലീസ് മേധാവിയെ ശാന്തനാക്കാനുള്ള ശ്രമം ഒരു വശത്ത്. അപ്പുറത്ത് ഡ്രൈവര്‍ അറബ് അലി ഒരു ആപ്പിള്‍ മരം പിടിച്ചുകുലുക്കി പഴങ്ങള്‍ താഴെ വീഴ്ത്തുന്നു. അതില്‍ ഒരു പഴം ഉരുണ്ടുരുണ്ടു താഴേക്കു പോകുന്നതു വിശദമായി ചിത്രീകരിച്ചിരിക്കുന്നു. അതിനിടയില്‍ സംഭാഷണങ്ങള്‍ നാം കേള്‍ക്കുന്നു. ഇത്തരം അക്രമസ്വഭാവങ്ങളുമായാണോ നാം യൂറോപ്യന്‍ യൂണിയനിലേക്കു പ്രവേശിക്കേണ്ടത് എന്ന ചോദ്യം പ്രോസിക്യൂട്ടറില്‍ നിന്നുയരുന്നുണ്ട്. കെനാന്‍ ഡോക്ടറോട് ഒരു സിഗരറ്റ് ചോദിച്ചെങ്കിലും അതു നല്‍കുന്നത് പൊലീസ് മേധാവി തടയുകയാണ്. ഏതായാലും വൈകിയ അവസ്ഥയില്‍ ഭക്ഷണത്തിനും വിശ്രമത്തിനും വേണ്ടി തൊട്ടടുത്ത ഗ്രാമത്തിലേക്കു നീങ്ങുന്നു. അവിടെ ഗ്രാമമുഖ്യന്‍ അവര്‍ക്കു ഭക്ഷണം ഒരുക്കുന്നു. ഭക്ഷണസമയത്ത് അദ്ദേഹം ഏറെ സംസാരിക്കുന്നുണ്ട്. വൃദ്ധര്‍ മാത്രമേ ഗ്രാമത്തിലുള്ളൂ. യുവാക്കളെല്ലാം ജര്‍മ്മനിയിലും മറ്റുമാണ്. പിതാക്കള്‍ മരിച്ചാല്‍ വരുന്നതുവരെ മൃതശരീരം സൂക്ഷിക്കണമെന്നു മക്കള്‍ ആവശ്യപ്പെടുന്നു. മൃതദേഹം സൂക്ഷിക്കാനുള്ള ശീതീകരണി ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ പരാതി. മൃതദേഹം നാറുന്ന അവസ്ഥ ഉണ്ടാകുന്നു. ഭക്ഷണശേഷം എല്ലാവരും വിശ്രമിക്കവേ ഗ്രാമമുഖ്യന്റെ മകള്‍ എല്ലാവര്‍ക്കും ചായയുമായി വരുന്നു. പൊലീസ് മേധാവി കെനാനെ ചോദ്യം ചെയ്യാനായി കൊണ്ടു പോകുന്നു. തിരിച്ചുവന്ന് പ്രോസിക്യൂട്ടറോട് പുതിയ ചില വിവരങ്ങള്‍ പറയുന്നു. മരിച്ചയാളുടെ കുട്ടി യഥാര്‍ത്ഥത്തില്‍ കെനാന്റേതാണ്. മദ്യപിച്ച വേളയില്‍ അത് അറിയാതെ പറഞ്ഞുപോയതാണ് കൊലപാതകത്തിലേക്കു നയിച്ചത്. പിറ്റേന്നു പുലര്‍ച്ചെ തന്നെ സംഘം യാത്രതിരിച്ച് മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. പ്രോസിക്യൂട്ടര്‍ പ്രേതപരിശോധനയുടെ വിശദമായ പ്രമാണങ്ങള്‍ തയ്യാറാക്കി. മൃതദേഹവുമായി സംഘം നഗരത്തിലേക്കെത്തുമ്പോള്‍ നാട്ടുകാര്‍ കെനാനെ കൈയേറ്റം ചെയ്യാനൊരുങ്ങുന്നു. പിന്നീട് ഡോക്ടറിലേക്കാണ് മുഖ്യമായും സിനിമ കേന്ദ്രീകരിക്കുന്നത്. അദ്ദേഹം തന്റെ മുറിയില്‍ ഭാര്യയുടെ ഫോട്ടോ നോക്കിനില്‍ക്കുന്നു. തന്റെ യൗവ്വനത്തിലെയും കുട്ടിക്കാലത്തെയും ചിത്രങ്ങളും. ഹമാം എന്ന കുളിമുറികള്‍, സ്ഥിരം ഭക്ഷണശാലകള്‍- എല്ലാ വിശദാംശങ്ങളിലേക്കും ദൃശ്യങ്ങള്‍ കടന്നു ചെല്ലുന്നു. പിന്നീട് ആ ചെറു പട്ടണത്തിലൂടെ അദ്ദേഹം ആശുപത്രിയിലേക്കു നീങ്ങുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്‍പു മൃതദേഹം ഭാര്യ തിരിച്ചറിയുന്നുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം സീനുകളാണ് പിന്നീട്. അതിനിടെ ജനലിലൂടെ നോക്കുന്ന ഡോക്ടര്‍ മരിച്ചയാളുടെ ഭാര്യയും മകനും നടന്നുനീങ്ങുന്നതു കാണുന്നു. സിനിമ അവിടെ അവസാനിക്കുന്നു.

ഇഴഞ്ഞുനീങ്ങുന്ന ദൃശ്യദേവത 
ഈ സിനിമയിലെ സംഭവങ്ങള്‍ ഇത്രയുമാണ്. പൊലീസ് അന്വേഷണമാണെങ്കിലും അത്തരം സിനിമകളുടെ ചടുലതയോ ഉദ്വേഗമോ സിനിമയ്ക്കില്ല. ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങള്‍ സീലാന്റെ സിനിമകളുടെ സവിശേഷതയാണ്. ഉല്‍കൃഷ്ട സനിമകളുമായി പരിചയമില്ലാത്ത സാധാരണ ആസ്വാദകനെ അതു മടുപ്പിച്ചേക്കാം. സീലാന്‍ തന്നെ പറയുന്നുണ്ട്, കാണുന്നവനു ബോറടിക്കുന്നുണ്ടോ എന്നതു ഞാന്‍ പരിഗണിക്കുന്നേയില്ല. ചിലപ്പോള്‍ അവരെ ബോറടിപ്പിക്കാന്‍ തന്നെ ഞാന്‍ ശ്രമിക്കും. കാരണം, അതിനുശേഷം ചില അദ്ഭുതങ്ങള്‍ വരാനിരിക്കുന്നുണ്ട്. ഒരുപക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞ് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം. ചിലപ്പോള്‍ വീണ്ടും സിനിമ കാണുമ്പോള്‍ എന്ന്.  
മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് പൊതുവേ സീലാന്റെ സിനിമകള്‍. തുടക്കത്തില്‍ മൃതദേഹം തേടിയുള്ള യാത്രയാണെങ്കിലും പതുക്കെപ്പതുക്കെ അതു ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള അന്വേഷണം കൂടിയാവുന്നു. ഓരോ കഥാപാത്രങ്ങളോടൊപ്പവും ഓരോ ലോകങ്ങള്‍ തുറക്കപ്പെടുന്നു. രണ്ടാം തവണ മൃതദേഹം അന്വേഷിക്കാനായി സംഘം പുറത്തിറങ്ങിയപ്പോള്‍ ഡോക്ടറും അറബ്അലിയും തമ്മിലുള്ള സംഭാഷണങ്ങളില്‍ നീതിന്യായ വ്യവസ്ഥയുടെ മറ്റൊരു മുഖം വ്യക്തമാക്കപ്പെടുന്നു. നല്ലതും ചീത്തയുമെന്നു വേര്‍തിരിച്ച് ആളുകളെ നിയമപാലകര്‍ തന്നെ നിര്‍ദ്ദയം വെടിവെച്ചു കൊല്ലുന്നതിനെക്കുറിച്ചുള്ള സൂചന അറബ് അലിയുടെ സംഭാഷണത്തിലുണ്ട്. എല്ലാത്തിനും സാക്ഷിയാകേണ്ടിവരുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ അയാള്‍ ആ വിജനപ്രദേശത്തു വന്ന് ആകാശത്തേക്കു വെടിവെയ്ക്കുന്നതിനെക്കുറിച്ചും പറയുന്നു. ഒരു കുറ്റകൃത്യാന്വേഷണത്തിന്റെ വിശദമായ പരിചരണത്തിനിടയില്‍ നിയമനടപടികളുടെ പൊള്ളത്തരങ്ങള്‍ തന്നെ ആ സംഭാഷണങ്ങളില്‍ വ്യക്തമാക്കപ്പെടുന്നു. അടുത്ത തവണ മറ്റൊരു സ്ഥലത്ത് തിരച്ചില്‍ നടക്കുമ്പോള്‍ പ്രോസിക്യൂട്ടറും ഡോക്ടറും തമ്മിലാണ് സംസാരിക്കുന്നത്. നിശ്ചിതദിവസം മരിക്കുമെന്നു പ്രവചിച്ച് മരണം വരിച്ച സ്ര്ത്തീയെക്കുറിച്ച് പ്രോസിക്യൂട്ടര്‍ പറയുന്നു. ഡോക്ടറുടെ പരിശോധനയില്‍ അത് ഹാര്‍ട്ട് അറ്റാക്ക് കൊണ്ടുള്ള മരണമായിരുന്നുവത്രെ. മരിച്ച സ്ര്തീ ഒരുപക്ഷേ, ആത്മഹത്യചെയ്തതാവാമെന്നും ചില മരുന്നുകള്‍ ഓവര്‍ഡോസില്‍ കഴിച്ചാല്‍ ഹൃദയാഘാതം വന്നേക്കാമെന്നും ഡോക്ടര്‍ പറയുന്നു. വളരെ പിന്നീട് മരിച്ചത് പ്രോസിക്യൂട്ടറുടെ ഭാര്യയാണെന്നു വ്യക്തമാക്കപ്പെടുന്നുണ്ട്. ആ മരണത്തിനു പിന്നില്‍ അയാളുടെ വഴിവിട്ട ബന്ധങ്ങളുടെ സ്വാധീനമുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. സത്യത്തില്‍ ആ മരണം പ്രോസിക്യൂട്ടറോടുള്ള പ്രതികാരമായിരുന്നെന്നും. ഓരോ ആത്മഹത്യയും സ്വയം നശിപ്പിക്കാനല്ല മറ്റുള്ളവരെ ശിക്ഷിക്കാന്‍ കൂടിയാണെന്ന് ഡോക്ടര്‍ പറയുന്നു. സ്ര്തീകള്‍ പലപ്പോഴും ദയാരഹിതമായാണ് പ്രവര്‍ത്തിക്കുക എന്നു പ്രോസിക്യൂട്ടറും പറയുന്നു. ഈ സംഭാഷണങ്ങള്‍ക്കിടയില്‍ നാം കാണുന്ന ഡോക്ടറുടെ മുഖഭാവങ്ങളില്‍ താനും സമാനമായ അനുഭവങ്ങളിലൂടെയാണ് കടന്നു വന്നതെന്ന സൂചനകള്‍ നാം വായിച്ചെടുക്കുന്നു. ഡോക്ടര്‍ക്കു തകര്‍ന്ന ഒരു ദാമ്പത്യത്തിന്റെ കഥയുണ്ട്. അയാള്‍ വിവാഹമോചിതനാണ്.
പൊലീസ് മേധാവിയെ അലട്ടുന്നത്  തന്റെ മകന്റെ രോഗമാണ്. ദൈവഭയമുള്ള വ്യക്തിയാണയാള്‍. സുഖമില്ലാത്ത കുഞ്ഞിനെത്തന്ന് ദൈവം തങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു എന്ന ഭാര്യയുടെ ചോദ്യത്തിന് അത്തരം ചോദ്യങ്ങളരുതെന്നാണ് അയാള്‍ മറുപടി പറയുന്നത്. കൊലപാതകങ്ങളെക്കുറിച്ചു പറയുമ്പോള്‍ എല്ലാത്തിനും ഉത്തരവാദി സ്ത്രീകളാണെന്ന കാഴ്ചപ്പാടും അയാള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഗ്രാമമുഖ്യനെ സംബന്ധിച്ച് നാടു നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. രാത്രിയില്‍ എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയത്. ആനറ്റോളിയന്‍ പ്രകൃതിയുടെ അനന്തവിശാലതയ്ക്കു മുന്നില്‍ മനുഷ്യാവസ്ഥ നിസ്സാരമായി മാറുന്നു. നിലാവ്, മേഘങ്ങള്‍, ഇടിമിന്നല്‍, കാറ്റ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളെല്ലാം ദൃശ്യങ്ങളില്‍ നിരന്തര സാന്നിധ്യമായി വരുന്നുണ്ട്. 
സിനിമയിലെ ഏറ്റവും വിസ്മയകരമായ ദൃശ്യം ഗ്രാമമുഖ്യന്റെ വീട്ടില്‍ ഭക്ഷണശേഷം വിശ്രമിക്കുന്നവരുടെ അരികിലേക്കു വിളക്കേന്തി ചായയുമായി വരുന്ന പെണ്‍കുട്ടിയാണ്. ഈ പെണ്‍കുട്ടിയുടെ വരവ് കഥാപാത്രങ്ങളെ വിചിത്രമായ മാനസിക ലോകങ്ങളിലേക്കെത്തിക്കുന്നുണ്ട്. ഓരോ മുഖത്തെയും പ്രകാശമാനമാക്കി കടന്നുപോവുകയാണ് ആ പെണ്‍കുട്ടി. വെളിച്ചത്തില്‍ കുളിച്ച മുഖമുള്ള അവള്‍ ഒരു മാലാഖയെപ്പോലെ തോന്നിക്കും. ഡോക്ടറാണ് അവളെ ആദ്യം കാണുന്നത്. അവളില്‍നിന്നു ചായ സ്വീകരിക്കുമ്പോള്‍ അയാള്‍ നിര്‍ന്നിമേഷനായി അവളെത്തന്നെ നോക്കുകയാണ്. രണ്ടാമത് ഉറക്കത്തിലേക്കു വീണ പ്രോസിക്യൂട്ടറുടെ അരികിലേക്ക്. അയാള്‍ കണ്ണു തുറന്നത് അവളുടെ മുഖത്തേക്കാണ്. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ അദ്ഭുതം നിറഞ്ഞ അയാളുടെ കണ്ണുകള്‍ നിഷ്‌കളങ്കമായ ആമുഖത്തു തറഞ്ഞുനില്‍ക്കുന്നു. ബുദ്ധിസ്ഥിരതയില്ലാത്ത സഹോദരനരികിലേക്കാണ് അടുത്തതായി പോകുന്നത്. പിന്നീട് കെനാനരികിലേക്ക്. അയാള്‍ വേദനയും വിസ്മയവും നിറഞ്ഞ ഭാവത്തോടെയാണ് അവളെ നോക്കുന്നത്. ഒരുവേള അയാള്‍ തേങ്ങിപ്പോകുന്നുണ്ട്. പിന്നീട് അയാള്‍ കരച്ചിലിലേക്കു പതിക്കുന്നു. അവള്‍ സമീപിച്ച മുഖങ്ങള്‍ ആദ്യം വെളിച്ചത്തില്‍ പ്രകാശിക്കുകയും പിന്നീട് ഇരുളുകയും ചെയ്യുന്നു. തൊട്ടപ്പുറത്ത് മരിച്ച മനുഷ്യന്‍ തന്നെ ഇരിക്കുന്നതായി കെനാന്‍ കാണുന്നു. നീ മരിച്ചില്ലേ എന്നു ചെറിയ ചിരിയോടെ അയാള്‍ ചോദിക്കുന്നുണ്ട്. താന്‍ കൊന്നയാള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന പ്രതീക്ഷ തന്നെ ഒരു നിമിഷത്തെ തോന്നലായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. 

ആവര്‍ത്തിക്കുന്ന ദ്വന്ദങ്ങള്‍ 
ഈ ദൃശ്യം സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ആ പെണ്‍കുട്ടി ഒരു ഉല്‍പ്രേരകമാണെന്നും സംവിധായകന്‍ തന്നെ പറയുന്നുണ്ട്. 'കൊലയാളിയെന്നു സംശയിക്കുന്ന ആള്‍ കുറ്റസമ്മതം നടത്തുന്നതിനു കാരണമന്വേഷിക്കുകയായിരുന്നു ഞങ്ങള്‍. ആ പെണ്‍കുട്ടിയുടെ സാന്നിധ്യമാണ് കൊലയാളിയുടെ ആത്മാവില്‍ പരിവര്‍ത്തനമുണ്ടാക്കുന്നത്.' ഒരു ദിവ്യദര്‍ശനം പോലെ അത് എല്ലാവരെയും ഏതെങ്കിലും തലത്തില്‍ സ്വാധീനിക്കുന്നുണ്ട്. അവരവരുടെ ഉള്ളിലേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ആത്മഹത്യ ചെയ്തത് തന്റെ ഭാര്യയാണെന്ന്, അതിനു കാരണമായേക്കാവുന്നത് തന്റെ വഴിവിട്ട ബന്ധമാണെന്ന് പ്രോസിക്യൂട്ടര്‍ ഡോക്ടറോട് തുറന്നു പറയുന്നത് അതിനുശേഷമാണ്. കെനാനു സിഗരറ്റു നല്‍കുന്നതില്‍നിന്ന് ഡോക്ടറെ ആദ്യം തടഞ്ഞ പൊലീസ് ഓഫീസര്‍ തന്നെ ഇപ്പോള്‍ ഒരു സിഗരറ്റു കത്തിച്ചു നല്‍കുന്നു. ചോദ്യം ചെയ്യലില്‍ കെനാന്‍ സത്യങ്ങള്‍ തുറന്നു പറയുന്നു. കെനാന്‍ നേരിട്ടു തന്നെ മൃതശരീരം കുഴിച്ചിട്ട സ്ഥലത്തേക്ക് അവരെ കൂട്ടിക്കൊണ്ടു പോകുന്നു. ബുദ്ധിമാന്ദ്യമുള്ള സഹോദരനെ തന്റെ കൈയിലേല്‍പ്പിച്ചാണ് അമ്മ മരിച്ചതെന്നും പൊലീസ് ഓഫീസറോട് അയാള്‍ പറയുന്നുണ്ട്. കൊലപാതകി ശരിക്കും ആരാണെന്നു നമുക്ക് ഉറപ്പിക്കാനാവില്ല. കാരണം ശവം പുറത്തെടുത്തപ്പോള്‍ സഹോദരനെ താനാണ് കൊലചെയ്തത് എന്നു പറഞ്ഞു വിങ്ങിക്കരയുന്നുണ്ട്. കെനാന്‍ അപ്പോഴവനെ മിണ്ടാതിരിക്കാന്‍ ശാസിക്കുകയാണ്. ബുദ്ധിമാന്ദ്യമുള്ള സഹോദരനാണോ കൊല നടത്തിയിട്ടുണ്ടാവുക? അവനുവേണ്ടി കെനാന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നോ? മൃതശരീരവുമായി സംഘം നഗരത്തിലെത്തിയപ്പോള്‍ കൊല്ലപ്പെട്ടയാളുടെ മകന്‍ കെനാനെ കല്ലെറിയുന്നുണ്ട്. അയാളെ ഏറ്റവും വേദനിപ്പിച്ചത് അതാണെന്ന് പൊലീസ് പിന്നീട് പറയുന്നുണ്ട്. 
നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ട് എന്നു അറബ് അലി ഒരിക്കല്‍ ഡോക്ടറോട് പറയുന്നുണ്ട്. സീലാന്റെ സിനിമകളിലും നല്ലത് ചീത്ത എന്ന ദ്വന്ദം ആവര്‍ത്തിക്കുന്നുണ്ട്. കുഴിച്ചിട്ട ഒരു ശവം കണ്ടെത്താനുള്ള യാത്രയാണിത്. മറ്റൊരര്‍ത്ഥത്തില്‍ ഓരോ മനുഷ്യരും  തങ്ങളുടെ ഉള്ളില്‍ ഒരു ശവം ഒളിച്ചുവച്ചിട്ടുണ്ട്. ആ ജീര്‍ണ്ണത തോണ്ടി പുറത്തെടുക്കുകയാണവര്‍ ചെയ്യുന്നത്. അത് പൊലീസ് നടപടിക്രമങ്ങളിലൂടെ സാധിക്കുന്നതല്ല. മറിച്ച് തന്റെ ആത്മാവിനെ തിരിച്ചറിയുന്നതിലൂടെയാവണം എന്നതാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്. ആ  നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ സാന്നിധ്യമാണ് അതിനു കാരണമാവുന്നത്. നമ്മുടെ ജ്ഞാനം കൊണ്ടു വിശദീകരിക്കാന്‍ പറ്റുന്ന ഒന്നല്ല ഇത്.     
പോസ്റ്റ്‌മോര്‍ട്ടത്തിനു തൊട്ടുമുന്‍പ് ഡോക്ടറും പൊലീസ് മേധാവിയുമായി സംഭാഷണം നടക്കുന്നുണ്ട്. ഈ പ്രായത്തില്‍ പൊലീസ് ജോലി കഠിനമാണെന്നും പക്ഷേ, സുഖമില്ലാത്ത കുട്ടിയുള്ള വീട്ടില്‍ കഴിച്ചുകൂട്ടുക അതിലും പ്രയാസമാണെന്നും പൊലീസ് മേധാവി പറയുന്നു. ഡോക്ടര്‍ ചെറുപ്പമാണെന്നും ഈ കൊച്ചുനഗരത്തില്‍ ജീവിക്കുന്നതിലര്‍ത്ഥമില്ലെന്നും നഗരത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടം പറ്റിയതല്ലെന്നും താനാണെങ്കില്‍ പണ്ടേ ഇവിടുന്നു കെട്ടുകെട്ടിയേനെ എന്നും അദ്ദേഹം ഡോക്ടറോടു പറയുന്നുണ്ട്. അതിനുശേഷമുള്ള ഷോട്ടുകള്‍ ഡോക്ടര്‍ ജീവിക്കുന്ന കൊച്ചുനഗരത്തിന്റേതാണ്. അവിടുത്തെ ഹമാം എന്നു പേരുള്ള കുളിപ്പുരകള്‍, ഉണര്‍ന്നിട്ടില്ലാത്ത തെരുവുകള്‍, പുരാതനമായ കെട്ടിടങ്ങള്‍, തൂപ്പുകാര്‍, പക്ഷികള്‍, വീടുകളുടെ പുകക്കുഴലുകള്‍ എല്ലാം അയാളുടെ നോട്ടങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഈ ചെറുനഗരം ഇപ്പോള്‍ അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവിടം വിട്ടുപോകണം എന്ന പൊലീസ് ഓഫീസറുടെ അഭിപ്രായമാണോ അയാളെ ഇതെല്ലാം സൂക്ഷ്മമായി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നത്? ആ ചെറുപട്ടണവുമായുള്ള ആഴത്തിലുള്ള മമത സൂചിപ്പിക്കുന്നവയാണ് വിശദമായ ദൃശ്യചിത്രീകരണങ്ങള്‍. ഒരുവേള അയാള്‍ അതിനോട് യാത്ര പറയാനൊരുങ്ങുകയാണോ? 
ധാര്‍മ്മികതയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു മാത്രം രൂപപ്പെടുന്നതാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന ഒരു ദൃശ്യം സംവിധായകന്‍ ഒരുക്കിയതു നോക്കുക. മൃതശരീരം പിന്നിലേക്കു വളച്ചുകെട്ടിയാണ് കെനാന്‍ കുഴിച്ചിട്ടത്. പൊലീസ് തലവന്‍ അതിന്റെ പേരില്‍ കെനാനെ രൂക്ഷമായി ശകാരിക്കുന്നു. ഇത് മനുഷ്യവിരുദ്ധമായ പ്രവൃത്തിയാണെന്ന്. ഒരു മൃതശരീരത്തോട് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന്. കാറിന്റെ പിന്നില്‍ കൊള്ളാന്‍ വേണ്ടി അങ്ങനെ ചെയ്തതാണെന്ന് പ്രോസിക്യൂട്ടറോട് കെനാന്‍ പറയുന്നുണ്ട്. മൃതശരീരം കൊണ്ടുപോകേണ്ട ആംബുലന്‍സ് വരുമെന്ന് ഉറപ്പില്ല. നേരം പുലരാറാവുന്നു. എല്ലാവര്‍ക്കും തിരക്കുണ്ട്. കാറിന്റെ പിന്നില്‍ മൃതദേഹം കൊണ്ടു പോകാന്‍ തീരുമാനിക്കുന്നു. പക്ഷേ, അതിനു പിന്നില്‍ ഗ്യാസ് സിലണ്ടറുണ്ട്. അപ്പോള്‍ മൃതദേഹം പഴയപോലെ അവരെല്ലാരും കൂടി വളച്ചു ചുരുട്ടിക്കെട്ടുന്നു. മാത്രവുമല്ല, മൃതശരീരത്തിനടുത്ത് താന്‍ ശേഖരിച്ച പഴങ്ങള്‍കൂടി അറബ് അലി എടുത്തുവയ്ക്കുന്നു. മരണത്തിനപ്പുറം നീങ്ങുന്ന ജീവിതത്തിന്റെ കൗതുകകരമായ അടയാളമായി ആ ദൃശ്യം മാറുന്നുണ്ട്. 
പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദമായ ചിത്രീകരണമാണ് പിന്നീട്. മരിച്ചയാളുടെ ശ്വാസകോശത്തില്‍ ചെളി പറ്റിയിരിക്കുന്നതു മൃതശരീരം വെട്ടിപ്പൊളിക്കുന്ന ആബ്ദീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനര്‍ത്ഥം അയാളെ ജീവനോടെ കുഴിച്ചിട്ടു എന്നല്ലേ എന്നു ആബ്ദീന്‍ ഡോക്ടറോടു ചോദിക്കുന്നു. പരിചയം കൊണ്ട് അയാള്‍ക്കുറപ്പാണത്. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ഡോക്ടര്‍ അതങ്ങനെയാവണമെന്നില്ല എന്ന് അഭിപ്രായപ്പെടുകയും അത്തരത്തില്‍ത്തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു. അത് ആബ്ദീനെ സംശയത്തിലും അദ്ഭുതത്തിലുമാക്കുന്നുണ്ട്. വരാനിരിക്കുന്ന വലിയ ശിക്ഷയില്‍നിന്ന് ഡോക്ടര്‍ കെനാനെ രക്ഷിക്കുകയാവണം. പിന്നീടയാള്‍ പുറത്തേക്കു നോക്കുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകനും നടന്നുനീങ്ങുന്നതു കാണുന്നു. താഴെ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ അടിച്ചുയര്‍ത്തിയ പന്ത് അവനരികിലെത്തുകയും അവനത് ഓടിയെടുത്ത് അവര്‍ക്ക് തിരിച്ചടിച്ചു കൊടുക്കുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു. 
പ്രസിദ്ധമായ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദ വെസ്റ്റ്' എന്ന ഹോളിവുഡ് സിനിമയെ ഈ ചിത്രത്തിന്റെ പേര് ഓര്‍മ്മിപ്പിച്ചേക്കാം. മക്ബല്‍ബഫിന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ' എന്ന രസകരമായ ചലച്ചിത്രവുമുണ്ട്. സിനിമയിലെ ഒരു സംഭാഷണമാണ് പേരിനാസ്പദം. ഈ സന്ദര്‍ഭം വല്ലാതെ മടുപ്പിക്കുന്നതാണെന്ന ഡോക്ടറുടെ അഭിപ്രായത്തിന് അറബ് അലി മറുപടി പറയുന്നു. നിങ്ങള്‍ക്കൊരു കുടുംബമുണ്ടാവുമ്പോള്‍ ഈ രാത്രിയെക്കുറിച്ച് ഒരു കെട്ടുകഥപോലെ ഇങ്ങനെ പറഞ്ഞുതുടങ്ങാം, പണ്ടു പണ്ടൊരു കാലത്ത് ആനറ്റോളിയയില്‍... വിരസമോ, കയ്പുനിറഞ്ഞതോ ഒരുപക്ഷേ, വേദനാജനകം തന്നെയോ ആയ അനുഭവങ്ങള്‍പോലും പിന്നീട് ഓര്‍മ്മകളുടെ മധുരമായി മാറാം. പലപ്പോഴും അതൊരു യക്ഷിക്കഥപോലെ കൗതുകം നിറഞ്ഞതായിത്തീരും. അനുഭവങ്ങളുടെ സ്വഭാവമാണിത്. 

ജീവിതത്തിന്റെ സാധാരണ താളം
നാം കുറ്റകൃത്യമെന്നു പറയുന്നവ ചിലപ്പോള്‍ വളരെ യാദൃച്ഛികമായി സംഭവിക്കുന്നതാവാം. വിധിക്കുന്നവരും ഒരര്‍ത്ഥത്തില്‍ ഇത്തരം തെറ്റുകളില്‍നിന്നും മോചനം നേടിയവരുമല്ല എന്നതാണു സത്യം. ഒരു കുറ്റാന്വേഷണ സിനിമയാണെങ്കിലും അതിന്റെ ഉദ്വേഗങ്ങളൊന്നും സിനിമ സ്വീകരിച്ചിട്ടില്ല. പ്രത്യക്ഷത്തില്‍ വിരസമെന്നു തോന്നുന്ന സംഭാഷണങ്ങള്‍, കാര്‍യാത്രയുടെ ദീര്‍ഘദൃശ്യങ്ങള്‍, ഭൂപ്രകൃതി, കൂടാതെ കേസന്വേഷണത്തിന്റെ സൂക്ഷ്മമായ നടപടിക്രമങ്ങള്‍ ഇവയാണ് മുഖ്യമായും സിനിമയില്‍ വരുന്നത്. 
ആദ്യത്തെ അന്‍പതിലധികം മിനിട്ടുകള്‍ കാര്‍ യാത്രയാണ്. സിനിമയിലെ രണ്ടു മണിക്കൂറും രാത്രിയിലാണ്. നിലാവു നിറഞ്ഞ രാത്രിയിലും കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലുമാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ബ്രില്യന്റ് എന്നു പറയാവുന്ന ദൃശ്യങ്ങളാണ് സിനിമയില്‍ ആദ്യാവസാനം. അതേസമയം കാഴ്ചയുടെ ഉല്‍സവമല്ല സിനിമ നല്‍കുന്നത്. ഒരു പെയിന്റിങ്ങിനെ സൂക്ഷ്മമായി സമീപിക്കും പോലെ ഒരു നോവലിന്റെ ആഴത്തിലുള്ള വായനപോലെ ഒന്നാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്. കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഗോഖാന്‍ തിര്യാക്കി ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഓയില്‍ പെയിന്റിങ്ങിനെ പലപ്പോഴും അനുസ്മരിപ്പിക്കും. ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകളും ദീര്‍ഘമായ സംഭാഷണങ്ങളും ആവര്‍ത്തിക്കുന്നുണ്ട്. ഫാസ്റ്റ് കട്ടുകളോ ചലനാത്മകതയോ സിനിമയ്ക്കില്ല. ജീവിതം അത്ര നാടകീയമോ ചടുലമോ അല്ല. ജീവിതത്തിന്റെ സാധാരണ താളം തന്നെയാണ് സിനിമയും സൂക്ഷിക്കുന്നത്. കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലൂടെയാണ് പലതും സംവിധായകന്‍ സംവദിക്കാന്‍ ശ്രമിക്കുന്നത്. വാക്കുകള്‍ നുണ പറയുമെങ്കിലും മുഖം സത്യം പറയുമെന്നാണ് സംവിധായകന്റെ കാഴ്ചപ്പാട്. ദെസേ്താവ്‌സ്‌കിയുടെ നോവല്‍ പോലെ തര്‍ക്കോവ്‌സ്‌കിയുടെ സിനിമപോലെ വീണ്ടും വീണ്ടുമുള്ള വായന ആവശ്യപ്പെടുന്ന സിനിമയാണ് 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ആനറ്റോളിയ.' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com